Friday, December 18, 2009

ഒരു അവസാനത്തിന്റെ ആരംഭം

പുതുതായി പണിയുന്ന കോളേജ്‌ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍നിന്ന്‌ വിദൂരതയിലേക്ക്‌ നോക്കുമ്പോള്‍ ലോകം മുഴുവന്‍ ഇപ്പോള്‍ തനിക്ക്‌ ചുറ്റും കറങ്ങുകയാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. തിളയ്‌ക്കുന്ന സൂര്യഗോളം ഉച്ചിയില്‍.

ഓരോ നില വാര്‍ത്ത്‌ മുകളിലേക്കുയരുന്തോറും പണിക്കാരുടെ ശുഷ്‌കാന്തി കുറഞ്ഞുകൊണ്ടിരിക്കുന്നു. ആരെയൊക്കെയോ പ്രാകിക്കൊണ്ടാണ്‌ അവരുടെ ജോലി. ഉയരം കൂടുന്തോറും ചൂടും കൂടുന്നു. ചുട്ടുപഴുത്ത ലോഹത്തകിടുപോലെയാണ്‌ പിന്നെ കോണ്‍ക്രീറ്റ്‌ സ്ലാബ്‌. പൊരിവെയിലില്‍ കിനിയുന്ന വിയര്‍പ്പും ബാഷ്‌പീകരിച്ചുപോകുന്ന അവസ്ഥ. അപ്പോള്‍ ശരീരത്തില്‍നിന്ന്‌ അസ്വാഭാവികമായൊരു ഗന്ധമുയരും. കൊടുംചൂടില്‍ പണിയുന്നതിനേക്കാള്‍ ക്ലേശകരമാണ്‌ പണിക്കാരെ നിയന്ത്രിച്ചുകൊണ്ടുള്ള ഈ നില്‍പ്പ്‌.

പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുവരെ അയാളും ഒരു കോണ്‍ക്രീറ്റ്‌ തൊഴിലാളിയായിരുന്നു. ഒരിക്കല്‍ ടെറസില്‍നിന്ന്‌ വീണ്‌ മുട്ടുചിരട്ട തെറ്റിയതില്‍പിന്നെ അയാള്‍ക്ക്‌ ജോലി ചെയ്യാന്‍ തരമില്ലാതായി. അന്നുമുതല്‍ തുച്ഛ ശമ്പളത്തില്‍ റാവുത്തര്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍വൈസറായി അയാള്‍. മറ്റൊരു തൊഴിലും അയാള്‍ക്കറിയില്ല. പതിനെട്ടു വര്‍ഷം സിമന്റിനോടും കമ്പിയോടുമൊക്കെ മല്ലടിച്ച്‌ മുരടിച്ചുപോയിരുന്നു അയാളുടെ യൗവ്വനം. അതിലേറെ ആ മനസ്സും. ഇതുവരെ ഒന്നും സ്വന്തമായി സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. മക്കളില്‍ മൂത്തവനായതുകൊണ്ട്‌ ഒരു വീട്ടുകാരണവരുടെ വേഷം ഒരുവിധം ഭംഗിയായി അയാള്‍ ആടിത്തിമിര്‍ക്കുന്നു. വരുന്ന കുറേ വര്‍ഷങ്ങള്‍ കൊണ്ട്‌ എന്തെങ്കിലും മിച്ചം വെച്ച്‌ അസഹനീയമായ ഈ ജോലിയില്‍നിന്നും വെയിലിന്റെ കാഠിന്യത്തില്‍നിന്നും എന്നെന്നേക്കുമായി രക്ഷപ്പെടണം. അതുമാത്രമാണ്‌ അയാളുടെ ഇപ്പോഴത്തെ ചിന്ത.

പണ്ട്‌ ഒരു കുട പിടിച്ചുകൊണ്ടായിരുന്നു അയാളുടെ മേല്‍നോട്ടക്കാരനായുള്ള നില്‌പ്‌. എന്തുകൊണ്ടാണെന്നറിയില്ല. ഒരിക്കല്‍ റാവുത്തര്‍ മുതലാളി പറഞ്ഞു- "കുട പിടിച്ചു നില്‍ക്കാന്‍ പാടില്ല. ഇതു മഴക്കാലമല്ലല്ലോ" മുതലാളിക്കങ്ങനെ പറയാനുണ്ടായ കാരണമെന്താണെന്ന്‌ ഇതുവരെ അയാള്‍ക്ക്‌ പിടികിട്ടിയിട്ടില്ല.

പണ്ടത്തെപ്പോലെ മലയാളികളെ ആരെയുംതന്നെ നിര്‍മ്മാണതൊഴിലിന്‌ കിട്ടാനില്ല. അധികവും തമിഴരും ബംഗാളികളുമാണ്‌. സത്യത്തില്‍ അയാള്‍ക്ക്‌ അവരുടെ ഭാഷ യാതൊന്നുമറിയില്ല. പണിക്കാര്‍ക്ക്‌ മലയാളവുമറിയില്ല. ഒരു തരത്തിലുള്ള കോപ്രായം കൊണ്ടും ആംഗ്യത്തിലൂടെയുമൊക്കെയാണ്‌ അയാള്‍ അവരോട്‌ സംവദിക്കുന്നത്‌. പലപ്പോഴും അത്‌ തന്റെ അന്തര്‍മുഖമായ വ്യക്തിത്വത്തെ ഉല്ലംഘിച്ച്‌ വികൃതമാക്കുന്നുണ്ട്‌ എന്ന്‌ അയാള്‍ക്കറിയാമായിരുന്നു. തൊഴിലാളിദൗര്‍ലഭ്യം മൂലമുള്ള പരിതാപകരമായ അവസ്ഥ കാരണം ജോലിക്കാരെ കടുപ്പിച്ച്‌ എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ വെറുപ്പിക്കരുത്‌ എന്നുകൂടിയുള്ള മുതലാളിയുടെ ആജ്ഞ തൊഴിലാളികള്‍ക്കിടയില്‍ അയാളെ ഒന്നുകൂടി നിസ്സഹായനാക്കി.

വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അച്ഛന്‍ പറഞ്ഞ വാക്ക്‌ പലപ്പോഴും ഒരശരീരി പോലെ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. വികലാംഗനായപ്പോള്‍ അതൊന്നുകൂടി ശക്തിമത്തായി. പത്താംതരം തോറ്റ്‌ വീണ്ടും എഴുതാന്‍ വിമുഖത കാണിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞ ഉപദേശമായിരുന്നു അത്‌. നഷ്ടബോധത്തോടെ ഇന്നും മനസ്സില്‍ വൃണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നൊമ്പരമാണത്‌. ഒരുപക്ഷേ അന്ന്‌ അച്ഛനെ അനുസരിച്ചിരുന്നുവെങ്കില്‍ അനിയന്മാരെയും സമപ്രായക്കാരെയും പോലെ തനിക്കും ഇന്ന്‌ നല്ലനിലയില്‍ എത്താമായിരുന്നു.

താഴെ വിദ്യാര്‍ത്ഥിക്കൂട്ടത്തില്‍നിന്ന്‌ ആരോ വിളിച്ചുപറഞ്ഞ ഒരു വികടം കേട്ടപ്പോഴാണ്‌ അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നത്‌. പറഞ്ഞത്‌ എന്താണെന്ന്‌ അയാള്‍ക്ക്‌ മുഴുവന്‍ മനസ്സിലായില്ല. മലയാളമറിയാത്ത ബംഗാളികള്‍ കൂടി ചിരിച്ചപ്പോഴാണ്‌ കുട്ടികള്‍ തന്നെ പരിഹസിച്ചിരിക്കുകയായിരിക്കുമെന്ന്‌ അയാള്‍ ഊഹിച്ചത്‌. മൂപ്പിളമ കാട്ടാതെ പേരാണ്‌ കുട്ടികള്‍ അയാളെ വിളിച്ചിരുന്നത്‌. അപ്പോഴൊക്കെ നിര്‍വ്വികാരതയോടെ അയാള്‍ അവരെ നോക്കും. സത്യത്തില്‍ കുട്ടികളെ അയാള്‍ക്ക്‌ ഭയമായിരുന്നു. ഭാഷയറിയാത്ത ജോലിക്കാര്‍ വരെ കുട്ടികളുമായി സൗഹൃദത്തിലായിക്കഴിഞ്ഞു. അയാള്‍ മാത്രം ഇപ്പോഴും അവരോട്‌ ഒരുമയിലെത്തിയിട്ടില്ല.

ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയാല്‍ ജോലിക്കാര്‍ അയാളില്‍നിന്ന്‌ അകന്നേ ഇരിക്കൂ. ഉച്ചവിശ്രമത്തിന്‌ പണിക്കാര്‍ മയങ്ങുമ്പോള്‍ അയാള്‍ കുന്നിന്‍ചരിവില്‍നിന്നും താഴെ ഗഹനതയുടെ സൗന്ദര്യം നുകര്‍ന്നുനില്‍ക്കും.

ഓരോ നാളും വര്‍ധിച്ചുവരുന്ന ചൂടിനെക്കുറിച്ചും അയാള്‍ക്ക്‌ ആകുലതയുണ്ടായിരുന്നു. ഈ പോക്ക്‌ പോയാല്‍ ഇനി എത്രകാലം ഇത്തരത്തിലുള്ള ജോലിയൊക്കെ മനുഷ്യന്‌ ചെയ്യാന്‍ കഴിയും? ചൂടില്ലെങ്കില്‍ കനത്ത മഴ! ഇപ്പോള്‍ സമസ്‌ത മേഖലകളിലും പരാജയപ്പെട്ടവര്‍ മാത്രമേ ഗതികേടുകൊണ്ട്‌ ഈ ജോലിക്ക്‌ നില്‍ക്കുന്നത്‌.

തന്റെ ചോരത്തിളപ്പില്‍ ഉഷ്‌ണത്തെയും മഴയെയും വെല്ലുവിളിച്ച്‌ പണിതിരുന്ന ആ പ്രൗഢകാലത്തെ ഒരുതരം അത്ഭുതത്തോടെയേ ഇപ്പോഴയാള്‍ക്ക്‌ സ്‌മരിക്കാന്‍ കഴിയൂ. ഒരാത്മഗതം പോലെ അയാളുടെ മനമപ്പോള്‍ മൊഴിയും- " റാവുത്തര്‍ മുതലാളിയുടെ സമ്പത്തില്‍ തന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ടായിരിക്കും".

പണിയായുധങ്ങള്‍ വെക്കാന്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലേക്ക്‌ നടക്കുമ്പോള്‍ കുറെ കുട്ടികള്‍ ഒരു പെണ്‍കുട്ടിയെ റാഗ്‌ ചെയ്യുന്ന കാഴ്‌ച അയാള്‍ കണ്ടു. പാവം! സിനിമയിലൊക്കെ കാണുംപോലെ അവളെ രക്ഷിക്കാനും ഒരു നായകന്‍ ചിലപ്പോള്‍ അവതരിച്ചേക്കാം. അവര്‍ തമ്മില്‍ പിന്നീട്‌ പ്രണയബദ്ധരായേക്കാം.

അയാള്‍ അയാള്‍ക്ക്‌ മാത്രമായി രഹസ്യമായി കരുതിയിരുന്ന മണ്‍കുടത്തില്‍നിന്നും തണുത്ത വെള്ളം മെത്താന്‍ കുടം കുനിഞ്ഞെടുത്തപ്പോള്‍ കുടത്തിനുള്ളില്‍നിന്ന്‌ ഒരു ഉരഗന്‍ ക്ഷിപ്രത്തില്‍ ഫണം വിടര്‍ത്തി അയാളുടെ മുഖത്തേക്ക്‌ ദംശിച്ചു.

അതിമൂര്‍ച്ചയുള്ള ഒരായുധത്തിന്റെ സംവേദനം പോലെ ആദ്യം അയാള്‍ക്ക്‌ വേദന തോന്നുകയേ ഉണ്ടായില്ല.

നാഗരാജന്‍ വെപ്രാളപ്പെട്ട്‌ പുറത്തേക്ക്‌ ഇഴഞ്ഞുമറിഞ്ഞപ്പോള്‍ ഉരഗഗോചരത്തിന്റെ സംക്രമണം തന്റെ ഞരമ്പുകളിലേക്ക്‌ നാഡികളിലേക്ക്‌ പടരുന്നത്‌ വ്യക്തമായി അയാള്‍ക്ക്‌ അനുഭവിച്ചറിയാന്‍ കഴിഞ്ഞു.

അബോധത്തിലേക്ക്‌ കൂപ്പുകുത്തുമ്പോഴും അയാളറിഞ്ഞു. ഇതപര്യന്തമായീജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത വിലോമമായൊരു വികാരം. ശാന്തമായൊരു വിക്ഷുബ്ധത! അതെങ്ങനെ രൂപപ്പെട്ടു!! മരണത്തോടാണ്‌ താനിപ്പോള്‍ ഏറ്റുമുട്ടുന്നത്‌. പക്ഷെ എന്നിട്ടും...!

ഷെഡ്ഡില്‍നിന്നും പാതി പുറത്തേക്കും അകത്തേക്കുമായി അയാള്‍ വീണു. ഇപ്പോഴും ഒന്നു നിലവിളിക്കാനും തന്റെ പണിക്കാരുടെയോ വിദ്യാര്‍ത്ഥികളുടെയോ ശ്രദ്ധയാകര്‍ഷിക്കാനുള്ള കരുത്ത്‌ തന്നിലുണ്ടെന്ന്‌ അയാള്‍ക്കറിയാമായിരുന്നു.

പക്ഷെ അയാളത്‌ ചെയ്‌തില്ല. അപ്പുറത്ത്‌ റാഗിങ്‌ ആഘോഷിക്കുന്ന കുട്ടികളുടെ കരഘോഷം ആത്മാവിലേക്കാവാഹിച്ചെടുത്ത്‌ അസ്‌തമിച്ചുകൊണ്ടിരിക്കുന്ന വെളിപാടിന്റെ കടിഞ്ഞാണ്‍ വിട്ട്‌ കൂടുതല്‍ സ്വതന്ത്രനാകാന്‍ ആവുംവിധം യത്‌നിച്ചുകൊണ്ടയാള്‍ കണ്ണുകളടച്ചു.

Tuesday, November 10, 2009

പുനര്‍ജ്ജനി

വനാന്തരത്തിലെ ഏറ്റവും ഉയരമുള്ള വൃക്ഷത്തിലായിരുന്നു ഏകാകിയായ ആ പക്ഷി കൂട്‌ കൂട്ടിയിരുന്നത്‌.

ഉയരങ്ങളില്‍നിന്നുള്ള കാഴ്‌ചക്കെന്നും മനോഹാരിതയ്‌ക്കൊപ്പം ഒരുമയും ഉണ്ടെന്ന്‌ പക്ഷിക്ക്‌ തോന്നിയിരുന്നു. ഉയരങ്ങളില്‍നിന്ന്‌ താഴേക്ക്‌ നോക്കുമ്പോള്‍ ശത്രുവിനും മിത്രത്തിനും ഒരേ ഭാവമാണ്‌. ദരിദ്രരും ധനികരും ഒരുപോലെ. താഴോട്ടുവരുംതോറും കാഴ്‌ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും അവ്യക്തവുമാകുന്നു.

കഴിഞ്ഞ ആയിരം വര്‍ഷത്തെ ഈ ജീവിതസപര്യയ്‌ക്കിടയില്‍ എന്തെല്ലാം കാഴ്‌ചകള്‍ കണ്ടു! എല്ലാത്തിനും ഒരു പൊതുസ്വഭാവമുണ്ടായിരുന്നു. യുദ്ധങ്ങള്‍ക്കെന്നും ഒരേ ഹേതു. യുദ്ധങ്ങളുടെ അവസാനമെന്നും മഹാനാശം. പ്രേമവും നൈരാശ്യവും സന്തുലിതമായിതന്നെ നടന്നു. ജനനവും മരണവും പോലെ. സത്യവും അസത്യവും കൈകോര്‍ത്തു. നന്ദിയും നിന്ദയും ഒരുപോലെ പ്രകാശിച്ചു. പ്രവാചകരും ദാനവരും പലവട്ടം പിറന്നു. മണ്ണും വിണ്ണും മാറിമാറിവന്നു.

ഇപ്പോള്‍, ഒരു പുനര്‍ജ്ജനിയുടെ സമയമായിക്കഴിഞ്ഞെന്ന്‌ ഗോചരം പക്ഷിയെ അറിയിച്ചുകൊണ്ടേയിരുന്നു. പുനര്‍ജ്ജനിക്കണമെങ്കില്‍ മരിച്ചേപറ്റൂ. മരിക്കണമെങ്കില്‍ ത്യജിക്കണം. അതിനേറ്റവും അനുകൂലമായ സമയം ഇതാണെന്ന്‌ പക്ഷിക്ക്‌ തോന്നി.

ഒരു സഹസ്രാബ്ദമായി തനിക്ക്‌ പരമ്പരയായി ആവാസവ്യവസ്ഥയുണ്ടാക്കിത്തന്ന മരമുത്തശ്ശിയോട്‌ യാത്ര പറയുമ്പോള്‍ പക്ഷി ആദ്യമായി കരഞ്ഞു.

ഒടുങ്ങുംമുമ്പ്‌ തനിക്ക്‌ ചില കര്‍ത്തവ്യങ്ങളുണ്ടെന്ന്‌ പക്ഷിക്കറിയാമായിരുന്നു. അതിനായി വനാന്തരങ്ങളില്‍ എല്ലായിടത്തും വലിയ ചിറകുകള്‍ വീശി അത്‌ പറന്നുനടന്നു. അവസാനം ത്യജിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം കണ്ടെത്തി മരക്കമ്പുകള്‍ കൂട്ടി ചിതയൊരുക്കി. പിന്നെ ഓടക്കുഴല്‍ പോലുള്ള കൊക്കില്‍നിന്നും സപ്‌തസ്വരങ്ങള്‍ പുറപ്പെടുവിച്ചു. ആ വശ്യസംഗീതം കേട്ട്‌ കാനനത്തിലെ സര്‍വ്വജീവികളും ഉറവിടം തേടി വന്നെത്തി. സമുദ്രജീവികളെല്ലാം പുഴയിലൂടെയും കൈവഴികളിലൂടെയും അവിടേക്ക്‌ ഒഴുകിയെത്തി. സഹജീവികളെല്ലാം ആനന്ദനൃത്തം ചെയ്‌ത്‌ മയങ്ങിനില്‍ക്കെ പെട്ടെന്ന്‌ പക്ഷി കൊക്കുരസി തീ പടര്‍ത്തി.

ഉച്ചിയില്‍ സംഗീതം നിന്നപ്പോള്‍ സഹജീവികളെല്ലാം അബോധത്തില്‍നിന്നുണര്‍ന്ന്‌ ജാഗരൂകം നോക്കി. പക്ഷി ആളിക്കത്തുന്ന ചിതയിലേക്ക്‌ പറന്നിരുന്നു. താമസിയാതെ തീജ്വാലയും പക്ഷിയും ഒരഗ്നികുണ്‌ഠമായി മാറി.

ചാരം മാത്രം അവിടെ അവശേഷിച്ചപ്പോള്‍ കണ്ണീര്‍ പാര്‍ത്ത്‌ പക്ഷിമൃഗാദികളെല്ലാം പൂര്‍വ്വികതയിലേക്കുതന്നെ യാത്രയായി. മത്സ്യങ്ങള്‍ വീണ്ടും സമുദ്രത്തിലേക്ക്‌ തിരിച്ചുപോയി.

പറവയുടെ പുനര്‍ജ്ജനിക്ക്‌ കാലം മാത്രം പിന്നെയും സാക്ഷിയായി.

Sunday, October 25, 2009

എന്റെ മുത്തശ്ശിമാര്‍

എന്റെ ഗ്രാമത്തിലെ മുത്തശ്ശിമാരെല്ലാം എന്റെ സ്വന്തം മുത്തശ്ശിമാരാണ്‌. അവര്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും പുതുതലമുറയെ പലതും പഠിപ്പിക്കുന്നു. കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ എന്റെ ഓരോ മുത്തശ്ശിക്കും രസകരമായ ഓരോ കഥ പറയാനുണ്ട്‌. ഏതാനും ചില മുത്തശ്ശിമാര്‍.

കുഞ്ഞാര്‍ച്ച മുത്തശ്ശി
96-ാമത്തെ വയസ്സിലാണ്‌ കുഞ്ഞാര്‍ച്ച മുത്തശ്ശി മരിച്ചത്‌. ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ രൂപം. കറുത്തു തടിച്ച ദേഹം. അന്നവര്‍ മാറു മറച്ചിരുന്നില്ല. പക്ഷെ കഴുത്തില്‍ അണിഞ്ഞിരുന്ന നാനാവര്‍ണ്ണത്തിലുള്ള അസംഖ്യം മുത്തുമാലകള്‍ അവരുടെ മുലകളെ ശ്ശിമുക്കാലും ഒളിപ്പിച്ചിരുന്നു. ശുഷ്‌കിച്ചതാണെങ്കിലും അവരുടെ മുന്നോട്ടാഞ്ഞുകിടക്കുന്ന മുലകള്‍ കാണുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അതിശയപ്പെട്ടിരുന്നു. എത്ര വലിയ മുലകള്‍! അപ്പോള്‍ എന്റെ കൂട്ടുകാരന്‍ പ്രകാശന്‍ അത്‌ ഖണ്ഡിച്ചുകൊണ്ട്‌ പറഞ്ഞു- "വെറുതെ! എന്റെ അമ്മയ്‌ക്ക്‌ ഇതിലും വലിയ മുലയുണ്ട്‌"

എന്തായിരുന്നു കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ ദീര്‍ഘായുസ്സിന്‌ കാരണം? പണ്ട്‌ ഞങ്ങളുടെ ഗ്രാമത്തില്‍ നിറയെ പാടങ്ങളുണ്ടായിരുന്നു. വര്‍ഷക്കാലത്ത്‌ പാടങ്ങള്‍ നിറയും. പാടത്ത്‌ നിറയെ മത്സ്യങ്ങളും തവളകളും നീര്‍ക്കോലികളും.

