Sunday, October 25, 2009

എന്റെ മുത്തശ്ശിമാര്‍

എന്റെ ഗ്രാമത്തിലെ മുത്തശ്ശിമാരെല്ലാം എന്റെ സ്വന്തം മുത്തശ്ശിമാരാണ്‌. അവര്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും പുതുതലമുറയെ പലതും പഠിപ്പിക്കുന്നു. കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ എന്റെ ഓരോ മുത്തശ്ശിക്കും രസകരമായ ഓരോ കഥ പറയാനുണ്ട്‌. ഏതാനും ചില മുത്തശ്ശിമാര്‍.

കുഞ്ഞാര്‍ച്ച മുത്തശ്ശി
96-ാമത്തെ വയസ്സിലാണ്‌ കുഞ്ഞാര്‍ച്ച മുത്തശ്ശി മരിച്ചത്‌. ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ രൂപം. കറുത്തു തടിച്ച ദേഹം. അന്നവര്‍ മാറു മറച്ചിരുന്നില്ല. പക്ഷെ കഴുത്തില്‍ അണിഞ്ഞിരുന്ന നാനാവര്‍ണ്ണത്തിലുള്ള അസംഖ്യം മുത്തുമാലകള്‍ അവരുടെ മുലകളെ ശ്ശിമുക്കാലും ഒളിപ്പിച്ചിരുന്നു. ശുഷ്‌കിച്ചതാണെങ്കിലും അവരുടെ മുന്നോട്ടാഞ്ഞുകിടക്കുന്ന മുലകള്‍ കാണുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അതിശയപ്പെട്ടിരുന്നു. എത്ര വലിയ മുലകള്‍! അപ്പോള്‍ എന്റെ കൂട്ടുകാരന്‍ പ്രകാശന്‍ അത്‌ ഖണ്ഡിച്ചുകൊണ്ട്‌ പറഞ്ഞു- "വെറുതെ! എന്റെ അമ്മയ്‌ക്ക്‌ ഇതിലും വലിയ മുലയുണ്ട്‌"

എന്തായിരുന്നു കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ ദീര്‍ഘായുസ്സിന്‌ കാരണം? പണ്ട്‌ ഞങ്ങളുടെ ഗ്രാമത്തില്‍ നിറയെ പാടങ്ങളുണ്ടായിരുന്നു. വര്‍ഷക്കാലത്ത്‌ പാടങ്ങള്‍ നിറയും. പാടത്ത്‌ നിറയെ മത്സ്യങ്ങളും തവളകളും നീര്‍ക്കോലികളും.

സന്ധ്യയായാല്‍ തവളകള്‍ കരയും "ക്രോം ക്രോം ". രാവും പകലും വേര്‍തിരിച്ചറിയാനാവാത്ത പ്രകൃതിയിലെ മഴയുടെ സംഗീതവും പോക്കാച്ചിത്തവളകളുടെ കരച്ചിലും മനസ്സില്‍ പല ഭാവഭേദങ്ങള്‍ സൃഷ്ടിക്കുന്നതായി തോന്നും. അപ്പോള്‍ കുഞ്ഞാര്‍ച്ച മുത്തശ്ശി കുണ്ടന്‍ കുടയുമെടുത്ത്‌ പാടത്തേക്ക്‌ പോകുന്നത്‌ കാണാം. അവര്‍ പാടത്തുനിന്ന്‌ മുഴുമുഴുത്ത കുറേ പോക്കാച്ചിത്തവളകളെ പിടിക്കും. എന്റെ വീടിന്റെ ഇടവഴിയിലൂടെ പോകുന്ന കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ കൈപ്പിടിയില്‍ തീര്‍ത്തും നിസ്സഹായമായി കണ്ണുതുറിച്ചുകിടക്കുന്ന പോക്കാച്ചിത്തവളകളെ കാണുമ്പോള്‍ എനിക്ക്‌ അനുതാപം തോന്നും. പാവം പോക്കാച്ചിത്തവളകള്‍! കുഞ്ഞാര്‍ച്ച മുത്തശ്ശി അവയെ കറിവെച്ച്‌ തിന്നാനാണ്‌ കൊണ്ടുപോകുന്നത്‌.

