Wednesday, December 29, 2010

നഷ്ടബാല്യം-18



അസ്‌തമയം

ഒരു രാത്രിയും, ഒരു പകലും കാലങ്ങളായ്‌ ആള്‍ത്താമസമില്ലാത്ത പുഴവക്കത്തുള്ള ആ വലിയ വീടിന്റെ പിന്നാമ്പുറത്ത്‌ ഞാനൊറ്റക്ക്‌ കിടന്നു. ആരും എന്നെ കണ്ടില്ല; ആരും അവിടേക്ക്‌ വരാറില്ലായിരുന്നു.

ഗൗളികളുടേയും, മണ്ണട്ടകളുടേയും ശബ്ദം. പിന്നെ ഝുടുതിയിലുളള എന്റെ ഹൃദയസ്‌പന്ദനവും എനിക്ക്‌ കേള്‍ക്കാം. ഓടുകളുടെ നേര്‍ത്ത വിടവിലൂടെ കണ്ണുകളെ ചൂളിക്കുന്നു പ്രകാശ വീചികള്‍.

കൂടികിടക്കുന്ന ചവറുകള്‍ക്കിടയില്‍ നിന്ന്‌ ഒരു വിഷസര്‍പ്പം-പുള്ളികളുള്ള അസാധാരണമായ്‌ തോന്നിയ ആ നാഗം വിഷസര്‍പ്പമായിരിക്കണം. എന്റെ പാദങ്ങളുടെ അരികുകളെ സ്‌പര്‍ശിച്ച്‌ പുറത്തേക്കിഴഞ്ഞുപോയി. അതെന്നെ ദംശിച്ചില്ല. ഞാനതിനെ ഭയന്നതുമില്ല.

ഞാന്‍ മരണത്തെക്കുറിച്ചു മാത്രമായിരുന്നു അപ്പോള്‍ ചിന്തിച്ചത്‌. വെള്ളമൂടിയ രക്തപങ്കിലമായ എന്റെ മൃതശരീരമായിരുന്നു ഞാനപ്പോള്‍ സ്വപ്‌നം കണ്ടത്‌. അമ്മ ആര്‍ത്തലച്ച്‌ കരയുന്നുണ്ട്‌; അമ്മമ്മയും, മറ്റുള്ളവരും. അച്ഛന്‍......! അച്ഛന്‍ കരയുമോ!!

ഉള്ളില്‍ വ്യസനമുണ്ട്‌. എന്റെ മരണാനന്തരം സംഭവിക്കുന്ന അമ്മയുടെ വേര്‍പാടിനെ കുറിച്ചോര്‍ത്ത്‌. ഞാന്‍ പോയാലും അമ്മക്ക്‌ അനിയനുണ്ട്‌. അച്ഛന്റെ കലിപ്പും ചിലപ്പോള്‍ എന്റെ മരണത്തോടെ അവസാനിക്കാം. അങ്ങനെ സംഭവിക്കട്ടെ.. എല്ലാവര്‍ക്കും നല്ലത്‌ വരട്ടെ.

നക്ഷത്ര ദേവനെ കുറിച്ചാണ്‌ ഞാനപ്പോള്‍ ചിന്തിച്ചത്‌. എല്ലാ മനുഷ്യ ജാതികള്‍ക്കും ഒരു പിതൃദേവനുണ്ടത്രെ! ഒരിക്കല്‍ കുട്ടേട്ടന്റെ പെട്ടിയില്‍ നിന്നും കിട്ടിയ ജ്യോതിഷഗ്രന്ഥത്തില്‍ നിന്നാണ്‌ ഞാനത്‌ വായിച്ചത്‌. ആ പുസ്‌തകം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

നക്ഷത്രദേവന്റെ ബലാബലങ്ങള്‍ക്കും, വിശേഷ-അവിശേഷതകള്‍ക്കുമനുസരിച്ചാണത്രെ ഒരാളുടെ ജീവിത സപര്യ മുന്നോട്ട്‌ പോകുന്നത്‌. അതിനെയാണ്‌ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എന്ന്‌ നിര്‍വചിക്കുന്നത്‌.

അങ്ങനെയെങ്കില്‍ എന്റെ നക്ഷത്രദേവന്‍ വളരെയേറെ ദുര്‍ബലനായിരിക്കും. ജനിച്ച്‌ അകാലത്തില്‍ പൊലിഞ്ഞ്‌ പോകേണ്ടത്‌ ഒരു നിയോഗമായിരിക്കും.

നേരം വീണ്ടുമിരുട്ടിയപ്പോള്‍ ഞാന്‍ പുഴയിലേക്ക്‌ നടന്നു. അക്കരെ അയ്യപ്പന്‍ കാവിലെ ക്ഷേത്രത്തില്‍ ദീപാരാധന പ്രഭ ഇങ്ങ്‌ ദൂരേക്ക്‌ കാണാം. പ്രാര്‍ത്‌ഥന- വരും ജന്മത്തില്‍ സ്‌ഫുടം ചെയ്‌തെടുത്ത ഒരു മാണിക്ക്യകല്ലായ്‌, സ്‌നേഹസമ്പന്നനായ ഒരു പിതാവിന്റെ മകനായി ജനിക്കണേ.

ഞാന്‍ പുഴയിലെ കയമായ കെട്ടുംകുളമ്പിനെ ലക്ഷ്യമാക്കി നടന്നു. വിണ്ണില്‍ എവിടെയോ കൂട്ടം തെറ്റിപ്പോയ ഒരു പറവയുടെ വിചിത്രമായ, ദുരൂഹമായ ശബ്ദം. പടിഞ്ഞാറെ കുന്നിന്‍ ചെരിവില്‍ നിന്നപ്പോള്‍ ഘോഷത്തോടെ മഴ പെയ്‌തുവരുന്നുണ്ടായിരുന്നു.

അപ്പോള്‍ എന്റെ ചിന്താസരണിയില്‍ ആയുസ്സിന്റെ അവസാനത്തില്‍ വിരിയുന്ന അമൂല്യമായ വെളിപാടുകള്‍ മിന്നിതെളിയുന്നു. തെളിയുന്നു!

(ശുഭം)


Thursday, December 16, 2010

നഷ്ടബാല്യം-17



അവസാനത്തിന്റെ ആരംഭം

കുറേ ദിവസങ്ങള്‍ ശാന്തമായിരുന്നു.

ഒരു സന്ധ്യക്ക്‌ അച്ഛന്‍ ജോലികഴിഞ്ഞുവന്ന്‌ ഉമ്മറത്തെ കസേരയില്‍ ചിന്താമഗ്നനായ്‌ കുറേനേരമിരുന്നു.

പിന്നീടദ്ദേഹം അടുക്കളയില്‍ ജോലിയില്‍ മുഴുകിയിരുന്ന അമ്മയുടെ അടുക്കലെത്തി ആലോചിച്ചുറപ്പിച്ച ആ കാര്യം പറഞ്ഞു- "ഈ വീടും, പറമ്പും ഞാന്‍ വില്‍ക്കാന്‍ പോണു.. "

ഒരു വിസ്‌ഫോടനം പോലെയായിരിക്കും അമ്മയിലത്‌ ഏറ്റിരിക്കുക

പിന്നീടവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ പ്രധാനമായും അച്ഛന്റെ വിശദീകരണങ്ങള്‍ പതിയെപ്പതിയെ ക്ഷുബ്ധതയിലേക്ക്‌ വികസ്വരമായ്‌ക്കൊണ്ടിരുന്നത്‌ എന്റെ മുറിയിലിരുന്ന്‌ ഞാന്‍ കേട്ടു.

"എന്തിനീ വീടും, സ്ഥലവും വില്‍ക്കുന്നു....."

"കുറേ കടമുണ്ട്‌. മറ്റ്‌ നിവൃത്തിയൊന്നും ഞാന്‍ കാണുന്നില്ല."

"എങ്ങനെ നിങ്ങള്‍ക്ക്‌ കടം വന്നു."

"അതൊന്നും നീയറിയേണ്ട. പറഞ്ഞത്‌ കേട്ടാമതി....."

"കടംവന്നതെങ്ങനെയെന്ന്‌ ഞാന്‍ പറയാം. നിങ്ങടെയാ ഇഷ്ടക്കാരിയുണ്ടല്ലോ കുന്നുമ്പുറത്ത്‌ അവള്‍ വീട്‌ വെച്ചതെങ്ങനെയെന്ന്‌ നാട്ടില്‍ മുഴുവന്‍ പാട്ടാണ്‌. അവളുടെ കടം തീര്‍ക്കാന്‍ ഈ വീട്‌ വില്‍ക്കാന്‍ ജീവനുള്ളകാലം ഞാന്‍ സമ്മതിക്കില്ല."

"നീ അനാവശ്യം പുലമ്പാതെ ഞാമ്പറയുന്നത്‌ കേക്ക്‌. തല്‌ക്കാലം നമുക്കൊരു വാടകവീട്ടിലേക്ക്‌ മാറാം. സ്ഥലം വന്നുനോക്കാന്‍ ഞാനൊരു പാര്‍ട്ടിയോട്‌ പറഞ്ഞിട്ടുണ്ട്‌."

"ഞാന്‍ പറയുന്നു ഈ ജന്മത്തിലത്‌ നടക്കില്ല."

"നിന്നെ കൊന്നിട്ടായാലും ഞാനിത്‌ നടത്തും. പുല......"

അമ്മയുടെ ദേഹത്ത്‌ അടിവീഴുന്ന ശബ്ദം. എന്റെ ഹൃദയം പെരുമ്പറകൊട്ടിത്തുടങ്ങി.

പതിവുള്ളതുപോലെ നിഷ്‌ക്രിയനായ്‌ നില്‌ക്കാന്‍ അപ്പോഴെനിക്ക്‌ കഴിഞ്ഞില്ല. തീര്‍ത്തും നിസ്സഹായമായ്‌ അമ്മയുടെ നെഞ്ച്‌ പൊട്ടിയ നിലവിളി ഞാന്‍ കേട്ടു. അമ്മ എന്നെ വിളിച്ചാണു കരയുന്നത്‌. ഒരു ബാധ കയറിയതുപോലെ ഞാന്‍ അടുക്കളയിലേക്ക്‌ ഓടുകയായിരുന്നു. ഞാനപ്പോള്‍ പൂര്‍ണ്ണമായും നല്ലതോ, ചീത്തതോ ആയ മറ്റേതോ ശക്തിയുടെ നിയന്ത്രണവിധേയമായിരുന്നു.

ഒരു കൊടുങ്കാറ്റുപോലെ അവരുടെ ഇടയിലേക്ക്‌ കയറിചെന്നപ്പോള്‍ അച്ഛന്‍ അമ്മയെ ചുമരിനോട്‌ ചാരിനിര്‍ത്തി കഴുത്തു ഞെരിക്കുകയായിരുന്നു. ഞാനാദ്യമായ്‌ നേര്‍ക്കുനേര്‍ അച്ഛന്റെ കണ്ണുകളിലേക്ക്‌ നോക്കുകയായിരുന്നു. എനിക്കപ്പോള്‍ അച്ഛനോട്‌ ഭയമോ, ആദരവോ തോന്നിയില്ല. ഞാന്‍ കല്‌പിക്കുക തന്നെയായിരുന്നു.

"എന്റെ അമ്മയെ തൊട്ടുപോകരുത്‌. "

അതുവരെ കാണാത്ത എന്റെ ഭാവപ്പകര്‍ച്ച ഒരുനിമിഷം അച്ഛനെ ദുര്‍ബലനാക്കുകയോ, ചഞ്ചലനാക്കുകയോ ചെയ്‌തിരിക്കണം. അദ്ദേഹം ഇതികര്‍ത്തവ്യാമൂഢനായ്‌ എന്നെ നോക്കി. ഞാന്‍ സ്ഥായീഭാവത്തില്‍ തന്നെ തുടര്‍ന്നു-"അമ്മയെ വിടാനാപറഞ്ഞത്‌. "

അച്ഛന്റെ പിടിയയഞ്ഞു. അമ്മ കുതറി ദൂരേക്കോടിപ്പോയി. മുഖമടച്ചുള്ള അച്ഛന്റെ ആദ്യത്തെ അടിവീണപ്പോഴാണ്‌ ഞാന്‍ സ്വത്വത്തിലേക്ക്‌ തന്നെ തിരിച്ചുപോയത്‌. അപ്പോഴെന്നിലേക്ക്‌ ഭയവും, വിഹ്വലതയും ഒരുപോലെ സന്നിവേശിച്ചു.

അമ്മ പുറത്തെ ഇരുട്ടില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ എന്നോട്‌ വിളിച്ചുപറഞ്ഞു-"ഇങ്ങുപോരെ. "

ഞാനോടി അമ്മയുടെ അരികിലെത്തി. ഇടവഴിയില്‍ നിന്ന്‌ ഞങ്ങള്‍ കെട്ടിപിടിച്ചു കരഞ്ഞു.

താഴെ തറവാട്ടില്‍ നിന്ന്‌ അമ്മമ്മയുടെ ജല്‌പനം.

അച്ഛന്‍ അകത്തുനിന്ന്‌ എന്തൊക്കെയോ തല്ലിതകര്‍ത്ത്‌ മുറ്റത്തേക്ക്‌ അമ്മയുടെ വസ്‌ത്രങ്ങള്‍ വാരിയിട്ടു. മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. പിന്നെ അഗ്നിയിലേക്ക്‌ എന്റെ പാഠപുസ്‌തകങ്ങള്‍ വലിച്ചെറിഞ്ഞു. അമ്മ ഇടവഴിയില്‍ നിന്ന്‌ യാചിച്ചു-" അതു ചെയ്യരുത്‌, അതു ചെയ്യരുത്‌.."

എന്റെ വിദ്യ, എന്റെ ഗുരുത്വം, എന്റെ ചിറകുകള്‍ തീജ്വാലകളെടുത്ത്‌ ഭസ്‌മമാകുന്നത്‌ ഞാന്‍ കണ്ടു. സങ്കടത്തിന്‍േയും, സന്ത്രാസത്തിന്റേയും പരിസമാപ്‌തി മൗനവും. ശാന്തതയുമാണെന്ന്‌ അന്ന്‌ ഞാനറിഞ്ഞു.

അച്ഛന്‍ രണ്ടാമതും ഷാപ്പിലേക്ക്‌ പോകാനായി ഇടവഴിയിലേക്കിറങ്ങിയപ്പോള്‍ അമ്മ പറഞ്ഞു-" ഇനി വന്നാ എന്താ നടക്ക്വാന്ന്‌ പറയാന്‍ പറ്റില്ല. നിന്നെ കൊല്ലാനും മടിക്കില്ല. അമ്മമ്മട അടുത്തേക്ക്‌ പോകണ്ട. കാലന്‍ അവിടേക്കും വരും. മറ്റെവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടോ..."

കണ്ണീരണിഞ്ഞ എന്റെ മുഖത്ത്‌ തുരുതുരാ ഉമ്മവെച്ചുകൊണ്ട്‌ അമ്മ തുടര്‍ന്നു-"വേഗം പൊയ്‌ക്കോ, അമ്മക്കിവിടെ നിന്നേ പറ്റൂ. പൊയ്‌ക്കോ ഉം വേഗം."

Thursday, December 2, 2010

നഷ്ടബാല്യം-16


കുട്ടേട്ടന്‍

കുട്ടേട്ടന്‍ എന്റെ ചേച്ചിയുടെ(വല്ല്യമ്മയുടെ മകളുടെ) ഭര്‍ത്താവാണ്‌. അദ്ദേഹം എന്റെ സങ്കല്‌പത്തിലെ അച്ഛനായിരുന്നു.

മംഗലാപുരത്തായിരുന്നു അദ്ദേഹത്തിന്‌ ജോലി. ഗള്‍ഫുകാരെ പോലെ രണ്ടോ, മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോഴായിരുന്നു അക്കാലത്ത്‌ അദ്ദേഹം നാട്ടില്‍ വന്നിരുന്നത്‌. അദ്ദേഹം വന്നാല്‍ തറവാട്ടില്‍ ഉല്‍സവം പോലെയാണ്‌. എനിക്കുംഏതാണ്ടങ്ങനെതന്നെ . അച്ഛനോട്‌ വളരെ ബഹുമാനമായിരുന്നു കുട്ടേട്ടന്‌. അവര്‍ തമ്മില്‍ സുഹൃത്തുക്കളെപോലെയായിരുന്നു.

ചേച്ചിയും, കുട്ടേട്ടനും തമ്മിലുള്ള ദൃഢസ്‌നേഹബന്ധം, മക്കളോടുള്ള വാത്സല്യം, ഇതൊക്കെകാണുമ്പോള്‍ ഞാന്‍ മോഹിക്കും- ഞാന്‍ കുട്ടേട്ടന്റേയും, ചേച്ചിയുടേയും മകനായിരുന്നെങ്കില്‍!

ഓരോ തവണ നാട്ടില്‍ വരുമ്പോഴും അദ്ദേഹമെന്നോട്‌ പറയും- "നീ നീളംവച്ചുപോയി.... നീളംവച്ചുപോയി." നാട്ടില്‍ വന്നാല്‍ അദ്ദേഹത്തിന്റെ സ്‌ഥിരം സഹചരന്‍ ഞാനായിരുന്നു. പുഴയിലേക്കും മറ്റും ഞങ്ങളൊരുമിച്ചാണ്‌ പോകുക. പാടത്തുനിന്ന്‌്‌ ചേറ്റുമീന്‍ പിടിക്കാന്‍ കുട്ടേട്ടന്‌ വല്ലാത്ത വൈദഗ്‌ധ്യമായിരുന്നു. വേറെയും പ്രത്യേകതകളുായിരുന്നു.

അദ്ദേഹം തറവാട്ടിലുള്ളപ്പോള്‍ എനിക്ക്‌ സുരക്ഷിതത്വബോധം തോന്നിയിരുന്നു. യാദൃശ്ചികമായിരിക്കാം. കുട്ടേട്ടന്‍ നാട്ടിലുള്ള സമയത്ത്‌ അച്ഛനും, അമ്മയും തമ്മില്‍ വഴക്കും വക്കാണവും കുറവായിരുന്നു.

ഒരവധിക്ക്‌ നാട്ടില്‍ വന്ന്‌ പോകുമ്പോള്‍ കുട്ടേട്ടനെന്നോട്‌ പറഞ്ഞു-"അടുത്ത തവണ വരുമ്പോള്‍ ഞാന്‍ നിനക്കൊരു സമ്മാനം കൊണ്ടുവരും."

അദ്ദേഹത്തിന്റെ വാഗ്‌ദാനം ഇളംമനസ്സിന്റെ ചെപ്പില്‍ ഞാന്‍ ഗൂഢമായ്‌ സൂക്ഷിച്ചു. ഗ്രീഷ്‌മവും, ഹേമന്തവും പലവട്ടം കടന്നുപോയി. ഒരുച്ചയ്‌ക്ക്‌ ഞാന്‍ സ്‌ക്കൂള്‍ കഴിഞ്ഞ്‌ മടങ്ങി വന്നപ്പോള്‍ അമ്മ പറഞ്ഞു-

"കുട്ടേട്ടന്‍ വന്നിരിക്കുന്നു.."

ഭക്ഷണം കഴിക്കുന്നത്‌ പൂര്‍ത്തീകരിക്കാതെ ഞാന്‍ വേഗം തറവാട്ടിലേക്കോടി. ഉമ്മറത്ത്‌നിന്ന്‌ ആരവത്തോടെ കുട്ടേട്ടന്റെ മുറിയിലേക്ക്‌ ഇരച്ച്‌ കടക്കാന്‍ ഭാവിച്ച എന്നെ അമ്മമ്മ തടഞ്ഞു-

"എങ്ങോട്ടാ?"

"കുട്ടേട്ടനെ കാണണം."

"ഇപ്പോ വേണ്ട; അവര്‍... ഒറങ്ങാണ്‌. കൊറച്ച്‌ കഴിഞ്ഞ്‌ മതി."

അമ്മമ്മയുടെ മുഖം അപ്പോള്‍ അസാധാരണമായ്‌ പരുഷമായിരുന്നു. അമ്മമ്മ കുട്ടേട്ടന്‍ കൊണ്ടുവന്ന ലഡുവും, പലഹാരങ്ങളും തന്നു. പുതിയ കളിപ്പാട്ടങ്ങളുമായ്‌ മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന ചേച്ചിയുടെ മക്കളുടെ കൂട്ടത്തില്‍ കൂടാന്‍ ഞാനും ശ്രമിച്ചു. ഒരു അന്യതാബോധം അവരിലും നിഴലിച്ചിരുന്നു. കളിപ്പാട്ടങ്ങള്‍ തൊടാന്‍ എന്നെ അവരനുവദിച്ചില്ല.

"ഇത്‌ ഞങ്ങടെ അച്ഛന്‍ കൊണ്ടുവന്നതാ..."

അദ്ദേഹം എനിക്ക്‌ കൊണ്ടുവന്നിരിക്കുന്ന സമ്മാനം എന്തായിരിക്കും? അതുമാത്രമായിരുന്നു എന്റെ ചിന്ത.

കുറേകഴിഞ്ഞപ്പോള്‍ ചേച്ചി മുറിയില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്നത്‌ കണ്ടു. ഞാനോടി അകത്തേക്കുചെന്നു. അവിടെ പെര്‍ഫ്യൂമിന്റെയും, സിഗരറ്റിന്റേയും ഗന്ധം. മയങ്ങുകയായിരുന്ന കുട്ടേട്ടന്‍ എന്റെ സാന്നിധ്യമറിഞ്ഞ്‌ നിവര്‍ന്നിരുന്നു. അസുഖകരമായിരുന്നു അദ്ദേഹത്തിന്റേയും അപ്പോഴത്തെ മുഖഭാവം. മുമ്പത്തെ കുട്ടേട്ടനില്‍നിന്നൊരുപാട്‌ മാറ്റം വന്നിരുന്നു. അദ്ദേഹം തടിച്ചു കുറുകിയിരുന്നു. കഷണ്ടി ബാധിച്ചിരുന്നു.

പെട്ടെന്ന്‌ കണ്ടപ്പോള്‍ എന്നെ മനസ്സിലായില്ലായെന്ന്‌ അദ്ദേഹം പറഞ്ഞു. ഞാനും മാറിപ്പോയത്രെ! കൊണ്ടുവന്ന സമ്മാനത്തെകുറിച്ചദ്ദേഹം ഒന്നും പറഞ്ഞില്ല. ഞാന്‍ വീണ്ടും കുറേനാളുകള്‍ കാത്തു.

