Tuesday, September 28, 2010

നഷ്ടബാല്യം-14


മഴ

മഴയെ ഞാന്‍ അകാരണമായ്‌ ഭയപ്പെട്ടിരുന്നു. വെറുത്തിരുന്നു. മഴയും എന്റെ വിഷാദം പൂര്‍ണ്ണമാക്കുന്നു. അല്ലെങ്കില്‍ ഉദ്ദീപിപ്പിക്കുന്നു. തിമര്‍ത്തുപെയ്യുന്ന രാത്രിമഴ, മഴയുടെ ഹുങ്കാരം, കൊടുങ്കാറ്റ്‌, തണുപ്പ്‌. അത്തരം രാത്രികളില്‍ മേലേപറമ്പിലെ പൊട്ടകുളത്തില്‍ നിന്ന്‌ ഇടതടവില്ലാതെയുയരുന്ന തവളകളുടെ ധ്വനിതം കേള്‍ക്കാം. ശ്രദ്ധിച്ചാല്‍ ആ ശബ്ദം മുഴുവനായും സ്ഥാപിച്ചെടുക്കാന്‍ കഴിയാത്ത ദുരൂഹമായ എന്തോ ഓര്‍മ്മിപ്പിക്കുന്നു. എന്താണത്‌? അതെ, എന്തോ അത്യാഹിതം എനിക്കുവരാനുണ്ട്‌. ഞാന്‍ ഏകനാകും, ഞാന്‍ സാക്ഷിയാകും, ഞാന്‍ അനാഥനാകും.

മഴയുള്ള എല്ലാ രാത്രികളും ഞാനങ്ങനെ ഭയപ്പെട്ടു. ഞാന്‍ നിദ്രാവിഹീനനായി അച്ഛന്റേയും, അമ്മയുടേയും മുറിയിലേക്ക്‌ ചെവിയോര്‍ത്ത്‌കിടക്കും. അവിടെ എന്താണ്‌ സംഭവിക്കുന്നത്‌? ഒരു മല്‍പിടുത്തം നടക്കുന്നില്ലേ! അമ്മയുടെ അമര്‍ത്തിയ നിലവിളിയുയരുന്നില്ലേ! പാവം എന്റെ അമ്മ!

ഒരു മഴക്കാലത്ത്‌ ഞങ്ങള്‍ കുമാരന്‍ ഗുരുക്കളുടെ കളരിയില്‍ നിന്ന്‌ മടങ്ങിവരികയാണ്‌. പുഴക്കടവിലെത്തിയപ്പോള്‍ തോണി അക്കരെ. തുഴക്കാരനെ തോണിയില്‍കാണാനുണ്ടായിരുന്നില്ല. അയാള്‍ അരികിലുള്ള ചായപീടികയിലായിരിക്കും. അയാള്‍ക്ക്‌ സിഗ്നല്‍ കൊടുക്കാന്‍ ഉച്ചത്തില്‍ കൂക്കാന്‍ എന്നോടച്ഛന്‍ ആവശ്യപ്പെട്ടു. ഞാന്‍ നിന്നു വിയര്‍ത്തു. വാക്കുകള്‍ കൊണ്ടല്ലാതെ മുഖം കഠോരമാക്കി ഒരിക്കല്‍കൂടി അച്ഛനാജ്ഞാപിച്ചു. അനുസരിക്കാതിരിക്കാനാവുമായിരുന്നില്ല. ഭയസംഭ്രമതയോടെ ഞാന്‍ കൂക്കി. പക്ഷേ ശബ്ദം പുറത്തുവന്നില്ല. സ്ഥിരം അസഭ്യം പറഞ്ഞ്‌ അച്ഛന്‍ അനുജനോടാവശ്യപ്പെട്ടു. അവനും ഭാഗികമായേ ശബ്ദിച്ചുള്ളു.

ഒടുവില്‍ അച്ഛന്‍ താളത്തില്‍ കൂക്കി. വഞ്ചിക്കാരന്റെ മറുപടികേട്ടു.