പിറ്റേന്ന്‌ കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ പറമ്പിലൂടെ ഞാന്‍ സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ വീടിന്റെ പിന്നാമ്പുറത്തെ തെങ്ങിന്‍കുഴിയില്‍ കാലുകള്‍ മാത്രം അറുത്തുമാറ്റിയ പോക്കാച്ചിത്തവളകളുടെ ശേഷിച്ച രൂപങ്ങള്‍ കാണാം.

സൂക്ഷിച്ചുനോക്കിയാല്‍ അവയുടെ വലിയ കണ്ണുകള്‍ മിന്നിമറയുന്നതായി തോന്നും. ചത്തിട്ടില്ലെന്നുതോന്നും.

പോക്കാച്ചിത്തവളകളുടെ തടിച്ച കാലുകള്‍ മാത്രമാണത്രെ കുഞ്ഞാര്‍ച്ച മുത്തശ്ശി തിന്നാനെടുക്കുക. തൊണ്ണൂറാം കുരയ്‌ക്കും ശ്വാസംമുട്ടലിനും അത്‌ ഔഷധമാണത്രെ!

മരണം വരെ കുഞ്ഞാര്‍ച്ച മുത്തശ്ശിക്ക്‌ ഒരസുഖവും ഉണ്ടായിരുന്നില്ല. തവളകളുടെ മുഴുത്ത കാലുകളായിരുന്നോ കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ ദീര്‍ഘായുസ്സിന്‌ നിദാനം.

പൂക്കുണ്ട ചീരായി
തല നിറയെ വെള്ളിത്തലമുടിയുള്ള, എപ്പോഴും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളോടെയുള്ള പൂക്കുണ്ട ചീരായിയെ കാണാന്‍ നല്ല ഭംഗിയായിരുന്നു. നല്ല ചുറുചുറുക്കുള്ള സുന്ദരി മുത്തശ്ശിയായിരുന്നു പൂക്കുണ്ട ചീരായി.

മൊച്ചയും കുരങ്ങനും മയിലുകളും വസിക്കുന്ന ഒരു കുന്നിന്‍പുറത്തായിരുന്നു പൂക്കുണ്ട ചീരായിയുടെ വീട്‌.

ഓണക്കാലത്ത്‌ കരിമ്പനയോല കൊണ്ട്‌ പൂക്കള്‍ ശേഖരിക്കാനുള്ള പൂക്കുണ്ട ഉണ്ടാക്കലാണ്‌ ചീരായി മുത്തശ്ശിയുടെ പണി. അതുകൂടാതെ മുറവും കൊട്ടയുമൊക്കെ അവരുണ്ടാക്കിയിരുന്നു.

ഓണക്കാലത്തേ ഞാന്‍ പൂക്കുണ്ട ചീരായിയെ കണ്ടിരുന്നുള്ളൂ. അത്തത്തിന്‌ നാലോ അഞ്ചോ നാള്‍ മുമ്പ്‌ ചീരായി മുത്തശ്ശി പൂക്കുണ്ടകളുമായി സകല വീടുകളിലും വരും. അവരെപ്പോലെ അവരുടെ പൂക്കുണ്ടകള്‍ കാണാനും നല്ല ഭംഗിയായിരുന്നു. അതിനു വല്ലാത്തൊരു സുഗന്ധമുണ്ടായിരുന്നു. ഒരാള്‍ തന്നെ ഒന്നും രണ്ടും പൂക്കുണ്ടകള്‍ വാങ്ങിക്കും. തുമ്പയ്‌ക്കും തെച്ചിയ്‌ക്കും അരിപ്പൂവിനുമൊക്കെ വെവ്വേറെ പൂക്കുണ്ടകള്‍.

