Thursday, July 29, 2010

നഷ്ടബാല്യം-9


വിരഹം

ഒരുദിവസം രാത്രി അച്ഛന്‍ ഞങ്ങള്‍ ആടിനെ മേയ്‌ച്ചിരുന്ന തെങ്ങിന്‍ തോപ്പുകടന്ന്‌ കുറേദൂരം പാടങ്ങളിലൂടെയും, ഇടവഴികളിലൂടെയുമൊക്കെ യാത്രചെയ്‌ത്‌ മറ്റൊരു കളരിയിലേയ്‌ക്ക്‌ കൊണ്ടുപോയി. കുമാരന്‍ ഗുരുക്കളില്‍ നിന്ന്‌ കിട്ടാത്ത പ്രധാനപ്പെട്ട അടവ്‌ സ്വായത്തമാക്കുക എന്നതായിരുന്നു ഉദ്ദേശം.

വലിയൊരു കളരിയായിരുന്നു അത്‌. ധാരാളം അഭ്യാസികളുണ്ടായിരുന്നു. കളരിയുടെ നടുക്ക്‌ സ്‌തൂഭം പോലെയുള്ള വലിയ കല്‍വിളക്കില്‍ നല്ലെണ്ണയില്‍ കുതിര്‍ന്ന തിരികള്‍ പന്തം കത്തുന്നു. വളരെ ചെറുപ്പക്കാരനായ ഒരാളായിരുന്നു അവിടത്തെഗുരുക്കള്‍. അയാള്‍ ഞങ്ങള്‍ക്ക്‌ വളരെ സ്‌നേഹമയമായും, ലളിതമായും ചില അടവുകള്‍ കാണിച്ചുതന്നു. ഒരു രാത്രിയ്‌ക്ക്‌ മാത്രമായുള്ള ഒരു ശിഷ്യപ്പെടലായിരുന്നു അത്‌.

നേരം വളരെ വൈകിയിരുന്നു. അഭ്യാസനത്തിന്‌ ശേഷം അച്ഛനും, കൂട്ടാളികളും ഗുരുക്കളുടെ വീട്ടിലിരുന്ന്‌ മദ്യപാനമാരംഭിച്ചു. എന്നേയും, അനിയനേയും 'കുട്ട്യമ്പി' എന്ന്‌ പേരുള്ള ഗുരുക്കളുടെ പിതാവ്‌ ഒരു കുടുസ്സുമുറിയിലിരുത്തി ചോറും കറികളും തന്നു. ആമയിറച്ചിയായിരുന്നു സ്‌പെഷ്യല്‍. അദ്ദേഹം നിര്‍ബന്ധിച്ച്‌ ഞങ്ങളെ ഊട്ടി. ഭക്ഷണരീതികളും, വീടിന്റെ അകത്തളങ്ങളുമൊക്കെ കണ്ടപ്പോള്‍ അവര്‍ താഴ്‌ന്ന വര്‍ഗ്ഗക്കാരാണെന്ന്‌ എനിക്ക്‌ തോന്നി. മടങ്ങുമ്പോള്‍ കനപ്പെട്ട ഒരു സംഖ്യ അച്‌ഛന്‍ ഞങ്ങളെക്കൊണ്ട്‌ ദക്ഷിണ കൊടുപ്പിച്ചു. ഗുരു നന്നായ്‌ വരും എന്ന്‌ മൂര്‍ദ്ധാവില്‍ തൊട്ട്‌ അനുഗ്രഹിച്ചു.

പതിരാത്രി കഴിഞ്ഞ്‌ അവിടെ നിന്ന്‌ മടങ്ങുമ്പോള്‍ അകാരണമായൊരു വ്യസനം എന്നെ പിടികൂടി; വേര്‍പാടിന്റെ. രണ്ടാമതൊരിക്കല്‍ കൂടി അങ്ങോട്ട്‌ പോകാന്‍ സാധ്യതയില്ലാ എന്ന്‌ അച്ഛന്‍ ഞങ്ങളോട്‌ പറഞ്ഞിരുന്നു.

പിറ്റേന്ന്‌ പുലര്‍ന്നെണീറ്റപ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ ആ വീടും, കളരിയും, ഗുരുവും പൂര്‍വ്വാധികം കാന്തിയോടെ
തെളിഞ്ഞുനിന്നു.

