Friday, December 12, 2008

ഹേമന്ത്‌ ആകാശ്‌

'ഹേമന്ത്‌ ആകാശ്‌' ആദ്യമൊക്കെ വിചിത്രമായ പേരായി തോന്നിയിരുന്നു 'അനഘ'യ്‌ക്കത്‌. അവളുടെ ഭര്‍ത്താവിന്റെ അനുജനാണ്‌ ഹേമന്ത്‌ ആകാശ്‌.

അനഘയുടെ വിവാഹം കഴിഞ്ഞിട്ട്‌ വര്‍ഷം രണ്ടായെങ്കിലും അവളിതുവരെ അനുജനെ കണ്ടിട്ടില്ല. അവളുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനമ്മമാരുമൊക്കെ വളരെയധികം അഭിമാനത്തോടെയാണ്‌ ഹേമന്തിനെക്കുറിച്ച്‌ പറഞ്ഞിരുന്നത്‌.

ഹേമന്ത്‌ ഒരു ഗിറ്റാറിസ്റ്റാണ്‌, ക്രിക്കറ്ററാണ്‌, ഷാര്‍പ്പ്‌ ഷൂട്ടറാണ്‌. ഇക്കാര്യങ്ങളിലൊക്കെ അസാമാന്യമായ പ്രതിഭ അയാള്‍ക്കുണ്ടത്രെ. പക്ഷെ ഇതൊന്നും അയാളുടെ പ്രൊഫഷന്‍ അല്ല. അയാള്‍ മുംബൈയിലെ ഒരു കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ ആര്‍ക്കിടെക്‌റ്റാണ്‌.

വിവാഹം കഴിഞ്ഞ്‌ പിറ്റെന്നാള്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ അനഘ ഹേമന്തിനെക്കുറിച്ച്‌. വിവാഹത്തിന്‌ അയാള്‍ പങ്കെടുത്തിരുന്നില്ലത്രെ. പിന്നീട്‌ പല വിശേഷങ്ങളും വീട്ടിലുണ്ടായി. ഹേമന്ത്‌ വന്നില്ല. ഉള്ളില്‍ അനഘ പരിഭവിച്ചിരുന്നു. ഇതുവരെ ഒന്നു ഫോണില്‍ വിളിയ്‌ക്കുകപോലും ചെയ്‌തില്ലല്ലോ അനുജന്‍. ഭര്‍ത്താവിനോട്‌ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ തമാശ- "ഹേമന്ത്‌ അങ്ങനെയാണ്‌. അധികമാരോടും സംസാരിക്കില്ല"

അനഘയ്‌ക്കൊരു കുഞ്ഞു പിറന്നപ്പോള്‍ ഹേമന്ത്‌ അവളുടെ മൊബൈലിലേക്ക്‌ ഒരു സന്ദേശമയച്ചു. അത്രമാത്രം. ആ സന്ദേശം ഇന്നും നിധി പോലെ അനഘ സൂക്ഷിയ്‌ക്കുന്നു.

ഇപ്പോള്‍ അനഘയുടെ കുഞ്ഞിന്റെ പിറന്നാളിന്‌ വരുമെന്ന്‌ ഹേമന്ത്‌ മമ്മയ്‌ക്ക്‌ വാക്കുകൊടുത്തി
രിക്കുന്നു.

എല്ലാവരും പറഞ്ഞുപറഞ്ഞ്‌ അനഘയുടെ മനസ്സില്‍ അദൃശ്യനായ ഹേമന്തിന്‌ താരപരിവേഷം വന്നിരിക്കുന്നു- ഫോട്ടോയില്‍ കാണുമ്പോള്‍ അയാള്‍ തന്റെ ഭര്‍ത്താവിന്റെയത്രയൊന്നും സുന്ദരനല്ല. എങ്കിലും അസാധാരണമായൊരു ആകര്‍ഷണീയത, വ്യക്തിത്വം ഫോട്ടോയില്‍നിന്നുതന്നെ ഗണിച്ചെടുക്കാം. ഇപ്പോള്‍ മറ്റെല്ലാവരെക്കാളുമുപരി അനഘയും ഹേമന്തിനെ കാത്തിരിക്കുകയാണ്‌.

പിറന്നാളിന്‌ രണ്ടുദിവസം മുമ്പ്‌ ഹേമന്തിന്റെ ഇ-മെയില്‍ സന്ദേശം - വരാന്‍ കഴിയില്ലത്രെ. മുംബൈയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. അവര്‍ ഹോട്ടല്‍ കീഴടക്കിയിരിക്കുന്നു. വരാത്തതിന്റെ കാരണം അതല്ല. ഭീകരര്‍ക്കെതിരെയുള്ള യുദ്ധത്തിന്‌ സൈന്യത്തില്‍ കമാന്റോയായി ഹേമന്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു! അനഘയ്‌ക്ക്‌ അത്ഭുതം തോന്നി. പ്രൈവറ്റ്‌ കമ്പനിയില്‍ ആര്‍ക്കിടെക്‌റ്റായ ഒരാളെങ്ങനെ......?

രാജ്യം ഹേമന്തിന്റെ സേവനം അപേക്ഷിച്ചതാണുപോലും. ഭീകരര്‍ കീഴടക്കിയ നക്ഷത്ര ഹോട്ടലിന്റെ ശില്‍പ്പി ഹേമന്തായിരുന്നത്രെ.

അനഘയുടെ മനസ്സില്‍ ഹേമന്ത്‌ പിന്നെയും വളരുന്നു. അയാളൊരു വിഗ്രഹമാകുന്നു. മകന്‍ യുദ്ധം ചെയ്യാന്‍ പോകുന്നുവെന്നറിഞ്ഞിട്ടും അച്ഛനുമമ്മയ്‌ക്കും ഒരു കുലുക്കവുമില്ല- "അത്‌ ഹേമന്ത്‌ ആകാശാണ്‌. അവന്‍ ജയിച്ചേ വരൂ. ആര്‍ക്കും അവനെ ഒന്നും ചെയ്യാനാവില്ല"

പിറന്നാളിന്‌ വന്ന അതിഥികള്‍ക്കെല്ലാം ചോദിക്കാനുള്ളത്‌ ഹേമന്തിനെക്കുറിച്ച്‌ മാത്രം- "ഹേമന്ത്‌ യുദ്ധം ചെയ്യുന്നു!"

"He is an artistic soldier!"

"ഹേമന്ത്‌ എന്നു വരും?"

തരുണീമണികള്‍ക്കെല്ലാം ഹേമന്തിന്റെ മുറി കാണണം. ഫോട്ടോ വേണം.

അന്ന്‌ ടെലിവിഷനില്‍ യുദ്ധദൃശ്യം. ഹേമന്ത്‌ ഹെലിക്കോപ്‌റ്ററില്‍നിന്ന്‌ കയറിട്ട്‌ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്‌ ഇറങ്ങുന്നു. പിറ്റേന്ന്‌ പത്രങ്ങളില്‍ ഹേമന്തിന്റെ തോക്കേന്തിയ സ്‌നേപ്‌ ഫോട്ടോസ്‌. അനഘയ്‌ക്കും കോരിത്തരിപ്പുണ്ടായി.

അവളോര്‍ത്തു- മുമ്പൊക്കെ ഹേമന്തിനെ തന്റെ ഭര്‍ത്താവിനോട്‌ സാമ്യപ്പെടുത്തി അസൂയ
തോന്നിയിരുന്നു. ഹേമന്തിന്റെ പ്രഭാവത്തില്‍ തന്റെ ഭര്‍ത്താവ്‌ രണ്ടാമനായി പോകുന്നു എന്ന തോന്നല്‍. അത്‌ തന്റെ തെറ്റ്‌. ഹേമന്ത്‌ തികച്ചും അര്‍ഹന്‍ തന്നെ. അസാമാന്യന്‍ തന്നെ! കാണാന്‍ കൊതിയാവുന്നു. ഹേമന്തിനെ താനും ഇപ്പോള്‍ ആരാധിക്കുന്നു. അയാള്‍ യുദ്ധം കഴിഞ്ഞ്‌ എത്രയും പെട്ടെന്ന്‌ വന്നാല്‍ മതിയായിരുന്നു.

പിറ്റേന്ന്‌ യുദ്ധം മുറുകുന്നു. ടെലിവിഷനില്‍ ഫ്‌ളാഷ്‌ ന്യൂസ്‌- "യുദ്ധം അവസാന ഘട്ടത്തില്‍. കമാന്റോകളുടെ വീരമൃത്യു രണ്ട്‌..... പത്ത്‌...... ഇരുപത്‌.... യുദ്ധം അവസാനിക്കുന്നു. സൈന്യം ഹോട്ടല്‍ കീഴടക്കി"

പിന്നീട്‌ ആര്‍മിയില്‍ നിന്ന്‌ ഹേമന്തിന്റെ വീട്ടിലേക്ക്‌ ഔദ്യോഗികമായൊരു സന്ദേശമെത്തുന്നു- "Hemanth Akash is expired for our India......."

വീരന്റെ ആകസ്‌മിക വിയോഗം. വീട്ടില്‍ വിലാപങ്ങളുയരുന്നു. എങ്ങുനിന്നോ സൈറണ്‍ മുഴങ്ങുന്നു. കോളിംഗ്‌ ബെല്ലും ഫോണുകളും തുരുതുരാ ശബ്ദിക്കുന്നു. ബഹളമയം. ഗദ്‌ഗദത്തോടെ അനഘ വിങ്ങുന്നു- "ഈശ്വരാ ഇതെന്തു വിധി എന്റെ പൊന്നനിയാ..."

