Friday, August 28, 2009

മൂന്ന്‌ മിനിക്കഥകള്‍

1 - ഭ്രാന്തന്‍ നായ
ഞാനുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിലേക്ക്‌ ഭ്രാ‌ന്തന്‍ നായ ഓടിവരുന്നത്‌ കണ്ടപ്പോഴേ ഞാനൂഹിച്ചിരുന്നു- അതെന്‍െ നേര്‍ക്കാണ്‌ ചാടുക; എന്നെയാണ്‌ കടിക്കുക! എന്റെ ജാതകം എ‌ന്നുമങ്ങനെയായിരുന്നു.

ജനക്കൂട്ടം ഒറ്റതിരിഞ്ഞ്‌ ഓടാന്‍ തുടങ്ങി. ഞാനും. മുന്നിലെ കല്‍പ്പടവില്‍ തലയിടിച്ച്‌ ഞാന്‍ വീണപ്പോള്‍ നായ വിജയമനോഭാവത്തോടെ മുന്‍കാലുകള്‍ എന്റെ മേല്‍ വെച്ച്‌ ഒരു നിമിഷം നിന്ന്‌ നാവ്‌ നീട്ടിക്കിതച്ചു. നൊടിയിടെ ഞാന്‍ കണ്ടു- ആള്‍ക്കൂട്ടം എങ്ങും ചിതറിയിട്ടില്ല. ഓടിയത്‌ ഞാന്‍ മാത്രമാണ്‌. അവര്‍ ഇപ്പോള്‍ വേട്ടയാടപ്പെടുന്ന എന്റെ കാഴ്‌ചക്കാരാണ്‌.

ഭ്രാന്തന്‍ നായയുടെ കോമ്പല്ലുകള്‍ എന്റെ ദേഹത്തേക്ക്‌ ആഴ്‌ന്നപ്പോള്‍ ഞാനാദ്യം അലറിക്കരഞ്ഞു. പിന്നെ നിരാസത്തിന്റെ നിസ്വാവസ്ഥയില്‍ ഞാനും കുരച്ചു; കുരച്ചുചാടി. പകച്ച നായ പിന്തിരിഞ്ഞോടിയപ്പോള്‍ ഞാനതിനെ വിട്ട്‌ ചോരയൊലിക്കുന്ന ദേഹവുമായി ആള്‍ക്കൂട്ടത്തിനുനേരെ ചാടി. ആളുകളപ്പോള്‍ വിഭ്രാന്തിയോടെ ഓടി.

പിന്നെ എന്റെ നേരെ കല്ലുകള്‍ കൊണ്ട്‌ ശരങ്ങളെയ്‌ത്‌ എനിക്കുചുറ്റും അവര്‍ പ്രതിരോധത്തിന്റെ വലയം തീര്‍ത്തു. എനിക്ക്‌ സമാധിയൊരുക്കി.

2- ശത്രു
എവിടെയോ എന്തൊക്കെയോ ഒരുങ്ങുന്നു. ആദ്യമായി എനിക്കൊരു ശത്രുവുണ്ടായിരിക്കുന്നു. ശത്രു പ്രബലനാണ്‌, ക്രൂരനാണ്‌. ന്യായം എന്റെ പക്ഷത്താണ്‌. പക്ഷെ ഞാന്‍ ദരിദ്രനും അബലനുമാണ്‌. പരിഹാരം കാണണമെങ്കില്‍ ഞാനയാളോട്‌ കാലുപിടിച്ച്‌ മാപ്പപേക്ഷിക്കണം. പക്ഷെ അഭിമാനം. ഞാനും ഒരു പുരുഷനാണല്ലോ. അതുകൊണ്ട്‌ അതുവയ്യ!

