Thursday, May 7, 2020

Cinima

സര്‍,
മലയാളിയെ ഏറെ സ്വാധീനിച്ച മാധ്യമമാണല്ലോ സിനിമ. ഏവര്‍ക്കും ഗൃഹാതുരമായ്‌ ഓര്‍മ്മിച്ചെടുക്കാന്‍ ഒരു സിനിമാക്കാലമുണ്ടാകും. പ്രിയപ്പെട്ട സിനിമകള്‍, സിനിമ സമ്മാനിച്ച അനുഭവങ്ങള്‍, പകര്‍ന്നുതന്ന ചില നവീകരണങ്ങള്‍ അങ്ങനെയങ്ങനെ..... അത്തരത്തില്‍ കൊമേഴ്‌സ്യല്‍ - മധ്യവര്‍ത്തിസിനിമകളുമായി ബന്ധപ്പെട്ട കുറിപ്പുകളാണ്‌ സിനിമാതുരത്വം എന്ന ഈ രചന. ഇത്‌ നിരൂപണമല്ല. ഓരോ സിനിമയും എന്നിലുണര്‍ത്തിയ വൈയക്തിക ഹര്‍ഷങ്ങളാണ്‌. സിനിമയുമായുള്ള കാര്യങ്ങള്‍ വായിക്കുവാനും അറിയാനും മലയാളികള്‍ക്ക്‌ സവിശേഷതാല്‌പര്യമുണ്ടല്ലോ. അതുകൊണ്ട്‌ ഇത്‌ ഖണ്ഡശയായ്‌ പ്രസിദ്ധീകരിച്ചാല്‍ - പ്രസ്‌തുത സിനിമകളുടെ ചിത്രങ്ങളോടെ - ശ്രദ്ധിക്കപ്പെടും എന്നാണെന്റെ എളിയ വിശ്വാസം. ഈ രചന അങ്ങയുടെ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്താന്‍ സുമനസ്സ്‌ കാണിക്കണമെന്ന്‌ വിനീതമായ്‌ അപേക്ഷിക്കുന്നു. വിലാസമെഴുതിയ കാര്‍ഡുണ്ട്‌. മറുപടി പ്രതീക്ഷിക്കുന്നു.


ആദരം,

പ്രദീപ്‌ പേരശ്ശനൂര്‍
അക്ഷരം ഹൗസ്‌
പേരശ്ശനൂര്‍. പി.ഒ
മലപ്പുറം - 679571
ങീയ: 9447536593

പ്രദീപ്‌ പേരശ്ശനൂര്‍
9447536593
സിനിമാതുരത്വം

1. ഗോഡ്‌ഫാദര്‍
തനിയ്‌ക്ക്‌ ചുറ്റും ഭ്രമണം ചെയ്യുന്ന പ്രാരാബ്‌ധത്തിന്റെയും ഏകാന്തയുടെയും ലോകത്തു നിന്ന്‌ ഒരാള്‍ക്ക്‌ രണ്ടരമണിക്കൂര്‍ നേരത്തേക്കെങ്കിലും രക്ഷ പ്രാപിക്കാവുന്ന മനോഹര തുരുത്തുകളാണ്‌ തിയേറ്ററിനകത്തെ സിനിമകള്‍. പത്രം കഴിഞ്ഞാല്‍ - ഒരു വിഭാഗത്തിന്‌ പത്രത്തേക്കാള്‍ കൂടുതല്‍ - മലയാളിയെ ഏറെ സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്‌ത മാധ്യമമാണ്‌ സിനിമ. സിനിമയെ മാറ്റിനിര്‍ത്തിയാല്‍ നമ്മുടെ ജീവിതം അപൂര്‍ണ്ണമായിപ്പോകും. ഓരോ മലയാളിക്കും തന്റെ ജീവിതത്തില്‍ ഗൃഹാതുരമായ്‌ ചിന്തിക്കാവുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ സിനിമ കനിഞ്ഞിട്ടുണ്ടാകും. രണ്ടര ദശാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ വരെ സാധാരണക്കാര്‍ക്ക്‌ സിനിമ കാണാന്‍ തിയേറ്ററുകളെ തന്നെ ആശ്രയിക്കണം. അന്നൊക്കെ തിയേറ്ററുകള്‍ അവരുടെ ഉത്സവപ്പറമ്പുകള്‍ തന്നെയായിരുന്നു. അന്നിറങ്ങിയ എല്ലാ സിനിമകളും സാമ്പത്തികമായ്‌ വിജയങ്ങളായി. ഭക്ഷണം പോലെ സിനിമ ജീവിതത്തിലെ അനിവാര്യഘടകമായിരുന്നു. സിനിമയെ വെല്ലുന്ന എത്രയെത്ര കഥകളാണ്‌ സിനിമയെക്കുറിച്ച്‌ പറയാനുള്ളത്‌. ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചെങ്കിലും സിനിമ ഇന്നും മലയാളിയുടെ ഹര്‍ഷമായ്‌ ജൈത്രയാത്ര തുടരുന്നു.