വള്ളത്തിലിരിക്കുമ്പോള്‍ മുഴുവന്‍ ഞാന്‍ ശുംഭനായി തലതാഴ്‌ത്തിപിടിച്ചിരുന്നു. അച്ഛന്‍ ക്രോധഭാവത്തോടെ എന്നെതന്നെയായിരിക്കും വീക്ഷിക്കുന്നതെന്ന്‌ ഞാനൂഹിച്ചു.

മറുകരയെത്തി വീട്ടിലേക്ക്‌ നടക്കുമ്പോള്‍ അച്ഛന്റെ കൂടെ ജോലിക്ക്‌ പോയിരുന്നതോ മറ്റോ ആയ ഒരു സ്‌ത്രീ അച്ഛനെ കാത്തുനിന്നിരുന്നു. അവള്‍ അച്ഛനെ ദൂരേക്ക്‌ മാറ്റിനിര്‍ത്തി കുറേ അടക്കി സംസാരിച്ചു. പിന്നെ അച്ഛന്‍ പോക്കറ്റില്‍ നിന്നും ഏതാനും നോട്ടുകള്‍ എടുത്തവര്‍ക്ക്‌ കൊടുക്കുന്നതും ഞാന്‍ കണ്ടു.

അതിനിടയില്‍ കുളിക്കടവില്‍ നിന്നോ, കളിസ്ഥലത്തുനിന്നോ ഞങ്ങളേക്കാള്‍ പ്രായത്തില്‍ താഴേയുള്ള ആ സ്‌ത്രീയുടെ രണ്ടാണ്‍കുട്ടികള്‍ അവരുടെ അടുത്തേക്കോടിവരികയും സ്വാതന്ത്ര്യത്തോടെ അച്ഛന്റെ കൈത്തണ്ടകളില്‍ തൂങ്ങുകയും ചെയ്‌തു. ഒരു ചിരപരിചിതബന്ധം പോലെ.

അന്ന്‌ രാത്രി മഴ പെയ്യരുതേ എന്ന്‌ ഞാനുരുകി പ്രാര്‍ത്ഥിച്ചു.

Thursday, September 9, 2010

നഷ്ടബാല്യം-13



മൃതസുന്ദരി

പുഴ എന്റെ ഗ്രാമത്തിന്റെ ജീവനാഡിയാണ്‌. പുഴയില്ലെങ്കില്‍ എന്റെ നാട്‌ വെറും തരിശ്‌. രണ്ട്‌ വ്യാഴവട്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ പണ്ടത്തേക്കാള്‍ നിലധാനത്തില്‍ നിന്നും പുഴ ഏതാണ്ട്‌ പത്തടിയോളം താഴ്‌ന്നു. ഇപ്പോള്‍ അടിതട്ടില്‍ നിന്നും ഏതോ പ്രളയകാലകത്ത്‌ അകപ്പെട്ട വന്‍മരങ്ങളും, കൂട്ടമരണങ്ങളുടെ ശേഷിപ്പായ അസ്ഥിപഞ്‌ജരങ്ങളും ഉയര്‍ന്നു വരുന്നു.

അരികോരത്തെ പാതി നശിച്ച കണ്ടല്‍ക്കാടുകളില്‍ ഇപ്പോഴും തീട്ടന്തീനികളായ ആമകളും, കുറുക്കന്‍മാരുമുണ്ട്‌.

അന്നും,ഇന്നും ഒരുമാറ്റവും സംഭവിക്കാത്തതായ ഒന്നുണ്ട്‌-പുഴയിലെ കെട്ടുംകുളമ്പ്‌. പാറക്കുട്ടങ്ങളാല്‍ ചുറ്റപ്പെട്ട വലിയ ഗഹ്വരം. ഒരു കാലത്തും വറ്റാത്ത ജലസമൃദ്ധി. പുറമെ കണ്ടാല്‍ പച്ചനിറത്തിലുളള, പേടിപ്പെടുത്തുന്ന ജലം നിശ്ചലമാണെന്ന്‌ തോന്നും. പക്ഷെ ശക്തിയായ്‌ അടിയൊഴുക്കുണ്ട്‌. എവിടെയൊക്കെയാണെന്ന്‌ തിട്ടപ്പെടുത്താനാവാത്ത അപകടകരമായ ചുഴികളുമുണ്ട്‌.

