Thursday, December 16, 2010

നഷ്ടബാല്യം-17അവസാനത്തിന്റെ ആരംഭം

കുറേ ദിവസങ്ങള്‍ ശാന്തമായിരുന്നു.

ഒരു സന്ധ്യക്ക്‌ അച്ഛന്‍ ജോലികഴിഞ്ഞുവന്ന്‌ ഉമ്മറത്തെ കസേരയില്‍ ചിന്താമഗ്നനായ്‌ കുറേനേരമിരുന്നു.

പിന്നീടദ്ദേഹം അടുക്കളയില്‍ ജോലിയില്‍ മുഴുകിയിരുന്ന അമ്മയുടെ അടുക്കലെത്തി ആലോചിച്ചുറപ്പിച്ച ആ കാര്യം പറഞ്ഞു- "ഈ വീടും, പറമ്പും ഞാന്‍ വില്‍ക്കാന്‍ പോണു.. "

ഒരു വിസ്‌ഫോടനം പോലെയായിരിക്കും അമ്മയിലത്‌ ഏറ്റിരിക്കുക

പിന്നീടവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ പ്രധാനമായും അച്ഛന്റെ വിശദീകരണങ്ങള്‍ പതിയെപ്പതിയെ ക്ഷുബ്ധതയിലേക്ക്‌ വികസ്വരമായ്‌ക്കൊണ്ടിരുന്നത്‌ എന്റെ മുറിയിലിരുന്ന്‌ ഞാന്‍ കേട്ടു.

"എന്തിനീ വീടും, സ്ഥലവും വില്‍ക്കുന്നു....."

"കുറേ കടമുണ്ട്‌. മറ്റ്‌ നിവൃത്തിയൊന്നും ഞാന്‍ കാണുന്നില്ല."

"എങ്ങനെ നിങ്ങള്‍ക്ക്‌ കടം വന്നു."

"അതൊന്നും നീയറിയേണ്ട. പറഞ്ഞത്‌ കേട്ടാമതി....."

"കടംവന്നതെങ്ങനെയെന്ന്‌ ഞാന്‍ പറയാം. നിങ്ങടെയാ ഇഷ്ടക്കാരിയുണ്ടല്ലോ കുന്നുമ്പുറത്ത്‌ അവള്‍ വീട്‌ വെച്ചതെങ്ങനെയെന്ന്‌ നാട്ടില്‍ മുഴുവന്‍ പാട്ടാണ്‌. അവളുടെ കടം തീര്‍ക്കാന്‍ ഈ വീട്‌ വില്‍ക്കാന്‍ ജീവനുള്ളകാലം ഞാന്‍ സമ്മതിക്കില്ല."

"നീ അനാവശ്യം പുലമ്പാതെ ഞാമ്പറയുന്നത്‌ കേക്ക്‌. തല്‌ക്കാലം നമുക്കൊരു വാടകവീട്ടിലേക്ക്‌ മാറാം. സ്ഥലം വന്നുനോക്കാന്‍ ഞാനൊരു പാര്‍ട്ടിയോട്‌ പറഞ്ഞിട്ടുണ്ട്‌."

"ഞാന്‍ പറയുന്നു ഈ ജന്മത്തിലത്‌ നടക്കില്ല."

"നിന്നെ കൊന്നിട്ടായാലും ഞാനിത്‌ നടത്തും. പുല......"

അമ്മയുടെ ദേഹത്ത്‌ അടിവീഴുന്ന ശബ്ദം. എന്റെ ഹൃദയം പെരുമ്പറകൊട്ടിത്തുടങ്ങി.

പതിവുള്ളതുപോലെ നിഷ്‌ക്രിയനായ്‌ നില്‌ക്കാന്‍ അപ്പോഴെനിക്ക്‌ കഴിഞ്ഞില്ല. തീര്‍ത്തും നിസ്സഹായമായ്‌ അമ്മയുടെ നെഞ്ച്‌ പൊട്ടിയ നിലവിളി ഞാന്‍ കേട്ടു. അമ്മ എന്നെ വിളിച്ചാണു കരയുന്നത്‌. ഒരു ബാധ കയറിയതുപോലെ ഞാന്‍ അടുക്കളയിലേക്ക്‌ ഓടുകയായിരുന്നു. ഞാനപ്പോള്‍ പൂര്‍ണ്ണമായും നല്ലതോ, ചീത്തതോ ആയ മറ്റേതോ ശക്തിയുടെ നിയന്ത്രണവിധേയമായിരുന്നു.

ഒരു കൊടുങ്കാറ്റുപോലെ അവരുടെ ഇടയിലേക്ക്‌ കയറിചെന്നപ്പോള്‍ അച്ഛന്‍ അമ്മയെ ചുമരിനോട്‌ ചാരിനിര്‍ത്തി കഴുത്തു ഞെരിക്കുകയായിരുന്നു. ഞാനാദ്യമായ്‌ നേര്‍ക്കുനേര്‍ അച്ഛന്റെ കണ്ണുകളിലേക്ക്‌ നോക്കുകയായിരുന്നു. എനിക്കപ്പോള്‍ അച്ഛനോട്‌ ഭയമോ, ആദരവോ തോന്നിയില്ല. ഞാന്‍ കല്‌പിക്കുക തന്നെയായിരുന്നു.

