Thursday, May 20, 2010

നഷ്ടബാല്യം-3


മോഹം

എന്റെ അച്ഛന്‍ ക്ഷിപ്രകോപിയായിരുന്നു. സ്വേച്ഛാധിപതിയായിരുന്നു. ഇതു രണ്ടും എന്റെ അച്ഛന്റെ
മാത്രമല്ല എല്ലാ അച്ഛന്‍മാരുടേയും, പുരുഷന്‍മാരുടേയും സ്വത്വമായിരിക്കുമെന്നാണ്‌ ഞാന്‍ ധരിച്ചുവച്ചിരുന്നത്‌.

മറിച്ച്‌ ചിന്തിക്കാന്‍, അനുഭവവേദ്യമാകാന്‍ എനിക്ക്‌ ഏട്ടനോ, ഇളയച്ഛ-വലിയച്ഛന്‍മാരോ, അമ്മാവനോ ഒന്നും തന്നെയില്ലായിരുന്നു. അച്ഛനാണെല്ലാം. അച്ഛന്റെ പ്രീതിക്കും ഔദാര്യത്തിനും വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു.

അച്ഛന്‍ എന്നെ വിളിച്ചിരുന്ന ഇരട്ടപേരുകള്‍ പട്ടി, നായ, ചെട്ടി ഇത്യാദി പദങ്ങളൊക്കെയായിരന്നു. നിസ്സാരക്കാര്യങ്ങള്‍ക്കുപോലും അദ്ദഹമെന്നെ ക്രൂരമായ്‌
ശിക്‌ഷിക്കും.പൊക്കിള്‍ കശക്കലും, ചെവിതിരുമ്പലുമായിരുന്നു പ്രധാനശിക്ഷായിനങ്ങള്‍. മുഖമടച്ച്‌ ചെപ്പക്കടിക്കലും, പുളിവാറല്‍ കൊണ്ടുളള പ്രയോഗങ്ങളുമൊക്കെ താരതമ്യനെ ഗൗരവമായ കാര്യങ്ങള്‍ക്കുളളതാണ്‌


എന്നോടെന്നപോലെ തന്നെയാണ്‌ അനിയനോടും അദ്ദഹം പെരുമാറിയിരുന്നത്‌.എങ്കിലും ഇളയ കുട്ടി എന്നതുകൊണ്ടോ ഓമനത്വമുളള കുഞ്ഞ്‌ എന്നതുകൊണ്ടോ കുറഞ്ഞൊരു ആനുകൂല്യം അവന്‌ കിട്ടിയിരുന്നു എന്ന്‌ വേണം കരുതാന്‍. ' തന്തക്ക്‌ പിറക്കാത്തവന്‍ ' എന്ന സ്ഥിരം അസഭ്യം എനിക്കുമാത്രമുളളതാണ്‌. അതുപോലെ ഞാന്‍ ഷര്‍ട്ടൂരിയാല്‍ തെളിഞ്ഞു കാണുന്ന എല്ലിന്‍കൂട്‌ കാണുമ്പോള്‍ അക്കാലത്ത്‌ ആസ്‌തമ വന്ന്‌ മരിക്കാറായ ഒരു പപ്പടചെട്ട്യാരോടെന്നെ ഉപമിക്കുമായിരുന്നു. ' ചെട്ടി 'എന്നെന്നെ വിളിക്കാനുളള പ്രധാനചോദന അങ്ങനെയുണ്ടായതായിരിക്കും.