സ്വരുക്കൂട്ടിയ ധീരതയോടെ മനസ്സില്‍ തീരുമാനമെടുക്കുമ്പോള്‍ പണിയില്ലാത്ത ഈ മഴക്കാലത്ത്‌ പശിയടങ്ങെ തിന്നാനില്ലാതെ അസുഖത്തോടെ കിടന്നുറങ്ങുന്ന എന്റെ ഭാര്യയെയും മക്കളെയും വയസായ അമ്മയെയും കാണുമ്പോള്‍ മനസ്സുകൊണ്ട്‌ ഞാനയാളോട്‌ യാചിച്ചുപോകുന്നു- "ഞാന്‍ ദരിദ്രനാണ്‌. പാവമാണ്‌. എന്നോട്‌ ക്ഷമിക്കൂ.... എന്നെ വെറുതെ വിടൂ"

3- അന്തരം
വര്‍ഷങ്ങള്‍ക്കുശേഷം വിദേശത്തുനിന്നുവന്ന അമ്മാവനെ കാണാനെത്തിയതായിരുന്നു അയാള്‍. അമ്മാവനെ കണ്ട്‌ ചില സങ്കടങ്ങളുണര്‍ത്തിക്കാന്‍ അമ്മ പറഞ്ഞയച്ചതാണ്‌.

കുറെ കാലത്തിന്‌ ശേഷം കണ്ട സന്തോഷത്തില്‍ അമ്മാവന്‍
വാതോരാതെ അയാളോട്‌ സംസാരിച്ചു. ഗ്രാമത്തിലെ അമ്പലക്കുളത്തെക്കുറിച്ചും ഇടവഴികളെക്കുറിച്ചുമൊക്കെയായിരുന്നു അമ്മാവന്‍ ചോദിച്ചത്‌.

അപ്പോഴവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലേക്ക്‌ അമ്മാവന്റെ വെള്ളാരംകണ്ണുള്ള മകള്‍ 'ആന്‍സി' കടന്നുവന്നു. ഗ്രാമം അവള്‍ കണ്ടിട്ടേയില്ലായിരുന്നു. അമ്മാവന്‍ അവളോട്‌ ഗ്രാമത്തെക്കുറിച്ച്‌ വിവരിച്ചു. പിന്നീട്‌ അവരുടെ സംഭാഷണം മുഴുവനായും ഇംഗ്ലീഷിലേക്ക്‌ വഴിമാറിയപ്പോള്‍, താന്‍ അപ്രസക്തനായെന്ന്‌ തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ്‌ ഹാളിലേക്ക്‌ ചെന്നു. അമ്മാവന്റെ മറ്റു മക്കളും അമ്മായിയും അവിടെ ടി.വി. കാണുകയായിരുന്നു. ചാനല്‍ മാറ്റിമാറ്റി അവര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഉറപ്പിക്കുകയും ധോണിയെയും ശ്രീകാന്തിനെയും കുറിച്ച്‌ വാചാലരാവുകയും ചെയ്‌തപ്പോള്‍ അയാള്‍ അവിടെനിന്നും എഴുന്നേറ്റ്‌ ഉമ്മറത്തേയ്‌ക്ക്‌ പോയി ആകാശത്തേക്കുനോക്കി. അവിടെ നീലിമയില്‍ വെള്ളിമേഘങ്ങള്‍ വ്യൂഹം ചമച്ച്‌ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അയാളത്‌ നോക്കിനിന്നു.

ആ കാഴ്‌ച അയാള്‍ക്ക്‌ വളരെ വളരെ ഇഷ്ടമായിരുന്നു.

