Tuesday, October 14, 2008

എന്റെ മോഷണങ്ങള്‍

അതെ, ഞാനൊരു മോഷ്ടാവായിരുന്നു. ഞാന്‍ നടത്തിയിട്ടുള്ള കിടിലന്‍ മോഷണങ്ങളില്‍ അവസാനത്തെ കഥയാണ്‌ പറയാന്‍ പോകുന്നത്‌.

സംഭവം നടക്കുന്നത്‌ എനിക്ക്‌ എട്ടോ പത്തോ വയസുള്ളപ്പോഴാണ്‌. അന്നു ഞാന്‍ കണ്ടിരുന്ന സിനിമകളിലും വായിച്ചിരുന്ന പുസ്‌തകങ്ങളിലുമെല്ലാം കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഹരം പിടിപ്പിക്കുന്ന കഥകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ മനസ്സിലെ വീരനായകന്മാര്‍ കായംകുളം കൊച്ചുണ്ണിയെപ്പോലുള്ള തസ്‌കര വീരന്മാരായിരുന്നു. ഒരു കള്ളനായിത്തീരുക- ഭാവിയില്‍ ഒരു കള്ളിയെ വിവാഹം കഴിക്കുക. അതായിരുന്നു എന്റെ ജീവിതാഭിലാഷങ്ങള്‍.

ഞാന്‍ നാലാം ക്ലാസ്‌ ജയിച്ചു. 'ഉപ്പാപ്പമണി' മൂന്നാം വര്‍ഷവും തോറ്റു (തെറ്റിദ്ധരിക്കേണ്ട ഉപ്പാപ്പമണി വയസനല്ല. എന്റെ ബാല്യകാല സുഹൃത്തും ആരാധ്യനായകനുമായിരുന്നു. ഉപ്പാപ്പ എന്നത്‌ അദ്ദേഹത്തിന്റെ ഇരട്ടനാമം) മണി സ്‌കൂളിലെ സകലകലാ വല്ലഭനാണ്‌. മോഷണം, പിടിച്ചുപറി, ചട്ടമ്പിത്തരം. ഇങ്ങനെ പോകുന്നു മണിയുടെ ലീലാവിലാസങ്ങള്‍. മണിയെപ്പോലൊരു മോഷ്ടാവും ചട്ടമ്പിയുമാവുക- ഇതായിരുന്നു എന്റെ ജീവിതാഭിലാഷം.

ഉപ്പാപ്പമണിക്ക്‌ ചുറ്റും എപ്പോഴും എന്തിനുംപോന്ന ചട്ടമ്പിസംഘം ഉണ്ടായിരുന്നു. കാരണം കയ്യില്‍ കാശുണ്ട്‌. അവര്‍ എപ്പോഴും പാലൈസും കടല മിഠായിയും വാങ്ങിത്തിന്നുന്നു. ചിലപ്പോഴൊക്കെ അതില്‍നിന്നൊരു പങ്ക്‌ എനിക്കും കിട്ടിയിരുന്നു. പക്ഷെ എനിക്ക്‌ ചുറ്റും സംഘങ്ങളില്ല. സംഘബലം ഉണ്ടാകണമെങ്കില്‍ കാശ്‌ വേണം. കാശ്‌ വേണമെങ്കില്‍.....

പണം എവിടെ നിന്നു മോഷ്ടിക്കും?

ആ കാലത്ത്‌ അച്ഛന്‌ ജോലിയില്ലാതെ വെറുതെ വീട്ടിലിരിക്കേണ്ടിവന്നു. വീട്ടുചെലവിന്‌ പണമില്ലാതെ ഒരുപാട്‌ ബുദ്ധിമുട്ടി. അങ്ങനെ അമ്മ ഒരു കുറി വെച്ചു. ഒരാള്‍ക്ക്‌ പത്ത്‌ രൂപ വെച്ച്‌ മൊത്തം ഇരുന്നൂറ്‌ രൂപയുടെ കുറി. മാസത്തിലൊരിക്കലായിരുന്നു നറുക്കെടുപ്പ്‌. നറുക്കെടുപ്പിന്റെ മൂന്നുനാല്‌ ദിവസം മുമ്പുതന്നെ പണം പിരിക്കും. നറുക്കെടുപ്പിന്റെയന്ന്‌ നറുക്ക്‌ ലഭിച്ചയാള്‍ക്ക്‌ പണം കൊടുക്കണമെന്നാണ്‌ വ്യവസ്ഥ.

