Wednesday, December 29, 2010

നഷ്ടബാല്യം-18



അസ്‌തമയം

ഒരു രാത്രിയും, ഒരു പകലും കാലങ്ങളായ്‌ ആള്‍ത്താമസമില്ലാത്ത പുഴവക്കത്തുള്ള ആ വലിയ വീടിന്റെ പിന്നാമ്പുറത്ത്‌ ഞാനൊറ്റക്ക്‌ കിടന്നു. ആരും എന്നെ കണ്ടില്ല; ആരും അവിടേക്ക്‌ വരാറില്ലായിരുന്നു.

ഗൗളികളുടേയും, മണ്ണട്ടകളുടേയും ശബ്ദം. പിന്നെ ഝുടുതിയിലുളള എന്റെ ഹൃദയസ്‌പന്ദനവും എനിക്ക്‌ കേള്‍ക്കാം. ഓടുകളുടെ നേര്‍ത്ത വിടവിലൂടെ കണ്ണുകളെ ചൂളിക്കുന്നു പ്രകാശ വീചികള്‍.

കൂടികിടക്കുന്ന ചവറുകള്‍ക്കിടയില്‍ നിന്ന്‌ ഒരു വിഷസര്‍പ്പം-പുള്ളികളുള്ള അസാധാരണമായ്‌ തോന്നിയ ആ നാഗം വിഷസര്‍പ്പമായിരിക്കണം. എന്റെ പാദങ്ങളുടെ അരികുകളെ സ്‌പര്‍ശിച്ച്‌ പുറത്തേക്കിഴഞ്ഞുപോയി. അതെന്നെ ദംശിച്ചില്ല. ഞാനതിനെ ഭയന്നതുമില്ല.

ഞാന്‍ മരണത്തെക്കുറിച്ചു മാത്രമായിരുന്നു അപ്പോള്‍ ചിന്തിച്ചത്‌. വെള്ളമൂടിയ രക്തപങ്കിലമായ എന്റെ മൃതശരീരമായിരുന്നു ഞാനപ്പോള്‍ സ്വപ്‌നം കണ്ടത്‌. അമ്മ ആര്‍ത്തലച്ച്‌ കരയുന്നുണ്ട്‌; അമ്മമ്മയും, മറ്റുള്ളവരും. അച്ഛന്‍......! അച്ഛന്‍ കരയുമോ!!

ഉള്ളില്‍ വ്യസനമുണ്ട്‌. എന്റെ മരണാനന്തരം സംഭവിക്കുന്ന അമ്മയുടെ വേര്‍പാടിനെ കുറിച്ചോര്‍ത്ത്‌. ഞാന്‍ പോയാലും അമ്മക്ക്‌ അനിയനുണ്ട്‌. അച്ഛന്റെ കലിപ്പും ചിലപ്പോള്‍ എന്റെ മരണത്തോടെ അവസാനിക്കാം. അങ്ങനെ സംഭവിക്കട്ടെ.. എല്ലാവര്‍ക്കും നല്ലത്‌ വരട്ടെ.

നക്ഷത്ര ദേവനെ കുറിച്ചാണ്‌ ഞാനപ്പോള്‍ ചിന്തിച്ചത്‌. എല്ലാ മനുഷ്യ ജാതികള്‍ക്കും ഒരു പിതൃദേവനുണ്ടത്രെ! ഒരിക്കല്‍ കുട്ടേട്ടന്റെ പെട്ടിയില്‍ നിന്നും കിട്ടിയ ജ്യോതിഷഗ്രന്ഥത്തില്‍ നിന്നാണ്‌ ഞാനത്‌ വായിച്ചത്‌. ആ പുസ്‌തകം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

നക്ഷത്രദേവന്റെ ബലാബലങ്ങള്‍ക്കും, വിശേഷ-അവിശേഷതകള്‍ക്കുമനുസരിച്ചാണത്രെ ഒരാളുടെ ജീവിത സപര്യ മുന്നോട്ട്‌ പോകുന്നത്‌. അതിനെയാണ്‌ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എന്ന്‌ നിര്‍വചിക്കുന്നത്‌.