എന്റെ സിനിമാസ്വാദന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത രണ്ട്‌ വ്യക്തികളാണ്‌ വകയില്‍, അച്ഛന്റെ അനുജനായ മദ്രാസിലെ ഗോപിയേട്ടനും മറ്റൊരു ബന്ധുവായ എടപ്പാളിലെ ദിനേശേട്ടനും. രണ്ടുപേരും ഒന്നാംകിട സിനിമാഭ്രാന്തന്മാര്‍. ഇതില്‍ ദിനേശേട്ടനെ സംബന്ധിച്ച്‌ സിനിമ മൂപ്പരുടെ ജീവിതത്തെ ഉലച്ചു എന്നു വിശേഷിച്ച്‌ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. സിനിമ കണ്ടുകണ്ടു സിനിമാനടനാവുക, അത്‌ നടപ്പില്ലാന്നറിഞ്ഞപ്പോള്‍ സിനിമാസംവിധായകനാകുക! യാഥാര്‍ത്ഥ്യബോധവുമായ്‌ പൊരുത്തങ്ങളില്ലാത്ത ഈ സ്വപ്‌നങ്ങള്‍ക്ക്‌ വേണ്ടി ഇരുപത്‌ വര്‍ഷങ്ങള്‍ അദ്ദേഹം ബലി കഴിച്ചു. വീണ്ടുവിചാരം കുറച്ച്‌ വൈകിയെങ്കിലും വന്ന്‌ ഇപ്പോള്‍ തനിയ്‌ക്ക്‌ നഷ്‌ടപ്പെട്ട ജീവിതതാളം ഒരുവിധം തിരിച്ചെടുത്തിരിക്കുന്നു കക്ഷി. എന്നാലും സിനിമ കാണല്‍ ഇപ്പോഴും അദ്ദേഹത്തിന്‌ ജീവിതം തന്നെ.
എന്റെ കുട്ടിക്കാലത്ത്‌ ഇവരിരുവരും ഇടയ്‌ക്കിടെ എന്റെ വീട്ടിലേക്ക്‌ വിരുന്ന്‌ വരും. ഇതില്‍ ദിനേശേട്ടന്‍ കണ്ട സിനിമകളുടെ കഥയും, വരാന്‍ പോകുന്ന സിനിമകളുടെ വിശേഷങ്ങളും പറഞ്ഞ്‌ എന്നെ വിസ്‌മയലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. മോഹന്‍ലാലും മമ്മൂട്ടിയും മുകേഷും ജയറാമുമൊക്കെ അങ്ങനെ എനിയ്‌ക്ക്‌ വീരപുരുഷന്മാരായി. അതിന്‌ പിന്നാലെ ഭരതന്‍, പത്മരാജന്‍, ജോഷി, സിബിമലയില്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്‌, ഐ.വി. ശശി തുടങ്ങിയ സിനിമാശില്‌പികളുടെ പേരുകളും ഹൃദിസ്ഥമായി. ജോലി ചെയ്യുന്നതും പണം സമ്പാദിക്കുന്നതും സിനിമ കാണാന്‍ വേണ്ടിയാണെന്ന്‌ വരെ ഞാന്‍ നിരൂപിച്ചെടുത്തു. മറ്റെല്ലാം അപ്രസക്തങ്ങളും അരസികവുമാണ്‌!
