Friday, July 18, 2008

പക

എനിക്ക്‌ തോന്നുന്നു, അച്ഛനമ്മമാര്‍ക്ക്‌ എന്നോടുള്ള പക ജന്മജന്മാന്തരങ്ങള്‍ക്കു മുമ്പേയുള്ളതാണെന്ന്‌. മുന്‍ജന്മത്തില്‍ അവര്‍ക്ക്‌ ഞാന്‍ ശത്രുവായിരുന്നിരിക്കണം. അച്ഛനുമമ്മയും എന്റെ സഹോദരങ്ങളും നന്നേ വെളുത്തിട്ടാണ്‌. ഞാന്‍ മാത്രം ആ ജന്മാന്തര ശാപം പോലെ കറുത്തത്‌; നല്ല കരിവീട്ടി നിറം!

സ്‌കൂളില്‍, മൈതാനങ്ങളില്‍ എല്ലാവരും എന്നെ വിളിച്ചു- "കരിഓയില്‍". അമ്മ ആത്മഗതത്തോടെ സ്വയം ശപിക്കുന്നത്‌ കേട്ടിട്ടുണ്ട്‌- "ഇതെങ്ങനെ വന്നു പിറന്നു!".

സ്‌കൂളില്‍ രണ്ടു വട്ടം കഥാമത്സരങ്ങളില്‍ സമ്മാനം കിട്ടിയിട്ടും അച്ഛനുമമ്മയും അതറിഞ്ഞതായി ഭാവിച്ചില്ല. പിന്നീട്‌ കോളേജ്‌ മാഗസിനില്‍ വന്ന അനിയന്റെ നാലുവരി കവിത വായിച്ചപ്പോള്‍ അച്ഛനുമമ്മയും അവനെ ആശ്ലേഷം കൊണ്ടുമൂടി, വാനോളം പുകഴ്‌ത്തി.

ഒരിക്കലും കനിവു കാട്ടാത്ത എന്റെ ദൈവത്തോട്‌ ഞാന്‍ അകമേ പ്രാര്‍ത്ഥിക്കുകയാണ്‌- "ഞാനെന്തേ ഇങ്ങനെയായിപ്പോയത്‌?" കോളേജില്‍ ഒരേ ബഞ്ചിലിരുന്ന സഹപാഠി ഷംസു ഒരിക്കല്‍ പറഞ്ഞു- "നോക്ക്‌, നീ എന്നോട്‌ ഒരു തെറ്റും ചെയ്‌തിട്ടില്ല, പക്ഷെ എനിക്ക്‌ നിന്നെ ഇഷ്ടമല്ല, വെറുപ്പ്‌ തോന്നുന്നു!!"

ഇന്നിതാ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ പാസായ അനുജന്‌ അച്ഛന്‍ മൊബൈല്‍ വാങ്ങിക്കൊടുത്തിരിക്കുന്നു. എന്നെ അവര്‍ മനഃപൂര്‍വ്വം തഴഞ്ഞതാണോ? ഞാന്‍ പഠിത്തത്തില്‍ മോശമായതുകൊണ്ടാണോ? ഓട്ടോറിക്ഷ വാങ്ങിത്തന്നിട്ട്‌ എന്നെ ഡ്രൈവറാക്കിയത്‌?

എന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളാണ്‌, എന്റെ തൊട്ടടുത്ത്‌ അനിയന്‍ സുഖമായി ഉറങ്ങുന്നു. അപ്പുറത്തെ മുറിയില്‍നിന്നും അച്ഛന്റെയും അമ്മയുടെയും സീല്‍ക്കാര ശബ്ദം കേള്‍ക്കാം, രതിലീലാ വിലാസങ്ങള്‍ കേള്‍ക്കാം.

മുമ്പൊക്കെ പാപബോധം തോന്നിയിരുന്നു. ഇപ്പോള്‍.... ഞാനെത്ര ശ്രമിച്ചിട്ടും എന്റെ സംവേദനത്തെ, ശ്രവണത്തെ എനിക്ക്‌ ജയിക്കാന്‍ കഴിയുന്നില്ല.

അനിയനിപ്പോഴും സുഖമായി ഉറങ്ങുകയാണ്‌. ഒരുവേള ഇപ്പോള്‍ ഞാനും സന്ദേഹിച്ചുപോവുകയാണ്‌- "ഞാന്‍, ഞാനെന്റെ അച്ഛന്റെയും അമ്മയുടെയും മകന്‍ തന്നെയാണോ!!"

10 comments:

vahab said...

വളരെ നന്നായിട്ടുണ്ട്‌, പ്രദീപ്‌... തുടര്‍ന്നും എഴുതുക..

നിരക്ഷരൻ said...

ഇത് കഥ മാത്രമായി ഇരിക്കട്ടെ.

ബൂലോകത്തേക്ക് സ്വാഗതം.

തലശ്ശേരിക്കാരന്‍ said...

വളരെ നന്നായിടുണ്ട്. ഇനിയും പ്രതിക്ഷികുന്നു. ആശംസകള്‍ നേരുന്നു

girishvarma balussery... said...
This comment has been removed by the author.
girishvarma balussery... said...
This comment has been removed by the author.
girishvarma balussery... said...

തീര്‍ച്ചയായിട്ടും അവരുടെ മകന്‍ തന്നെ എന്ന് മനസ്സിന് ഒരു ഉറപ്പു കൊടുക്കുക.... സ്വയം സമാധാനിക്കാലോ.. അല്ല എന്നുള്ള ചിന്ത ഒഴിവാക്കുക.....

girishvarma balussery... said...

തീര്‍ച്ചയായിട്ടും അവരുടെ മകന്‍ തന്നെ എന്ന് മനസ്സിന് ഒരു ഉറപ്പു കൊടുക്കുക.... സ്വയം സമാധാനിക്കാലോ.. അല്ല എന്നുള്ള ചിന്ത ഒഴിവാക്കുക.....

വിരല്‍ത്തുമ്പ് said...

എനിക്ക് വായിച്ച് കണ്ണ് നിറഞ്ഞു മോനെ.... വീട്ടില്‍ നിന്നല്ലെങ്കിലും സമൂഹത്തില്‍നിന്നും ഒട്ടേറെ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവന്ന ഒരു ഹതഭാഗ്യനാണ് ഈ വിരല്ത്തുമ്പും....

ആദ്യമായാണ്‌ ഇവിടെ വന്നത് ..

എല്ലാം വായിച്ച് അഭിപ്രായം പറയാം..പോരേ?....

ajith said...

വായിച്ചു.

Aswathy Warrier said...

njanum ankne prathikkunnu


Ethoru KADHA mathramayirikkateeeeeee......

Njanum ethe vakkukal kettuthaneya valarnnath..
haaaaaaaaaaaa