അങ്ങനെയെങ്കില്‍ എന്റെ നക്ഷത്രദേവന്‍ വളരെയേറെ ദുര്‍ബലനായിരിക്കും. ജനിച്ച്‌ അകാലത്തില്‍ പൊലിഞ്ഞ്‌ പോകേണ്ടത്‌ ഒരു നിയോഗമായിരിക്കും.

നേരം വീണ്ടുമിരുട്ടിയപ്പോള്‍ ഞാന്‍ പുഴയിലേക്ക്‌ നടന്നു. അക്കരെ അയ്യപ്പന്‍ കാവിലെ ക്ഷേത്രത്തില്‍ ദീപാരാധന പ്രഭ ഇങ്ങ്‌ ദൂരേക്ക്‌ കാണാം. പ്രാര്‍ത്‌ഥന- വരും ജന്മത്തില്‍ സ്‌ഫുടം ചെയ്‌തെടുത്ത ഒരു മാണിക്ക്യകല്ലായ്‌, സ്‌നേഹസമ്പന്നനായ ഒരു പിതാവിന്റെ മകനായി ജനിക്കണേ.

ഞാന്‍ പുഴയിലെ കയമായ കെട്ടുംകുളമ്പിനെ ലക്ഷ്യമാക്കി നടന്നു. വിണ്ണില്‍ എവിടെയോ കൂട്ടം തെറ്റിപ്പോയ ഒരു പറവയുടെ വിചിത്രമായ, ദുരൂഹമായ ശബ്ദം. പടിഞ്ഞാറെ കുന്നിന്‍ ചെരിവില്‍ നിന്നപ്പോള്‍ ഘോഷത്തോടെ മഴ പെയ്‌തുവരുന്നുണ്ടായിരുന്നു.

അപ്പോള്‍ എന്റെ ചിന്താസരണിയില്‍ ആയുസ്സിന്റെ അവസാനത്തില്‍ വിരിയുന്ന അമൂല്യമായ വെളിപാടുകള്‍ മിന്നിതെളിയുന്നു. തെളിയുന്നു!

(ശുഭം)


Thursday, December 16, 2010

നഷ്ടബാല്യം-17



അവസാനത്തിന്റെ ആരംഭം

കുറേ ദിവസങ്ങള്‍ ശാന്തമായിരുന്നു.

ഒരു സന്ധ്യക്ക്‌ അച്ഛന്‍ ജോലികഴിഞ്ഞുവന്ന്‌ ഉമ്മറത്തെ കസേരയില്‍ ചിന്താമഗ്നനായ്‌ കുറേനേരമിരുന്നു.

പിന്നീടദ്ദേഹം അടുക്കളയില്‍ ജോലിയില്‍ മുഴുകിയിരുന്ന അമ്മയുടെ അടുക്കലെത്തി ആലോചിച്ചുറപ്പിച്ച ആ കാര്യം പറഞ്ഞു- "ഈ വീടും, പറമ്പും ഞാന്‍ വില്‍ക്കാന്‍ പോണു.. "

ഒരു വിസ്‌ഫോടനം പോലെയായിരിക്കും അമ്മയിലത്‌ ഏറ്റിരിക്കുക

പിന്നീടവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ പ്രധാനമായും അച്ഛന്റെ വിശദീകരണങ്ങള്‍ പതിയെപ്പതിയെ ക്ഷുബ്ധതയിലേക്ക്‌ വികസ്വരമായ്‌ക്കൊണ്ടിരുന്നത്‌ എന്റെ മുറിയിലിരുന്ന്‌ ഞാന്‍ കേട്ടു.

"എന്തിനീ വീടും, സ്ഥലവും വില്‍ക്കുന്നു....."