അവളുടെ കണ്ണുകള്‍ നനഞ്ഞു. ഒരി
റ്റ്‌ കണ്ണുനീര്‍ ഹേമന്തിന്റെ ഗിറ്റാറില്‍ വീണു ചിതറി- "അനിയാ നിനക്ക്‌ ജ്യേഷ്‌ഠത്തിയുടെ അന്ത്യാഞ്‌ജലി. നിന്റെ ഓര്‍മ്മയ്‌ക്ക്‌ ഞാനെന്റെ മകന്‌ പേരിടുന്നു. ഒരിക്കലും കാണാത്ത ധീരനായ അവന്റെ ഇളയച്ഛന്റെ പേര്‌. ഹേമന്ത്‌ ആകാശ്‌! ഹേമന്ത്‌ ആകാശ്‌!!"

Monday, November 24, 2008

ലജ്ജ

എവിടെയും ഞാന്‍ തോറ്റുപോകുന്നു. കളിക്കളങ്ങളില്‍, സുഹൃദ്‌വേദികളില്‍ എല്ലായിടത്തും. ഒന്നിനും കൊള്ളാത്ത ഒരു പടുജന്മമാണോ ഞാന്‍? അല്ല! ഇതുവരെ പുറത്തെടുക്കാനാവാത്ത എന്തൊക്കെയോ കഴിവുകള്‍ ദൈവമെനിക്ക്‌ തന്നിട്ടുണ്ട്‌. പക്ഷെ ലജ്ജ! അതെന്നെ എവിടെയും തോല്‍പ്പിക്കുന്നു.

സംഘബലത്തിന്റെ പിന്നില്‍ ആദ്യമായി മുഖം കാണിച്ച നാടകത്തിന്‌ സമ്മാനം കിട്ടിയപ്പോള്‍ ഏറ്റുവാങ്ങാന്‍ സദസ്സിലേക്കു പോകാന്‍ ലജ്ജ!

അറിയാത്ത കളിക്കളങ്ങളില്‍ ബാറ്റില്‍ സിക്‌സറും ഫോറും മാത്രം വിരിയുമ്പോള്‍ ടൗണിലെ ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റില്‍ പതിവായി പൂജ്യത്തിനു പുറത്ത്‌. മത്സരവേദികളില്‍ വെറുമൊരു കാഴ്‌ചക്കാരനായിരിക്കുമ്പോള്‍ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭയുടെ ഉള്‍വിളി.

ടെലിവിഷനില്‍ മികവില്ലാത്തൊരു പാട്ടുകേള്‍ക്കുമ്പോള്‍, അരോചകമായൊരു സിനിമാറ്റിക്‌ ഡാന്‍സ്‌ കാണുമ്പോള്‍ ഉള്ളിലെ കലാകാരന്‍ പുച്ഛിക്കുന്നു- "ഇതെന്തൊരു പാട്ട്‌!". പിന്നീട്‌ മുറിയിലെ വാതിലടച്ച്‌ ആരും കാണാതെ, കേള്‍ക്കാതെ സ്വയം നിര്‍വൃതിയടയുന്നു.

കോളേജ്‌ വീക്ക്‌ അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ നടത്തുന്ന പ്രസംഗം വിഷയദാരിദ്ര്യത്താല്‍ പരാജയപ്പെടുമ്പോള്‍ എന്റെ മനസ്സില്‍ സന്ദര്‍ഭോചിതമായി ആശയങ്ങള്‍ രൂപംകൊള്ളുന്നു. നിരാശയോടെ മനസ്സ്‌ സ്വയം ശപിക്കുന്നു- "എന്നാണ്‌ ഈ ലജ്ജയൊന്നു മരിക്കുക!"

Monday, November 17, 2008

കാമമില്ലാത്ത പ്രണയങ്ങള്‍

അമ്മ
എന്റെ അമ്മ സുന്ദരിയായിരുന്നു. അമ്മയുടെ കൗമാരത്തിലെയും യൗവനത്തിലെയും ഫോട്ടോകള്‍ കാണുമ്പോള്‍ ഒരു സിനിമാ നടിയെപ്പോലെ സുന്ദരിയായിരുന്നു അമ്മ എന്നെനിക്ക്‌ തോന്നുമായിരുന്നു. അമ്മയ്‌ക്കൊത്ത പുരുഷനായിരുന്നു അച്ഛനും. സുന്ദരനായ അച്ഛന്റെയും സുന്ദരിയായ അമ്മയുടെയും മകനായിട്ടും ഞാനെന്തേ സുന്ദരനല്ലാത്തത്‌ എന്ന്‌ വിരോധാഭാസമായി എനിക്ക്‌ തോന്നിയിരുന്നു.

എന്റെ ബാല്യത്തില്‍ അഥവാ അച്ഛന്റെയും അമ്മയുടെയും തീഷ്‌്‌ണ യൗവനത്തില്‍ അവരുടെ പ്രണയ ലീലകളും കുസൃതി സംഭാഷണങ്ങളും കേള്‍ക്കുമ്പോഴും കാണുമ്പോഴും എ‌ത്രയും പെട്ടെന്ന്‌ വളര്‍ന്ന്‌ വലുതായി വൈവാഹിക ഘട്ടത്തിലെത്തുവാന്‍ ഞാന്‍ കൊതിക്കുമായിരുന്നു.

അന്ന്‌ എന്റെ മനസ്സിലെ പ്രണയിനിക്ക്‌ അല്ലെങ്കില്‍ ഭാര്യക്ക്‌ അമ്മയുടെ രൂപമായിരുന്നു. അച്ഛനോട്‌ എനിക്ക്‌ അസൂയയും തോന്നിയിരുന്നു. നിഷ്‌കളങ്കമായ എന്റെ മനം അന്ന്‌ ഞാന്‍ അമ്മയെ വിവാഹം കഴിക്കുന്നതും ആര്‍ത്തുല്ലസിക്കുന്നതും സ്വപ്‌നം
കണ്ടിരുന്നു.

ജോലിത്തിരക്ക്‌ കാരണം അച്ഛന്‍ വീട്ടില്‍ വരാത്ത ദിനങ്ങളില്‍ ഞാനച്ഛനായി നടിക്കുമായിരുന്നു. അമ്മയുടെ ഭര്‍ത്താവ്‌, കുടുംബത്തിന്റെ നാഥന്‍ ഞാനാണെന്ന്‌ ഗര്‍വ്വോടെ ഭാവിക്കും. അച്ഛന്റെ കസേരയിലിരുന്ന്‌ അമ്മ കേള്‍ക്കാതെ അമ്മയെ ശാസിക്കും. കല്‍പ്പിക്കും. അമ്മ കാണാതെ ദേഷ്യം വരുമ്പോള്‍ അച്ഛന്‍ ചെയ്യാറുള്ളതു പോലെ ചട്ടിയും കലവും എറിഞ്ഞുടയ്‌ക്കും. അച്ഛന്റെയും അമ്മയുടെയും കിടപ്പറയില്‍ രാത്രി അച്ഛന്‍ അമ്മയെ കാത്തുകിടക്കുന്നതുപോലെ ഞാന്‍ കിടക്കും. ബീഡി വലിക്കും. അച്ഛന്റെ ഒഴിഞ്ഞ മദ്യക്കുപ്പിയിലെ അവസാന തുള്ളി മദ്യം രുചിക്കും. പിന്നെ ലഹരി കയറിയതുപോലെ കണ്ണുകള്‍ ചുവപ്പിച്ച്‌, അലറിവിളിക്കും- "വസന്തേ".

ഒരിക്കല്‍ അറിയാതെ വിളി പുറത്തുവന്നതിനാല്‍ ചൂലിന്‍പട്ട കൊണ്ട്‌ അമ്മ എന്നെ പൊതിരെ തല്ലിയതോര്‍ക്കുന്നു.

'കരിമ്പന്‍ പ്രകാശനാ'യിരുന്നു അക്കാലങ്ങളില്‍ എന്റെ സുഹൃത്ത്‌. ഏതാണ്ട്‌ സമാന ചിന്താഗതിക്കാരായിരുന്നു ഞങ്ങള്‍ രണ്ടുപേരും. എനിക്ക്‌ എന്റെ അമ്മയോട്‌ എന്നപോലെ അവന്‌ അവന്റെ മൂത്ത ജ്യേഷ്‌ഠത്തി കമലയോടായിരുന്നു പ്രണയം. കമല കാക്കയെപ്പോലെ കറുമ്പിയായിരുന്നു. മൂക്കൊലിച്ചിയുമായിരുന്നു.

ഒരിക്കല്‍ 'എന്റെ ജ്യേഷ്‌ഠത്തി കമലയെ ഞാന്‍ നിനക്ക്‌ പ്രണയിക്കാന്‍ വിട്ടുതരാം നിന്റെ അമ്മയെ ഞാനെടുത്തോട്ടെ' എന്ന്‌ അവന്‍ എന്നോട്‌ ചോദിച്ചു. അവന്റെ കറുമ്പി ജ്യേഷ്‌ഠത്തിക്ക്‌ പകരം എന്റെ സുന്ദരിയായ അമ്മയെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ശണ്‌ഠ കൂടുകയും ഞാന്‍ പ്രകാശന്റെ മുന്‍നിരയിലെ ഒരു പല്ലിളക്കുകയും ചെയ്‌തു.

രാത്രി അമ്മയെ കെട്ടിപ്പിടിച്ചുറങ്ങാന്‍ ഞാനും അനിയനും മത്സരിക്കും. പിന്നീട്‌ ഞങ്ങളതിന്‌ ഒരു വ്യവസ്ഥയുണ്ടാക്കി. ഒന്നിടവിട്ട ദിവസങ്ങളില്‍ മാറി മാറി കെട്ടിപ്പിടിച്ചുറങ്ങുക.