ഏതാനും മാസങ്ങള്‍ക്ക്‌ ശേഷം ദിനേശേട്ടന്‍ എന്റെ വീട്ടിലേക്ക്‌ അതിഥിയായെത്തിയതായിരുന്നു. ഒരു ബേക്കറിപ്പണിക്കാരനാണെങ്കിലും സിനിമയിലെ നായകന്മാരെപ്പോലെ പാന്റും ഷര്‍ട്ടുമൊക്കെ ധരിച്ച്‌ ഗുഡ്‌ലുക്കിലാണ്‌ അദ്ദേഹം പുറത്തിറങ്ങുക. അക്കാലത്ത്‌ മോഹന്‍ലാലിന്റെതുപോലെയായിരുന്നു മൂപ്പരുടെ ഹെയര്‍സ്റ്റൈല്‍. ദിനേശേട്ടന്‍ വരുക എന്നത്‌ എനിക്കേറെ സന്തോഷമുള്ള കാര്യമാണ്‌. സിനിമയിലെ കഥ മാത്രമല്ല മേഖലയിലെ രസകരമായ പിന്നാമ്പുറക്കഥകളും അദ്ദേഹത്തില്‍ നിന്ന്‌ ശ്രവിക്കാം. അങ്ങനെ കേട്ട്‌ ത്രില്ലടിച്ച അനവധി കാര്യങ്ങള്‍ ഉണ്ട്‌. ആക്ഷന്‍ ഹീറോ ജയനെ മന:പ്പൂര്‍വ്വം അപകടമുണ്ടാക്കി കൊലപ്പെടുത്തിയതാണത്രെ! മോഹന്‍ലാലിന്‌ കുമ്പയും കഷണ്ടിയുമുണ്ട്‌. മമ്മൂട്ടി ഫുള്‍ടൈം തണ്ണിയടിച്ച്‌ എപ്പോഴും ദേഷ്യപ്പെടുന്ന ആളാണുപോലും. നസീറിന്‌ വാളെടുത്ത്‌ യുദ്ധം ചെയ്‌തഭിനയിക്കാനുള്ള ശേഷിയൊന്നുമുണ്ടായിരുന്നില്ല. പുള്ളിയവിടെ ഒരു കസേരയിലിരിക്കും. ഡ്യൂപ്പിനെ വെച്ച്‌ ചിത്രീകരിക്കും. സത്യന്‌ മാരകമായ ക്യാന്‍സര്‍ ഉണ്ടായിരുന്നു.....!