"എനിക്കൊരിക്കല്‍കൂടി അങ്ങോട്ട്‌ പോകണം` അതുമാത്രമായ്‌ ചിന്ത. തീഷ്‌ണമായൊരു കാന്തിക പ്രകര്‍ഷണം.

വീണ്ടും പോകണം എന്ന്‌ അച്ഛനോട്‌ പറയാന്‍ ധൈര്യമില്ല. അനിയനോട്‌ സൂചിപ്പിച്ചപ്പോള്‍ അവനതിന്‌
താത്‌പര്യമില്ല.

ഒരു ഞായറാഴ്‌ച്ച അടങ്ങാത്ത തൃഷ്‌ണയോടെ ഞാനൊറ്റയ്‌ക്ക്‌ തെങ്ങിന്‍ തോപ്പില്‍ നിന്നും അവിടേയ്‌ക്ക്‌ യാത്രയാരംഭിച്ചു. രാത്രിയിലായിരുന്നു ആദ്യയാത്ര എന്നതുകൊണ്ട്‌ ആ സ്ഥലവും വഴിയും എനിയ്‌ക്ക്‌ തീര്‍ത്തും അപരിചിതമായിരുന്നു. എങ്കിലും ഒരുതരത്തില്‍ ദുരൂഹമായിരുന്ന ആ അന്വേഷണം എന്നില്‍ ഗോചരാതീതമായൊരാനന്ദം പ്രധാനം ചെയ്‌തു.

സ്ഥലംമാറി പല വീട്ടലും ഞാന്‍ ചെന്നന്വേഷിച്ചു. അപരിചിതമാണെങ്കിലും അവിടെയെല്ലാം മുമ്പെങ്ങോ കണ്ടു മറന്ന, എന്തോമറന്നുവെച്ച, പൂര്‍ത്തീകരിക്കാതെപോയിരുന്ന മൗലികമായൊരു ചോദന എന്നിലുളവാക്കി. പലര്‍ക്കും കൊച്ചുകുട്ടിയായ എന്റെയീ നിഗൂഢപ്രവര്‍ത്തി അത്ഭുതകരമായ്‌ തോന്നി.

അവസാനം ആരോ ഒരാള്‍ എന്നെ അവിടെ എത്തിച്ചു. ഗുരു അവിടെയുണ്ടായിരുന്നില്ല. കുട്ട്യമ്പിയും, വീട്ടുകാരും എന്നെ സസന്തോഷം സ്വീകരിച്ചു. കുറച്ച്‌ ദിവസം മുമ്പ്‌ ചുവടുവച്ച കളരിയെ നിര്‍വൃതിയോടെ ഞാന്‍ നോക്കി കണ്ടു. പക്ഷേ രാത്രിയിലെ പ്രൗഢിയും, എടുപ്പുമൊന്നും ആ കളരിയ്‌ക്കോ കല്‍വിളക്കിനോ അപ്പോഴുണ്ടായി തോന്നിയില്ല.

കുട്ട്യമ്പി എനിക്ക്‌ കട്ടന്‍ചായ ഉണ്ടാക്കിതന്നു. പൊരിയും അരിമുറുക്കും തന്നു. മടങ്ങുമ്പോള്‍ തെങ്ങിന്‍തോപ്പുവരെ അദ്ദേഹം എന്നെ അനുഗമിച്ചു.
.
അവിടെ നിന്ന്‌ യാത്ര പറഞ്ഞ്‌ പിരിയുമ്പോള്‍ കുട്ട്യമ്പി അസംഖ്യം മടക്കുകളുള്ള മുറുക്കാന്‍ പൊതിയില്‍ നിന്നും ഏതാനും നാണയതുട്ടുകളെടുത്ത്‌ എനിയ്‌ക്ക്‌ തന്നു. എന്നെ ആശിര്‍വദിച്ചു.

മടങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. പുലയനായ ആ വൃദ്ധന്‍ എന്റെയാരുമല്ല എങ്കിലും.

Monday, July 19, 2010

നഷ്ടബാല്യം-8


യാത്ര

പുഴയിലൂടെയാണ്‌ ഞങ്ങളുടെ യാത്ര. കുംഭമാസമായതിനാല്‍ കലശം കഴിച്ച്‌ തീര്‍ത്ഥം തളിച്ച യജ്ഞഭൂമിയിലെന്നപ്പോലെ വെളളം അങ്ങിങ്ങ്‌.