Thursday, August 20, 2009

അച്ഛന്റെ മകന്‍

I
വിനോദ്‌ ഒരിക്കല്‍കൂടി കണ്ണാടിയില്‍ നോക്കി. ഇല്ല. അച്ഛനെ പോലെ ഒന്നുമില്ല. തടിച്ചിട്ടാണച്ഛന്‍. താന്‍ ഈര്‍ക്കിലി പോലെയും. മൂക്ക്‌ അമ്മയുടേതുപോലെ പതിഞ്ഞതാണ്‌. അച്ഛന്‌ മുഖത്ത്‌ ഇടതൂര്‍ന്ന താടിയുണ്ട്‌. തനിക്കതുമില്ല. ഉള്ളത്‌ കീഴ്‌താടിയിലെ ചെമ്പന്‍ നിറത്തിലുള്ള നാലോ അഞ്ചോ രോമം മാത്രം. അനിയന്മാരായ വാസൂട്ടനും മോനുവിനും താടിരോമങ്ങള്‍ വളര്‍ന്നുതുടങ്ങി. തനിക്കുമാത്രമില്ല. അവര്‍... അവര്‍ അച്ഛന്റെ മക്കളാണ്‌. താനോ!

അവന്റെ ഇടനെഞ്ച്‌ വിങ്ങി.

ഓര്‍മ്മവെച്ചതുമുതല്‍ അങ്ങനെയാണ്‌. അച്ഛന്‍ അവനെ മാത്രം വേര്‍തിരിച്ചുകാണുന്നു. അകാരണമായി ശാസിക്കുന്നു. ശിക്ഷിക്കുന്നു. പരിഹസിക്കുന്നു.

വൈകുന്നേരങ്ങളില്‍ അച്ഛന്റെ പ്രധാന വിനോദം വിനുവിന്റെ പൊക്കിള്‍ കശക്കി രസിക്കുകയും അമ്മ കാണാതെ അവന്റെ ഇളം വൃഷണങ്ങളില്‍ ചൂണ്ടുവിരല്‍ കൊണ്ട്‌ മേടി രസിക്കുകയുമായിരുന്നു.

വിശേഷ ദിവസങ്ങളില്‍ അനിയന്മാര്‍ക്ക്‌ ഭംഗിയുള്ള വസ്‌ത്രങ്ങളെടുക്കുമ്പോള്‍ അവന്‌ കിട്ടുക വിലകുറഞ്ഞ കോട്ടണ്‍ ഷര്‍ട്ടും ട്രൗസറും മാത്രമായിരിക്കും. പത്താംക്ലാസില്‍ പഠിക്കുമ്പോഴും വിനു ട്രൗസറാണ്‌ ധരിച്ചിരുന്നത്‌. അതോടെ പാന്റ്‌സും മുണ്ടും ധരിച്ചുവരുന്ന സഹപാഠികള്‍ക്ക്‌ അവനൊരു പരിഹാസ കഥാപാത്രമായി. അച്ഛന്റെ കണ്ണുകള്‍ക്കും ആജ്ഞാശക്തിക്കും മുമ്പില്‍ നിസ്സഹായയാകുന്നു അമ്മ.

ചില ദിവസങ്ങളില്‍ അച്ഛന്‍ മദ്യപിക്കുമായിരുന്നു. അപ്പോഴൊക്കെ അമ്മയുടെ മുടിക്കുത്തിന്‌ പിടിച്ച്‌ അലറും- "എവിടെടീ.... നിന്റെ ജാരസന്തതി..... എട്ടാം മാസത്തില്‍ പ്രസവിച്ച ആ നായിന്റെ മോന്‍....."

പുറത്തേക്കിറങ്ങുമ്പോള്‍ നാട്ടുകാരും പിറുപിറുക്കുന്നു- "അതേയ്‌, നമ്മുടെ ജാനകിയമ്മയുടെ ചെക്കനാ ആ പോണത്‌. നായര്‌ പറയണത്‌ കൊറച്ചൊക്കെ ശരിയാണ്‌. ചെക്കന്‌ അയാടേന്നല്ല, ആ തറവാട്ടിലെ ആരുടെയും ഛായയില്ല."