"കുറേ കടമുണ്ട്‌. മറ്റ്‌ നിവൃത്തിയൊന്നും ഞാന്‍ കാണുന്നില്ല."

"എങ്ങനെ നിങ്ങള്‍ക്ക്‌ കടം വന്നു."

"അതൊന്നും നീയറിയേണ്ട. പറഞ്ഞത്‌ കേട്ടാമതി....."

"കടംവന്നതെങ്ങനെയെന്ന്‌ ഞാന്‍ പറയാം. നിങ്ങടെയാ ഇഷ്ടക്കാരിയുണ്ടല്ലോ കുന്നുമ്പുറത്ത്‌ അവള്‍ വീട്‌ വെച്ചതെങ്ങനെയെന്ന്‌ നാട്ടില്‍ മുഴുവന്‍ പാട്ടാണ്‌. അവളുടെ കടം തീര്‍ക്കാന്‍ ഈ വീട്‌ വില്‍ക്കാന്‍ ജീവനുള്ളകാലം ഞാന്‍ സമ്മതിക്കില്ല."

"നീ അനാവശ്യം പുലമ്പാതെ ഞാമ്പറയുന്നത്‌ കേക്ക്‌. തല്‌ക്കാലം നമുക്കൊരു വാടകവീട്ടിലേക്ക്‌ മാറാം. സ്ഥലം വന്നുനോക്കാന്‍ ഞാനൊരു പാര്‍ട്ടിയോട്‌ പറഞ്ഞിട്ടുണ്ട്‌."

"ഞാന്‍ പറയുന്നു ഈ ജന്മത്തിലത്‌ നടക്കില്ല."

"നിന്നെ കൊന്നിട്ടായാലും ഞാനിത്‌ നടത്തും. പുല......"

അമ്മയുടെ ദേഹത്ത്‌ അടിവീഴുന്ന ശബ്ദം. എന്റെ ഹൃദയം പെരുമ്പറകൊട്ടിത്തുടങ്ങി.

പതിവുള്ളതുപോലെ നിഷ്‌ക്രിയനായ്‌ നില്‌ക്കാന്‍ അപ്പോഴെനിക്ക്‌ കഴിഞ്ഞില്ല. തീര്‍ത്തും നിസ്സഹായമായ്‌ അമ്മയുടെ നെഞ്ച്‌ പൊട്ടിയ നിലവിളി ഞാന്‍ കേട്ടു. അമ്മ എന്നെ വിളിച്ചാണു കരയുന്നത്‌. ഒരു ബാധ കയറിയതുപോലെ ഞാന്‍ അടുക്കളയിലേക്ക്‌ ഓടുകയായിരുന്നു. ഞാനപ്പോള്‍ പൂര്‍ണ്ണമായും നല്ലതോ, ചീത്തതോ ആയ മറ്റേതോ ശക്തിയുടെ നിയന്ത്രണവിധേയമായിരുന്നു.

ഒരു കൊടുങ്കാറ്റുപോലെ അവരുടെ ഇടയിലേക്ക്‌ കയറിചെന്നപ്പോള്‍ അച്ഛന്‍ അമ്മയെ ചുമരിനോട്‌ ചാരിനിര്‍ത്തി കഴുത്തു ഞെരിക്കുകയായിരുന്നു. ഞാനാദ്യമായ്‌ നേര്‍ക്കുനേര്‍ അച്ഛന്റെ കണ്ണുകളിലേക്ക്‌ നോക്കുകയായിരുന്നു. എനിക്കപ്പോള്‍ അച്ഛനോട്‌ ഭയമോ, ആദരവോ തോന്നിയില്ല. ഞാന്‍ കല്‌പിക്കുക തന്നെയായിരുന്നു.