വൈകിട്ട്‌ എന്നും അച്ഛനോടൊപ്പമാണ്‌ ഞങ്ങള്‍ ഭക്ഷണം കഴിക്കുക. ഒരു വിധം ബലമായ്‌ തന്നെയാണ്‌ അമ്മ ഞങ്ങളെ അദ്ദഹത്തോടൊപ്പമിരുത്തിയിരുന്നത്‌. ഒരുപക്ഷെ അച്ഛന്‍ നിര്‍ബന്ധിച്ചിരിക്കാം. അച്ഛന്‌ തൊട്ടരുകിലിരിക്കാന്‍ എനിക്ക്‌ മടിയായിരുന്നു. അച്ഛന്‍, അനിയന്‍ പിന്നെ ഞാന്‍ എന്നിങ്ങനെയായിരുന്നു ഇരുപ്പ്‌. ഞാന്‍ ഭക്ഷണം ആര്‍ത്തി പിടിച്ചും, ആസ്വദിച്ചും കഴിക്കുന്നത്‌ അദ്ദേഹത്തിനിഷ്ടമല്ലായിരുന്നു. വറുത്ത മീനും മറ്റും കൊതിയോടെ ചവക്കുമ്പോള്‍ എന്റെ വായില്‍ നിന്നും ' കറുമുറ' ശബ്ദം ഉണ്ടായിരുന്നു. അച്ഛനപ്പോള്‍ വെറുപ്പോടെ ഊണ്‌ കഴിക്കുന്നത്‌ നിര്‍ത്തി എന്നെ നോക്കും. പിന്നെ ജുഗുപ്‌സാവഹമായ ആ തോണ്ടല്‍. അതോടെ എന്റെ കൊതിശബ്ദം നില്‌ക്കും. പിന്നീട്‌ ഭക്ഷണം കഴിക്കുമ്പോള്‍ ശബ്ദമുണ്ടകാതിരിക്കാനും ,ആഹാരത്തിനോട്‌ ഒരു താല്‌പര്യവുമില്ലായെന്ന്‌ തോന്നുമാറ്‌ നിര്‍വ്വികാരത പ്രകടിപ്പിക്കാനും ,ജാഗരൂകനാകാനും എന്നന്നേക്കും ഞാന്‍ പഠിച്ചു.

എന്റെ രൂപത്തിന്റെ അസ്വാഭാവികതയേയും, അസുന്ദരതയേയും കുറിച്ച്‌ വളരെ കുട്ടിയായിരിക്കുമ്പോഴെ ഞാന്‍ ബോധാവാനായിരുന്നു. എന്നെ അത്‌ മനസ്സിലാക്കി തന്നത്‌ അച്ഛന്‍ തന്നെയായിരുന്നു.

അന്ന്‌ എന്റെ രൂപത്തിന്റെ ഏറ്റവും വലിയ വൈകല്യം എന്റെ ഉയരമായിരുന്നു. ഒരു കുട്ടിക്കുണ്ടായിരിക്കുന്നതിലും എത്രയോ അധികമായിരുന്നു അത്‌. കൈകാലുകള്‍ ശോഷിച്ച്‌ ഒരു നിത്യരോഗിയെപോലെ തോന്നിച്ചു. കവിളുകള്‍ ഒട്ടി ഉണ്ടക്കണ്ണുകള്‍ കൂടിയായപ്പോള്‍ യാതൊരുവിധ ആകര്‍ഷണവുമില്ലാതെ എന്റെ അസുഭഗത പൂര്‍ണ്ണമായി.

കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ രൂപക്കേട്‌ കണ്ട്‌ എനിക്ക്‌ തന്നെ വെറുപ്പ്‌ തോന്നിയിരുന്നു. അപ്പോള്‍ പിന്നെ മറ്റുളളവരുടെ മനോഭാവത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

" എന്താ നായരെ നിങ്ങടെ മോന്‍ ഇങ്ങനെ?"
" ഇവന്‍ നിങ്ങടെ കുട്ടി തന്നെയോ!"

തുടങ്ങിയ പല്ലവികള്‍ എന്റെ സമക്ഷം അച്ഛനോട്‌ പലരും ചോദിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.

ഇതിനെല്ലാം നേര്‍ വിപരീതമായിരുന്നു അനിയന്‍. അവനെ കണ്ടാല്‍ എല്ലാവരും ഓമനിച്ചു പറയും.

" ഇത്‌ അച്ഛന്റെ മുറിച്ച മുറി. ഇങ്ങനേം കിട്ട്വാ കുട്ടോ്യള്‍ക്ക്‌..."

അതുകൊണ്ടുതന്നെ അക്കാലത്തെ എന്റെയൊരു അത്യാഗ്രഹം ഞാന്‍ അച്ഛനെപോലുണ്ട്‌ എന്ന്‌ മറ്റുളളവര്‍ പറഞ്ഞുകേള്‍ക്കലായിരുന്നു. സഫലമാകാത്ത എന്റെയൊരു വ്യാമോഹം.