അച്ഛന്‍ വളരെ മുന്നിലായിരുന്നു. ഒരു നിശ്ചിതദൂരം പാലിച്ചെന്നോണം ഞാനും അനിയനും പിന്നില്‍. ദൂരം ചിലപ്പോള്‍ പരിധി വിട്ട്‌ അകന്നു പോയാല്‍ അച്ഛന്‍ ഞങ്ങളെ ഭര്‍ത്സിക്കും. അപ്പോള്‍ ഞങ്ങളോടി ഒപ്പമെത്തും.

അച്ഛനറിയാതെ ഒളിഞ്ഞുനിന്നും, പിന്നില്‍നിന്നും അച്ഛനെ നോക്കി രസിക്കുകയെന്നത്‌ എന്റെ ഒരു വിനോദമായിരുന്നു. എന്റെ അച്ഛന്‍ സുന്ദരനാണ്‌. ഒത്ത ഉയരവും, ദേഹവും. മുകളിലേക്ക്‌ ചീകിവെക്കുന്ന തലമുടി നല്ല വഴക്കമുളള കറുകറുത്ത മുടിയാണ്‌. എന്റെത്‌ പോലെ കോലന്‍മുടിയല്ല. അച്ഛന്‌ വെളളിത്തിരയിലെ ഒരു സിനിമാനടനുമായ്‌ മുഖസാദൃശ്യമുണ്ട്‌. അച്ഛനെപ്പോലെയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍....! മനസ്സിലെ നിഗൂഢമായ മോഹം അതായിരുന്നു.

പുഴ കടന്നാല്‍ മറ്റൊരു ഗ്രാമമായി. അവിടെ ചെറിയൊരു അങ്ങാടിയുണ്ട്‌. ബീഫുകറി മണക്കുന്ന ചെറിയ ഹോട്ടലിനരുകിലെത്തുമ്പോള്‍ അച്ഛന്റെ പതിവുളള ഒരു ചോദ്യമുണ്ട്‌.

" ചായ കുടിക്കണോ "

ഉവ്വെന്ന്‌ പറയാന്‍ ജാള്യതയും, ഭയവുമാണ്‌. അങ്ങനെ പറഞ്ഞിട്ടില്ല.

" കുടിക്കെണങ്കി കുടിക്കാ "

അങ്ങുമിങ്ങും തൊടാതെയുളള ഒരുത്തരം. അതും ഞാനാണ്‌ പറയുക. അനിയനൊന്നും മിണ്ടില്ല. അച്ഛന്‍ പൊറോട്ടയും ബീഫും ഞങ്ങള്‍ക്ക്‌ വാങ്ങി തരും. പിന്നെ അദ്ദേഹം കുറച്ചപ്പുറമുളള ചാരായഷാപ്പിലേക്കു പോകും. അച്ഛന്‍ വരുന്നതിനു മുമ്പ്‌ കൊതിയോടെ, ധൃതിയില്‍ ഞങ്ങളത്‌ തിന്ന്‌ തീര്‍ത്ത്‌ ' ഒന്നുമറിയില്ല രാമനാരായണ ' എന്ന മട്ടില്‍ നില്‌ക്കും. അച്ഛന്‍ മടങ്ങി വരുമ്പോള്‍ സ്വതേ കലങ്ങിയ ആ കണ്ണുകള്‍ ഒന്നുകൂടി ചുവന്നിട്ടുണ്ടാകും. അവിടെനിന്നും ബസ്സ്‌ കയറി കുറേ യാത്ര ചെയ്‌തു വേണം ഞങ്ങള്‍ക്ക്‌ ലക്ഷ്യസ്ഥാനത്തെത്താന്‍. അവിടം അച്ഛന്‍ ജനിച്ചു വളര്‍ന്ന ഗ്രാമമാണ്‌. പ്രസിദ്ധ കളരിയാശാന്‍ കുമാരന്‍ഗുരുക്കളുടെ അടുത്തേക്ക്‌ കളരി പഠിപ്പിക്കാനാണ്‌ ഞങ്ങളെ കൊണ്ടുപോകുന്നത്‌. കളരിയുടെ അടുത്തെത്തുമ്പോള്‍ പതിവുപോലെ എന്റെ കൈകാലുകള്‍ വിറയ്‌ക്കാന്‍ തുടങ്ങും. ഉത്‌ക്കടമായൊരു ഭീതി ഗ്രസിക്കുകയും ചെയ്യും.