ചില രാത്രികളില്‍ അകാരണമായി ഞെട്ടിയുണരുന്ന ഞാന്‍ ചിമ്മിനി വെട്ടത്തില്‍ ആ ഭീതിദമായ കാഴ്‌ച കണ്ട്‌ ഭയചകിതനാകുമായിരുന്നു. എന്താണ്‌ അച്ഛന്‍ അമ്മയെ കാണിക്കുന്നത്‌! അടുക്കളയില്‍ പോയി ചിരവയെടുത്ത്‌ വന്ന്‌ അച്ഛന്റെ തലക്കിട്ടടിച്ചാലോ എന്നുവരെ ഞാന്‍ സന്ദേഹിക്കും.

പിറ്റേന്ന്‌ ഒരു ദുഃസ്വപ്‌നം പോലെ എനിക്കതനുഭവപ്പെടും. ഒരിക്കല്‍ അമ്മയോട്‌ ഞാനിക്കാര്യം പറഞ്ഞപ്പോള്‍ രാത്രി "രാമ രാമ" ജപിച്ച്‌ കിടന്നുറങ്ങടാ അസത്തേ എന്നു പറഞ്ഞ്‌ അമ്മയെന്നെ ശാസിച്ചു. പക്ഷെ രാമ രാമ ജപിച്ചിട്ടും ഞാന്‍ ദുസ്വപ്‌നങ്ങള്‍ കണ്ടിരുന്നു എന്നതാണ്‌ സത്യം.

അന്നത്തെ നിഷ്‌കളങ്കമായ കുസൃതികള്‍ ആലോചിക്കുമ്പോള്‍ ഇന്ന്‌ ചിരിയോടൊപ്പം കണ്ണുനീര്‍ കൂടി കലരുന്നു. എന്റെ അമ്മ എത്ര പെട്ടെന്നാണ്‌ ഒരു വിധവയായത്‌! എത്ര വേഗത്തിലാണ്‌ വൃദ്ധയായത്‌!!


അനുപമ ടീച്ചര്‍
ഞാന്‍ ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിക്കുമ്പോഴാണ്‌ തൃപ്രയാരില്‍ നിന്നുള്ള അനുപമ ടീച്ചര്‍ ഞങ്ങളുടെ സ്‌കൂളിലേക്ക്‌ മാറ്റം കിട്ടിവരുന്നത്‌. ടീച്ചര്‍ ആദ്യമായി ഞങ്ങളുടെ ക്ലാസില്‍ വന്നപ്പോള്‍ ടീച്ചറുടെ പ്രകൃത്യാലുള്ള സുഗന്ധം ഞങ്ങളുടെ ചുറ്റിലേക്കും പരിലസിച്ചു. ടീച്ചര്‍ കണ്ണടക്കാരിയായിരുന്നു. മുടിയില്‍ തുളസിക്കതിരുണ്ടായിരുന്നു. സര്‍വ്വോപരി സുന്ദരിയുമായിരുന്നു. നെറ്റിയില്‍ സിന്ദൂരക്കുറിയില്ലാത്തതിനാല്‍ ടീച്ചര്‍ വിവാഹിതയല്ലായെന്നും ഞങ്ങള്‍ കുട്ടികള്‍ ഊഹിച്ചു.

ടീച്ചര്‍ നല്ലൊരധ്യാപികയായിരുന്നു. അമ്മയോടുള്ള പ്രണയം പതുക്കെ പതുക്കെ ടീച്ചറോട്‌ എനിക്ക്‌ തോന്നിത്തുടങ്ങി. അഥവാ സങ്കല്‍പ്പത്തിലെ എന്റെ കാമുകി ടീച്ചറായി മാറി.

ടീച്ചറെ വിവാഹം കഴിച്ച്‌ മാലയിട്ട ഞങ്ങള്‍ വീട്ടിലേക്ക്‌ പോകുന്നതും അമ്മ ഞങ്ങളെ രണ്ടുപേരെയും ആരതി ഉഴിയുന്നതുമൊക്കെ ഞാന്‍ സ്വപ്‌നം കണ്ടു. ടീച്ചര്‍ എന്റെ അമ്മയേക്കാള്‍ സുന്ദരിയായതുകൊണ്ട്‌ എന്റെ അച്ഛന്‍ എന്നില്‍നിന്ന്‌ ടീച്ചറെ തട്ടിപ്പറിച്ച്‌ സ്വന്തമാക്കുമോ എന്നും ഞാന്‍ ഭയന്നിരുന്നു.

എന്നെപ്പോലെത്തന്നെ ടീച്ചര്‍മാരെ സ്‌നേഹിക്കുന്ന മറ്റു പല വിരുതന്മാരും എന്റെ ക്ലാസിലുണ്ടായിരുന്നു. എല്ലാ ക്ലാസിലും ഒന്നും രണ്ടും തവണ തോറ്റ്‌ മൂത്ത്‌ നരച്ച 'വെള്ളാമ സുനി' ചൂരല്‍ കഷായം തരുന്ന ഭയങ്കരി കുഞ്ഞിലക്ഷ്‌മി ടീച്ചറെയാണ്‌ പ്രണയിക്കുന്നത്‌. കരിമ്പന്‍ പ്രകാശന്‌ ഹെഡ്‌മിസ്‌ട്രസ്‌ സുമതി ടീച്ചറോട്‌ പ്രണയം. പുഴുപ്പല്ലുള്ള രാജഗിരീഷിന്‌ പല്ലുപൊന്തി ക്ലിപ്പിട്ട ഹാജറ ടീച്ചറോട്‌ പ്രേമം. അന്നവര്‍ പറഞ്ഞിരുന്ന പല അശ്ലീലങ്ങളും എനിക്ക്‌ മനസ്സിലായിരുന്നില്ല. കാരണം സ്‌കൂള്‍ അധ്യയനം കഴിയുംവരെ ഞാന്‍ പൗരുഷമറിയാത്ത സാധാരണ
ഒരു കുട്ടി മാത്രമായിരുന്നു.

അമ്മായിയമ്മ
ഇന്ന്‌ ഞാന്‍ യുവാവാണ്‌. വിവാഹിതനാണ്‌. പക്ഷെ ഇന്നും എന്റെ പ്രണയം അനുസ്യൂതം തുടരുന്നു. എന്റെ ഭാര്യയെക്കാള്‍ സുന്ദരിയായ എന്റെ അമ്മായിയമ്മയോടും ഭാര്യവീട്ടിലെ അസംഖ്യം അമ്മായിമാരോടും എനിക്ക്‌ തീവ്രമായ പ്രണയമാണ്‌. എല്ലാം കാമമില്ലാത്ത പ്രണയം. കാമമില്ലാത്ത പ്രണയം മാത്രം.

Friday, November 14, 2008

അടിമ

വനാന്തരങ്ങളില്‍ നിന്നായിരുന്നു രാജഭടന്മാരെന്നെ പിടിച്ചുകൊണ്ടുവന്നത്‌. ഞാന്‍ പുല്ലാങ്കുഴലൂതി അലയുകയായിരുന്നു. കൊട്ടാരം കുശിനിപ്പുരയില്‍ ചെമ്പുകിടാരങ്ങള്‍ ചുമക്കലായിരുന്നു അവരെന്നെക്കൊണ്ട്‌ ചെയ്യിച്ചിരുന്നത്‌. അപൂര്‍വ്വമായി കിട്ടിയിരുന്ന ഒഴിവുദിനങ്ങളില്‍ ഞാന്‍ പുല്ലാങ്കുഴല്‍ വിളിക്കും. ഒരിക്കല്‍ രാജകുമാരി എന്നെ വിളിപ്പിച്ചു. എനിക്ക്‌ സമ്മാനങ്ങള്‍ തന്നു. എന്റെ സംഗീതം അവര്‍ക്ക്‌ വളരെ ഇഷ്ടമായിരുന്നു. പിന്നീടവരെന്നെ സ്‌നേഹിച്ചു. ഞങ്ങള്‍ പ്രണയബദ്ധരായി. പ്രണയം രാജാവറിഞ്ഞു. രാജകിങ്കരന്മാര്‍ ചങ്ങലയില്‍ ബന്ധിച്ചെന്നെ രാജസമക്ഷം ഹാജരാക്കി. രാജാവ്‌ ആജ്ഞാപിച്ചു- "രാജകുമാരിയെ മറക്കുക; സംഗീതം നിര്‍ത്തുക"

രണ്ടും എനിക്ക്‌ അസാധ്യമായിരുന്നു. രാജാവ്‌ ശിക്ഷ വിധിച്ചു- "ഈ അടിമയെ ഷണ്ഡീകരിച്ച്‌ നപുംസകമാക്കുക"

ദണ്ഡനാമുറിയില്‍ രാജവൈദ്യന്‍ വൃഷണങ്ങളുടച്ച്‌ എന്നെ നപുംസകമാക്കി. പിന്നെ കുന്തം തന്ന്‌ അന്തപുരസ്‌ത്രീകളുടെ കൊട്ടാരം കാവല്‍ക്കാരനാക്കി.

എന്നിട്ടും...

