Monday, September 1, 2008

എന്റെ മോഹങ്ങള്‍

ചങ്ങാടക്കാരന്‍
ബാല്യത്തില്‍ ആരാകാനായിരുന്നു മോഹം? മോഹങ്ങള്‍ തിരമാല പോലെയാണ്‌. ആരവത്തോടെ മണല്‍ത്തിട്ടകളില്‍ തലതല്ലിയവ ഒടുങ്ങുന്നു. മറ്റൊന്നായി രൂപമെടുക്കാന്‍.

ഇടവപ്പാതിയില്‍ ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നു. അമ്മയോടൊപ്പം ഭഗവതിയമ്പലത്തില്‍ തൊഴാന്‍ വരുമ്പോള്‍ അമ്പലപ്പറമ്പില്‍നിന്ന്‌ നോക്കിയാല്‍ നുരച്ചും പതച്ചും ഒഴുകുന്ന പുഴ കാണാം. കല്‌ഭിത്തി കെട്ടിയ അമ്പലമതിലിന്റെ ഉയരത്തില്‍നിന്നും അനിശ്ചിതത്വത്തോടെ താഴേയ്‌ക്ക്‌ നോക്കുമ്പോള്‍ കാല്‍ക്കീഴില്‍ പുഴ കാണാന്‍ എന്തു ഭംഗി! പുഴയ്‌ക്ക്‌ മധ്യത്തിലൂടെ പുതുമുള കൊണ്ട്‌ വീതിയുള്ള ചങ്ങാടം കെട്ടി മുളംതുമ്പു കൊണ്ട്‌ ചങ്ങാടം നിയന്ത്രിച്ചുപോകുന്നു ഒരാള്‍; ഒരേ ഒരാള്‍. ഒഴുക്കിനൊപ്പം പുഴയുടെ വിജനതയില്‍ ഒരു നിശബ്ദ ജീവിയായി അയാളും ഒഴുകുന്നു, അകലുന്നു. അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്‌-പുഴയില്‍ വനവേടന്മാര്‍ കൊമ്പെടുത്ത ആനകള്‍ ഒലിച്ചുപോകാറുണ്ടത്രേ! തലയില്ലാത്ത മനുഷ്യശവശരീരങ്ങളും പോകാറുണ്ടത്രേ! പിന്നെ നീരാളിയുണ്ട്‌, മുതലകളുണ്ട്‌.
എന്നിട്ടും അതൊന്നും ഭയപ്പെടുത്താതെ നേര്‍ത്ത മഴച്ചാറലില്‍, വിദൂരതയില്‍ ഒരു പൊട്ടുപോലെ ഒരാള്‍ ചങ്ങാടത്തിലേറുന്നു. മനസ്സു മോഹിക്കുന്നു- വലുതായാല്‍ എനിയ്‌ക്കും അതുപോലൊരു ചങ്ങാടക്കാരനാകണം. പുഴയില്‍നിന്ന്‌ കടലിലേക്ക്‌ ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യണം. ഒറ്റയ്‌ക്ക്‌!