ആഴ്‌ചയില്‍ രണ്ടു ദിവസമായിരുന്നു ഞങ്ങളുടെ പഠനം. ബാക്കി ദിവസങ്ങളില്‍ വീട്ടില്‍ പരശീലനം. അതിനു വേണ്ടി അച്ഛന്‍ കുറ്റിക്കാട്‌ വെട്ടിതെളിച്ച്‌ മണല്‌ വിതറി ഒരു കളരിയുണ്ടാക്കി തന്നു.

ഗുരുക്കളുടെ വീട്ടില്‍ ഞങ്ങളുടെ കൂടെ തൊടുക്കാന്‍ നില്‌ക്കാറ്‌ അദ്ദേഹത്തിന്റെ മകന്‍ രഘുവാണ്‌. രോഗിയായ ഗുരുക്കള്‍ ചുവടുകള്‍ പറഞ്ഞുതരുകയേയുളളൂ. പ്രയോഗിച്ച്‌ കാണിച്ചുതരുന്നത്‌ രഘുവും അപൂര്‍വ്വമായ്‌ ഗുരുപത്‌നിയുമായിരുന്നു.

ചുവടൊന്ന്‌ പിഴച്ചാല്‍ ഗ്രഹിക്കാന്‍ പ്രയാസപ്പെട്ടാല്‍ അച്ഛന്‍ ഭീഷണമുഖത്തോടെ എന്നെ(എന്നെമാത്രം) ഒന്നുനോക്കും. സര്‍ക്കസ്സുകൂടാരത്തിലെ മൃഗങ്ങളുടെ നിസ്സാഹായതയായിരുന്നു ഞങ്ങള്‍ക്ക്‌.

" ഇനിയുളള കാലത്ത്‌ ജീവിച്ചു പോകാന്‍ ഇതുകൊണ്ടക്കയേ പറ്റൂ. പഴേ കാലംന്ന്വല്ലപ്പോള്‍..."

ഈ പല്ലവി അച്ഛന്‍ പലരോടും പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ഞങ്ങളെ ആരേയും വെല്ലുന്ന മികച്ച പോരാളികളാക്കുക. അതായിരുന്നു അച്ഛന്റെ ലക്ഷ്യം.

മടങ്ങുമ്പോള്‍ പുഴക്കരുകിലുളള അങ്ങാടിയിലെത്തിയാല്‍ അച്ഛന്‍ വീണ്ടും ചാരായഷാപ്പിലേക്കു പോകും. അപ്പോള്‍ സന്ധ്യ കഴിഞ്ഞ്‌ ഇരുട്ടി തുടങ്ങിയിരിക്കും. അച്ഛന്റെ കൂടെ ജോലി ചെയ്‌തിരുന്ന കൂട്ടുകാര്‍ പലരും അപ്പോള്‍ അങ്ങാടിയിലുണ്ടാകും. അച്ഛന്റെ സാന്നിധ്യത്തില്‍ അവര്‍ ഞങ്ങളോട്‌ സ്‌നഹവാല്‍സല്യങ്ങള്‍ നടത്തും. പുഴുങ്ങിയ മുട്ടയും, കടല വറുത്തതുമൊക്കെ വാങ്ങിതരും.

പക്ഷെ അച്ഛന്‍ പോയാല്‍ അവരില്‍ ചിലരുടെ മുഖം മാറും. അവര്‍ ചില അശ്ലീലചുവയുളള ചോദ്യങ്ങള്‍ ചോദിക്കും.

" രാത്രി അച്ഛന്റെയെും, അമ്മയുടെയുമടുത്താണോ കിടക്കാറ്‌?"

" അവര്‍ കാണിക്കുന്നത്‌ കാണാറുണ്ടോ?"

" അച്ഛനീ പോക്ക്‌ പോയാല്‍ അമ്മേടെ കാര്യം പോക്കാ..."

ചിലപ്പോഴവര്‍ ഞങ്ങളുടെ കവിളുകളില്‍ തലോടുകയും, അസ്ഥാനങ്ങളില്‍ കൈവെച്ച്‌ ഇക്കിളിപെടുത്താനും ശ്രമിക്കും. അച്ഛന്‍ മടങ്ങിവന്നാല്‍ പെട്ടന്നവര്‍ പൂര്‍വ്വാവസ്ഥ കൈവരിക്കുകയും സ്‌നേഹപ്രകടനങ്ങള്‍ തുടരുകയും ചെയ്യും.