എന്റെ രൂപത്തിനും , ഭാവത്തിനും ഒരിക്കലും ചേരാത്ത ഒരു ഓമനപേരായിരുന്നു അമ്മ എനിക്കിട്ടത്‌. അതുകൊണ്ടു തന്നെ അച്ഛന്‍ അരുമയോടെയോ, വാല്‍സല്യത്തോടെയോ അല്ലെങ്കിലും എന്നെ ഒരിക്കലും പേര്‌ വിളിച്ചില്ല . ഒരിക്കലെങ്കിലും അച്ഛനില്‍ നിന്നങ്ങനെ ഒരു വിളി കേള്‍ക്കണേ എന്നത്‌ തീവ്രമോഹം തന്നെയായിരുന്നു. അതൊരിക്കലും അതിമോഹമല്ലല്ലോ- അര്‍ഹിക്കുന്ന അവകാശം തന്നെയല്ലേ. പക്ഷേ ഒരിക്കലും അതുണ്ടായില്ല എന്നതാണ്‌ സത്യം.

Thursday, May 13, 2010

നഷ്ടബാല്യം-2


ആരംഭം

തേര്‍ത്തും, പേര്‍ത്തും ഞാന്‍ വേര്‍തിരിക്കുമ്പോള്‍ എന്റെ അറിവിലെ ആദ്യത്തെ ഓര്‍മ്മയാണിത്‌-എനിക്ക്‌ നാലോ, അഞ്ചോ വയസ്സായിരിക്കും പ്രായം. ഞങ്ങളെല്ലാവരും അമ്മയുടെ തറവാട്ടിലാണ്‌ വാസം. ഞാന്‍, അമ്മ, അനിയന്‍, അമ്മമ്മ, ഞാന്‍ ചേച്ചി എന്ന്‌ വിളിക്കുന്ന വല്ല്യമ്മയുടെ മകള്‍ പിന്നെ അച്ഛനും.

ഒരു ചകിരിപ്പഴമരത്തിന്റെ വഴക്കമുളള കൊമ്പില്‍ ഊഞ്ഞാലാടി രസിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ അമ്മമ്മ എനിക്കൊരു സമ്മാനം കൊണ്ടുതന്നു. എനിക്ക്‌ അമ്മയേക്കാള്‍ ഇഷ്‌ടം അമ്മമ്മയോടായിരുന്നു. ഒരു മണ്ണെണ്ണസിഗരറ്റ്‌ലൈറ്റര്‍! അതായിരുന്നു അമ്മമ്മയുടെ സമ്മാനം. എന്റെ അച്ഛന്‌ ഇതുപോലൊരു സിഗരറ്റ്‌ലൈറ്ററുണ്ട്‌. അപൂര്‍വ്വമായ്‌ ഞാനതു തൊട്ടുനോക്കി രസിച്ചിരുന്നു.

" നീ കളിച്ചോ" എന്ന്‌ പറഞ്ഞ്‌ അമ്മമ്മ എന്റെയരുകില്‍ നിന്ന്‌ മറഞ്ഞു. ഞാനതുരച്ചുനോക്കി. അത്‌ കത്തുന്നില്ല. അതിന്റെ പിന്‍ഭാഗം തുറന്നുനോക്കി. മണ്ണെണ്ണയുടെ ഗന്ധം! അതും വിളക്കിന്റെ സങ്കരലോഹവും കൂടിച്ചേരുമ്പോള്‍ എനിക്കുമാത്രം ആസ്വാദികരമായ മറ്റൊരു മണം രൂപം കൊളളുന്നു. വ്യാഴവട്ടങ്ങള്‍ക്കു ശേഷം ഇന്നും പ്രയാസമില്ലാതെ ഓര്‍മ്മയില്‍ നിന്നും ആ ഗന്ധം ആവാഹിച്ചെടുക്കാം. ഇപ്പോഴും എനിക്കത്‌ സുഗന്ധിയാണ്‌.