ഒരു പൗര്‍ണ്ണമി നാളില്‍ ഞാന്‍ ശയനമുറിയില്‍ നുഴഞ്ഞുകയറി രാജകുമാരിക്കെന്റെ സ്‌നേഹം കൊടുത്തു! രാജകുമാരിക്കെന്റെ സ്‌നേഹം കൊടുത്തു!! പിന്നെ കൊട്ടാരമുറ്റത്തേക്ക്‌ ചെന്ന്‌ പുല്ലാങ്കുഴലൂതി അവസാനത്തെ സംഗീതം മുഴക്കി.

Tuesday, October 14, 2008

എന്റെ മോഷണങ്ങള്‍

അതെ, ഞാനൊരു മോഷ്ടാവായിരുന്നു. ഞാന്‍ നടത്തിയിട്ടുള്ള കിടിലന്‍ മോഷണങ്ങളില്‍ അവസാനത്തെ കഥയാണ്‌ പറയാന്‍ പോകുന്നത്‌.

സംഭവം നടക്കുന്നത്‌ എനിക്ക്‌ എട്ടോ പത്തോ വയസുള്ളപ്പോഴാണ്‌. അന്നു ഞാന്‍ കണ്ടിരുന്ന സിനിമകളിലും വായിച്ചിരുന്ന പുസ്‌തകങ്ങളിലുമെല്ലാം കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഹരം പിടിപ്പിക്കുന്ന കഥകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ മനസ്സിലെ വീരനായകന്മാര്‍ കായംകുളം കൊച്ചുണ്ണിയെപ്പോലുള്ള തസ്‌കര വീരന്മാരായിരുന്നു. ഒരു കള്ളനായിത്തീരുക- ഭാവിയില്‍ ഒരു കള്ളിയെ വിവാഹം കഴിക്കുക. അതായിരുന്നു എന്റെ ജീവിതാഭിലാഷങ്ങള്‍.

ഞാന്‍ നാലാം ക്ലാസ്‌ ജയിച്ചു. 'ഉപ്പാപ്പമണി' മൂന്നാം വര്‍ഷവും തോറ്റു (തെറ്റിദ്ധരിക്കേണ്ട ഉപ്പാപ്പമണി വയസനല്ല. എന്റെ ബാല്യകാല സുഹൃത്തും ആരാധ്യനായകനുമായിരുന്നു. ഉപ്പാപ്പ എന്നത്‌ അദ്ദേഹത്തിന്റെ ഇരട്ടനാമം) മണി സ്‌കൂളിലെ സകലകലാ വല്ലഭനാണ്‌. മോഷണം, പിടിച്ചുപറി, ചട്ടമ്പിത്തരം. ഇങ്ങനെ പോകുന്നു മണിയുടെ ലീലാവിലാസങ്ങള്‍. മണിയെപ്പോലൊരു മോഷ്ടാവും ചട്ടമ്പിയുമാവുക- ഇതായിരുന്നു എന്റെ ജീവിതാഭിലാഷം.

ഉപ്പാപ്പമണിക്ക്‌ ചുറ്റും എപ്പോഴും എന്തിനുംപോന്ന ചട്ടമ്പിസംഘം ഉണ്ടായിരുന്നു. കാരണം കയ്യില്‍ കാശുണ്ട്‌. അവര്‍ എപ്പോഴും പാലൈസും കടല മിഠായിയും വാങ്ങിത്തിന്നുന്നു. ചിലപ്പോഴൊക്കെ അതില്‍നിന്നൊരു പങ്ക്‌ എനിക്കും കിട്ടിയിരുന്നു. പക്ഷെ എനിക്ക്‌ ചുറ്റും സംഘങ്ങളില്ല. സംഘബലം ഉണ്ടാകണമെങ്കില്‍ കാശ്‌ വേണം. കാശ്‌ വേണമെങ്കില്‍.....

പണം എവിടെ നിന്നു മോഷ്ടിക്കും?

ആ കാലത്ത്‌ അച്ഛന്‌ ജോലിയില്ലാതെ വെറുതെ വീട്ടിലിരിക്കേണ്ടിവന്നു. വീട്ടുചെലവിന്‌ പണമില്ലാതെ ഒരുപാട്‌ ബുദ്ധിമുട്ടി. അങ്ങനെ അമ്മ ഒരു കുറി വെച്ചു. ഒരാള്‍ക്ക്‌ പത്ത്‌ രൂപ വെച്ച്‌ മൊത്തം ഇരുന്നൂറ്‌ രൂപയുടെ കുറി. മാസത്തിലൊരിക്കലായിരുന്നു നറുക്കെടുപ്പ്‌. നറുക്കെടുപ്പിന്റെ മൂന്നുനാല്‌ ദിവസം മുമ്പുതന്നെ പണം പിരിക്കും. നറുക്കെടുപ്പിന്റെയന്ന്‌ നറുക്ക്‌ ലഭിച്ചയാള്‍ക്ക്‌ പണം കൊടുക്കണമെന്നാണ്‌ വ്യവസ്ഥ.

മഴക്കാലമായിരുന്നു. അമ്മ മുഷിച്ചുനാറിയ, പകുതിയോളം ചോരുന്ന ശീലക്കുടയുമെടുത്ത്‌ വീടുതോറും പണം പിരിക്കാനിറങ്ങി. നാളെ നറുക്കെടുപ്പാണ്‌. പിരിഞ്ഞുകിട്ടിയ പണമെല്ലാം അമ്മ ഒരു പേഴ്‌സില്‍ ഭദ്രമായി അടുക്കി കട്ടിലിനു താഴെയുള്ള ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചു. ഇതെല്ലാം മാസംതോറും ഞാന്‍ കാണാറുള്ളതാണ്‌. പക്ഷെ ഒരിക്കല്‍പോലും അതില്‍നിന്ന്‌ പണമെടുക്കണമെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല. പക്ഷെ ഇപ്പോള്‍....

വൈകുന്നേരം ഞാനും അമ്മയും പുഴയില്‍ കുളിക്കാന്‍ പോകാറുണ്ട്‌. അന്ന്‌ പതിവിലും നേരത്തെ കുളിച്ചെന്നു വരുത്തി ഞാന്‍ വീട്ടിലേക്ക്‌ നടന്നു. വീട്ടില്‍ അച്ഛമ്മ, അടുത്ത വീട്ടിലെ കൂട്ടുകാരിത്തള്ളയോട്‌ നൊച്ചും നുണയും പറയാന്‍ പോയിരിക്കുന്നു. ഞാന്‍ കട്ടിലിനടിയിലെ ഇരുമ്പുപെട്ടി തുറന്ന്‌ പേഴ്‌സ്‌ പുറത്തെടുത്തു. അതില്‍ മുഷിഞ്ഞ്‌ മണമുള്ള കുറേ നോട്ടുകളും നാണയത്തുട്ടുകളുമുണ്ടായിരുന്നു. പണത്തിന്റെ ഗന്ധം ആസ്വാദ്യകരമായിത്തോന്നി. ഞാന്‍ അതില്‍നിന്നും ഒരു നോട്ടെടുത്തു. എന്റെ കൈകള്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. എങ്കിലും വികാരനിര്‍ഭരമായ ഒരനുഭൂതി എന്നെ ഗ്രസിച്ചു.

വൈകുന്നേരം സന്ധ്യാനാമജപത്തിനു ശേഷം പഠിക്കാനെന്ന പേരില്‍ കതക്‌ ചാരിയിരുന്നപ്പോള്‍ കണക്കുപുസ്‌തകത്തിനുള്ളില്‍ ചുരുട്ടിവെച്ചിരുന്ന നോട്ട്‌ ഞാന്‍ നിവര്‍ത്തി നോക്കി. ഒരു ഇരുപത്‌ രൂപ നോട്ടായിരുന്നു അത്‌. ആദ്യമായാണ്‌ ഇരുപത്‌ രൂപാ നോട്ട്‌ കാണുന്നത്‌. ഒരു പക്ഷെ ഉപ്പാപ്പമണിയുടെ കൈയില്‍ കൊടുത്താല്‍ നോട്ട്‌ മാറിക്കിട്ടിയേക്കാം. പിറ്റേ ദിവസം സ്‌കൂളില്‍ ചെന്നപ്പോള്‍ എന്റെ പക്കല്‍ ഇരുപത്‌ രൂപാ നോട്ട്‌ കണ്ട മണിയുടെ കണ്ണ്‌ തള്ളിപ്പോയി. അവന്‍ ആദരാത്ഭുതത്തോടെ എന്നെ നോക്കി. അതുവരെ മണിയുടെ കൂടെയുണ്ടായിരുന്ന ചട്ടമ്പികള്‍ പലരും എന്റെ കൂടെ ചേര്‍ന്നു. ചിലര്‍ എന്റെ ഇരുപത്‌ രൂപ തൊട്ടുനോക്കി. മറ്റു ചിലര്‍ മണപ്പിച്ചുനോക്കി. മണി ഉള്ളില്‍ തികട്ടിവരുന്ന അരിശമടക്കാന്‍ പാടുപെട്ടു. നോട്ടുമാറി എല്ലാവര്‍ക്കും വയറു നിറയെ കടല മിഠായിയും ഐസും വാങ്ങിത്തരാമെന്ന്‌ ഞാന്‍ ശപഥം ചെയ്‌തു.