എന്തുകൊണ്ടോ ഞാനോ, അനിയനോ ഒരിക്കലും ഇക്കാര്യം അച്ഛനോടോ, അമ്മയോടോ പറയുകയുണ്ടായില്ല.

Thursday, July 8, 2010

നഷ്ടബാല്യം-7


കുളമ്പ്‌മനുഷ്യന്‍

അത്‌ ആരോ പടച്ചു വിട്ട ഒരു കല്‌പിതകഥയായിരുന്നിരിക്കാം. ഒരു കാലഘട്ടത്തില്‍ ശക്തിമത്തായ്‌ എന്റെ ഗ്രാമത്തില്‍ കുളമ്പുമനുഷ്യനെ കുറിച്ചുളള കഥ പ്രചരിക്കപ്പെട്ടിരുന്നു.

രുപം മനുഷ്യന്റെതുതന്നെ. പക്ഷെ കൈകാലുകളില്‍ വിരലുകള്‍ക്കും, പാദങ്ങള്‍ക്കും പകരം നാല്‌ക്കാലികളുടേതു പോലെ കുളമ്പ്‌. അതാണ്‌ കുളമ്പുമനുഷ്യന്‍! ഓര്‍ക്കുമ്പോഴെ ആരും ഭയചകിതരാകും.

കുളമ്പുമനുഷ്യനെ കണ്ടു എന്ന്‌ പറഞ്ഞ്‌ അനുഭവസ്ഥര്‍ പലരും രംഗത്തിറങ്ങി. അവര്‍ നിറം പിടിപ്പിച്ച കഥകള്‍ മെനയാന്‍ തുടങ്ങി. നേര്‍ത്ത ഭയവും ജിജ്ഞാസയും നമുക്കൊരു ആനന്ദം തരുമല്ലോ, അതായിരുന്നു കുളമ്പുമനുഷ്യന്‍ പ്രദാനം ചെയ്‌തിരുന്നത്‌.

്‌അക്കാലത്ത്‌ എന്റെ അച്ഛന്‌ ജോലി കഴിഞ്ഞ്‌ പുഴ കടന്ന്‌ കുറേ ദൂരം നടന്ന്‌ വേണമായിരുന്നു വീട്ടിലെത്താന്‍. നേരത്തെ വരണമെന്നും, രാത്രികാലങ്ങളില്‍ ആരെങ്കിലും പിന്നില്‍നിന്ന്‌ വിളിച്ചാല്‍ തിരിഞ്ഞുനോക്കരുതെന്നും അമ്മ ചട്ടം കെട്ടിതുടങ്ങി.

ഇന്നത്തെ പഞ്ചായത്തുറോഡുകളെല്ലാം അന്നിടവഴികളാണ്‌. ഇടവഴികളിലൂടെ നടക്കുമ്പോള്‍ സൂക്ഷിക്കണം. മുളമുളള്‌ കൊണ്ട്‌ കെട്ടിയിരുന്ന വേലികളില്‍ നിന്ന്‌ മുളള്‌ പൊഴിഞ്ഞു കിടക്കുന്നുണ്ടാകും. കാലില്‍ കടയോളം കയറി അരികറ്റു പോകുന്ന മുളള്‌ ഒരാളെ വേദനാജനകമായ്‌ ദിവസങ്ങളോളം കിടത്തും. കുട്ടികളുടെ അന്നത്തെ പ്രധാനരോഗം അതായിരുന്നു.

ഒരിക്കല്‍ ഇടവഴിയിലൂടെ യാത്ര ചെയ്‌തിരുന്ന ഒരു നമ്പൂതിരിക്ക്‌ വഴിമദ്ധ്യേ ഒരപരിചിതനെ കിട്ടി. കൂട്ടിനൊരാളായ്യല്ലോ എന്നാശ്വാസമായ്‌ നമ്പൂതിരിക്ക്‌. അവര്‍ പരിചയപ്പെട്ടു. സുഹൃത്തുകളായി. കഥകള്‍ പറഞ്ഞു. കൂട്ടത്തില്‍ നമ്പൂതിരി കുളമ്പുമനുഷ്യന്റെ പേടിപ്പെടുത്തുന്ന കഥയും പറഞ്ഞു. നമ്പൂതിരി ഭയാംഗമായ കുളമ്പിനെ വര്‍ണ്ണിച്ച്‌ ഫലിപ്പിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ അപരിചിതന്‍ നിന്നു. അയാള്‍ തന്റെ കാല്‍പാദങ്ങള്‍ നമ്പൂതിരിക്കു നേരെ നീട്ടി. എന്നിട്ടു ചോദിച്ചു-

" ഇതുപോലെയാണോ എന്ന്‌ നോക്ക്‌ "

അയാളുടെ കാലിലെ കുളമ്പുകള്‍ കണ്ട്‌ നമ്പൂതിരി നടുങ്ങി. അപ്പോള്‍ അപരിചിതന്‍ വികൃതമായ്‌ ചിരിച്ചു-

" ഹി...ഹി...ഹി..."