ഞാന്‍ എനിക്ക്‌ കിട്ടിയ സമ്മാനവുമായ്‌ മേലെപറമ്പിലേക്കോടി. അപ്പോള്‍ ചമ്മലക്കിളികളും, ചകോരപക്ഷികളും ഹുങ്കാരത്തോടെ ദൂരേക്ക്‌ പറന്നകന്നു. പക്ഷികളുടേയും, പാമ്പുകളുടേയും വിഹാരകേന്ദ്രമായിരുന്നു മേലെപറമ്പ്‌.

മേലെപറമ്പില്‍ നിന്നും താഴോട്ടു നോക്കിയപ്പോള്‍ ഞാറുകള്‍ പച്ചപ്പ്‌ പിടിച്ചു തുടങ്ങിയ പാടത്തിന്റെ നേര്‍ത്ത വരമ്പിലൂടെ ഒരാള്‍ വേഗത്തില്‍ നടന്നു വരുന്നു. ഒരുവേള എന്റെ സന്തോഷമെല്ലാം മങ്ങി. ഭയം ഉളളില്‍ വന്നു നിറഞ്ഞു. വരുന്ന ആള്‍ മേലെപറമ്പിലൂടെയുളള ഊടുവഴിയിലൂടെയാണ്‌ വീട്ടിലേക്ക്‌ വരുക എന്നെനിക്കറിയാമായിരുന്നു. അയാള്‍ എന്നെ കാണാതിരിക്കാന്‍ ഞാന്‍ വേഗം തഴച്ചു വളര്‍ന്ന മഞ്ചാടിമരത്തിന്റെ മറവിലേക്കൊളിച്ചു. കത്താത്ത വിളക്ക്‌ ഉരച്ചു നോക്കുന്ന വിക്രിയ ഞാനപ്പോഴും തുടര്‍ന്നു. കാറ്റില്‍ മഞ്ചാടിക്കുരുക്കള്‍ വര്‍ഷം നടത്തുന്നുണ്ടായിരുന്നു.

അപ്പോള്‍ എന്റെ പിന്‍വശത്താരോ തോണ്ടി. നീറ്റലോടെയുളള ശക്തിയായൊരു തോണ്ടല്‍. തലേ ദിവസം ഞാനും, അനിയനും അമ്പൂട്ടാന്‍ കൃഷ്‌ണന്‍നായരുടെ കടയില്‍ പോയി മുടി വെട്ടിയിരുന്നു. കൃഷ്‌ണന്‍ നായര്‍ ഞങ്ങളുടെ മുടി പറ്റെയാണ്‌ വെട്ടുക. പിന്‍വശം പ്രത്യേകിച്ച്‌. അതുകൊണ്ട്‌ തലയുടെ പിന്‍വശത്തെ തോണ്ടല്‍ എനിക്ക്‌ കൂടുതല്‍ അസഹ്യമായി. ഞാന്‍ പിന്തിരിഞ്ഞ്‌ നോക്കിയപ്പോള്‍ അയാള്‍-" ആ വിളക്കിങ്ങ്‌ താ പട്ടീ.." എന്നെന്നോട്‌ പറഞ്ഞു.

ഞാന്‍ ഭയഭക്ത്യാദരം വിളക്ക്‌ അദ്ദേഹത്തിന്‌ നല്‌കുകയും അദ്ദേഹം പോയ്‌മറയുകയും ചെയ്‌തു. അദ്ദേഹം സുന്ദരനായിരുന്നു. പുരുഷോത്തമനായിരുന്നു!

അമ്മമ്മ എനിക്ക്‌ തന്ന വിളക്ക്‌ അദ്ദേഹം ബീഡിക്ക്‌ തീ പിടിപ്പിക്കാനാകാതെ വന്നപ്പോള്‍ ദേഷ്യത്തോടെ ദൂരേക്ക്‌ വലിച്ചെറിഞ്ഞ അദ്ദേഹത്തിന്റെ തന്നെ വിളക്കായിരുന്നു.

അദ്ദേഹം എന്റെ അച്ഛനായിരുന്നു!

Thursday, May 6, 2010

നഷ്ടബാല്യം-1


ആമുഖം
ബാല്യം എനിക്ക്‌ ശപ്‌തവും, ദുരൂഹവുമായിരുന്നു. ബാല്യകുതൂഹലങ്ങളെല്ലാം നിഷി്‌ദ്ധവും.