മന്ത്രവാദി

തറവാട്ടില്‍ മണ്‍ദൈവങ്ങള്‍ക്ക്‌ ഗുരുതി കൊടുക്കാന്‍ ആണ്ടുതോറും അയാള്‍ വരുന്നു. ചുവന്ന പട്ടു ധരിച്ച, ഭസ്‌മം പൂശി ജരാനരകളുള്ള മന്ത്രവാദി. രക്ഷസ്സ്‌, ഗുളികന്‍, കരിങ്കുട്ടി ഇവരൊക്കെയാണ്‌ എന്റെ തറവാട്ടിലെ മണ്‍ദൈവങ്ങള്‍. മണ്‍ദൈവങ്ങള്‍ കോപിച്ചാല്‍ ആ മണ്ണില്‍ രോഗം, ദാരിദ്ര്യം മുതല്‍ മരണം വരെ സംഭവിക്കുമത്രേ! പ്രസാദിച്ചാലോ ആ ഗുണം ആരും ഇതുവരെ പറഞ്ഞുതന്നിട്ടില്ല. അയല്‍പക്കത്തെ തൊണ്ണൂറ്‌ വയസ്സ്‌ കഴിഞ്ഞ കുഞ്ഞാര്‍ച്ചതള്ള രക്ഷസിനെ കണ്ടിട്ടുണ്ടത്രേ! ആകെ വെള്ള മൂടിയ അകം വളഞ്ഞ ഒരു രൂപം. കരിങ്കുട്ടിയുടെയും, കാലന്‍മുടക്കിയുടെയും കഥ രാത്രി അച്ഛന്‍ അമ്മയോടു പറയുന്നത്‌ കേട്ട്‌ കോരിത്തരിച്ചിട്ടുണ്ട്‌. ഞങ്ങളുടെ വീട്ടിലെ രക്തകുങ്കുമച്ചോട്ടിലൂടെ രാത്രികാലങ്ങളില്‍ കരിങ്കുട്ടിയുടെ പോക്കുവരവുണ്ടത്രേ! ചിലപ്പോള്‍ ഒടിമറിഞ്ഞ പാട്ടിച്ചിരുത മൃഗരൂപത്തില്‍ രാത്രികാലങ്ങളില്‍ വിഹരിക്കാറുണ്ടത്രേ!
ഗുരുതി കൊടുക്കാന്‍ മന്ത്രവാദി വീട്ടില്‍ വരുക രാത്രിയിലാണ്‌. അന്ന്‌ വീട്ടില്‍ ഉത്സവം പോലെയാണ്‌. മന്ത്രവാദം അര്‍ധരാത്രി വരെ നീളും. മന്ത്രവാദി അരിപ്പൊടി കൊണ്ടും മഞ്ഞപ്പൊടി കൊണ്ടും വെവ്വേറെ കളമെഴുതും. കോഴിയെ അറുക്കും, കോഴിച്ചോര കുടിക്കും, മദ്യം സേവിക്കും. മന്ത്രവാദിയില്‍ ബാധ കയറിയ മണ്‍ദൈവങ്ങളാണത്രേ ഇതൊക്കെ ചെയ്യുന്നത്‌.
മന്ത്രവാദം കഴിഞ്ഞ്‌ കോഴിയിറച്ചി കൂട്ടി ചോറുണ്ട്‌ ബാക്കി മദ്യവും മോന്തുമ്പോള്‍ മന്ത്രവാദി ചില കഥകള്‍ പറയും. എന്തെല്ലാം കഥകളാണ്‌ മന്ത്രവാദി പറയുക! എല്ലാം പേടിപ്പെടുത്തുന്ന കഥകള്‍. ഒടുവില്‍, അര്‍ധരാത്രിയുടെ ഏതോ യാമത്തില്‍ മന്ത്രവാദി അരച്ചിലങ്ക കിലുക്കി വീട്ടില്‍നിന്നും ഒറ്റയ്‌ക്ക്‌ യാത്രയാരംഭിക്കുന്നു. പ്രസാദിച്ച മണ്‍ദൈവങ്ങള്‍ അദ്ദേഹത്തിന്‌ കൂട്ടുപോകുമത്രേ; പുഴയ്‌ക്കക്കരെ അങ്ങ്‌ മന്ത്രവാദിയുടെ വീടു വരെ.
മന്ത്രവാദി പോയാലും ചിലങ്ക ശബ്ദം എന്റെ മനസ്സില്‍ നിന്നും മായാറില്ല. രാത്രി എല്ലാവരും ഉറങ്ങിയിട്ടും ഞാന്‍ ഉറങ്ങുന്നില്ല. വടക്കേയറയുടെ ചെറിയ കിളിവാതിലിലൂടെ ഞാന്‍ തീനാളം കെടാത്ത മന്ത്രവാദക്കളത്തിലേക്ക്‌ നോക്കിയിരിക്കും; മണ്‍ദൈവങ്ങളെ കാണാന്‍.....
അപ്പോള്‍ സ്വപ്‌നങ്ങളുടെ മൗലികതയ്‌ക്ക്‌ ചിറകു മുളയ്‌ക്കുകയായി. മണ്‍ദൈവങ്ങള്‍ നൃത്തം ചെയ്യുന്ന മന്ത്രവാദ ഭൂമികയില്‍ ഹോമകുണ്ഡത്തിന്‌ പിന്നില്‍ പത്മാസനത്തിലിരിക്കുന്ന ചെഞ്ചോരപ്പട്ടുടുത്ത മന്ത്രവാദിയിപ്പോള്‍ ഞാനാണ്‌.