വൈകുന്നേരം കുറി നറുക്കെടുപ്പ്‌ കഴിഞ്ഞു. അച്ഛന്‍ ജോലി കഴിഞ്ഞ്‌ മടങ്ങിവന്നിട്ടില്ല. ചത്വരം മുഴുവന്‍ കുറിക്കാരുടെ ബഹളം. അമ്മ ഇരുമ്പുപെട്ടിയില്‍നിന്നും പണം പുറത്തെടുത്ത്‌ എണ്ണുന്നു. വീണ്ടും എണ്ണുന്നു, വീണ്ടും... കളഞ്ഞുപോയ ഇരുപത്‌ രൂപാ നോട്ടിന്‌ വേണ്ടി ഇരുമ്പുപെട്ടിയിലും കട്ടിലിന്‌ താഴെയും പരതുന്നു. പിന്നെ വെപ്രാളപ്പെട്ട്‌ അടുക്കളയിലും മുറ്റത്തും ഓടിനടന്നു. അച്ഛമ്മയോട്‌ സ്വകാര്യമായി എന്തോ ചോദിച്ചു. അവര്‍ കൈ മലര്‍ത്തി. പുറത്ത്‌ മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. ഉമ്മറത്ത്‌ നറുക്ക്‌ ലഭിച്ച കുറിക്കാരന്‍ പണത്തിനായി കാത്തുനില്‍ക്കുന്നു. അമ്മ അസ്‌പഷ്ടമായെന്തോ പിറുപിറുത്ത്‌ പുറത്തേക്കിറങ്ങിപ്പോയി. അടുത്ത വീടുകളിലെല്ലാം പോയി ഇരുപത്‌ രൂപക്കായി യാചിച്ചു. അയല്‍പക്കങ്ങളില്‍ പണക്കാര്‍ ആരുമുണ്ടായിരുന്നില്ല. പുറത്ത്‌ അക്ഷമയോടെ കാത്തിരിക്കുന്ന കുറിക്കാരന്‍ തന്റെ നീരസം പ്രകടിപ്പിച്ചുതുടങ്ങി. അച്ഛമ്മ അയാളെ അനുനയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്‌.

മഴ കുറഞ്ഞുവരികയായിരുന്നു. ഒടുവില്‍ മഴ നനഞ്ഞ്‌ അമ്മ മടങ്ങിവന്നു. പക്ഷെ അപ്പോള്‍ അമ്മയുടെ കഴുത്തില്‍ രണ്ടോ മൂന്നോ മുത്തു മാത്രം ശേഷിക്കുന്ന മണിമാല ഉണ്ടായിരുന്നില്ല. അമ്മ കൈയില്‍ ചുരുട്ടിവെച്ചിരുന്ന പുത്തന്‍ ഇരുപത്‌ രൂപാ നോട്ടും ബാക്കി പൈസയും ഒരിക്കല്‍കൂടി എണ്ണി തിട്ടപ്പെടുത്തി കുറിക്കാരന്‌ കൊടുത്തു. അച്ഛമ്മ അപ്പോഴും ഉമ്മറത്ത്‌ തന്നെയുണ്ടായിരുന്നു. അയാള്‍ മുഖം കറുത്ത്‌ പറഞ്ഞുപോയ പൊയ്‌ വാക്കുകള്‍ തിരിച്ചെടുക്കാനാവാതെ സന്ദേഹിക്കുന്നത്‌ തട്ടിന്‍പുറത്തെ കിളിവാതിലിലൂടെ ഞാന്‍ വ്യക്തമായി കണ്ടു.

എന്റെ മനസ്സിലെവിടെയോ കുറ്റബോധത്തിന്റെയും നഷ്ടബോധത്തിന്റെയും അലകളുയര്‍ന്നു. വേണ്ടത്ര പക്വതയോ പാകതയോ വരാത്ത എന്റെ ഇളംമനസ്സും മനസ്സാക്ഷിയും തമ്മിലൊരു യുദ്ധം നടക്കുന്നു. ഞാന്‍ തട്ടിന്‍പുറത്തുനിന്നും താഴേക്കിറങ്ങി. കണക്കുപുസ്‌തകത്തിനുള്ളില്‍ സൂക്ഷിച്ചുവെച്ചിരുന്ന മുഷിഞ്ഞ നോട്ട്‌ പുറത്തേക്കെടുത്ത്‌ അമ്മയുടെ അടുത്തേക്ക്‌ ചെന്നു. എന്റെ കൈകളിലിരുന്ന്‌ വിറയ്‌ക്കുന്ന ഇരുപത്‌ രൂപാ നോട്ട്‌ അമ്മയുടെ കൈകളിലേല്‍പിച്ചു. അമ്മ അത്ഭുതത്തോടെ എന്നെ നോക്കി. ഞാന്‍ അമ്മയുടെ പാദങ്ങളില്‍ കുമ്പിട്ടു.

"ക്ഷമിക്കൂ, എന്നോട്‌ ക്ഷമിക്കൂ.. ഇനിയൊരിക്കലും ഞാന്‍ മോഷ്ടിക്കുകയില്ല. സത്യമായും മോഷ്ടിക്കുകയില്ല."

അമ്മയുടെ തലമുടിയില്‍നിന്നും ഓലോലം ഇറ്റിവീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം കുറേ കണ്ണുനീര്‍തുള്ളികളും എന്റെ ശിരസ്സിലേക്ക്‌ വീണു.

അത്‌, സന്തോഷത്തിന്റെ അശ്രുതീര്‍ത്ഥമോ! അതോ സന്താപത്തിന്റെ തീഷ്‌ണ ശാപജലമോ!!

Friday, September 26, 2008

സര്‍പ്പം

പാമ്പുകള്‍ക്കും ഒടിയന്മാര്‍ക്കും അച്ഛനെ ഭയമാണ്‌. എത്രയെത്ര ഉഗ്രസര്‍പ്പങ്ങളെയാണ്‌ അച്ഛന്‍ തല്ലിക്കൊന്നിട്ടുള്ളത്‌!

കേട്ട കഥയാണ്‌- പണ്ടു പണ്ട്‌ എന്റെ അച്ഛന്‍ ഒരു മന്ത്രവാദിയുടെ പരികര്‍മ്മിയായിരുന്നുവത്രെ! സിദ്ധിയുള്ള ആ മന്ത്രവാദിയില്‍നിന്ന്‌ അച്ഛന്‍ പാമ്പുകളുടെ വായ മൂടിക്കെട്ടാനുള്ള മന്ത്രം പഠിച്ചു. രാത്രികാലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പ്രയോഗിക്കുവാനായിരുന്നു അത്‌. മന്ത്രം ഉരുവിട്ടാല്‍ മാന്ത്രികതയുടെ സാന്നിധ്യത്തിലുള്ള പാമ്പുകളുടെയെല്ലാം വായ മൂടും. ഉദ്ദേശം കഴിഞ്ഞാല്‍ കുരുക്കഴിക്കാനുള്ള മന്ത്രം ചൊല്ലി അവയെ സ്വതന്ത്രമാക്കണമെന്നാണ്‌ നിയമം.

അമാവാസി നാളുകളിലെ കട്ടപിടിച്ച ഇരുട്ടിനെപ്പോലെ സര്‍പ്പങ്ങളെ എന്നുമെനിക്ക്‌ ഭയമായിരുന്നു. ഓടിട്ട വീടായിരുന്ന കാലത്ത്‌ മേല്‍ക്കൂരയ്‌ക്ക്‌ മുകളില്‍ എലിയെ പിടിക്കാന്‍ വരുന്ന പുള്ളിക്കുത്തുള്ള സര്‍പ്പത്തെക്കണ്ട്‌ ഞാന്‍ നിലവിളിച്ചിട്ടുണ്ട്‌. അന്ന്‌ രാത്രി ദുഃസ്വപ്‌നം കാണുമായിരുന്നു.

ഇട നിറയെ വൃക്ഷങ്ങളും വള്ളികളുമുള്ള മേലേപറമ്പില്‍ നിറയെ മാളങ്ങളാണ്‌. കരിയിലകള്‍ ഇളക്കി ചെതുമ്പലുള്ള ദേഹവുമായി എന്നെങ്കിലും എന്നെ കൊണ്ടുപോകാനായി സര്‍പ്പം വരുമെന്ന്‌ ഞാന്‍ ഭയന്നിരുന്നു.

മഹാസര്‍പ്പം മാളത്തിലെ തന്റെ പരശ്ശതം കുഞ്ഞുങ്ങള്‍ക്ക്‌ വാക്കുകൊടുത്തിരുന്നു- എന്നെങ്കിലും താനൊരു മനുഷ്യക്കുഞ്ഞുമായി വരും. അന്ന്‌ വയറുനിറയെ മനുഷ്യമാംസം തിന്നാം. കുഞ്ഞുങ്ങള്‍ വളര്‍ന്നുവലുതായി. തള്ളസര്‍പ്പം വാക്കുമറന്നില്ല. നിശീഥിനിയുടെ തങ്ങള്‍ക്ക്‌ ശക്തി കൂടുന്ന വിശേഷയാമത്തില്‍ തള്ളസര്‍പ്പം യാത്ര പുറപ്പെട്ടു. കുഞ്ഞുങ്ങള്‍ കൊതിയോടെ കാത്തിരുന്നു. യാമങ്ങള്‍ പലതു കഴിഞ്ഞിട്ടും തള്ളസര്‍പ്പം മടങ്ങിവന്നില്ല. അനന്തരം കുഞ്ഞുങ്ങള്‍ തള്ളയെതേടിയിറങ്ങി. അവസാനം ഒരു മരക്കൊമ്പില്‍ ചത്തുമലച്ച തള്ളസര്‍പ്പത്തിന്റെ വീര്‍ത്ത ജഡം തൂങ്ങിയാടുന്നത്‌ വിതുമ്പലോടെ അവ കണ്ടു. തല തല്ലിക്കരഞ്ഞ്‌ ഘാതകരെ ശപിച്ച്‌ പ്രതിജ്ഞയെടുത്ത്‌ അവ‍ മടങ്ങി.