ഇന്നും വേട്ടയാടുന്ന, ജീവപര്യന്തം പിന്തുടരുന്നതുമായ ഉളളില്‍ ഘനീഭവിച്ച ആ ദുരനുഭവങ്ങള്‍ എന്നെ വിരാഗിയാക്കി. അബലനും, നിസ്വനുമാക്കി. അനാഥനാക്കി, പിന്നെ...
.
മറ്റുളളവരുമായ്‌ പങ്കിടുമ്പോള്‍ ഒരാശ്വാസം, എഴുതുമ്പോള്‍ സംതൃപ്‌തിയും
.
ഇതില്‍ അസാധാരണമായ്‌ ഒന്നുമില്ലെന്ന്‌ ആദ്യമെ പറഞ്ഞുകൊളളട്ടെ. മുമ്പ്‌ കൗമാരരതിസ്‌മരണകളില്‍ ചിലതെല്ലാം സൂചിപ്പിച്ചിരുന്നു
.
ഹ്രസ്വമായ്‌ ഏതാനും അദ്ധ്യായങ്ങളാക്കി തരംതിരിച്ചിരിക്കുന്നു. ഇതിലെ ആദ്യത്തെ അദ്ധ്യായത്തിന്‌ ഞാന്‍ സാക്ഷിയല്ല. പിന്നീട്‌ കേട്ടറിഞ്ഞതും, എന്റെ നിഗമനങ്ങളും മാത്രമാണത്‌. അതുകൂടി ചേര്‍ത്താലെ പാരസ്‌പര്യം ലഭിക്കുകയുളളൂ.

കൂടുതല്‍ വായനക്കാരുളള ബ്ലോഗര്‍മാര്‍ എന്റെ ലിങ്ക്‌ നല്‌കി പ്രോത്സാഹിപ്പിക്കണമെന്നപേക്ഷിക്കുന്നു.അതുപോലെ പ്രതികരണങ്ങള്‍ ക്ഷണിച്ചുകൊളളുന്നു. മുമ്പത്തേതിന്‌ ഭിന്നമായ്‌ കമെന്റെസിലൂടെ സംവദിക്കുന്നതായിരിക്കും.
ആരംഭിക്കട്ടെ. സാദരം സ്വാഗതം.
*****************************************************
ഗര്‍ഭസ്‌മൃതി
അന്ന്‌ മഴ പെയ്‌തിരുന്നു. മഴ തെല്ലൊന്ന്‌ കുറഞ്ഞപ്പോള്‍ അയാള്‍ കുടയും, പണിമുണ്ടുമെടുത്ത്‌ ജോലിക്ക്‌ പോകാനായ്‌ തയ്യാറായി. ഏഴരക്കുളള ബസ്സ്‌ പോയാല്‍ പിന്നെ പട്ടണത്തിലേക്ക്‌ ഉടനെ വണ്ടിയില്ല. ധൃതിയില്‍ മഴയെ ശപിച്ചുകൊണ്ടയാള്‍ പുറത്തേക്കിറങ്ങി.

അവള്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ഉച്ചഭക്ഷണം അയാള്‍ക്ക്‌ കൊടുത്തു. പിന്നീട്‌ അയാള്‍ നടന്നകലുന്നതും നോക്കി സാകൂതം നിന്നു. അയാള്‍ മുറ്റത്ത്‌ നിന്ന്‌ ഒതുക്ക്‌കല്ലിലേക്ക്‌ കയറിയപ്പോള്‍ അവളുടെ നിറവയറിനുളളിലെവിടെയോ ചലനം. ഗര്‍ഭസ്ഥശിശു പുളക്കുകയാണ്‌. ചിലപ്പോഴത്‌ സുഖകരമാണ്‌.

പെട്ടെന്ന്‌ ഒരു അപശബ്ദമുയര്‍ന്നു-അയാളുടെ....പുറത്ത്‌ ഒതുക്കുകല്ലുകളിലെ വഴുവഴുത്ത പ്രതലത്തില്‍ ചവിട്ടി താഴെ പരുത്ത പാറപുറത്തേക്ക്‌ അയാള്‍ വീണിരിക്കുന്നു. അയാളുടെ ചുണ്ടും, നെറ്റിയും പൊട്ടി ചോരയൊഴുകി.