മഴക്കാലമായിരുന്നു. അമ്മ മുഷിച്ചുനാറിയ, പകുതിയോളം ചോരുന്ന ശീലക്കുടയുമെടുത്ത്‌ വീടുതോറും പണം പിരിക്കാനിറങ്ങി. നാളെ നറുക്കെടുപ്പാണ്‌. പിരിഞ്ഞുകിട്ടിയ പണമെല്ലാം അമ്മ ഒരു പേഴ്‌സില്‍ ഭദ്രമായി അടുക്കി കട്ടിലിനു താഴെയുള്ള ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചു. ഇതെല്ലാം മാസംതോറും ഞാന്‍ കാണാറുള്ളതാണ്‌. പക്ഷെ ഒരിക്കല്‍പോലും അതില്‍നിന്ന്‌ പണമെടുക്കണമെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല. പക്ഷെ ഇപ്പോള്‍....

വൈകുന്നേരം ഞാനും അമ്മയും പുഴയില്‍ കുളിക്കാന്‍ പോകാറുണ്ട്‌. അന്ന്‌ പതിവിലും നേരത്തെ കുളിച്ചെന്നു വരുത്തി ഞാന്‍ വീട്ടിലേക്ക്‌ നടന്നു. വീട്ടില്‍ അച്ഛമ്മ, അടുത്ത വീട്ടിലെ കൂട്ടുകാരിത്തള്ളയോട്‌ നൊച്ചും നുണയും പറയാന്‍ പോയിരിക്കുന്നു. ഞാന്‍ കട്ടിലിനടിയിലെ ഇരുമ്പുപെട്ടി തുറന്ന്‌ പേഴ്‌സ്‌ പുറത്തെടുത്തു. അതില്‍ മുഷിഞ്ഞ്‌ മണമുള്ള കുറേ നോട്ടുകളും നാണയത്തുട്ടുകളുമുണ്ടായിരുന്നു. പണത്തിന്റെ ഗന്ധം ആസ്വാദ്യകരമായിത്തോന്നി. ഞാന്‍ അതില്‍നിന്നും ഒരു നോട്ടെടുത്തു. എന്റെ കൈകള്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. എങ്കിലും വികാരനിര്‍ഭരമായ ഒരനുഭൂതി എന്നെ ഗ്രസിച്ചു.

വൈകുന്നേരം സന്ധ്യാനാമജപത്തിനു ശേഷം പഠിക്കാനെന്ന പേരില്‍ കതക്‌ ചാരിയിരുന്നപ്പോള്‍ കണക്കുപുസ്‌തകത്തിനുള്ളില്‍ ചുരുട്ടിവെച്ചിരുന്ന നോട്ട്‌ ഞാന്‍ നിവര്‍ത്തി നോക്കി. ഒരു ഇരുപത്‌ രൂപ നോട്ടായിരുന്നു അത്‌. ആദ്യമായാണ്‌ ഇരുപത്‌ രൂപാ നോട്ട്‌ കാണുന്നത്‌. ഒരു പക്ഷെ ഉപ്പാപ്പമണിയുടെ കൈയില്‍ കൊടുത്താല്‍ നോട്ട്‌ മാറിക്കിട്ടിയേക്കാം. പിറ്റേ ദിവസം സ്‌കൂളില്‍ ചെന്നപ്പോള്‍ എന്റെ പക്കല്‍ ഇരുപത്‌ രൂപാ നോട്ട്‌ കണ്ട മണിയുടെ കണ്ണ്‌ തള്ളിപ്പോയി. അവന്‍ ആദരാത്ഭുതത്തോടെ എന്നെ നോക്കി. അതുവരെ മണിയുടെ കൂടെയുണ്ടായിരുന്ന ചട്ടമ്പികള്‍ പലരും എന്റെ കൂടെ ചേര്‍ന്നു. ചിലര്‍ എന്റെ ഇരുപത്‌ രൂപ തൊട്ടുനോക്കി. മറ്റു ചിലര്‍ മണപ്പിച്ചുനോക്കി. മണി ഉള്ളില്‍ തികട്ടിവരുന്ന അരിശമടക്കാന്‍ പാടുപെട്ടു. നോട്ടുമാറി എല്ലാവര്‍ക്കും വയറു നിറയെ കടല മിഠായിയും ഐസും വാങ്ങിത്തരാമെന്ന്‌ ഞാന്‍ ശപഥം ചെയ്‌തു.