സന്ധ്യയായാല്‍ തവളകള്‍ കരയും "ക്രോം ക്രോം ". രാവും പകലും വേര്‍തിരിച്ചറിയാനാവാത്ത പ്രകൃതിയിലെ മഴയുടെ സംഗീതവും പോക്കാച്ചിത്തവളകളുടെ കരച്ചിലും മനസ്സില്‍ പല ഭാവഭേദങ്ങള്‍ സൃഷ്ടിക്കുന്നതായി തോന്നും. അപ്പോള്‍ കുഞ്ഞാര്‍ച്ച മുത്തശ്ശി കുണ്ടന്‍ കുടയുമെടുത്ത്‌ പാടത്തേക്ക്‌ പോകുന്നത്‌ കാണാം. അവര്‍ പാടത്തുനിന്ന്‌ മുഴുമുഴുത്ത കുറേ പോക്കാച്ചിത്തവളകളെ പിടിക്കും. എന്റെ വീടിന്റെ ഇടവഴിയിലൂടെ പോകുന്ന കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ കൈപ്പിടിയില്‍ തീര്‍ത്തും നിസ്സഹായമായി കണ്ണുതുറിച്ചുകിടക്കുന്ന പോക്കാച്ചിത്തവളകളെ കാണുമ്പോള്‍ എനിക്ക്‌ അനുതാപം തോന്നും. പാവം പോക്കാച്ചിത്തവളകള്‍! കുഞ്ഞാര്‍ച്ച മുത്തശ്ശി അവയെ കറിവെച്ച്‌ തിന്നാനാണ്‌ കൊണ്ടുപോകുന്നത്‌.

പിറ്റേന്ന്‌ കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ പറമ്പിലൂടെ ഞാന്‍ സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ വീടിന്റെ പിന്നാമ്പുറത്തെ തെങ്ങിന്‍കുഴിയില്‍ കാലുകള്‍ മാത്രം അറുത്തുമാറ്റിയ പോക്കാച്ചിത്തവളകളുടെ ശേഷിച്ച രൂപങ്ങള്‍ കാണാം.

സൂക്ഷിച്ചുനോക്കിയാല്‍ അവയുടെ വലിയ കണ്ണുകള്‍ മിന്നിമറയുന്നതായി തോന്നും. ചത്തിട്ടില്ലെന്നുതോന്നും.

പോക്കാച്ചിത്തവളകളുടെ തടിച്ച കാലുകള്‍ മാത്രമാണത്രെ കുഞ്ഞാര്‍ച്ച മുത്തശ്ശി തിന്നാനെടുക്കുക. തൊണ്ണൂറാം കുരയ്‌ക്കും ശ്വാസംമുട്ടലിനും അത്‌ ഔഷധമാണത്രെ!

മരണം വരെ കുഞ്ഞാര്‍ച്ച മുത്തശ്ശിക്ക്‌ ഒരസുഖവും ഉണ്ടായിരുന്നില്ല. തവളകളുടെ മുഴുത്ത കാലുകളായിരുന്നോ കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ ദീര്‍ഘായുസ്സിന്‌ നിദാനം.

പൂക്കുണ്ട ചീരായി
തല നിറയെ വെള്ളിത്തലമുടിയുള്ള, എപ്പോഴും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളോടെയുള്ള പൂക്കുണ്ട ചീരായിയെ കാണാന്‍ നല്ല ഭംഗിയായിരുന്നു. നല്ല ചുറുചുറുക്കുള്ള സുന്ദരി മുത്തശ്ശിയായിരുന്നു പൂക്കുണ്ട ചീരായി.

മൊച്ചയും കുരങ്ങനും മയിലുകളും വസിക്കുന്ന ഒരു കുന്നിന്‍പുറത്തായിരുന്നു പൂക്കുണ്ട ചീരായിയുടെ വീട്‌.

ഓണക്കാലത്ത്‌ കരിമ്പനയോല കൊണ്ട്‌ പൂക്കള്‍ ശേഖരിക്കാനുള്ള പൂക്കുണ്ട ഉണ്ടാക്കലാണ്‌ ചീരായി മുത്തശ്ശിയുടെ പണി. അതുകൂടാതെ മുറവും കൊട്ടയുമൊക്കെ അവരുണ്ടാക്കിയിരുന്നു.

ഓണക്കാലത്തേ ഞാന്‍ പൂക്കുണ്ട ചീരായിയെ കണ്ടിരുന്നുള്ളൂ. അത്തത്തിന്‌ നാലോ അഞ്ചോ നാള്‍ മുമ്പ്‌ ചീരായി മുത്തശ്ശി പൂക്കുണ്ടകളുമായി സകല വീടുകളിലും വരും. അവരെപ്പോലെ അവരുടെ പൂക്കുണ്ടകള്‍ കാണാനും നല്ല ഭംഗിയായിരുന്നു. അതിനു വല്ലാത്തൊരു സുഗന്ധമുണ്ടായിരുന്നു. ഒരാള്‍ തന്നെ ഒന്നും രണ്ടും പൂക്കുണ്ടകള്‍ വാങ്ങിക്കും. തുമ്പയ്‌ക്കും തെച്ചിയ്‌ക്കും അരിപ്പൂവിനുമൊക്കെ വെവ്വേറെ പൂക്കുണ്ടകള്‍.

പിന്നീടെന്നോ ഒരോണത്തിന്‌ പൂക്കുണ്ട ചീരായി വന്നില്ല. ഞങ്ങള്‍ കുട്ടികള്‍ ആകാംക്ഷയോടെ അവരെ കാത്തുനിന്നു. പിന്നീടാരോ പറഞ്ഞു. ചീരായി മുത്തശ്ശി മരിച്ചുപോയത്രെ!

പ്രൗഢമല്ലെങ്കിലും ഇന്നും ഓണം വരുമ്പോള്‍ ഞാന്‍ പൂക്കുണ്ട ചീരായിയെയും പ്രതീക്ഷിക്കുന്നു. പൂക്കുണ്ട ചീരായി വന്നിട്ടും ഇനി കാര്യമില്ലെന്നറിയാം. പൂക്കളില്ലാതെ പൂക്കുണ്ട കൊണ്ടെന്തുകാര്യം? എങ്കിലും.


ചെറിച്ചിത്തള്ള
ചെറിച്ചി മുത്തശ്ശിയെ എല്ലാവരും ചെറിച്ചിത്തള്ള എന്നാണ്‌ വിളിച്ചിരുന്നത്‌. ചെറിച്ചി മുത്തശ്ശിയുടെ പല്ലുകള്‍ മുഴുവനും കൊഴിഞ്ഞിരുന്നു. കാതില്‍ വലിയ തുളകളുണ്ടായിരുന്നു.

വേനല്‍ക്കാലത്ത്‌ പുഴയുടെ കുറേ ഭാഗം വളച്ചുകെട്ടി കായ്‌കനികള്‍ ഉണ്ടാക്കലായിരുന്നു ചെറിച്ചിമുത്തശ്ശിയുടെ പണി. കരിമ്പുകള്‍ കുത്തിയാണ്‌ അതിരുകളുണ്ടാക്കുക. പയര്‍, തണ്ണിമത്തന്‍, ശര്‍ക്കരക്കിഴങ്ങ്‌, വെള്ളരിക്ക, ഇളവന്‍ തുടങ്ങിയ പച്ചക്കറികളായിരുന്നു അവര്‍ കൃഷി ചെയ്യുക. എന്നിട്ട്‌ മൂപ്പിനനുസരിച്ച്‌ ഓരോന്നറുത്തെടുത്ത്‌ വീടുകളില്‍ കൊണ്ടുനടന്ന്‌ വില്‍ക്കും. ആരും വിലപേശിയിരുന്നില്ല. രാസവളമിടാത്ത നാടന്‍ ഇനങ്ങളായിരുന്നു ചെറിച്ചിമുത്തശ്ശിയുടേത്‌.

ഞങ്ങള്‍ ഒരുപറ്റം കുട്ടികള്‍ ആട്ടിന്‍കൂട്ടങ്ങളുമായി പുഴവക്കത്ത്‌ കാലികളെ മേച്ചുനടക്കും. അപ്പോള്‍ സൂത്രത്തില്‍ കയറി തണ്ണിമത്തനും വെള്ളരിപ്പൂവനും മോഷ്ടിക്കും. എന്തു സ്വാദായിരുന്നു ചെറിച്ചിമുത്തശ്ശിയുടെ ഫലവര്‍ഗ്ഗങ്ങള്‍ക്ക്‌.

ഒരിക്കല്‍ പുതുതായി വന്ന ഒരു വരത്തന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നു. അവനായി പിന്നെ ഞങ്ങളുടെ ലീഡര്‍- 'ഇബ്രായി '. അക്രമവാസനയായിരുന്നു ഇബ്രായിയുടെ മുഖമുദ്ര.

ഒരുനാള്‍ ഇബ്രായി ഒരു ഓര്‍ഡറിട്ടു- "ചെറിച്ചിത്തള്ളയുടെ പച്ചക്കറിത്തോട്ടത്തിലെ മുഴുവന്‍ കായ്‌കനികളും അടിച്ചുമാറ്റുക " അവന്റെ നേതൃത്വത്തില്‍ ഞങ്ങളെല്ലാവരും ചെറിച്ചിമുത്തശ്ശിയുടെ കായ്‌കനി തോട്ടത്തിലേക്ക്‌ ഇരച്ചുകയറി. സകല ഫലവര്‍ഗ്ഗങ്ങളും ഞങ്ങള്‍ അറുത്തെടുത്തു. ഇബ്രായിയുടെ വലിയ ചാക്കുകള്‍ നിറഞ്ഞു. അവന്റെ അനിയന്മാര്‍ തലച്ചുമടുകളുമായി അതവന്റെ വീട്ടിലേക്കെത്തിച്ചു. അവസാനം ഇബ്രായി ഞങ്ങളുടെ അമ്പതില്‍പ്പരം ആട്ടിന്‍കൂട്ടത്തെ ചെറിച്ചിമുത്തശ്ശിയുടെ പച്ചക്കറിത്തോട്ടത്തിലേക്ക്‌ തെളിച്ചു. ആടുകള്‍ സകലതും തിന്നുമുടിച്ചു. വള്ളികള്‍ പോലും അവശേഷിക്കാതെ കായ്‌കനി തോട്ടം നാമാവശേഷമായി. ഇബ്രായിയോട്‌ നേരിട്ട്‌ ചോദിക്കാന്‍ ധൈര്യമില്ലെങ്കിലും ഞാന്‍ മനസ്സില്‍ ചോദിച്ചു- "എന്താ ഇബ്രായി ചെറിച്ചിമുത്തശ്ശിയോട്‌ ഇങ്ങനെയൊരു ക്രൂരത? "

ചെറിച്ചിമുത്തശ്ശിയെ ഇപ്പോള്‍ എന്റെ ഗ്രാമത്തില്‍ കാണാറില്ല. പാവം ഒരുപക്ഷേ മരിച്ചുപോയിരിക്കും.

പാട്ടിച്ചിരുത
ഒരുതരം പേടിയോടെയേ ചിരുതയുടെ കഥ പറയാനാകൂ. അധികമാളുകള്‍ക്കും അവരോട്‌ ഭയം കലര്‍ന്ന വെറുപ്പായിരുന്നു. പാട്ടിച്ചിരുതയ്‌ക്ക്‌ ഒടിവിദ്യ അറിയാമായിരുന്നത്രെ! നിരവധി ആളുകളെ ചിരുത ഒടിമറിച്ച്‌ കൊന്നിട്ടുണ്ട്‌. ജീവിച്ചിരുന്ന പല രക്തസാക്ഷികളും എന്റെ ഗ്രാമത്തിലുണ്ട്‌.

പണ്ടൊക്കെ ആളുകള്‍ പരസ്‌പരം വൈരം തീര്‍ക്കാന്‍ പാട്ടിച്ചിരുതയെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഇന്നത്തെ ക്വട്ടേഷന്‍ സംഘത്തിന്റെ പണി.

സംഗതി ഏറ്റുകഴിഞ്ഞാല്‍ പാട്ടിച്ചിരുത രാത്രി പാലമരത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഒടിമരുന്ന്‌ പുറത്തെടുക്കും. പിന്നെ ഇഷ്ടമുള്ള മൃഗരൂപം ധരിച്ച്‌ ശത്രുവിനെ ഒടിച്ച്‌ (പേടിപ്പിച്ച്‌) കൊല്ലും. ഒടിരൂപത്തിലുള്ള മൃഗങ്ങള്‍ക്ക്‌ വാലോ കൊമ്പോ ഉണ്ടാകില്ലത്രെ.

രാത്രികാലങ്ങളില്‍ ഒടിമറിഞ്ഞ്‌ വിഹരിക്കുന്ന ചിരുതയെ കണ്ടവരേറെയുണ്ട്‌. അവരത്‌ വര്‍ണ്ണിക്കുന്നത്‌ കേള്‍ക്കാന്‍ നല്ല രസമാണ്‌.

ഒരു വീട്ടില്‍ പുതിയൊരു ഉണ്ണി പിറന്നാല്‍ കണ്ണേറ്‌ തട്ടാതിരിക്കാനും പേടിപ്പനിയുണ്ടാകാതിരിക്കാനും പലരും പാട്ടിച്ചിരുതയില്‍നിന്ന്‌ ജപിച്ചുകെട്ടിയ ചരട്‌ വാങ്ങും. തിരുവാതിരയ്‌ക്കും ഓണത്തിനുമൊക്കെ പാട്ടിച്ചിരുത ഓരോ വീട്ടിലും വന്ന്‌ പാണപ്പാട്ട്‌ പാടിയിരുന്നു. ഒരു നന്ദുണ്ണിയും കൂടെയുണ്ടാകും. ശ്രവണസുന്ദരമായിരുന്നു അവരുടെ പാട്ട്‌. ചിരുതയ്‌ക്ക്‌ പ്രതിഫലം എല്ലാവരും കണ്ടറിഞ്ഞ്‌ നല്‍കും. പ്രതിഫലം കുറഞ്ഞുപോയാല്‍ ചിരുത രാത്രി ഒടിമറിഞ്ഞുവന്ന്‌ പേടിപ്പിക്കുമത്രെ.

ചെയ്‌തുപോയ ദുഷ്‌കര്‍മ്മങ്ങളുടെ പരിണിത ഫലമാകാം ചിരുത ഒരുപാട്‌ കാലം നരകിച്ച്‌ കിടന്നാണ്‌ മരിച്ചത്‌. രാത്രികാലങ്ങളില്‍ ഇന്നും ചിരുതയെ ഭയക്കുന്നവര്‍ എന്റെ ഗ്രാമത്തിലുണ്ട്‌.

രുക്കു മുത്തശ്ശി
രുക്കു മുത്തശ്ശിക്ക്‌ കുറെ പെണ്‍മക്കളുണ്ടായിരുന്നു. മക്കള്‍ക്ക്‌ മക്കളായി. അവര്‍ക്കും മക്കളായി. മൂന്നു തലമുറയെ കണ്ട ചാരിതാര്‍ത്ഥ്യത്തില്‍ രുക്കു മുത്തശ്ശി ഗ്രാമത്തില്‍ വിലസലോട്‌ വിലസല്‍. കാര്യമായ അസുഖമൊന്നുമില്ല. ചെവി കുറച്ച്‌ പതുക്കെയാണെന്നുമാത്രം. തൊണ്ണൂറു വയസ്സെങ്കിലുമായിക്കാണും.

രുക്കുമുത്തശ്ശിയുടെ സമകാലികരായ പൂക്കുണ്ട ചീരായിയും കുഞ്ഞാര്‍ച്ച മുത്തശ്ശിയും പാട്ടിച്ചിരുതയുമൊക്കെ കാലഗതി പൂകി. അങ്ങനെയിരിക്കെ മുത്തശ്ശിക്കൊരു പൂതി- "തനിക്ക്‌ നാലാളറിഞ്ഞ്‌ മരിക്കണം " രുക്കു മുത്തശ്ശി പ്രാര്‍ത്ഥിച്ചു. "നാരായണാ, ഇഹത്തിലെ സകല സുഖദുഖങ്ങളും ഞാനനുഭവിച്ചുകഴിഞ്ഞു. ഇനി എന്നെ എത്രയുംവേഗം അവിടുത്തേക്കെടുക്കണേ "

രുക്കു മുത്തശ്ശിയുടെ പ്രാര്‍ത്ഥന നാരായണന്‍ കേട്ടു. ഒരു ദിവസം നാരായണന്‍ ഒരു പേപ്പട്ടിയുടെ രൂപം പൂണ്ട്‌ വന്ന്‌ രുക്കുമുത്തശ്ശിയെ തലങ്ങും വിലങ്ങും ഓടിച്ചിട്ട്‌ കടിച്ചു. കടിയെന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ കടി. രുക്കു മുത്തശ്ശി ആകെ ചോരയില്‍ കുതിര്‍ന്നു. മരണം കാത്തുകിടന്നു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി മുത്തശ്ശിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ രുക്കുമുത്തശ്ശിയുടെ ദേഹം മുഴുവന്‍ തുന്നിക്കെട്ടി. ഊട്ടിയില്‍നിന്ന്‌ പേവിഷത്തിനുള്ള മരുന്ന്‌ വരുത്തി അവരുടെ പൊക്കിളിന്‌ ചുറ്റും കുറേ ഇഞ്ചക്ഷന്‍. അങ്ങനെ രുക്കു മുത്തശ്ശി പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തെണീറ്റു.

തന്റെ ആഗ്രഹം സഫലമായില്ലല്ലോ എന്ന വ്യതിഥ ഭാരത്തോടെ രുക്കു മുത്തശ്ശി വീണ്ടും പ്രാര്‍ത്ഥിച്ചു. ഇക്കുറി നാരായണന്‍ ഒരു മരത്തിന്റെ രൂപത്തിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌. മുത്തശ്ശി മുറ്റത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഒരു വലിയ അത്തിമരം മുത്തശ്ശിയുടെ തലയിലേക്ക്‌ 'ഠേ' എന്നൊരു വീഴ്‌ച. തലപൊട്ടി ചോരയൊഴുകി. രുക്കുമുത്തശ്ശി വീണ്ടും ആശുപത്രിയില്‍, വീണ്ടും ജീവിതത്തിലേക്ക്‌.

ഇനി എന്തുചെയ്യും? രുക്കു മുത്തശ്ശി തലപുകഞ്ഞാലോചിച്ചു. തനിക്കെത്രയും പെട്ടെന്ന്‌ മരിച്ച്‌ പേരെടുക്കണം. അങ്ങനെ മുത്തശ്ശി ഒരു തീരുമാനമെടുത്തു. വീട്ടില്‍ മറ്റാളുകളാരുമില്ലാത്ത തക്കം നോക്കി. പതിനെട്ടു കോല്‍ ആഴമുള്ള കിണറ്റിലേക്ക്‌ 'പ്ലും' എന്നൊരു ചാട്ടം.

രുക്കു മുത്തശ്ശി കുറേ വെള്ളം കുടിച്ചു. കുറെ മുങ്ങിപ്പൊങ്ങി. എന്നിട്ടും മരിച്ചില്ല. മരണവേദന അസഹ്യം തന്നെ. രുക്കു മുത്തശ്ശിക്ക്‌ മനസ്സിലായി. അങ്ങനെ രുക്കുമുത്തശ്ശി കിണറ്റിലോട്ട്‌ വീണുകിടന്നിരുന്ന കയറില്‍ പിടിച്ച്‌ തൂങ്ങിക്കിടന്നു.

വീട്ടുകാരും നാട്ടുകാരും അറിഞ്ഞ്‌ സാഹസികമായി മുത്തശ്ശിയെ പുറത്തെടുത്തു.

സമയം ഏറെ കഴിഞ്ഞ്‌ കുടിച്ച വെള്ളം മുഴുവന്‍ ചര്‍ദ്ദിച്ച്‌ ശാന്തമായപ്പോള്‍ മുത്തശ്ശി ഓര്‍ത്തു- "ആ കയറില്ലെങ്കില്‍ താനെപ്പഴോ സ്വര്‍ഗ്ഗത്തിലെത്തിയിരുന്നു. "

എന്റെ ഗ്രാമത്തിലെ പല മുത്തശ്ശിമാരും യാത്രയായിക്കഴിഞ്ഞു. രുക്കു മുത്തശ്ശി ഇപ്പോഴും ജീവനോടെയിരിക്കുന്നു. ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു- "രുക്കു മുത്തശ്ശിയുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കരുതേ. രുക്കുമുത്തശ്ശി ഇനിയും ജീവിക്കണേ "

Saturday, September 26, 2009

ഡെവ്‌ള്‍

മനസ്സിനെ ജയിക്കാന്‍ പഠിച്ചതെന്നാണ്‌? വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഈ മഹാനഗരത്തിലേക്ക്‌ കാലെടുത്തുവെക്കുമ്പോള്‍ ഞാന്‍ നിസ്വനായിരുന്നു- എല്ലാംകൊണ്ടും.

അന്ന്‌....
വര്‍മ്മയുടെ ഓഫീസ്‌ കാബിനുമുന്നില്‍ അധീരനായി വേപഥുവോടെ നിന്നപ്പോള്‍ ഉള്‍സ്വരം പറഞ്ഞു- "ഇല്ല, ഇവിടെയും നിനക്ക്‌ ജോലി ലഭിക്കില്ല. നീ തഴയപ്പെടും "

സന്ദര്‍ശനാനുമതി ലഭിച്ചു. ചുളിഞ്ഞ ഇന്‍ ചെയ്‌ത ഷര്‍ട്ടും മുഷിഞ്ഞ പാന്റ്‌സും ഒരിക്കല്‍കൂടി നോക്കി വിമ്മിഷ്ടപ്പെട്ടു. മുഖത്ത്‌ കഴിയുന്നത്ര ഭവ്യത വരുത്തി സ്‌പ്രിംഗ്‌ ഡോര്‍ തുറന്ന്‌ അനുമതി ചോദിച്ചു.