താനിത്രനേരവും സംസാരിച്ചത്‌ കുളമ്പുമനുഷ്യനോടാണെന്ന്‌ കണ്ട നമ്പൂതിരി നിലവിളിയോടെ അബോധത്തിലേക്ക്‌ കൂപ്പുകുത്തി.

രാത്രിയും, നട്ടുച്ചയും അക്കാലത്തൊരുപോലെയാണ്‌. നട്ടുച്ചക്ക്‌ പേടപ്പെടുത്തുന്ന ഒരു പ്രശാന്തതയാണ്‌. എല്ലാവരും അപ്പോഴൊന്ന്‌ മയങ്ങും.ഞാനപ്പോള്‍ പാടത്തിനക്കരെയുളള മുട്ടിക്കുടിയന്‍ മാവിന്റെ ചുവട്ടിലേക്കോടും. അവിടെ മാമ്പഴങ്ങള്‍ പൊഴിഞ്ഞുകിടക്കുന്നുണ്ടാവും. മുട്ടിക്കുടിയന്‍മാങ്ങ അന്നത്തെ എന്റെ ഫ്രൂട്ടിയാണ്‌.

ഒരുനാള്‍ മതിവരുവോളം മാമ്പഴച്ചാര്‍ കുടിച്ച്‌ ഞാന്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അമ്മമ്മ പണ്ട്‌ തുണികള്‍ നെയ്‌തിരുന്ന ചര്‍ക്കയുടെ മരച്ചക്രം കമ്പുകൊണ്ടുരുട്ടിയാണ്‌ എന്റെ യാത്ര. കത്തിക്കാളുന്ന വെയില്‍. അതെന്റെ കാല്‍പാദങ്ങളെ പൊളളിക്കുന്നു. പെട്ടെന്ന്‌ എനിക്കൊരു തോന്നല്‍. ആരോ എന്റെ പിന്നിലുണ്ട്‌! ഞാന്‍ മരച്ചക്രത്തിന്റെ വേഗത കൂട്ടി. പിന്നില്‍ കുളമ്പടി ശബ്ദം! അതെന്നെ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍. എന്റെ മരച്ചക്രം ബാലന്‍സ്‌ തെറ്റി മറ്റെവിടേക്കോ ഉരുണ്ടു പോയി. ഒരു രക്ഷകനെ പോലെ എന്റെ മനസ്സിലപ്പോള്‍ അച്ഛന്റെ രൂപം തെളിഞ്ഞു വന്നു. ' അച്ഛാ ' എന്ന നിലവിളിച്ച്‌ ഞാനതിദ്രുതം പാഞ്ഞു.

കൂട്ടംകൂടി മല്ലികച്ചെടികള്‍ പൂത്തുനിന്നിരുന്ന തറവാട്ടുമുറ്റത്തേക്ക്‌ കാലുകള്‍ തച്ചുകുത്തി ഞാന്‍ വീണപ്പോള്‍ ഏതോ ഉരഗം മാളം തുരന്ന നനഞ്ഞ മണ്ണിന്റെ ഗന്ധവും, തണുപ്പും ഞാനറിഞ്ഞു. മണ്ണിന്‌ സുഗന്ധമാണ്‌. കുളമ്പടിശബ്ദം അപ്പോള്‍ അച്ഛനെ ഭയന്ന്‌ മറ്റെവിടേക്കോ അകന്നു പോയിരുന്നു.