"എന്റെ അമ്മയെ തൊട്ടുപോകരുത്‌. "

അതുവരെ കാണാത്ത എന്റെ ഭാവപ്പകര്‍ച്ച ഒരുനിമിഷം അച്ഛനെ ദുര്‍ബലനാക്കുകയോ, ചഞ്ചലനാക്കുകയോ ചെയ്‌തിരിക്കണം. അദ്ദേഹം ഇതികര്‍ത്തവ്യാമൂഢനായ്‌ എന്നെ നോക്കി. ഞാന്‍ സ്ഥായീഭാവത്തില്‍ തന്നെ തുടര്‍ന്നു-"അമ്മയെ വിടാനാപറഞ്ഞത്‌. "

അച്ഛന്റെ പിടിയയഞ്ഞു. അമ്മ കുതറി ദൂരേക്കോടിപ്പോയി. മുഖമടച്ചുള്ള അച്ഛന്റെ ആദ്യത്തെ അടിവീണപ്പോഴാണ്‌ ഞാന്‍ സ്വത്വത്തിലേക്ക്‌ തന്നെ തിരിച്ചുപോയത്‌. അപ്പോഴെന്നിലേക്ക്‌ ഭയവും, വിഹ്വലതയും ഒരുപോലെ സന്നിവേശിച്ചു.

അമ്മ പുറത്തെ ഇരുട്ടില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ എന്നോട്‌ വിളിച്ചുപറഞ്ഞു-"ഇങ്ങുപോരെ. "

ഞാനോടി അമ്മയുടെ അരികിലെത്തി. ഇടവഴിയില്‍ നിന്ന്‌ ഞങ്ങള്‍ കെട്ടിപിടിച്ചു കരഞ്ഞു.

താഴെ തറവാട്ടില്‍ നിന്ന്‌ അമ്മമ്മയുടെ ജല്‌പനം.

അച്ഛന്‍ അകത്തുനിന്ന്‌ എന്തൊക്കെയോ തല്ലിതകര്‍ത്ത്‌ മുറ്റത്തേക്ക്‌ അമ്മയുടെ വസ്‌ത്രങ്ങള്‍ വാരിയിട്ടു. മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. പിന്നെ അഗ്നിയിലേക്ക്‌ എന്റെ പാഠപുസ്‌തകങ്ങള്‍ വലിച്ചെറിഞ്ഞു. അമ്മ ഇടവഴിയില്‍ നിന്ന്‌ യാചിച്ചു-" അതു ചെയ്യരുത്‌, അതു ചെയ്യരുത്‌.."

എന്റെ വിദ്യ, എന്റെ ഗുരുത്വം, എന്റെ ചിറകുകള്‍ തീജ്വാലകളെടുത്ത്‌ ഭസ്‌മമാകുന്നത്‌ ഞാന്‍ കണ്ടു. സങ്കടത്തിന്‍േയും, സന്ത്രാസത്തിന്റേയും പരിസമാപ്‌തി മൗനവും. ശാന്തതയുമാണെന്ന്‌ അന്ന്‌ ഞാനറിഞ്ഞു.

അച്ഛന്‍ രണ്ടാമതും ഷാപ്പിലേക്ക്‌ പോകാനായി ഇടവഴിയിലേക്കിറങ്ങിയപ്പോള്‍ അമ്മ പറഞ്ഞു-" ഇനി വന്നാ എന്താ നടക്ക്വാന്ന്‌ പറയാന്‍ പറ്റില്ല. നിന്നെ കൊല്ലാനും മടിക്കില്ല. അമ്മമ്മട അടുത്തേക്ക്‌ പോകണ്ട. കാലന്‍ അവിടേക്കും വരും. മറ്റെവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടോ..."

കണ്ണീരണിഞ്ഞ എന്റെ മുഖത്ത്‌ തുരുതുരാ ഉമ്മവെച്ചുകൊണ്ട്‌ അമ്മ തുടര്‍ന്നു-"വേഗം പൊയ്‌ക്കോ, അമ്മക്കിവിടെ നിന്നേ പറ്റൂ. പൊയ്‌ക്കോ ഉം വേഗം."