പഴയ വാഗ്‌ദാനം അദ്ദേഹം മറന്നുപോയിരുന്നു.



Saturday, October 16, 2010

നഷ്ടബാല്യം-15


രക്തകുങ്കുമം

ഒരിക്കല്‍ ഭാവിയില്‍ ആരായിത്തീരാനാണാഗ്രഹമെന്ന്‌ അച്ഛന്റെ ഒരു സുഹൃത്ത്‌ കൗതുകത്തോടെ എന്നോട്‌ ചോദിച്ചു-
ഞാന്‍ നിഷ്‌കളങ്കമായ്‌ മറുപടി പറഞ്ഞു- "എനിക്കൊരു പട്ടാളക്കാരനാകണം."

അതിന്‌ മുമ്പൊരിക്കലും അത്തരമൊരു ചിന്ത എന്നില്‍ ഉണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു മറുപടി പറയാനാണ്‌ എനിക്ക്‌ തോന്നിയത്‌.

പിന്നീടൊരിക്കല്‍ വീട്ടില്‍ അച്ഛനും, കൂട്ടുകാരും ചേര്‍ന്ന ഒരു മദ്യപാന സദസ്സില്‍ അവര്‍ക്കാവശ്യമായ വെള്ളവും, ഉപദംശങ്ങളും എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു. ചാരായഷാപ്പിലേക്ക്‌ എന്നെ അച്ഛന്‍ പലകുറി പറഞ്ഞയച്ചു.

എന്റെ വ്യാമോഹം ആ സുഹൃത്ത്‌ അച്ഛനോട്‌ പറഞ്ഞിരിക്കണം. ആജ്ഞ കാത്ത്‌ ഉമ്മറത്ത്‌ തപിച്ചു നിന്നിരുന്ന എന്നെ ചൂണ്ടി ഒരവസരത്തില്‍ അച്ഛന്‍ പറഞ്ഞു- "ഹും പട്ടാളക്കാരനാവാന്‍ പറ്റിയ ചരക്ക്‌, നല്ല കോലം. നായിന്റെ മോന്‍.."

അത്തരത്തിലുള്ള പരിഹാസങ്ങള്‍ മുമ്പു പലപ്പോഴും ഉണ്ടായിരുന്നെങ്കിലും സദസ്സിനിടയില്‍ കേട്ട ആ വിഹസനം എന്നെ വല്ലാതെ നോവിച്ചു. ഞാന്‍ അകത്തേക്കോടിപ്പോയി വിതുമ്പി. എത്ര കരഞ്ഞിട്ടും അന്ന്‌ എന്റെ സങ്കടം തീര്‍ന്നില്ല. എന്റെ കീഴ്‌ചുണ്ടുകളും, താടിയും വിറച്ചുകൊണ്ടേയിരുന്നു. ഞാനോര്‍ക്കുന്നു. എന്റെ കരച്ചില്‍ വളരെ പെട്ടന്ന്‌ മുതിര്‍ന്നവരില്‍ ദയ തോന്നിച്ചിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അച്ഛന്‍.....!!

അമ്മക്ക്‌ സങ്കടവും, ദേഷ്യവും സഹിക്കവയ്യാതായപ്പോള്‍ അച്ഛന്റെ മുന്നില്‍ ആദ്യമായ്‌്‌്‌ പൊട്ടിതെറിച്ചു.

വീട്ടില്‍ ഏറ്റവും തീവ്രമായ വഴക്കുണ്ടായത്‌്‌ അന്നായിരിക്കും. അടുക്കളയില്‍ നിന്ന്‌്‌്‌ തീക്കൊള്ളിയെടുത്ത്‌്‌്‌ അച്ഛന്‍ അമ്മയെ പൊള്ളിച്ചു. അന്ധമായൊരാസുരമുഹൂര്‍ത്തത്തില്‍ അച്ഛന്‍ അമ്മയുടെ ബ്ലൗസ്‌ വലിച്ച്‌ കീറുകയും ചെയ്‌തു. പിടിച്ചുനില്‍ക്കാനാവാതെ ഞങ്ങള്‍ മൂവരും താഴെ തറവാട്ടിലേക്ക്‌ പലായനം ചെയ്‌തു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ബാല്യത്തില്‍ തന്നെ എനി്‌ക്ക്‌ ഉയരങ്ങളിലേക്ക്‌ പറന്നുയരേണ്ട ചിറകുകളെ അച്ഛന്‍ മുറിച്ചുമാറ്റിയിരുന്നു. വീണ്ടും മുളപൊട്ടുമ്പോള്‍ അതിന്റെ വേരുകള്‍ പോലും അദ്ദേഹം പിഴുതെറിഞ്ഞു.

എനിക്കൊരിക്കലും വളരാനാകുമായിരുന്നില്ല. എനിക്ക്‌ ഉന്‍മാദിയോ, വിഭ്രാന്തനോ ആകാം. അല്ലെങ്കില്‍ മുഴുവന്‍ കാഴ്‌ച നശിച്ചിട്ടില്ലാത്ത കുരുടനോ, പാതിശേഷിയുള്ള ബധിരനോ ആകാം. പൂര്‍ണ്ണാന്ധത ഒരു രക്ഷപ്പെടലാണ്‌: സാഹചര്യവശാല്‍. പൂര്‍ണ്ണബാധിര്യവും ഒരു വേള സ്വാതന്ത്ര്യമാണ്‌. അറ്റുപോകുന്ന ഒരു ദേഹാംഗം ശാപം. പക്ഷേ ഉണങ്ങാത്ത പഴുപ്പൊലിക്കുന്ന നിത്യവൃണമോ..?

അമ്മ എന്റെ ഭാവിയെ കുറിച്ച്‌ ആകുലപ്പെടുമ്പോഴൊക്കെ അച്ഛന്‍ പറയുന്നത്‌ കേട്ടിട്ടു്‌ണ്ട്‌ - "ആ കൊലവനെയോ, നാരായണനേയോ പോലെയാകും. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ട..."

കൊലവന്‍ കന്നുകാലികളെ മേയ്‌ച്ച്‌ നടക്കുന്ന പ്രൗഢമായ ഒരു വീട്ടിലെ വേലക്കാരനായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

എന്റെ പ്രായമാണത്രെ ഞങ്ങളുടെ തൊഴുത്തിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന രക്തകുങ്കുമത്തിന്‌. അച്ഛന്‍ വിശേഷമായ്‌ കരുതി ദൂരെ എവിടെനിന്നോ വാങ്ങിക്കൊണ്ടുവന്ന്‌്‌ നട്ടുപിടിപ്പിച്ചത്‌്‌. ഓട്ടിന്‍ പുറത്തേക്ക്‌ ചായുമ്പോഴൊക്കെ അതിന്റെ കൊമ്പുകള്‍ അച്ഛന്‍ വെട്ടും. തൊഴുത്തില്‍നിന്നെത്തിവലിഞ്ഞ്‌ വെളുമ്പി പശു പുതുതായ്‌്‌ പൊടിക്കുന്ന തൂമ്പുകളെല്ലാം തിന്നും.
ആടിന്‌ അതിന്റെ മാംസളമായ തൊലി കാര്‍ന്നുതിന്നാനാണിഷ്ടം.

എന്നിട്ടും അതുണങ്ങിയില്ല. അതൊരിക്കലും വളര്‍ന്നതുമില്ല. മുരടിച്ച്‌മുരടിച്ച്‌ ഒരു നൂല്‍വണ്ണത്തിന്റെ തുലനത്തില്‍ അതതിജീവിക്കുന്നു. എന്തിനെന്നറിയാതെ.

Tuesday, September 28, 2010

നഷ്ടബാല്യം-14


മഴ

മഴയെ ഞാന്‍ അകാരണമായ്‌ ഭയപ്പെട്ടിരുന്നു. വെറുത്തിരുന്നു. മഴയും എന്റെ വിഷാദം പൂര്‍ണ്ണമാക്കുന്നു. അല്ലെങ്കില്‍ ഉദ്ദീപിപ്പിക്കുന്നു. തിമര്‍ത്തുപെയ്യുന്ന രാത്രിമഴ, മഴയുടെ ഹുങ്കാരം, കൊടുങ്കാറ്റ്‌, തണുപ്പ്‌. അത്തരം രാത്രികളില്‍ മേലേപറമ്പിലെ പൊട്ടകുളത്തില്‍ നിന്ന്‌ ഇടതടവില്ലാതെയുയരുന്ന തവളകളുടെ ധ്വനിതം കേള്‍ക്കാം. ശ്രദ്ധിച്ചാല്‍ ആ ശബ്ദം മുഴുവനായും സ്ഥാപിച്ചെടുക്കാന്‍ കഴിയാത്ത ദുരൂഹമായ എന്തോ ഓര്‍മ്മിപ്പിക്കുന്നു. എന്താണത്‌? അതെ, എന്തോ അത്യാഹിതം എനിക്കുവരാനുണ്ട്‌. ഞാന്‍ ഏകനാകും, ഞാന്‍ സാക്ഷിയാകും, ഞാന്‍ അനാഥനാകും.

മഴയുള്ള എല്ലാ രാത്രികളും ഞാനങ്ങനെ ഭയപ്പെട്ടു. ഞാന്‍ നിദ്രാവിഹീനനായി അച്ഛന്റേയും, അമ്മയുടേയും മുറിയിലേക്ക്‌ ചെവിയോര്‍ത്ത്‌കിടക്കും. അവിടെ എന്താണ്‌ സംഭവിക്കുന്നത്‌? ഒരു മല്‍പിടുത്തം നടക്കുന്നില്ലേ! അമ്മയുടെ അമര്‍ത്തിയ നിലവിളിയുയരുന്നില്ലേ! പാവം എന്റെ അമ്മ!

ഒരു മഴക്കാലത്ത്‌ ഞങ്ങള്‍ കുമാരന്‍ ഗുരുക്കളുടെ കളരിയില്‍ നിന്ന്‌ മടങ്ങിവരികയാണ്‌. പുഴക്കടവിലെത്തിയപ്പോള്‍ തോണി അക്കരെ. തുഴക്കാരനെ തോണിയില്‍കാണാനുണ്ടായിരുന്നില്ല. അയാള്‍ അരികിലുള്ള ചായപീടികയിലായിരിക്കും. അയാള്‍ക്ക്‌ സിഗ്നല്‍ കൊടുക്കാന്‍ ഉച്ചത്തില്‍ കൂക്കാന്‍ എന്നോടച്ഛന്‍ ആവശ്യപ്പെട്ടു. ഞാന്‍ നിന്നു വിയര്‍ത്തു. വാക്കുകള്‍ കൊണ്ടല്ലാതെ മുഖം കഠോരമാക്കി ഒരിക്കല്‍കൂടി അച്ഛനാജ്ഞാപിച്ചു. അനുസരിക്കാതിരിക്കാനാവുമായിരുന്നില്ല. ഭയസംഭ്രമതയോടെ ഞാന്‍ കൂക്കി. പക്ഷേ ശബ്ദം പുറത്തുവന്നില്ല. സ്ഥിരം അസഭ്യം പറഞ്ഞ്‌ അച്ഛന്‍ അനുജനോടാവശ്യപ്പെട്ടു. അവനും ഭാഗികമായേ ശബ്ദിച്ചുള്ളു.

ഒടുവില്‍ അച്ഛന്‍ താളത്തില്‍ കൂക്കി. വഞ്ചിക്കാരന്റെ മറുപടികേട്ടു.

വള്ളത്തിലിരിക്കുമ്പോള്‍ മുഴുവന്‍ ഞാന്‍ ശുംഭനായി തലതാഴ്‌ത്തിപിടിച്ചിരുന്നു. അച്ഛന്‍ ക്രോധഭാവത്തോടെ എന്നെതന്നെയായിരിക്കും വീക്ഷിക്കുന്നതെന്ന്‌ ഞാനൂഹിച്ചു.

മറുകരയെത്തി വീട്ടിലേക്ക്‌ നടക്കുമ്പോള്‍ അച്ഛന്റെ കൂടെ ജോലിക്ക്‌ പോയിരുന്നതോ മറ്റോ ആയ ഒരു സ്‌ത്രീ അച്ഛനെ കാത്തുനിന്നിരുന്നു. അവള്‍ അച്ഛനെ ദൂരേക്ക്‌ മാറ്റിനിര്‍ത്തി കുറേ അടക്കി സംസാരിച്ചു. പിന്നെ അച്ഛന്‍ പോക്കറ്റില്‍ നിന്നും ഏതാനും നോട്ടുകള്‍ എടുത്തവര്‍ക്ക്‌ കൊടുക്കുന്നതും ഞാന്‍ കണ്ടു.

അതിനിടയില്‍ കുളിക്കടവില്‍ നിന്നോ, കളിസ്ഥലത്തുനിന്നോ ഞങ്ങളേക്കാള്‍ പ്രായത്തില്‍ താഴേയുള്ള ആ സ്‌ത്രീയുടെ രണ്ടാണ്‍കുട്ടികള്‍ അവരുടെ അടുത്തേക്കോടിവരികയും സ്വാതന്ത്ര്യത്തോടെ അച്ഛന്റെ കൈത്തണ്ടകളില്‍ തൂങ്ങുകയും ചെയ്‌തു. ഒരു ചിരപരിചിതബന്ധം പോലെ.

അന്ന്‌ രാത്രി മഴ പെയ്യരുതേ എന്ന്‌ ഞാനുരുകി പ്രാര്‍ത്ഥിച്ചു.

Thursday, September 9, 2010

നഷ്ടബാല്യം-13



മൃതസുന്ദരി

പുഴ എന്റെ ഗ്രാമത്തിന്റെ ജീവനാഡിയാണ്‌. പുഴയില്ലെങ്കില്‍ എന്റെ നാട്‌ വെറും തരിശ്‌. രണ്ട്‌ വ്യാഴവട്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ പണ്ടത്തേക്കാള്‍ നിലധാനത്തില്‍ നിന്നും പുഴ ഏതാണ്ട്‌ പത്തടിയോളം താഴ്‌ന്നു. ഇപ്പോള്‍ അടിതട്ടില്‍ നിന്നും ഏതോ പ്രളയകാലകത്ത്‌ അകപ്പെട്ട വന്‍മരങ്ങളും, കൂട്ടമരണങ്ങളുടെ ശേഷിപ്പായ അസ്ഥിപഞ്‌ജരങ്ങളും ഉയര്‍ന്നു വരുന്നു.

അരികോരത്തെ പാതി നശിച്ച കണ്ടല്‍ക്കാടുകളില്‍ ഇപ്പോഴും തീട്ടന്തീനികളായ ആമകളും, കുറുക്കന്‍മാരുമുണ്ട്‌.

അന്നും,ഇന്നും ഒരുമാറ്റവും സംഭവിക്കാത്തതായ ഒന്നുണ്ട്‌-പുഴയിലെ കെട്ടുംകുളമ്പ്‌. പാറക്കുട്ടങ്ങളാല്‍ ചുറ്റപ്പെട്ട വലിയ ഗഹ്വരം. ഒരു കാലത്തും വറ്റാത്ത ജലസമൃദ്ധി. പുറമെ കണ്ടാല്‍ പച്ചനിറത്തിലുളള, പേടിപ്പെടുത്തുന്ന ജലം നിശ്ചലമാണെന്ന്‌ തോന്നും. പക്ഷെ ശക്തിയായ്‌ അടിയൊഴുക്കുണ്ട്‌. എവിടെയൊക്കെയാണെന്ന്‌ തിട്ടപ്പെടുത്താനാവാത്ത അപകടകരമായ ചുഴികളുമുണ്ട്‌.

പാറയിടുക്കുകളില്‍ നീര്‍നായകള്‍ കൂട്ടംകൂടി വസിച്ചിരുന്നു. പിന്നെ നീരാളികളും, മുതലകളും. പുഴയുടെ പാര്‍ശ്വത്തില്‍ ചുഴിയിലേക്ക്‌ ചാഞ്ഞ്‌ അകം വളഞ്ഞ്‌ മഞ്ഞ നിറത്തിലുളള പുഷ്‌പങ്ങളുളള ഒരു പൂമരമുണ്ടായിരുന്നു. ഇലകളേക്കാള്‍ കൂടുതല്‍ പുഷ്‌പങ്ങളായിരുന്നു ആ മരത്തില്‍. കാറ്റ്‌ വീശിയാല്‍ നിറയെ പൂക്കള്‍ ചുഴിയിലോട്ട്‌ വീഴുകയായി. പക്ഷെ പൂക്കള്‍ താഴോട്ടൊഴുകി പോകില്ല. ചുഴിയുടെ ചാക്രികതയില്‍ അവ വട്ടം കറങ്ങും. ഇളംതെന്നല്‍ ഭൂമികയില്‍ പുതിപുതിയ ജലചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരുന്നു.

മിക്ക ആണ്ടിലും കെട്ടുംകുളമ്പില്‍ പെടുമരണങ്ങള്‍ സംഭവിച്ചിരുന്നു. അധികവും അവിടെ അവസാനിച്ചിരുന്നത്‌ ദൂരെദേശങ്ങളിള്‍ നിന്ന്‌ വരുന്ന വിരുന്നുകാരും, മീന്‍പിടുത്തക്കാരുമായിരുന്നു. നീന്തലറിഞ്ഞാല്‍ പോലും ചുഴിയില്‍ പെട്ടാല്‍ രക്ഷയില്ല. അത്തരം വേളകളില്‍ രക്ഷിക്കാന്‍ ശ്രമിച്ചവരേയും മരണം കവര്‍ന്നെടുത്തിട്ടേയുളളൂ.

ഒരിക്കല്‍ തലേന്നു തന്നെ വിവാഹവീട്ടിലെത്തിയ രണ്ട്‌ സഹോദരങ്ങള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍ പെട്ടു. അതാണ്‌ ഞാന്‍ കണ്ട ആദ്യമൃതദേഹങ്ങള്‍. അന്ന്‌ എന്റെ ഗ്രാമം മുഴുവന്‍ കരഞ്ഞു.

പിന്നീടൊരിക്കല്‍ വേനല്‍ക്കാലത്ത്‌ ഒരു യുവതി മുങ്ങിമരിച്ചു. അന്ന്‌ വീട്ടിലും പലയിടത്തും പലരും അടക്കം പറഞ്ഞിരുന്നു.
അവര്‍ സുന്ദരിയെത്രെ! പിന്നെ....!

ഞാന്‍ പുഴയോരത്ത്‌ ചെന്നപ്പോള്‍ ഗ്രാമത്തിലെ സകലപുരുഷന്‍മാരുമവിടെയെത്തിയിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ പാകത്തില്‍ മണലില്‍ നെടുനീളത്തില്‍ വിരിച്ച പുല്‍പ്പായയില്‍ അങ്ങുമിങ്ങുമെത്താത്ത ഒരു തുണികൊണ്ട്‌ മൂടിപുതച്ചു കിടത്തിയിരിക്കുന്നു മൃതസുന്ദരിയെ. അപ്പോള്‍ മാരുതന്‍ ചുഴിയില്‍ മരണത്തിന്റെ സിമ്പലുളള ഒരു ജലചിത്രം വരച്ചു.

ഒരുവേള ഞാന്‍ നോക്കിനില്‌ക്കെ അവരുടെ പുതപ്പ്‌ ദൂരേക്ക്‌ പറന്നു പോയി. അവര്‍ പരിപൂര്‍ണ്ണ നഗ്നയായിരുന്നു! നഗ്നത ജഢത്തെ ഒന്നുകൂടി ഭീകരമാക്കുന്നു! വികൃതമാക്കുന്നു!!

Thursday, August 26, 2010

നഷ്ടബാല്യം-12


ചുവന്ന സന്ധ്യകള്‍

വെക്കേഷന്‌ സ്‌ക്കൂള്‍ പൂട്ടുമ്പോള്‍ കുറച്ച്‌ ദിവസം ഞങ്ങള്‍ കുടുംബസമേതം അച്ഛന്‍ വീട്ടില്‍ പോയിനില്‍ക്കും. അവിടെ അച്ഛമ്മയും, ഭര്‍ത്താവുപേക്ഷിക്കപ്പെട്ട അച്ഛന്‍പെങ്ങളുമാണുള്ളത്‌.

അച്ഛന്‍ വീട്ടില്‍ ഞങ്ങള്‍, അല്ലാ ഞാന്‍ ഒന്നുകൂടി അരക്ഷിതവും, അസ്വസ്ഥാജനകവുമായിട്ടാണ്‌ സാധാരണയായ്‌ അനുഭവപ്പെടാറ്‌. അവിടത്തെ പ്രഭാതങ്ങള്‍ എനിയ്‌ക്ക്‌ അചൈതന്യവും,അശുഭകരവുമായിരുന്നു. തെങ്ങും, കവുങ്ങും, കുരുമുളകുവള്ളികളും നിറഞ്ഞ ആ തോട്ടത്തില്‍ നിന്ന്‌ ഞാനൊരിക്കലും സൂര്യനെ കണ്ടില്ല. പ്രദോഷം സദാ ദുഖ:മയവും, ആപല്‍ക്കരവുമായ്‌തോന്നി. സന്ധ്യക്ക്‌ പിന്നോട്ട്‌ നീളംവെച്ച മരങ്ങളുടെ നിഴലും, വിടവുകളിലൂടെ കാണുന്ന ആകാശത്തെ അസാന്ദ്രചുവപ്പുരാശിയും പിന്നെ വിദൂരമായ അമ്പലത്തില്‍നിന്നുയരുന്ന ഭക്തി ശോകപ്പാട്ടും എന്നെ വിഷാദത്തിന്റെ തടവറയില്‍ പൂര്‍ണ്ണമായ്‌ തളച്ചു.

അച്ഛമ്മയും, അച്ഛന്‍ പെങ്ങളും സ്‌നേഹപൂര്‍ണ്ണമായാണ്‌ പെരുമാറിയിരുന്നെങ്കിലും അവരുടെ സ്വഭാവരീതിയും, സംസ്‌ക്കാരരീതിയും ഞങ്ങളില്‍ നിന്ന്‌ ഭിന്നമായിരുന്നു. എന്നെ അനിയനോട്‌ താരതമ്യം ചെയ്‌ത്‌ എന്റെ ബലഹീനതയും, ശുഷ്‌ക്കതയും വിവരിക്കുക. ഞങ്ങളെക്കൊണ്ട പഞ്ചപിടിച്ച്‌ ശക്തിപ്രകടനം കാണിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അവര്‍ക്ക്‌ രസനീയമായിരുന്നു.