പഴയ മാളത്തിലേക്ക്‌ അവ പിന്നീട്‌ പോയില്ല. കുഞ്ഞുങ്ങള്‍ പക നിറച്ച മനസ്സുമായി ജന്മനിയോഗം തേടി ശിലകളെയും പുല്‍മേടുകളെയും തഴുകി പലപല വഴിയ്‌ക്കായി യാത്രയായി

Friday, September 19, 2008

അമ്മ...!

രാത്രിയാകുമ്പോള്‍ ഭയമായിരുന്നു. പകല്‍ അച്ഛനുണ്ടാവില്ല. രാത്രി അച്ഛന്‍ വരും.ഈയിടെയായി വളരെ വൈകിയാണ്‌ അച്ഛന്റെ വരവ്‌. അതെനിക്ക്‌ സന്തോഷപ്രദമായിരുന്നു. പക്ഷെ അമ്മ...!എത്ര വൈകിയാലും അമ്മ അച്ഛനെ കാത്ത്‌ ഇടവഴിയിലേക്ക്‌ കണ്ണുംനട്ട്‌ പിന്നാമ്പുറ കോലായിലിരിക്കും. അപ്പോഴൊക്കെ അമ്മ കരയുന്നത്‌ കാണാം. ശബ്ദം പുറത്ത്‌ കേള്‍പ്പിക്കാതെ വിങ്ങി വിങ്ങി.

ആദ്യമൊന്നും കരയുന്നതിനുള്ള കാരണം എനിക്ക്‌ മനസ്സിലായിരുന്നില്ല. പിന്നെ അമ്മമ്മ പറഞ്ഞ്‌ അറിഞ്ഞു. അച്ഛന്‌ വേറൊരു ഇഷ്ടക്കാരിയുണ്ടത്രെ! പണി കഴിഞ്ഞ്‌ നേരെ പോകുന്നതവിടേയ്‌ക്കാണ്‌. ഒരവിഹിത ബന്ധം.

ഇന്ന്‌ അമ്മയോടൊപ്പം ഞാനും ഉറങ്ങാതെ കാത്തിരിക്കുന്നു. പാതിരാത്രിയിലെപ്പോഴോ കുടിച്ചു കൂത്താടി അച്ഛന്‍ കയറി വരുന്നു. ഞാന്‍ അച്ഛനെ ഭയന്ന്‌ എന്റെ മുറിയില്‍ ഓടിയൊളിയ്‌ക്കും. അമ്മ വിങ്ങലോടെ അച്ഛനോട്‌ ചോദിക്കും- "ഇന്നും അവളുടെ അടുത്ത്‌ പോയി അല്ലേ?"

"ഠേ.."

അടി വീഴുന്ന ശബ്ദം. പിന്നെ അസഭ്യവര്‍ഷം- " എന്നോട്‌ ചോദിക്കാന്‍ നീ ആരെടീ.....?"

മിക്കവാറും അമ്മയുടെ ചുണ്ടു പൊട്ടി ചോരയൊലിക്കും. പക്ഷെ അമ്മ അച്ഛനെ ചീത്ത പറയില്ല. ഉപദ്രവിക്കില്ല. എല്ലാം സഹിക്കും. ഗദ്‌ഗദത്തോടെ പറയാന്‍ ശ്രമിക്കും - "ഇനി അവളുടെ അടുത്ത്‌ പോകാതിരുന്നുകൂടേ?"

അച്ഛന്റെ പീഢനവും അമ്മയ്‌ക്ക്‌ അവകാശമായിരുന്നു.

അമ്മ അച്ഛന്‌ ചോറു വിളമ്പുന്നു. പക്ഷെ കറിയില്‍ എരിവ്‌ കൂടിയതോ ഉപ്പ്‌ കുറഞ്ഞതോ അച്ഛന്‌ പുതിയ കാരണമാകുന്നു. ചോറും കറികളും പാത്രത്തോടെയെടുത്ത്‌ അച്ഛന്‍ പുറത്തേക്കെറിയും. പിന്നെയൊരു സംഹാരതാണ്ഡവമാണ്‌. മുന്നില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്ത്‌ അമ്മയുടെ വസ്‌ത്രങ്ങള്‍ മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുന്നു. അസഭ്യ വര്‍ഷങ്ങള്‍- "നായിന്റെ മോള്‍..."

പിറ്റെന്നാള്‍.അലങ്കോലമായ വസ്‌ത്രങ്ങളും പാത്രങ്ങളും ശരിയാക്കി എല്ലാം മറന്ന്‌ അമ്മ അച്ഛന്‌ ചായ കൊടുക്കുന്നു. തലേന്നത്തെ പക അടങ്ങിയിട്ടുണ്ടാവില്ല. അച്ഛന്‍ ചൂടുള്ള ചായ അമ്മയുടെ മുഖത്തേക്കൊഴിക്കുന്നു. അമ്മ അലറിക്കരഞ്ഞ്‌ നാലുപാടും ഓടും. അപ്പോള്‍ തറവാട്ടില്‍ നിന്ന്‌ അമ്മമ്മയുടെ ശാപ വചനങ്ങള്‍ കേള്‍ക്കാം- "ഈ പണ്ടാറക്കാലന്‍ ചത്തുപോകട്ടെ"

പതിവുപോലെ അമ്മ നാട്ടു മധ്യസ്ഥരെയും പ്രമാണിമാരെയും വിളിച്ചുകൂട്ടുന്നു. അവര്‍ എന്നും എനിക്ക്‌ വിചിത്രമായി തോന്നാറുള്ള പുതിയ വിധി കല്‍പ്പിക്കുന്നു- "അമ്മ അച്ഛനോട്‌ മാപ്പു പറയണം"

എല്ലാം കഴിഞ്ഞ്‌ താല്‍ക്കാലികമായ ഒന്നോ രണ്ടോ ദിവസത്തിന്റെ സ്വസ്ഥതയില്‍ അമ്മയും ഞാനും കെട്ടിപ്പിടിച്ച്‌ ഉറങ്ങും. ഞാന്‍ ശപിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു-"എന്തേ എന്റെ അച്ഛന്‍ മാത്രം ഇങ്ങനെയായിപ്പോയത്‌? എനിക്കൊരു ഏട്ടനുണ്ടായിരുന്നെങ്കില്‍! ഒരമ്മാവന്‍ ഉണ്ടായിരുന്നെങ്കില്‍, ഒരു വലിയച്ഛനുണ്ടായിരുന്നെങ്കില്‍...!!

Monday, September 1, 2008

എന്റെ മോഹങ്ങള്‍

ചങ്ങാടക്കാരന്‍
ബാല്യത്തില്‍ ആരാകാനായിരുന്നു മോഹം? മോഹങ്ങള്‍ തിരമാല പോലെയാണ്‌. ആരവത്തോടെ മണല്‍ത്തിട്ടകളില്‍ തലതല്ലിയവ ഒടുങ്ങുന്നു. മറ്റൊന്നായി രൂപമെടുക്കാന്‍.

ഇടവപ്പാതിയില്‍ ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നു. അമ്മയോടൊപ്പം ഭഗവതിയമ്പലത്തില്‍ തൊഴാന്‍ വരുമ്പോള്‍ അമ്പലപ്പറമ്പില്‍നിന്ന്‌ നോക്കിയാല്‍ നുരച്ചും പതച്ചും ഒഴുകുന്ന പുഴ കാണാം. കല്‌ഭിത്തി കെട്ടിയ അമ്പലമതിലിന്റെ ഉയരത്തില്‍നിന്നും അനിശ്ചിതത്വത്തോടെ താഴേയ്‌ക്ക്‌ നോക്കുമ്പോള്‍ കാല്‍ക്കീഴില്‍ പുഴ കാണാന്‍ എന്തു ഭംഗി! പുഴയ്‌ക്ക്‌ മധ്യത്തിലൂടെ പുതുമുള കൊണ്ട്‌ വീതിയുള്ള ചങ്ങാടം കെട്ടി മുളംതുമ്പു കൊണ്ട്‌ ചങ്ങാടം നിയന്ത്രിച്ചുപോകുന്നു ഒരാള്‍; ഒരേ ഒരാള്‍. ഒഴുക്കിനൊപ്പം പുഴയുടെ വിജനതയില്‍ ഒരു നിശബ്ദ ജീവിയായി അയാളും ഒഴുകുന്നു, അകലുന്നു. അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്‌-പുഴയില്‍ വനവേടന്മാര്‍ കൊമ്പെടുത്ത ആനകള്‍ ഒലിച്ചുപോകാറുണ്ടത്രേ! തലയില്ലാത്ത മനുഷ്യശവശരീരങ്ങളും പോകാറുണ്ടത്രേ! പിന്നെ നീരാളിയുണ്ട്‌, മുതലകളുണ്ട്‌.
എന്നിട്ടും അതൊന്നും ഭയപ്പെടുത്താതെ നേര്‍ത്ത മഴച്ചാറലില്‍, വിദൂരതയില്‍ ഒരു പൊട്ടുപോലെ ഒരാള്‍ ചങ്ങാടത്തിലേറുന്നു. മനസ്സു മോഹിക്കുന്നു- വലുതായാല്‍ എനിയ്‌ക്കും അതുപോലൊരു ചങ്ങാടക്കാരനാകണം. പുഴയില്‍നിന്ന്‌ കടലിലേക്ക്‌ ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യണം. ഒറ്റയ്‌ക്ക്‌!