അറിയാതെ അവളുടെ കണ്‌ഠത്തില്‍ നിന്നും പ്രവൃദ്ധമായൊരു ശബ്ദമുയര്‍ന്നു-" ബാലേട്ടാ...."
അയാളുടെ മുന്‍വശത്തെ ഒരു പല്ലിളകിയിരുന്നു. തറവാട്ടില്‍ നിന്നും അവളുടെ അമ്മയും, ജ്യേഷ്‌ഠത്തിയും ഓടിവന്നു.

" എന്താ പറ്റിയത്‌?"
" ഏയ്‌ മഴച്ചാറലുളളതല്ലേ, കാല്‍ വഴുക്കി"
" വൈദ്യനെ കാണണോ?"
"വേണ്ട, കാര്യായിട്ടൊന്നുമില്ല "

അവള്‍ നിലവിളിച്ചു-" ദാ പിന്നേം ചോര വരുന്നു: എനിക്കിതു കാണാന്‍ വയ്യാ, തല ചുറ്റുന്നു"
അവള്‍ മുറ്റത്തേക്ക്‌ പതുക്കെ വീണു. വയറിനുളളിലെവിടെയോ ഒരു കുതിപ്പ്‌ .അസഹ്യമായ വേദന. അവള്‍ പിടഞ്ഞു.

" ബാലാ പ്രസവവേദനയാണന്നാ തോന്നുന്നത്‌ വേഗം വണ്ടി വിളിക്ക്‌, ആശു
പത്രിയില്‍ കൊണ്ടുപോകണം." അവളുടെ അമ്മ പറഞ്ഞു
.
അയാള്‍ സ്വന്തം മുറിവിനേയും, വേദനയേയും കാര്യമാക്കാതെ ഒരു മൈലപ്പുറമുളള ഹാജിയാരുടെ വീട്ടിലുളള കാറിനായി പ്രാര്‍ത്ഥനയോടെ ഓടി.

ചെമ്മണ്ണുറോഡില്‍ കാര്‍ വന്നുനിന്നു.

ഒതുക്കുക്കല്ലുകളിറങ്ങി അയാള്‍ വീട്ടിലേക്ക്‌ ചെന്നപ്പോള്‍ ആദ്യം ശാന്തത. പിന്നെ ആദിയായ ആ ശബ്ദം. ഉമ്മറത്ത്‌ കൂടിനിന്നവരിലാരോ പറഞ്ഞു-" വയറ്റാട്ടി വന്നു . പ്രസവിച്ചു, ആണ്‍കുഞ്ഞാണ്‌."
വയറ്റാട്ടി നാണിത്തളള പുറത്തക്കിറങ്ങി വന്നു. പിന്നെ സ്‌ഥായിയായ അസഹിഷ്‌ണുതയോടെ പറഞ്ഞു-"
പോയിക്കണ്ടോളിന്‍ നായരേ. പേടിച്ച്‌ പ്രസവിച്ചതാണ്‌. രണ്ടു മാസത്തെ മൂപ്പ്‌ കൊറവുണ്ട്‌, അതുകൊണ്ട്‌ അരിഷ്ടതകളുണ്ടാവും. രക്ഷ വേണം രണ്ടാള്‍ക്കും."

അയാള്‍ മുറിയിലേക്ക്‌ കടന്നു. വെളളത്തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കണ്ടു. ഇരുണ്ട്‌ ഒട്ടും ഭംഗിയില്ലാത്ത, ഓമനത്വമില്ലാത്ത എലിക്കുട്ടിയോളം പോന്ന സ്വന്തം കുഞ്ഞ്‌. അത്‌ കിലുകിലാ വിറക്കുന്നു.

എന്തോ അയാളുടെ മനസ്സില്‍ കുഞ്ഞിനോടാദ്യം തേന്നിയത്‌ വെറുപ്പായിരുന്നു. പിന്നെ....!

പുറത്തപ്പോള്‍ മഴ കോരിച്ചൊരിയുകയായിരുന്നു. കുറേ സമയമായ്‌ പ്രകാശം കാര്‍മേഘങ്ങളുടെ കാരാഗാരത്തിലായിരുന്നു.