പിന്നീടെന്നോ ഒരോണത്തിന്‌ പൂക്കുണ്ട ചീരായി വന്നില്ല. ഞങ്ങള്‍ കുട്ടികള്‍ ആകാംക്ഷയോടെ അവരെ കാത്തുനിന്നു. പിന്നീടാരോ പറഞ്ഞു. ചീരായി മുത്തശ്ശി മരിച്ചുപോയത്രെ!

പ്രൗഢമല്ലെങ്കിലും ഇന്നും ഓണം വരുമ്പോള്‍ ഞാന്‍ പൂക്കുണ്ട ചീരായിയെയും പ്രതീക്ഷിക്കുന്നു. പൂക്കുണ്ട ചീരായി വന്നിട്ടും ഇനി കാര്യമില്ലെന്നറിയാം. പൂക്കളില്ലാതെ പൂക്കുണ്ട കൊണ്ടെന്തുകാര്യം? എങ്കിലും.


ചെറിച്ചിത്തള്ള
ചെറിച്ചി മുത്തശ്ശിയെ എല്ലാവരും ചെറിച്ചിത്തള്ള എന്നാണ്‌ വിളിച്ചിരുന്നത്‌. ചെറിച്ചി മുത്തശ്ശിയുടെ പല്ലുകള്‍ മുഴുവനും കൊഴിഞ്ഞിരുന്നു. കാതില്‍ വലിയ തുളകളുണ്ടായിരുന്നു.

വേനല്‍ക്കാലത്ത്‌ പുഴയുടെ കുറേ ഭാഗം വളച്ചുകെട്ടി കായ്‌കനികള്‍ ഉണ്ടാക്കലായിരുന്നു ചെറിച്ചിമുത്തശ്ശിയുടെ പണി. കരിമ്പുകള്‍ കുത്തിയാണ്‌ അതിരുകളുണ്ടാക്കുക. പയര്‍, തണ്ണിമത്തന്‍, ശര്‍ക്കരക്കിഴങ്ങ്‌, വെള്ളരിക്ക, ഇളവന്‍ തുടങ്ങിയ പച്ചക്കറികളായിരുന്നു അവര്‍ കൃഷി ചെയ്യുക. എന്നിട്ട്‌ മൂപ്പിനനുസരിച്ച്‌ ഓരോന്നറുത്തെടുത്ത്‌ വീടുകളില്‍ കൊണ്ടുനടന്ന്‌ വില്‍ക്കും. ആരും വിലപേശിയിരുന്നില്ല. രാസവളമിടാത്ത നാടന്‍ ഇനങ്ങളായിരുന്നു ചെറിച്ചിമുത്തശ്ശിയുടേത്‌.

ഞങ്ങള്‍ ഒരുപറ്റം കുട്ടികള്‍ ആട്ടിന്‍കൂട്ടങ്ങളുമായി പുഴവക്കത്ത്‌ കാലികളെ മേച്ചുനടക്കും. അപ്പോള്‍ സൂത്രത്തില്‍ കയറി തണ്ണിമത്തനും വെള്ളരിപ്പൂവനും മോഷ്ടിക്കും. എന്തു സ്വാദായിരുന്നു ചെറിച്ചിമുത്തശ്ശിയുടെ ഫലവര്‍ഗ്ഗങ്ങള്‍ക്ക്‌.

ഒരിക്കല്‍ പുതുതായി വന്ന ഒരു വരത്തന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നു. അവനായി പിന്നെ ഞങ്ങളുടെ ലീഡര്‍- 'ഇബ്രായി '. അക്രമവാസനയായിരുന്നു ഇബ്രായിയുടെ മുഖമുദ്ര.