അകത്തേക്കുവരാന്‍ ആംഗ്യം കാട്ടി. ഇരിക്കാന്‍ പറഞ്ഞില്ല. റിവോള്‍വിംഗ്‌ ചെയറില്‍ മുന്നിലെ കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ഫയലുകള്‍ തപ്പി കുറേ നേരം കൂടി അദ്ദേഹം നിശബ്ദനായിരുന്നു. പരമാവധി മൃദുവാക്കി സ്വരം താഴ്‌ത്തി പറഞ്ഞു- "ഗുഡ്‌മോണിംഗ്‌ സര്‍ "

"മോണിംഗ്‌. എന്തുവേണം?"

"സര്‍, ഞാന്‍ സുദേവ്‌ കുമാര്‍. ജോര്‍ജ്‌ സാര്‍ പറഞ്ഞിട്ടാണ്‌ വരുന്നത്‌. ഇത്‌ എന്നെ പരിചയപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത്‌."

അദ്ദേഹം കത്ത്‌ പൊട്ടിച്ച്‌ താല്‍പര്യമില്ലാത്തവിധം വായിച്ചു. മുഴുമിപ്പിച്ചെന്ന്‌ തോന്നിയില്ല. വിരസമായെന്നപോലെ മോണിറ്ററില്‍ ശ്രദ്ധ ചെലുത്തി. പിന്നെ വീണ്ടും മുഖത്തേക്ക്‌ നോക്കി.

"സര്‍, എനിക്ക്‌ എം.എസ്‌.സി. ബിരുദമുണ്ട്‌. കമ്പ്യൂട്ടറും കഴിഞ്ഞിട്ടുണ്ട്‌. ഇതാ എന്റെ സര്‍ട്ടിഫിക്കറ്റ്‌സ്‌ "

"മിസ്റ്റര്‍ ഇവിടെയിപ്പോള്‍ ജോലിക്ക്‌ ഒഴിവൊന്നുമില്ല. വേക്കന്‍സി വരുമ്പോള്‍ പരിഗണിക്കാം. "

കുറേനേരം ഞങ്ങള്‍ക്കിടയില്‍ മൗനം തളംകെട്ടി. ഒടുവില്‍ അത്‌ ഭഞ്‌ജിച്ചുകൊണ്ട്‌ അദ്ദേഹം തന്നെ പറഞ്ഞു- "നിങ്ങള്‍ക്ക്‌ പോകാം"

"സര്‍, അങ്ങേയ്‌ക്ക്‌ പല സ്ഥാപനങ്ങള്‍കൂടിയുണ്ടല്ലോ. ഞാന്‍ എന്തുജോലിക്കും തയ്യാറാണ്‌. എനിക്ക്‌ ഡ്രൈവിംഗ്‌ അറിയാം"

"ഞാന്‍ പറഞ്ഞല്ലോ. നിങ്ങളെ പരിഗണിക്കാം. ഇപ്പോള്‍ പോകൂ"

സ്ഥായിയായ നിരാശയും പേറി ഓഫീസിലെ സുഖശീതളിമയില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ സ്വയം ചോദിച്ചു- ഈ വഴിയും അടഞ്ഞിരിക്കുന്നു. പരിഗണിക്കാം, ശരിയാക്കാം എന്നതെല്ലാം ഭംഗിവാക്കാണ്‌. താനെത്ര കേട്ടിരിക്കുന്നു. എല്ലാം വെറുതെ.

അടുത്ത ലക്ഷ്യം എന്താണ്‌? ഈ നഗരത്തില്‍ ആരെയും തനിക്ക്‌ പരിചയമില്ല. എന്തുചെയ്യും?

ഇവിടെ എന്തുജോലി ചെയ്യാനും താന്‍ തയ്യാറായിരുന്നു. നാട്ടില്‍ റിട്ടയേര്‍ഡ്‌ അധ്യാപകന്‍ പത്മനാഭന്‍ നായരുടെ മകന്‌ കൂലിപ്പണി ചെയ്യാനോ ഡ്രൈവറാകാനോ പറ്റില്ല. അസ്ഥിവാരം തകര്‍ന്ന തറവാടിന്റെ അന്തസ്സ്‌. പട്ടിണി കിടന്നാലും നശിക്കാത്ത ദുരഭിമാനം.

ജോലിക്കായി അലയാത്ത ദിവസങ്ങളില്ല. എഴുതാത്ത പരീക്ഷകളില്ല. മനസ്സ്‌ മരവിച്ചിരുന്നു. സ്വയം ശപിച്ചിരുന്നു. അവസാനം പലതും ത്യജിച്ച്‌ നാട്ടില്‍നിന്ന്‌ വണ്ടി കയറുമ്പോള്‍ നിശബ്ദമായ ശപഥം- "ഞാന്‍ പോകുന്നു. ഒരു ജോലി കിട്ടി സ്വന്തം നിലനില്‍പ്പ്‌ ഭദ്രമാക്കിയേ ഇനി തിരിച്ചുവരൂ. അല്ലാത്തപക്ഷം വിധിവിപര്യയത്തിന്റെ അകംപൊരുള്‍ തേടി ഞാനലയും. ഏകാകിയായി."

അന്ന്‌ കൈമുതലായി തനിക്കുണ്ടായിരുന്നത്‌ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറേ സാക്ഷ്യപത്രങ്ങളും കോളേജ്‌ ലക്‌ചര്‍ ജോര്‍ജ്‌ സാറിന്റെ ശുപാര്‍ശക്കത്തും.

വെയില്‍ ചൂട്‌ പിടിച്ചിരുന്നു. കാലത്തിന്റെ അനന്തപ്രവാഹത്തെ ഓര്‍മ്മിപ്പിച്ചെന്നോണം ദൂരെ എവിടെനിന്നോ മണി മുഴങ്ങി. അപ്പോള്‍ മനസ്സ്‌ ഒന്നുകൂടി അസ്വസ്ഥമായി. ഇന്നുമങ്ങനെയാണ്‌. ചില ശബ്ദങ്ങള്‍, നിമിത്തങ്ങള്‍. അത്‌ മുഴുവനായും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത ഏതോ ഗതകാല സ്‌മൃതികളുടെ താക്കോല്‍പ്പഴുതുകളാകുന്നു; ഒരു ദുരൂഹത പോലെ.

ടൗണില്‍ തിരക്ക്‌ കൂടിക്കൂടിവന്നു. റോഡിന്റെ ഓരത്ത്‌ പ്രസിദ്ധമായ തണല്‍മരത്തിന്റെ ചുവട്ടില്‍ ചിന്താനിമഗ്നനായി നിന്നപ്പോള്‍ പിന്‍സ്വരം കേട്ടു- "ഏയ്‌ മിസ്റ്റര്‍"

തിരിഞ്ഞുനോക്കിയപ്പോള്‍ നീല യൂണിഫോമില്‍ ഒരാള്‍. അയാളെ മുമ്പ്‌ എവിടെയാണ്‌ കണ്ടത്‌? ഓ ഇയാള്‍ വര്‍മ്മയുടെ വാച്ച്‌മാനല്ലേ?"

"ഉം എന്താ?"

"നിങ്ങളെ ബോസ്‌ വിളിക്കുന്നു"

"എന്താണാവോ?"

"അറിയില്ല, വരാന്‍ പറഞ്ഞു"

രണ്ടാമത്‌ വര്‍മ്മയുടെ ഓഫീസിനുള്ളിലേക്ക്‌ കടക്കുമ്പോഴും പരിഭ്രമിച്ചു. എന്തിനായിരിക്കും തിരിച്ചുവിളിപ്പിച്ചിരിക്കുന്നത്‌?

മുമ്പ്‌ കണ്ടതുപോലെയായിരുന്നില്ല അദ്ദേഹം. മുഖത്ത്‌ പ്രസന്ന ഭാവം. തന്നെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന തോന്നി.

"ഇരിക്കൂ"

മുന്നിലെ വര്‍ണനിറത്തിലുള്ള കണ്ണാടിയുടെ അലങ്കാരങ്ങള്‍ നോക്കിയെന്നോണം ആകാംക്ഷയോടെ ഇരുന്നു. അടുത്ത വാക്കുകള്‍ക്ക്‌ കാതോര്‍ത്തുകൊണ്ട്‌.

"സുദേവ്‌. നിങ്ങള്‍ എന്തു ജോലിക്കും തയ്യാറാണെന്നല്ലേ പറഞ്ഞത്‌?"

"അതെ"

"നിങ്ങള്‍ക്ക്‌ ഏതൊക്കെ ഭാഷകളറിയാം?"

"ഇംഗ്ലീഷും ഹിന്ദിയും"

"വളരെ നല്ലത്‌"

"ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക. കാരണം പറയാന്‍ പോകുന്നത്‌ മറ്റുള്ളവരെ സംബന്ധിച്ച്‌ വിചിത്രവും അശ്ലീലവുമായി തോന്നാം. നിങ്ങള്‍ക്ക്‌ എന്നോട്‌ അനുകൂലിക്കാന്‍ സാധിക്കാത്തപക്ഷം വെറുപ്പ്‌ തോന്നുകയോ ദേഷ്യപ്പെടുകയോ ചെയ്യേണ്ടതില്ല. വിദേശരാജ്യങ്ങളില്‍ ഇതെല്ലാം പതിവാണ്‌"

"സര്‍, താങ്കള്‍ പറയുന്നത്‌ എനിക്ക്‌ മനസ്സിലാവുന്നില്ല"

"സുദേവ്‌, ഞാന്‍ മുഖവുര കൂടാതെ പറയാം. ഞാനൊരു സ്വവര്‍ഗസ്‌നേഹിയാണ്‌. എനിക്ക്‌ നിങ്ങളെ ഇഷ്ടമായി. എന്നോട്‌ സഹകരിക്കുന്നപക്ഷം ജോലി തരാം. ഒന്നോര്‍ത്തുകൊള്ളുക. നിങ്ങള്‍ക്ക്‌ ഒരിക്കലും സ്വപ്‌നം കാണാന്‍ കഴിയാത്ത പ്രതിഫലം ഞാന്‍ തരും. നിങ്ങളെന്തു പറയുന്നു?"

വര്‍മ്മ നീട്ടിയ വിസിറ്റിംഗ്‌ കാര്‍ഡ്‌ താന്‍ വാങ്ങുകയായിരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം അയാള്‍ പോക്കറ്റിലേക്കിടുകയായിരുന്നു.

ഇപ്പോള്‍ ആറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തുടക്കം വര്‍മ്മയുടെ പ്രൈവറ്റ്‌ സെക്രട്ടറി. പിന്നെ... തനിക്കിന്ന്‌ കാറുണ്ട്‌. ആധുനിക സുഖസൗകര്യങ്ങളുണ്ട്‌. പണമുണ്ട്‌. വര്‍മ്മക്കറിയാത്തതായി പലതുമുണ്ട്‌. വര്‍മ്മ പോലുമറിയാതെ അയാളുടെ ബിസിനസിന്റെ കടിഞ്ഞാണ്‍ (ജീവിതത്തിന്റെയും) തന്റെ കയ്യില്‍ വന്നുചേര്‍ന്നിരിക്കുന്നു.

വര്‍മ്മയുടെ മുടി മുക്കാലും നരച്ചിരിക്കുന്നു. അകാലനരയാണ്‌. രൂപത്തില്‍ അയാളൊരു വൃദ്ധനായിക്കഴിഞ്ഞു. പക്ഷെ അയാളുടെ തൃഷ്‌ണ! വൃദ്ധത്വം പുറമെ മാത്രം. എന്നും താന്‍ ക്ലീന്‍ ഷേവ്‌ ചെയ്യണമെന്നത്‌ ആജ്ഞയല്ല, അപേക്ഷയാണ്‌. സത്യത്തില്‍ തനിക്കയാളോടുള്ള വികാരം എന്താണ്‌?

എന്നും രാവിലെ മുഖത്തെയും നെഞ്ചിലെയും രോമങ്ങള്‍ ഷേവ്‌ ചെയ്‌ത്‌ നീക്കുമ്പോള്‍ കണ്ണാടിയിലെ അപരനോട്‌ സ്വയം ചോദിക്കും- "എനിക്ക്‌ സ്‌ത്രൈണതയുണ്ടോ? ആരും ഇതുവരെ പറഞ്ഞിട്ടില്ല. എന്താണാ മധ്യവയസ്‌കന്‍ തന്നില്‍ കണ്ടിരിക്കുന്നത്‌!

ഇതുവരെ നാട്ടില്‍ പോയിട്ടില്ല. പണം കൃത്യമായയക്കുന്നു. എന്നോ അച്ഛന്‌ എഴുതിയിരുന്നു. ഒരിക്കല്‍ ഞാന്‍ വരും. പക്ഷെ എനിക്കുവേണ്ടി ആരും കാത്തിരിക്കേണ്ട. ആരുമെനിക്ക്‌ കത്തുകളുമയക്കേണ്ട. പക്ഷെ വീണ്ടും കത്തുകള്‍ വന്നു. മറുപടി അയക്കുകയുണ്ടായില്ല. അമ്മ രോഗിയായിരിക്കുന്നു എന്നും അനുജത്തി കോളേജില്‍ ഒപ്പം പഠിച്ചിരുന്ന ഹരിജന്‍ യുവാവിന്റെ കൂടെ പോയെന്നും അറിഞ്ഞു. ഇപ്പോള്‍ തീരുമാനിക്കുന്നു. ഇനി വൈകേണ്ട. പോകണം. താന്‍ വന്നിരിക്കുന്നത്‌ ഏതോ ഒരുവന്റെ ആസക്തി തീര്‍ക്കാനല്ല. ഒരു ചീഞ്ഞാല്‍ മറ്റൊന്നിന്‌ വളമാകുമല്ലോ. വര്‍മ്മയിനി തനിക്കുവേണ്ടി ബലിയാടാവട്ടെ.

നാട്ടിന്‍പുറത്തെ തന്റെ ഗ്രാമത്തിലെ പഴയ കുണ്ടും കുഴിയും നിറഞ്ഞ പഞ്ചായത്ത്‌ റോഡിപ്പോള്‍ ടാറിട്ടിട്ടുണ്ടത്രെ. പണ്ട്‌ പൂജയും നിവേദ്യവുമില്ലാതെ ചൈതന്യമറ്റിരുന്ന ഭഗവതിക്ഷേത്രം ഇന്ന്‌ പ്രസിദ്ധമാണ്‌. ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ തന്റെ ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുണ്ട്‌. കാറില്‍ വീട്ടുപടിക്കല്‍ തന്നെയിറങ്ങാം. വാമഭാഗത്തിരിക്കുന്ന പാറിപ്പറക്കുന്ന സ്വര്‍ണ്ണമുടിയുള്ള വെളുത്ത സുന്ദരിയെ കാണുമ്പോള്‍ അച്ഛനും അമ്മയും സന്ദേഹിക്കും. അവര്‍ ചോദിക്കും- "ആരാണിത്‌?"

മുഖം താഴ്‌ത്താതെ ധീരതയോടെ തന്നെ മറുപടി പറയേണ്ടിയിരിക്കുന്നു- "ഇതെന്റെ ഭാര്യയാണ്‌. പേര്‌ ശ്വേതാവര്‍മ്മ"

മൊബൈല്‍ ശബ്ദിച്ചു. വര്‍മ്മയാണ്‌. നാളെയാണ്‌ അദ്ദേഹം ഡല്‍ഹിക്കുപോകുന്നത്‌. അവിടെ ബിസിനസിന്റെ ഉത്തുംഗശൃംഗത്തിലിരിക്കുന്നവരുടെ ആഗോളസമ്മേളനം. അദ്ദേഹം പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്‌. മലയാളത്തില്‍ അദ്ദേഹം തയ്യാറാക്കിയത്‌ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തിച്ചുകൊടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ റിട്ടണ്‍ ഇംഗ്ലീഷ്‌ ദുര്‍ബലമാണ്‌.

ഇന്ന്‌ ടൗണിലെ മിസിസ്‌ വര്‍മ്മയുടെ പേരിലുള്ള 'സയ്‌ഫ്‌ റിസോര്‍ട്ടി'ലാണ്‌ അദ്ദേഹത്തിന്‌ താമസം ഒരുക്കിയിരിക്കുന്നത്‌. രാവിലെ റിസോര്‍ട്ടില്‍നിന്നും എയര്‍പോര്‍ട്ടിലെത്താന്‍ പത്തുമിനിറ്റ്‌. ഡല്‍ഹിയിലെ സെമിനാര്‍ കഴിഞ്ഞ്‌ പിറ്റെന്നാള്‍ ഇറ്റലിയിലേക്ക്‌. ചാര്‍ട്ട്‌ എഴുതിത്തയ്യാറാക്കിയിട്ടുണ്ട്‌. ഇനിയത്‌ വര്‍മ്മയുടെ ലാപ്‌ടോപ്പ്‌ കമ്പ്യൂട്ടറില്‍ സേവ്‌ ചെയ്യണം. എല്ലാം റെഡിയാണെന്ന്‌ വര്‍മ്മയോട്‌ പറഞ്ഞു. ശൃംഗാരത്തോടെ രാത്രി ഒമ്പത്‌ മണിക്ക്‌ റിസോര്‍ട്ടിലെത്താന്‍ വര്‍മ്മയും.

മുറിയിലെത്തിയപ്പോള്‍ ബര്‍മൂഡയണിഞ്ഞ്‌ തണുത്ത വിത്തൗട്ട്‌ ഷുഗര്‍ ബിയര്‍ നുണയുന്നു വര്‍മ്മ. വലതു കയ്യില്‍ കത്തിക്കാത്ത വില്‍സ്‌. വലി നിര്‍ത്തിയതാണ്‌. എങ്കിലും വെറുതെ കൂടെ കൊണ്ടുനടക്കും. ബെഡില്‍ ഇനിയും മുഴുവന്‍ വായിച്ചുതീര്‍ക്കാനാവാത്ത ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടര്‍ നോവല്‍.

മുറിയില്‍ അരിമുല്ല പൂക്കളുടെ ഗന്ധം. തനിമ പകരാന്‍ പെര്‍ഫ്യൂമിനാകുമോ!

മുറിയിലെ വാതിലടഞ്ഞു. ഞാന്‍ എന്റെ ശരീരത്തെ പാകപ്പെടുത്തി.

അകലെ ഉറക്കംവരാതെ തപിക്കുന്ന, രാത്രിയെ ശപിക്കുന്ന സുന്ദരി ഇപ്പോള്‍ എന്തുചെയ്യുകയാവും? കാമ്പോസ്‌ ടാബ്‌്‌ലറ്റുകള്‍ക്ക്‌ അവരെയിനി ഉറക്കാനാവില്ല. ക്ലിറ്റോറിസ്‌ വൈബ്രേറ്ററിന്‌ അവരെ തണുപ്പിക്കാനുമാവില്ല. തന്റെ സാമീപ്യം! ഈശ്വരാ ഇതെന്തു വൈരുധ്യം! ആരോഹണവും അവരോഹണവും ഒരു പ്രകൃതിയില്‍.

പുലരും മുമ്പേ ഉണര്‍ന്നു. ബാത്ത്‌റൂമില്‍ കയറി ശരീരം ശുദ്ധമാക്കി. ചുമരില്‍ പതിച്ച കണ്ണാടിയില്‍ നോക്കി വെറുതെ ചിരിച്ചു. വിള്ളലുള്ള കണ്ണാടിയില്‍ എന്റെ രൂപം വികൃതമായി. ഞാന്‍ ചിറി കോട്ടി മന്ത്രിച്ചു- " അയാം എ സെല്‍ഫ്‌ മെയ്‌ഡ്‌ മാന്‍"

പുറത്ത്‌ പുലരിയുടെ അസ്‌പഷ്ടമായ ശാന്തിമന്ത്രങ്ങള്‍ കേള്‍ക്കാം. മുകളിലെ നിരയിലെ ഓപ്പണ്‍ ടെറസില്‍ ചെന്നിരുന്നു. മുന്‍വശത്തെ പൂന്തോട്ടത്തിലെ ചെമ്പകമരം പൂത്തിട്ടുണ്ട്‌. കറുത്ത വിഹായസ്സില്‍ നക്ഷത്രങ്ങള്‍ മങ്ങിയിരുന്നു. ദൂരെ വിണ്ണിലെ കോണില്‍നിന്ന്‌ ഒരു താരം യാത്രയാരംഭിക്കുന്നു. അതോ ഗൂഢപ്രപഞ്ച ശക്തിയോ!

വര്‍മ്മയെ എയര്‍പോര്‍ട്ടിലേക്ക്‌ യാത്രയയക്കാന്‍ കാറോടിക്കുമ്പോള്‍ മനസ്സ്‌ ഉര്‍വരമായിരുന്നു. ഫ്‌ളൈറ്റ്‌ സമയം കൃത്യമായിരുന്നു. യാത്ര ചോദിക്കുമ്പോള്‍ ബാഗില്‍ ഇന്‍സുലിന്‍ മരുന്നും സിറിഞ്ചും ഉണ്ടെന്നും നാളെ കുത്തിവെപ്പെടുക്കാന്‍ മറക്കരുതെന്നും പ്രത്യേകം പറഞ്ഞു. ഫ്‌ളൈറ്റിലെ സ്റ്റെയറില്‍നിന്ന്‌ വര്‍മ്മ കൈവീശിയപ്പോള്‍ ഉള്ളിലെ ചങ്ങലക്കിട്ട ചെകുത്താന്‍ വന്യമായി മുരണ്ടു- "ഗുഡ്‌ബൈ മിസ്‌റ്റര്‍ വര്‍മ്മ. ഇത്‌ നിങ്ങളുടെ അവസാനത്തെ യാത്രയാണ്‌"

മടങ്ങുമ്പോള്‍ മനസില്‍ കണക്കുകൂട്ടുകയായിരുന്നു. കുറച്ചുസമയം കൂടി താനിവിടെ വേണം. ഒരു പിഴവും പറ്റിക്കൂടാ. ഒരിക്കലും മടങ്ങിവരാത്ത വര്‍മ്മയെ താനും കാത്തിരിക്കണം. ദുഃഖിക്കണം. ആശ്വസിപ്പിക്കണം. മിസിസ്‌ വര്‍മ്മ പോലും സംശയിക്കരുത്‌. പിന്നീട്‌ ഈ നഗരം വിടാം. ഗ്രാമത്തില്‍ പോയി ബിനാമിയായി ബിസിനസ്‌ നിയന്ത്രിക്കാം. പുതിയ തന്ത്രങ്ങള്‍ പുതിയ ജീവിതം.

