Thursday, December 2, 2010

നഷ്ടബാല്യം-16


കുട്ടേട്ടന്‍

കുട്ടേട്ടന്‍ എന്റെ ചേച്ചിയുടെ(വല്ല്യമ്മയുടെ മകളുടെ) ഭര്‍ത്താവാണ്‌. അദ്ദേഹം എന്റെ സങ്കല്‌പത്തിലെ അച്ഛനായിരുന്നു.

മംഗലാപുരത്തായിരുന്നു അദ്ദേഹത്തിന്‌ ജോലി. ഗള്‍ഫുകാരെ പോലെ രണ്ടോ, മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോഴായിരുന്നു അക്കാലത്ത്‌ അദ്ദേഹം നാട്ടില്‍ വന്നിരുന്നത്‌. അദ്ദേഹം വന്നാല്‍ തറവാട്ടില്‍ ഉല്‍സവം പോലെയാണ്‌. എനിക്കുംഏതാണ്ടങ്ങനെതന്നെ . അച്ഛനോട്‌ വളരെ ബഹുമാനമായിരുന്നു കുട്ടേട്ടന്‌. അവര്‍ തമ്മില്‍ സുഹൃത്തുക്കളെപോലെയായിരുന്നു.

ചേച്ചിയും, കുട്ടേട്ടനും തമ്മിലുള്ള ദൃഢസ്‌നേഹബന്ധം, മക്കളോടുള്ള വാത്സല്യം, ഇതൊക്കെകാണുമ്പോള്‍ ഞാന്‍ മോഹിക്കും- ഞാന്‍ കുട്ടേട്ടന്റേയും, ചേച്ചിയുടേയും മകനായിരുന്നെങ്കില്‍!

ഓരോ തവണ നാട്ടില്‍ വരുമ്പോഴും അദ്ദേഹമെന്നോട്‌ പറയും- "നീ നീളംവച്ചുപോയി.... നീളംവച്ചുപോയി." നാട്ടില്‍ വന്നാല്‍ അദ്ദേഹത്തിന്റെ സ്‌ഥിരം സഹചരന്‍ ഞാനായിരുന്നു. പുഴയിലേക്കും മറ്റും ഞങ്ങളൊരുമിച്ചാണ്‌ പോകുക. പാടത്തുനിന്ന്‌്‌ ചേറ്റുമീന്‍ പിടിക്കാന്‍ കുട്ടേട്ടന്‌ വല്ലാത്ത വൈദഗ്‌ധ്യമായിരുന്നു. വേറെയും പ്രത്യേകതകളുായിരുന്നു.

അദ്ദേഹം തറവാട്ടിലുള്ളപ്പോള്‍ എനിക്ക്‌ സുരക്ഷിതത്വബോധം തോന്നിയിരുന്നു. യാദൃശ്ചികമായിരിക്കാം. കുട്ടേട്ടന്‍ നാട്ടിലുള്ള സമയത്ത്‌ അച്ഛനും, അമ്മയും തമ്മില്‍ വഴക്കും വക്കാണവും കുറവായിരുന്നു.

ഒരവധിക്ക്‌ നാട്ടില്‍ വന്ന്‌ പോകുമ്പോള്‍ കുട്ടേട്ടനെന്നോട്‌ പറഞ്ഞു-"അടുത്ത തവണ വരുമ്പോള്‍ ഞാന്‍ നിനക്കൊരു സമ്മാനം കൊണ്ടുവരും."

അദ്ദേഹത്തിന്റെ വാഗ്‌ദാനം ഇളംമനസ്സിന്റെ ചെപ്പില്‍ ഞാന്‍ ഗൂഢമായ്‌ സൂക്ഷിച്ചു. ഗ്രീഷ്‌മവും, ഹേമന്തവും പലവട്ടം കടന്നുപോയി. ഒരുച്ചയ്‌ക്ക്‌ ഞാന്‍ സ്‌ക്കൂള്‍ കഴിഞ്ഞ്‌ മടങ്ങി വന്നപ്പോള്‍ അമ്മ പറഞ്ഞു-

"കുട്ടേട്ടന്‍ വന്നിരിക്കുന്നു.."

ഭക്ഷണം കഴിക്കുന്നത്‌ പൂര്‍ത്തീകരിക്കാതെ ഞാന്‍ വേഗം തറവാട്ടിലേക്കോടി. ഉമ്മറത്ത്‌നിന്ന്‌ ആരവത്തോടെ കുട്ടേട്ടന്റെ മുറിയിലേക്ക്‌ ഇരച്ച്‌ കടക്കാന്‍ ഭാവിച്ച എന്നെ അമ്മമ്മ തടഞ്ഞു-

"എങ്ങോട്ടാ?"

"കുട്ടേട്ടനെ കാണണം."

"ഇപ്പോ വേണ്ട; അവര്‍... ഒറങ്ങാണ്‌. കൊറച്ച്‌ കഴിഞ്ഞ്‌ മതി."