കൂടാതെ നാളുകൊണ്ടും, മണിക്കൂര്‍കൊണ്ടുപോലും എന്റെ സമപ്രായക്കാരനായ ഒരു കുട്ടിയും അവരുടെ അയല്‍പക്കത്തുണ്ടായിരുന്നു. അച്ഛമ്മതന്നെയാണ്‌ അവനെ ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിയത്‌. എന്നേക്കാള്‍ ശരീരവളര്‍ച്ചയും, പ്രസരിപ്പുമുള്ള അവന്റെ മുന്നില്‍ ഞാന്‍ സര്‍വ്വാത്മനാ നിസ്സാരനും, നിരാലംബനുമായി.

വൈകിയിട്ട്‌ ഇടുങ്ങിയ മുറ്റത്ത്‌ ഞങ്ങള്‍ കളരി അഭ്യസിക്കും. അതുകാണാന്‍ ചുറ്റുവട്ടത്തുള്ളവരും, അച്ഛന്റെ സുഹൃത്തുക്കളും വരും. കുമാരന്‍ ഗുരുക്കളുടെ വീട്‌ ആ നാട്ടിലായതുകൊണ്ട്‌ പരിശീലനത്തിന്‌ വളരെയെളുപ്പമായിരുന്നു.

രാത്രി അച്ഛനുമമ്മയും പ്രധാനമുറിയിലും ഞാനും അനിയനും അച്ഛമ്മയും മറ്റൊരു മുറിയിലുമാണ്‌ ഉറങ്ങാന്‍ കിടക്കുക. വളരെ വീതി കുറഞ്ഞ മിനുപ്പില്ലാത്ത പരുത്ത ഇടനാഴികയില്‍ അച്ഛന്‍പെങ്ങളുമൊതുങ്ങും. അച്ഛമ്മ നെഞ്ഞ്‌ നീറുന്നതുകൊണ്ട്‌ പതിവായ്‌ കൊത്തമ്പാല ചവച്ചിരുന്നു. മടിയില്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടിവച്ചിരുന്ന കൊത്തമ്പാല മണികള്‍ ഞാനും പെറുക്കിതിന്നും. അപ്പോഴത്‌ കയ്‌പ്പോ, ചവര്‍പ്പോ ഇല്ലാത്ത രുചികരമായ ഒരു വിഭവമാണ്‌.

അന്നും, ഇന്നും അത്ഭുതകരമായ്‌ തോന്നുന്ന ഒരു വസ്‌തുത എന്താണെന്ന്‌ വെച്ചാല്‍ ഉറങ്ങാന്‍ കിടന്ന്‌ ഏതാനും സമയം കഴിയുമ്പോള്‍ അച്ഛമ്മ അമ്മയേയും, അച്ഛനേയും ആക്ഷേപിക്കുന്ന തരത്തില്‍ അസ്‌പഷ്ടമായ്‌ ചിലത്‌ മുരണ്ട്‌ കിടക്കും. ഇടനാഴികയില്‍ നിന്ന്‌ അച്ഛന്‍പെങ്ങളും അതേറ്റുപിടി്‌ക്കുന്നത്‌ കേള്‍ക്കാം. രാത്രിമാത്രം ജനിച്ചുമരിക്കുന്ന ഈയ്യാമ്പാറ്റകള്‍ പോലെ ചില അതൃപ്‌തഭാഷണങ്ങള്‍. എന്തിനായിരുന്നു അതൃപ്‌തി!


ആ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്‌. പതിവായ്‌ മദ്ധ്യവേനലവധികാലത്താണ്‌ അതുണ്ടാകുക. ഞങ്ങള്‍ എല്ലാവരും കൂടി ഘോഷമായിട്ടാണ്‌ ഉത്സവപറമ്പിലേക്ക്‌പോയത്‌. ശുദ്ധമില്ലായ്‌മ കൊണ്ടോ എന്തോ അന്ന്‌ അച്ഛന്‍പെങ്ങളും, അമ്മയും അകത്തമ്പലത്തിലേക്ക്‌ വന്നില്ല. എന്നേയും, അനിയനേയും തൊഴീക്കുവാന്‍ അച്ഛമ്മ മണ്ഡപത്തിനുള്ളിലേക്ക്‌ കൊണ്ടുപോയി. തൊഴുത്‌ കുറിതൊട്ട്‌ പുറത്തേക്ക്‌ വരുമ്പോള്‍ അച്ഛമ്മ ദൂരെനിന്ന്‌ വരുന്ന ഒരു സ്‌ത്രീയെ ചൂണ്ടികാണിച്ചുകൊണ്ട്‌ കിന്നാരത്തോടെ പറഞ്ഞു-"ആ വരുന്ന പെണ്ണിനെ കണ്ടോ! അവള്‍ നിങ്ങളുടെ അച്ഛന്റെ കാമുകിയായിരുന്നു."

വേഷ്ടിയും, ബ്ലൗസും ധരിച്ചുവരുന്ന ആ സ്‌ത്രീ നല്ല ഉയരവും, ആകാരവുമുള്ള ഒത്ത സൗന്ദര്യവതിയായിരുന്നു.
അവരുടെ കയ്യില്‍ ഒരു കുടന്ന പുഷ്‌പങ്ങളും ഒപ്പം തോഴിമാരെന്ന്‌ തോന്നിക്കുന്ന രണ്ട്‌ ഉപസുന്ദരിമാരും ഉണ്ടായിരുന്നു. അവരെ ഞാനാദ്യമായ്‌ കാണുകയാണ്‌. എന്നിട്ടും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്‌ ആ സ്‌ത്രീ എന്നെ കാണരുതേയെന്ന്‌ ഞാനാഗ്രഹിച്ചു. പക്ഷേ അത്‌ സാധിച്ചില്ല. അച്ഛമ്മയും, അവരും തമ്മില്‍ കൂട്ടിമുട്ടി. വളരെ എളിമയോടും, ബഹുമാനത്തോടുമാണ്‌ അവര്‍ അച്ഛമ്മയോട്‌ സംസാരിച്ചത്‌. അനന്തരം അച്ഛമ്മ "ഇതെന്റെ മകന്റെ മക്കളാണ്‌" എന്ന്‌ പറഞ്ഞ്‌ ഞങ്ങളെ പരിചയപ്പെടുത്തുവാന്‍ വേണ്ടി പിന്നോട്ട്‌ തിരിഞ്ഞപ്പോള്‍ ഞാനത്‌ മുന്‍കൂട്ടികണ്ട്‌ വേഗം തായമ്പകക്കാരുടെ പിന്നിലൊളിച്ചു.

ആ സുന്ദരി വാത്സല്യത്തോടെ എന്റെ അനിയന്റെ കവിളുകളില്‍ തലോടുന്നതും, കളിപ്പാട്ടക്കാരന്റെ കയ്യില്‍ നിന്നും ഒരു ബലൂണ്‍ വാങ്ങി അവന്‌ സമ്മാനിക്കുന്നതും ഞാന്‍ മറഞ്ഞ്‌ നിന്ന്‌ നോക്കികണ്ടു.

എന്തോ എന്നെ കണ്ടാല്‍ പിന്നീട്‌ അവര്‍ക്ക്‌ എന്റെ അച്ഛനോടുള്ള ആദരവ്‌ കുറയുമെന്ന്‌ എന്റെയുള്ളില്‍ നിന്നാരോ മന്ത്രിച്ചു.

Thursday, August 19, 2010

നഷ്ടബാല്യം-11



വേട്ട

ഓണം, വിഷു തുടങ്ങിയ വിശേഷങ്ങള്‍ വരുമ്പോള്‍ ഭയമായിരുന്നു. സന്തോഷപ്രദവും, സുസ്ഥിരവുമായൊരാഘോഷവും ബാല്യത്തിലുണ്ടായിട്ടില്ല.

രണ്ട്‌ വിജാതീയധ്രുവങ്ങളാണ്‌ അച്ഛനുമമ്മയുമെന്ന്‌ എനിക്ക്‌ തോന്നിയിരുന്നു. ഒരിക്കലും ഒരുമിക്കാന്‍ പാടില്ലായിരുന്ന രണ്ട്‌ ജന്‍മങ്ങള്‍. വളരെ നിസ്സാരവും, ബാലിശവുമായ കാര്യങ്ങള്‍ക്കാണ്‌ അവര്‍ തമ്മിലുളള ശണ്‌ഠ തുടങ്ങുക. ദേഷ്യം മൂത്താല്‍ അച്ഛനാദ്യം ചെയ്യുക കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാം എറിഞ്ഞുടക്കുകയാണ്‌. അടുക്കളയില്‍ നിന്ന്‌ ചോറും, കറികളുമാണാദ്യം പുറത്തേക്ക്‌ തെറിക്കുക. സ്റ്റീല്‍പാത്രങ്ങള്‍ പുറത്തേക്ക്‌ തെറിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയസ്‌പന്ദനം ദ്രുതഗതിയിലാകും. അപ്പോള്‍ തീര്‍ച്ചപെടുത്താം. ആരംഭിച്ചു കഴിഞ്ഞു.

യുദ്ധം ആരംഭിച്ചാല്‍ അത്‌ കൊഴുപ്പിക്കാന്‍ അച്ഛന്‍ വീണ്ടും ചാരായഷാപ്പിലേക്ക്‌ പോകും. പിന്നെ സംഭവിക്കുന്നതെല്ലാം പ്രവചനാതീതമാണ്‌. ജനാലയിലെ കണ്ണാടികള്‍ തല്ലിതകര്‍ക്കുക, വാതിലുകള്‍ ചവിട്ടുതെറുപ്പിക്കുക പിന്നെ അമ്മയോടുളള ശാരീരികപീഢനവും. അതിനിടക്ക്‌ കണ്ടവെട്ടത്തെങ്ങാന്‍ എന്നെ കണ്ടാല്‍ അദ്ദഹം എന്റെ പിതൃത്വത്തെ ചൊല്ലി പുലഭ്യം പറയാന്‍ തുടങ്ങും. 'തന്തക്ക്‌ പിറക്കാത്തവന്‍ 'എന്ന്‌ കേള്‍ക്കുമ്പോള്‍ ഞാനെന്റെ ചെവി പൊത്തി പിടിക്കും. ബാധിര്യം കൊണ്ടും വിജയിക്കാനാകാതെ അച്ഛന്റെ വാക്കുകള്‍ എന്റെ ആത്മാവിലേക്കിറങ്ങി ചെല്ലും; എന്റെ സ്വത്വത്തേയും നിസ്സാഹായമാക്കികൊണ്ട്‌.

എന്തുകൊണ്ടാണ്‌ അദ്ദേഹമെന്നെമാത്രം ഇങ്ങനെ സംബോധന ചെയ്യുന്നത്‌ എന്നതിന്റെ കാരണം എനിക്കജ്ഞാതമായിരുന്നു. ഞാനതിന്റെ പൊരുള്‍ തേടി അലഞ്ഞിട്ടില്ല; ഇതുവരേയും.

ഒരിക്കല്‍ അതിഘോരമായ ഒരു വക്കാണത്തിനൊടുവില്‍ സഹിക്കവയ്യാതെ അമ്മ തറവാട്ടിലേക്കോടിപോയി. ഞാനും, അനിയനും ഞങ്ങളുടെ മുറിയില്‍ ഒളിച്ചിരുന്നു. അച്ഛന്‍ രണ്ടാമതും ഷാപ്പില്‍ പോയി വന്ന്‌ ചെരിപ്പിട്ടുരച്ചു കൊണ്ട്‌ അകത്തേക്ക്‌ വന്ന്‌ എന്നെ പുകച്ചുപുറത്തേക്കു ചാടിച്ചു. അദ്ദേഹമപ്പോള്‍ ഉമ്മറത്ത്‌ ചെറിയ ഉരുളന്‍കല്ലുകള്‍ കൂട്ടിയിട്ടിരുന്നു. അദ്ദേഹം കളരിയിലെ നെടുവടി എന്റെ നേരെയെറിഞ്ഞുകൊണ്ട്‌ പറഞ്ഞു-" പന്തീരാന്‍ മിന്നടാ നായേ..."

പന്തീരാന്‍ എന്നാല്‍ വടികൊണ്ടുളള വിദഗ്‌ധമായൊരു ചുഴറ്റലാണ്‌. വൈദഗ്‌ധ്യപൂര്‍വം മിന്നല്‍ വേഗത്തില്‍ വടി ചുഴറ്റുമ്പോള്‍ ഒരാള്‍ കല്ലെടുത്തെറിഞ്ഞാലോ, മഴ പെയ്‌താലോ ഏല്‌ക്കില്ല എന്നാണ്‌ ആയുധപെരുമ.

ഞാന്‍ വടി മിന്നുമ്പോള്‍ അദ്ദേഹം വേഗത കൂട്ടാന്‍ കല്‌പിച്ചു. പിന്നീടദ്ദേഹം കല്ലുകളെറിയാനാരംഭിച്ചു. എന്റെ അഭ്യാസക്കുറവോ എന്തുകൊണ്ടാണന്നറിയില്ല ആയുധം കല്ലുകളെ തടുത്തില്ല. മിക്കതും എന്റെ ദേഹത്തു തന്നെ.

ചുറ്റുവട്ടത്ത്‌ കാഴ്‌ചക്കാര്‍ കൂടുന്നതും പരിഹസിക്കുന്നതും, പരിഭവിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. പിന്നീട്‌ കാഴ്‌ചക്കാര്‍ പിന്‍വലിഞ്ഞപ്പോഴും, അച്ഛന്‍ ഛര്‍ദ്ധിച്ച്‌ ഛര്‍ദ്ധിച്ചുറങ്ങിയപ്പോഴും ഞാന്‍ പയറ്റ്‌ നിര്‍ത്തിയില്ല. ദ്വേഷവും, സങ്കടവും നിമിത്തം സ്വയം പൊലിഞ്ഞടങ്ങണം എന്ന്‌ അത്മാര്‍ത്ഥമായും ആഗ്രഹിച്ചു. എപ്പോഴൊ വടി എന്റെ പിടി വിട്ട്‌ ദൂരെയെങ്ങോട്ടോ തെറിച്ചുപോയി.

ഉമ്മറത്ത്‌ വിലങ്ങനെ കിടക്കുന്ന അച്ഛനെ ഗുരുത്വദോഷം തട്ടാതിരിക്കാന്‍ വന്ദിച്ചു മറി കടക്കുമ്പോള്‍ ഞാനൊരിക്കല്‍ കൂടി പിറവിയെ ശപിച്ചു.

Thursday, August 5, 2010

നഷ്ടബാല്യം-10



തൊണ്ണിയമ്മ

തൊണ്ണിയമ്മ 'റ' പോലെ അകം വളഞ്ഞ വയോധികയായിരുന്നു. മുന്‍വശത്ത്‌ പല്ലുകളൊന്നും തന്നെ അവശേഷിച്ചിരുന്നില്ല. അതുകൊണ്ടാണ്‌ എല്ലാവരും അവരെ തൊണ്ണിയമ്മ എന്ന്‌ വിളിച്ചിരുന്നത്‌. അവര്‍ക്ക്‌ കുറഞ്ഞപക്ഷം എഴുപത്‌ വയസ്സെങ്കിലും അപ്പോഴുണ്ടായിരിക്കും. മക്കളോ,സന്തുബന്ധുക്കളോ ഉണ്ടായിരുന്നില്ല. തീര്‍ത്തും ഏക. ഓലമേഞ്ഞ സാമാന്യം വലിയ ആ വീട്ടില്‍ അവര്‍ തനിച്ച്‌.

അവര്‍ റൗക്ക ധരിച്ചിരുന്നില്ല. വെറും ഒറ്റമുണ്ട്‌ മാത്രം വേഷം. ശുഷ്‌കിച്ച്‌ ചുരുണ്ട്‌ പിന്‍വലിഞ്ഞ മുലകള്‍. ജടപിടിച്ച തലമുടി. അതില്‍ സമൃദ്ധമായ്‌ പേനും. കുളിക്കുകയോ, മറ്റെന്തെങ്കിലും തരത്തില്‍ ദേഹശുദ്ധി വരുത്തുകയോ ചെയ്‌തിരുന്നില്ല. ശരീരം മുഴുവന്‍ കറുത്തനിറത്തില്‍ അഴുക്ക്‌ പറ്റിപിടിച്ചിരിക്കുന്നത്‌ കാണാം. അത്‌ ദേഹത്ത്‌നിന്ന്‌ ചുരുട്ടി ഉണ്ടയാക്കി തെറിപ്പിച്ച്‌ കളയുക അവരുടെ പ്രിയ്യവിനോദമാണ്‌.

തൊണ്ണിയമ്മയുടെ പറമ്പില്‍ ധാരാളം പുല്ലും, ചെടികളുമുണ്ടായിരുന്നു. അതുകൊണ്ട്‌ ഇടയ്‌ക്കൊക്കെ ആടിനെ മേയ്‌ക്കാന്‍ ഞങ്ങള്‍ അവരുടെ പറമ്പിലേക്ക്‌ പോകും. എന്റെ അമ്മമ്മയുടെ ഏതാണ്ട്‌ സമപ്രായക്കാരിയാണവര്‍. അതുകൊണ്ട്‌ എന്നോട്‌ അമ്മമ്മയുടെ വിശേഷങ്ങള്‍ ചോദിക്കും. ചിലപ്പോള്‍ ദൂരെയുള്ള വൈദ്യരുടെ കടയില്‍ ചെന്ന്‌ കഷായമോ, കുഴമ്പോ വാങ്ങിചെല്ലാന്‍ പറയും.

അവര്‍ക്ക്‌ വലിയൊരു ചെല്ലം നിറയെ നാണയ ശേഖരങ്ങളുണ്ട്‌. അതില്‍ നിന്നെടുത്താണ്‌ സാധനങ്ങള്‍ വാങ്ങാന്‍ പണം തരുക. അവിടെ നിന്ന്‌ പണം മോഷ്ടിക്കാന്‍ വളരെയെളുപ്പമായിരുന്നു. സാഹചര്യം പലപ്പോഴും എന്നെ അതിന്‌ പ്രേരിപ്പിച്ചിട്ടുണ്ട്‌. ഒരിക്കല്‍ വീട്ടില്‍ നിന്നങ്ങനെ ചെയ്‌തതിന്‌ അമ്മ നനഞ്ഞ തോര്‍ത്തുമുണ്ടുകൊണ്ടടിച്ചത്‌ അപ്പോഴോര്‍മ്മവരും. പിന്നെ അനാഥയായ തൊണ്ണിയമ്മയോടുളള അനുതാപപൂര്‍ണ്ണമായ ഹൃദയരാഗവും എന്നെ അതില്‍ നിന്നു വിലക്കി.

എന്റെ അനിയനടക്കം ആടിനെ മേയ്‌ക്കാന്‍ വരുന്ന മറ്റു കുട്ടികള്‍ കളിയിലേര്‍പ്പെടുമ്പോള്‍ ഞാന്‍ തൊണ്ണിയമ്മയുടെ സഹചാരിയായ്‌ നില്‍ക്കും. കിണറ്റില്‍ നിന്ന്‌ വെളളം കോരികൊടുക്കുക, അങ്ങാടിയില്‍ നിന്ന്‌ മല്‍സ്യം വാങ്ങികൊടുക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാനാണ്‌ ചെയ്യുക. മീന്‍ നന്നാക്കുവാന്‍ കുന്തിച്ചിരിക്കുമ്പോള്‍ കോണകമുടുക്കാത്തതു കൊണ്ട്‌ അവരുടെ വികൃതമായ ഗുഹ്യം കാണും. എല്ലുകള്‍ക്കിടയിലൂടെയുളള ഒരു പുളിപ്പാണ്‌ എനിക്കപ്പോള്‍ അനുഭവപ്പെടുക.

എനിക്ക്‌ സമാന്തരമായ്‌ ഒരു കറുത്ത കണ്ടന്‍പൂച്ചയും സദാ അവിടെ കൂന്നികൂടിയിരിക്കുന്നത്‌ കാണാം. ആരോടും ഇണക്കമില്ലാത്ത തീഷ്‌ണമുഖഭാവമുളള ആ പൂച്ച ദൈവം വേഷം മാറ്റവിട്ട തൊണ്ണിയമ്മയുടെ സംരക്ഷിതാവായിരിക്കുമെന്ന്‌ ഞാന്‍ സങ്കല്‌പ്പിച്ചു.

ചെളുക്ക കളയാതെയാണ്‌ തൊണ്ണിയമ്മ മീന്‍ വെക്കുക. അറപ്പുകാരണം അവര്‍ സ്‌നേഹത്തോടെ, നിഷ്‌കളങ്കതയോടെ എനിക്ക്‌ കഴിക്കാന്‍ തരുന്നതെന്തും നിരസിക്കുമ്പോള്‍ വൈഷമ്യം തോന്നും. മനസ്സ്‌ ഒന്നുകൂടി ആര്‍ദ്രമാകും.

ഇടിയും, മഴയുമുളള കൊടുങ്കാറ്റടിക്കുന്ന രാത്രികളില്‍ അസുരക്ഷിതയായ, അനാഥയായ തൊണ്ണിയമ്മയെ ഞാനോര്‍ക്കും. മണ്‍ചുമരുളള എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന ആ വീട്ടില്‍ അവര്‍ തനിച്ച്‌. നിലവിളിച്ചാല്‍ പോലും ഒന്നോടി വരാന്‍ ആരുമി്‌ല്ല.

എന്നും രാത്രി കിടക്കുമ്പോള്‍ കയ്യെത്താവുന്നത്ര അരുകില്‍ കരുതിയിരിക്കുന്ന മണ്‍കുടത്തിലെ അവരുടെ പ്രാണജലം ഞാന്‍ കണ്ടിട്ടുണ്ട്‌. കിടക്കക്ക്‌ താഴെ ഒരോട്ടുക്കിണ്ണവും വെക്കാറുണ്ട്‌. അത്‌ മൂത്രമൊഴിക്കാനുളളതാണ്‌.