കൃത്യം 11.11. മൊബൈലിലെ അലാറം ശബ്ദിച്ചു. ലോകത്തിന്റെ ഏതു കോണിലായാലും ഈ സമയത്ത്‌ താന്‍ മിസിസ്‌ വര്‍മ്മയെ വിളിച്ചിരിക്കണം. അല്ലാത്തപക്ഷം എസ്‌.എം.എസ്‌. അതും തിട്ടൂരമല്ല. അപേക്ഷ. ദിനചര്യകളിലൊന്ന്‌.

മിസിസ്‌ വര്‍മ്മയുടെ മധുരശബ്ദം- "ദേവ്‌ നീ എവിടെയാണ്‌? അദ്ദേഹം പോയോ? ഞാന്‍ നിന്നെ കാത്തിരിക്കുന്നു."

തിരക്കില്ലാത്ത റോഡിന്റെ ഓരത്തെ ചിത്രപ്പണികള്‍ ചെയ്‌ത ഗെയ്‌റ്റിന്റെ മുമ്പില്‍ ഹോണടിച്ചപ്പോള്‍ ഗെയ്‌റ്റ്‌ താനേ തുറന്നു. വാഹനം ഉള്ളില്‍ കടന്നപ്പോള്‍ അതടഞ്ഞു. പോര്‍ച്ചില്‍ ഒരു ഇരമ്പലോടെ കാര്‍ നിന്നു. ഞാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ കൂട്ടിനുള്ളില്‍ മടിപിടിച്ചു കിടന്ന അള്‍സേഷ്യന്‍ പട്ടി ഭവ്യതയോടെ നിവര്‍ന്നു.

കോളിംഗ്‌ ബെല്‍ അടിക്കേണ്ടി വന്നില്ല. മുന്നില്‍ വാതില്‍ തുറന്നു. മിസിസ്‌ വര്‍മ്മ ഇന്ന്‌ ആവശ്യത്തിലുമധികം ഒരുങ്ങിയിട്ടുണ്ടെന്നു തോന്നി. ചുണ്ടിലെ ലിപ്‌സ്റ്റിക്കിന്‌ വര്‍ണക്കൂടുതലുണ്ട്‌. ഡൈനിംഗ്‌ഹാളില്‍നിന്നും അപ്‌സ്റ്റയറിലേക്കുള്ള പിരിയന്‍ ഗോവണി കയറുമ്പോള്‍ മുന്നില്‍ നടക്കുന്ന ശ്വേതാവര്‍മ്മ തന്റെ നിതംബം താളത്തിനൊപ്പം ചലിപ്പിക്കുന്നുണ്ടെന്നു തോന്നി.

മുകളിലെ ഡൈനിംഗ്‌ റൂമില്‍ എന്തൊക്കെയോ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നു. സ്വതസിദ്ധമായ കൊഞ്ചലോടെ അവര്‍ മൊഴിഞ്ഞു- "ഹോട്ട്‌ എന്താണെടുക്കേണ്ടത്‌?"

"ഒന്നും വേണ്ട. എനിക്കൊന്നു കുളിക്കണം"

ഇടവിട്ടുള്ള കുളി ഒരു പതിവാക്കിയിരിക്കുന്നു. തണുത്ത വെള്ളത്തിലെ ഈ കുളി ഉണര്‍വ്‌ തരുന്നു. പക്ഷെ അതു ശരീരത്തിന്‌! മനസ്സിനെ ശുദ്ധമാക്കാന്‍ താന്‍ ഏതു ഗംഗയില്‍ മുങ്ങണം? ഒരു നിമിഷം ഉലഞ്ഞ മനസ്സിന്റെ നിയന്ത്രണം പെട്ടെന്ന്‌ വീണ്ടെടുത്തു- തനിക്ക്‌ വേണ്ടത്‌ മനസ്സിന്റെ ശുദ്ധീകരണമല്ല. ശാക്തീകരമാണ്‌. അത്‌ മാത്രം.

ശ്വേതയുടെ ബെഡ്‌റൂമിലെ വാതിലടഞ്ഞു. ഞങ്ങളുടെ ഉടയാടകളഴിഞ്ഞു. വിയര്‍പ്പും വിയര്‍പ്പും തമ്മിലലിഞ്ഞു. പാരമ്യത്തിലെപ്പോഴോ അവള്‍ പാടി-

"Oh... my babe
I feel you and
sieze, your deep...
deep peniration"

അവളുടെ വിയര്‍പ്പിന്‌ മാദകഗന്ധം. മസൃണമായ സ്വേദം പൊഴിച്ച ഒരിക്കലും പ്രസവിക്കാത്ത അവളുടെ സുന്ദര കളേബരം. നിര്‍ലീനമായി കിടക്കുമ്പോള്‍ കാതരയായി അവള്‍ മന്ത്രിച്ചു. - "എന്നെ എന്നാണ്‌ രക്ഷിക്കുക?"

ഞാന്‍ കല്‍പ്പിച്ചു.- "കാത്തിരിക്കുക. സമയമായിക്കഴിഞ്ഞു. ലെന്‍ഡ്‌ മി യുവര്‍ ഇയേഴ്‌സ്‌. സ്വര്‍ഗ്ഗം ഞാന്‍ സൃഷ്ടിക്കും. നമുക്കുല്ലസിക്കാം. നീ രാജ്ഞിയാകുന്നു."

രാത്രി; മഞ്ഞുപെയ്‌തിരുന്നു. സമയത്തെക്കുറിച്ചിപ്പോള്‍ ഞാന്‍ ബോധവാനല്ല. അര്‍ധരാത്രി കഴിഞ്ഞിരിക്കണം. നിശീനിഥിയുടെ നിഗൂഢതയെ എന്നാണിഷ്ടപ്പെടാന്‍ തുടങ്ങിയത്‌? രാത്രി ചിരപരിചിതമല്ലാത്ത റോട്ടിലൂടെ ഏകാന്തമായി കാര്‍ പറത്തുന്നത്‌ ഒരു വിനോദമായിരിക്കുന്നു. ഡ്രൈവിംഗ്‌ ചിലപ്പോഴൊക്കെ ഒരാശ്വാസമാണ്‌. ഇപ്പോള്‍ നഗരത്തില്‍നിന്നും താന്‍ ഒരുപാട്‌ ദൂരം താണ്ടിയിരിക്കുന്നു.

ഇന്ന്‌ നിലാവുണ്ട്‌. ആകാശത്ത്‌ നക്ഷത്രങ്ങളും. താഴെ രണ്ട്‌ നിരയായി പോകുന്ന തിളങ്ങുന്ന റയില്‍പ്പാളത്തിന്‌ മുകളിലെ ബ്രിട്ടീഷ്‌ പാലത്തിലൂടെ കാര്‍ പറന്നപ്പോള്‍ പാലം വിറച്ചു. ദ്രവിച്ച റാഡുകളുടെ കമ്പനം. ഒരു തീവണ്ടി കടന്നുപോയി. എവിടെ നിന്നോ ഒരാര്‍ത്തനാദം. എന്താണത്‌? ഞാന്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി. ബ്രിഡ്‌ജിന്‌ മുകളില്‍ നിന്ന്‌ റയില്‍പ്പാളത്തിലേക്ക്‌ നോക്കി. ട്രാക്കില്‍ വിരൂപമായൊരു മൃതശരീരം. ബ്രിഡ്‌ജിന്‌ താഴെ റെയില്‍വെക്കുമപ്പുറം ഒരു സെമിത്തേരിയുണ്ടായിരുന്നു. പള്ളി അവിടെനിന്നും അകലെയായിരിക്കണം. വിജനത. ഒരില പോലും ചലിക്കുന്നില്ല. നിശ്ചലമായ നിശ. എനിക്ക്‌ തെല്ലും ഭയം തോന്നിയില്ല. പതിയെ പതിയെ അജ്ഞാതമായൊരു വികാരം എന്നെ ഗ്രസിച്ചു. കൈവിരലുകളില്‍ നഖങ്ങള്‍ നീളുന്നതായും കടവായില്‍നിന്നും തേറ്റ പുറത്തേക്ക്‌ വളരുന്നതായും തോന്നുന്നു. ഒന്നാര്‍ത്തട്ടഹസിക്കാന്‍ തോന്നി. ധ്വംസനത്തിന്റെ ബോധാബോധങ്ങള്‍ക്കിടയിലെപ്പഴോ ഞാന്‍ മുരണ്ടു- "ഞാന്‍.... ഞാനൊരു മനുഷ്യനല്ല, ഞാനൊരു ഡെവ്‌ളായിരിക്കുന്നു!!"

Friday, August 28, 2009

മൂന്ന്‌ മിനിക്കഥകള്‍

1 - ഭ്രാന്തന്‍ നായ
ഞാനുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിലേക്ക്‌ ഭ്രാ‌ന്തന്‍ നായ ഓടിവരുന്നത്‌ കണ്ടപ്പോഴേ ഞാനൂഹിച്ചിരുന്നു- അതെന്‍െ നേര്‍ക്കാണ്‌ ചാടുക; എന്നെയാണ്‌ കടിക്കുക! എന്റെ ജാതകം എ‌ന്നുമങ്ങനെയായിരുന്നു.

ജനക്കൂട്ടം ഒറ്റതിരിഞ്ഞ്‌ ഓടാന്‍ തുടങ്ങി. ഞാനും. മുന്നിലെ കല്‍പ്പടവില്‍ തലയിടിച്ച്‌ ഞാന്‍ വീണപ്പോള്‍ നായ വിജയമനോഭാവത്തോടെ മുന്‍കാലുകള്‍ എന്റെ മേല്‍ വെച്ച്‌ ഒരു നിമിഷം നിന്ന്‌ നാവ്‌ നീട്ടിക്കിതച്ചു. നൊടിയിടെ ഞാന്‍ കണ്ടു- ആള്‍ക്കൂട്ടം എങ്ങും ചിതറിയിട്ടില്ല. ഓടിയത്‌ ഞാന്‍ മാത്രമാണ്‌. അവര്‍ ഇപ്പോള്‍ വേട്ടയാടപ്പെടുന്ന എന്റെ കാഴ്‌ചക്കാരാണ്‌.

ഭ്രാന്തന്‍ നായയുടെ കോമ്പല്ലുകള്‍ എന്റെ ദേഹത്തേക്ക്‌ ആഴ്‌ന്നപ്പോള്‍ ഞാനാദ്യം അലറിക്കരഞ്ഞു. പിന്നെ നിരാസത്തിന്റെ നിസ്വാവസ്ഥയില്‍ ഞാനും കുരച്ചു; കുരച്ചുചാടി. പകച്ച നായ പിന്തിരിഞ്ഞോടിയപ്പോള്‍ ഞാനതിനെ വിട്ട്‌ ചോരയൊലിക്കുന്ന ദേഹവുമായി ആള്‍ക്കൂട്ടത്തിനുനേരെ ചാടി. ആളുകളപ്പോള്‍ വിഭ്രാന്തിയോടെ ഓടി.

പിന്നെ എന്റെ നേരെ കല്ലുകള്‍ കൊണ്ട്‌ ശരങ്ങളെയ്‌ത്‌ എനിക്കുചുറ്റും അവര്‍ പ്രതിരോധത്തിന്റെ വലയം തീര്‍ത്തു. എനിക്ക്‌ സമാധിയൊരുക്കി.

2- ശത്രു
എവിടെയോ എന്തൊക്കെയോ ഒരുങ്ങുന്നു. ആദ്യമായി എനിക്കൊരു ശത്രുവുണ്ടായിരിക്കുന്നു. ശത്രു പ്രബലനാണ്‌, ക്രൂരനാണ്‌. ന്യായം എന്റെ പക്ഷത്താണ്‌. പക്ഷെ ഞാന്‍ ദരിദ്രനും അബലനുമാണ്‌. പരിഹാരം കാണണമെങ്കില്‍ ഞാനയാളോട്‌ കാലുപിടിച്ച്‌ മാപ്പപേക്ഷിക്കണം. പക്ഷെ അഭിമാനം. ഞാനും ഒരു പുരുഷനാണല്ലോ. അതുകൊണ്ട്‌ അതുവയ്യ!

സ്വരുക്കൂട്ടിയ ധീരതയോടെ മനസ്സില്‍ തീരുമാനമെടുക്കുമ്പോള്‍ പണിയില്ലാത്ത ഈ മഴക്കാലത്ത്‌ പശിയടങ്ങെ തിന്നാനില്ലാതെ അസുഖത്തോടെ കിടന്നുറങ്ങുന്ന എന്റെ ഭാര്യയെയും മക്കളെയും വയസായ അമ്മയെയും കാണുമ്പോള്‍ മനസ്സുകൊണ്ട്‌ ഞാനയാളോട്‌ യാചിച്ചുപോകുന്നു- "ഞാന്‍ ദരിദ്രനാണ്‌. പാവമാണ്‌. എന്നോട്‌ ക്ഷമിക്കൂ.... എന്നെ വെറുതെ വിടൂ"

3- അന്തരം
വര്‍ഷങ്ങള്‍ക്കുശേഷം വിദേശത്തുനിന്നുവന്ന അമ്മാവനെ കാണാനെത്തിയതായിരുന്നു അയാള്‍. അമ്മാവനെ കണ്ട്‌ ചില സങ്കടങ്ങളുണര്‍ത്തിക്കാന്‍ അമ്മ പറഞ്ഞയച്ചതാണ്‌.

കുറെ കാലത്തിന്‌ ശേഷം കണ്ട സന്തോഷത്തില്‍ അമ്മാവന്‍
വാതോരാതെ അയാളോട്‌ സംസാരിച്ചു. ഗ്രാമത്തിലെ അമ്പലക്കുളത്തെക്കുറിച്ചും ഇടവഴികളെക്കുറിച്ചുമൊക്കെയായിരുന്നു അമ്മാവന്‍ ചോദിച്ചത്‌.

അപ്പോഴവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലേക്ക്‌ അമ്മാവന്റെ വെള്ളാരംകണ്ണുള്ള മകള്‍ 'ആന്‍സി' കടന്നുവന്നു. ഗ്രാമം അവള്‍ കണ്ടിട്ടേയില്ലായിരുന്നു. അമ്മാവന്‍ അവളോട്‌ ഗ്രാമത്തെക്കുറിച്ച്‌ വിവരിച്ചു. പിന്നീട്‌ അവരുടെ സംഭാഷണം മുഴുവനായും ഇംഗ്ലീഷിലേക്ക്‌ വഴിമാറിയപ്പോള്‍, താന്‍ അപ്രസക്തനായെന്ന്‌ തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ്‌ ഹാളിലേക്ക്‌ ചെന്നു. അമ്മാവന്റെ മറ്റു മക്കളും അമ്മായിയും അവിടെ ടി.വി. കാണുകയായിരുന്നു. ചാനല്‍ മാറ്റിമാറ്റി അവര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഉറപ്പിക്കുകയും ധോണിയെയും ശ്രീകാന്തിനെയും കുറിച്ച്‌ വാചാലരാവുകയും ചെയ്‌തപ്പോള്‍ അയാള്‍ അവിടെനിന്നും എഴുന്നേറ്റ്‌ ഉമ്മറത്തേയ്‌ക്ക്‌ പോയി ആകാശത്തേക്കുനോക്കി. അവിടെ നീലിമയില്‍ വെള്ളിമേഘങ്ങള്‍ വ്യൂഹം ചമച്ച്‌ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അയാളത്‌ നോക്കിനിന്നു.

ആ കാഴ്‌ച അയാള്‍ക്ക്‌ വളരെ വളരെ ഇഷ്ടമായിരുന്നു.

Thursday, August 20, 2009

അച്ഛന്റെ മകന്‍

I
വിനോദ്‌ ഒരിക്കല്‍കൂടി കണ്ണാടിയില്‍ നോക്കി. ഇല്ല. അച്ഛനെ പോലെ ഒന്നുമില്ല. തടിച്ചിട്ടാണച്ഛന്‍. താന്‍ ഈര്‍ക്കിലി പോലെയും. മൂക്ക്‌ അമ്മയുടേതുപോലെ പതിഞ്ഞതാണ്‌. അച്ഛന്‌ മുഖത്ത്‌ ഇടതൂര്‍ന്ന താടിയുണ്ട്‌. തനിക്കതുമില്ല. ഉള്ളത്‌ കീഴ്‌താടിയിലെ ചെമ്പന്‍ നിറത്തിലുള്ള നാലോ അഞ്ചോ രോമം മാത്രം. അനിയന്മാരായ വാസൂട്ടനും മോനുവിനും താടിരോമങ്ങള്‍ വളര്‍ന്നുതുടങ്ങി. തനിക്കുമാത്രമില്ല. അവര്‍... അവര്‍ അച്ഛന്റെ മക്കളാണ്‌. താനോ!

അവന്റെ ഇടനെഞ്ച്‌ വിങ്ങി.

ഓര്‍മ്മവെച്ചതുമുതല്‍ അങ്ങനെയാണ്‌. അച്ഛന്‍ അവനെ മാത്രം വേര്‍തിരിച്ചുകാണുന്നു. അകാരണമായി ശാസിക്കുന്നു. ശിക്ഷിക്കുന്നു. പരിഹസിക്കുന്നു.

വൈകുന്നേരങ്ങളില്‍ അച്ഛന്റെ പ്രധാന വിനോദം വിനുവിന്റെ പൊക്കിള്‍ കശക്കി രസിക്കുകയും അമ്മ കാണാതെ അവന്റെ ഇളം വൃഷണങ്ങളില്‍ ചൂണ്ടുവിരല്‍ കൊണ്ട്‌ മേടി രസിക്കുകയുമായിരുന്നു.

വിശേഷ ദിവസങ്ങളില്‍ അനിയന്മാര്‍ക്ക്‌ ഭംഗിയുള്ള വസ്‌ത്രങ്ങളെടുക്കുമ്പോള്‍ അവന്‌ കിട്ടുക വിലകുറഞ്ഞ കോട്ടണ്‍ ഷര്‍ട്ടും ട്രൗസറും മാത്രമായിരിക്കും. പത്താംക്ലാസില്‍ പഠിക്കുമ്പോഴും വിനു ട്രൗസറാണ്‌ ധരിച്ചിരുന്നത്‌. അതോടെ പാന്റ്‌സും മുണ്ടും ധരിച്ചുവരുന്ന സഹപാഠികള്‍ക്ക്‌ അവനൊരു പരിഹാസ കഥാപാത്രമായി. അച്ഛന്റെ കണ്ണുകള്‍ക്കും ആജ്ഞാശക്തിക്കും മുമ്പില്‍ നിസ്സഹായയാകുന്നു അമ്മ.

ചില ദിവസങ്ങളില്‍ അച്ഛന്‍ മദ്യപിക്കുമായിരുന്നു. അപ്പോഴൊക്കെ അമ്മയുടെ മുടിക്കുത്തിന്‌ പിടിച്ച്‌ അലറും- "എവിടെടീ.... നിന്റെ ജാരസന്തതി..... എട്ടാം മാസത്തില്‍ പ്രസവിച്ച ആ നായിന്റെ മോന്‍....."

പുറത്തേക്കിറങ്ങുമ്പോള്‍ നാട്ടുകാരും പിറുപിറുക്കുന്നു- "അതേയ്‌, നമ്മുടെ ജാനകിയമ്മയുടെ ചെക്കനാ ആ പോണത്‌. നായര്‌ പറയണത്‌ കൊറച്ചൊക്കെ ശരിയാണ്‌. ചെക്കന്‌ അയാടേന്നല്ല, ആ തറവാട്ടിലെ ആരുടെയും ഛായയില്ല."

" ഒക്കെ കാലക്കേടാണ്‌. ഗണിച്ചുനോക്കിയ പണിക്കര്‍ അന്നേ പറഞ്ഞിരുന്നു, ഈ ജാതകം ശരിയാവില്ലാന്ന്‌- പിന്നെ എല്ലാവരും നിര്‍ബന്ധിച്ചങ്ങട്‌ നടത്തി " - അമ്മയുടെയും അച്ഛന്റെയും വിവാഹക്കാര്യമാണ്‌ മുത്തശ്ശി പറയുന്നത്‌.

അവര്‍ പറയുന്നത്‌ ശരിയായിരിക്കുമോ! അച്ഛന്‍ അസുരഗണവും അമ്മ ദേവഗണവുമായതുകൊണ്ടാണോ ഈ പൊരുത്തക്കേട്‌? ജാരശങ്ക! ആയിരിക്കാം!

വിനു പത്തില്‍ ഒന്നാം ക്ലാസോടെ പാസായി. പക്ഷെ തുടര്‍ന്നു പഠിക്കാന്‍ അച്ഛന്‍ അനുവദിച്ചില്ല. ആകാശത്ത്‌ സ്വച്ഛന്ദം വിഹരിക്കുന്ന വെള്ളിക്കൊട്ടാരങ്ങള്‍ കരിമേഘങ്ങളായി ഭവിക്കുന്നതുപോലെ അവന്റെ ഉള്ളിലുണ്ടായിരുന്ന നീറ്റല്‍ ദീനരോദനമായി പുറത്തേക്കുചാടി.- "പറയൂ അമ്മേ... ആരാണ്‌.. ഞാനാരാണ്‌! അച്ഛന്‍ പറയുന്നതുപോലെ ഞാന്‍....! "

ഗദ്‌ഗദത്താല്‍ പിടഞ്ഞുവീണ അമ്മയുടെ വാക്കുകള്‍ - "മറ്റുള്ളവര്‍ കരുതുന്നതുപോലെ നീയും... ന്റെ പൊന്നുമോനേ നീയും അമ്മയെ..... "

അന്ന്‌ വൈകുന്നേരേം അച്ഛന്‍ അമ്മയോടു പറയുന്നതുകേട്ടു- "നെന്റെ തല തെറിച്ച ചെക്കനുണ്ടല്ലോ. ആ അശ്രീകരം. ഞാനാ ദാമോദരന്റെ വര്‍ക്‌ഷോപ്പില്‍ പറഞ്ഞിട്ടുണ്ട്‌. വെറുതെ തിന്നുമുടിക്കാനല്ലാതെ എന്തെങ്കിലും പത്തു പൈസടെ ഉപകാരമുണ്ടാവട്ടെ."