" ഒക്കെ കാലക്കേടാണ്‌. ഗണിച്ചുനോക്കിയ പണിക്കര്‍ അന്നേ പറഞ്ഞിരുന്നു, ഈ ജാതകം ശരിയാവില്ലാന്ന്‌- പിന്നെ എല്ലാവരും നിര്‍ബന്ധിച്ചങ്ങട്‌ നടത്തി " - അമ്മയുടെയും അച്ഛന്റെയും വിവാഹക്കാര്യമാണ്‌ മുത്തശ്ശി പറയുന്നത്‌.

അവര്‍ പറയുന്നത്‌ ശരിയായിരിക്കുമോ! അച്ഛന്‍ അസുരഗണവും അമ്മ ദേവഗണവുമായതുകൊണ്ടാണോ ഈ പൊരുത്തക്കേട്‌? ജാരശങ്ക! ആയിരിക്കാം!

വിനു പത്തില്‍ ഒന്നാം ക്ലാസോടെ പാസായി. പക്ഷെ തുടര്‍ന്നു പഠിക്കാന്‍ അച്ഛന്‍ അനുവദിച്ചില്ല. ആകാശത്ത്‌ സ്വച്ഛന്ദം വിഹരിക്കുന്ന വെള്ളിക്കൊട്ടാരങ്ങള്‍ കരിമേഘങ്ങളായി ഭവിക്കുന്നതുപോലെ അവന്റെ ഉള്ളിലുണ്ടായിരുന്ന നീറ്റല്‍ ദീനരോദനമായി പുറത്തേക്കുചാടി.- "പറയൂ അമ്മേ... ആരാണ്‌.. ഞാനാരാണ്‌! അച്ഛന്‍ പറയുന്നതുപോലെ ഞാന്‍....! "

ഗദ്‌ഗദത്താല്‍ പിടഞ്ഞുവീണ അമ്മയുടെ വാക്കുകള്‍ - "മറ്റുള്ളവര്‍ കരുതുന്നതുപോലെ നീയും... ന്റെ പൊന്നുമോനേ നീയും അമ്മയെ..... "

അന്ന്‌ വൈകുന്നേരേം അച്ഛന്‍ അമ്മയോടു പറയുന്നതുകേട്ടു- "നെന്റെ തല തെറിച്ച ചെക്കനുണ്ടല്ലോ. ആ അശ്രീകരം. ഞാനാ ദാമോദരന്റെ വര്‍ക്‌ഷോപ്പില്‍ പറഞ്ഞിട്ടുണ്ട്‌. വെറുതെ തിന്നുമുടിക്കാനല്ലാതെ എന്തെങ്കിലും പത്തു പൈസടെ ഉപകാരമുണ്ടാവട്ടെ."

അമ്മ മറുത്തൊന്നും പറയുന്നത്‌ കേട്ടില്ല. പറഞ്ഞിട്ട്‌ കാര്യമില്ല. ഒരുപക്ഷേ വിധി ഇതായിരിക്കും.

അന്ന്‌ രാത്രി വര്‍ക്‌ഷോപ്പിലെ പണി പഠിക്കുന്നതും മേസ്‌തിരിയാകുന്നതും വിനു സ്വപ്‌നം കണ്ടു. സ്വപ്‌നങ്ങള്‍ക്കും പരിധിയുണ്ടായിരിക്കുന്നു.

പിറ്റേന്ന്‌ വര്‍ക്‌ഷോപ്പില്‍ പോകാന്‍ നേരം നിറം മങ്ങിയ ചോറ്റുപാത്രം തന്നുകൊണ്ട്‌ അമ്മ പറഞ്ഞു - "ന്റെ മോന്‍ വെഷമിക്കണ്ട. വര്‍ക്‌ഷോപ്പ്‌ പണി അത്ര മോശമല്ല. നെന്റെ അമ്മാമന്‌ ദുബായിലെന്താ പണി? ന്തായാലും അമ്മാമന്‌ ഞാന്‍ എഴ്‌ത്‌ണ്‌ണ്ട്‌ "

അമ്മാവന്‍ നാട്ടില്‍ ലീവിന്‌ വരുന്വോഴൊക്കെ അമ്മയെ കാണാന്‍ വരാറുണ്ട്‌. അന്നേരമെല്ലാം അദ്ദേഹത്തിന്റെ ചുറ്റിലും വില കൂടിയ സ്‌പ്രേയുടെ സാന്നിധ്യമുണ്ടായിരുന്നു.