പാറയിടുക്കുകളില്‍ നീര്‍നായകള്‍ കൂട്ടംകൂടി വസിച്ചിരുന്നു. പിന്നെ നീരാളികളും, മുതലകളും. പുഴയുടെ പാര്‍ശ്വത്തില്‍ ചുഴിയിലേക്ക്‌ ചാഞ്ഞ്‌ അകം വളഞ്ഞ്‌ മഞ്ഞ നിറത്തിലുളള പുഷ്‌പങ്ങളുളള ഒരു പൂമരമുണ്ടായിരുന്നു. ഇലകളേക്കാള്‍ കൂടുതല്‍ പുഷ്‌പങ്ങളായിരുന്നു ആ മരത്തില്‍. കാറ്റ്‌ വീശിയാല്‍ നിറയെ പൂക്കള്‍ ചുഴിയിലോട്ട്‌ വീഴുകയായി. പക്ഷെ പൂക്കള്‍ താഴോട്ടൊഴുകി പോകില്ല. ചുഴിയുടെ ചാക്രികതയില്‍ അവ വട്ടം കറങ്ങും. ഇളംതെന്നല്‍ ഭൂമികയില്‍ പുതിപുതിയ ജലചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരുന്നു.

മിക്ക ആണ്ടിലും കെട്ടുംകുളമ്പില്‍ പെടുമരണങ്ങള്‍ സംഭവിച്ചിരുന്നു. അധികവും അവിടെ അവസാനിച്ചിരുന്നത്‌ ദൂരെദേശങ്ങളിള്‍ നിന്ന്‌ വരുന്ന വിരുന്നുകാരും, മീന്‍പിടുത്തക്കാരുമായിരുന്നു. നീന്തലറിഞ്ഞാല്‍ പോലും ചുഴിയില്‍ പെട്ടാല്‍ രക്ഷയില്ല. അത്തരം വേളകളില്‍ രക്ഷിക്കാന്‍ ശ്രമിച്ചവരേയും മരണം കവര്‍ന്നെടുത്തിട്ടേയുളളൂ.

ഒരിക്കല്‍ തലേന്നു തന്നെ വിവാഹവീട്ടിലെത്തിയ രണ്ട്‌ സഹോദരങ്ങള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍ പെട്ടു. അതാണ്‌ ഞാന്‍ കണ്ട ആദ്യമൃതദേഹങ്ങള്‍. അന്ന്‌ എന്റെ ഗ്രാമം മുഴുവന്‍ കരഞ്ഞു.

പിന്നീടൊരിക്കല്‍ വേനല്‍ക്കാലത്ത്‌ ഒരു യുവതി മുങ്ങിമരിച്ചു. അന്ന്‌ വീട്ടിലും പലയിടത്തും പലരും അടക്കം പറഞ്ഞിരുന്നു.
അവര്‍ സുന്ദരിയെത്രെ! പിന്നെ....!

ഞാന്‍ പുഴയോരത്ത്‌ ചെന്നപ്പോള്‍ ഗ്രാമത്തിലെ സകലപുരുഷന്‍മാരുമവിടെയെത്തിയിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ പാകത്തില്‍ മണലില്‍ നെടുനീളത്തില്‍ വിരിച്ച പുല്‍പ്പായയില്‍ അങ്ങുമിങ്ങുമെത്താത്ത ഒരു തുണികൊണ്ട്‌ മൂടിപുതച്ചു കിടത്തിയിരിക്കുന്നു മൃതസുന്ദരിയെ. അപ്പോള്‍ മാരുതന്‍ ചുഴിയില്‍ മരണത്തിന്റെ സിമ്പലുളള ഒരു ജലചിത്രം വരച്ചു.

ഒരുവേള ഞാന്‍ നോക്കിനില്‌ക്കെ അവരുടെ പുതപ്പ്‌ ദൂരേക്ക്‌ പറന്നു പോയി. അവര്‍ പരിപൂര്‍ണ്ണ നഗ്നയായിരുന്നു! നഗ്നത ജഢത്തെ ഒന്നുകൂടി ഭീകരമാക്കുന്നു! വികൃതമാക്കുന്നു!!