അമ്മ മറുത്തൊന്നും പറയുന്നത്‌ കേട്ടില്ല. പറഞ്ഞിട്ട്‌ കാര്യമില്ല. ഒരുപക്ഷേ വിധി ഇതായിരിക്കും.

അന്ന്‌ രാത്രി വര്‍ക്‌ഷോപ്പിലെ പണി പഠിക്കുന്നതും മേസ്‌തിരിയാകുന്നതും വിനു സ്വപ്‌നം കണ്ടു. സ്വപ്‌നങ്ങള്‍ക്കും പരിധിയുണ്ടായിരിക്കുന്നു.

പിറ്റേന്ന്‌ വര്‍ക്‌ഷോപ്പില്‍ പോകാന്‍ നേരം നിറം മങ്ങിയ ചോറ്റുപാത്രം തന്നുകൊണ്ട്‌ അമ്മ പറഞ്ഞു - "ന്റെ മോന്‍ വെഷമിക്കണ്ട. വര്‍ക്‌ഷോപ്പ്‌ പണി അത്ര മോശമല്ല. നെന്റെ അമ്മാമന്‌ ദുബായിലെന്താ പണി? ന്തായാലും അമ്മാമന്‌ ഞാന്‍ എഴ്‌ത്‌ണ്‌ണ്ട്‌ "

അമ്മാവന്‍ നാട്ടില്‍ ലീവിന്‌ വരുന്വോഴൊക്കെ അമ്മയെ കാണാന്‍ വരാറുണ്ട്‌. അന്നേരമെല്ലാം അദ്ദേഹത്തിന്റെ ചുറ്റിലും വില കൂടിയ സ്‌പ്രേയുടെ സാന്നിധ്യമുണ്ടായിരുന്നു.

II
അന്നാദ്യമായി ദാമോദരേട്ടന്‍ വിനുവിന്‌ ഒരു നൂറുരൂപാ നോട്ട്‌ കൊടുത്തു. ആദ്യത്തെ വേതനം! തുള്ളിച്ചാടണമെന്ന്‌ തോന്നി. ലോകം പിടിച്ചടക്കിയ പ്രതീതി. നല്ലവനായിരുന്നു ദാമോദരേട്ടന്‍. തന്റെ പണിശാലയില്‍ ട്രൗസര്‍ ധരിച്ചെത്തുന്ന യുവാവിനോടയാള്‍ക്ക്‌ പ്രത്യേക അനുകമ്പയായിരുന്നു. അദ്ദേഹം കൂടെകൂടെ പറയാറുണ്ട്‌. - "ന്റെ വര്‍ക്‌ഷോപ്പില്‍ ഇത്ര പെട്ടെന്ന്‌ പണി പഠിച്ചവരായി ആരുമില്ല. കൊറച്ചുകൂടി കഴിയട്ടെ, പണിയൊക്കെ പഠിച്ച സ്ഥിതിക്ക്‌ ഇനി ടൗണിലെ ഏതെങ്കിലും തിരക്കുള്ള വര്‍ക്‌ഷോപ്പിലേക്ക്‌ മാറാം. ഞാന്‍ പറയാം. "

തന്റെ കൈകളിലിരുന്ന്‌ വിറക്കുന്ന ഗാന്ധിത്തലയുള്ള നോട്ടിലേക്ക്‌ വിനു ഒരിക്കല്‍കൂടി നോക്കി. അവന്‌ അഭിമാനം തോന്നി. ആവേശവും. ഇനിമുതല്‍ ഞാന്‍ 100 രൂപ കൂലി ലഭിക്കുന്ന ഒരു തൊഴിലാളിയാണ്‌. ഒരുപക്ഷേ ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാനാവും. ആദ്യത്തെ വേതനം എന്താണ്‌ ചെയ്യേണ്ടത്‌? അമ്മയെ ഏല്‍പ്പിക്കണോ? അതോ അച്ഛനെയോ!

അമ്മ പറഞ്ഞു - "ആദ്യത്തെ പണം അച്ഛനെ ഏല്‍പിച്ച്‌ ഗുരുത്വം നേടണം. പിന്നെ ഒരു മുണ്ടു വാങ്ങണം. ന്റെ മോന്‍ വല്ല്യ കുട്ടിയായില്ലേ. ഇനി മുണ്ടുടുക്കണം. "

പിറ്റേന്ന്‌ വിനു ടൗണിലെ തുണിക്കടയില്‍ പോയി വിലകുറഞ്ഞ രണ്ട്‌ മുണ്ട്‌ വാങ്ങി. മനസ്സില്‍ ആഹ്ലാദം നിറയുകയായിരുന്നു. നാളെ മുതല്‍ താനും വലിയ ആളാണ്‌. സമപ്രായക്കാരുടെ പരിഹാസത്തിനും അപകര്‍ഷതാബോധത്തിനും വിട. ജീവിതം സ്വസ്ഥമാകുന്നു.

രാത്രി ഉറക്കം വന്നില്ല. അവന്‍ പുറത്തേക്കുള്ള ജാലകം തുറന്നിട്ടു. കനത്ത ഇരുട്ടായിരുന്നു. എവിടെയോ നിശാഗന്ധി പൂത്തിട്ടുണ്ട്‌. വായുവിന്‌ ഹൃദ്യമായ സുഗന്ധം. കിഴക്ക്‌ കുന്നുകള്‍ക്ക്‌ പിറകില്‍ മേഘശകലത്തിനുള്ളില്‍ മറഞ്ഞുനില്‍ക്കുന്ന ചന്ദ്രന്‍. അകലെ ഒറ്റപ്പെട്ടുനില്‍ക്കുന്ന വെള്ളിനക്ഷത്രം. നോക്കിനില്‍ക്കെ കണ്ണുകള്‍ക്ക്‌ പുതിയൊരു ദൃശ്യത കൈവരികയായി. നക്ഷത്രം ഒന്നല്ല, പത്തല്ല, നൂറല്ല! മറഞ്ഞിരിക്കുന്ന മേഘത്തില്‍നിന്നും പതിയെ പുറത്തുവരുന്നു. ആയിരമായിരം താരകങ്ങള്‍.

പുതിയ ലോകം. അവിടെ തനിക്കെന്നും അസ്‌പൃശ്യത കല്‍പിച്ച സ്‌നേഹജാലകം ഇനി തുറക്കപ്പെടും. എന്റെ പ്രാര്‍ത്ഥന, ഉപാസന... എന്റെ ദൈവത്തിനത്‌ കേള്‍ക്കാതിരിക്കാനാവില്ല.

നേരം പുലര്‍ന്നിട്ടുണ്ടായിരുന്നില്ല. താളമില്ലാത്ത, സ്‌ഫുടതയില്ലാത്ത അസുരവാദ്യത്തിന്റെ ശബ്ദം. ശബ്ദം അലോസരമായി. പിന്നീട്‌ നേര്‍ത്തുനേര്‍ത്ത്‌ വന്ന സ്വരം നിലവിളിയായി. വിനു ഞെട്ടിയുണര്‍ന്നു. പുറത്തുനിന്ന്‌ ആക്രോശവും നിലവിളിയും. അവന്‍ ഉമ്മറത്തേക്കോടി. അവിടെ ആളിക്കത്തുന്ന അഗ്നി! എന്താണ്‌ കത്തുന്നത്‌? പുറത്ത്‌ മഴ പെയ്യുന്നുണ്ടായിരുന്നു. വിനുവിനെ കണ്ടപ്പോള്‍ അമ്മയുടെ കരച്ചിലിന്‌ ശക്തി കൂടി. എന്തോ അസഭ്യ വാക്ക്‌ ഉച്ചരിച്ച അച്ഛന്‍ അത്‌ പൂര്‍ത്തിയാക്കാതെ അഗ്നിഗോളത്തിനപ്പുറത്തുനിന്നും വിനുവിനെ നോക്കി. ആളിക്കത്തുന്ന അഗ്നിയേക്കാള്‍ ജ്വാല കനലെരിയുന്ന ആ കണ്ണുകളിലുണ്ടെന്ന്‌ തോന്നും. അമ്മ മഴയത്തുനിന്നും വിനുവിന്‌ അരികിലേക്ക്‌ വന്നു. അമ്മയുടെ മുഖവും ദേഹവും കരുവാളിച്ചിരുന്നു. കൈയിലുണ്ടായിരുന്ന പാതികരിഞ്ഞ പുതുമുണ്ടിന്റെ അവശിഷ്ടം ഏതോ മാറാരോഗത്തിന്റെ ചീഞ്ഞളിഞ്ഞ വ്രണമായി അവന്‌ തോന്നി.

വിനുവിന്റെ ശാന്തഗംഭീര ഭാവം അമ്മയെ ഭയപ്പെടുത്തിയിരിക്കണം. അമ്മ അവനെ മാറോടണക്കിപ്പിടിച്ചു. തലമുടിയില്‍നിന്ന്‌ ഇറ്റിവീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം അശ്രുബിന്ദുക്കളും അവന്റെ ശിരസ്സിലേക്ക്‌ വീണു.

അഗ്നിയപ്പോഴും എരിയുന്നുണ്ടായിരുന്നു. വിനുവിന്റെ മനസ്സപ്പോഴും നിര്‍വ്വികാരമായ ശാന്തതയിലായിരുന്നു.

"നിങ്ങള്‍ക്ക്‌ ഞാന്‍ ആരുമല്ലായിരിക്കാം. പക്ഷെ എനിക്ക്‌... എനിക്ക്‌ നിങ്ങളെന്റെ പിതാവാണ്‌... "

III
ജാനകിയമ്മ മുറിയിലെ ജാലകത്തിനരികിലുള്ള ഇരുമ്പ്‌കട്ടിലില്‍ ഏതോ ഭൂതകാല സ്‌മരണയിലെന്നപോലെ വിദൂരതയിലേക്ക്‌ കണ്ണുംനട്ടിരിക്കുന്ന ഭര്‍ത്താവിനെ നോക്കി. എന്താണദ്ദേഹം ചിന്തിക്കുന്നത്‌? ചെയ്‌തുപോയ ദുഷ്‌പ്രവൃത്തികളുടെ ഒരേറ്റുപറച്ചിലാണോ മനസ്സില്‍!

മഹാരോഗം അയാളെ ആക്രമിച്ച്‌ കീഴടക്കിയിട്ട്‌ വര്‍ഷം മൂന്ന്‌ കഴിഞ്ഞു. വയറ്റിലെ ഒരു ചെറിയ മുഴയായിരുന്നു തുടക്കം. ഓപ്പറേഷന്‍ ചെയ്‌ത ഡോക്ടര്‍ പറഞ്ഞു -"ഒന്നും തീര്‍ത്ത്‌ പറയാനാവില്ല. ഒരുപക്ഷെ ഇനിയും വരാം. മരുന്ന്‌ മുടക്കാതിരുന്നാല്‍ അത്രയും നന്ന്‌. വര്‍ഷങ്ങളോളം ഒരു കുഴപ്പവുമില്ലാത്ത എത്രയോ കേസുകളുണ്ട്‌. "

ആ ശരീരത്തേക്കാള്‍ വേദന മനസ്സിനാണെന്ന്‌ ജാനകിയമ്മയ്‌ക്കറിയാം. മനസ്സിലിരുന്ന്‌ വിങ്ങിനീറുന്ന പലതും ചിലപ്പോള്‍ നെടുവീര്‍പ്പുകളായി പുറത്തേക്കൊഴുകുന്നു. ഒന്നും തുറന്നുപറയാറില്ല. എല്ലാം വിധിഹിതമാണെന്ന്‌ സമാധാനിക്കാം. എങ്കിലും...

കൈയില്‍ ചൂടുള്ള പൊടിയരിക്കഞ്ഞിയും മുടക്കാന്‍ കഴിയാത്ത മരുന്നും ഗുളികകളും അളവും എണ്ണവും കൃത്യമാക്കിയശേഷം ജാനകിയമ്മ പറഞ്ഞു- "നാളെ..... നാളെ അവന്‍ വരുന്നു; നമ്മുടെ മകന്‍ വിനു."

നീണ്ട ഏഴ്‌ വര്‍ഷത്തെ പ്രവാസി ജീവിതത്തിനു ശേഷം വിനു തിരിച്ചെത്തുകയാണ്‌. ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിക്കാണ്‌ ഫ്‌ളൈറ്റ്‌. രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ വീട്ടിലെത്താം. രാവിലെതന്നെ വാസുദേവന്‍ കാറുമായി എയര്‍പോര്‍ട്ടില്‍ പോയിട്ടുണ്ട്‌.

മണി നാലായി. വീടിന്‌ സമാന്തരമായി പോകുന്ന ടാറിട്ട റോട്ടില്‍ വെളുത്ത അംബാസിഡര്‍ കാര്‍ വന്നുനിന്നു. വിനോദ്‌ പുറത്തേക്കിറങ്ങി. കാറിന്റെ കാരിയറിനു മുകളില്‍ കെട്ടിവച്ചിരിക്കുന്ന സാധനങ്ങള്‍ ഇറക്കാന്‍ അനുജന്മാര്‍ക്ക്‌ നിര്‍ദ്ദേശം കൊടുത്ത്‌ ഒതുക്കുകല്ലുകള്‍ കയറി വീട്ടിലേക്ക്‌... ഉമ്മറത്ത്‌ അമ്മ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത്‌ അപ്പോഴും സ്ഥായിയായ വിഷാദഭാവം. തലയിലങ്ങോളമിങ്ങോളം വെള്ളിവരകള്‍. അമ്മ കരയുകയാണെന്നുതോന്നും.

പാദങ്ങളില്‍ തൊട്ടുനമസ്‌കരിച്ച്‌ പര്‍വ്വതം പോലെ മുമ്പില്‍നില്‍ക്കുന്ന ചെറുപ്പക്കാരനെ ജാനകിയമ്മ കണ്ണിമ വെട്ടാതെ നോക്കി. തന്റെ മകന്‍ വളര്‍ന്നിരിക്കുന്നു. വലിയവനായിരിക്കുന്നു. ഒരുനിമിഷം അവരുടെ മനസ്സില്‍ പതിനെട്ടാം വയസ്സിലും ട്രൗസര്‍ ധരിച്ച്‌ നിസ്സഹായതയോടെ നിറംമങ്ങിയ ചോറ്റുപാത്രവുമായി നീങ്ങുന്ന ആ പഴയ ചിത്രം മിന്നിമറഞ്ഞു.

തന്നെ ആശ്ലേഷിച്ച്‌ സന്തോഷാശ്രുക്കള്‍ പൊഴിക്കുന്ന അമ്മയില്‍നിന്നും അസ്‌പഷ്ടമായ വാക്കുകള്‍ രൂപംകൊണ്ടു- "അച്ഛന്‍.... "

മുറിക്കുള്ളില്‍ മരുന്നിന്റെ അസുഖകരമായ ഗന്ധം. കട്ടിലില്‍ കിടക്കുന്ന അച്ഛന്‍ ശബ്ദം കേട്ട്‌ പ്രയാസപ്പെട്ട്‌ നിവര്‍ന്നിരുന്നു. സുന്ദരനായ അച്ഛന്‍ നിഴല്‍ മാത്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു. മെലിഞ്ഞുണങ്ങി അസ്ഥിപഞ്ചരം പോലെ, ജരാനരകള്‍ ബാധിച്ച്‌ കൈകാലുകള്‍ വിറച്ച്‌....

കാണേണ്ട താമസം അദ്ദേഹം ശുഷ്‌ക്കിച്ച ദുര്‍ബലങ്ങളായ കൈകള്‍ നീട്ടി അവനെ സ്‌പര്‍ശിച്ചു. അച്ഛന്റെ ആദ്യത്തെ അനുഗ്രഹം! രക്തം രക്തത്തെ തൊടുമ്പോഴുള്ള സ്‌നിഗ്‌ധത സ്‌പന്ദനം അവന്‍ അറിഞ്ഞു. മനസ്സിലപ്പോള്‍ കറുത്ത മേഘം പോലെ വേദന, കണ്ണുകളില്‍ അടക്കിപ്പിടിച്ച വിലാപം.

വിനു അച്ഛന്റെ സ്ഥാനം തെറ്റിക്കിടക്കുന്ന ശ്രവണസഹായി ശരിയാക്കിക്കൊണ്ട്‌ ധീരതയോടെ പറഞ്ഞു - "ഞാന്‍ വിനു; വിനോദ്‌. അച്ഛന്റെ മകനാണ്‌! അച്ഛന്റെ മകന്‍!! "

Sunday, July 26, 2009

നര്‍മ്മകഥകള്‍-3

എന്റെ സംഘട്ടനങ്ങള്‍
എനിക്കൊരു വ്യാമോഹമുണ്ടായിരുന്നു. സ്‌കൂളിലെ സൂപ്പര്‍ ചട്ടമ്പി ഞാനാകണമെന്ന്‌. നിലവില്‍ സ്‌കൂളിലെ സ്ഥാനം കുറുക്കന്‍ വാപ്പുവിനും, അരിമ്പാറ വാസുവിനുമാണ്‌. അവര്‍ ഹൈസ്‌കൂളുകാരാണ്‌. ഞാന്‍ യു.പി.യും എന്റെ ക്ലാസില്‍ ചട്ടമ്പിസ്ഥാനം ചൊറിയന്‍ കുഞ്ഞാപ്പുവിനും, വെള്ളാമ സുനിക്കുമാണ്‌. അവര്‍ക്ക്‌ എന്തൊരു പവറാണേ! ഹെഡ്‌മാസ്റ്ററെപ്പോലും പേടിയില്ല. അവര്‍ ഭാഗ്യജന്മങ്ങള്‍, വീരചട്ടമ്പികള്‍!

ചൊറിയന്‍ കുഞ്ഞാപ്പുവിനെ എല്ലാവര്‍ക്കും ഭയവും ആരാധനയുമാണ്‌. അദ്ദേഹത്തിന്‌ എഴുതാനുള്ള പേനയും പേപ്പറുമൊക്കെ ആരാധകരുടെ സംഭാവനയാണ്‌. എല്ലാ ഉത്തരക്കടലാസിലും അദ്ദേഹം പൂജ്യനായിരുന്നു. ചൊറിയന്‌ പതിവായി ഗൃഹപാഠം ചെയ്‌തുകൊടുക്കേണ്ടത്‌ എന്റെ കടമയായിരുന്നു. ആ നിലയ്‌ക്ക്‌ എനിക്ക്‌ ചൊറിയനില്‍ സ്വാധീനമുണ്ടായിരുന്നു. രണ്ടാം ഡിവിഷനിലെ ഹൈദ്രോസ്‌ ഭംഗിയുള്ള ബോള്‍പേന മോഷ്ടിച്ചപ്പോള്‍ അത്‌ തിരികെ വാങ്ങാന്‍ എനിക്ക്‌ വേണ്ടി സുധീരമായി പോരാടിയത്‌ ചൊറിയനായിരുന്നു. ചൊറിയനുമായുള്ള ആ സംഘട്ടനത്തിലാണ്‌ ഹൈദ്രോസിന്റെ മുന്‍വശത്തെ പല്ലടര്‍ന്നത്‌. പിന്നെ ഹൈദ്രോസ്‌ 'പല്‍പ്പൊട്ടന്‍ ഹൈദ്രോസാ'യി. (ഒരു രഹസ്യം. സത്യത്തില്‍ ഹൈദ്രോസിന്റെ പേന ഞാനാണ്‌ മോഷ്ടിച്ചത്‌. കള്ളി വെളിച്ചത്തായപ്പോള്‍ ഞാനത്‌ തിരിച്ചിട്ടു. ഞാനാരാ മോന്‍!)