ഒരുനാള്‍ ഇബ്രായി ഒരു ഓര്‍ഡറിട്ടു- "ചെറിച്ചിത്തള്ളയുടെ പച്ചക്കറിത്തോട്ടത്തിലെ മുഴുവന്‍ കായ്‌കനികളും അടിച്ചുമാറ്റുക " അവന്റെ നേതൃത്വത്തില്‍ ഞങ്ങളെല്ലാവരും ചെറിച്ചിമുത്തശ്ശിയുടെ കായ്‌കനി തോട്ടത്തിലേക്ക്‌ ഇരച്ചുകയറി. സകല ഫലവര്‍ഗ്ഗങ്ങളും ഞങ്ങള്‍ അറുത്തെടുത്തു. ഇബ്രായിയുടെ വലിയ ചാക്കുകള്‍ നിറഞ്ഞു. അവന്റെ അനിയന്മാര്‍ തലച്ചുമടുകളുമായി അതവന്റെ വീട്ടിലേക്കെത്തിച്ചു. അവസാനം ഇബ്രായി ഞങ്ങളുടെ അമ്പതില്‍പ്പരം ആട്ടിന്‍കൂട്ടത്തെ ചെറിച്ചിമുത്തശ്ശിയുടെ പച്ചക്കറിത്തോട്ടത്തിലേക്ക്‌ തെളിച്ചു. ആടുകള്‍ സകലതും തിന്നുമുടിച്ചു. വള്ളികള്‍ പോലും അവശേഷിക്കാതെ കായ്‌കനി തോട്ടം നാമാവശേഷമായി. ഇബ്രായിയോട്‌ നേരിട്ട്‌ ചോദിക്കാന്‍ ധൈര്യമില്ലെങ്കിലും ഞാന്‍ മനസ്സില്‍ ചോദിച്ചു- "എന്താ ഇബ്രായി ചെറിച്ചിമുത്തശ്ശിയോട്‌ ഇങ്ങനെയൊരു ക്രൂരത? "

ചെറിച്ചിമുത്തശ്ശിയെ ഇപ്പോള്‍ എന്റെ ഗ്രാമത്തില്‍ കാണാറില്ല. പാവം ഒരുപക്ഷേ മരിച്ചുപോയിരിക്കും.

പാട്ടിച്ചിരുത
ഒരുതരം പേടിയോടെയേ ചിരുതയുടെ കഥ പറയാനാകൂ. അധികമാളുകള്‍ക്കും അവരോട്‌ ഭയം കലര്‍ന്ന വെറുപ്പായിരുന്നു. പാട്ടിച്ചിരുതയ്‌ക്ക്‌ ഒടിവിദ്യ അറിയാമായിരുന്നത്രെ! നിരവധി ആളുകളെ ചിരുത ഒടിമറിച്ച്‌ കൊന്നിട്ടുണ്ട്‌. ജീവിച്ചിരുന്ന പല രക്തസാക്ഷികളും എന്റെ ഗ്രാമത്തിലുണ്ട്‌.

പണ്ടൊക്കെ ആളുകള്‍ പരസ്‌പരം വൈരം തീര്‍ക്കാന്‍ പാട്ടിച്ചിരുതയെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഇന്നത്തെ ക്വട്ടേഷന്‍ സംഘത്തിന്റെ പണി.

സംഗതി ഏറ്റുകഴിഞ്ഞാല്‍ പാട്ടിച്ചിരുത രാത്രി പാലമരത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഒടിമരുന്ന്‌ പുറത്തെടുക്കും. പിന്നെ ഇഷ്ടമുള്ള മൃഗരൂപം ധരിച്ച്‌ ശത്രുവിനെ ഒടിച്ച്‌ (പേടിപ്പിച്ച്‌) കൊല്ലും. ഒടിരൂപത്തിലുള്ള മൃഗങ്ങള്‍ക്ക്‌ വാലോ കൊമ്പോ ഉണ്ടാകില്ലത്രെ.

രാത്രികാലങ്ങളില്‍ ഒടിമറിഞ്ഞ്‌ വിഹരിക്കുന്ന ചിരുതയെ കണ്ടവരേറെയുണ്ട്‌. അവരത്‌ വര്‍ണ്ണിക്കുന്നത്‌ കേള്‍ക്കാന്‍ നല്ല രസമാണ്‌.

