Important posts
Thursday, July 29, 2010
നഷ്ടബാല്യം-9
വിരഹം
ഒരുദിവസം രാത്രി അച്ഛന്‍ ഞങ്ങള്‍ ആടിനെ മേയ്‌ച്ചിരുന്ന തെങ്ങിന്‍ തോപ്പുകടന്ന് കുറേദൂരം പാടങ്ങളിലൂടെയും, ഇടവഴികളിലൂടെയുമൊക്കെ യാത്രചെയ്‌ത് മറ്റൊരു കളരിയിലേയ്‌ക്ക് കൊണ്ടുപോയി. കുമാരന്‍ ഗുരുക്കളില്‍ നിന്ന് കിട്ടാത്ത പ്രധാനപ്പെട്ട അടവ് സ്വായത്തമാക്കുക എന്നതായിരുന്നു ഉദ്ദേശം.
വലിയൊരു കളരിയായിരുന്നു അത്. ധാരാളം അഭ്യാസികളുണ്ടായിരുന്നു. കളരിയുടെ നടുക്ക് സ്‌തൂഭം പോലെയുള്ള വലിയ കല്‍വിളക്കില്‍ നല്ലെണ്ണയില്‍ കുതിര്‍ന്ന തിരികള്‍ പന്തം കത്തുന്നു. വളരെ ചെറുപ്പക്കാരനായ ഒരാളായിരുന്നു അവിടത്തെഗുരുക്കള്‍. അയാള്‍ ഞങ്ങള്‍ക്ക് വളരെ സ്‌നേഹമയമായും, ലളിതമായും ചില അടവുകള്‍ കാണിച്ചുതന്നു. ഒരു രാത്രിയ്‌ക്ക് മാത്രമായുള്ള ഒരു ശിഷ്യപ്പെടലായിരുന്നു അത്.
നേരം വളരെ വൈകിയിരുന്നു. അഭ്യാസനത്തിന് ശേഷം അച്ഛനും, കൂട്ടാളികളും ഗുരുക്കളുടെ വീട്ടിലിരുന്ന് മദ്യപാനമാരംഭിച്ചു. എന്നേയും, അനിയനേയും 'കുട്ട്യമ്പി' എന്ന് പേരുള്ള ഗുരുക്കളുടെ പിതാവ് ഒരു കുടുസ്സുമുറിയിലിരുത്തി ചോറും കറികളും തന്നു. ആമയിറച്ചിയായിരുന്നു സ്‌പെഷ്യല്‍. അദ്ദേഹം നിര്‍ബന്ധിച്ച് ഞങ്ങളെ ഊട്ടി. ഭക്ഷണരീതികളും, വീടിന്റെ അകത്തളങ്ങളുമൊക്കെ കണ്ടപ്പോള്‍ അവര്‍ താഴ്‌ന്ന വര്‍ഗ്ഗക്കാരാണെന്ന് എനിക്ക് തോന്നി. മടങ്ങുമ്പോള്‍ കനപ്പെട്ട ഒരു സംഖ്യ അച്‌ഛന്‍ ഞങ്ങളെക്കൊണ്ട് ദക്ഷിണ കൊടുപ്പിച്ചു. ഗുരു നന്നായ് വരും എന്ന് മൂര്‍ദ്ധാവില്‍ തൊട്ട് അനുഗ്രഹിച്ചു.
പതിരാത്രി കഴിഞ്ഞ് അവിടെ നിന്ന് മടങ്ങുമ്പോള്‍ അകാരണമായൊരു വ്യസനം എന്നെ പിടികൂടി; വേര്‍പാടിന്റെ. രണ്ടാമതൊരിക്കല്‍ കൂടി അങ്ങോട്ട് പോകാന്‍ സാധ്യതയില്ലാ എന്ന് അച്ഛന്‍ ഞങ്ങളോട് പറഞ്ഞിരുന്നു.
പിറ്റേന്ന് പുലര്‍ന്നെണീറ്റപ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ ആ വീടും, കളരിയും, ഗുരുവും പൂര്‍വ്വാധികം കാന്തിയോടെ
തെളിഞ്ഞുനിന്നു.