ഞാന്‍ ഭയപ്പെട്ടതുപോലെ ഒരിക്കല്‍ ഘോരമായ ഇടിയും, മഴയുമുളള ഒരു രാത്രി തന്നെ അവര്‍ മരിച്ചു. കരുതിവെച്ചിരുന്ന കുടത്തിലെ വെളളം കുടിക്കാന്‍ അവര്‍ക്ക്‌ യോഗമുണ്ടായില്ല. മരണവെപ്രാളത്തില്‍ കയ്യോ, കാലോ തട്ടി മണ്‍കുടമുടഞ്ഞു പോയിരുന്നു.

കണ്ണുകള്‍ തുറിച്ച്‌, വായടക്കാതെയാണത്രെ വിറങ്ങലിച്ചു കിടന്നിരുന്നത്‌ എന്റെ മുത്തശ്ശി! ഗതി കിട്ടാത്ത പ്രേതത്തിന്റെ ഉത്തമലക്ഷണം. മരണത്തിന്റെ നാളും, പൊരുളും നോക്കാനറിയുന്ന അമ്മമ്മ പറഞ്ഞു-" തൊണ്ണിയമ്മക്കിനി ജന്‍മമില്ല. ബലിയും, ശ്രാദ്ധവുമൂട്ടാന്‍ ആളില്ലാത്തതുകൊണ്ട്‌ അവരുടെ ആത്മാവിന്‌ മോക്ഷവും കിട്ടുകയില്ല."

വിധിനിയതങ്ങളുടെ സങ്കീര്‍ണ്ണതകളെ കുറിച്ച്‌ ചിന്തിക്കാന്‍ മാത്രം എനിക്കപ്പോള്‍ ഉള്‍പ്രാപ്‌തിയുണ്ടായിരുന്നില്ല. ഞാനോര്‍ത്തത്‌ മറ്റൊന്നായിരുന്നു-" അന്ന്‌...വെളളം കിട്ടാതെ എന്റെ മുത്തശ്ശി നരകിച്ച്‌ മരിച്ച നശിച്ച രാത്രിയില്‍ വിരാഗിയായ ആ കരിമ്പൂച്ച എവിടെയായിരുന്നു!?"

Thursday, July 29, 2010

നഷ്ടബാല്യം-9


വിരഹം

ഒരുദിവസം രാത്രി അച്ഛന്‍ ഞങ്ങള്‍ ആടിനെ മേയ്‌ച്ചിരുന്ന തെങ്ങിന്‍ തോപ്പുകടന്ന്‌ കുറേദൂരം പാടങ്ങളിലൂടെയും, ഇടവഴികളിലൂടെയുമൊക്കെ യാത്രചെയ്‌ത്‌ മറ്റൊരു കളരിയിലേയ്‌ക്ക്‌ കൊണ്ടുപോയി. കുമാരന്‍ ഗുരുക്കളില്‍ നിന്ന്‌ കിട്ടാത്ത പ്രധാനപ്പെട്ട അടവ്‌ സ്വായത്തമാക്കുക എന്നതായിരുന്നു ഉദ്ദേശം.

വലിയൊരു കളരിയായിരുന്നു അത്‌. ധാരാളം അഭ്യാസികളുണ്ടായിരുന്നു. കളരിയുടെ നടുക്ക്‌ സ്‌തൂഭം പോലെയുള്ള വലിയ കല്‍വിളക്കില്‍ നല്ലെണ്ണയില്‍ കുതിര്‍ന്ന തിരികള്‍ പന്തം കത്തുന്നു. വളരെ ചെറുപ്പക്കാരനായ ഒരാളായിരുന്നു അവിടത്തെഗുരുക്കള്‍. അയാള്‍ ഞങ്ങള്‍ക്ക്‌ വളരെ സ്‌നേഹമയമായും, ലളിതമായും ചില അടവുകള്‍ കാണിച്ചുതന്നു. ഒരു രാത്രിയ്‌ക്ക്‌ മാത്രമായുള്ള ഒരു ശിഷ്യപ്പെടലായിരുന്നു അത്‌.

നേരം വളരെ വൈകിയിരുന്നു. അഭ്യാസനത്തിന്‌ ശേഷം അച്ഛനും, കൂട്ടാളികളും ഗുരുക്കളുടെ വീട്ടിലിരുന്ന്‌ മദ്യപാനമാരംഭിച്ചു. എന്നേയും, അനിയനേയും 'കുട്ട്യമ്പി' എന്ന്‌ പേരുള്ള ഗുരുക്കളുടെ പിതാവ്‌ ഒരു കുടുസ്സുമുറിയിലിരുത്തി ചോറും കറികളും തന്നു. ആമയിറച്ചിയായിരുന്നു സ്‌പെഷ്യല്‍. അദ്ദേഹം നിര്‍ബന്ധിച്ച്‌ ഞങ്ങളെ ഊട്ടി. ഭക്ഷണരീതികളും, വീടിന്റെ അകത്തളങ്ങളുമൊക്കെ കണ്ടപ്പോള്‍ അവര്‍ താഴ്‌ന്ന വര്‍ഗ്ഗക്കാരാണെന്ന്‌ എനിക്ക്‌ തോന്നി. മടങ്ങുമ്പോള്‍ കനപ്പെട്ട ഒരു സംഖ്യ അച്‌ഛന്‍ ഞങ്ങളെക്കൊണ്ട്‌ ദക്ഷിണ കൊടുപ്പിച്ചു. ഗുരു നന്നായ്‌ വരും എന്ന്‌ മൂര്‍ദ്ധാവില്‍ തൊട്ട്‌ അനുഗ്രഹിച്ചു.

പതിരാത്രി കഴിഞ്ഞ്‌ അവിടെ നിന്ന്‌ മടങ്ങുമ്പോള്‍ അകാരണമായൊരു വ്യസനം എന്നെ പിടികൂടി; വേര്‍പാടിന്റെ. രണ്ടാമതൊരിക്കല്‍ കൂടി അങ്ങോട്ട്‌ പോകാന്‍ സാധ്യതയില്ലാ എന്ന്‌ അച്ഛന്‍ ഞങ്ങളോട്‌ പറഞ്ഞിരുന്നു.

പിറ്റേന്ന്‌ പുലര്‍ന്നെണീറ്റപ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ ആ വീടും, കളരിയും, ഗുരുവും പൂര്‍വ്വാധികം കാന്തിയോടെ
തെളിഞ്ഞുനിന്നു.

"എനിക്കൊരിക്കല്‍കൂടി അങ്ങോട്ട്‌ പോകണം` അതുമാത്രമായ്‌ ചിന്ത. തീഷ്‌ണമായൊരു കാന്തിക പ്രകര്‍ഷണം.

വീണ്ടും പോകണം എന്ന്‌ അച്ഛനോട്‌ പറയാന്‍ ധൈര്യമില്ല. അനിയനോട്‌ സൂചിപ്പിച്ചപ്പോള്‍ അവനതിന്‌
താത്‌പര്യമില്ല.

ഒരു ഞായറാഴ്‌ച്ച അടങ്ങാത്ത തൃഷ്‌ണയോടെ ഞാനൊറ്റയ്‌ക്ക്‌ തെങ്ങിന്‍ തോപ്പില്‍ നിന്നും അവിടേയ്‌ക്ക്‌ യാത്രയാരംഭിച്ചു. രാത്രിയിലായിരുന്നു ആദ്യയാത്ര എന്നതുകൊണ്ട്‌ ആ സ്ഥലവും വഴിയും എനിയ്‌ക്ക്‌ തീര്‍ത്തും അപരിചിതമായിരുന്നു. എങ്കിലും ഒരുതരത്തില്‍ ദുരൂഹമായിരുന്ന ആ അന്വേഷണം എന്നില്‍ ഗോചരാതീതമായൊരാനന്ദം പ്രധാനം ചെയ്‌തു.

സ്ഥലംമാറി പല വീട്ടലും ഞാന്‍ ചെന്നന്വേഷിച്ചു. അപരിചിതമാണെങ്കിലും അവിടെയെല്ലാം മുമ്പെങ്ങോ കണ്ടു മറന്ന, എന്തോമറന്നുവെച്ച, പൂര്‍ത്തീകരിക്കാതെപോയിരുന്ന മൗലികമായൊരു ചോദന എന്നിലുളവാക്കി. പലര്‍ക്കും കൊച്ചുകുട്ടിയായ എന്റെയീ നിഗൂഢപ്രവര്‍ത്തി അത്ഭുതകരമായ്‌ തോന്നി.

അവസാനം ആരോ ഒരാള്‍ എന്നെ അവിടെ എത്തിച്ചു. ഗുരു അവിടെയുണ്ടായിരുന്നില്ല. കുട്ട്യമ്പിയും, വീട്ടുകാരും എന്നെ സസന്തോഷം സ്വീകരിച്ചു. കുറച്ച്‌ ദിവസം മുമ്പ്‌ ചുവടുവച്ച കളരിയെ നിര്‍വൃതിയോടെ ഞാന്‍ നോക്കി കണ്ടു. പക്ഷേ രാത്രിയിലെ പ്രൗഢിയും, എടുപ്പുമൊന്നും ആ കളരിയ്‌ക്കോ കല്‍വിളക്കിനോ അപ്പോഴുണ്ടായി തോന്നിയില്ല.

കുട്ട്യമ്പി എനിക്ക്‌ കട്ടന്‍ചായ ഉണ്ടാക്കിതന്നു. പൊരിയും അരിമുറുക്കും തന്നു. മടങ്ങുമ്പോള്‍ തെങ്ങിന്‍തോപ്പുവരെ അദ്ദേഹം എന്നെ അനുഗമിച്ചു.
.
അവിടെ നിന്ന്‌ യാത്ര പറഞ്ഞ്‌ പിരിയുമ്പോള്‍ കുട്ട്യമ്പി അസംഖ്യം മടക്കുകളുള്ള മുറുക്കാന്‍ പൊതിയില്‍ നിന്നും ഏതാനും നാണയതുട്ടുകളെടുത്ത്‌ എനിയ്‌ക്ക്‌ തന്നു. എന്നെ ആശിര്‍വദിച്ചു.

മടങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. പുലയനായ ആ വൃദ്ധന്‍ എന്റെയാരുമല്ല എങ്കിലും.

Monday, July 19, 2010

നഷ്ടബാല്യം-8


യാത്ര

പുഴയിലൂടെയാണ്‌ ഞങ്ങളുടെ യാത്ര. കുംഭമാസമായതിനാല്‍ കലശം കഴിച്ച്‌ തീര്‍ത്ഥം തളിച്ച യജ്ഞഭൂമിയിലെന്നപ്പോലെ വെളളം അങ്ങിങ്ങ്‌.

അച്ഛന്‍ വളരെ മുന്നിലായിരുന്നു. ഒരു നിശ്ചിതദൂരം പാലിച്ചെന്നോണം ഞാനും അനിയനും പിന്നില്‍. ദൂരം ചിലപ്പോള്‍ പരിധി വിട്ട്‌ അകന്നു പോയാല്‍ അച്ഛന്‍ ഞങ്ങളെ ഭര്‍ത്സിക്കും. അപ്പോള്‍ ഞങ്ങളോടി ഒപ്പമെത്തും.

അച്ഛനറിയാതെ ഒളിഞ്ഞുനിന്നും, പിന്നില്‍നിന്നും അച്ഛനെ നോക്കി രസിക്കുകയെന്നത്‌ എന്റെ ഒരു വിനോദമായിരുന്നു. എന്റെ അച്ഛന്‍ സുന്ദരനാണ്‌. ഒത്ത ഉയരവും, ദേഹവും. മുകളിലേക്ക്‌ ചീകിവെക്കുന്ന തലമുടി നല്ല വഴക്കമുളള കറുകറുത്ത മുടിയാണ്‌. എന്റെത്‌ പോലെ കോലന്‍മുടിയല്ല. അച്ഛന്‌ വെളളിത്തിരയിലെ ഒരു സിനിമാനടനുമായ്‌ മുഖസാദൃശ്യമുണ്ട്‌. അച്ഛനെപ്പോലെയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍....! മനസ്സിലെ നിഗൂഢമായ മോഹം അതായിരുന്നു.

പുഴ കടന്നാല്‍ മറ്റൊരു ഗ്രാമമായി. അവിടെ ചെറിയൊരു അങ്ങാടിയുണ്ട്‌. ബീഫുകറി മണക്കുന്ന ചെറിയ ഹോട്ടലിനരുകിലെത്തുമ്പോള്‍ അച്ഛന്റെ പതിവുളള ഒരു ചോദ്യമുണ്ട്‌.

" ചായ കുടിക്കണോ "

ഉവ്വെന്ന്‌ പറയാന്‍ ജാള്യതയും, ഭയവുമാണ്‌. അങ്ങനെ പറഞ്ഞിട്ടില്ല.

" കുടിക്കെണങ്കി കുടിക്കാ "

അങ്ങുമിങ്ങും തൊടാതെയുളള ഒരുത്തരം. അതും ഞാനാണ്‌ പറയുക. അനിയനൊന്നും മിണ്ടില്ല. അച്ഛന്‍ പൊറോട്ടയും ബീഫും ഞങ്ങള്‍ക്ക്‌ വാങ്ങി തരും. പിന്നെ അദ്ദേഹം കുറച്ചപ്പുറമുളള ചാരായഷാപ്പിലേക്കു പോകും. അച്ഛന്‍ വരുന്നതിനു മുമ്പ്‌ കൊതിയോടെ, ധൃതിയില്‍ ഞങ്ങളത്‌ തിന്ന്‌ തീര്‍ത്ത്‌ ' ഒന്നുമറിയില്ല രാമനാരായണ ' എന്ന മട്ടില്‍ നില്‌ക്കും. അച്ഛന്‍ മടങ്ങി വരുമ്പോള്‍ സ്വതേ കലങ്ങിയ ആ കണ്ണുകള്‍ ഒന്നുകൂടി ചുവന്നിട്ടുണ്ടാകും. അവിടെനിന്നും ബസ്സ്‌ കയറി കുറേ യാത്ര ചെയ്‌തു വേണം ഞങ്ങള്‍ക്ക്‌ ലക്ഷ്യസ്ഥാനത്തെത്താന്‍. അവിടം അച്ഛന്‍ ജനിച്ചു വളര്‍ന്ന ഗ്രാമമാണ്‌. പ്രസിദ്ധ കളരിയാശാന്‍ കുമാരന്‍ഗുരുക്കളുടെ അടുത്തേക്ക്‌ കളരി പഠിപ്പിക്കാനാണ്‌ ഞങ്ങളെ കൊണ്ടുപോകുന്നത്‌. കളരിയുടെ അടുത്തെത്തുമ്പോള്‍ പതിവുപോലെ എന്റെ കൈകാലുകള്‍ വിറയ്‌ക്കാന്‍ തുടങ്ങും. ഉത്‌ക്കടമായൊരു ഭീതി ഗ്രസിക്കുകയും ചെയ്യും.

ആഴ്‌ചയില്‍ രണ്ടു ദിവസമായിരുന്നു ഞങ്ങളുടെ പഠനം. ബാക്കി ദിവസങ്ങളില്‍ വീട്ടില്‍ പരശീലനം. അതിനു വേണ്ടി അച്ഛന്‍ കുറ്റിക്കാട്‌ വെട്ടിതെളിച്ച്‌ മണല്‌ വിതറി ഒരു കളരിയുണ്ടാക്കി തന്നു.

ഗുരുക്കളുടെ വീട്ടില്‍ ഞങ്ങളുടെ കൂടെ തൊടുക്കാന്‍ നില്‌ക്കാറ്‌ അദ്ദേഹത്തിന്റെ മകന്‍ രഘുവാണ്‌. രോഗിയായ ഗുരുക്കള്‍ ചുവടുകള്‍ പറഞ്ഞുതരുകയേയുളളൂ. പ്രയോഗിച്ച്‌ കാണിച്ചുതരുന്നത്‌ രഘുവും അപൂര്‍വ്വമായ്‌ ഗുരുപത്‌നിയുമായിരുന്നു.

ചുവടൊന്ന്‌ പിഴച്ചാല്‍ ഗ്രഹിക്കാന്‍ പ്രയാസപ്പെട്ടാല്‍ അച്ഛന്‍ ഭീഷണമുഖത്തോടെ എന്നെ(എന്നെമാത്രം) ഒന്നുനോക്കും. സര്‍ക്കസ്സുകൂടാരത്തിലെ മൃഗങ്ങളുടെ നിസ്സാഹായതയായിരുന്നു ഞങ്ങള്‍ക്ക്‌.

" ഇനിയുളള കാലത്ത്‌ ജീവിച്ചു പോകാന്‍ ഇതുകൊണ്ടക്കയേ പറ്റൂ. പഴേ കാലംന്ന്വല്ലപ്പോള്‍..."

ഈ പല്ലവി അച്ഛന്‍ പലരോടും പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ഞങ്ങളെ ആരേയും വെല്ലുന്ന മികച്ച പോരാളികളാക്കുക. അതായിരുന്നു അച്ഛന്റെ ലക്ഷ്യം.

മടങ്ങുമ്പോള്‍ പുഴക്കരുകിലുളള അങ്ങാടിയിലെത്തിയാല്‍ അച്ഛന്‍ വീണ്ടും ചാരായഷാപ്പിലേക്കു പോകും. അപ്പോള്‍ സന്ധ്യ കഴിഞ്ഞ്‌ ഇരുട്ടി തുടങ്ങിയിരിക്കും. അച്ഛന്റെ കൂടെ ജോലി ചെയ്‌തിരുന്ന കൂട്ടുകാര്‍ പലരും അപ്പോള്‍ അങ്ങാടിയിലുണ്ടാകും. അച്ഛന്റെ സാന്നിധ്യത്തില്‍ അവര്‍ ഞങ്ങളോട്‌ സ്‌നഹവാല്‍സല്യങ്ങള്‍ നടത്തും. പുഴുങ്ങിയ മുട്ടയും, കടല വറുത്തതുമൊക്കെ വാങ്ങിതരും.

പക്ഷെ അച്ഛന്‍ പോയാല്‍ അവരില്‍ ചിലരുടെ മുഖം മാറും. അവര്‍ ചില അശ്ലീലചുവയുളള ചോദ്യങ്ങള്‍ ചോദിക്കും.

" രാത്രി അച്ഛന്റെയെും, അമ്മയുടെയുമടുത്താണോ കിടക്കാറ്‌?"

" അവര്‍ കാണിക്കുന്നത്‌ കാണാറുണ്ടോ?"

" അച്ഛനീ പോക്ക്‌ പോയാല്‍ അമ്മേടെ കാര്യം പോക്കാ..."

ചിലപ്പോഴവര്‍ ഞങ്ങളുടെ കവിളുകളില്‍ തലോടുകയും, അസ്ഥാനങ്ങളില്‍ കൈവെച്ച്‌ ഇക്കിളിപെടുത്താനും ശ്രമിക്കും. അച്ഛന്‍ മടങ്ങിവന്നാല്‍ പെട്ടന്നവര്‍ പൂര്‍വ്വാവസ്ഥ കൈവരിക്കുകയും സ്‌നേഹപ്രകടനങ്ങള്‍ തുടരുകയും ചെയ്യും.

എന്തുകൊണ്ടോ ഞാനോ, അനിയനോ ഒരിക്കലും ഇക്കാര്യം അച്ഛനോടോ, അമ്മയോടോ പറയുകയുണ്ടായില്ല.

Thursday, July 8, 2010

നഷ്ടബാല്യം-7


കുളമ്പ്‌മനുഷ്യന്‍

അത്‌ ആരോ പടച്ചു വിട്ട ഒരു കല്‌പിതകഥയായിരുന്നിരിക്കാം. ഒരു കാലഘട്ടത്തില്‍ ശക്തിമത്തായ്‌ എന്റെ ഗ്രാമത്തില്‍ കുളമ്പുമനുഷ്യനെ കുറിച്ചുളള കഥ പ്രചരിക്കപ്പെട്ടിരുന്നു.

രുപം മനുഷ്യന്റെതുതന്നെ. പക്ഷെ കൈകാലുകളില്‍ വിരലുകള്‍ക്കും, പാദങ്ങള്‍ക്കും പകരം നാല്‌ക്കാലികളുടേതു പോലെ കുളമ്പ്‌. അതാണ്‌ കുളമ്പുമനുഷ്യന്‍! ഓര്‍ക്കുമ്പോഴെ ആരും ഭയചകിതരാകും.

കുളമ്പുമനുഷ്യനെ കണ്ടു എന്ന്‌ പറഞ്ഞ്‌ അനുഭവസ്ഥര്‍ പലരും രംഗത്തിറങ്ങി. അവര്‍ നിറം പിടിപ്പിച്ച കഥകള്‍ മെനയാന്‍ തുടങ്ങി. നേര്‍ത്ത ഭയവും ജിജ്ഞാസയും നമുക്കൊരു ആനന്ദം തരുമല്ലോ, അതായിരുന്നു കുളമ്പുമനുഷ്യന്‍ പ്രദാനം ചെയ്‌തിരുന്നത്‌.

്‌അക്കാലത്ത്‌ എന്റെ അച്ഛന്‌ ജോലി കഴിഞ്ഞ്‌ പുഴ കടന്ന്‌ കുറേ ദൂരം നടന്ന്‌ വേണമായിരുന്നു വീട്ടിലെത്താന്‍. നേരത്തെ വരണമെന്നും, രാത്രികാലങ്ങളില്‍ ആരെങ്കിലും പിന്നില്‍നിന്ന്‌ വിളിച്ചാല്‍ തിരിഞ്ഞുനോക്കരുതെന്നും അമ്മ ചട്ടം കെട്ടിതുടങ്ങി.

ഇന്നത്തെ പഞ്ചായത്തുറോഡുകളെല്ലാം അന്നിടവഴികളാണ്‌. ഇടവഴികളിലൂടെ നടക്കുമ്പോള്‍ സൂക്ഷിക്കണം. മുളമുളള്‌ കൊണ്ട്‌ കെട്ടിയിരുന്ന വേലികളില്‍ നിന്ന്‌ മുളള്‌ പൊഴിഞ്ഞു കിടക്കുന്നുണ്ടാകും. കാലില്‍ കടയോളം കയറി അരികറ്റു പോകുന്ന മുളള്‌ ഒരാളെ വേദനാജനകമായ്‌ ദിവസങ്ങളോളം കിടത്തും. കുട്ടികളുടെ അന്നത്തെ പ്രധാനരോഗം അതായിരുന്നു.