"എന്റെ അമ്മയെ തൊട്ടുപോകരുത്‌. "

അതുവരെ കാണാത്ത എന്റെ ഭാവപ്പകര്‍ച്ച ഒരുനിമിഷം അച്ഛനെ ദുര്‍ബലനാക്കുകയോ, ചഞ്ചലനാക്കുകയോ ചെയ്‌തിരിക്കണം. അദ്ദേഹം ഇതികര്‍ത്തവ്യാമൂഢനായ്‌ എന്നെ നോക്കി. ഞാന്‍ സ്ഥായീഭാവത്തില്‍ തന്നെ തുടര്‍ന്നു-"അമ്മയെ വിടാനാപറഞ്ഞത്‌. "

അച്ഛന്റെ പിടിയയഞ്ഞു. അമ്മ കുതറി ദൂരേക്കോടിപ്പോയി. മുഖമടച്ചുള്ള അച്ഛന്റെ ആദ്യത്തെ അടിവീണപ്പോഴാണ്‌ ഞാന്‍ സ്വത്വത്തിലേക്ക്‌ തന്നെ തിരിച്ചുപോയത്‌. അപ്പോഴെന്നിലേക്ക്‌ ഭയവും, വിഹ്വലതയും ഒരുപോലെ സന്നിവേശിച്ചു.

അമ്മ പുറത്തെ ഇരുട്ടില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ എന്നോട്‌ വിളിച്ചുപറഞ്ഞു-"ഇങ്ങുപോരെ. "

ഞാനോടി അമ്മയുടെ അരികിലെത്തി. ഇടവഴിയില്‍ നിന്ന്‌ ഞങ്ങള്‍ കെട്ടിപിടിച്ചു കരഞ്ഞു.

താഴെ തറവാട്ടില്‍ നിന്ന്‌ അമ്മമ്മയുടെ ജല്‌പനം.

അച്ഛന്‍ അകത്തുനിന്ന്‌ എന്തൊക്കെയോ തല്ലിതകര്‍ത്ത്‌ മുറ്റത്തേക്ക്‌ അമ്മയുടെ വസ്‌ത്രങ്ങള്‍ വാരിയിട്ടു. മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. പിന്നെ അഗ്നിയിലേക്ക്‌ എന്റെ പാഠപുസ്‌തകങ്ങള്‍ വലിച്ചെറിഞ്ഞു. അമ്മ ഇടവഴിയില്‍ നിന്ന്‌ യാചിച്ചു-" അതു ചെയ്യരുത്‌, അതു ചെയ്യരുത്‌.."

എന്റെ വിദ്യ, എന്റെ ഗുരുത്വം, എന്റെ ചിറകുകള്‍ തീജ്വാലകളെടുത്ത്‌ ഭസ്‌മമാകുന്നത്‌ ഞാന്‍ കണ്ടു. സങ്കടത്തിന്‍േയും, സന്ത്രാസത്തിന്റേയും പരിസമാപ്‌തി മൗനവും. ശാന്തതയുമാണെന്ന്‌ അന്ന്‌ ഞാനറിഞ്ഞു.

അച്ഛന്‍ രണ്ടാമതും ഷാപ്പിലേക്ക്‌ പോകാനായി ഇടവഴിയിലേക്കിറങ്ങിയപ്പോള്‍ അമ്മ പറഞ്ഞു-" ഇനി വന്നാ എന്താ നടക്ക്വാന്ന്‌ പറയാന്‍ പറ്റില്ല. നിന്നെ കൊല്ലാനും മടിക്കില്ല. അമ്മമ്മട അടുത്തേക്ക്‌ പോകണ്ട. കാലന്‍ അവിടേക്കും വരും. മറ്റെവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടോ..."

കണ്ണീരണിഞ്ഞ എന്റെ മുഖത്ത്‌ തുരുതുരാ ഉമ്മവെച്ചുകൊണ്ട്‌ അമ്മ തുടര്‍ന്നു-"വേഗം പൊയ്‌ക്കോ, അമ്മക്കിവിടെ നിന്നേ പറ്റൂ. പൊയ്‌ക്കോ ഉം വേഗം."

22 comments:

കാവലാന്‍ said...

പണ്ട് ഞാന്‍ സ്കൂള്‍ വിട്ടുവരുമ്പോള്‍ വഴിയോരത്ത് ഒരാളിരുന്ന് ഇതുപോലെ ഭാര്യയുടെ വസ്ത്രങ്ങളും,മക്കളുടെ പുസ്തകങ്ങളും ചുട്ടു കളയുന്നത് കണ്ടിട്ടുണ്ട്,വിഷമം തോന്നിയിരുന്നു.കുറേ നാള്‍ മുന്‍പ് അയാള്‍ മരിച്ചു പോയി.