പോലീസുകാരന്‍
കള്ളുഷാപ്പിനരികിലെ കുട്ടാപ്പുവിന്റെ മരുമകന്‍ കൊച്ചുരാമന്‍ ഓല മേഞ്ഞ കുട്ടാപ്പുവിന്റെ വീട്‌ തീവെച്ചിരിക്കുന്നു. ഒരു തരിമ്പു പോലും അവശേഷിക്കാതെ എല്ലാം വെണ്ണീറായി. കുടിച്ച ബോധക്കേടില്‍ ചെയ്‌തതാണ്‌. മോര്‌ കൊടുത്ത്‌ കെട്ടിറക്കാന്‍ ആരൊക്കെയോ ശ്രമിച്ചു. നടന്നില്ല. അരിവാക്കത്തിയെടുത്ത്‌ കൊച്ചുരാമന്‍ ഭാര്യയുടെ പിന്നാലെ പാഞ്ഞു; വെട്ടിക്കൊല്ലാന്‍. ഭാര്യ പ്രാണരക്ഷാര്‍ത്ഥം എവിടെയോ ഒളിച്ചു. നാട്ടുകാരെല്ലാം ചേര്‍ന്ന്‌ മധ്യസ്ഥന്‍ ബാവ മാഷെ വിവരമറിയിച്ചു. മാഷ്‌ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ച്‌ പരാതി പറഞ്ഞിട്ടുണ്ട്‌. പോലീസ്‌ ഇപ്പോഴെത്തും. കൊച്ചുരാമനെ പൊക്കും. കാഴ്‌ച കാണാന്‍ സാമാന്യം നല്ലൊരാള്‍ക്കൂട്ടം രൂപപ്പെട്ടുകഴിഞ്ഞു. കാത്തുകാത്തിരിക്കേ കൊച്ചുരാമന്റെ കള്ളിറങ്ങി. അയാള്‍ ഷാപ്പിനരികിലുള്ള സിമന്റ്‌ തിണ്ണയില്‍ കുറ്റബോധത്തോടെ ഇരുന്നു. പിന്നെ കരഞ്ഞു. പോലീസ്‌ കൊണ്ടുപോകുമെന്ന ഭീതിയിലാകാം. പക്ഷെ ഒരിക്കലും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല. അങ്ങനെയിരിക്കെ അതാ വരുന്നു ഒരു പോലീസ്‌ ജീ്‌പ്പ്‌. ഒരൊറ്റ പോലീസുകാരനേ അതിലുണ്ടായിരുന്നുള്ളൂ. അദ്ദേഹം പ്രൗഢിയോടെ പുറത്തേക്കിറങ്ങി. കൊച്ചുരാമനരികിലെത്തി. കൊച്ചുരാമന്‍ വിറച്ചുവിറച്ച്‌ സിമന്റ്‌ തിണ്ണയില്‍ നിന്നെഴുന്നേറ്റു. മുണ്ട്‌ മടക്കുത്തഴിച്ചിട്ടു. പോലീസുകാരന്‍ ചോദിച്ചു - "നീയാണൊടാ കൊച്ചുരാമന്‍?"
"അതേ സാര്‍"
"ഠേ..."
പടക്കം പൊട്ടുന്നതുപോലെ കൊച്ചുരാമന്റെ കവിളത്ത്‌ അടി വീണു; പിന്നെ പിടിച്ചൊരു തള്ളും - "ജീപ്പില്‍ കേറടാ നായിന്റെ മോനെ "
കൊച്ചുരാമന്‍ ജീപ്പില്‍ കയറി. ജീപ്പ്‌ പൊടിപാറിയകന്നു. ഞാനോലിച്ചു. പോലീസുകാര്‍ക്കാരെയും പേടിയില്ല, ആരെയും തല്ലാം, വെടിവെച്ചു കൊല്ലാം. ഒരാളും ചോദിക്കില്ല. ഞാന്‍ മനസ്സില്‍ തീരുമാനമെടുക്കുകയായിരുന്നു- "വലുതായാല്‍ ഞാനൊരു പോലീസുകാരനാകും"


വിഫലം
ഞാന്‍ വളര്‍ന്നു. സംവത്സരങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു. എന്റെ ഗ്രാമം മാറിക്കൊണ്ടിരിക്കുന്നു; ഞാനും. മോഹങ്ങളൊന്നും സഫലമായില്ല. ഞാന്‍ ചങ്ങാടക്കാരനായില്ല, മന്ത്രവാദിയായില്ല, പോലീസുകാരനുമായില്ല. ഞാന്‍ രാജകുമാരനായി; മോഹഭംഗങ്ങളുടെ രാജകുമാരനായി. എങ്കിലും ഞാനിപ്പോഴും മോഹിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ വിളിപ്പാടുകള്‍ക്കരുകില്‍ ഗതികിട്ടാതെയലയുന്ന അക്ഷരാത്മാക്കളുണ്ട്‌. മുമ്പ്‌ അവയെല്ലാം എന്റെ അതിതീവ്രമായ പ്രാര്‍ത്ഥനകളായിരുന്നു.

2 comments:

കണ്ണൂരാന്‍ - KANNURAN said...

ഇനിയും എഴുതൂ... മോഹഭംഗമില്ലാതെ തന്നെ...

ajith said...

വായിച്ചു