ഒരിക്കല്‍ ഇടവഴിയിലൂടെ യാത്ര ചെയ്‌തിരുന്ന ഒരു നമ്പൂതിരിക്ക്‌ വഴിമദ്ധ്യേ ഒരപരിചിതനെ കിട്ടി. കൂട്ടിനൊരാളായ്യല്ലോ എന്നാശ്വാസമായ്‌ നമ്പൂതിരിക്ക്‌. അവര്‍ പരിചയപ്പെട്ടു. സുഹൃത്തുകളായി. കഥകള്‍ പറഞ്ഞു. കൂട്ടത്തില്‍ നമ്പൂതിരി കുളമ്പുമനുഷ്യന്റെ പേടിപ്പെടുത്തുന്ന കഥയും പറഞ്ഞു. നമ്പൂതിരി ഭയാംഗമായ കുളമ്പിനെ വര്‍ണ്ണിച്ച്‌ ഫലിപ്പിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ അപരിചിതന്‍ നിന്നു. അയാള്‍ തന്റെ കാല്‍പാദങ്ങള്‍ നമ്പൂതിരിക്കു നേരെ നീട്ടി. എന്നിട്ടു ചോദിച്ചു-

" ഇതുപോലെയാണോ എന്ന്‌ നോക്ക്‌ "

അയാളുടെ കാലിലെ കുളമ്പുകള്‍ കണ്ട്‌ നമ്പൂതിരി നടുങ്ങി. അപ്പോള്‍ അപരിചിതന്‍ വികൃതമായ്‌ ചിരിച്ചു-

" ഹി...ഹി...ഹി..."

താനിത്രനേരവും സംസാരിച്ചത്‌ കുളമ്പുമനുഷ്യനോടാണെന്ന്‌ കണ്ട നമ്പൂതിരി നിലവിളിയോടെ അബോധത്തിലേക്ക്‌ കൂപ്പുകുത്തി.

രാത്രിയും, നട്ടുച്ചയും അക്കാലത്തൊരുപോലെയാണ്‌. നട്ടുച്ചക്ക്‌ പേടപ്പെടുത്തുന്ന ഒരു പ്രശാന്തതയാണ്‌. എല്ലാവരും അപ്പോഴൊന്ന്‌ മയങ്ങും.ഞാനപ്പോള്‍ പാടത്തിനക്കരെയുളള മുട്ടിക്കുടിയന്‍ മാവിന്റെ ചുവട്ടിലേക്കോടും. അവിടെ മാമ്പഴങ്ങള്‍ പൊഴിഞ്ഞുകിടക്കുന്നുണ്ടാവും. മുട്ടിക്കുടിയന്‍മാങ്ങ അന്നത്തെ എന്റെ ഫ്രൂട്ടിയാണ്‌.

ഒരുനാള്‍ മതിവരുവോളം മാമ്പഴച്ചാര്‍ കുടിച്ച്‌ ഞാന്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അമ്മമ്മ പണ്ട്‌ തുണികള്‍ നെയ്‌തിരുന്ന ചര്‍ക്കയുടെ മരച്ചക്രം കമ്പുകൊണ്ടുരുട്ടിയാണ്‌ എന്റെ യാത്ര. കത്തിക്കാളുന്ന വെയില്‍. അതെന്റെ കാല്‍പാദങ്ങളെ പൊളളിക്കുന്നു. പെട്ടെന്ന്‌ എനിക്കൊരു തോന്നല്‍. ആരോ എന്റെ പിന്നിലുണ്ട്‌! ഞാന്‍ മരച്ചക്രത്തിന്റെ വേഗത കൂട്ടി. പിന്നില്‍ കുളമ്പടി ശബ്ദം! അതെന്നെ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍. എന്റെ മരച്ചക്രം ബാലന്‍സ്‌ തെറ്റി മറ്റെവിടേക്കോ ഉരുണ്ടു പോയി. ഒരു രക്ഷകനെ പോലെ എന്റെ മനസ്സിലപ്പോള്‍ അച്ഛന്റെ രൂപം തെളിഞ്ഞു വന്നു. ' അച്ഛാ ' എന്ന നിലവിളിച്ച്‌ ഞാനതിദ്രുതം പാഞ്ഞു.

കൂട്ടംകൂടി മല്ലികച്ചെടികള്‍ പൂത്തുനിന്നിരുന്ന തറവാട്ടുമുറ്റത്തേക്ക്‌ കാലുകള്‍ തച്ചുകുത്തി ഞാന്‍ വീണപ്പോള്‍ ഏതോ ഉരഗം മാളം തുരന്ന നനഞ്ഞ മണ്ണിന്റെ ഗന്ധവും, തണുപ്പും ഞാനറിഞ്ഞു. മണ്ണിന്‌ സുഗന്ധമാണ്‌. കുളമ്പടിശബ്ദം അപ്പോള്‍ അച്ഛനെ ഭയന്ന്‌ മറ്റെവിടേക്കോ അകന്നു പോയിരുന്നു.

Thursday, July 1, 2010

നഷ്ടബാല്യം-6


പാലമരം

ഞങ്ങളുടെ വീടിനുതാഴെയുളള പാടത്തുനിന്ന്‌ നോക്കുമ്പോള്‍ ആ തെങ്ങിന്‍തോട്ടം വളരെ വിദൂരമായാണ്‌ അന്നെനിക്ക്‌ തോന്നിയിരുന്നത്‌. അവിടെയുളള മൈതാനത്ത്‌ കുട്ടികള്‍ കളിക്കുന്നത്‌ നിഴല്‍ പോലെ അവ്യക്തമായ്‌ കണ്ടിരുന്നു. ഗോക്കളെ മേയ്‌ക്കാന്‍ വരുന്ന കുട്ടികള്‍ ഉല്ലസിക്കുന്ന കാഴ്‌ചയായിരുന്നു അത്‌. അമ്മ പുതുതായൊരു ആട്ടിന്‍കുട്ടിയെ വാങ്ങിയപ്പോള്‍ എനിക്കും അങ്ങാട്ടുപോകാനും, അവരോടൊപ്പം കളിക്കാനും അവസരങ്ങളുണ്ടായി.

അങ്ങനെ എനിക്കും ചില കൂട്ടുകാരുണ്ടായി. തെങ്ങിന്‍തോപ്പ്‌ മറ്റൊരു ലോകമായിരുന്നു എനിക്ക്‌. അവിടെ എപ്പോഴും കുളിര്‍മ്മയുണ്ടായിരുന്നു. തെങ്ങുകളിലെ ഓലകളില്‍ തൂങ്ങിക്കിടക്കുന്ന കുരിയാറ്റക്കിളികളുടെ(തെങ്ങോലപ്പക്ഷി)കൂടുകളുണ്ടായിരുന്നു. പക്ഷിയുടെ ഉപേക്ഷിക്കപ്പെടുന്ന കൂടുകള്‍ കാണുമ്പോള്‍ അദ്‌ഭുതം തോന്നും. എത്ര കരവിരുതോടെയാണ്‌ ഓലനാരുകള്‍കൊണ്ട്‌ പക്ഷി കൂടൊരുക്കിയിരിക്കുന്നത്‌. അതിന്‌ എത്ര സമയം വേണ്ടിവരും. ആ പക്ഷി അതിവിദഗ്‌ധനായൊരു ശില്‌പിയായിരിക്കാം. പക്ഷെ അതിന്‌ ദീര്‍ഘവീക്ഷണം നന്നേ കുറവായിരുന്നു. തെങ്ങോലകളുടെ ക്ഷണികതയെ കുറിച്ചത്‌ ഓര്‍ത്തില്ലല്ലോ. ഓരോ തെങ്ങോലകള്‍ പോഴിയുമ്പോഴും അത്‌ പുതിയ കൂടൊരുക്കാന്‍ അവിശ്രമം യത്‌നിച്ചു.

തെങ്ങിന്‍തോപ്പിലെ അതിരില്‍ കാലത്തെ വെല്ലുന്ന പ്രായം നഷ്ടപ്പെടാത്ത ഒരു പാലമരം ഉണ്ടായിരുന്നു. ഇന്നും അതുണ്ട്‌. അമ്മയും, അമ്മമ്മയും പറയുന്നു. അവരുടെ കുട്ടിക്കാലത്തും അതങ്ങനെതന്നെയുണ്ടത്രെ! അതിന്റെ ശിഖിരങ്ങളിലങ്ങോളമിങ്ങോളം കന്നുകാലികളുടെ പേറ്റിന്‍ചവറുള്‍ തൂക്കിയിട്ട പ്ലാസ്റ്റിക്ക്‌കവറുകള്‍. ആ വൃക്ഷം പൂക്കാറുണ്ടോ? പുഷ്‌പങ്ങള്‍ക്ക്‌ ഗന്ധമുണ്ടായിരുന്നോ!

ആ മരത്തില്‍ ദുര്‍ദേവകള്‍ വസിക്കുന്നുണ്ടത്രെ! അതിന്‌ ചുവട്ടില്‍ പോയാല്‍ തല ചുറ്റും എന്നെല്ലാവരും പറഞ്ഞിരുന്നു ഞങ്ങള്‍ കളിക്കുന്നതിനിടയില്‍ പന്തോ, ഗോട്ടിയോ അവിടേക്ക്‌ തെറിച്ചു പോയാല്‍ അതുപേക്ഷിക്കാറാണ്‌ പതിവ്‌.

നിഗൂഢതകള്‍ പേറുന്ന ഒരു പ്രഹേളിക പോലെ ആ പാലമരം അചഞ്ചലമായ്‌ നിലകൊളളുന്നു: എന്നെന്നും.

Sunday, June 20, 2010

നഷ്ടബാല്യം-5


താണ്‌ഡവം

സത്യത്തില്‍ വീടുമാറ്റത്തിന്‌ ശേഷം ഞങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. അതുവരെ വല്ലപ്പോഴുമുണ്ടായിരുന്ന അച്ഛന്റെ മദ്യപാനം കൂടിക്കുടിവന്നു.

അത്തരം നാളുകളില്‍ അമ്മയുമായദ്ദേഹം കശപിശ കൂടുകയും അമ്മ കഠിനമായ മര്‍ദ്ദനത്തിനിരയാകുകയും ചെയ്‌തു. അവര്‍ തമ്മില്‍ വഴക്ക്‌ കൂടുന്നതിന്റെ കാരണം പലപ്പോഴും എനിക്കജ്ഞാതമായിരുന്നു. എന്തുകൊണ്ടാണന്നറിയില്ല അപ്പോഴൊക്കെ അമ്മ എന്നെ വിളിച്ചാണ്‌ കരയുക.

ഞാനും അനിയനും അത്തരം വേളകളില്‍ ഭയചകിതരായ്‌ താഴെ തറവാട്ടിലേക്ക്‌ ചെന്ന്‌ അമ്മമ്മയോടൊപ്പമിരിക്കും. കലശലായ ഒരു വക്കാണത്തിനൊടുവില്‍ അമ്മമ്മ വീട്ടിലേക്ക്‌ വന്ന്‌ അച്ഛനെ ശാസിക്കുകയും, ഉപദേശിക്കുകയും ചെയ്‌തു. പിന്നീട്‌ അവര്‍ തമ്മില്‍ പരസ്‌പരം കടുത്ത പുലഭ്യം പറയുകയും തത്‌ഫലമായ്‌ അമ്മമ്മക്ക്‌ 'ദെണ്ണളക്കം ' എന്നറിയപ്പെട്ടിരുന്ന വിറയല്‍ ബാധിക്കുകയും പരാജിതയായ്‌ മടങ്ങുകയും ചെയ്‌തു.

അന്നുമുതല്‍ അച്ഛന്‍ ഞങ്ങളോട്‌ പുതിയൊരു ഓര്‍ഡറിട്ടു-" ഇനിയൊരിക്കലും അമ്മമ്മയെ കാണാനൊ, തറവാട്ടില്‍ പോകാനൊ പാടില്ല."

ആ തീരുമാനം മദ്യപാനവേളയിലെ അച്ഛന്റെ സംഹാരതാണ്ഡവത്തില്‍ ഞങ്ങളെ ഒന്നുകൂടി അനാഥരാക്കി. അച്ഛന്‍ അമ്മയെ പ്രഹരിക്കുമ്പോള്‍ പ്രകടിപ്പിക്കാനാകാത്ത നിഷേധത്തോടെ ഞാനും, അനിയനും ഞങ്ങളുടെ ചെറിയ കുടുസ്സുമുറിയില്‍ വാതിലടച്ചിരിക്കും. ഒരാശ്വാസത്തിന്‌ ഞാനപ്പോള്‍ ജനാല തുറന്നിടും. ഇടവഴിയില്‍ അങ്ങാടിയിലെ കളള്‌ഷാപ്പിലേക്ക്‌ പോകുന്ന കുടിയന്‍മാരും, മറ്റു യാത്രികരും എന്റെ വീട്ടിലെ 'രസികത്വം' ഘോഷിച്ച്‌, ആസ്വദിച്ച്‌ നില്‌ക്കുന്നത്‌ കാണാം.

സുന്ദരിയായൊരു യുവതിയുടെ നിരാശ്രയമായ നിലവിളിയും, ചേഷ്ടകളും അവര്‍ക്ക്‌ ക്രൂരമായ ചിത്താനന്ദം നല്‌കിയിരിക്കാം.

Friday, June 4, 2010

നഷ്ടബാല്യം-4



പായസം

അച്ഛന്‍ അച്ഛമ്മയില്‍ നിന്നും ഷെയര്‍ വാങ്ങി സ്വന്തം വീട്‌ വെച്ച്‌ മാറുന്നത്‌ എന്റെ ബാല്യത്തിലെ പ്രധാന ദിശാമാറ്റമാണ്‌.

എളിയതോതിലെങ്കിലും ഞങ്ങളുടെ ചെറിയ വീടിന്റെ ഗൃഹപ്രവേശം മനസ്സില്‍ ജീവസ്സുറ്റുനില്‍ക്കുന്നു. അതിന്റെ പ്രധാനകാരണം അന്നാദ്യമായ്‌ അമ്മ പാലടപ്പായസം വെച്ചു എന്നതാണ്‌. പാലടപ്രഥമന്‍ ആഢ്യകുടുംബത്തിലെ ആഘോഷങ്ങളില്‍ മാത്രമേ അന്ന്‌ ഉണ്ടായിരുന്നുള്ളൂ.

എവിടെയെങ്കിലും വിവാഹം എന്ന്‌ കേള്‍ക്കുമ്പോള്‍ എന്റെ വായില്‍ വെള്ളമൂറും. കാരണം വിവാഹം പാലടപ്പായസത്തിനെ ഓര്‍മ്മിപ്പിക്കും.

ഞങ്ങള്‍ വീട്‌ വെച്ച്‌ മാറിയതിന്റെ ഏതാണ്ട്‌ അടുത്തദിനത്തില്‍ തന്നെ ഒരു പ്രധാനപ്പെട്ട വിവാഹത്തിന്‌ ക്ഷണം കിട്ടി. പ്രമാണിവര്‍ഗ്ഗമായതുകൊണ്ട്‌ പ്രഥമന്‍ ഉറപ്പ്‌. ഞാനും അനിയനും കാത്തുകാത്തിരുന്നു. ഞായറാഴ്‌ചയാണ്‌. സ്‌ക്കൂള്‍ അവധിയായതുകൊണ്ട്‌ മറ്റ്‌ തടസ്സങ്ങളൊന്നുമില്ല.

ആ ദിനം വന്നു. പായസം കുടിച്ചുതിമിര്‍ക്കേണ്ടതുകൊണ്ട്‌ അന്ന്‌ പ്രഭാതഭക്ഷണം അധികം കഴിച്ചില്ല. അമ്മയോടും, ചേച്ചിയോടുമൊപ്പം ഞങ്ങളിറങ്ങി. അച്ഛനില്ല. അത്‌ വല്ലാത്തൊരു സ്വാതന്ത്ര്യം തന്നെ.

വലിയ ഘോഷമായ വിവാഹമായിരുന്നു. സദ്യയ്‌ക്കായ്‌ പ്രത്യേക മണ്ഡപമുണ്ട്‌. ഞങ്ങള്‍ പെണ്‍വീട്ടുകാരായതുകൊണ്ട്‌ ഭക്ഷണകാര്യത്തില്‍ രണ്ടാംസ്ഥാനമായിരുന്നു. അതില്‍തന്നെ കുട്ടികളുടെ ഗ്രേഡ്‌ പിന്നെയും താഴും. വധുവിന്റെ ഇളയച്ഛന്‍മാരായ ഘനഗാംഭീര്യന്‍മാരായിരുന്നു സദ്യ നിയന്ത്രിച്ചിരുന്നത്‌. ഒരാള്‍ മണ്ഡപത്തിന്‌ പുറത്ത്‌ ഉണ്ണാനുള്ള ആളുകളെ നിയന്ത്രിച്ച്‌ കടത്തിവിടുമ്പോള്‍ 'കളത്തില്‍ കുട്ടന്‍ ' എന്നയാള്‍ വിളമ്പല്‍ നിയന്ത്രിക്കുന്നു.

കൊതിമൂലം ക്ഷമ നശിച്ച്‌ അവസാനത്തിന്റെ തൊട്ടുമുന്‍പന്തിയില്‍ ഒരറ്റത്തായ്‌ എനിക്കിരിപ്പിടം കിട്ടി. അമ്മയും അനിയ
നും മറ്റൊരിടത്താണിരുന്നിരുന്നത്‌. ചോറ്‌ വേഗം കഴിച്ച്‌ പായസത്തിനായ്‌ ഞാന്‍ കാത്തിരുന്നു.

കൈവിറയ്‌ക്കുന്ന ഒരാളായിരുന്നു പായസം വിളമ്പിയിരുന്നത്‌. അയാള്‍ ഗ്ലാസ്സില്‍ പായസം നിറയ്‌ക്കുമ്പോള്‍ തൂവിപോകുന്ന ശിഷ്ടം കാണുമ്പോള്‍ എനിയ്‌ക്ക്‌ കലിപ്പും വെറുപ്പും തോന്നി. അയാള്‍ എന്റെ നിരയില്‍ ഒരറ്റത്ത്‌നിന്ന്‌ പായസം വിളമ്പി എന്റെ തൊട്ടടുത്തുള്ള വൃദ്ധനരുകിലെത്തി. പ്രമേഹസംബന്ധമായ അസുഖം കൊണ്ടോ എന്തോ വൃദ്ധന്‍ പായസം വിലക്കി. തൊട്ടപ്പുറത്തിരിക്കുന്ന തപസ്സുചെയ്യുന്ന കുട്ടിയായ എന്നെ വിളമ്പലുകാരന്‍ കണ്ടില്ലയോ! അയാള്‍ എനിയ്‌ക്ക്‌ വിളമ്പാതെ മറ്റൊരിടത്തേക്ക്‌ നടന്നകന്നു. ഉറക്കെ വിളിച്ച്‌ ചോദിച്ച്‌ വാങ്ങാനുള്ള ധൈര്യമില്ല. ഇന്നും..!

രണ്ടാംവിളമ്പിന്‌ പായസക്കാരന്‍ വരുന്നതായി പിന്നത്തെ പ്രതീക്ഷ. എന്റെ അരുകിലുള്ള പലരും എഴുന്നേറ്റുതുടങ്ങിയിരുന്നു. അപ്പോള്‍ പായസക്കാരന്‍ വീണ്ടും എന്റെ നിരയിലേക്കുവരുന്നത്‌ കണ്ടു. ഇക്കുറി അയാളെനിക്ക്‌ നിശ്ചയമായും പായസം തരും. പെട്ടന്ന്‌ 'കളത്തില്‍ കുട്ടന്‍ ' അയാളോടെന്തോ അടക്കം പറഞ്ഞ്‌ മറ്റെന്തോ ജോലി ഏല്‍പ്പിച്ച്‌ പായസപ്പാത്രം വാങ്ങി എന്റെ പന്തിയിലേക്ക്‌ വന്നു. ഉമിനീരിറക്കികഴിയുന്ന എന്നെ വ്യക്തമായ്‌ കാണാനായ്‌ ഞാനൊന്നുകൂടി നിവര്‍ന്നിരുന്നു. ഒരു ചടങ്ങിനെന്നോണം - "ഇവിടെയാര്‍ക്കും പായസം വേണ്ടല്ലോ..വേണ്ടല്ലോ" എന്നാവര്‍ത്തിച്ച്‌ ചോദിച്ച്‌ പായസം വിളമ്പാതെ അയാള്‍ കലവറയിലേക്കുതന്നെ തിരിച്ചുപോയി.

എന്റെ വായില്‍ നിറഞ്ഞ ഉമിനീരിലേക്ക്‌ കണ്ണുനീരും കൂടിക്കലര്‍ന്നു.

ഈ വിധി ബാല്യകൗമാരങ്ങളില്‍ പലവിധത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ പലവട്ടം ഞാനുളളുരുകി ചോദിച്ചിട്ടുണ്ട്‌-" എന്തേ എനിക്കുമാത്രം ഇങ്ങനെയൊരു വിധി; ഞാനെന്ത്‌ തെറ്റു ചെയ്‌തു!"

Thursday, May 20, 2010

നഷ്ടബാല്യം-3


മോഹം

എന്റെ അച്ഛന്‍ ക്ഷിപ്രകോപിയായിരുന്നു. സ്വേച്ഛാധിപതിയായിരുന്നു. ഇതു രണ്ടും എന്റെ അച്ഛന്റെ
മാത്രമല്ല എല്ലാ അച്ഛന്‍മാരുടേയും, പുരുഷന്‍മാരുടേയും സ്വത്വമായിരിക്കുമെന്നാണ്‌ ഞാന്‍ ധരിച്ചുവച്ചിരുന്നത്‌.

മറിച്ച്‌ ചിന്തിക്കാന്‍, അനുഭവവേദ്യമാകാന്‍ എനിക്ക്‌ ഏട്ടനോ, ഇളയച്ഛ-വലിയച്ഛന്‍മാരോ, അമ്മാവനോ ഒന്നും തന്നെയില്ലായിരുന്നു. അച്ഛനാണെല്ലാം. അച്ഛന്റെ പ്രീതിക്കും ഔദാര്യത്തിനും വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു.