II
അന്നാദ്യമായി ദാമോദരേട്ടന്‍ വിനുവിന്‌ ഒരു നൂറുരൂപാ നോട്ട്‌ കൊടുത്തു. ആദ്യത്തെ വേതനം! തുള്ളിച്ചാടണമെന്ന്‌ തോന്നി. ലോകം പിടിച്ചടക്കിയ പ്രതീതി. നല്ലവനായിരുന്നു ദാമോദരേട്ടന്‍. തന്റെ പണിശാലയില്‍ ട്രൗസര്‍ ധരിച്ചെത്തുന്ന യുവാവിനോടയാള്‍ക്ക്‌ പ്രത്യേക അനുകമ്പയായിരുന്നു. അദ്ദേഹം കൂടെകൂടെ പറയാറുണ്ട്‌. - "ന്റെ വര്‍ക്‌ഷോപ്പില്‍ ഇത്ര പെട്ടെന്ന്‌ പണി പഠിച്ചവരായി ആരുമില്ല. കൊറച്ചുകൂടി കഴിയട്ടെ, പണിയൊക്കെ പഠിച്ച സ്ഥിതിക്ക്‌ ഇനി ടൗണിലെ ഏതെങ്കിലും തിരക്കുള്ള വര്‍ക്‌ഷോപ്പിലേക്ക്‌ മാറാം. ഞാന്‍ പറയാം. "

തന്റെ കൈകളിലിരുന്ന്‌ വിറക്കുന്ന ഗാന്ധിത്തലയുള്ള നോട്ടിലേക്ക്‌ വിനു ഒരിക്കല്‍കൂടി നോക്കി. അവന്‌ അഭിമാനം തോന്നി. ആവേശവും. ഇനിമുതല്‍ ഞാന്‍ 100 രൂപ കൂലി ലഭിക്കുന്ന ഒരു തൊഴിലാളിയാണ്‌. ഒരുപക്ഷേ ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാനാവും. ആദ്യത്തെ വേതനം എന്താണ്‌ ചെയ്യേണ്ടത്‌? അമ്മയെ ഏല്‍പ്പിക്കണോ? അതോ അച്ഛനെയോ!

അമ്മ പറഞ്ഞു - "ആദ്യത്തെ പണം അച്ഛനെ ഏല്‍പിച്ച്‌ ഗുരുത്വം നേടണം. പിന്നെ ഒരു മുണ്ടു വാങ്ങണം. ന്റെ മോന്‍ വല്ല്യ കുട്ടിയായില്ലേ. ഇനി മുണ്ടുടുക്കണം. "

പിറ്റേന്ന്‌ വിനു ടൗണിലെ തുണിക്കടയില്‍ പോയി വിലകുറഞ്ഞ രണ്ട്‌ മുണ്ട്‌ വാങ്ങി. മനസ്സില്‍ ആഹ്ലാദം നിറയുകയായിരുന്നു. നാളെ മുതല്‍ താനും വലിയ ആളാണ്‌. സമപ്രായക്കാരുടെ പരിഹാസത്തിനും അപകര്‍ഷതാബോധത്തിനും വിട. ജീവിതം സ്വസ്ഥമാകുന്നു.

