Sunday, August 3, 2008

കാക്ക

ഒരു സീല്‍ക്കാര ശബ്‌ദത്തോടെ കാക്ക എന്റെ ശിരസ്സിന്‌ മുകളിലൂടെ പറന്നുപോയി. കൊക്കുകൊണ്ടു മുറിവേറ്റോ എന്ന്‌ സംശയം. തടവിനോക്കിയപ്പോള്‍ ചോര. രണ്ടു ദിവസമായി ഇതുതന്നെയാണ്‌ സ്ഥിതി. പക്ഷെ ദേഹോപദ്രവമുണ്ടായിരുന്നില്ല. ശ്രദ്ധിച്ചുനോക്കിയപ്പോള്‍ ഇന്നലെയാണ്‌ കണ്ടത്‌! മുറ്റത്തെ പുളിയന്‍മാവിന്റെ ഒത്ത ശിഖരത്തില്‍ ഒരു കാക്കക്കൂട്‌. പക്ഷെ എന്നെ മാത്രം തിരഞ്ഞ്‌ ഉപദ്രവിക്കുന്നതിന്റെ കാരണം മനസ്സിലാവുന്നില്ല. കൂട്‌ കാണുന്നതുതന്നെ ഇന്നലെയാണ്‌, ഉപദ്രവിക്കാനോ മറ്റോ ശ്രമിച്ചിട്ടുമില്ല.

വീട്ടില്‍ അനിയന്മാരും ചേച്ചിയും കുട്ടേട്ടനുമുണ്ട്‌. അവര്‍ക്കൊക്കെ അല്‍പസ്വല്‍പം വികടം പിറവിയായുണ്ട്‌. എന്നിട്ടും....!

കുട്ടേട്ടന്‍ ഇന്നും ഇന്നലെയും ആടിന്‌ ഇല മുറിക്കാന്‍ മാവിന്‍മുകളില്‍ കയറിയിരുന്നു. അപ്പോഴൊക്കെ കാക്ക കൊക്കും കാലും വിടര്‍ത്തി തൂവലുകള്‍ മിനുക്കി അനുസരണയോടെ നിശബ്‌ദയായിരുന്നു.

ഓര്‍ക്കുമ്പോള്‍ മനസ്സിലാവുന്നു. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതാണോ? അല്ല! സ്‌കൂളില്‍ ഉത്തരക്കടലാസ്‌ തരുമ്പോള്‍ നല്ല മാര്‍ക്കുണ്ടെങ്കിലും എന്റെ പേര്‍ അവസാനമേ വിളിക്കൂ. സുഹൃത്തിന്റെയോ സതീര്‍ത്ഥ്യന്റെയോ ഒരു വിവാഹത്തിന്‌ പോയാല്‍ മറ്റുള്ളവരെ പ്രത്യേകിച്ച്‌ സല്‍ക്കരിക്കുമ്പോള്‍ എന്റെ സാമീപ്യം ആരും അറിയുന്നില്ല. അറിഞ്ഞതായി നടിക്കുന്നില്ല, പിന്നെ....

കാക്ക രണ്ടാമതും എന്റെ മനോവികാരങ്ങള്‍ അറിഞ്ഞപോലെ മൂളിക്കൊണ്ടുവന്നു. അപ്പോള്‍ മൈതാനത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന കാലിപ്പിള്ളാര്‍ കലമ്പല്‍ കൂട്ടി ചുറ്റും കൂടി. ഇക്കുറി എനിക്കും ദേഷ്യം വന്നു. ഒരു കല്ലെടുത്ത്‌ വെറുതെ എറിയുന്നതായി ഭാവിച്ചു.

"ക്രാ.... ക്രാ.... ക്രാ...."

അസ്വസ്ഥമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്‌ കാക്ക പിന്നെയും. ഞാനോടി. കുറേ ദൂരം താണ്ടി വലഞ്ഞ്‌, തളര്‍ന്ന്‌ പിന്തിരിഞ്ഞ്‌ നോക്കിയപ്പോള്‍ ഒന്നല്ല രണ്ടല്ല ഒരായിരം കാക്കകള്‍ വികൃതസ്വരം പുറപ്പെടുവിച്ചുകൊണ്ട്‌ പിന്നാലെ, പിന്നെ ഹാസ്യം ആഘോഷമാര്‍ക്കിത്തീര്‍ക്കാന്‍ ആരവത്തോടെ ആ വികൃതിപ്പിള്ളാരും.