Thursday, July 1, 2010

നഷ്ടബാല്യം-6


പാലമരം

ഞങ്ങളുടെ വീടിനുതാഴെയുളള പാടത്തുനിന്ന്‌ നോക്കുമ്പോള്‍ ആ തെങ്ങിന്‍തോട്ടം വളരെ വിദൂരമായാണ്‌ അന്നെനിക്ക്‌ തോന്നിയിരുന്നത്‌. അവിടെയുളള മൈതാനത്ത്‌ കുട്ടികള്‍ കളിക്കുന്നത്‌ നിഴല്‍ പോലെ അവ്യക്തമായ്‌ കണ്ടിരുന്നു. ഗോക്കളെ മേയ്‌ക്കാന്‍ വരുന്ന കുട്ടികള്‍ ഉല്ലസിക്കുന്ന കാഴ്‌ചയായിരുന്നു അത്‌. അമ്മ പുതുതായൊരു ആട്ടിന്‍കുട്ടിയെ വാങ്ങിയപ്പോള്‍ എനിക്കും അങ്ങാട്ടുപോകാനും, അവരോടൊപ്പം കളിക്കാനും അവസരങ്ങളുണ്ടായി.

അങ്ങനെ എനിക്കും ചില കൂട്ടുകാരുണ്ടായി. തെങ്ങിന്‍തോപ്പ്‌ മറ്റൊരു ലോകമായിരുന്നു എനിക്ക്‌. അവിടെ എപ്പോഴും കുളിര്‍മ്മയുണ്ടായിരുന്നു. തെങ്ങുകളിലെ ഓലകളില്‍ തൂങ്ങിക്കിടക്കുന്ന കുരിയാറ്റക്കിളികളുടെ(തെങ്ങോലപ്പക്ഷി)കൂടുകളുണ്ടായിരുന്നു. പക്ഷിയുടെ ഉപേക്ഷിക്കപ്പെടുന്ന കൂടുകള്‍ കാണുമ്പോള്‍ അദ്‌ഭുതം തോന്നും. എത്ര കരവിരുതോടെയാണ്‌ ഓലനാരുകള്‍കൊണ്ട്‌ പക്ഷി കൂടൊരുക്കിയിരിക്കുന്നത്‌. അതിന്‌ എത്ര സമയം വേണ്ടിവരും. ആ പക്ഷി അതിവിദഗ്‌ധനായൊരു ശില്‌പിയായിരിക്കാം. പക്ഷെ അതിന്‌ ദീര്‍ഘവീക്ഷണം നന്നേ കുറവായിരുന്നു. തെങ്ങോലകളുടെ ക്ഷണികതയെ കുറിച്ചത്‌ ഓര്‍ത്തില്ലല്ലോ. ഓരോ തെങ്ങോലകള്‍ പോഴിയുമ്പോഴും അത്‌ പുതിയ കൂടൊരുക്കാന്‍ അവിശ്രമം യത്‌നിച്ചു.

തെങ്ങിന്‍തോപ്പിലെ അതിരില്‍ കാലത്തെ വെല്ലുന്ന പ്രായം നഷ്ടപ്പെടാത്ത ഒരു പാലമരം ഉണ്ടായിരുന്നു. ഇന്നും അതുണ്ട്‌. അമ്മയും, അമ്മമ്മയും പറയുന്നു. അവരുടെ കുട്ടിക്കാലത്തും അതങ്ങനെതന്നെയുണ്ടത്രെ! അതിന്റെ ശിഖിരങ്ങളിലങ്ങോളമിങ്ങോളം കന്നുകാലികളുടെ പേറ്റിന്‍ചവറുള്‍ തൂക്കിയിട്ട പ്ലാസ്റ്റിക്ക്‌കവറുകള്‍. ആ വൃക്ഷം പൂക്കാറുണ്ടോ? പുഷ്‌പങ്ങള്‍ക്ക്‌ ഗന്ധമുണ്ടായിരുന്നോ!

ആ മരത്തില്‍ ദുര്‍ദേവകള്‍ വസിക്കുന്നുണ്ടത്രെ! അതിന്‌ ചുവട്ടില്‍ പോയാല്‍ തല ചുറ്റും എന്നെല്ലാവരും പറഞ്ഞിരുന്നു ഞങ്ങള്‍ കളിക്കുന്നതിനിടയില്‍ പന്തോ, ഗോട്ടിയോ അവിടേക്ക്‌ തെറിച്ചു പോയാല്‍ അതുപേക്ഷിക്കാറാണ്‌ പതിവ്‌.

നിഗൂഢതകള്‍ പേറുന്ന ഒരു പ്രഹേളിക പോലെ ആ പാലമരം അചഞ്ചലമായ്‌ നിലകൊളളുന്നു: എന്നെന്നും.