ആഴ്‌ചയില്‍ ഒന്നോ രണ്ടോ വട്ടം ചൊറിയനുമായോ വെള്ളാമ സുനിയുമായോ ക്ലാസിലോ മറ്റ്‌ ഡിവിഷനുകളിലോ വെച്ചോ സംഘട്ടനമുണ്ടാകും. ചൊറിയന്റെ സംഘട്ടനം- അതൊരു കാണേണ്ട കാഴ്‌ച തന്നെ. ആദ്യം ശത്രുവിനെ അദ്ദേഹം സാധാരണഗതിയില്‍ നേരിടും. അതായത്‌ അടി, ഇടി, കടി, കുത്ത്‌, പിച്ചല്‍, ഞെക്കല്‍. ഇത്യാദി പ്രയോഗങ്ങളെ ശത്രു അതിജീവിക്കുന്നുവെങ്കില്‍ ചൊറിയന്‍ മനസ്സിലാക്കും. തന്റെ ഫേവറൈറ്റ്‌ ഐറ്റം പ്രയോഗിക്കാനുള്ള സമയമായിക്കഴിഞ്ഞു എന്ന്‌. അതിനായി ആദ്യം ചൊറിയനൊന്ന്‌ പിന്‍വാങ്ങും. പിന്നെ രണ്ട്‌ ബെഞ്ചുകള്‍ ഒന്ന്‌ ഒന്നിനുമീതെ അട്ടിയിടും. ഇതിന്‌ ചൊറിയനെ സഹായിക്കാന്‍ ഒരാരാധകവൃന്ദം എപ്പോഴും കൂടെയുണ്ടാകും. പിന്നീട്‌ ഹര്‍ഷാരവത്തോടെ ഗുരുവിനെ ധ്യാനിച്ച്‌ ചൊറിയന്‍ ശത്രുവിന്റെ മുകളിലേക്കൊരു ചാട്ടമാണ്‌. വീഴ്‌ചയില്‍തന്നെ ശത്രുവിന്റെ കണ്ണ്‌ രണ്ടും പൊത്തി വേഗത്തില്‍ വട്ടം കറക്കി നിലത്തേക്കെറിഞ്ഞ്‌ മുതുകിനൊരു ചവിട്ടും. അതെ, ശത്രുവിന്റെ കഥ കഴിഞ്ഞു. അപ്പോള്‍ ഞങ്ങള്‍ കരഘോഷം മുഴക്കും. ആര്‍ത്തുവിളിക്കും- "ചൊറിയന്‍ കീ ജയ്‌". പക്ഷെ ഇവിടെയും ശത്രു പരാജിതനായില്ലെങ്കിലോ! ഒരിക്കല്‍ അങ്ങനെയും സംഭവിച്ചു. മറ്റൊരു സ്‌കൂളില്‍നിന്ന്‌ പുതുതായി വന്ന ഒരു വരത്തന്‍ ഏഴാംക്ലാസില്‍ ചേര്‍ന്നു. ചൊറിയന്റെ തിളക്കത്തെക്കുറിച്ച്‌ അവനറിയില്ല. പുതുക്കമല്ലേ. പാവം. അവന്‍ ചൊറിയനുമായൊന്നുടക്കി. അത്‌ സംഘട്ടനത്തില്‍ കലാശിച്ചു. പക്ഷെ ഫേവറൈറ്റ്‌ ഐറ്റത്തില്‍ അവന്‍ കീഴടങ്ങിയില്ല. അപ്പോള്‍ ചൊറിയന്‍ ചെയ്‌തതെന്തെന്നോ! തന്റെ വലതുകൈത്തണ്ടയിലെ മൊരുമൊരുത്ത വട്ടച്ചൊറി ശത്രുവിന്റെ വായില്‍വെച്ച്‌ തേച്ചു. ഓക്കാനിച്ച്‌ ഓടാന്‍ ശ്രമിച്ച വരത്തനെ മൂക്കിനിടിച്ച്‌ ചൊറിയന്‍ വീഴ്‌ത്തി. പിന്നീട്‌ അവന്‍ ചൊറിയന്റെ മുഖ്യ അനുയായിത്തീര്‍ന്നു. ഒരിക്കല്‍ കൂടി. "ചൊറിയന്‍ കീ ജയ്‌"

ഈ സമയത്തുതന്നെ കുറുക്കന്‍ വാപ്പുവിനെയും പുതുതായി ഉദയം ചെയ്യുന്ന നക്ഷത്രങ്ങളുടെയും ആഗോളയുദ്ധങ്ങള്‍ അപ്പുറത്ത്‌ നടക്കുന്നുണ്ടായിരുന്നു. അതൊന്നും കാണാന്‍ പലപ്പോഴും എനിക്ക്‌ ഭാഗ്യമുണ്ടായില്ല. ഞാന്‍ കേവലമൊരു യു.പി. പക്ഷെ ധീരകഥകള്‍ കേട്ടറിഞ്ഞു. ചൊറിയന്‍ കുഞ്ഞാപ്പുവിന്റെ വകയിലെ ഒരു ബന്ധുവായിട്ട്‌ വരുമത്രെ കുറുക്കന്‍ വാപ്പു. ആ നിലയില്‍ ചൊറിയനും കുറുക്കനും തമ്മില്‍ സംസാരിക്കുന്നത്‌ ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്‌. അപ്പോഴൊക്കെ ഞാനവരെ ആദരപൂര്‍വ്വം നമിക്കും.

മനസ്സ്‌ മോഹിച്ചുതുടങ്ങി. അവരെപ്പോലെ ഒരു ചട്ടമ്പിയായിത്തീരാന്‍ എന്താണൊരുവഴി? ചട്ടമ്പിയായാല്‍ പലപല മെച്ചങ്ങളുണ്ട്‌. നല്ലവണ്ണം പഠിക്കേണ്ടതില്ല. ചക്കാത്തിന്‌ മറ്റുള്ളവരുടെ കയ്യില്‍നിന്ന്‌ മിഠായിയും ഐസ്‌ക്രീമുമടിക്കാം. പേപ്പര്‍, പേന, നെയിംസ്ലിപ്പ്‌ എല്ലാം മറ്റുള്ളവര്‍ തരും. പരിശുദ്ധമായ സ്‌നേഹവും ബഹുമാനവും വേറെ. പക്ഷെ ചട്ടമ്പിയാവാന്‍ എന്താണ്‌ വഴി! ഈ പറയുന്ന കക്ഷികളാരും ജന്മനാ ചട്ടമ്പികളായതല്ല. കഠിനാധ്വാനവും അര്‍പ്പണബോധവുണ്ടതിനു പിന്നില്‍. അപ്പോള്‍ ചട്ടമ്പിയാകണമെങ്കില്‍ ആരെയെങ്കിലും തോല്‍പ്പിച്ച്‌ പേരെടുത്തേ പറ്റൂ.

ഞാന്‍ തലപുകഞ്ഞാലോചിച്ചു. ആരെയാണ്‌ തോല്‍പ്പിക്കുക? അടിച്ചുതുടങ്ങിയാല്‍ ജയിച്ചേ പറ്റൂ. അല്ലെങ്കില്‍ ഉള്ള വിലയും പോകും. അങ്ങനെ എനിക്ക്‌ തല്ലിപ്പേരെടുക്കാന്‍ വേണ്ടി ഞാനൊരു ഇരയെ തെരഞ്ഞെടുത്തു. എന്റെ ക്ലാസിലെ എല്ലിച്ച്‌ ഏറ്റവും ദുര്‍ബലനായ അരുണ്‍ജിത്ത്‌.

അരുണ്‍ജിത്തിനെ തോല്‍പ്പിക്കാന്‍ എന്നെക്കൊണ്ടാവും എന്നെനിക്ക്‌ ഉറപ്പുണ്ടായിരുന്നു. പക്ഷെ വെറുതെ തല്ലിയാല്‍ പോര. അതിനൊരു കാരണം വേണം. തല്ല്‌ കാണാന്‍ ആളും വേണം. അങ്ങനെയിരിക്കെ അതാവരുന്നു ഒരവസരം. എന്റെ റിനോള്‍ഡ്‌സ്‌ പേന കാണാതാവുന്നു. ഞാന്‍ നേരെ പോയി അരുണ്‍ജിത്തിന്റെ ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സില്‍ തിരയുന്നു. തൊണ്ടി കയ്യോടെ പിടികൂടുന്നു. ഞങ്ങള്‍ തമ്മില്‍ വാക്‌ തര്‍ക്കമുണ്ടാകുന്നു. ഞാന്‍ ശ്രദ്ധിച്ചു. ക്ലാസിലിപ്പോള്‍ ചൊറിയനുള്‍പ്പെടെ എല്ലാവരുമുണ്ട്‌. ഞാനടി തുടങ്ങുന്നു. അടിയെന്നുവച്ചാല്‍ കിടിലന്‍ അടി. അടിയോടൊപ്പം "ടിഷ്യൂം, ടിഷ്യൂം" എന്ന പശ്ചാത്തല ശബ്ദവും ഞാനുണ്ടാക്കുന്നുണ്ട്‌. പക്ഷെ അരുണ്‍ജിത്ത്‌ വേഗം കീഴടങ്ങി. അവന്‍ ഓഫീസ്‌ മുറിയുടെ അരികിലേക്ക്‌ പലായനം ചെയ്‌തു. പെണ്‍പക്ഷത്തുനിന്നും ഒരു കൂട്ടച്ചിരി മുഴങ്ങി. ഞാന്‍ ഗംഭീരഭാവത്തോടെ തറയില്‍നിന്നെഴുന്നേറ്റു. പക്ഷെ പ്രതീക്ഷിച്ചപോലെ കരഘോഷമുണ്ടായില്ല. ആരുടെയും അഭിനന്ദനവും കിട്ടിയില്ല. എങ്കിലും ഞാനൊരാളെ ജയിക്കുന്നതിന്‌ എല്ലാവരും സാക്ഷിയായിരിക്കുന്നു. പക്ഷെ ഇങ്ങനെ ഒരു സംഭവമേ ഉണ്ടാകാത്തതുപോലെ ചൊറിയന്റെ ഭാവം. ഒരു തല്ല്‌ ജയിച്ചിട്ടും എനിക്കൊരു വെയിറ്റ്‌ കിട്ടുന്നില്ല. അതാണിപ്പോഴത്തെ പ്രശ്‌നം. അതിന്റെ കാരണം എനിക്ക്‌ മനസ്സിലായി. എന്റെ എതിരാളി വളരെ വളരെ ദുര്‍ബലനായിരുന്നു.

ഇക്കുറി ഞാനൊരു പടികൂടി കടന്നുചിന്തിച്ചു. ശക്തനായ ഒരു എതിരാളിയെ വേണം ഇനി തറ പറ്റിക്കാന്‍. എങ്കിലേ പരക്കെ അംഗീകരിക്കപ്പെടൂ. ആരാകണം അയാള്‍? ഒന്നു ജയിച്ച ആത്മവിശ്വാസം ഇപ്പോഴുണ്ട്‌. എന്റെ ഉള്ളില്‍ സിനിമയിലെ സംഘട്ടന പശ്ചാത്തല വാദ്യത്തോടെ ഒരുരൂപം തെളിഞ്ഞുവന്നു- വെള്ളാമ സുനി. അവനെ ജയിച്ചാല്‍ ഞാനൊരു ചട്ടമ്പിയായതുതന്നെ. പലയങ്കത്തിലും വെള്ളാമ ജയിച്ചിട്ടുണ്ട്‌. ചിലതിലെല്ലാം തോറ്റിട്ടുമുണ്ട്‌. ഈ അവസാനം നടന്ന മൂന്നങ്കത്തിലും വെള്ളാമ തുടരെത്തുടരെ തോറ്റ്‌ ഫോം നഷ്ടപ്പെട്ട രൂപത്തിലാണിപ്പോള്‍. ഈ അവസരം മുതലാക്കിയാല്‍.....

വെള്ളാമ എന്നെക്കാള്‍ മൂത്തതും ശക്തനുമായിരുന്നു. പക്ഷെ ചട്ടമ്പിയാകാനുള്ള ത്വര അതൊന്നും കാര്യമാക്കാന്‍ എന്നെ അനുവദിച്ചില്ല. എത്രയും പെട്ടെന്ന്‌ എനിക്ക്‌ ചട്ടമ്പിയാകണം. അതിനുവേണ്ടി എന്തും ചെയ്യും.

ഞാന്‍ ദിവസം നിശ്ചയിച്ചു. കാരണവും കണ്ടെത്തി. പതിവുപോലെ എന്റെ റിനോള്‍ഡ്‌സ്‌ പേനയതാ വെള്ളാമയുടെ ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സില്‍. മറ്റെല്ലാവരുടെയും സവിധത്തില്‍ ഞങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമായി. പിന്നെയത്‌ അടിപിടിയില്‍ കലാശിച്ചു. പക്ഷെ ഇക്കുറി ഞാന്‍ ശരിക്കും വെള്ളം കുടിച്ചു. അരുണ്‍ജിത്തല്ല വെള്ളാമ സുനി! ഒന്നോ രണ്ടോ ഇടി ഞാന്‍ കൊടുത്തുകാണും. പിന്നെ ഞാന്‍ നിഷ്‌പ്രഭനായി വെള്ളാമയുടെ ചെണ്ടപ്പുറമായി. വെള്ളാമ ശരിക്കും എന്റെ ദേഹത്തുകൂടി മേഞ്ഞു. ഒന്നെതിര്‍ക്കാന്‍ പോലുമാകാതെ അടികൊണ്ടെന്റെ പുറംപൊളിഞ്ഞു. ഞാന്‍ ഉച്ചത്തില്‍ കരഞ്ഞുതുടങ്ങി. അതവന്റെ ആവേശം വര്‍ധിപ്പിച്ചതേ ഉള്ളൂ. നഷ്ടപ്പെട്ട ഫോം തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു വെള്ളാമ. ഞാന്‍ പലായനം ചെയ്യാനുള്ള ശ്രമം നടത്തി. അതും നടന്നില്ല.

ചട്ടമ്പിയാകാനുള്ള എന്റെ വ്യാമോഹം ഐസ്‌ പോലെ ഉരുകിക്കഴിഞ്ഞിരുന്നു. എന്നിട്ടും വെള്ളാമ എന്നെ വിട്ടില്ല. അവനെന്റെ തലമുടിയില്‍ പിടിച്ച്‌ നടുംപുറത്ത്‌ കയറിയിരുന്നു. പിന്നെ ഈണത്തോടെ ചോദിച്ചു- "നീയിനി തല്ലിന്‌ വര്വോ?"

ഞാന്‍ പറഞ്ഞു -"ഇല്ലാ"

"ഇനി തല്ലിന്‌ വരുമോ?"

"ഇല്ലാ"

ഞാന്‍ കരഞ്ഞുകരഞ്ഞ്‌ അലിയവേ വെള്ളാമക്കു ചുറ്റും ആര്‍പ്പുവിളിയും കരഘോഷവും ഉയര്‍ന്നു. അരുണ്‍ജിത്തിന്റെ, ചൊറിയന്‍ കുഞ്ഞാപ്പുവിന്റെ, അരിമ്പാറ വാസുവിന്റെ........ അങ്ങനെയങ്ങനെ...

Saturday, July 18, 2009

നര്‍മ്മകഥകള്‍-2

ആലിളാപ്പ
ആലിളാപ്പ നാല്‌പ്പത്‌ കഴിഞ്ഞ ഒരു മധ്യവയസ്‌കനാണ്‌. സ്വന്തത്തില്‍പെട്ടവരും അല്ലാത്തവരും പ്രായത്തില്‍ കൂടിയവരും കുറഞ്ഞവരുമായ എല്ലാവരും അദ്ദേഹത്തെ ആലിളാപ്പ എന്നാണ്‌ വിളിച്ചിരുന്നത്‌.

ആലിളാപ്പയ്‌ക്ക്‌ പ്രത്യേകിച്ചൊരു തൊഴിലില്ല. എന്നാല്‍ ഒരുവിധമെല്ലാതൊഴിലും അറിയുംതാനും. മരംവെട്ട്‌, ചെത്തിത്തേപ്പ്‌, കല്‍പ്പടവ്‌, വിറകുവെട്ട്‌, മണ്ണുകിള തുടങ്ങി ഈ ദുനിയാവിലുള്ള സകല പണികളും തനിക്കറിയാമെന്ന മട്ടിലാണ്‌ മൂപ്പരുടെ നടപ്പ്‌.

നാല്‌പ്പത്‌ കഴിഞ്ഞപ്പോള്‍ സ്വയം റിട്ടയര്‍മെന്റ്‌ പ്രഖ്യാപിച്ച്‌ ഉപദേശവും മേല്‍നോട്ടവും മാത്രം നടത്തി കാലംകഴിക്കുകയാണ്‌ ആലിളാപ്പ. ആലിളാപ്പയുടെ ഉപദേശം കേട്ട്‌ പടുകുഴിയിലും ഊരാക്കുടുക്കിലുംപെട്ട്‌ ഗ്രാമവാസികള്‍ നട്ടംതിരിയുന്ന കാലം. ഒരു ദിവസം മൂളിപ്പാട്ടൊക്കെ പാടി ആരെയാണിന്ന്‌ ഉപദേശിച്ച്‌ കുളംതോണ്ടാന്‍ കിട്ടുക എന്ന തക്കംനോക്കി ആലിളാപ്പ പുറത്തേക്കിറങ്ങി. അപ്പോള്‍ പാല്‍ക്കാരി ദാക്ഷായണിയമ്മ താന്‍ പുതുതായി വാങ്ങിയ മുഴുവനായും മെരുങ്ങാത്ത കൊമ്പിപ്പശുവിനെ കുറ്റിയില്‍ തളയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌. ഒരു കൈ സഹായിച്ച്‌ പശുവിനെ തളച്ച്‌ പശുവിന്റെ ഒരു തൊഴിയും വാങ്ങി ദാക്ഷായണിയമ്മയോട്‌ രണ്ട്‌ പഞ്ചാരവാക്കൊക്കെ പറഞ്ഞ്‌ ആലിളാപ്പ മുന്നോട്ട്‌.

അപ്പോഴാണ്‌ നാട്ടിലെ പ്രധാന മരംവെട്ടുകാരനായ കഷണ്ടി ബാലനും ശിങ്കിടി ബേബിച്ചനും പിന്നെ കുറേ മല്ലന്മാരുംകൂടി അനാദികാലത്തോളം പഴക്കമുള്ള വലിയൊരു തെങ്ങ്‌ വെട്ടിത്തള്ളിയിടാന്‍ ശ്രമിക്കുന്നത്‌ ആലിളാപ്പ കാണുന്നത്‌.

വളഞ്ഞുപുളഞ്ഞ തെങ്ങ്‌ ഒത്ത ഉയരത്തിലാണ്‌. ഒരുവശത്തുകൂടി ത്രീഫെയ്‌സ്‌ ഇലക്ട്രിക്‌ ലൈന്‍ പോകുന്നു. മറ്റുഭാഗത്ത്‌ വീടുകളുണ്ട്‌. മരം ചായിക്കാന്‍ ചെറിയൊരു വിടവേ ബാക്കിയുള്ളൂ. ലേശം പിഴച്ചാല്‍ ആകെ ഗുലുമാലാകും. തെങ്ങ്‌ പാതി വെട്ടിനിര്‍ത്തിയിരിക്കുകയാണ്‌ ശ്രമക്കാരെല്ലാം. കയറ്‌ പിടിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.

ആലിളാപ്പ അടുത്തെത്തിയപ്പോള്‍ ഒരു പരിഹാരം പറയും എന്നെല്ലാവരും കരുതി. ചുറ്റും വീക്ഷിച്ച്‌ കാര്യസ്ഥിതി ബോധ്യപ്പെട്ട്‌ ലേശം പരിഹാസത്തോടെ ആലിളാപ്പ ചോദിച്ചു - "കയറ്‌ പിടിക്കാന്‍ ആര്‍ക്കും ധൈര്യംല്ല്യാ അല്ലേ?"

ശിങ്കിടി ബേബിച്ചന്‍ പറഞ്ഞു- "ചെറിയൊരു പഴുതേയുള്ളൂ. പിഴച്ചാല്‍....."

രക്ഷകനെപോലെ അപ്പോള്‍ ആലിളാപ്പ മൊഴിഞ്ഞു-"ആരും പേടിക്കേണ്ട. കയറ്‌ ഞാന്‍ പിടിക്കാം. നിങ്ങള്‍ വെട്ടി തെങ്ങ്‌ തള്ളുക"

കഷണ്ടിബാലന്‍ പറഞ്ഞു-"വേണ്ട, ബുദ്ധിമുട്ടാണ്‌. ഞങ്ങള്‍ ലൈന്‍മാനെ കൊണ്ടുവന്ന്‌ കമ്പി അഴിച്ചാലോ എന്ന്‌ ആലോചിക്കുകയാണ്‌"

ആലിളാപ്പക്ക്‌ വലിയ അപമാനപ്പോയി കഷണ്ടിക്കാരന്റെ വാക്കുകള്‍. തന്റെ അനുഭവപരിചയം സ്ഥാപിക്കാന്‍ യത്‌നിച്ചുകൊണ്ട്‌ ആലിളാപ്പ കൃത്രിമ ഗൗരവത്തില്‍ പറഞ്ഞു- "ബാലാ ഞാന്‍ മരം വെട്ടാന്‍ തുടങ്ങുന്ന കാലത്ത്‌ നീ അമ്മയുടെ അമ്മിഞ്ഞപ്പാല്‌ കുടിക്കുകയാണ്‌. അതുകൊണ്ട്‌ പറയുന്നത്‌ കേള്‍ക്ക്‌. നീ മരം വെട്ട്‌"

ഒടുവില്‍ മനസ്സില്ലാമനസ്സോടെ ബാലന്‍ തയ്യാറായി. ആലിളാപ്പയുടെ വീരകൃത്യം കാണാന്‍ ചെറിയൊരാള്‍ക്കൂട്ടം രൂപപ്പെട്ടു.

ആലിളാപ്പ കയര്‍ സ്വന്തം അരയില്‍ചുറ്റി ഒരു കളരിയഭ്യാസിയെപ്പോലെ എടുപ്പോടെ നിന്നു. ബാലനും കൂട്ടരും പാതിയിലേറെ വെട്ടിയ മരം തള്ളുന്നതിനുമുമ്പ്‌ ഒരിക്കല്‍കൂടി മൗനത്തിന്റെ ഭാഷയില്‍ ആലിളാപ്പയോട്‌ ചോദിച്ചു-"വേണോ വേണ്ടയോ?" അതേഭാഷയില്‍ തന്നെ ആലിളാപ്പ അതിന്‌ മറുപടിയും പറഞ്ഞു- "വേണം"

ബാലന്‍ മരം തള്ളി. പക്ഷെ ആലിളാപ്പയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട്‌ എതിര്‍പാര്‍ശ്വത്തിലേക്കാണ്‌ മരം ചാഞ്ഞത്‌. അരികിലുള്ള വീടിന്റെ മേല്‍ക്കൂരയെ തകര്‍ത്തുകൊണ്ട്‌ മരം വീണു. കയര്‍ അരയില്‍ ചുറ്റിയതുകാരണം മരത്തിന്റെ വേഗതയില്‍ അനാദികാലത്തോളം പഴക്കമുള്ള തെങ്ങിന്റെ ഉയരത്തില്‍ ആലിളാപ്പ ആകാശത്തേക്കുയര്‍ന്നു. ആലിളാപ്പ ആകാശത്തുകൂടി പറപറക്കുന്നത്‌ കണ്‍കുളിര്‍ക്കെ ജനം കണ്ടു. പിന്നെ മൂക്കുകുത്തി താഴോട്ടുവീഴുന്നതും കണ്ടു. ആലിളാപ്പക്ക്‌ ബോധം തെളിയാന്‍ ദിവസങ്ങളെടുത്തു. കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ വര്‍ഷങ്ങളോളമെടുത്തു. ഇന്നാരെയും ഉപദേശിക്കാറില്ല ആലിളാപ്പ. സാഹസങ്ങള്‍ക്ക്‌ മുതിരാറുമില്ല. അനുഭവം ഗുരു!

Wednesday, June 24, 2009

നര്‍മ്മകഥകള്‍-1

എന്റെ പ്രേമങ്ങള്‍
1
എന്റെ പ്രേമങ്ങള്‍! അതെ ദിവ്യപ്രണയത്തിന്റെ കഥ! പ്രണയഭംഗത്തിന്റെ കഥ!! ഒന്നാം ക്ലാസ്‌ മുതല്‍ അഞ്ചാം ക്ലാസ്‌ വരെയുള്ള എന്റെ പ്രേമങ്ങള്‍. അതിനുശേഷം എനിക്ക്‌ പ്രേമബന്ധങ്ങളില്ല. പിന്നെ ഞാന്‍ വളരെ സീരിയസായി; അതുതന്നെ കാര്യം.

