Friday, September 19, 2008

അമ്മ...!

രാത്രിയാകുമ്പോള്‍ ഭയമായിരുന്നു. പകല്‍ അച്ഛനുണ്ടാവില്ല. രാത്രി അച്ഛന്‍ വരും.ഈയിടെയായി വളരെ വൈകിയാണ്‌ അച്ഛന്റെ വരവ്‌. അതെനിക്ക്‌ സന്തോഷപ്രദമായിരുന്നു. പക്ഷെ അമ്മ...!എത്ര വൈകിയാലും അമ്മ അച്ഛനെ കാത്ത്‌ ഇടവഴിയിലേക്ക്‌ കണ്ണുംനട്ട്‌ പിന്നാമ്പുറ കോലായിലിരിക്കും. അപ്പോഴൊക്കെ അമ്മ കരയുന്നത്‌ കാണാം. ശബ്ദം പുറത്ത്‌ കേള്‍പ്പിക്കാതെ വിങ്ങി വിങ്ങി.

ആദ്യമൊന്നും കരയുന്നതിനുള്ള കാരണം എനിക്ക്‌ മനസ്സിലായിരുന്നില്ല. പിന്നെ അമ്മമ്മ പറഞ്ഞ്‌ അറിഞ്ഞു. അച്ഛന്‌ വേറൊരു ഇഷ്ടക്കാരിയുണ്ടത്രെ! പണി കഴിഞ്ഞ്‌ നേരെ പോകുന്നതവിടേയ്‌ക്കാണ്‌. ഒരവിഹിത ബന്ധം.

ഇന്ന്‌ അമ്മയോടൊപ്പം ഞാനും ഉറങ്ങാതെ കാത്തിരിക്കുന്നു. പാതിരാത്രിയിലെപ്പോഴോ കുടിച്ചു കൂത്താടി അച്ഛന്‍ കയറി വരുന്നു. ഞാന്‍ അച്ഛനെ ഭയന്ന്‌ എന്റെ മുറിയില്‍ ഓടിയൊളിയ്‌ക്കും. അമ്മ വിങ്ങലോടെ അച്ഛനോട്‌ ചോദിക്കും- "ഇന്നും അവളുടെ അടുത്ത്‌ പോയി അല്ലേ?"

"ഠേ.."

അടി വീഴുന്ന ശബ്ദം. പിന്നെ അസഭ്യവര്‍ഷം- " എന്നോട്‌ ചോദിക്കാന്‍ നീ ആരെടീ.....?"

മിക്കവാറും അമ്മയുടെ ചുണ്ടു പൊട്ടി ചോരയൊലിക്കും. പക്ഷെ അമ്മ അച്ഛനെ ചീത്ത പറയില്ല. ഉപദ്രവിക്കില്ല. എല്ലാം സഹിക്കും. ഗദ്‌ഗദത്തോടെ പറയാന്‍ ശ്രമിക്കും - "ഇനി അവളുടെ അടുത്ത്‌ പോകാതിരുന്നുകൂടേ?"

അച്ഛന്റെ പീഢനവും അമ്മയ്‌ക്ക്‌ അവകാശമായിരുന്നു.

അമ്മ അച്ഛന്‌ ചോറു വിളമ്പുന്നു. പക്ഷെ കറിയില്‍ എരിവ്‌ കൂടിയതോ ഉപ്പ്‌ കുറഞ്ഞതോ അച്ഛന്‌ പുതിയ കാരണമാകുന്നു. ചോറും കറികളും പാത്രത്തോടെയെടുത്ത്‌ അച്ഛന്‍ പുറത്തേക്കെറിയും. പിന്നെയൊരു സംഹാരതാണ്ഡവമാണ്‌. മുന്നില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്ത്‌ അമ്മയുടെ വസ്‌ത്രങ്ങള്‍ മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുന്നു. അസഭ്യ വര്‍ഷങ്ങള്‍- "നായിന്റെ മോള്‍..."

പിറ്റെന്നാള്‍.അലങ്കോലമായ വസ്‌ത്രങ്ങളും പാത്രങ്ങളും ശരിയാക്കി എല്ലാം മറന്ന്‌ അമ്മ അച്ഛന്‌ ചായ കൊടുക്കുന്നു. തലേന്നത്തെ പക അടങ്ങിയിട്ടുണ്ടാവില്ല. അച്ഛന്‍ ചൂടുള്ള ചായ അമ്മയുടെ മുഖത്തേക്കൊഴിക്കുന്നു. അമ്മ അലറിക്കരഞ്ഞ്‌ നാലുപാടും ഓടും. അപ്പോള്‍ തറവാട്ടില്‍ നിന്ന്‌ അമ്മമ്മയുടെ ശാപ വചനങ്ങള്‍ കേള്‍ക്കാം- "ഈ പണ്ടാറക്കാലന്‍ ചത്തുപോകട്ടെ"

പതിവുപോലെ അമ്മ നാട്ടു മധ്യസ്ഥരെയും പ്രമാണിമാരെയും വിളിച്ചുകൂട്ടുന്നു. അവര്‍ എന്നും എനിക്ക്‌ വിചിത്രമായി തോന്നാറുള്ള പുതിയ വിധി കല്‍പ്പിക്കുന്നു- "അമ്മ അച്ഛനോട്‌ മാപ്പു പറയണം"

എല്ലാം കഴിഞ്ഞ്‌ താല്‍ക്കാലികമായ ഒന്നോ രണ്ടോ ദിവസത്തിന്റെ സ്വസ്ഥതയില്‍ അമ്മയും ഞാനും കെട്ടിപ്പിടിച്ച്‌ ഉറങ്ങും. ഞാന്‍ ശപിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു-"എന്തേ എന്റെ അച്ഛന്‍ മാത്രം ഇങ്ങനെയായിപ്പോയത്‌? എനിക്കൊരു ഏട്ടനുണ്ടായിരുന്നെങ്കില്‍! ഒരമ്മാവന്‍ ഉണ്ടായിരുന്നെങ്കില്‍, ഒരു വലിയച്ഛനുണ്ടായിരുന്നെങ്കില്‍...!!

5 comments:

കണ്ണൂരാന്‍ - KANNURAN said...

:)

sreedevi said...

ഏട്ടന്‍ അമ്മാവന്‍ ..സുരക്ഷിതത്വം തേടി നമ്മള്‍ അലയുന്നു..നിഴല്‍ പോലും കൂടെ ഉണ്ടാവില്ല എന്ന തിരിച്ചറിവ് കാലം നല്‍കും വരെ ... അന്ന് കിട്ടുന്ന മനധൈര്യം പിന്നെ മുന്‍പോട്ടുള്ള ജീവിതത്തില്‍ കൂട്ടവും ....മറ്റു കൂട്ടുകള്‍ തേടാതെ ഇരിക്കാനുള്ള കരുത്തും

ശിവ said...

ഇത് കഥയാണെങ്കില്‍ ഒട്ടും പുതുമ ഇല്ല...ജീവിതമാണെങ്കില്‍ ആ അച്ഛന്റെ തലക്കിട്ട് ഒരെണ്ണം കൊടുക്കൂ...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കഥയ്ക് ഒരു ഓജസില്ല.വായനയുടെ കുറവുണ്ട്.
ആശംസകള്‍..
വെള്ളായണി

ajith said...

വായിച്ചു. പ്രതിഭാധനന്‍.