മന്ത്രവാദി

തറവാട്ടില്‍ മണ്‍ദൈവങ്ങള്‍ക്ക്‌ ഗുരുതി കൊടുക്കാന്‍ ആണ്ടുതോറും അയാള്‍ വരുന്നു. ചുവന്ന പട്ടു ധരിച്ച, ഭസ്‌മം പൂശി ജരാനരകളുള്ള മന്ത്രവാദി. രക്ഷസ്സ്‌, ഗുളികന്‍, കരിങ്കുട്ടി ഇവരൊക്കെയാണ്‌ എന്റെ തറവാട്ടിലെ മണ്‍ദൈവങ്ങള്‍. മണ്‍ദൈവങ്ങള്‍ കോപിച്ചാല്‍ ആ മണ്ണില്‍ രോഗം, ദാരിദ്ര്യം മുതല്‍ മരണം വരെ സംഭവിക്കുമത്രേ! പ്രസാദിച്ചാലോ ആ ഗുണം ആരും ഇതുവരെ പറഞ്ഞുതന്നിട്ടില്ല. അയല്‍പക്കത്തെ തൊണ്ണൂറ്‌ വയസ്സ്‌ കഴിഞ്ഞ കുഞ്ഞാര്‍ച്ചതള്ള രക്ഷസിനെ കണ്ടിട്ടുണ്ടത്രേ! ആകെ വെള്ള മൂടിയ അകം വളഞ്ഞ ഒരു രൂപം. കരിങ്കുട്ടിയുടെയും, കാലന്‍മുടക്കിയുടെയും കഥ രാത്രി അച്ഛന്‍ അമ്മയോടു പറയുന്നത്‌ കേട്ട്‌ കോരിത്തരിച്ചിട്ടുണ്ട്‌. ഞങ്ങളുടെ വീട്ടിലെ രക്തകുങ്കുമച്ചോട്ടിലൂടെ രാത്രികാലങ്ങളില്‍ കരിങ്കുട്ടിയുടെ പോക്കുവരവുണ്ടത്രേ! ചിലപ്പോള്‍ ഒടിമറിഞ്ഞ പാട്ടിച്ചിരുത മൃഗരൂപത്തില്‍ രാത്രികാലങ്ങളില്‍ വിഹരിക്കാറുണ്ടത്രേ!
ഗുരുതി കൊടുക്കാന്‍ മന്ത്രവാദി വീട്ടില്‍ വരുക രാത്രിയിലാണ്‌. അന്ന്‌ വീട്ടില്‍ ഉത്സവം പോലെയാണ്‌. മന്ത്രവാദം അര്‍ധരാത്രി വരെ നീളും. മന്ത്രവാദി അരിപ്പൊടി കൊണ്ടും മഞ്ഞപ്പൊടി കൊണ്ടും വെവ്വേറെ കളമെഴുതും. കോഴിയെ അറുക്കും, കോഴിച്ചോര കുടിക്കും, മദ്യം സേവിക്കും. മന്ത്രവാദിയില്‍ ബാധ കയറിയ മണ്‍ദൈവങ്ങളാണത്രേ ഇതൊക്കെ ചെയ്യുന്നത്‌.
മന്ത്രവാദം കഴിഞ്ഞ്‌ കോഴിയിറച്ചി കൂട്ടി ചോറുണ്ട്‌ ബാക്കി മദ്യവും മോന്തുമ്പോള്‍ മന്ത്രവാദി ചില കഥകള്‍ പറയും. എന്തെല്ലാം കഥകളാണ്‌ മന്ത്രവാദി പറയുക! എല്ലാം പേടിപ്പെടുത്തുന്ന കഥകള്‍. ഒടുവില്‍, അര്‍ധരാത്രിയുടെ ഏതോ യാമത്തില്‍ മന്ത്രവാദി അരച്ചിലങ്ക കിലുക്കി വീട്ടില്‍നിന്നും ഒറ്റയ്‌ക്ക്‌ യാത്രയാരംഭിക്കുന്നു. പ്രസാദിച്ച മണ്‍ദൈവങ്ങള്‍ അദ്ദേഹത്തിന്‌ കൂട്ടുപോകുമത്രേ; പുഴയ്‌ക്കക്കരെ അങ്ങ്‌ മന്ത്രവാദിയുടെ വീടു വരെ.
മന്ത്രവാദി പോയാലും ചിലങ്ക ശബ്ദം എന്റെ മനസ്സില്‍ നിന്നും മായാറില്ല. രാത്രി എല്ലാവരും ഉറങ്ങിയിട്ടും ഞാന്‍ ഉറങ്ങുന്നില്ല. വടക്കേയറയുടെ ചെറിയ കിളിവാതിലിലൂടെ ഞാന്‍ തീനാളം കെടാത്ത മന്ത്രവാദക്കളത്തിലേക്ക്‌ നോക്കിയിരിക്കും; മണ്‍ദൈവങ്ങളെ കാണാന്‍.....
അപ്പോള്‍ സ്വപ്‌നങ്ങളുടെ മൗലികതയ്‌ക്ക്‌ ചിറകു മുളയ്‌ക്കുകയായി. മണ്‍ദൈവങ്ങള്‍ നൃത്തം ചെയ്യുന്ന മന്ത്രവാദ ഭൂമികയില്‍ ഹോമകുണ്ഡത്തിന്‌ പിന്നില്‍ പത്മാസനത്തിലിരിക്കുന്ന ചെഞ്ചോരപ്പട്ടുടുത്ത മന്ത്രവാദിയിപ്പോള്‍ ഞാനാണ്‌.

പോലീസുകാരന്‍
കള്ളുഷാപ്പിനരികിലെ കുട്ടാപ്പുവിന്റെ മരുമകന്‍ കൊച്ചുരാമന്‍ ഓല മേഞ്ഞ കുട്ടാപ്പുവിന്റെ വീട്‌ തീവെച്ചിരിക്കുന്നു. ഒരു തരിമ്പു പോലും അവശേഷിക്കാതെ എല്ലാം വെണ്ണീറായി. കുടിച്ച ബോധക്കേടില്‍ ചെയ്‌തതാണ്‌. മോര്‌ കൊടുത്ത്‌ കെട്ടിറക്കാന്‍ ആരൊക്കെയോ ശ്രമിച്ചു. നടന്നില്ല. അരിവാക്കത്തിയെടുത്ത്‌ കൊച്ചുരാമന്‍ ഭാര്യയുടെ പിന്നാലെ പാഞ്ഞു; വെട്ടിക്കൊല്ലാന്‍. ഭാര്യ പ്രാണരക്ഷാര്‍ത്ഥം എവിടെയോ ഒളിച്ചു. നാട്ടുകാരെല്ലാം ചേര്‍ന്ന്‌ മധ്യസ്ഥന്‍ ബാവ മാഷെ വിവരമറിയിച്ചു. മാഷ്‌ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ച്‌ പരാതി പറഞ്ഞിട്ടുണ്ട്‌. പോലീസ്‌ ഇപ്പോഴെത്തും. കൊച്ചുരാമനെ പൊക്കും. കാഴ്‌ച കാണാന്‍ സാമാന്യം നല്ലൊരാള്‍ക്കൂട്ടം രൂപപ്പെട്ടുകഴിഞ്ഞു. കാത്തുകാത്തിരിക്കേ കൊച്ചുരാമന്റെ കള്ളിറങ്ങി. അയാള്‍ ഷാപ്പിനരികിലുള്ള സിമന്റ്‌ തിണ്ണയില്‍ കുറ്റബോധത്തോടെ ഇരുന്നു. പിന്നെ കരഞ്ഞു. പോലീസ്‌ കൊണ്ടുപോകുമെന്ന ഭീതിയിലാകാം. പക്ഷെ ഒരിക്കലും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല. അങ്ങനെയിരിക്കെ അതാ വരുന്നു ഒരു പോലീസ്‌ ജീ്‌പ്പ്‌. ഒരൊറ്റ പോലീസുകാരനേ അതിലുണ്ടായിരുന്നുള്ളൂ. അദ്ദേഹം പ്രൗഢിയോടെ പുറത്തേക്കിറങ്ങി. കൊച്ചുരാമനരികിലെത്തി. കൊച്ചുരാമന്‍ വിറച്ചുവിറച്ച്‌ സിമന്റ്‌ തിണ്ണയില്‍ നിന്നെഴുന്നേറ്റു. മുണ്ട്‌ മടക്കുത്തഴിച്ചിട്ടു. പോലീസുകാരന്‍ ചോദിച്ചു - "നീയാണൊടാ കൊച്ചുരാമന്‍?"
"അതേ സാര്‍"
"ഠേ..."
പടക്കം പൊട്ടുന്നതുപോലെ കൊച്ചുരാമന്റെ കവിളത്ത്‌ അടി വീണു; പിന്നെ പിടിച്ചൊരു തള്ളും - "ജീപ്പില്‍ കേറടാ നായിന്റെ മോനെ "
കൊച്ചുരാമന്‍ ജീപ്പില്‍ കയറി. ജീപ്പ്‌ പൊടിപാറിയകന്നു. ഞാനോലിച്ചു. പോലീസുകാര്‍ക്കാരെയും പേടിയില്ല, ആരെയും തല്ലാം, വെടിവെച്ചു കൊല്ലാം. ഒരാളും ചോദിക്കില്ല. ഞാന്‍ മനസ്സില്‍ തീരുമാനമെടുക്കുകയായിരുന്നു- "വലുതായാല്‍ ഞാനൊരു പോലീസുകാരനാകും"


വിഫലം
ഞാന്‍ വളര്‍ന്നു. സംവത്സരങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു. എന്റെ ഗ്രാമം മാറിക്കൊണ്ടിരിക്കുന്നു; ഞാനും. മോഹങ്ങളൊന്നും സഫലമായില്ല. ഞാന്‍ ചങ്ങാടക്കാരനായില്ല, മന്ത്രവാദിയായില്ല, പോലീസുകാരനുമായില്ല. ഞാന്‍ രാജകുമാരനായി; മോഹഭംഗങ്ങളുടെ രാജകുമാരനായി. എങ്കിലും ഞാനിപ്പോഴും മോഹിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ വിളിപ്പാടുകള്‍ക്കരുകില്‍ ഗതികിട്ടാതെയലയുന്ന അക്ഷരാത്മാക്കളുണ്ട്‌. മുമ്പ്‌ അവയെല്ലാം എന്റെ അതിതീവ്രമായ പ്രാര്‍ത്ഥനകളായിരുന്നു.