മൂന്നാം ക്ലാസ്‌ മുതലാണ്‌ സ്‌കൂള്‍ജീവിതത്തിന്റെ ഓര്‍മ്മകള്‍ ആരംഭിക്കുന്നത്‌. പക്ഷെ ഇപ്പോള്‍ ഞാന്‍ നാലാം ക്ലാസിലാണ്‌. എന്റെ ക്ലാസില്‍ പഠനത്തില്‍ ഞാന്‍ മൂന്നാമനായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം സബീറും പ്രശാന്തും കൊണ്ടുപോയി. അവര്‍ വലിയ വീട്ടിലെ വലിയവരുടെ മക്കള്‍. സബീറിന്റെ വാപ്പ എഞ്ചിനീയറായിരുന്നു. പഠനത്തിലെ സ്ഥാനം ക്രമീകരിച്ച്‌ മിടുക്കന്മാരെയെല്ലാം ഒന്നാം ബെഞ്ചിലാണിരുത്തുക. പക്ഷെ ഒന്നാം ബെഞ്ചിലിരിക്കാന്‍ എനിക്ക്‌ ഭയമോ നാണമോ ആയിരുന്നു. അതുകൊണ്ട്‌ ഞാന്‍ മൂന്നാം ബെഞ്ചിലെ മൂന്നാം നമ്പറായി. അങ്ങനെ ഒന്നും രണ്ടും സ്ഥാനം കഴിഞ്ഞാല്‍ മുന്‍ബെഞ്ചില്‍ ചില മരമന്തന്മാര്‍ സ്ഥാനംപിടിച്ചു. എന്റെ കുടുംബത്തിലെ അരുന്ധതിചെറിയമ്മയുടെ മകന്‍ അരുണ്‍ജിത്തിന്‌ മുന്‍ബെഞ്ചിലിരിക്കാന്‍ ഒരര്‍ഹതയുമില്ലായിരുന്നു. എന്നിട്ടും അവന്‍ വലിഞ്ഞുകയറി സ്ഥാനംപിടിച്ചു. 'അതെ, ആണ്‍കുട്ടികളായാല്‍ അങ്ങനെ വേണം. അല്ലാതെ എന്നെപ്പോലെയല്ല'

ഷൈനി എന്നായിരുന്നു എന്റെ പ്രേമഭാജനത്തിന്റെ പേര്‌. ഷൈനിയോട്‌ പ്രണയം തോന്നാന്‍ നിദാനമായ സംഭവത്തോടെ തുടങ്ങാം- 'എന്റെ പ്രേമങ്ങള്‍ ' കിടിലന്‍ പ്രണയകഥയാണ്‌ കേട്ടോ!

മഴക്കാലത്തിന്റെ ആരംഭമായിരുന്നു. ക്ലാസ്‌ തുടങ്ങിയിരുന്നില്ല. നേര്‍ത്ത മഴച്ചാറല്‍. ഞങ്ങള്‍ കുട്ടികളെല്ലാവരും പൊട്ടക്കുളത്തിലെ മാക്രികളെപ്പോലെ കലപില ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ചുവന്ന പുള്ളിക്കുടയുമായി കുടയ്‌ക്കുചേരുന്ന ഹാഫ്‌ പാവാടയുമുടുത്ത്‌ അവള്‍ കയറിവന്നു. അപ്പോള്‍ കീഴടങ്ങാന്‍ വിസമ്മതിക്കുന്ന ഒരു യോദ്ധാവിനെപോലെ ഒരിക്കലും അടയാത്ത ജനാലയിലൂടെ കാറ്റ്‌ ഒരു കള്ളനെപ്പോലെ ക്ലാസ്‌റൂമിലേക്ക്‌ പതുങ്ങിവന്നു. നനഞ്ഞ കുട പെണ്‍പക്ഷത്തേക്ക്‌ ഭാഗിച്ച ഭിത്തിയില്‍ ചാരിവെക്കുകയായിരുന്നു കഥാനായിക. അവളുടെ ചുവന്ന ഹാഫ്‌ പാവാട മുകളിലേയ്‌ക്കുയര്‍ന്നു. ഷമ്മീസും കഴിഞ്ഞ്‌ അവളുടെ അടിവസ്‌ത്രവും കാറ്റ്‌ ഞങ്ങള്‍ക്ക്‌ കാണിച്ചുതന്നു. മാക്രിശബ്ദം നിന്നു. പാവാടത്തുമ്പ്‌ ശരിയാക്കി ഒന്നുമറിയാത്തതുപോലെ ഷൈനി യഥാസ്ഥാനത്ത്‌ ചെന്നിരുന്നു. ഞാനടക്കം എന്റെ ബെഞ്ചിലിരുന്ന ആര്‍ക്കും സംശയമുണ്ടായിരുന്നില്ല- ഷൈനിയുടെ ഷെഡ്‌ഢിയുടെ നിറം ചുവപ്പ്‌. പക്ഷെ ഒരു തത്വജ്ഞാനിയെപോലെ ദീര്‍ഘദൃഷ്ടിയുള്ള ഒന്നാം നമ്പറുകാരന്‍ സബീര്‍ ഉറപ്പിച്ചു-'അല്ല. നിറം കറുപ്പ്‌'. സബീര്‍ പറഞ്ഞപ്പോള്‍ ക്ലാസിലെ മറ്റ്‌ ആണ്‍കുട്ടികളെല്ലാം അതിനോട്‌ യോജിച്ചു. മൂന്നാം ബെഞ്ചിലെ ന്യൂനപക്ഷത്തിന്‌ സബീറിന്റെ ഭൂരിപക്ഷത്തെ ജയിക്കാനായില്ല; പിന്നീടൊരിക്കലും.

പ്രസ്‌തുത സംഭവത്തിനുശേഷം ഞാന്‍ ഷൈനിയെ ഗാഢമായി പ്രേമിക്കാന്‍ തുടങ്ങി. അതിനുമുമ്പ്‌ ഞാന്‍ ഷൈനിയെ കണ്ടിരുന്നോ എന്നോര്‍ക്കുന്നില്ല. വഴികാണിച്ച കാറ്റേ നന്ദി.

2
ഞാനാലോചിച്ച്‌ വിസ്‌മയിച്ചിട്ടുണ്ട്‌. ഒരിക്കല്‍ ഉപയോഗിച്ച വസ്‌ത്രം ഷൈനി പിന്നീട്‌ ഉപയോഗിക്കുന്നില്ലേ എന്ന്‌. ഉടുപ്പുകളില്‍ അത്രയ്‌ക്ക്‌ വൈവിധ്യങ്ങള്‍.

ഇന്റര്‍വെല്ലിനും മറ്റും മറ്റുകുട്ടികളെപോലെ ഷൈനി പുറത്തേയ്‌ക്കുപോകാറില്ല. ഞാന്‍ പെട്ടെന്ന്‌ പുറത്തുപോയി ശറപറാന്ന്‌ മൂത്രമൊഴിച്ച്‌ മൂന്നാം ബെഞ്ചിലെ മൂന്നാം നമ്പറിലിരിക്കും; ഷൈനിയെ സാകൂതം നിരീക്ഷിച്ചുകൊണ്ട്‌. അന്നൊന്നും ഒരിക്കല്‍പോലും അവള്‍ തിരിഞ്ഞുനോക്കിയില്ല. സ്വന്തം പുസ്‌തകങ്ങളിലും ബോര്‍ഡിലെ വെള്ളയക്ഷരങ്ങളിലും നോക്കിയങ്ങനെ.

വെക്കേഷന്‍ വന്നു. പുതുമോടി കഴിഞ്ഞാല്‍ എനിക്ക്‌ വെക്കേഷനെന്നും വിരസമായിരുന്നു. അധികം കൂട്ടുകാരില്ല. മാറിമാറിപോകാന്‍ വിരുന്നുവീടുകളില്ല. ഇന്നത്തെപ്പോലെ ടെലിവിഷനുമില്ല. ഒഴിവുകാലം വിരസമായിതന്നെ കഴിഞ്ഞുപോകുന്നു. സ്‌കൂള്‍ തുറക്കുന്നതിന്റെ പത്ത്‌ ദിവസം മുമ്പേ ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. പുതിയ വസ്‌ത്രങ്ങള്‍. പുതിയ കുട. പുസ്‌തകം. പേന. കൂലിപ്പണിക്കാരനായിരുന്നുവെങ്കിലും അച്ഛനിക്കാര്യമെല്ലാം ഒരുവിധം നിവൃത്തിച്ചുതരുമായിരുന്നു.

നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിട്ടുകൂടി റിസള്‍ട്ട്‌ വരുന്ന ദിവസം എനിക്ക്‌ ഭയമാണ്‌. തോല്‍ക്കുമോ എന്ന ഭയം. അത്‌ പിന്നീട്‌ എന്റെ വ്യക്തിത്വത്തിന്റെതന്നെ ഭാഗമായി. അന്ന്‌ ഇന്നത്തെപ്പോലെ ഒന്നാം ക്ലാസ്‌ മുതല്‍ ഒമ്പതാം ക്ലാസ്‌ വരെ സൂപ്പര്‍ഫാസ്റ്റ്‌ വേഗത്തില്‍ കുട്ടികളെ ഓടിച്ചുവിടുന്ന സമ്പ്രദായം ഇല്ലായിരുന്നു. പഠിച്ചാല്‍തന്നെ ജയിക്കൂ.

എന്തായാലും ഞാന്‍ ജയിച്ചു. ഷൈനി ജയിക്കുമെന്ന കാര്യത്തില്‍ എനിക്ക്‌ ഭയമുണ്ടായിരുന്നില്ല. പുതിയ ക്ലാസിലെ എല്ലാവരും സ്ഥാനംപിടിച്ചു. ജയിച്ചവരെല്ലാം പഴയ ക്രമത്തില്‍തന്നെ. തോറ്റ വീരന്മാര്‍ പിന്‍ബെഞ്ചില്‍. നാലാം ക്ലാസില്‍ മൂന്നുകൊല്ലം തോറ്റ വീരന്‍ രാജഗിരീഷ്‌, തൊലിനിറം മാത്രം കൈമുതലായ 'വെള്ളാമ' എന്നറിയപ്പെടുന്ന സുനില്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്‌.

എന്റെ ഇരിപ്പിടം ഭദ്രമാക്കിയശേഷം വരാന്തയിലെ ഇഷ്ടികത്തൂണും ചാരി വിരഹദുഃഖത്തോടെ ഞാന്‍ കാത്തിരിക്കുകയാണ്‌. എവിടെ എന്റെ പ്രിയതമ? എന്താണവള്‍ വൈകുന്നത്‌? അതോ അവള്‍ വരില്ലേ?

ബെല്ലടിച്ചിട്ടും ഷൈനി വന്നില്ല. പുതിയ ക്ലാസ്‌ടീച്ചറെത്തി. അവള്‍ വന്നില്ല. ടീച്ചര്‍ ഓരോരുത്തരെയായി പരിചയപ്പെട്ടുകൊണ്ടിരുന്നു. ആ വൈകിയ വേളയില്‍ അവള്‍ വന്നു. അതൊരു ഗംഭീരവരവായിരുന്നു. അവളൊരു മഞ്ഞ ചുരിദാറാണ്‌ ധരിച്ചിരുന്നത്‌. അന്ന്‌ ചുരിദാര്‍ ഫാഷനാവാത്ത കാലമായിരുന്നു. ക്ലാസില്‍ മറ്റാര്‍ക്കുംതന്നെ ആ വസ്‌ത്രം ഇല്ലായിരുന്നു. ഞാന്‍ സ്വാതന്ത്ര്യത്തോടെ അവളെ വീക്ഷിക്കുമ്പോള്‍ മറ്റു രണ്ടു കണ്ണുകള്‍കൂടി അവളെ കൊത്തിവലിക്കുന്നത്‌ ഞാന്‍ കണ്ടു. എനിക്കത്‌ തീരെ ഇഷ്ടമായില്ല. ആ കണ്ണുകള്‍ അരുന്ധതിച്ചെറിയമ്മയുടെ മകന്‍ അരുണ്‍ജിത്തിന്റെതായിരുന്നു.

3
അഞ്ചാം ക്ലാസില്‍ ഞാന്‍ എന്നെയും ഷൈനിയെയും താരതമ്യപ്പെടുത്തി ചില പ്രത്യേകതകള്‍ നിരൂപിച്ചു. ഒന്ന്‌ ഷൈനി ബെഞ്ചിലെ മൂന്നാം നമ്പറുകാരി. ഞാനുമതെ. രണ്ടാമത്‌ അക്ഷരമാലാ ക്രമത്തില്‍ എന്റെ പേര്‍നമ്പര്‍ പതിനഞ്ച്‌. ഷൈനിയുടേതുമതെ. ഈ സാമ്യതകള്‍ ഷൈനി മനസ്സിലാക്കി എന്നെ പ്രേമിച്ചാലോ? അതായിരുന്നു എന്റെ പ്രതീക്ഷ.

ഞാന്‍ സങ്കല്‍പ്പിച്ചു. ഈ ക്ലാസ്‌റൂം വിധിന്യായത്തിനുവന്ന ദമ്പതികളുടെ ഒരു കോര്‍ട്ടാണ്‌. എന്റെ ഭാര്യ ഷൈനി. സബീറിന്‌ സുഹറ. പ്രശാന്തിന്‌ കോങ്കണ്ണി പുഷ്‌പലത. അരുണ്‍ജിത്തിന്‌ മൂക്കൊലിക്കുന്ന തങ്കമണി. അന്നുകണ്ട ഏതോ സിനിമയുടെ ഭ്രമാത്മകമായ പര്യവസാനമായിരിക്കും എന്നെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌.

പതിയെ പതിയെ ഞാന്‍ മനസ്സിലാക്കി. എന്റെ ബെഞ്ചില്‍ ഞാന്‍ മാത്രമല്ല ബാക്കി അഞ്ചുപേരും ഷൈനിയെത്തന്നെ സ്‌നേഹിക്കുന്നു. ആരെയും വിലക്കാനുള്ള ശാരീരികശേഷി എനിക്കില്ലാത്തതിനാല്‍ വേദനയോടെ ഞാനാ സത്യം അംഗീകരിച്ചു.

ഷൈനിയെ എപ്പോഴും നോക്കിനോക്കി വലതുവശത്തേക്ക്‌ സ്ഥിരം തല ചെരിയ്‌ക്കുന്നതുകാരണം ഞങ്ങളില്‍ ചിലര്‍ക്കൊക്കെ പിടലിവേദന പിടിപെട്ടു. അത്‌ സഹിക്കാന്‍ വയ്യാതായപ്പോള്‍ ഒരുമയോടെ ഞങ്ങളൊരു തീരുമാനമെടുത്തു. മൂന്നാം നിരയില്‍നിന്ന്‌ ഇരിപ്പിടം മാറ്റി ഞങ്ങളൊരു സൈഡ്‌ബെഞ്ച്‌ തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ പെണ്‍പക്ഷത്തേക്ക്‌ അഭിമുഖമാണ്‌. ഷൈനിയെ എപ്പോഴും കണ്ട്‌ നിര്‍വൃതിയടയാം. ക്ലാസ്‌ടീച്ചര്‍ ചോദിച്ചപ്പോള്‍ ഞങ്ങളിലെ ഒരു ഭാവനാസമ്പന്നന്‍ ഒരു മറുപടി കണ്ടെത്തി. ബോര്‍ഡ്‌ വ്യക്തമായി കാണുന്നതിനുവേണ്ടിയാണീ മാറ്റം. ടീച്ചര്‍ സംതൃപ്‌തിയോടെ ശിഷ്യനെ അനുഗ്രഹിച്ചു. അദ്ദേഹമിന്ന്‌ നൂറ്റിച്ചില്വാനം തെങ്ങുകള്‍ കയറുന്ന കൃശഗാത്രനായ ഒരു കള്ളുചെത്തുതൊഴിലാളിയാണ്‌.

ക്ലാസില്‍ ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. എന്റെ ബെഞ്ചില്‍ എന്റെ തൊട്ടടുത്തിരിക്കുന്ന മുരളി മാത്രമായിരുന്നു എന്റെ കൂട്ട്‌. മുരളിയും മരമന്തന്മാരുടെ കൂട്ടത്തില്‍പെടും. ഹോംവര്‍ക്കും കേട്ടെഴുത്തുമെല്ലാം ഒരു നാണവുമില്ലാതെ അവന്‍ എന്നില്‍നിന്ന്‌ പകര്‍ത്തും. ടീച്ചര്‍ ചോദ്യം ചോദിച്ചാല്‍ അവനെന്റെ മുതുകത്ത്‌ ശക്തിയായി തോണ്ടും. ഞാനുത്തരം പതുക്കെ പറയും. അവനതും പകര്‍ത്തും. അങ്ങനെ എന്റെ ഔദാര്യത്തില്‍ മുരളി സുഖമായി ജീവിച്ചുപോകുന്നു.

എന്റെ ബെഞ്ചില്‍ ഞങ്ങള്‍ ആറുപേരും ഷൈനിയെ പ്രേമിക്കുന്നുവെന്ന്‌ സൂചിപ്പിച്ചല്ലോ. ഞാനതങ്ങ്‌ സഹിച്ചു. അഞ്ചു പേരും ഷൈനിയെ സ്‌നേഹിച്ചോട്ടെ. ഷൈനി തിരിച്ച്‌ സ്‌നേഹിക്കാതിരുന്നാല്‍ മതിയല്ലോ. അതിന്‌ ഞാനൊരു മുടന്തന്‍ ന്യായവും കണ്ടെത്തി. ആറ്‌ പേരില്‍ കൂട്ടത്തില്‍ സുന്ദരന്‍ ഞാനാണെന്ന്‌. ഒന്നാം നമ്പറുകാരന്‍ ഉണ്ണികൃഷ്‌ണന്‌ പുഴുപ്പല്ലുണ്ട്‌. രണ്ടാം നമ്പറുകാരന്‍ പ്രകാശന്‍ കരിക്കട്ട പോലെ. മൂന്നാം നമ്പറുകാരന്‍ ഞാന്‍. മുരളിക്ക്‌ പ്രത്യേകിച്ച്‌ കുഴപ്പമൊന്നുമില്ല. എങ്കിലും ഞങ്ങളെ രണ്ടുപേരെയും താരതമ്യപ്പെടുത്തുമ്പോള്‍ ഞാനാണ്‌ യോഗ്യന്‍. അഞ്ചാം നമ്പറുകാരന്‍ അനിലിനെ ആരും തിരിഞ്ഞുനോക്കില്ല. ദേഹം മുഴുവന്‍ കരിഞ്ചുണങ്ങ്‌. പിന്നെ അസ്സല്‍ വായ്‌നാറ്റവും.

ഷൈനിയുടെ തൃക്കടാക്ഷത്തിനായി ഞാന്‍ / ഞങ്ങള്‍ കാത്തിരിക്കവേ എനിക്ക്‌ പ്രതീക്ഷ തരുന്ന തരത്തില്‍ ഒരു സംഭവമുണ്ടായി. എന്റെ വീട്ടില്‍ അച്ഛന്‌ ഒരു വാരിക വരുത്തുന്ന പതിവുണ്ടായിരുന്നു. വായിച്ചുതീരുന്ന പുസ്‌തകം ഒരു ഗമയ്‌ക്കുവേണ്ടി ഞാന്‍ സ്‌കൂളിലേയ്‌ക്ക്‌ കൊണ്ടുപോകും. ഒരിക്കല്‍ വാരികയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെമുഖചിത്രം വന്നു . ഞാനാ പുസ്‌തകം സ്‌കൂളിലേക്ക്‌ കൊണ്ടുവന്നു. ആണ്‍കുട്ടികളെല്ലാവരും ആ ചിത്രം കണ്ടു. പെണ്‍കുട്ടികളില്‍ ചിലരും കണ്ടു. പിറ്റേദിവസം കോങ്കണ്ണി പുഷ്‌പലത സ്വകാര്യത്തില്‍ പറഞ്ഞു-"പ്രദീപ്‌, ഷൈനിക്ക്‌ നിന്റെ കയ്യിലുള്ള പുസ്‌തകം കാണാന്‍ ആഗ്രഹമുണ്ടത്രെ " ഞാന്‍ കോരിത്തരിച്ചുപോയി. ഉലകം കീഴടക്കിയ പ്രതീതി. പക്ഷെ കോങ്കണ്ണി കൈവശം ഞാന്‍ പുസ്‌തകം കൊടുത്തില്ല. ഞാന്‍ പറഞ്ഞു- "ഷൈനി ചോദിച്ചാല്‍ ഞാന്‍ പുസ്‌തകം കൊടുക്കും. ഷൈനിയോട്‌ ചോദിക്കാന്‍ നീ പറയണം"

കോങ്കണ്ണി അത്‌ ഷൈനിയോട്‌ പറഞ്ഞിരിക്കണം. ഞാന്‍ പ്രസന്നഭാവത്തോടെ ഷൈനിയെ കാത്തു. എല്ലാ കുട്ടികളും കാണെ ഷൈനി എന്നോട്‌ പുസ്‌തകം ചോദിക്കണം. ഞാനത്‌ കൊടുക്കുന്നതും എല്ലാവരും കാണണം. അങ്ങനെ എല്ലാവരും ഞങ്ങളെ അംഗീകരിക്കണം. രണ്ടു ക്ലാസ്‌ കഴിഞ്ഞു ഒരു ഇന്റര്‍വെല്ലും കഴിഞ്ഞു. പക്ഷെ ഷൈനി എന്നോട്‌ ചോദിച്ചില്ല. ജിജ്ഞാസ കൊണ്ട്‌ മൂത്രത്തുള്ളികള്‍ എന്റെ ട്രൗസറിനെ നനയ്‌ക്കുന്നുണ്ട്‌. രണ്ടാമത്തെ ഇന്റര്‍വെല്‍ വന്നു. ക്ലാസില്‍ ഇപ്പോള്‍ ഞാനും ഷൈനിയും മാത്രം. എന്റെ പ്രതീക്ഷകളെല്ലാം അസ്‌തമിച്ചുകഴിഞ്ഞിരുന്നു. അപ്പോള്‍ ഷൈനി ബെഞ്ചില്‍നിന്ന്‌ എണീക്കുന്നത്‌ കണ്ടു. അവള്‍ മന്ദംമന്ദം നടന്നുവരുന്നു. പുറത്തേയ്‌ക്കുപോകാനായിരിക്കുമെന്ന്‌ ഞാന്‍ കരുതി. അല്ല എനിക്കു തെറ്റി. അവള്‍ എന്റെ അരികിലേക്ക്‌ വന്നു. അവള്‍ മന്ത്രിച്ചു-"ആ പുസ്‌തകം തരുമോ?"