രാത്രി ഉറക്കം വന്നില്ല. അവന്‍ പുറത്തേക്കുള്ള ജാലകം തുറന്നിട്ടു. കനത്ത ഇരുട്ടായിരുന്നു. എവിടെയോ നിശാഗന്ധി പൂത്തിട്ടുണ്ട്‌. വായുവിന്‌ ഹൃദ്യമായ സുഗന്ധം. കിഴക്ക്‌ കുന്നുകള്‍ക്ക്‌ പിറകില്‍ മേഘശകലത്തിനുള്ളില്‍ മറഞ്ഞുനില്‍ക്കുന്ന ചന്ദ്രന്‍. അകലെ ഒറ്റപ്പെട്ടുനില്‍ക്കുന്ന വെള്ളിനക്ഷത്രം. നോക്കിനില്‍ക്കെ കണ്ണുകള്‍ക്ക്‌ പുതിയൊരു ദൃശ്യത കൈവരികയായി. നക്ഷത്രം ഒന്നല്ല, പത്തല്ല, നൂറല്ല! മറഞ്ഞിരിക്കുന്ന മേഘത്തില്‍നിന്നും പതിയെ പുറത്തുവരുന്നു. ആയിരമായിരം താരകങ്ങള്‍.

പുതിയ ലോകം. അവിടെ തനിക്കെന്നും അസ്‌പൃശ്യത കല്‍പിച്ച സ്‌നേഹജാലകം ഇനി തുറക്കപ്പെടും. എന്റെ പ്രാര്‍ത്ഥന, ഉപാസന... എന്റെ ദൈവത്തിനത്‌ കേള്‍ക്കാതിരിക്കാനാവില്ല.

നേരം പുലര്‍ന്നിട്ടുണ്ടായിരുന്നില്ല. താളമില്ലാത്ത, സ്‌ഫുടതയില്ലാത്ത അസുരവാദ്യത്തിന്റെ ശബ്ദം. ശബ്ദം അലോസരമായി. പിന്നീട്‌ നേര്‍ത്തുനേര്‍ത്ത്‌ വന്ന സ്വരം നിലവിളിയായി. വിനു ഞെട്ടിയുണര്‍ന്നു. പുറത്തുനിന്ന്‌ ആക്രോശവും നിലവിളിയും. അവന്‍ ഉമ്മറത്തേക്കോടി. അവിടെ ആളിക്കത്തുന്ന അഗ്നി! എന്താണ്‌ കത്തുന്നത്‌? പുറത്ത്‌ മഴ പെയ്യുന്നുണ്ടായിരുന്നു. വിനുവിനെ കണ്ടപ്പോള്‍ അമ്മയുടെ കരച്ചിലിന്‌ ശക്തി കൂടി. എന്തോ അസഭ്യ വാക്ക്‌ ഉച്ചരിച്ച അച്ഛന്‍ അത്‌ പൂര്‍ത്തിയാക്കാതെ അഗ്നിഗോളത്തിനപ്പുറത്തുനിന്നും വിനുവിനെ നോക്കി. ആളിക്കത്തുന്ന അഗ്നിയേക്കാള്‍ ജ്വാല കനലെരിയുന്ന ആ കണ്ണുകളിലുണ്ടെന്ന്‌ തോന്നും. അമ്മ മഴയത്തുനിന്നും വിനുവിന്‌ അരികിലേക്ക്‌ വന്നു. അമ്മയുടെ മുഖവും ദേഹവും കരുവാളിച്ചിരുന്നു. കൈയിലുണ്ടായിരുന്ന പാതികരിഞ്ഞ പുതുമുണ്ടിന്റെ അവശിഷ്ടം ഏതോ മാറാരോഗത്തിന്റെ ചീഞ്ഞളിഞ്ഞ വ്രണമായി അവന്‌ തോന്നി.

വിനുവിന്റെ ശാന്തഗംഭീര ഭാവം അമ്മയെ ഭയപ്പെടുത്തിയിരിക്കണം. അമ്മ അവനെ മാറോടണക്കിപ്പിടിച്ചു. തലമുടിയില്‍നിന്ന്‌ ഇറ്റിവീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം അശ്രുബിന്ദുക്കളും അവന്റെ ശിരസ്സിലേക്ക്‌ വീണു.