അച്ഛന്‍ എന്നെ വിളിച്ചിരുന്ന ഇരട്ടപേരുകള്‍ പട്ടി, നായ, ചെട്ടി ഇത്യാദി പദങ്ങളൊക്കെയായിരന്നു. നിസ്സാരക്കാര്യങ്ങള്‍ക്കുപോലും അദ്ദഹമെന്നെ ക്രൂരമായ്‌
ശിക്‌ഷിക്കും.പൊക്കിള്‍ കശക്കലും, ചെവിതിരുമ്പലുമായിരുന്നു പ്രധാനശിക്ഷായിനങ്ങള്‍. മുഖമടച്ച്‌ ചെപ്പക്കടിക്കലും, പുളിവാറല്‍ കൊണ്ടുളള പ്രയോഗങ്ങളുമൊക്കെ താരതമ്യനെ ഗൗരവമായ കാര്യങ്ങള്‍ക്കുളളതാണ്‌


എന്നോടെന്നപോലെ തന്നെയാണ്‌ അനിയനോടും അദ്ദഹം പെരുമാറിയിരുന്നത്‌.എങ്കിലും ഇളയ കുട്ടി എന്നതുകൊണ്ടോ ഓമനത്വമുളള കുഞ്ഞ്‌ എന്നതുകൊണ്ടോ കുറഞ്ഞൊരു ആനുകൂല്യം അവന്‌ കിട്ടിയിരുന്നു എന്ന്‌ വേണം കരുതാന്‍. ' തന്തക്ക്‌ പിറക്കാത്തവന്‍ ' എന്ന സ്ഥിരം അസഭ്യം എനിക്കുമാത്രമുളളതാണ്‌. അതുപോലെ ഞാന്‍ ഷര്‍ട്ടൂരിയാല്‍ തെളിഞ്ഞു കാണുന്ന എല്ലിന്‍കൂട്‌ കാണുമ്പോള്‍ അക്കാലത്ത്‌ ആസ്‌തമ വന്ന്‌ മരിക്കാറായ ഒരു പപ്പടചെട്ട്യാരോടെന്നെ ഉപമിക്കുമായിരുന്നു. ' ചെട്ടി 'എന്നെന്നെ വിളിക്കാനുളള പ്രധാനചോദന അങ്ങനെയുണ്ടായതായിരിക്കും.

വൈകിട്ട്‌ എന്നും അച്ഛനോടൊപ്പമാണ്‌ ഞങ്ങള്‍ ഭക്ഷണം കഴിക്കുക. ഒരു വിധം ബലമായ്‌ തന്നെയാണ്‌ അമ്മ ഞങ്ങളെ അദ്ദഹത്തോടൊപ്പമിരുത്തിയിരുന്നത്‌. ഒരുപക്ഷെ അച്ഛന്‍ നിര്‍ബന്ധിച്ചിരിക്കാം. അച്ഛന്‌ തൊട്ടരുകിലിരിക്കാന്‍ എനിക്ക്‌ മടിയായിരുന്നു. അച്ഛന്‍, അനിയന്‍ പിന്നെ ഞാന്‍ എന്നിങ്ങനെയായിരുന്നു ഇരുപ്പ്‌. ഞാന്‍ ഭക്ഷണം ആര്‍ത്തി പിടിച്ചും, ആസ്വദിച്ചും കഴിക്കുന്നത്‌ അദ്ദേഹത്തിനിഷ്ടമല്ലായിരുന്നു. വറുത്ത മീനും മറ്റും കൊതിയോടെ ചവക്കുമ്പോള്‍ എന്റെ വായില്‍ നിന്നും ' കറുമുറ' ശബ്ദം ഉണ്ടായിരുന്നു. അച്ഛനപ്പോള്‍ വെറുപ്പോടെ ഊണ്‌ കഴിക്കുന്നത്‌ നിര്‍ത്തി എന്നെ നോക്കും. പിന്നെ ജുഗുപ്‌സാവഹമായ ആ തോണ്ടല്‍. അതോടെ എന്റെ കൊതിശബ്ദം നില്‌ക്കും. പിന്നീട്‌ ഭക്ഷണം കഴിക്കുമ്പോള്‍ ശബ്ദമുണ്ടകാതിരിക്കാനും ,ആഹാരത്തിനോട്‌ ഒരു താല്‌പര്യവുമില്ലായെന്ന്‌ തോന്നുമാറ്‌ നിര്‍വ്വികാരത പ്രകടിപ്പിക്കാനും ,ജാഗരൂകനാകാനും എന്നന്നേക്കും ഞാന്‍ പഠിച്ചു.

എന്റെ രൂപത്തിന്റെ അസ്വാഭാവികതയേയും, അസുന്ദരതയേയും കുറിച്ച്‌ വളരെ കുട്ടിയായിരിക്കുമ്പോഴെ ഞാന്‍ ബോധാവാനായിരുന്നു. എന്നെ അത്‌ മനസ്സിലാക്കി തന്നത്‌ അച്ഛന്‍ തന്നെയായിരുന്നു.

അന്ന്‌ എന്റെ രൂപത്തിന്റെ ഏറ്റവും വലിയ വൈകല്യം എന്റെ ഉയരമായിരുന്നു. ഒരു കുട്ടിക്കുണ്ടായിരിക്കുന്നതിലും എത്രയോ അധികമായിരുന്നു അത്‌. കൈകാലുകള്‍ ശോഷിച്ച്‌ ഒരു നിത്യരോഗിയെപോലെ തോന്നിച്ചു. കവിളുകള്‍ ഒട്ടി ഉണ്ടക്കണ്ണുകള്‍ കൂടിയായപ്പോള്‍ യാതൊരുവിധ ആകര്‍ഷണവുമില്ലാതെ എന്റെ അസുഭഗത പൂര്‍ണ്ണമായി.

കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ രൂപക്കേട്‌ കണ്ട്‌ എനിക്ക്‌ തന്നെ വെറുപ്പ്‌ തോന്നിയിരുന്നു. അപ്പോള്‍ പിന്നെ മറ്റുളളവരുടെ മനോഭാവത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

" എന്താ നായരെ നിങ്ങടെ മോന്‍ ഇങ്ങനെ?"
" ഇവന്‍ നിങ്ങടെ കുട്ടി തന്നെയോ!"

തുടങ്ങിയ പല്ലവികള്‍ എന്റെ സമക്ഷം അച്ഛനോട്‌ പലരും ചോദിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.

ഇതിനെല്ലാം നേര്‍ വിപരീതമായിരുന്നു അനിയന്‍. അവനെ കണ്ടാല്‍ എല്ലാവരും ഓമനിച്ചു പറയും.

" ഇത്‌ അച്ഛന്റെ മുറിച്ച മുറി. ഇങ്ങനേം കിട്ട്വാ കുട്ടോ്യള്‍ക്ക്‌..."

അതുകൊണ്ടുതന്നെ അക്കാലത്തെ എന്റെയൊരു അത്യാഗ്രഹം ഞാന്‍ അച്ഛനെപോലുണ്ട്‌ എന്ന്‌ മറ്റുളളവര്‍ പറഞ്ഞുകേള്‍ക്കലായിരുന്നു. സഫലമാകാത്ത എന്റെയൊരു വ്യാമോഹം.

എന്റെ രൂപത്തിനും , ഭാവത്തിനും ഒരിക്കലും ചേരാത്ത ഒരു ഓമനപേരായിരുന്നു അമ്മ എനിക്കിട്ടത്‌. അതുകൊണ്ടു തന്നെ അച്ഛന്‍ അരുമയോടെയോ, വാല്‍സല്യത്തോടെയോ അല്ലെങ്കിലും എന്നെ ഒരിക്കലും പേര്‌ വിളിച്ചില്ല . ഒരിക്കലെങ്കിലും അച്ഛനില്‍ നിന്നങ്ങനെ ഒരു വിളി കേള്‍ക്കണേ എന്നത്‌ തീവ്രമോഹം തന്നെയായിരുന്നു. അതൊരിക്കലും അതിമോഹമല്ലല്ലോ- അര്‍ഹിക്കുന്ന അവകാശം തന്നെയല്ലേ. പക്ഷേ ഒരിക്കലും അതുണ്ടായില്ല എന്നതാണ്‌ സത്യം.

Thursday, May 13, 2010

നഷ്ടബാല്യം-2


ആരംഭം

തേര്‍ത്തും, പേര്‍ത്തും ഞാന്‍ വേര്‍തിരിക്കുമ്പോള്‍ എന്റെ അറിവിലെ ആദ്യത്തെ ഓര്‍മ്മയാണിത്‌-എനിക്ക്‌ നാലോ, അഞ്ചോ വയസ്സായിരിക്കും പ്രായം. ഞങ്ങളെല്ലാവരും അമ്മയുടെ തറവാട്ടിലാണ്‌ വാസം. ഞാന്‍, അമ്മ, അനിയന്‍, അമ്മമ്മ, ഞാന്‍ ചേച്ചി എന്ന്‌ വിളിക്കുന്ന വല്ല്യമ്മയുടെ മകള്‍ പിന്നെ അച്ഛനും.

ഒരു ചകിരിപ്പഴമരത്തിന്റെ വഴക്കമുളള കൊമ്പില്‍ ഊഞ്ഞാലാടി രസിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ അമ്മമ്മ എനിക്കൊരു സമ്മാനം കൊണ്ടുതന്നു. എനിക്ക്‌ അമ്മയേക്കാള്‍ ഇഷ്‌ടം അമ്മമ്മയോടായിരുന്നു. ഒരു മണ്ണെണ്ണസിഗരറ്റ്‌ലൈറ്റര്‍! അതായിരുന്നു അമ്മമ്മയുടെ സമ്മാനം. എന്റെ അച്ഛന്‌ ഇതുപോലൊരു സിഗരറ്റ്‌ലൈറ്ററുണ്ട്‌. അപൂര്‍വ്വമായ്‌ ഞാനതു തൊട്ടുനോക്കി രസിച്ചിരുന്നു.

" നീ കളിച്ചോ" എന്ന്‌ പറഞ്ഞ്‌ അമ്മമ്മ എന്റെയരുകില്‍ നിന്ന്‌ മറഞ്ഞു. ഞാനതുരച്ചുനോക്കി. അത്‌ കത്തുന്നില്ല. അതിന്റെ പിന്‍ഭാഗം തുറന്നുനോക്കി. മണ്ണെണ്ണയുടെ ഗന്ധം! അതും വിളക്കിന്റെ സങ്കരലോഹവും കൂടിച്ചേരുമ്പോള്‍ എനിക്കുമാത്രം ആസ്വാദികരമായ മറ്റൊരു മണം രൂപം കൊളളുന്നു. വ്യാഴവട്ടങ്ങള്‍ക്കു ശേഷം ഇന്നും പ്രയാസമില്ലാതെ ഓര്‍മ്മയില്‍ നിന്നും ആ ഗന്ധം ആവാഹിച്ചെടുക്കാം. ഇപ്പോഴും എനിക്കത്‌ സുഗന്ധിയാണ്‌.

ഞാന്‍ എനിക്ക്‌ കിട്ടിയ സമ്മാനവുമായ്‌ മേലെപറമ്പിലേക്കോടി. അപ്പോള്‍ ചമ്മലക്കിളികളും, ചകോരപക്ഷികളും ഹുങ്കാരത്തോടെ ദൂരേക്ക്‌ പറന്നകന്നു. പക്ഷികളുടേയും, പാമ്പുകളുടേയും വിഹാരകേന്ദ്രമായിരുന്നു മേലെപറമ്പ്‌.

മേലെപറമ്പില്‍ നിന്നും താഴോട്ടു നോക്കിയപ്പോള്‍ ഞാറുകള്‍ പച്ചപ്പ്‌ പിടിച്ചു തുടങ്ങിയ പാടത്തിന്റെ നേര്‍ത്ത വരമ്പിലൂടെ ഒരാള്‍ വേഗത്തില്‍ നടന്നു വരുന്നു. ഒരുവേള എന്റെ സന്തോഷമെല്ലാം മങ്ങി. ഭയം ഉളളില്‍ വന്നു നിറഞ്ഞു. വരുന്ന ആള്‍ മേലെപറമ്പിലൂടെയുളള ഊടുവഴിയിലൂടെയാണ്‌ വീട്ടിലേക്ക്‌ വരുക എന്നെനിക്കറിയാമായിരുന്നു. അയാള്‍ എന്നെ കാണാതിരിക്കാന്‍ ഞാന്‍ വേഗം തഴച്ചു വളര്‍ന്ന മഞ്ചാടിമരത്തിന്റെ മറവിലേക്കൊളിച്ചു. കത്താത്ത വിളക്ക്‌ ഉരച്ചു നോക്കുന്ന വിക്രിയ ഞാനപ്പോഴും തുടര്‍ന്നു. കാറ്റില്‍ മഞ്ചാടിക്കുരുക്കള്‍ വര്‍ഷം നടത്തുന്നുണ്ടായിരുന്നു.

അപ്പോള്‍ എന്റെ പിന്‍വശത്താരോ തോണ്ടി. നീറ്റലോടെയുളള ശക്തിയായൊരു തോണ്ടല്‍. തലേ ദിവസം ഞാനും, അനിയനും അമ്പൂട്ടാന്‍ കൃഷ്‌ണന്‍നായരുടെ കടയില്‍ പോയി മുടി വെട്ടിയിരുന്നു. കൃഷ്‌ണന്‍ നായര്‍ ഞങ്ങളുടെ മുടി പറ്റെയാണ്‌ വെട്ടുക. പിന്‍വശം പ്രത്യേകിച്ച്‌. അതുകൊണ്ട്‌ തലയുടെ പിന്‍വശത്തെ തോണ്ടല്‍ എനിക്ക്‌ കൂടുതല്‍ അസഹ്യമായി. ഞാന്‍ പിന്തിരിഞ്ഞ്‌ നോക്കിയപ്പോള്‍ അയാള്‍-" ആ വിളക്കിങ്ങ്‌ താ പട്ടീ.." എന്നെന്നോട്‌ പറഞ്ഞു.

ഞാന്‍ ഭയഭക്ത്യാദരം വിളക്ക്‌ അദ്ദേഹത്തിന്‌ നല്‌കുകയും അദ്ദേഹം പോയ്‌മറയുകയും ചെയ്‌തു. അദ്ദേഹം സുന്ദരനായിരുന്നു. പുരുഷോത്തമനായിരുന്നു!

അമ്മമ്മ എനിക്ക്‌ തന്ന വിളക്ക്‌ അദ്ദേഹം ബീഡിക്ക്‌ തീ പിടിപ്പിക്കാനാകാതെ വന്നപ്പോള്‍ ദേഷ്യത്തോടെ ദൂരേക്ക്‌ വലിച്ചെറിഞ്ഞ അദ്ദേഹത്തിന്റെ തന്നെ വിളക്കായിരുന്നു.

അദ്ദേഹം എന്റെ അച്ഛനായിരുന്നു!

Thursday, May 6, 2010

നഷ്ടബാല്യം-1


ആമുഖം
ബാല്യം എനിക്ക്‌ ശപ്‌തവും, ദുരൂഹവുമായിരുന്നു. ബാല്യകുതൂഹലങ്ങളെല്ലാം നിഷി്‌ദ്ധവും.

ഇന്നും വേട്ടയാടുന്ന, ജീവപര്യന്തം പിന്തുടരുന്നതുമായ ഉളളില്‍ ഘനീഭവിച്ച ആ ദുരനുഭവങ്ങള്‍ എന്നെ വിരാഗിയാക്കി. അബലനും, നിസ്വനുമാക്കി. അനാഥനാക്കി, പിന്നെ...
.
മറ്റുളളവരുമായ്‌ പങ്കിടുമ്പോള്‍ ഒരാശ്വാസം, എഴുതുമ്പോള്‍ സംതൃപ്‌തിയും
.
ഇതില്‍ അസാധാരണമായ്‌ ഒന്നുമില്ലെന്ന്‌ ആദ്യമെ പറഞ്ഞുകൊളളട്ടെ. മുമ്പ്‌ കൗമാരരതിസ്‌മരണകളില്‍ ചിലതെല്ലാം സൂചിപ്പിച്ചിരുന്നു
.
ഹ്രസ്വമായ്‌ ഏതാനും അദ്ധ്യായങ്ങളാക്കി തരംതിരിച്ചിരിക്കുന്നു. ഇതിലെ ആദ്യത്തെ അദ്ധ്യായത്തിന്‌ ഞാന്‍ സാക്ഷിയല്ല. പിന്നീട്‌ കേട്ടറിഞ്ഞതും, എന്റെ നിഗമനങ്ങളും മാത്രമാണത്‌. അതുകൂടി ചേര്‍ത്താലെ പാരസ്‌പര്യം ലഭിക്കുകയുളളൂ.

കൂടുതല്‍ വായനക്കാരുളള ബ്ലോഗര്‍മാര്‍ എന്റെ ലിങ്ക്‌ നല്‌കി പ്രോത്സാഹിപ്പിക്കണമെന്നപേക്ഷിക്കുന്നു.അതുപോലെ പ്രതികരണങ്ങള്‍ ക്ഷണിച്ചുകൊളളുന്നു. മുമ്പത്തേതിന്‌ ഭിന്നമായ്‌ കമെന്റെസിലൂടെ സംവദിക്കുന്നതായിരിക്കും.
ആരംഭിക്കട്ടെ. സാദരം സ്വാഗതം.
*****************************************************
ഗര്‍ഭസ്‌മൃതി
അന്ന്‌ മഴ പെയ്‌തിരുന്നു. മഴ തെല്ലൊന്ന്‌ കുറഞ്ഞപ്പോള്‍ അയാള്‍ കുടയും, പണിമുണ്ടുമെടുത്ത്‌ ജോലിക്ക്‌ പോകാനായ്‌ തയ്യാറായി. ഏഴരക്കുളള ബസ്സ്‌ പോയാല്‍ പിന്നെ പട്ടണത്തിലേക്ക്‌ ഉടനെ വണ്ടിയില്ല. ധൃതിയില്‍ മഴയെ ശപിച്ചുകൊണ്ടയാള്‍ പുറത്തേക്കിറങ്ങി.

അവള്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ഉച്ചഭക്ഷണം അയാള്‍ക്ക്‌ കൊടുത്തു. പിന്നീട്‌ അയാള്‍ നടന്നകലുന്നതും നോക്കി സാകൂതം നിന്നു. അയാള്‍ മുറ്റത്ത്‌ നിന്ന്‌ ഒതുക്ക്‌കല്ലിലേക്ക്‌ കയറിയപ്പോള്‍ അവളുടെ നിറവയറിനുളളിലെവിടെയോ ചലനം. ഗര്‍ഭസ്ഥശിശു പുളക്കുകയാണ്‌. ചിലപ്പോഴത്‌ സുഖകരമാണ്‌.

പെട്ടെന്ന്‌ ഒരു അപശബ്ദമുയര്‍ന്നു-അയാളുടെ....പുറത്ത്‌ ഒതുക്കുകല്ലുകളിലെ വഴുവഴുത്ത പ്രതലത്തില്‍ ചവിട്ടി താഴെ പരുത്ത പാറപുറത്തേക്ക്‌ അയാള്‍ വീണിരിക്കുന്നു. അയാളുടെ ചുണ്ടും, നെറ്റിയും പൊട്ടി ചോരയൊഴുകി.

അറിയാതെ അവളുടെ കണ്‌ഠത്തില്‍ നിന്നും പ്രവൃദ്ധമായൊരു ശബ്ദമുയര്‍ന്നു-" ബാലേട്ടാ...."
അയാളുടെ മുന്‍വശത്തെ ഒരു പല്ലിളകിയിരുന്നു. തറവാട്ടില്‍ നിന്നും അവളുടെ അമ്മയും, ജ്യേഷ്‌ഠത്തിയും ഓടിവന്നു.

" എന്താ പറ്റിയത്‌?"
" ഏയ്‌ മഴച്ചാറലുളളതല്ലേ, കാല്‍ വഴുക്കി"
" വൈദ്യനെ കാണണോ?"
"വേണ്ട, കാര്യായിട്ടൊന്നുമില്ല "

അവള്‍ നിലവിളിച്ചു-" ദാ പിന്നേം ചോര വരുന്നു: എനിക്കിതു കാണാന്‍ വയ്യാ, തല ചുറ്റുന്നു"
അവള്‍ മുറ്റത്തേക്ക്‌ പതുക്കെ വീണു. വയറിനുളളിലെവിടെയോ ഒരു കുതിപ്പ്‌ .അസഹ്യമായ വേദന. അവള്‍ പിടഞ്ഞു.

" ബാലാ പ്രസവവേദനയാണന്നാ തോന്നുന്നത്‌ വേഗം വണ്ടി വിളിക്ക്‌, ആശു
പത്രിയില്‍ കൊണ്ടുപോകണം." അവളുടെ അമ്മ പറഞ്ഞു
.
അയാള്‍ സ്വന്തം മുറിവിനേയും, വേദനയേയും കാര്യമാക്കാതെ ഒരു മൈലപ്പുറമുളള ഹാജിയാരുടെ വീട്ടിലുളള കാറിനായി പ്രാര്‍ത്ഥനയോടെ ഓടി.

ചെമ്മണ്ണുറോഡില്‍ കാര്‍ വന്നുനിന്നു.

ഒതുക്കുക്കല്ലുകളിറങ്ങി അയാള്‍ വീട്ടിലേക്ക്‌ ചെന്നപ്പോള്‍ ആദ്യം ശാന്തത. പിന്നെ ആദിയായ ആ ശബ്ദം. ഉമ്മറത്ത്‌ കൂടിനിന്നവരിലാരോ പറഞ്ഞു-" വയറ്റാട്ടി വന്നു . പ്രസവിച്ചു, ആണ്‍കുഞ്ഞാണ്‌."
വയറ്റാട്ടി നാണിത്തളള പുറത്തക്കിറങ്ങി വന്നു. പിന്നെ സ്‌ഥായിയായ അസഹിഷ്‌ണുതയോടെ പറഞ്ഞു-"
പോയിക്കണ്ടോളിന്‍ നായരേ. പേടിച്ച്‌ പ്രസവിച്ചതാണ്‌. രണ്ടു മാസത്തെ മൂപ്പ്‌ കൊറവുണ്ട്‌, അതുകൊണ്ട്‌ അരിഷ്ടതകളുണ്ടാവും. രക്ഷ വേണം രണ്ടാള്‍ക്കും."

അയാള്‍ മുറിയിലേക്ക്‌ കടന്നു. വെളളത്തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കണ്ടു. ഇരുണ്ട്‌ ഒട്ടും ഭംഗിയില്ലാത്ത, ഓമനത്വമില്ലാത്ത എലിക്കുട്ടിയോളം പോന്ന സ്വന്തം കുഞ്ഞ്‌. അത്‌ കിലുകിലാ വിറക്കുന്നു.

