Friday, September 26, 2008

സര്‍പ്പം

പാമ്പുകള്‍ക്കും ഒടിയന്മാര്‍ക്കും അച്ഛനെ ഭയമാണ്‌. എത്രയെത്ര ഉഗ്രസര്‍പ്പങ്ങളെയാണ്‌ അച്ഛന്‍ തല്ലിക്കൊന്നിട്ടുള്ളത്‌!

കേട്ട കഥയാണ്‌- പണ്ടു പണ്ട്‌ എന്റെ അച്ഛന്‍ ഒരു മന്ത്രവാദിയുടെ പരികര്‍മ്മിയായിരുന്നുവത്രെ! സിദ്ധിയുള്ള ആ മന്ത്രവാദിയില്‍നിന്ന്‌ അച്ഛന്‍ പാമ്പുകളുടെ വായ മൂടിക്കെട്ടാനുള്ള മന്ത്രം പഠിച്ചു. രാത്രികാലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പ്രയോഗിക്കുവാനായിരുന്നു അത്‌. മന്ത്രം ഉരുവിട്ടാല്‍ മാന്ത്രികതയുടെ സാന്നിധ്യത്തിലുള്ള പാമ്പുകളുടെയെല്ലാം വായ മൂടും. ഉദ്ദേശം കഴിഞ്ഞാല്‍ കുരുക്കഴിക്കാനുള്ള മന്ത്രം ചൊല്ലി അവയെ സ്വതന്ത്രമാക്കണമെന്നാണ്‌ നിയമം.

അമാവാസി നാളുകളിലെ കട്ടപിടിച്ച ഇരുട്ടിനെപ്പോലെ സര്‍പ്പങ്ങളെ എന്നുമെനിക്ക്‌ ഭയമായിരുന്നു. ഓടിട്ട വീടായിരുന്ന കാലത്ത്‌ മേല്‍ക്കൂരയ്‌ക്ക്‌ മുകളില്‍ എലിയെ പിടിക്കാന്‍ വരുന്ന പുള്ളിക്കുത്തുള്ള സര്‍പ്പത്തെക്കണ്ട്‌ ഞാന്‍ നിലവിളിച്ചിട്ടുണ്ട്‌. അന്ന്‌ രാത്രി ദുഃസ്വപ്‌നം കാണുമായിരുന്നു.

ഇട നിറയെ വൃക്ഷങ്ങളും വള്ളികളുമുള്ള മേലേപറമ്പില്‍ നിറയെ മാളങ്ങളാണ്‌. കരിയിലകള്‍ ഇളക്കി ചെതുമ്പലുള്ള ദേഹവുമായി എന്നെങ്കിലും എന്നെ കൊണ്ടുപോകാനായി സര്‍പ്പം വരുമെന്ന്‌ ഞാന്‍ ഭയന്നിരുന്നു.

മഹാസര്‍പ്പം മാളത്തിലെ തന്റെ പരശ്ശതം കുഞ്ഞുങ്ങള്‍ക്ക്‌ വാക്കുകൊടുത്തിരുന്നു- എന്നെങ്കിലും താനൊരു മനുഷ്യക്കുഞ്ഞുമായി വരും. അന്ന്‌ വയറുനിറയെ മനുഷ്യമാംസം തിന്നാം. കുഞ്ഞുങ്ങള്‍ വളര്‍ന്നുവലുതായി. തള്ളസര്‍പ്പം വാക്കുമറന്നില്ല. നിശീഥിനിയുടെ തങ്ങള്‍ക്ക്‌ ശക്തി കൂടുന്ന വിശേഷയാമത്തില്‍ തള്ളസര്‍പ്പം യാത്ര പുറപ്പെട്ടു. കുഞ്ഞുങ്ങള്‍ കൊതിയോടെ കാത്തിരുന്നു. യാമങ്ങള്‍ പലതു കഴിഞ്ഞിട്ടും തള്ളസര്‍പ്പം മടങ്ങിവന്നില്ല. അനന്തരം കുഞ്ഞുങ്ങള്‍ തള്ളയെതേടിയിറങ്ങി. അവസാനം ഒരു മരക്കൊമ്പില്‍ ചത്തുമലച്ച തള്ളസര്‍പ്പത്തിന്റെ വീര്‍ത്ത ജഡം തൂങ്ങിയാടുന്നത്‌ വിതുമ്പലോടെ അവ കണ്ടു. തല തല്ലിക്കരഞ്ഞ്‌ ഘാതകരെ ശപിച്ച്‌ പ്രതിജ്ഞയെടുത്ത്‌ അവ‍ മടങ്ങി.

പഴയ മാളത്തിലേക്ക്‌ അവ പിന്നീട്‌ പോയില്ല. കുഞ്ഞുങ്ങള്‍ പക നിറച്ച മനസ്സുമായി ജന്മനിയോഗം തേടി ശിലകളെയും പുല്‍മേടുകളെയും തഴുകി പലപല വഴിയ്‌ക്കായി യാത്രയായി

14 comments:

siva // ശിവ said...

ഇതുപോലെ സങ്കല്പങ്ങളില്‍ മെനഞ്ഞ കഥകള്‍ എനിക്ക് ഏറെ ഇഷ്ടമാ...നന്ദി...

simy nazareth said...

നല്ല കഥ. ഇഷ്ടപ്പെട്ടു.

smitha adharsh said...

സര്‍പ്പ കഥ ഭയങ്കരം ആയല്ലോ!

ചാണക്യന്‍ said...

:)

വികടശിരോമണി said...

കലക്കി.

kannan said...

Hello,
please post a story at our site
http://kerala4u.in
anybody can post ഇതുപോലെ സങ്കല്പങ്ങളില്‍ മെനഞ്ഞ കഥകള്‍ ..

നിരക്ഷരൻ said...

രസമുണ്ട്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല കഥ.

ആശംസകള്‍.

തറവാടി said...

നല്ല കഥ

തറവാടി said...

ഓ അയല്‍ നാട്ടുകാരന്‍! :)

Nachiketh said...

നന്നായിരിയ്കുന്നു..

ഹരിത് said...

കൊള്ളാം . നല്ല കഥ. ഇഷ്ടമായി.

മാണിക്യം said...

പാവം സര്‍പ്പം !
എനിക്ക് എന്നും അങ്ങനെയാ തോന്നിയിട്ടുള്ളത് .
കയ്യും കാലുമില്ലാതെ ഇഴഞ്ഞു നീങ്ങുന്ന ഉരഗങ്ങള്‍ അവയെ കണ്ടാല്‍ ഭയക്കുന്നു തല്ലി കൊല്ലുന്നു..
കഥ നന്നയി നല്ല ഭാവന

ajith said...

വായിച്ചു