Thursday, December 2, 2010

നഷ്ടബാല്യം-16


കുട്ടേട്ടന്‍

കുട്ടേട്ടന്‍ എന്റെ ചേച്ചിയുടെ(വല്ല്യമ്മയുടെ മകളുടെ) ഭര്‍ത്താവാണ്‌. അദ്ദേഹം എന്റെ സങ്കല്‌പത്തിലെ അച്ഛനായിരുന്നു.

മംഗലാപുരത്തായിരുന്നു അദ്ദേഹത്തിന്‌ ജോലി. ഗള്‍ഫുകാരെ പോലെ രണ്ടോ, മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോഴായിരുന്നു അക്കാലത്ത്‌ അദ്ദേഹം നാട്ടില്‍ വന്നിരുന്നത്‌. അദ്ദേഹം വന്നാല്‍ തറവാട്ടില്‍ ഉല്‍സവം പോലെയാണ്‌. എനിക്കുംഏതാണ്ടങ്ങനെതന്നെ . അച്ഛനോട്‌ വളരെ ബഹുമാനമായിരുന്നു കുട്ടേട്ടന്‌. അവര്‍ തമ്മില്‍ സുഹൃത്തുക്കളെപോലെയായിരുന്നു.

ചേച്ചിയും, കുട്ടേട്ടനും തമ്മിലുള്ള ദൃഢസ്‌നേഹബന്ധം, മക്കളോടുള്ള വാത്സല്യം, ഇതൊക്കെകാണുമ്പോള്‍ ഞാന്‍ മോഹിക്കും- ഞാന്‍ കുട്ടേട്ടന്റേയും, ചേച്ചിയുടേയും മകനായിരുന്നെങ്കില്‍!

ഓരോ തവണ നാട്ടില്‍ വരുമ്പോഴും അദ്ദേഹമെന്നോട്‌ പറയും- "നീ നീളംവച്ചുപോയി.... നീളംവച്ചുപോയി." നാട്ടില്‍ വന്നാല്‍ അദ്ദേഹത്തിന്റെ സ്‌ഥിരം സഹചരന്‍ ഞാനായിരുന്നു. പുഴയിലേക്കും മറ്റും ഞങ്ങളൊരുമിച്ചാണ്‌ പോകുക. പാടത്തുനിന്ന്‌്‌ ചേറ്റുമീന്‍ പിടിക്കാന്‍ കുട്ടേട്ടന്‌ വല്ലാത്ത വൈദഗ്‌ധ്യമായിരുന്നു. വേറെയും പ്രത്യേകതകളുായിരുന്നു.

അദ്ദേഹം തറവാട്ടിലുള്ളപ്പോള്‍ എനിക്ക്‌ സുരക്ഷിതത്വബോധം തോന്നിയിരുന്നു. യാദൃശ്ചികമായിരിക്കാം. കുട്ടേട്ടന്‍ നാട്ടിലുള്ള സമയത്ത്‌ അച്ഛനും, അമ്മയും തമ്മില്‍ വഴക്കും വക്കാണവും കുറവായിരുന്നു.

ഒരവധിക്ക്‌ നാട്ടില്‍ വന്ന്‌ പോകുമ്പോള്‍ കുട്ടേട്ടനെന്നോട്‌ പറഞ്ഞു-"അടുത്ത തവണ വരുമ്പോള്‍ ഞാന്‍ നിനക്കൊരു സമ്മാനം കൊണ്ടുവരും."

അദ്ദേഹത്തിന്റെ വാഗ്‌ദാനം ഇളംമനസ്സിന്റെ ചെപ്പില്‍ ഞാന്‍ ഗൂഢമായ്‌ സൂക്ഷിച്ചു. ഗ്രീഷ്‌മവും, ഹേമന്തവും പലവട്ടം കടന്നുപോയി. ഒരുച്ചയ്‌ക്ക്‌ ഞാന്‍ സ്‌ക്കൂള്‍ കഴിഞ്ഞ്‌ മടങ്ങി വന്നപ്പോള്‍ അമ്മ പറഞ്ഞു-

"കുട്ടേട്ടന്‍ വന്നിരിക്കുന്നു.."