ദിനേശേട്ടന്‍ വന്ന ആ സമയം ഗോഡ്‌ഫാദര്‍ എന്ന സിനിമ തകര്‍ത്തോടുന്ന കാലയളവാണ്‌. സ്‌കൂളില്‍ നിന്നും ഈ സിനിമയെപ്പറ്റി ഞാനേറെ കേട്ടുകഴിഞ്ഞിരുന്നു. ചിരിച്ച്‌ ചിരിച്ച്‌ മണ്ണുകപ്പും എന്നായിരുന്നു ഈ സിനിമയെപ്പറ്റി ദിനേശേട്ടന്റെ ആദ്യ കമന്റ്‌! ശരിയാണ്‌, അതിലെ ഒരു പാട്ടുസീന്‍ ദുബായ്‌ക്കാരന്‍ വേലുവിന്റെ വീട്ടിലെ ടി.വി. യില്‍ ചിത്രഗീതം പ്രോഗ്രാമില്‍ കണ്ടിട്ടുണ്ട്‌. മുകേഷിന്റെയും ജഗദീഷിന്റെയും തമാശകള്‍ ആ പാട്ടില്‍ തന്നെ ഏറെയുണ്ട്‌. അപ്പോള്‍ പിന്നെ സിനിമയുടെ കാര്യം എന്താകും! ദിനേശേട്ടന്‍ വിശേഷങ്ങള്‍ പൊലിപ്പിച്ചു: മുകേഷ്‌ നായകനാണെന്നേയുള്ളൂ. ശരിക്കും ഹീറോ വേറൊരാളാണ്‌! ആരാണത്‌? അഞ്ഞൂറാന്‍. അതായത്‌ എന്‍.എന്‍. പിള്ള. അഞ്ഞൂറാനോ! അങ്ങനെയൊരു പേര്‍ ആദ്യമായ്‌ കേള്‍ക്കുകയാണ്‌. എന്‍.എന്‍. പിള്ളയെന്നും കേട്ടിട്ടില്ല. അറിവില്ലായ്‌മ ക്ഷമിച്ച്‌ ദിനേശേട്ടന്‍ വിശദീകരിച്ചു തന്നു: അഞ്ഞൂറാന്‍ എന്നത്‌ ഒരു വയസ്സന്‍ കഥാപാത്രമാണ്‌. ഇരുപത്തിരണ്ട്‌ വര്‍ഷം ജയിലില്‍ കിടന്ന ആളാണ്‌. എന്‍.എന്‍. പിള്ള എന്ന നാടകാചാര്യനാണ്‌ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. അയാള്‍ രംഗത്തു വരുമ്പോള്‍ ഒരു പ്രത്യേക മ്യൂസിക്കാണ്‌. സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്കെല്ലാവര്‍ക്കും മൂപ്പരെ ഭയമാണ്‌. പക്ഷെ ഒരാള്‍ക്കു മാത്രം അയാളെ ഭയമില്ല. ആനപ്പാറ അച്ചമ്മയ്‌ക്ക്‌! ഒരു പെണ്ണായ ആനപ്പാറ അച്ചമ്മയ്‌ക്ക്‌ അഞ്ഞൂറാനെ ഭയമില്ലെന്നോ! ഞാന്‍ അത്ഭുതം കൂറി. അതെ, അവര്‍ തമ്മിലുള്ള കുടിപ്പകയാണ്‌ സിനിമയുടെ ഇതിവൃത്തം. സിദ്ധിഖ്‌ലാല്‍ എന്ന ഇരട്ടസംവിധായകരാണ്‌ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌. തിലകനും ഭീമന്‍രഘുവും മുകേഷുമൊക്കെ അഞ്ഞൂറാന്റെ തല്ലാനും കൊല്ലാനും മടിയില്ലാത്ത കരളുറപ്പുള്ള മക്കളാണ്‌.
എനിയ്‌ക്കിരിക്കപ്പൊറുതി ഇല്ലാതായി. ദിനേശേട്ടന്‍ ഏഴാംക്ലാസില്‍ പഠിപ്പ്‌ നിര്‍ത്തിയ ആളാണ്‌. മൂപ്പരിപ്പോള്‍ ജോലിചെയ്‌ത്‌ സ്വന്തം കാലില്‍ നിന്ന്‌ എല്ലാസിനിമകളും കണ്ടാസ്വദിക്കുന്നു. ഞാനോ!?. എന്തൊരു സൗഭാഗ്യവാനാണ്‌ ദിനേശേട്ടന്‍. മൂപ്പരെ പോലെ ആയാല്‍ എത്ര നന്ന്‌. ഞാനും അടുത്ത കൊല്ലം ഏഴിലേക്കാണ്‌. ഏഴാംക്ലാസില്‍ പഠിപ്പ്‌ നിര്‍ത്തിയാലെന്താ കുഴപ്പം. ജോലി ചെയ്‌ത്‌ കാശുണ്ടാക്കി എല്ലാ സിനിമകളും എത്രവേണമെങ്കിലും കാണാം. ഇപ്പോള്‍ അച്ഛന്റെയും അമ്മയുടേയും ചീത്തയും കുറ്റപ്പെടുത്തലുകളും സഹിച്ച്‌, ടീച്ചേഴ്‌സിന്റെ തല്ലുംകൊണ്ട്‌ ...... എന്തിനിങ്ങനെ കഷ്‌ടപ്പെടണം. സിനിമ കാണാന്‍ തരമില്ലാതെ കുറേ പഠിച്ചിട്ടെന്താ കാര്യം ! എന്റെ ചിന്തകള്‍ തട്ടുംതടവുമില്ലാതെ ഈ രീതിയിലൊക്കെ പാഞ്ഞു.