വൈകുന്നേരം കുറി നറുക്കെടുപ്പ്‌ കഴിഞ്ഞു. അച്ഛന്‍ ജോലി കഴിഞ്ഞ്‌ മടങ്ങിവന്നിട്ടില്ല. ചത്വരം മുഴുവന്‍ കുറിക്കാരുടെ ബഹളം. അമ്മ ഇരുമ്പുപെട്ടിയില്‍നിന്നും പണം പുറത്തെടുത്ത്‌ എണ്ണുന്നു. വീണ്ടും എണ്ണുന്നു, വീണ്ടും... കളഞ്ഞുപോയ ഇരുപത്‌ രൂപാ നോട്ടിന്‌ വേണ്ടി ഇരുമ്പുപെട്ടിയിലും കട്ടിലിന്‌ താഴെയും പരതുന്നു. പിന്നെ വെപ്രാളപ്പെട്ട്‌ അടുക്കളയിലും മുറ്റത്തും ഓടിനടന്നു. അച്ഛമ്മയോട്‌ സ്വകാര്യമായി എന്തോ ചോദിച്ചു. അവര്‍ കൈ മലര്‍ത്തി. പുറത്ത്‌ മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. ഉമ്മറത്ത്‌ നറുക്ക്‌ ലഭിച്ച കുറിക്കാരന്‍ പണത്തിനായി കാത്തുനില്‍ക്കുന്നു. അമ്മ അസ്‌പഷ്ടമായെന്തോ പിറുപിറുത്ത്‌ പുറത്തേക്കിറങ്ങിപ്പോയി. അടുത്ത വീടുകളിലെല്ലാം പോയി ഇരുപത്‌ രൂപക്കായി യാചിച്ചു. അയല്‍പക്കങ്ങളില്‍ പണക്കാര്‍ ആരുമുണ്ടായിരുന്നില്ല. പുറത്ത്‌ അക്ഷമയോടെ കാത്തിരിക്കുന്ന കുറിക്കാരന്‍ തന്റെ നീരസം പ്രകടിപ്പിച്ചുതുടങ്ങി. അച്ഛമ്മ അയാളെ അനുനയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്‌.

മഴ കുറഞ്ഞുവരികയായിരുന്നു. ഒടുവില്‍ മഴ നനഞ്ഞ്‌ അമ്മ മടങ്ങിവന്നു. പക്ഷെ അപ്പോള്‍ അമ്മയുടെ കഴുത്തില്‍ രണ്ടോ മൂന്നോ മുത്തു മാത്രം ശേഷിക്കുന്ന മണിമാല ഉണ്ടായിരുന്നില്ല. അമ്മ കൈയില്‍ ചുരുട്ടിവെച്ചിരുന്ന പുത്തന്‍ ഇരുപത്‌ രൂപാ നോട്ടും ബാക്കി പൈസയും ഒരിക്കല്‍കൂടി എണ്ണി തിട്ടപ്പെടുത്തി കുറിക്കാരന്‌ കൊടുത്തു. അച്ഛമ്മ അപ്പോഴും ഉമ്മറത്ത്‌ തന്നെയുണ്ടായിരുന്നു. അയാള്‍ മുഖം കറുത്ത്‌ പറഞ്ഞുപോയ പൊയ്‌ വാക്കുകള്‍ തിരിച്ചെടുക്കാനാവാതെ സന്ദേഹിക്കുന്നത്‌ തട്ടിന്‍പുറത്തെ കിളിവാതിലിലൂടെ ഞാന്‍ വ്യക്തമായി കണ്ടു.

എന്റെ മനസ്സിലെവിടെയോ കുറ്റബോധത്തിന്റെയും നഷ്ടബോധത്തിന്റെയും അലകളുയര്‍ന്നു. വേണ്ടത്ര പക്വതയോ പാകതയോ വരാത്ത എന്റെ ഇളംമനസ്സും മനസ്സാക്ഷിയും തമ്മിലൊരു യുദ്ധം നടക്കുന്നു. ഞാന്‍ തട്ടിന്‍പുറത്തുനിന്നും താഴേക്കിറങ്ങി. കണക്കുപുസ്‌തകത്തിനുള്ളില്‍ സൂക്ഷിച്ചുവെച്ചിരുന്ന മുഷിഞ്ഞ നോട്ട്‌ പുറത്തേക്കെടുത്ത്‌ അമ്മയുടെ അടുത്തേക്ക്‌ ചെന്നു. എന്റെ കൈകളിലിരുന്ന്‌ വിറയ്‌ക്കുന്ന ഇരുപത്‌ രൂപാ നോട്ട്‌ അമ്മയുടെ കൈകളിലേല്‍പിച്ചു. അമ്മ അത്ഭുതത്തോടെ എന്നെ നോക്കി. ഞാന്‍ അമ്മയുടെ പാദങ്ങളില്‍ കുമ്പിട്ടു.

"ക്ഷമിക്കൂ, എന്നോട്‌ ക്ഷമിക്കൂ.. ഇനിയൊരിക്കലും ഞാന്‍ മോഷ്ടിക്കുകയില്ല. സത്യമായും മോഷ്ടിക്കുകയില്ല."

അമ്മയുടെ തലമുടിയില്‍നിന്നും ഓലോലം ഇറ്റിവീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം കുറേ കണ്ണുനീര്‍തുള്ളികളും എന്റെ ശിരസ്സിലേക്ക്‌ വീണു.

അത്‌, സന്തോഷത്തിന്റെ അശ്രുതീര്‍ത്ഥമോ! അതോ സന്താപത്തിന്റെ തീഷ്‌ണ ശാപജലമോ!!