ഭക്ഷണം കഴിക്കുന്നത്‌ പൂര്‍ത്തീകരിക്കാതെ ഞാന്‍ വേഗം തറവാട്ടിലേക്കോടി. ഉമ്മറത്ത്‌നിന്ന്‌ ആരവത്തോടെ കുട്ടേട്ടന്റെ മുറിയിലേക്ക്‌ ഇരച്ച്‌ കടക്കാന്‍ ഭാവിച്ച എന്നെ അമ്മമ്മ തടഞ്ഞു-

"എങ്ങോട്ടാ?"

"കുട്ടേട്ടനെ കാണണം."

"ഇപ്പോ വേണ്ട; അവര്‍... ഒറങ്ങാണ്‌. കൊറച്ച്‌ കഴിഞ്ഞ്‌ മതി."

അമ്മമ്മയുടെ മുഖം അപ്പോള്‍ അസാധാരണമായ്‌ പരുഷമായിരുന്നു. അമ്മമ്മ കുട്ടേട്ടന്‍ കൊണ്ടുവന്ന ലഡുവും, പലഹാരങ്ങളും തന്നു. പുതിയ കളിപ്പാട്ടങ്ങളുമായ്‌ മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന ചേച്ചിയുടെ മക്കളുടെ കൂട്ടത്തില്‍ കൂടാന്‍ ഞാനും ശ്രമിച്ചു. ഒരു അന്യതാബോധം അവരിലും നിഴലിച്ചിരുന്നു. കളിപ്പാട്ടങ്ങള്‍ തൊടാന്‍ എന്നെ അവരനുവദിച്ചില്ല.

"ഇത്‌ ഞങ്ങടെ അച്ഛന്‍ കൊണ്ടുവന്നതാ..."

അദ്ദേഹം എനിക്ക്‌ കൊണ്ടുവന്നിരിക്കുന്ന സമ്മാനം എന്തായിരിക്കും? അതുമാത്രമായിരുന്നു എന്റെ ചിന്ത.

കുറേകഴിഞ്ഞപ്പോള്‍ ചേച്ചി മുറിയില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്നത്‌ കണ്ടു. ഞാനോടി അകത്തേക്കുചെന്നു. അവിടെ പെര്‍ഫ്യൂമിന്റെയും, സിഗരറ്റിന്റേയും ഗന്ധം. മയങ്ങുകയായിരുന്ന കുട്ടേട്ടന്‍ എന്റെ സാന്നിധ്യമറിഞ്ഞ്‌ നിവര്‍ന്നിരുന്നു. അസുഖകരമായിരുന്നു അദ്ദേഹത്തിന്റേയും അപ്പോഴത്തെ മുഖഭാവം. മുമ്പത്തെ കുട്ടേട്ടനില്‍നിന്നൊരുപാട്‌ മാറ്റം വന്നിരുന്നു. അദ്ദേഹം തടിച്ചു കുറുകിയിരുന്നു. കഷണ്ടി ബാധിച്ചിരുന്നു.

പെട്ടെന്ന്‌ കണ്ടപ്പോള്‍ എന്നെ മനസ്സിലായില്ലായെന്ന്‌ അദ്ദേഹം പറഞ്ഞു. ഞാനും മാറിപ്പോയത്രെ! കൊണ്ടുവന്ന സമ്മാനത്തെകുറിച്ചദ്ദേഹം ഒന്നും പറഞ്ഞില്ല. ഞാന്‍ വീണ്ടും കുറേനാളുകള്‍ കാത്തു.

പഴയ വാഗ്‌ദാനം അദ്ദേഹം മറന്നുപോയിരുന്നു.