എന്തോ അയാളുടെ മനസ്സില്‍ കുഞ്ഞിനോടാദ്യം തേന്നിയത്‌ വെറുപ്പായിരുന്നു. പിന്നെ....!

പുറത്തപ്പോള്‍ മഴ കോരിച്ചൊരിയുകയായിരുന്നു. കുറേ സമയമായ്‌ പ്രകാശം കാര്‍മേഘങ്ങളുടെ കാരാഗാരത്തിലായിരുന്നു.

Thursday, April 29, 2010

കുട്ടി


എന്നും ആ വഴിയിലൂടെയാണ്‌ എനിക്ക്‌ ജോലിക്ക്‌ പോകേണ്ടിയിരുന്നത്‌. അപ്പോഴൊക്കെ ഇടവഴിയോട്‌ ചേര്‍ന്ന ആ വലിയ വീട്ടിലെ മുറ്റത്ത്‌ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നത്‌ കാണാം. എന്നെ കാണുമ്പോഴൊക്കെ പതിവായി ആ വീട്ടിലെ അഞ്ചോ, ആറോ വയസ്സ്‌ മാത്രം പ്രായമുളള കുട്ടി ചോദിക്കുമായിരുന്നു-" നീ എങ്ങോട്ടാടാ പോണത്‌?"

ഞാന്‍ കുട്ടിയുടെ കുസൃതി ആസ്വദിച്ചെന്നോണം മുഖത്ത്‌ ചിരി വരുത്തും. പക്ഷേ അകമേ കരയുകയായിരുന്നു. ആ കുട്ടിക്ക്‌ എന്റെ മകനാകാനുളള പ്രായമേയുളളൂ. അവനാണ്‌ എന്നെ 'എടാപോടാ ' എന്ന്‌ വിളിക്കുന്നത്‌. അവന്‍ കുട്ടിയല്ലേ , കഥയില്ലാത്തതുകൊണ്ടാണന്ന്‌ ഞാനാശ്വസിക്കും. എന്റെ നാട്ടില്‍ മറ്റാരും തന്നെ എന്നോടിങ്ങനെ പെരുമാറിയിരുന്നില്ല.
ദിനം കഴിയുന്തോറും കുട്ടിയുടെ സംസാരരീതി മാറിക്കൊണ്ടിരുന്നു-" എങ്ങോട്ടാടാ കഷണ്ടിത്തലയാ പോണത്‌?"
അതാസ്വദിച്ചെന്നോണം ഗള്‍ഫുകാരായ മാതാപിതാക്കള്‍ രസിച്ചിരിക്കും. അവരെന്നോട്‌ കുശലം ചോദിക്കും. ഞാന്‍ മുഖം കറുപ്പിക്കാതെ തന്നെ മറുപടി നല്‌കും.

എങ്ങനെയാണ്‌ കുട്ടിയെ പറഞ്ഞ്‌ തിരുത്തുക? സംസ്‌ക്കാരമുളള മാതാപിതാക്കളാണെങ്കില്‍ അവര്‍ തന്നെ പറഞ്ഞുമനസ്സിലാക്കും.

പിന്നെപ്പിന്നെ കുട്ടിയുടെ തമാശക്ക്‌ മാതാപിതാക്കളോടൊപ്പം ചുറ്റുവട്ടത്തെ അയല്‍ക്കാരും പങ്കുചേരാന്‍ തുടങ്ങി.

വഴിമാറിപ്പോയാലോ എന്നായി എന്റെ ചിന്ത. പക്ഷേ അങ്ങനെയാകുമ്പോള്‍ പത്തടി നടക്കേണ്ടിടത്ത്‌ നൂറടി നടക്കണം. മാത്രമല്ല ഒരുഭീരുവായി തരം താഴുകയും വേണം.

ഒരു നാള്‍ ഒരു മിഠായിയുമായി ഞാന്‍ കുട്ടിയെ സമീപിച്ചുനോക്കി. അവനത്‌ രണ്ട്‌ കയ്യും നീട്ടി വാങ്ങി, അവനെന്നെ തെറിപറഞില്ല. എനിക്കാശ്വാസമായി. പിന്നെ അതൊരു പതിവായി, എനിക്കതൊരു ഭാരവും.
മറ്റൊരുനാള്‍ ഒരു പരീക്ഷണത്തിനെന്നപോലെ മിഠായിയില്ലാതെ ഞാനാവഴിയെപോയി. പരിചയം ഭാവിക്കാതെ ഞാന്‍ നടന്നകലുമ്പോള്‍ കുട്ടിയെന്നോടുചോദിച്ചു, "എവിടെടാ പട്ടി മിഠായി?"
ഞാന്‍ ഞെട്ടിപ്പോയി. പട്ടിയെന്ന്‌! പരിഭ്രമത്തില്‍ കാല്‍വഴുതി ഞാന്‍ ഇടവഴിയില്‍ വീണു. കുട്ടി ഓടിവന്ന്‌ എന്റെ നെഞ്ചത്ത്‌ ചവിട്ടി. ഞാന്‍ നിറകണ്ണുകളോടെ അവിടെ നിന്നെഴുന്നേറ്റു, പിന്നെ തീര്‍ത്തും നിസ്സഹായനായി റോഡിലേക്കോടി. കുട്ടി അപ്പോഴൊരു പാട്ടുപാടുകയായിരുന്നു.

"മൊട്ടത്തലയന്‍ കുഞ്ഞാപ്പു
പട്ടീടെമോന്‍ കുഞ്ഞാപ്പൂ"

എനിക്കെത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. എന്തേ, ഈ കുട്ടി മാത്രം എന്നോടിങ്ങനെ പെരുമാറുന്നത്‌? എന്തായിരിക്കും.........
എന്തായിരിക്കും കാരണം?



കുറിപ്പ്‌-
അടുത്താഴ്‌ച മുതല്‍ ഞാന്‍ 'നഷ്ടബാല്യം' എന്ന അനുഭവകഥാപരമ്പര ആരംഭിക്കുന്നു. അനുഭവം എന്ന വിഭാഗത്തിലായിരിക്കും ഉള്‍പ്പടുത്തുന്നത്‌.

Wednesday, March 10, 2010

കുന്നിക്കുരു



കുന്നിക്കുരുവളളികള്‍ വീണ്ടും തളിര്‍ക്കുന്നു. ചുവപ്പും, കറുപ്പും ചേര്‍ന്ന കുന്നിക്കുരുകള്‍ കാണാന്‍ എന്തു ഭംഗി! ഞാനോമനിക്കുന്ന അരുണിമ തുളുമ്പുന്ന കുന്നിക്കുരുകള്‍ കൊടിയ വിഷത്തിന്റെ ഉറവിടമാണെന്ന്‌ അന്ന്‌ ഞാനറിഞ്ഞിരുന്നില്ല. വ്യാഴവട്ടങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു പട്ടിണിക്കാലത്ത്‌ അമ്മ കുന്നിക്കുരു ആട്ടിയ മാവുകൊണ്ട്‌ ദോശ ഉണ്ടാക്കിതന്നു. ഞാനും, അമ്മയും,ഏട്ടനും,അനിയത്തിയും സമൃദ്ധമായ്‌ ദോശ കഴിച്ചു.

അന്ന്‌ ഞാനൊഴികെ എല്ലാവരും മരിച്ചു. അതില്‍പ്പിന്നെ കുന്നിക്കുരുകള്‍ എനിക്ക്‌ ദുരന്തത്തിന്റെ പ്രതീകമായി. പിന്നീടെങ്ങനൊയോ എന്റെ ഗ്രാമത്തില്‍ നിന്ന്‌ കുന്നിക്കുരുവളളികള്‍ അപ്രത്യക്ഷമായി.
ഇപ്പോള്‍ ഞാന്‍ പരിപാലിച്ച്‌ നട്ട്‌ വളര്‍ത്തിയ മൂവാണ്ടന്‍മാവിന്‌ മുകളിലേക്ക്‌ ഒരു കുന്നിക്കുരു വളളി പടര്‍ന്നിരിക്കുന്നു. അതില്‍ നിറയെ തളിര്‍ത്ത കുന്നിക്കുരുകള്‍. പലയിടത്തും ഇപ്പോള്‍ കുന്നിക്കുരുവളളികള്‍ പ്രത്യക്ഷപ്പടുന്നു.

വറുതിക്കാലത്തെ മുന്‍കണ്ട്‌ കുന്നിക്കുരുകള്‍ വീണ്ടും തളിര്‍ക്കുകയാണോ? അരിയുടേയും മറ്റും വില കുതിച്ചുയരുന്നു. വരാന്‍ പോകുന്നത്‌ പഴയ പട്ടിണിക്കാലമാണോ?

അതെ ഏന്റെ നാവ്‌ കുന്നിക്കുരുവിന്റെ ദുസ്വാദ്‌ ഓര്‍മ്മപെടുത്തുന്നു. മൂവാണ്ടന്‍മാവിലേക്ക്‌ പടര്‍ന്ന കുന്നിക്കുരുവളളികള്‍ വീണ്ടുംവീണ്ടും തളിര്‍ക്കുന്നു.

Sunday, February 14, 2010

ഹേമന്തം

എല്ലാ ആധുനികസൗകര്യങ്ങളോടുകൂടിയ പുഴയോരത്തുളള ഇരുനിലവീടുണ്ടായിട്ടും ഗുരുവായൂരില്‍ ഫ്‌ളാറ്റ്‌ വാങ്ങിയപ്പോള്‍ ആദ്യം ഭാര്യയും, പിന്നെ സുഹൃത്തുക്കളും അയാളോട്‌ ചോദിച്ചു-" എന്തിനാണ്‌ ഇനിയൊരു ഫ്‌ളാറ്റ്‌?"

പ്രത്യക്ഷ്യത്തില്‍ അയാള്‍ക്ക്‌ അതിന്റെ ആവശ്യകതയൊന്നുമില്ലായിരുന്നു. അവര്‍ ഭാര്യക്കും, ഭര്‍ത്താവിനും ജോലിസംബന്ധമായി ഗ്രാമം വിട്ടുപോകേണ്ടിയിരുന്നില്ല. അവര്‍ക്ക്‌ കുട്ടികളുമുണ്ടായിരുന്നില്ല. ഇടക്ക്‌ വല്ലപ്പോഴും അവര്‍ ഗുരുവായൂരമ്പലത്തില്‍ തൊഴാന്‍ പോയിരുന്നു.അത്രമാത്രം.

കുറേക്കാലമായിരുന്നു അയാള്‍ ചുരുങ്ങിയ വിലക്കൊരു ഫ്‌ളാറ്റ്‌ അന്വേഷിക്കാന്‍ തുടങ്ങിയിട്ട്‌. ഏറ്റവും മുകള്‍ നിലയിലെ അപ്പാര്‍ട്ട്‌മെന്റാണ്‌ അയാള്‍ വാങ്ങിയത്‌. അതുമതിയെന്ന്‌ അയാള്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു.

മറ്റാര്‍ക്കും പറഞ്ഞാല്‍ ഉള്‍ക്കൊളളാനാവാത്തതായിരുന്നു ഫ്‌ളാറ്റു വാങ്ങാനുളള കാരണം. നാട്ടിലെ എല്ലാ തിരക്കും, കെട്ടുപാടുകളും ഒഴിവാക്കി ചിലപ്പോഴൊക്കെ ഫ്‌ളാറ്റില്‍ പോയി ഏകാകിയായ്‌ കഴിയുക എന്നത്‌ വളരെക്കാലമായുളള അയാളുടെ മോഹമാണ്‌. മറ്റുളളവര്‍ക്ക്‌ അത്‌ ബാലിശവും, വിചിത്രവുമായി തോന്നാമെങ്കിലും അയാളെ സംബന്ധിച്ചിടത്തോളം അത്‌ കാര്യമാത്രപ്രസക്തമായ ഒന്നുതന്നെയായിരുന്നു.

നാട്ടില്‍ എതിരെ വരുന്ന വഴിപോക്കരും,പരിചയക്കാരുമൊക്കെ അയാളില്‍ ഒരുതരം അലോസരം സൃഷ്ടിച്ചുതുടങ്ങിയിരുന്നു. മുമ്പൊക്കെ ചെയ്‌തിരുന്നതുപ്പോലെ അവരോടൊക്കെ ചിരപരിചിതമന്ദഹാസം വരുത്തുവാന്‍ അയാള്‍ക്ക്‌ വിമ്മിഷ്ടം തോന്നുന്നു.
എല്ലാത്തിനോടും വിരക്തി അല്ലെങ്കില്‍ നിസംഗത അതാണിപ്പോഴത്തെ അയാളുടെ മുഖമുദ്ര. ഇത്‌ പെട്ടെന്നൊരു ദിവസം സംജാതമായ പ്രതിഭാസമല്ല. കാലംകാലമായ്‌ വന്നു ചേര്‍ന്ന ബൗദ്ധികമായ വിന്യാസമായിരുന്നു.

ഗുരുവായൂരമ്പലത്തിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷം അയാള്‍ക്ക്‌ വളരെയിഷ്ടമായിരുന്നു. അവിടെ ആള്‍ക്കൂട്ടം അയാളെ അസ്വസ്ഥമാക്കിയിരുന്നില്ല. അപരിചിതമായ ആള്‍ക്കൂട്ടം അയാളുടെ സ്വാതന്ത്ര്യത്തിന്‌, ഏകാന്തതക്ക്‌ വിഘാതമുണ്ടാക്കിത്തീര്‍ക്കാത്തതുകൊണ്ടായിരിക്കാം അത്‌‌. ഒരിക്കലും അയാള്‍ ദേവന്റെ സന്നിതിയില്‍ ചെന്ന്‌‌ കൈകൂപ്പി പ്രാര്‍ത്ഥിച്ചിരുന്നില്ലാ എന്നതാണ്‌ അതിശയകരമായ മറ്റൊരു വസ്‌തുത. അത്തരമൊരു ശ്രമത്തിന്‌ അയാളൊരിക്കലും മിനക്കട്ടില്ല. ഈ കാര്യത്തില്‍ മുമ്പും അയാളേതാണ്ടിങ്ങനെയൊക്കെതന്നെയായിരുന്നു. പ്രസാദമായിട്ടില്ല ഇഷ്ടവിഭവം പോലെ അയാള്‍ പാല്‍പ്പായസവും, വെണ്ണയും, പഞ്ചസാരയുമൊക്കെ മതിവരുവോളം കഴിച്ചിരുന്നു.

വര്‍ഷങ്ങളായുളള അവരുടെ ദാമ്പത്യത്തില്‍ കുട്ടികളുണ്ടായിരുന്നില്ല. എങ്കിലും അയാള്‍ക്ക്‌ അതൊരു മഹാദുഖമോ, അപകര്‍ഷതയോ ആയി ഒരിക്കലും അനുഭവപ്പെട്ടില്ല.
ഭാര്യയുടെ നിരന്തരമായ പരിവേദനങ്ങള്‍ക്കൊടുവിലാണ്‌ ഒരു ഡോക്ടറെ കാണാന്‍ തന്നെ അയാള്‍ തയ്യാറായത്‌. കുഴപ്പം ഭാര്യക്കായിരുന്നു. ഗര്‍ഭിണിയാവാനുളള സാധ്യത കേവലം ഒരു ശതമാനത്തിലും വളരെ താഴെയാണ്‌. മെഡിക്കല്‍ ചെക്കപ്പിന്‌ ശേഷം ഭാര്യക്ക്‌ അയാളോടുളള സ്‌നേഹം ഒന്നുകൂടി തീവ്രമായി. അവള്‍ ഒരു കുഞ്ഞിനെപ്പോലെ അയാളെ ഓമനിക്കാനും, പരിചരിക്കാനും തുടങ്ങി.
തിരിച്ചയാളും അവളെ ആത്മാര്‍ത്ഥമായ്‌ സ്‌നേഹിക്കുന്നുണ്ടെങ്കിലും ലൈംഗികമായ അവളോടുളള താല്‍പ്പര്യം കുറഞ്ഞുതുടങ്ങിയിരുന്നു. ഗര്‍ഭിണിയാവാനുളള ത്വര കൊണ്ടോ, വികാരോദ്ദീപനം കൊണ്ടോ അവള്‍ മുന്‍കൈയ്യെടുത്താണ്‌ അവര്‍ തമ്മിലുളള വേഴ്‌ച മിക്കപ്പോഴും സാധ്യമായിരുന്നത്‌.
ഫ്‌ളാറ്റ്‌ വാങ്ങി ആദ്യത്തെ രണ്ടു തവണ അയാളോടൊപ്പം ഭാര്യയും അവിടെ വന്ന്‌ താമസിക്കുകയുണ്ടായി. പക്ഷേ അവള്‍ക്ക്‌ അമ്പലത്തില്‍ പോകുക എന്നതൊഴിച്ചാല്‍ ഫ്‌ളാറ്റിലെ അന്തരീക്ഷം വീര്‍പ്പുമുട്ടലുണ്ടാക്കി. ഏകാന്തത അവള്‍ക്കസഹ്യവും, ദുരൂഹവുമായാണനുഭവപ്പെട്ടത്‌.
പിന്നീടയാള്‍ മാസംന്തോറും ഏതാനും ദിവസം ജോലിയില്‍ നിന്ന്‌ ലീവെടുത്ത്‌ ഫ്‌ളാറ്റിലേക്ക്‌ പോകുമ്പോള്‍ പലപ്പോഴും ഭാര്യ കൂട്ടിനുപ്പോകുകയുണ്ടായില്ല.

അയാള്‍ തനിച്ചുളള ഒരു ദിവസം. അന്ന്‌ ഞായറാഴ്‌ചയായിരുന്നു. അമ്പലത്തില്‍ അസാധ്യമായ തിരക്ക്‌. അയാള്‍ ഇഷ്ടവിഭവമായ പാല്‍പ്പായസം മതിവരുവോളം കുടിച്ച്‌ ഫ്‌ളാറ്റിലേക്ക്‌ മടങ്ങി. കുറേ പുസ്‌തകങ്ങളും വാങ്ങി.

അപ്പോഴേക്കും മഴപെയ്‌ത്‌ തുടങ്ങിയിരുന്നു. അയാള്‍ ജനാലകള്‍ തുറന്നിട്ടു. ഫ്‌ളാറ്റ്‌ ഏറ്റവും ഉയരത്തായതുകൊണ്ട്‌ മഴനാരുകളും, ആകാശവും മാത്രമേ കാണാനുണ്ടായിരുന്നുളളൂ. അയാള്‍ മഴയെ അനുഭവിക്കുകയായിരുന്നു. തന്റെ ശ്രമം സാര്‍ത്ഥകമായതിപ്പോഴാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. സുരക്ഷിതത്തോടെ, ആഹ്ലാദത്തോടെ മഴ ആസ്വദിക്കുന്നതിപ്പോഴാണ്‌. കുട്ടിക്കാലത്ത്‌ മഴ രോഗവും, വറുതിയുമാണ്‌ സമ്മാനിച്ചിരുന്നത്‌. പിന്നെ ഒരു മഴദിവസമാണ്‌ അച്ഛന്‍ ഉത്തരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്‌തത്‌. മറ്റൊരു മഴദിവസമാണ്‌ അമ്മ രണ്ടാമത്‌ വിവാഹിതയായ്‌ ക്രൂരനായ രണ്ടാനച്ഛന്‍ തന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌. അന്നൊക്കെയും ആസ്വദിക്കാനാകാത്ത മഴ ഒരു നൊമ്പരമായ്‌ മനസ്സിലുണ്ടായിരുന്നു. ഇത്തരമൊരുദ്യമത്തിന്റെ മുന്നൊരുക്കങ്ങള്‍ അബോധമായെങ്കിലും അന്നേ മനസ്സില്‍ മുള പൊട്ടിയിരിക്കണം.

നേരം സന്ധ്യ കഴിഞ്ഞു. മഴ നേര്‍ത്തു. അയാളുടെ ശാദ്വലമായ അനുഭൂതിയെ ഭഞ്‌ജിച്ചുകൊണ്ടപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു.

കുറേക്കാലമായ്‌ ഫോണിലൂടെയോ, മറ്റേതെങ്കിലും തരത്തിലോ ബന്ധം പുലര്‍ത്താത്ത ഒരാളുടേതായിരുന്നു ആ ഫോണ്‍. പ്രിയയുടെ! അവള്‍ അയാളുടെ അകന്ന ബന്ധത്തിലുളള അമ്മാവന്റെ മകളായിരുന്നു. പ്രിയ ഒരിക്കല്‍ അയാളുടെ പ്രണയിനിയുമായിരുന്നു.
ഈ അവസരത്തില്‍ മറ്റാരുടെയെങ്കിലും ഫോണായിരുന്നുവെങ്കില്‍ അയാള്‍ മൊബൈല്‍ ഓഫ്‌ ചെയ്യുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുമായിരുന്നു.
നിഷേധിക്കാനാകാതെ അയാള്‍ ഫോണെടുത്തു.

" പ്രിയയാണ്‌."
"പറയൂ"
" ഗുരുവായൂരിലാണോ?"
" അതെ"
"ഞാനുമിവിടെയുണ്ട്‌. അമ്പലത്തില്‍ വല്ലാത്ത തിരക്ക്‌. മുറിയൊന്നും കിട്ടാനില്ല, നല്ല മഴയും. അവിടെ ഫ്‌ളാറ്റില്‍ മുറിയൊഴിവുണ്ടെങ്കില്‍...."

അഡ്ഡ്രസ്സും, സ്ഥലവും പറഞ്ഞുകൊടുത്ത്‌ പ്രിയാമോഹനെ ഫ്‌ളാറ്റിലേക്ക്‌ സ്വാഗതം ചെയ്‌ത്‌ അയാള്‍ ഫോണ്‍ വെച്ചു.

അയാളോര്‍ത്തു-പ്രിയ ഒറ്റക്കായിരിക്കുമോ? ഭര്‍ത്താവ്‌ കൂടെയുണ്ടായിരിക്കില്ലേ?

അവളുടെ ഭര്‍ത്താവ്‌ സ്‌നേഹശൂന്യനും, മദ്യപാനിയുമാണെന്ന്‌ മുമ്പേ അറിയാം. പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്‌ അവരുടെ ദാമ്പത്യം.