അഗ്നിയപ്പോഴും എരിയുന്നുണ്ടായിരുന്നു. വിനുവിന്റെ മനസ്സപ്പോഴും നിര്‍വ്വികാരമായ ശാന്തതയിലായിരുന്നു.

"നിങ്ങള്‍ക്ക്‌ ഞാന്‍ ആരുമല്ലായിരിക്കാം. പക്ഷെ എനിക്ക്‌... എനിക്ക്‌ നിങ്ങളെന്റെ പിതാവാണ്‌... "

III
ജാനകിയമ്മ മുറിയിലെ ജാലകത്തിനരികിലുള്ള ഇരുമ്പ്‌കട്ടിലില്‍ ഏതോ ഭൂതകാല സ്‌മരണയിലെന്നപോലെ വിദൂരതയിലേക്ക്‌ കണ്ണുംനട്ടിരിക്കുന്ന ഭര്‍ത്താവിനെ നോക്കി. എന്താണദ്ദേഹം ചിന്തിക്കുന്നത്‌? ചെയ്‌തുപോയ ദുഷ്‌പ്രവൃത്തികളുടെ ഒരേറ്റുപറച്ചിലാണോ മനസ്സില്‍!

മഹാരോഗം അയാളെ ആക്രമിച്ച്‌ കീഴടക്കിയിട്ട്‌ വര്‍ഷം മൂന്ന്‌ കഴിഞ്ഞു. വയറ്റിലെ ഒരു ചെറിയ മുഴയായിരുന്നു തുടക്കം. ഓപ്പറേഷന്‍ ചെയ്‌ത ഡോക്ടര്‍ പറഞ്ഞു -"ഒന്നും തീര്‍ത്ത്‌ പറയാനാവില്ല. ഒരുപക്ഷെ ഇനിയും വരാം. മരുന്ന്‌ മുടക്കാതിരുന്നാല്‍ അത്രയും നന്ന്‌. വര്‍ഷങ്ങളോളം ഒരു കുഴപ്പവുമില്ലാത്ത എത്രയോ കേസുകളുണ്ട്‌. "

ആ ശരീരത്തേക്കാള്‍ വേദന മനസ്സിനാണെന്ന്‌ ജാനകിയമ്മയ്‌ക്കറിയാം. മനസ്സിലിരുന്ന്‌ വിങ്ങിനീറുന്ന പലതും ചിലപ്പോള്‍ നെടുവീര്‍പ്പുകളായി പുറത്തേക്കൊഴുകുന്നു. ഒന്നും തുറന്നുപറയാറില്ല. എല്ലാം വിധിഹിതമാണെന്ന്‌ സമാധാനിക്കാം. എങ്കിലും...

കൈയില്‍ ചൂടുള്ള പൊടിയരിക്കഞ്ഞിയും മുടക്കാന്‍ കഴിയാത്ത മരുന്നും ഗുളികകളും അളവും എണ്ണവും കൃത്യമാക്കിയശേഷം ജാനകിയമ്മ പറഞ്ഞു- "നാളെ..... നാളെ അവന്‍ വരുന്നു; നമ്മുടെ മകന്‍ വിനു."

നീണ്ട ഏഴ്‌ വര്‍ഷത്തെ പ്രവാസി ജീവിതത്തിനു ശേഷം വിനു തിരിച്ചെത്തുകയാണ്‌. ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിക്കാണ്‌ ഫ്‌ളൈറ്റ്‌. രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ വീട്ടിലെത്താം. രാവിലെതന്നെ വാസുദേവന്‍ കാറുമായി എയര്‍പോര്‍ട്ടില്‍ പോയിട്ടുണ്ട്‌.