Sunday, August 3, 2008

കാക്ക

ഒരു സീല്‍ക്കാര ശബ്‌ദത്തോടെ കാക്ക എന്റെ ശിരസ്സിന്‌ മുകളിലൂടെ പറന്നുപോയി. കൊക്കുകൊണ്ടു മുറിവേറ്റോ എന്ന്‌ സംശയം. തടവിനോക്കിയപ്പോള്‍ ചോര. രണ്ടു ദിവസമായി ഇതുതന്നെയാണ്‌ സ്ഥിതി. പക്ഷെ ദേഹോപദ്രവമുണ്ടായിരുന്നില്ല. ശ്രദ്ധിച്ചുനോക്കിയപ്പോള്‍ ഇന്നലെയാണ്‌ കണ്ടത്‌! മുറ്റത്തെ പുളിയന്‍മാവിന്റെ ഒത്ത ശിഖരത്തില്‍ ഒരു കാക്കക്കൂട്‌. പക്ഷെ എന്നെ മാത്രം തിരഞ്ഞ്‌ ഉപദ്രവിക്കുന്നതിന്റെ കാരണം മനസ്സിലാവുന്നില്ല. കൂട്‌ കാണുന്നതുതന്നെ ഇന്നലെയാണ്‌, ഉപദ്രവിക്കാനോ മറ്റോ ശ്രമിച്ചിട്ടുമില്ല.

വീട്ടില്‍ അനിയന്മാരും ചേച്ചിയും കുട്ടേട്ടനുമുണ്ട്‌. അവര്‍ക്കൊക്കെ അല്‍പസ്വല്‍പം വികടം പിറവിയായുണ്ട്‌. എന്നിട്ടും....!

കുട്ടേട്ടന്‍ ഇന്നും ഇന്നലെയും ആടിന്‌ ഇല മുറിക്കാന്‍ മാവിന്‍മുകളില്‍ കയറിയിരുന്നു. അപ്പോഴൊക്കെ കാക്ക കൊക്കും കാലും വിടര്‍ത്തി തൂവലുകള്‍ മിനുക്കി അനുസരണയോടെ നിശബ്‌ദയായിരുന്നു.

ഓര്‍ക്കുമ്പോള്‍ മനസ്സിലാവുന്നു. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതാണോ? അല്ല! സ്‌കൂളില്‍ ഉത്തരക്കടലാസ്‌ തരുമ്പോള്‍ നല്ല മാര്‍ക്കുണ്ടെങ്കിലും എന്റെ പേര്‍ അവസാനമേ വിളിക്കൂ. സുഹൃത്തിന്റെയോ സതീര്‍ത്ഥ്യന്റെയോ ഒരു വിവാഹത്തിന്‌ പോയാല്‍ മറ്റുള്ളവരെ പ്രത്യേകിച്ച്‌ സല്‍ക്കരിക്കുമ്പോള്‍ എന്റെ സാമീപ്യം ആരും അറിയുന്നില്ല. അറിഞ്ഞതായി നടിക്കുന്നില്ല, പിന്നെ....

കാക്ക രണ്ടാമതും എന്റെ മനോവികാരങ്ങള്‍ അറിഞ്ഞപോലെ മൂളിക്കൊണ്ടുവന്നു. അപ്പോള്‍ മൈതാനത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന കാലിപ്പിള്ളാര്‍ കലമ്പല്‍ കൂട്ടി ചുറ്റും കൂടി. ഇക്കുറി എനിക്കും ദേഷ്യം വന്നു. ഒരു കല്ലെടുത്ത്‌ വെറുതെ എറിയുന്നതായി ഭാവിച്ചു.

"ക്രാ.... ക്രാ.... ക്രാ...."

അസ്വസ്ഥമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്‌ കാക്ക പിന്നെയും. ഞാനോടി. കുറേ ദൂരം താണ്ടി വലഞ്ഞ്‌, തളര്‍ന്ന്‌ പിന്തിരിഞ്ഞ്‌ നോക്കിയപ്പോള്‍ ഒന്നല്ല രണ്ടല്ല ഒരായിരം കാക്കകള്‍ വികൃതസ്വരം പുറപ്പെടുവിച്ചുകൊണ്ട്‌ പിന്നാലെ, പിന്നെ ഹാസ്യം ആഘോഷമാര്‍ക്കിത്തീര്‍ക്കാന്‍ ആരവത്തോടെ ആ വികൃതിപ്പിള്ളാരും.

Friday, July 18, 2008

പക

എനിക്ക്‌ തോന്നുന്നു, അച്ഛനമ്മമാര്‍ക്ക്‌ എന്നോടുള്ള പക ജന്മജന്മാന്തരങ്ങള്‍ക്കു മുമ്പേയുള്ളതാണെന്ന്‌. മുന്‍ജന്മത്തില്‍ അവര്‍ക്ക്‌ ഞാന്‍ ശത്രുവായിരുന്നിരിക്കണം. അച്ഛനുമമ്മയും എന്റെ സഹോദരങ്ങളും നന്നേ വെളുത്തിട്ടാണ്‌. ഞാന്‍ മാത്രം ആ ജന്മാന്തര ശാപം പോലെ കറുത്തത്‌; നല്ല കരിവീട്ടി നിറം!

സ്‌കൂളില്‍, മൈതാനങ്ങളില്‍ എല്ലാവരും എന്നെ വിളിച്ചു- "കരിഓയില്‍". അമ്മ ആത്മഗതത്തോടെ സ്വയം ശപിക്കുന്നത്‌ കേട്ടിട്ടുണ്ട്‌- "ഇതെങ്ങനെ വന്നു പിറന്നു!".

സ്‌കൂളില്‍ രണ്ടു വട്ടം കഥാമത്സരങ്ങളില്‍ സമ്മാനം കിട്ടിയിട്ടും അച്ഛനുമമ്മയും അതറിഞ്ഞതായി ഭാവിച്ചില്ല. പിന്നീട്‌ കോളേജ്‌ മാഗസിനില്‍ വന്ന അനിയന്റെ നാലുവരി കവിത വായിച്ചപ്പോള്‍ അച്ഛനുമമ്മയും അവനെ ആശ്ലേഷം കൊണ്ടുമൂടി, വാനോളം പുകഴ്‌ത്തി.

ഒരിക്കലും കനിവു കാട്ടാത്ത എന്റെ ദൈവത്തോട്‌ ഞാന്‍ അകമേ പ്രാര്‍ത്ഥിക്കുകയാണ്‌- "ഞാനെന്തേ ഇങ്ങനെയായിപ്പോയത്‌?" കോളേജില്‍ ഒരേ ബഞ്ചിലിരുന്ന സഹപാഠി ഷംസു ഒരിക്കല്‍ പറഞ്ഞു- "നോക്ക്‌, നീ എന്നോട്‌ ഒരു തെറ്റും ചെയ്‌തിട്ടില്ല, പക്ഷെ എനിക്ക്‌ നിന്നെ ഇഷ്ടമല്ല, വെറുപ്പ്‌ തോന്നുന്നു!!"

ഇന്നിതാ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ പാസായ അനുജന്‌ അച്ഛന്‍ മൊബൈല്‍ വാങ്ങിക്കൊടുത്തിരിക്കുന്നു. എന്നെ അവര്‍ മനഃപൂര്‍വ്വം തഴഞ്ഞതാണോ? ഞാന്‍ പഠിത്തത്തില്‍ മോശമായതുകൊണ്ടാണോ? ഓട്ടോറിക്ഷ വാങ്ങിത്തന്നിട്ട്‌ എന്നെ ഡ്രൈവറാക്കിയത്‌?

എന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളാണ്‌, എന്റെ തൊട്ടടുത്ത്‌ അനിയന്‍ സുഖമായി ഉറങ്ങുന്നു. അപ്പുറത്തെ മുറിയില്‍നിന്നും അച്ഛന്റെയും അമ്മയുടെയും സീല്‍ക്കാര ശബ്ദം കേള്‍ക്കാം, രതിലീലാ വിലാസങ്ങള്‍ കേള്‍ക്കാം.

മുമ്പൊക്കെ പാപബോധം തോന്നിയിരുന്നു. ഇപ്പോള്‍.... ഞാനെത്ര ശ്രമിച്ചിട്ടും എന്റെ സംവേദനത്തെ, ശ്രവണത്തെ എനിക്ക്‌ ജയിക്കാന്‍ കഴിയുന്നില്ല.

അനിയനിപ്പോഴും സുഖമായി ഉറങ്ങുകയാണ്‌. ഒരുവേള ഇപ്പോള്‍ ഞാനും സന്ദേഹിച്ചുപോവുകയാണ്‌- "ഞാന്‍, ഞാനെന്റെ അച്ഛന്റെയും അമ്മയുടെയും മകന്‍ തന്നെയാണോ!!"