പ്രിയ അതിസുന്ദരിയൊന്നുമല്ല. പക്ഷേ അയാള്‍ക്കവളെ ഇഷ്ടമായിരുന്നു. എന്നാല്‍ അവളെ വിവാഹം ചെയ്യാന്‍ അയാളാഗ്രഹിച്ചിരുന്നില്ല. അവളുടെ മാതാപിതാക്കളേയും, കാലങ്ങളായറിയാവുന്ന അവരുടെ നിലപാടുകളേയും അയാള്‍ക്കും, അയാളുടെ അമ്മക്കും ഒരിക്കലും അംഗീകരിക്കാനാവുമായിരുന്നില്ല. അയാളേക്കാള്‍ ഒരു ബന്ധം വെക്കാനാവാത്ത വിധം വളരെ താഴ്‌ന്ന കൂട്ടരായിരുന്നു അവര്‍. അതുകൊണ്ട്‌ അയാളുടേത്‌ തീര്‍ത്തും സ്വാര്‍ത്ഥമായ പ്രണയമായിരുന്നെന്ന്‌ പറയാം.

പ്രിയക്കും തന്നോടിഷ്ടമാണെന്ന്‌ അയാള്‍ക്ക്‌ തോന്നിയിരുന്നു. വളരെയെളുപ്പത്തില്‍ അവളെ സ്വന്തമാക്കാനാകുമായിരുന്നെങ്കിലും അയാളതിന്‌ തുനിഞ്ഞില്ല.

ഒരിക്കല്‍ നഗരത്തിലെ തീയേറ്ററില്‍ ഒരു സിനിമക്ക്‌ പോയപ്പോള്‍ പ്രിയയുടെ നാട്ടുകാരനില്‍ നിന്ന്‌ അവളെക്കുറിച്ചൊരു അപഖ്യാതി കേട്ടു. അതയാളെ വളരെയധികം അസ്വസ്ഥമാക്കുകയും ഒരുവേള അവളോടുളള അഭിനിവേശം മൂര്‍ദ്ധന്യത്തിലെത്തിക്കുകയും ചെയ്‌തു. അവിടെവെച്ചുതന്നെ അവളുടെ മൊബൈലിലേക്കൊരു സന്ദേശമയച്ചപ്പോഴാണ്‌ അയാള്‍ക്ക്‌ അല്‌പം ആശ്വാസം തോന്നിയത്‌. ദ്വയാര്‍ത്ഥമുളള ഒരു സന്ദേശമായിരുന്നു അയാളയച്ചത്‌. വളരെ ഗഹനമായ്‌ വായിച്ചാലെ ഇംഗിതം മനസ്സിലാക്കാന്‍ കഴിയുമായിരുന്നുളളൂ. ഒരുവേള വെറും ജോക്കാണെന്ന്‌ സ്ഥാപിക്കാനും കഴിയുന്ന ഒന്ന്‌.

പക്ഷേ ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ അവള്‍ തിരിച്ചു വിളിച്ചു. അയാള്‍ പ്രതീക്ഷീക്കാത്ത വിധത്തില്‍ വളരെ പരുഷവും, രോഷാകുലയുമായിട്ടായിരുന്നു അവളുടെ പ്രതികരണം. സത്യത്തില്‍ അവളയാളെ തെറി വിളിക്കുകകൂടി ചെയ്‌തു. അയാളുടെ വ്യക്തിത്വത്തെ അവളുടെ മുമ്പില്‍ ഇകഴ്‌ത്തി കാട്ടി ആ സംഭവം. അന്നയാള്‍ക്ക്‌ ആ സിനിമ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല.

പിന്നീടയാളുടെ വിവാഹം കഴിഞ്ഞു. കുറേ കഴിഞ്ഞ്‌ പ്രിയയുടെ വിവാഹവും. പലയിടങ്ങളില്‍ വെച്ചും അവര്‍ വീണ്ടും കണ്ടുമുട്ടുമ്പോഴൊക്കെ പ്രിയ പഴയ സംഭവം തീര്‍ത്തും മറന്നെന്ന പോലെ ഹൃദ്യമായ്‌ തന്നെ അയാളോട്‌ പെരുമാറി.
****************************
അയാള്‍ വാതില്‍ തുറന്നപ്പോള്‍ കരുതിയത്‌ പോലെ പ്രിയ ഒറ്റക്കായിരുന്നു. മുമ്പ്‌ കണ്ടിരുന്നതിനേക്കാള്‍ ക്ഷീണിതയും, പതിതയുമാണെങ്കിലും അവളുടെ കണ്ണുകളിലെ തിളക്കം പൂര്‍ണ്ണമായ്‌ നഷ്ടപ്പെട്ടിട്ടില്ലായെന്ന്‌ തോന്നി.

അവളാദ്യം നേര്‍ത്ത സംഭ്രമത്തോടെ അന്വേഷിച്ചത്‌ അയാളുടെ ഭാര്യയെയായിരുന്നു. താനൊറ്റക്കാണെന്ന്‌ പറഞ്ഞ്‌ ഫലിപ്പിക്കാന്‍ അയാള്‍ക്ക്‌ പ്രയാസമനുഭവപ്പെട്ടു. ഒരുവേള ഒരപരാധിയെ പോലെ അവളയാളെ നോക്കുകയും നിസ്സാഹായത ഉള്‍ക്കൊണ്ട്‌ പെട്ടെന്ന്‌ തന്നെ കൃത്രിമമായെന്നോണം സമചിത്തത വീണ്ടെടുക്കയും ചെയ്‌തു.

മാസന്തോറും ക്ഷേത്രദര്‍ശനം പതിവില്ലെന്നും തന്റെ ജീവിതത്തില്‍ വളരെ നിര്‍ണ്ണായകമായൊരു തീരുമാനമെടുത്തിരിക്കുകയാണെന്നും അതിനുളള കരുത്താര്‍ജ്ജിക്കാന്‍ ദേവസന്നിതിയിലെത്തിയതാണെന്നും അവള്‍ പറഞ്ഞു. ആ തീരുമാനമെന്താണെന്ന്‌ അവളയാളോട്‌ പറഞ്ഞില്ല. അയാള്‍ക്കതറിയാനാഗ്രഹമുണ്ടെങ്കിലും കുത്തിക്കുത്തി ചോദിക്കാന്‍ അയാളൊട്ടു മുതിര്‍ന്നതുമില്ല.

അവള്‍ ഹാളിന്റെ മൂലയിലേക്ക്‌ പോയി അയാള്‍ കേള്‍ക്കാത്ത വിധം പതിഞ്ഞ ശബ്ദത്തില്‍ ആരോടൊ മൊബൈലില്‍ സംസാരിച്ചു; കര്‍ക്കശമായ്‌തന്നെ.

അവള്‍ പിന്നീട്‌ അയാളോട്‌ പുതിയ വിശേഷാന്വേഷണങ്ങള്‍ നടത്തി. പലപ്പോഴും അവളുടെ മുന്നില്‍ അയാള്‍ക്ക്‌ ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടായിരുന്നു. ആരുടെ മുമ്പിലും കുനിഞ്ഞ്‌ കൊടുക്കുന്ന ഒരു പ്രകൃതമായിരുന്നില്ലാ അയാളുടെ; എന്നിട്ടുപോലും.

അവര്‍ കുറേ നേരം സംസാരിച്ചിരുന്നു. പിന്നീട്‌ ഉറക്കത്തിന്റെ ലാഞ്‌ഛനകള്‍ അവളില്‍ പ്രകടിതമായപ്പോള്‍ ഗസ്‌റ്റ്‌ റൂമിലേക്ക്‌ ചൂണ്ടി ഔപചാരികമായ്‌ അയാള്‍ ഗുഡ്‌നൈറ്റ്‌ പറഞ്ഞു.
അയാളുടെ മുമ്പില്‍ നിന്നുതന്നെ അവള്‍ വാതില്‍ മനപൂര്‍വ്വമെന്നോണം ശബ്ദമുണ്ടാക്കി ഉറക്കെ വലിച്ചടച്ച്‌ ഭദ്രമാക്കിയപ്പോള്‍ അതയാളില്‍ പ്രതിഷേധത്തിന്റെയോ, അവിശ്വാസത്തിന്റെയോ അല്ലെങ്കില്‍ നന്ദികേടിന്റെയോ അനുരണനങ്ങളുളവാക്കി.

സമയം വൈകിയിരുന്നു. മുറിയില്‍ കയറിക്കിടന്നാലും പെട്ടന്നൊന്നും തനിക്കുറങ്ങാന്‍ കഴിയുകയില്ലായെന്നയാള്‍ക്ക്‌ മുന്‍ക്കൂട്ടിയറിയാമായിരുന്നു. ചില രാത്രികളങ്ങനെയാണ്‌. തപിച്ച്‌തപിച്ച്‌ കിടക്കും. പുലരുമ്പോഴെന്ന്‌ മയങ്ങിയാലായി.

കുറക്കാലത്തിന്‌ ശേഷം ഒരു നിലാവ്‌ പോലെ സ്വമേധയാ പിന്‍വലിഞ്ഞിരുന്ന അയാളിലെ ലൈംഗികമോഹം ഉണരുകയായിരുന്നു. ശരീരവും, മനസ്സും വളരെ ഉര്‍വ്വരമാണിപ്പോള്‍. അയാളെ സംബന്ധിച്ചിടത്തോളം ഭാര്യ ഒരിക്കലും 'സെക്‌സ്‌ അപ്പീല്‍' ഉളള പെണ്ണായിരുന്നില്ല. അയാള്‍ക്ക്‌ അഭിനിവേശം തോന്നിയിരുന്ന സ്‌ത്രീകളധികവും
മറ്റുളളവരുടെ കാഴ്‌ചപ്പാടില്‍ സുന്ദരികളുമായിരുന്നില്ല. മറ്റൊരു വൈരുധ്യമെന്തെന്ന്‌ വെച്ചാല്‍ അയാള്‍ കാമിച്ച പെണ്‍കുട്ടികളാരും തന്നെ അയാള്‍ക്ക്‌ വഴങ്ങിയിരുന്നില്ല. മറിച്ച്‌ ഇങ്ങോട്ട്‌ താല്‍പര്യം പ്രകടിപ്പിച്ച പല പെണ്‍കുട്ടികളോടും അയാള്‍ക്ക്‌ ഇഷ്ടം തോന്നുകയുമുണ്ടായില്ല.

വിവേകം വികാരത്തിന്‌ വഴിമാറിയതിന്റെ പരിണിതഫലങ്ങള്‍ മുമ്പ്‌ പലപ്പോഴും അയാളനുഭവിച്ചതായിരുന്നു. ഒരുപക്ഷേ നിശീഥിനിയുടെ വിഭ്രാന്തയാമങ്ങളിലെപ്പോഴെങ്കിലും ഒരു ഭിത്തിക്കപ്പുറം കിടക്കുന്ന അതിഥിയെ അപമാനപ്പെടുത്താന്‍ താന്‍ തുനിഞ്ഞേക്കുമെന്നയാള്‍ ഭയന്നു.
മനസ്സിനേയും, ശരീരത്തേയും ശാന്തമാക്കാനുളള ഒറ്റമൂലി എന്താണെന്നയാള്‍ക്കറിയാമായിരുന്നു. കൗമാരകാലഘട്ടത്തില്‍ ചെയ്‌തിരുന്ന ആ വികൃതി! രണ്ടുവട്ടം ബാത്‌റൂമില്‍ പോയി ആത്മനിന്ദയോടെ അത്‌ ചെയ്യേണ്ടി വന്നു!

രണ്ടാമത്തെ തവണ മനസ്സും, ശരീരവും തളര്‍ന്നുവെന്നുറപ്പായി. ഇനി ശാന്തമായുറങ്ങാന്‍ കഴിഞ്ഞേക്കും.വളരെ ആശ്വാസവും, സമാധാനവുമായി.

നിദ്ര പൂകിയെപ്പോഴോ അയാള്‍ ദുര്‍ഘടമായൊരു സ്വപ്‌നം കണ്ടു. അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. പാരമ്യത്തിലുണര്‍ന്ന്‌ കടയുന്ന കണ്ണുകള്‍ പ്രയാസപ്പെട്ട്‌ തുറന്നപ്പോള്‍ അരുകില്‍ വെച്ചിരുന്ന മൊബൈലിന്റെ ഡിസ്‌പ്ല പ്രകാശിച്ചിരിക്കുന്നത്‌ ഒരുവേള കണ്ടു. സമയമെന്താണന്ന്‌ കൂടി അറിയാലോ എന്ന്‌ കരുതി മൊബൈലെടുത്തു. അതിലൊരു മിസ്‌ഡ്‌കോള്‍ വന്നു കിടന്നിരുന്നു. തീര്‍ത്തും അലംഭാവത്തോടെ നമ്പര്‍ ചെക്ക്‌ ചെയ്‌ത അയാള്‍ അത്ഭുതസ്‌തംബന്ധനായി. വീണ്ടും വികാരാധീനനുമായി. ആ നമ്പര്‍ പ്രിയയുടേതായിരുന്നു!

Tuesday, February 2, 2010

അവള്‍...!

ഇന്നലെ...

ഞാന്‍ ഉമ്മറത്ത്‌ പുസ്‌തകം വായിച്ചിരിക്കുമ്പോള്‍ ഒരു കുട്ട പ്ലാസ്‌റ്റിക്‌ പാത്രങ്ങളുമായി എന്റെ വീട്ടിലേക്ക്‌ ആ പെണ്‍കുട്ടി കടന്നുവന്നു. അമ്മ അവളുടെ ചുമടിറക്കി സാധനങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടിരുന്നു. എന്റെയമ്മ വിലപേശാന്‍ വളരെ കഴിവുള്ളവരും നിര്‍ദയമായി പെരുമാറുന്നവരുമാണ്‌.

ആ പെണ്‍കുട്ടി വിരൂപയും ആവശ്യത്തിലുമധികം ഉയരമുള്ളവളുമായിരുന്നു. അവള്‍ അച്ഛനില്ലാത്തവളോ അല്ലെങ്കില്‍ ഒരു നിത്യദരിദ്രന്റെ മകളോ ആയിരിക്കുമെന്ന്‌ ഞാന്‍ ഊഹിച്ചു.

അവള്‍ വിവാഹപ്രായം എത്തിക്കഴിഞ്ഞിരുന്നവളാണെങ്കില്‍കൂടി സ്വമേധയാ അവളെ വിവാഹം കഴിക്കാന്‍ ആരും തയ്യാറാവുകയില്ല എന്നും എനിക്ക്‌ തോന്നി.

ഒരുവേള വിധിവശാല്‍ ഞാനൊരു പെണ്ണായിരുന്നെങ്കിലോ എന്ന്‌ ഞാനപ്പോള്‍ സങ്കല്‍പ്പിച്ചു. ഏതാണ്ട്‌ അവളുടേത്‌ പോലെയായിരിക്കും ഞാനും. ഒരു ഭംഗിയും ഉണ്ടായിരിക്കില്ല. മാത്രമല്ല, സ്വഭാവമഹിമയോ എളിമയോ ഉണ്ടായിരിക്കില്ല. സമ്പത്തും പിതാവുമില്ലാത്തതുകൊണ്ട്‌ അമ്മയ്‌ക്ക്‌ ഞാനൊരു ഭാരമാവും. അവസാനം ഒരുപക്ഷേ ഞാന്‍....!

കുറേ സാധനങ്ങള്‍ പിടിച്ചുവെച്ച്‌ അമ്മ അവളോട്‌ നിര്‍ദാക്ഷിണ്യം വിലപേശുകയായിരുന്നു. ഞാന്‍ അമ്മയെ ധിക്കരിച്ച്‌ അവള്‍ പറഞ്ഞ പണം കൊടുത്ത്‌ കുട്ട അവളുടെ തലയിലേക്ക്‌ വെച്ചുകൊടുത്തു.

ഒരു പെണ്‍കുട്ടിക്കുണ്ടാവുന്ന യാതൊരു നൈസര്‍ഗ്ഗികതയുമില്ലാത്ത അവള്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു. ഞാന്‍ മൗനമായി പ്രാര്‍ത്ഥിക്കുകയായിരുന്നു.

Friday, January 8, 2010

ഉരഗന്‍

പലപ്പോഴും ഉസ്‌മാന്റെ ചിന്ത പാമ്പുകളെകുറിച്ചായിരുന്നു. പാമ്പുകളെ അയാള്‍ക്ക്‌ ‌ വളരെയിഷ്ടമായിരുന്നു.കാണാന്‍ എന്തുഭംഗി.പുളളികളുളള മിനുമിനുപ്പാര്‍ന്ന ദേഹം. ശത്രുവിനെ സംഹരിക്കാന്‍ ജന്മനാലുളള പ്രതിരോധം. വ്യാസം കുറഞ്ഞ ഒരു ചെറിയ തുള മതി ആരേയും ഭയക്കാതെ ജീവിക്കാന്‍. വേണമെങ്കില്‍ മരപ്പൊത്തില്‍ കഴിയാം. പുഴയിലോ സമുദ്രത്തിലോ കഴിയാം. പിന്നെ നൃത്തനിബന്ധമായ രതി. ജനിക്കുമ്പോള്‍ ഒരു സര്‍പ്പമായി ജനിക്കണം. മനുഷ്യനായാലോ...!
ഇവിടെ കെട്ടുപാടുകളും ബന്ധനങ്ങളും. മൂന്ന്‌ വെളളിയാഴ്‌ച പളളിയില്‍ പോകാത്തതിന്‌ മഹലില്‍നിന്നുതന്നെ പുറത്താക്കും എന്നുവരെ ഭീഷണിപ്പെടുത്തുന്ന പളളിക്കമ്മറ്റിപ്രസിഡന്റെ്‌. സങ്കുചിതമനസ്‌ക്കനായ അയാള്‍ക്ക്‌ തന്നോട്‌ വേറേയും വൈരമുണ്ട്‌ . മതങ്ങളുടെ സത്ത ഒന്ന്‌ പുരോഹിതവര്‍ഗ്ഗത്തിന്റെ ആഖ്യാനം മറ്റോന്ന്‌. അത്‌ വാദിച്ചാല്‍ അവര്‍ തെളിവില്ലാതെ തന്നെ കുഴിച്ചുമൂടാനുംമടിക്കില്ല.

ഉരഗന്‍ എന്നായിരുന്നു ഗ്രാമത്തില്‍ ഉസ്‌മാന്റെ ഇരട്ടപ്പേര്‌. ചിലപ്പോള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഉസ്‌മാന്‌ സ്വയം തോന്നും-സര്‍പ്പമുഖമായ്‌ തനിക്ക്‌ രൂപാന്തരം സംഭവിക്കുന്നുണ്ടോ...!നാക്ക്‌ പത്തിയായി വളരുന്നതായും ദേഹത്ത്‌ ചെതുമ്പലുകള്‍ രൂപപ്പെടുന്നതായും അപ്പോള്‍ തോന്നും. അത്തരം രാത്രികളില്‍ പതിവായ്‌ സര്‍പ്പത്തെ സ്വപ്‌നം കാണും.

കൂട്ടം കൂടി പുല്‌പ്പായയില്‍ ജുമാനിസ്‌ക്കാരത്തിനിരിക്കുമ്പോഴും ഉസ്‌മാന്റെ ചിന്ത പാമ്പുകളെകുറിച്ചുതന്നെയായിരുന്നു. മതപ്രസംഗത്തിന്‌ വന്ന പണ്ഡിതന്‍ പ്രഭാഷണമദ്ധ്യേ പാമ്പുകളെപ്പറ്റി ഒരു കഥ പറഞ്ഞു. പാമ്പുകള്‍ ചെകുത്താന്റെ സന്തതിയാണത്രെ! അതുകൊണ്ട്‌ കണ്ടാല്‍ തല്ലികൊല്ലണം.

ഉസ്‌മാന്റെ കടവായില്‍ നിന്നപ്പോള്‍ ഉമിനീര്‍ സ്രവിച്ചു. ഇഴഞ്ഞിഴഞ്ഞ്‌ ചെന്ന്‌ പണ്ഡിതന്റെ പാദങ്ങളെ ദംശിക്കാന്‍ പല്ലുകള്‍ കൊതിച്ചു.

ആളാരവമൊഴിഞ്ഞ്‌ കുറേ കഴിഞ്ഞാണ്‌ ഉസ്‌മാന്‍ പായയില്‍ നിന്നെണീറ്റത്‌. അയാള്‍ ഖബറുകള്‍ വെച്ച അനന്തമായ പളളിക്കാട്ടിലൂടെ നടന്നു. പലയിടത്തും സുഗന്ധമില്ലാത്ത പേരില്ലാത്ത പൂക്കള്‍ പൂത്തുനില്‌ക്കുന്നു. എപ്പോഴോ മീസാന്‍കല്ലിന്‌ മീതെ ചുറ്റിവരിഞ്ഞ്‌ നില്‌ക്കുന്ന ഒതു കരിനാഗത്തെ കണ്ടു. കരിനാഗം വെപ്രാളപ്പെട്ടിഴഞ്ഞപ്പോള്‍ ഉസ്‌മാനും അതിനെ അനുഗമിച്ചു. ഖബറുകള്‍ കഴിഞ്ഞ്‌ കാട്‌ നിബിഢമായത്‌ ഉസ്‌മാനറിഞ്ഞില്ല. കരിനാഗം പൊത്തിലൊളിച്ചതും സായംസന്ധ്യയായതും അയാളറിഞ്ഞില്ല.

ഇരതേടിയിരുന്ന പക്ഷികള്‍ കൂട്ടത്തോടെ ചേക്കേറുവാന്‍ മടങ്ങുകയായിരുന്നു. രാത്രിയുടെ പരകായപ്രവേശം പൂര്‍ണ്ണമായ്‌കൊണ്ടിരിക്കുകയായിരുന്നു. ദൂരെ എവിടെനിന്നോ അപ്പോള്‍ ഒരു വേട്ടപ്പട്ടി കുരച്ചു. വവ്വാലുകള്‍ കലമ്പല്‍ കൂട്ടി മരമൊഴിഞ്ഞു.

വേട്ടപ്പട്ടിയുടെ കുര തേടിയെത്തിയപ്പോള്‍ കടവവ്വാലുകളുടെ ഇരമ്പം അടുത്തെത്തിയപ്പോള്‍ ഉസ്‌മാന്‍ വേഗം വ്യാസം കുറഞ്ഞ തന്റെ നിയോഗത്തിന്റെ മാളം തേടി അരുവിക്ക്‌ മീതെയുള്ള കരിമ്പാറക്കെട്ടിലേക്കിഴഞ്ഞു.