"എനിക്കൊരിക്കല്‍കൂടി അങ്ങോട്ട് പോകണം` അതുമാത്രമായ് ചിന്ത. തീഷ്‌ണമായൊരു കാന്തിക പ്രകര്‍ഷണം.
വീണ്ടും പോകണം എന്ന് അച്ഛനോട് പറയാന്‍ ധൈര്യമില്ല. അനിയനോട് സൂചിപ്പിച്ചപ്പോള്‍ അവനതിന്
താത്‌പര്യമില്ല.
ഒരു ഞായറാഴ്‌ച്ച അടങ്ങാത്ത തൃഷ്‌ണയോടെ ഞാനൊറ്റയ്‌ക്ക് തെങ്ങിന്‍ തോപ്പില്‍ നിന്നും അവിടേയ്‌ക്ക് യാത്രയാരംഭിച്ചു. രാത്രിയിലായിരുന്നു ആദ്യയാത്ര എന്നതുകൊണ്ട് ആ സ്ഥലവും വഴിയും എനിയ്‌ക്ക് തീര്‍ത്തും അപരിചിതമായിരുന്നു. എങ്കിലും ഒരുതരത്തില്‍ ദുരൂഹമായിരുന്ന ആ അന്വേഷണം എന്നില്‍ ഗോചരാതീതമായൊരാനന്ദം പ്രധാനം ചെയ്‌തു.
സ്ഥലംമാറി പല വീട്ടലും ഞാന്‍ ചെന്നന്വേഷിച്ചു. അപരിചിതമാണെങ്കിലും അവിടെയെല്ലാം മുമ്പെങ്ങോ കണ്ടു മറന്ന, എന്തോമറന്നുവെച്ച, പൂര്‍ത്തീകരിക്കാതെപോയിരുന്ന മൗലികമായൊരു ചോദന എന്നിലുളവാക്കി. പലര്‍ക്കും കൊച്ചുകുട്ടിയായ എന്റെയീ നിഗൂഢപ്രവര്‍ത്തി അത്ഭുതകരമായ് തോന്നി.
അവസാനം ആരോ ഒരാള്‍ എന്നെ അവിടെ എത്തിച്ചു. ഗുരു അവിടെയുണ്ടായിരുന്നില്ല. കുട്ട്യമ്പിയും, വീട്ടുകാരും എന്നെ സസന്തോഷം സ്വീകരിച്ചു. കുറച്ച് ദിവസം മുമ്പ് ചുവടുവച്ച കളരിയെ നിര്‍വൃതിയോടെ ഞാന്‍ നോക്കി കണ്ടു. പക്ഷേ രാത്രിയിലെ പ്രൗഢിയും, എടുപ്പുമൊന്നും ആ കളരിയ്‌ക്കോ കല്‍വിളക്കിനോ അപ്പോഴുണ്ടായി തോന്നിയില്ല.
കുട്ട്യമ്പി എനിക്ക് കട്ടന്‍ചായ ഉണ്ടാക്കിതന്നു. പൊരിയും അരിമുറുക്കും തന്നു. മടങ്ങുമ്പോള്‍ തെങ്ങിന്‍തോപ്പുവരെ അദ്ദേഹം എന്നെ അനുഗമിച്ചു.
.
അവിടെ നിന്ന് യാത്ര പറഞ്ഞ് പിരിയുമ്പോള്‍ കുട്ട്യമ്പി അസംഖ്യം മടക്കുകളുള്ള മുറുക്കാന്‍ പൊതിയില്‍ നിന്നും ഏതാനും നാണയതുട്ടുകളെടുത്ത് എനിയ്‌ക്ക് തന്നു. എന്നെ ആശിര്‍വദിച്ചു.
മടങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. പുലയനായ ആ വൃദ്ധന്‍ എന്റെയാരുമല്ല എങ്കിലും.
Subscribe to:
Post Comments (Atom)
1 comment:
gud 1 ..kp going
Post a Comment