ഒരു വീട്ടില്‍ പുതിയൊരു ഉണ്ണി പിറന്നാല്‍ കണ്ണേറ്‌ തട്ടാതിരിക്കാനും പേടിപ്പനിയുണ്ടാകാതിരിക്കാനും പലരും പാട്ടിച്ചിരുതയില്‍നിന്ന്‌ ജപിച്ചുകെട്ടിയ ചരട്‌ വാങ്ങും. തിരുവാതിരയ്‌ക്കും ഓണത്തിനുമൊക്കെ പാട്ടിച്ചിരുത ഓരോ വീട്ടിലും വന്ന്‌ പാണപ്പാട്ട്‌ പാടിയിരുന്നു. ഒരു നന്ദുണ്ണിയും കൂടെയുണ്ടാകും. ശ്രവണസുന്ദരമായിരുന്നു അവരുടെ പാട്ട്‌. ചിരുതയ്‌ക്ക്‌ പ്രതിഫലം എല്ലാവരും കണ്ടറിഞ്ഞ്‌ നല്‍കും. പ്രതിഫലം കുറഞ്ഞുപോയാല്‍ ചിരുത രാത്രി ഒടിമറിഞ്ഞുവന്ന്‌ പേടിപ്പിക്കുമത്രെ.

ചെയ്‌തുപോയ ദുഷ്‌കര്‍മ്മങ്ങളുടെ പരിണിത ഫലമാകാം ചിരുത ഒരുപാട്‌ കാലം നരകിച്ച്‌ കിടന്നാണ്‌ മരിച്ചത്‌. രാത്രികാലങ്ങളില്‍ ഇന്നും ചിരുതയെ ഭയക്കുന്നവര്‍ എന്റെ ഗ്രാമത്തിലുണ്ട്‌.

രുക്കു മുത്തശ്ശി
രുക്കു മുത്തശ്ശിക്ക്‌ കുറെ പെണ്‍മക്കളുണ്ടായിരുന്നു. മക്കള്‍ക്ക്‌ മക്കളായി. അവര്‍ക്കും മക്കളായി. മൂന്നു തലമുറയെ കണ്ട ചാരിതാര്‍ത്ഥ്യത്തില്‍ രുക്കു മുത്തശ്ശി ഗ്രാമത്തില്‍ വിലസലോട്‌ വിലസല്‍. കാര്യമായ അസുഖമൊന്നുമില്ല. ചെവി കുറച്ച്‌ പതുക്കെയാണെന്നുമാത്രം. തൊണ്ണൂറു വയസ്സെങ്കിലുമായിക്കാണും.

രുക്കുമുത്തശ്ശിയുടെ സമകാലികരായ പൂക്കുണ്ട ചീരായിയും കുഞ്ഞാര്‍ച്ച മുത്തശ്ശിയും പാട്ടിച്ചിരുതയുമൊക്കെ കാലഗതി പൂകി. അങ്ങനെയിരിക്കെ മുത്തശ്ശിക്കൊരു പൂതി- "തനിക്ക്‌ നാലാളറിഞ്ഞ്‌ മരിക്കണം " രുക്കു മുത്തശ്ശി പ്രാര്‍ത്ഥിച്ചു. "നാരായണാ, ഇഹത്തിലെ സകല സുഖദുഖങ്ങളും ഞാനനുഭവിച്ചുകഴിഞ്ഞു. ഇനി എന്നെ എത്രയുംവേഗം അവിടുത്തേക്കെടുക്കണേ "