സന്തോഷാധിക്യത്താല്‍ എന്റെ ദേഹം വിറച്ചു. എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ശബ്ദിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പുസ്‌തകം അവള്‍ക്കു കൊടുത്തു. എന്റെ വിറയ്‌ക്കുന്ന കൈകള്‍ അവളുടെ വെളുത്ത്‌ തുടുത്ത കുളിരുള്ള വിരലുകളെ അറിയാതെ സ്‌പര്‍ശിച്ചു. അതെ! അത്‌ സംഭവിച്ചുകഴിഞ്ഞു. പക്ഷെ ഈ അംഗീകാരനിമിഷങ്ങള്‍ കാണാന്‍ മറ്റാരും ഇല്ലാതായിപ്പോയല്ലോ- അരുണ്‍ജിത്ത്‌ പോലും. ആ മഹാദുഃഖം മാത്രം ബാക്കി.

ഈ സംഭവം ഞാന്‍ മുരളിയോടും മറ്റുള്ളവരോടും പറഞ്ഞു. അവരാരും അത്‌ വിശ്വസിച്ചില്ല. എന്ന്‌ മാത്രമല്ല അങ്ങനെ ഉണ്ടായാലും അത്‌ ഞങ്ങള്‍ അംഗീകരിക്കില്ല എന്ന മട്ടും. 'പോയി പണി നോക്കടാ ചെറ്റകളെ' എന്ന്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു.

സ്‌കൂള്‍ വിട്ടാല്‍ ചെമ്മണ്ണ്‌റോട്ടിലൂടെ ഞാനും മുരളിയും ഷൈനിയെ അനുഗമിച്ച്‌ പിന്‍പെ നടക്കും. അവളുടെ ഒരു നോട്ടത്തിനായി എത്രകാലമായി വേഴാമ്പലിനെപോലെ കാത്തിരിക്കുന്നു. ചെമ്മണ്ണുറോട്ടില്‍നിന്നും മലഞ്ചോല കുത്തിയൊലിക്കുന്ന കുന്നിന്‍പുറത്തേയ്‌ക്കുള്ള ഇടവഴിയിലേക്ക്‌ തിരിയുമ്പോള്‍ കണ്‍മറയുവോളം ഞങ്ങളവളെ ഇമവെട്ടാതെ നോക്കിനില്‍ക്കും. പക്ഷെ അന്ന്‌... എന്റെ കൈയില്‍നിന്ന്‌ പുസ്‌തകം വാങ്ങിയ അന്ന്‌ ഷൈനി ഇടവഴിയിലേക്ക്‌ തിരിയുമ്പോള്‍ ഒരു കടാക്ഷമെറിഞ്ഞു. ഞാനാര്‍ത്തുവിളിച്ചു. ഈശ്വരാ അതെന്നെതന്നെ! എന്നെതന്നെ!! മുരളിയെ വിട്ട്‌ അമ്മയുടെ വെളുമ്പിപ്പശുവിന്റെ മൂരിക്കുട്ടനെപോലെ ചെമ്മണ്ണുപൊടി പറപ്പിച്ച്‌ ഞാന്‍ വീട്ടിലേക്കോടി. ഞാന്‍ മനസ്സില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു- "ഷൈനി എന്നെ സ്‌നേഹിക്കുന്നു, ഷൈനി എന്നെ സ്‌നേഹിക്കുന്നു"

അന്നു രാത്രി കുറേനേരം ഉറങ്ങാതെ കിടന്നു. രാത്രി കണക്ക്‌ ടീച്ചര്‍ കുഞ്ഞിലക്ഷ്‌മി ടീച്ചറുടെ കടുകട്ടിയുള്ള ഹോം വര്‍ക്കുകള്‍ എന്നെ ഭയപ്പെടുത്തിയില്ല. ഷൈനിയെ കല്യാണം കഴിക്കുന്നതും ഉമ്മവെക്കുന്നതും സ്വപ്‌നം കണ്ടു. 'ഈശ്വരാ അങ്ങനെ സംഭവിക്കണേ. അതിനുവേണ്ടി കൊടിക്കുന്നത്ത്‌ ഭഗവതിക്ക്‌ ഒരു ഗുരുതിക്കുടം കഴിച്ചോളാമേ'. ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഞാന്‍ തീരുമാനിച്ചു. ഷൈനി എന്നെ പ്രേമിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക്‌ നല്ല ഉടുപ്പുകള്‍ തന്നെ ധരിക്കണം. കൂട്ടത്തില്‍വെച്ചേറ്റവും നല്ല ട്രൗസറും പുള്ളിഷര്‍ട്ടും ധരിച്ചാണ്‌ അന്ന്‌ സ്‌കൂളിലേയ്‌ക്ക്‌ ചെന്നത്‌. ബെഞ്ചിലെ മറ്റു കാമുകന്മാരുടെയെല്ലാം മുഖം അസൂയമൂത്ത്‌ നീരുവന്നതുപോലെയുണ്ട്‌. മുരളി വിവരങ്ങളെല്ലാം ഇവന്മാരോട്‌ പറഞ്ഞിട്ടുണ്ടാവും. അറിയട്ടെ. എല്ലാവരും അറിയട്ടെ. ലോകം മുഴുവനുമറിയട്ടെ.

പക്ഷെ ക്ലാസില്‍ ഷൈനിക്ക്‌ യാതൊരു ഭാവഭേദവും കണ്ടില്ല. പതിവുപോലെതന്നെ. സ്‌കൂള്‍വിട്ടു മടങ്ങുമ്പോള്‍ ഇടവഴിയില്‍നിന്ന്‌ കടാക്ഷം പിന്നെയുമുണ്ടായി. പിന്നെപ്പിന്നെ അതൊരു പതിവായി. പിന്നീട്‌ കടാക്ഷത്തിനൊപ്പം നേര്‍ത്ത പുഞ്ചിരികൂടിയായി. ഷൈനി എന്നെ സ്‌നേഹിക്കുന്നുവെന്നതിന്‌ ഇതില്‍കൂടുതല്‍ എന്ത്‌ തെളിവ്‌ വേണം. അതിനിടയ്‌ക്ക്‌
ആ കടാക്ഷം തന്നോടാണെന്ന്‌ സ്ഥാപിക്കാന്‍ മുരളി ഒരു ദയനീയ ശ്രമം നടത്തി പരാജിതനായി. പാവം മുരളി.

4
ഒരുനാള്‍ മുരളി എന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. ക്ലാസിലെ സൂപ്പര്‍സ്റ്റാറുകളായ സബീറിനും പ്രശാന്തിനും ഷൈനിയുടെ മേല്‍ കണ്ണുണ്ടത്രെ. മുരളി പിന്നെയും അത്‌ വിപുലീകരിച്ചു. ഒന്നാം നമ്പര്‍ സബീര്‍ തൊട്ട്‌ അവസാനബെഞ്ചിലെ അവസാനക്കാരനായ ചൊറിയന്‍ കുഞ്ഞാപ്പു വരെ ഷൈനിയെ തീവ്രമായി സ്‌നേഹിക്കുന്നു. ഈശ്വരാ. ഈ കശ്‌മലന്മാര്‍ക്കിടയില്‍ എന്റെ ഷൈനിക്കുട്ടി! ആരെങ്കിലും അവളെ വേദനിപ്പിക്കുന്ന തരത്തിലെങ്ങാനും പെരുമാറിയാല്‍ എന്റെ വിധം മാറും. അത്‌ വേറെ കാര്യം.

എന്റെ പ്രേമാര്‍ദ്രമായ ദിവസങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുകയാണ്‌. അതിനിടയില്‍ സിനിമാനടി പാര്‍വതിയുടെ മുഖചിത്രമുള്ള വാരിക എനിക്ക്‌ കിട്ടി. ആണ്‍കുട്ടികളെല്ലാവരും നോക്കി. പെണ്‍കുട്ടികളില്‍ ഷൈനിക്ക്‌ മാത്രമേ കൊടുക്കൂ എന്ന്‌ ഞാന്‍ ശപഥം ചെയ്‌തിരുന്നു. പലരും ചോദിച്ചു. കൊടുത്തില്ല. ഷൈനി ചോദിക്കട്ടെ. ഒന്നും രണ്ടും മൂന്നും ദിവസം കഴിഞ്ഞിട്ടും ഷൈനി ചോദിച്ചില്ല. എന്തുപറ്റി ഷൈനിക്ക്‌? കടാക്ഷം ഇപ്പോഴുമുണ്ട്‌. പക്ഷെ....! ഒരാഴ്‌ച കഴിഞ്ഞിട്ടും ഷൈനി ചോദിച്ചില്ല. ഞാന്‍ സങ്കടമടക്കി. ഒരുപക്ഷെ അവള്‍ക്കിത്‌ വേണ്ടായിരിക്കും. അല്ലാതെ എന്നെ ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമായിരിക്കില്ല. അങ്ങനെ സമാധാനിക്കാന്‍ നോക്കി.

അങ്ങനെയിരിക്കെ ഒരുനാള്‍ കോങ്കണ്ണി പുഷ്‌പലത ചോദിക്കുന്നു- "നോക്കൂ. എനിക്കാ പുസ്‌തകം വേണം".

ഞാന്‍ തിരിച്ചു ചോദിച്ചു. "ഷൈനിക്കാണോ?"

"ഏയ്‌ അല്ല. എനിക്കാണ്‌"

"ഞാന്‍ തരില്ല"

"അതെന്താ എന്നെ ഇഷ്ടമല്ലേ?"

"പുഷ്‌പലതേ..." എന്റെ ശബ്ദം ഉച്ഛത്തിലായി. പിന്നെ മനഃപൂര്‍വ്വം ശാന്തത വരുത്തി ഞാന്‍ നാടകീയമായി പറഞ്ഞു -"എന്നോട്‌ അങ്ങനെയൊന്നും പറയരുത്‌. ഞാന്‍ പുഷ്‌പലതയെ ഐലവ്യൂ ചെയ്യുന്നില്ല. അനിയത്തിയായാണ്‌ കരുതുന്നത്‌. ഷൈനിയെ മാത്രമേ ഞാന്‍ സ്‌നേഹിക്കൂ. ഷൈനി..."

ഇത്രയും പറഞ്ഞ്‌ മോഹന്‍ലാലിനെ പോലെ ഞാന്‍ വെട്ടിത്തിരിഞ്ഞപ്പോള്‍ പിന്നില്‍ പുഷ്‌പലതയില്ല. അവള്‍ അവളുടെ ഇരിപ്പിടത്തിലെത്തിയിരിക്കുന്നു. വരാന്തയില്‍നിന്നായതുകൊണ്ട്‌ ഞാന്‍ പറഞ്ഞത്‌ മറ്റാരും കേട്ടില്ല. പാവം പുഷ്‌പലത! അവള്‍ക്ക്‌ വിഷമമായിരിക്കും. ഒരുപക്ഷെ അവള്‍ കരയുകയാവും. എന്തുചെയ്യും? താന്‍ ഷൈനിയെ സ്‌നേഹിക്കുന്നുവെന്ന്‌ അവള്‍ അറിഞ്ഞുകാണില്ല. അതുകൊണ്ടാകും അവള്‍ പ്രേമാഭ്യര്‍ത്ഥന നടത്തിയത്‌. എന്താ ചെയ്‌ക. പെണ്‍കുട്ടികളുടെ ഒരുകാര്യം.

ഒരു ദിവസം മുരളി എന്റെ ചെവിയില്‍ മറ്റൊരു അണുബോംബ്‌ പൊട്ടിച്ചു. സ്‌കൂളിലെ ആഗോളവില്ലന്മാര്‍ 'കുറുക്കന്‍ വാപ്പു'വും, 'അരിമ്പാറ വാസു'വും ഷൈനിയെ രഹസ്യമായി സ്‌നേഹിക്കുന്നുണ്ടത്രേ! പ്രേമക്കത്ത്‌ കൊടുക്കാന്‍ വേണ്ടി അവര്‍ മലയാളം തെറ്റില്ലാതെ എഴുതാന്‍ ശ്രമം നടത്തുന്നുണ്ടത്രെ! ഈശ്വരാ, ഇതെന്ത്‌ വിധി! ഈ സ്‌കൂളിലെ മുഴുവന്‍ കാലമാടന്മാര്‍ക്കും സ്‌നേഹിക്കാന്‍ എന്റെ ഷൈനിക്കുട്ടി മാത്രമേയുള്ളോ?

ഞാന്‍ അഗാധമായി പ്രാര്‍ത്ഥിച്ചു- "ഈശ്വരാ അവര്‍ക്ക്‌ നല്ല ബുദ്ധി തോന്നിക്കണേ. അവരോടെതിരിടാനുള്ള കെല്‍പ്പെനിക്കില്ല. അതുകൊണ്ട്‌...."

എന്റെ ബെഞ്ചിലെ എല്ലാവരും എന്റെ പ്രേമത്തെ അംഗീകരിച്ചുവരികയായിരുന്നു. അപ്പോഴാണ്‌ എല്ലാം തകിടം മറിച്ച ആ മഹാസംഭവമുണ്ടായത്‌.

അന്ന്‌ അവധിദിനമായിരുന്നു. അമ്മ അമ്മാമയുടെ പറമ്പിലെ വരിക്കച്ചക്കയിട്ട്‌ ചക്കക്കൂട്ടാന്‍ വെച്ചു. ചക്കക്കൂട്ടാന്‍ നല്ല സ്വാദാണ്‌. എത്ര കഴിച്ചാലും മതിവരില്ല. ഞാന്‍ മൂക്കുമുട്ടെ കഴിച്ചു. എന്നിട്ട്‌ കരിമ്പന്‍ പ്രകാശന്റെ വീട്ടില്‍പോയി കളിച്ചു. പിന്നെയും വീട്ടില്‍വന്ന്‌ ചക്കക്കൂട്ടാന്‍ കഴിക്കും. വീണ്ടും കളിക്കും. രാത്രിയായി. പ്രേമഭാജനത്തെയും സ്വപ്‌നംകണ്ട്‌ ഞാന്‍ സുഖമായി ഉറങ്ങി. പിറ്റേന്ന്‌ നല്ല ട്രൗസറും പുള്ളി ഷര്‍ട്ടുമിട്ട്‌ പതിവുപോലെ സ്‌കൂളിക്ക്‌ പോയി. ഷൈനിയെയും ധ്യാനിച്ച്‌ ഞാന്‍ ക്ലാസിലിരുന്നു. രണ്ടാമത്തെ ക്ലാസ്‌ ആരംഭിച്ചപ്പോഴേ നേരിയ ഒരു വയറുവേദന തോന്നിത്തുടങ്ങി. ഇന്റര്‍വെല്ലിന്‌ പുറത്തുപോയി മൂത്രമൊഴിച്ചു. അടുത്തക്ലാസില്‍ വയറുവേദന കലശലായി. സഹിച്ചിരുന്നു. രാവിലെ അപ്പിയിടാന്‍ മറന്നതിനെ മനസ്സില്‍ പ്രാകി. സ്‌കൂളില്‍ കക്കൂസില്ല. അപ്പുറത്ത്‌ നെല്ലിക്കക്കാട്ടില്‍ പോയി കാര്യം സാധിക്കാം. പക്ഷെ ടീച്ചറോട്‌ പറയാന്‍ നാണം. ഷൈനിയടക്കം എല്ലാവരും അറിയും. പിന്നെ എങ്ങനെ ഷൈനിയുടെ മുഖത്ത്‌ നോക്കും. ഈയൊരു നിസ്സാരകാര്യത്തിനുവേണ്ടി മാനം കളയാന്‍ വയ്യ! കടിച്ച്‌ പിടിച്ചിരുന്നു. ഇനിയൊരു ക്ലാസ്‌ കൂടി കഴിഞ്ഞാല്‍ രണ്ടാമത്തെ ഇന്റര്‍വെല്ലായി. അപ്പോള്‍ നെല്ലിക്കക്കാട്ടിലേക്ക്‌ പോകാം-"അതുവരെ ഈശ്വരാ കാക്കണം..."

ഭഗവതിക്കൊരു ഗുരുതിക്കുടം. ഗണപതിക്കൊരു നാളികേരം. വഴിപാടുകള്‍ പലതും നേര്‍ന്നു. പക്ഷെ വയറുവേദന അസഹ്യമായിത്തുടങ്ങി. ഇന്റര്‍വെല്ലിന്‌ കുറച്ചുസമയം കൂടിയുണ്ട്‌. മാത്രമല്ല. കണക്ക്‌ ടീച്ചര്‍ കുഞ്ഞിലക്ഷ്‌മി ടീച്ചറുടെ ക്ലാസാണ്‌. ടീച്ചര്‍ ഭയങ്കരിയാണ്‌. പിടിച്ചുനിര്‍ത്തി പിടിച്ചുനിര്‍ത്തി എപ്പഴോ എനിക്ക്‌ സഹിക്കാനായില്ല. ഞാന്‍ ഇരുന്ന ഇരിപ്പില്‍ ഒന്നുമറിയാത്തതുപോലെ ശരിക്കുമങ്ങ്‌ അപ്പിയിട്ടു. ട്രൗസര്‍ വലിഞ്ഞുമുറുകി. അപ്പോഴതാ കേള്‍ക്കുന്നു. ഇന്റര്‍വെല്ലിന്റെ മണിയടി. ടീച്ചര്‍ പുറത്തേക്ക്‌ പോയി. കുട്ടികള്‍ പോയി. ഞാനും ഷൈനിയും ഏതാനും പെണ്‍കുട്ടികളും മാത്രം ബാക്കി. ഞാനെങ്ങനെ ഇവരുടെ മുന്നിലൂടെ പുറത്തുപോകും? ട്രൗസറും കവിഞ്ഞ്‌ അപ്പി ബെഞ്ചിലേക്കും പകര്‍ന്നിരിക്കുന്നു. ഭഗവതിയും ഗണപതിയും ചതിച്ചിരിക്കുന്നു. അവര്‍ക്ക്‌ ഗുരുതിയും വേണ്ട. നാളികേരവും വേണ്ട. ഇനി എന്തുചെയ്യും? എല്ലാവരും പോയിക്കഴിഞ്ഞ്‌ ഇവിടെനിന്ന്‌ എണീക്കാം. അതിനിനി രണ്ട്‌ ക്ലാസ്‌ കൂടിയുണ്ട്‌. പക്ഷെ അതുവരെ...!

അപ്പോള്‍ കോങ്കണ്ണി പുഷ്‌പലത എന്നെ ചൂണ്ടി ഷൈനിയോടെന്തോ സ്വകാര്യം പറയുന്നതുകണ്ടു. പിന്നെ പെണ്‍കുട്ടികള്‍ ഓരോരുത്തരായി എന്നെ നോക്കുന്നു. എല്ലാം തകര്‍ന്നുതരിപ്പണമാവുകയാണോ! അതാ പെണ്‍കുട്ടികള്‍ മൂക്കുപൊത്തുന്നു. ആദ്യം ഷൈനി! അതെ അവരറിഞ്ഞുകഴിഞ്ഞു!! ഇനി പിടിച്ചുനില്‍ക്കാനാവില്ല!!! ഞാന്‍ പതുക്കെ പിന്നിലെ ഭാരത്തോടെ എണീറ്റ്‌ എന്റെ പിന്‍വശത്തെ കമ്പിയും കൊളുത്തുമില്ലാത്ത ജനാലയിലൂടെ പുറത്തേക്ക്‌ ചാടി. പിന്നെ തൂറ്റലുപിടിച്ച പശുവിനെപ്പോലെ ഓടി. ഓടിയോടി വീട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു. അമ്മ എന്റെ ട്രൗസറഴിച്ചു. ട്രൗസറിലേക്ക്‌ ഞാന്‍ ഒന്നേ നോക്കിയുള്ളൂ- അയ്യേ..!

കക്കൂസില്‍ കയറി വൃത്തിയാക്കുമ്പോള്‍ ഓര്‍ത്തു. എന്റെ ദിവ്യപ്രേമം! മണ്ണാങ്കട്ട. എല്ലാം അവസാനിച്ചിരിക്കുന്നു. ഷൈനി ഇനിയൊരിക്കലും എന്നെ പ്രേമിക്കില്ല. ആരും പ്രേമിക്കില്ല. പുഷ്‌പലത പോലും. നാളെ സ്‌കൂളില്‍പോകുന്ന കാര്യം ആലോചിക്കാനേവയ്യ! എല്ലാവരും ഇപ്പോള്‍ അറിഞ്ഞുകാണും. മനസ്സില്‍ ഭീകരമായൊരു ചിത്രം തെളിഞ്ഞുവരുന്നു. കഴിഞ്ഞകൊല്ലം തൊണ്ണന്‍ രാജഗിരീഷ്‌ ട്രൗസറില്‍ അപ്പിയിട്ടപ്പോള്‍ 'ട്രൗസര്‍തൂറി' എന്നു തോണ്ടിവിളിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അപ്പോള്‍ നാളെ ഷൈനിയുടെയും മറ്റുള്ളവരുടെയും മുന്നില്‍ എന്റെ വിധി?

ഈശ്വരാ! നാളെ പ്രഭാതം പുലരാതിരിക്കട്ടെ. ഇനിയൊരിക്കലും പുലരാതിരിക്കട്ടെ. അങ്ങനെയെങ്കില്‍ അമ്മയോട്‌ പറഞ്ഞ്‌ ഭഗവതിക്കൊരു ഗുരുതിക്കുടം, ഗണപതിക്കൊരു നാളികേരം എന്റെ വക.