അമ്മമ്മയുടെ മുഖം അപ്പോള്‍ അസാധാരണമായ്‌ പരുഷമായിരുന്നു. അമ്മമ്മ കുട്ടേട്ടന്‍ കൊണ്ടുവന്ന ലഡുവും, പലഹാരങ്ങളും തന്നു. പുതിയ കളിപ്പാട്ടങ്ങളുമായ്‌ മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന ചേച്ചിയുടെ മക്കളുടെ കൂട്ടത്തില്‍ കൂടാന്‍ ഞാനും ശ്രമിച്ചു. ഒരു അന്യതാബോധം അവരിലും നിഴലിച്ചിരുന്നു. കളിപ്പാട്ടങ്ങള്‍ തൊടാന്‍ എന്നെ അവരനുവദിച്ചില്ല.

"ഇത്‌ ഞങ്ങടെ അച്ഛന്‍ കൊണ്ടുവന്നതാ..."

അദ്ദേഹം എനിക്ക്‌ കൊണ്ടുവന്നിരിക്കുന്ന സമ്മാനം എന്തായിരിക്കും? അതുമാത്രമായിരുന്നു എന്റെ ചിന്ത.

കുറേകഴിഞ്ഞപ്പോള്‍ ചേച്ചി മുറിയില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്നത്‌ കണ്ടു. ഞാനോടി അകത്തേക്കുചെന്നു. അവിടെ പെര്‍ഫ്യൂമിന്റെയും, സിഗരറ്റിന്റേയും ഗന്ധം. മയങ്ങുകയായിരുന്ന കുട്ടേട്ടന്‍ എന്റെ സാന്നിധ്യമറിഞ്ഞ്‌ നിവര്‍ന്നിരുന്നു. അസുഖകരമായിരുന്നു അദ്ദേഹത്തിന്റേയും അപ്പോഴത്തെ മുഖഭാവം. മുമ്പത്തെ കുട്ടേട്ടനില്‍നിന്നൊരുപാട്‌ മാറ്റം വന്നിരുന്നു. അദ്ദേഹം തടിച്ചു കുറുകിയിരുന്നു. കഷണ്ടി ബാധിച്ചിരുന്നു.

പെട്ടെന്ന്‌ കണ്ടപ്പോള്‍ എന്നെ മനസ്സിലായില്ലായെന്ന്‌ അദ്ദേഹം പറഞ്ഞു. ഞാനും മാറിപ്പോയത്രെ! കൊണ്ടുവന്ന സമ്മാനത്തെകുറിച്ചദ്ദേഹം ഒന്നും പറഞ്ഞില്ല. ഞാന്‍ വീണ്ടും കുറേനാളുകള്‍ കാത്തു.

പഴയ വാഗ്‌ദാനം അദ്ദേഹം മറന്നുപോയിരുന്നു.7 comments:

ഭായി said...

സാഹചര്യങൾ മനുശ്യനിലുണ്ടാക്കുന്ന ഭാവ വ്യത്യാസങൾ കുറഞ വരികളിലൂടെ പ്രദീപിന് ഹൃദ്യമായി പറയാൻ കഴിഞു.
നന്നായിട്ടുണ്ട്.

രമേശ്‌അരൂര്‍ said...

കഥ വായിച്ചു .നന്നായി എഴുതി ..ബ്ലോഗില്‍ അഗ്രിഗേറ്ററുകള്‍ സ്ഥാപിച്ചാല്‍ വായനക്കാര്‍ക്ക് എളുപ്പം ബ്ലോഗു കണ്ടു പിടിക്കാനും വായിക്കാനും കഴിയും .ആശംസകള്‍
ഫോളോവര്‍ ലിങ്കും ഇടുക .

രമേശ്‌അരൂര്‍ said...

എന്റെ ബ്ലോഗില്‍ വന്നു ആദ്യക്ഷരി , ജാലകം ,തുടങ്ങിയ ലിങ്കുകള്‍ പരിശോധിക്കുക ..
ഇരിപ്പിടം എന്ന ബ്ലോഗിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഫോളോവര്‍ ലിങ്ക് ഇടുന്നതിനെ പറ്റി അറിയാം ..

~ex-pravasini* said...

പരിചയപ്പെടാന്‍ വന്നതാ..ഞാനും.
കഥ വായിച്ചു,കുട്ടിക്കാലത്ത്‌ ഇങ്ങനെ ഒരനുഭവമെങ്കിലും ഉണ്ടാകാത്തവര്‍
വിരളമായിരിക്കും,

ആശംസകള്‍..

harikuttan said...

see i am 100% successfull man in my life get lost the people who doesnot like you why should you worry about your past you are not only were suffering so think about future and enjoy the success and ur success is against u r fathrr who lost a wonderfull life in his old age

ramanika said...

ഇഷ്ട്ടപെട്ടു !!!!

Anonymous said...

എഴുത്ത് നന്നായിട്ടുണ്ട് ......വായനാസുഖം ഉണ്ട് ......ഒരു നഷ്ടബോധം നിഴലിക്കുന്ന അന്ത്യം.........