മണി നാലായി. വീടിന്‌ സമാന്തരമായി പോകുന്ന ടാറിട്ട റോട്ടില്‍ വെളുത്ത അംബാസിഡര്‍ കാര്‍ വന്നുനിന്നു. വിനോദ്‌ പുറത്തേക്കിറങ്ങി. കാറിന്റെ കാരിയറിനു മുകളില്‍ കെട്ടിവച്ചിരിക്കുന്ന സാധനങ്ങള്‍ ഇറക്കാന്‍ അനുജന്മാര്‍ക്ക്‌ നിര്‍ദ്ദേശം കൊടുത്ത്‌ ഒതുക്കുകല്ലുകള്‍ കയറി വീട്ടിലേക്ക്‌... ഉമ്മറത്ത്‌ അമ്മ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത്‌ അപ്പോഴും സ്ഥായിയായ വിഷാദഭാവം. തലയിലങ്ങോളമിങ്ങോളം വെള്ളിവരകള്‍. അമ്മ കരയുകയാണെന്നുതോന്നും.

പാദങ്ങളില്‍ തൊട്ടുനമസ്‌കരിച്ച്‌ പര്‍വ്വതം പോലെ മുമ്പില്‍നില്‍ക്കുന്ന ചെറുപ്പക്കാരനെ ജാനകിയമ്മ കണ്ണിമ വെട്ടാതെ നോക്കി. തന്റെ മകന്‍ വളര്‍ന്നിരിക്കുന്നു. വലിയവനായിരിക്കുന്നു. ഒരുനിമിഷം അവരുടെ മനസ്സില്‍ പതിനെട്ടാം വയസ്സിലും ട്രൗസര്‍ ധരിച്ച്‌ നിസ്സഹായതയോടെ നിറംമങ്ങിയ ചോറ്റുപാത്രവുമായി നീങ്ങുന്ന ആ പഴയ ചിത്രം മിന്നിമറഞ്ഞു.

തന്നെ ആശ്ലേഷിച്ച്‌ സന്തോഷാശ്രുക്കള്‍ പൊഴിക്കുന്ന അമ്മയില്‍നിന്നും അസ്‌പഷ്ടമായ വാക്കുകള്‍ രൂപംകൊണ്ടു- "അച്ഛന്‍.... "

മുറിക്കുള്ളില്‍ മരുന്നിന്റെ അസുഖകരമായ ഗന്ധം. കട്ടിലില്‍ കിടക്കുന്ന അച്ഛന്‍ ശബ്ദം കേട്ട്‌ പ്രയാസപ്പെട്ട്‌ നിവര്‍ന്നിരുന്നു. സുന്ദരനായ അച്ഛന്‍ നിഴല്‍ മാത്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു. മെലിഞ്ഞുണങ്ങി അസ്ഥിപഞ്ചരം പോലെ, ജരാനരകള്‍ ബാധിച്ച്‌ കൈകാലുകള്‍ വിറച്ച്‌....

കാണേണ്ട താമസം അദ്ദേഹം ശുഷ്‌ക്കിച്ച ദുര്‍ബലങ്ങളായ കൈകള്‍ നീട്ടി അവനെ സ്‌പര്‍ശിച്ചു. അച്ഛന്റെ ആദ്യത്തെ അനുഗ്രഹം! രക്തം രക്തത്തെ തൊടുമ്പോഴുള്ള സ്‌നിഗ്‌ധത സ്‌പന്ദനം അവന്‍ അറിഞ്ഞു. മനസ്സിലപ്പോള്‍ കറുത്ത മേഘം പോലെ വേദന, കണ്ണുകളില്‍ അടക്കിപ്പിടിച്ച വിലാപം.

വിനു അച്ഛന്റെ സ്ഥാനം തെറ്റിക്കിടക്കുന്ന ശ്രവണസഹായി ശരിയാക്കിക്കൊണ്ട്‌ ധീരതയോടെ പറഞ്ഞു - "ഞാന്‍ വിനു; വിനോദ്‌. അച്ഛന്റെ മകനാണ്‌! അച്ഛന്റെ മകന്‍!! "