നിശാസുരഭി said...

അനുഭവം? സ്വാനുഭവമല്ലെന്ന് കരുതുന്നു

നേന സിദ്ധീഖ് said...

അമ്മമാരെ കുറിച്ച് എന്ത് പറഞ്ഞാലും വായിക്കാന്‍ നല്ല സുഖം .

Sameer Thikkodi said...

വായിക്കുന്തോറും എന്തോ ഒരു ഭയം പിടികൂടുന്നുണ്ടായിരുന്നു .. ക്ലൈമാക്സിക്കുറിച്ചു ... ഹാവൂ.. ഒന്നും സംഭവിച്ചില്ല .. അവന്‍ ഓടി പോവുകയും ചെയ്തു ... പക്ഷെ അമ്മ ? എല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവള്‍ ...

ഭാവുകങ്ങള്‍

chitra said...

Hello, thanks for the visit on my blog.I can read Malayalam. shall come back. tc

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അനുഭവമായാലും ഒരു കഥയായിരിക്കട്ടെ എന്ന് വിശ്വസിക്കാന്‍ ശ്രമിക്കട്ടെ..നല്ല രചനാശൈലി..അഭിനന്ദനങ്ങള്‍.

moideen angadimugar said...

ഇത്രയും നല്ലൊരു പോസ്റ്റ് കണാതെപോയിരുന്നെങ്കിൽ വലിയനഷ്ടമായേനെ.

മുല്ല said...

നന്നായിട്ടുണ്ട്.ഭാവുകങ്ങള്‍

ഹംസ said...

നല്ല എഴുത്ത്... അഭിനന്ദനങ്ങള്‍

വീ കെ said...

കൊള്ളാം.....
തുടരൂ...

ആശംസകൾ....

Shades said...

അമ്മയെ കാണാന്‍ തോന്നുന്നു...
:(

ശങ്കരനാരായണന്‍ മലപ്പുറം said...

കഥ ഇഷ്ടമായി പ്രദീപേ! എങ്കിലും 'അവസാനത്തിന്റെ ആരംഭം' എന്ന തലക്കെട്ട് പേടിപ്പെടുത്തുന്നുണ്ട്.

sanilkumarkp said...

pradeepe nashta baliyam vayichappol really njan karanju poi karanam njan ende pazayakala jeevithathilekku onnu thirinju nokki

ഇ.എ.സജിം തട്ടത്തുമല said...

കൊച്ചു കഥ. നല്ല കഥ. ആശംസകൾ!

Anonymous said...

അനുഭവം സ്വന്തമാണോ......? നന്നായിട്ടുണ്ട്.....പക്ഷെ ഇനിയെന്തായി എന്നൊരു ചോദ്യം ചോദിക്കട്ടെ..?

സുജിത് കയ്യൂര്‍ said...

നല്ല കഥ.
അഭിനന്ദനങ്ങള്‍.

മാനവധ്വനി said...

താങ്കളുടെ യദാർത്ഥ ജീവിതാനുഭവം ആണൊ ഈ പങ്കുവെച്ചത്‌??... അതോ വെറും കഥയാണോ?...
...തിക്താനുഭവം!...താങ്കൾക്ക്‌ നല്ലതു വരുത്തട്ടേ...! സസ്നേഹം

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

നഷ്ടബാല്യത്തില്‍ പറയുന്നതെല്ലാം എന്റെ സ്വാനുഭവമാണ്‌. കലര്‍പ്പുകളില്ല. കഥാപാത്രങ്ങളുടെ പേരുപോലും മാറ്റിയിട്ടില്ല. അടുത്ത ഒരു പോസ്‌റ്റോടുകൂടി ഈ സീരീസ്‌ അവസാനിക്കുകയാണ്‌. ജനുവരിയില്‍ ഇത്‌ പുസ്‌തകരൂപത്തിലും പുറത്തിറങ്ങുകയാണ്‌. നേരിട്ടുവിളിച്ചും അല്ലാതെയും പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും നന്ദി.

പട്ടേപ്പാടം റാംജി said...

കൊച്ചു കഥ
ഇഷ്ടപ്പെട്ടു.

എന്‍.ബി.സുരേഷ് said...

ഇത് ഒരു തുടരൻ കഥയായതിനാൽ ഒന്നിച്ച് വായീക്കാമെന്ന് ഉറപ്പ് തന്നെ തിരികെ പോകുന്നു.

Thommy said...

പുതുവത്സരാസംസകള്‍...ഇതുപോലെ നല്ല കഥകള്‍ പുതുവര്‍ഷത്തിലും പ്രതീഷിക്കുന്നു

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എല്ലാം കുറേശയേ ഉള്ളൂ..അല്ലേ