രുക്കു മുത്തശ്ശിയുടെ പ്രാര്‍ത്ഥന നാരായണന്‍ കേട്ടു. ഒരു ദിവസം നാരായണന്‍ ഒരു പേപ്പട്ടിയുടെ രൂപം പൂണ്ട്‌ വന്ന്‌ രുക്കുമുത്തശ്ശിയെ തലങ്ങും വിലങ്ങും ഓടിച്ചിട്ട്‌ കടിച്ചു. കടിയെന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ കടി. രുക്കു മുത്തശ്ശി ആകെ ചോരയില്‍ കുതിര്‍ന്നു. മരണം കാത്തുകിടന്നു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി മുത്തശ്ശിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ രുക്കുമുത്തശ്ശിയുടെ ദേഹം മുഴുവന്‍ തുന്നിക്കെട്ടി. ഊട്ടിയില്‍നിന്ന്‌ പേവിഷത്തിനുള്ള മരുന്ന്‌ വരുത്തി അവരുടെ പൊക്കിളിന്‌ ചുറ്റും കുറേ ഇഞ്ചക്ഷന്‍. അങ്ങനെ രുക്കു മുത്തശ്ശി പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തെണീറ്റു.

തന്റെ ആഗ്രഹം സഫലമായില്ലല്ലോ എന്ന വ്യതിഥ ഭാരത്തോടെ രുക്കു മുത്തശ്ശി വീണ്ടും പ്രാര്‍ത്ഥിച്ചു. ഇക്കുറി നാരായണന്‍ ഒരു മരത്തിന്റെ രൂപത്തിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌. മുത്തശ്ശി മുറ്റത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഒരു വലിയ അത്തിമരം മുത്തശ്ശിയുടെ തലയിലേക്ക്‌ 'ഠേ' എന്നൊരു വീഴ്‌ച. തലപൊട്ടി ചോരയൊഴുകി. രുക്കുമുത്തശ്ശി വീണ്ടും ആശുപത്രിയില്‍, വീണ്ടും ജീവിതത്തിലേക്ക്‌.

ഇനി എന്തുചെയ്യും? രുക്കു മുത്തശ്ശി തലപുകഞ്ഞാലോചിച്ചു. തനിക്കെത്രയും പെട്ടെന്ന്‌ മരിച്ച്‌ പേരെടുക്കണം. അങ്ങനെ മുത്തശ്ശി ഒരു തീരുമാനമെടുത്തു. വീട്ടില്‍ മറ്റാളുകളാരുമില്ലാത്ത തക്കം നോക്കി. പതിനെട്ടു കോല്‍ ആഴമുള്ള കിണറ്റിലേക്ക്‌ 'പ്ലും' എന്നൊരു ചാട്ടം.

രുക്കു മുത്തശ്ശി കുറേ വെള്ളം കുടിച്ചു. കുറെ മുങ്ങിപ്പൊങ്ങി. എന്നിട്ടും മരിച്ചില്ല. മരണവേദന അസഹ്യം തന്നെ. രുക്കു മുത്തശ്ശിക്ക്‌ മനസ്സിലായി. അങ്ങനെ രുക്കുമുത്തശ്ശി കിണറ്റിലോട്ട്‌ വീണുകിടന്നിരുന്ന കയറില്‍ പിടിച്ച്‌ തൂങ്ങിക്കിടന്നു.

വീട്ടുകാരും നാട്ടുകാരും അറിഞ്ഞ്‌ സാഹസികമായി മുത്തശ്ശിയെ പുറത്തെടുത്തു.

സമയം ഏറെ കഴിഞ്ഞ്‌ കുടിച്ച വെള്ളം മുഴുവന്‍ ചര്‍ദ്ദിച്ച്‌ ശാന്തമായപ്പോള്‍ മുത്തശ്ശി ഓര്‍ത്തു- "ആ കയറില്ലെങ്കില്‍ താനെപ്പഴോ സ്വര്‍ഗ്ഗത്തിലെത്തിയിരുന്നു. "

എന്റെ ഗ്രാമത്തിലെ പല മുത്തശ്ശിമാരും യാത്രയായിക്കഴിഞ്ഞു. രുക്കു മുത്തശ്ശി ഇപ്പോഴും ജീവനോടെയിരിക്കുന്നു. ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു- "രുക്കു മുത്തശ്ശിയുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കരുതേ. രുക്കുമുത്തശ്ശി ഇനിയും ജീവിക്കണേ "