പതിവുപോലെ ദിനേശേട്ടന്‍ എന്നെയും കൂട്ടി പുഴ കാണാന്‍ പോയി. അവിടെവെച്ച്‌ ഗോഡ്‌ഫാദറിന്റെ ബാക്കി കഥ കൂടി മൂപ്പര്‍പറഞ്ഞു. രാമഭദ്രന്‍ എന്ന മുകേഷിന്റെ കഥാപാത്രവും മാലു എന്ന കനകയുടെ കഥാപാത്രവും പരസ്‌പരം കുടുംബം കലക്കാന്‍ വേണ്ടി പ്രേമം അഭിനയിക്കുന്നു. മായിന്‍കുട്ടി എന്ന ജഗദീഷിന്റെ കഥാപാത്രത്തിന്റെതാണീ ഐഡിയ. അവസാനം ഇരുവരും യഥാര്‍ത്ഥ പ്രേമത്തില്‍പ്പെട്ട്‌ പുലിവാല്‌ പിടിക്കുന്നു. ശേഷം അഞ്ഞൂറാന്‍ എന്ന ആരും ഭയക്കുന്ന പ്രതാപിയായ അച്ഛനുമായ്‌ രാമഭദ്രന്‍ കൊമ്പ്‌ കോര്‍ക്കുന്നു. ഹോ ഒന്ന്‌ കണ്ടുനോക്കണം. ദിനേശേട്ടന്റെ പ്രലോഭനത്തിനറുതിയില്ല.
`ദിനേശേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ?'
`ഉം. എന്താ?'
`ഞാന്‍ ഏഴാംക്ലാസില്‍ പഠിപ്പ്‌ നിര്‍ത്തിയിട്ട്‌ ദിനേശേട്ടന്റെ കൂടെ ജോലിക്ക്‌ പോരട്ടെ?'
ദിനേശേട്ടന്‍ അല്‌പം ആലോചിച്ച്‌ ആത്മഗതം പോലെ മൊഴിഞ്ഞു:
`പഠിപ്പിലൊന്നും വലിയ കാര്യമില്ലടാ. പഠിച്ചിട്ടാ ഞാനീ നിലയിലെത്തിയത്‌.'
ശരിയാണ്‌. ദിനേശേട്ടന്‍ ഈ നിലയിലെത്തിയത്‌ പഠിച്ചിട്ടൊന്നുമല്ല. ഉറപ്പ്‌, അടുത്ത കൊല്ലം ഞാന്‍ സ്‌കൂളില്‍പ്പോക്ക്‌ നിര്‍ത്തും.
അവസാനം എന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്‌ അന്നുതന്നെ എടപ്പാളില്‍പ്പോയി ഗോഡ്‌ഫാദര്‍ മാറ്റിനിഷോ കാണിച്ചുതരാമെന്ന്‌ പുള്ളി ഏറ്റു. വീട്ടിലവതരിപ്പിച്ചപ്പോള്‍ അമ്മ സമ്മതിച്ചില്ല. ഗോഡ്‌ഫാദറിന്റെ കഥ കേട്ടപ്പോള്‍ അമ്മ മനസ്സില്ലാമനസ്സോടെ വഴങ്ങി. അച്ഛന്‍ പണികഴിഞ്ഞ്‌ വരും മുമ്പ്‌ വീട്ടിലെത്തണം എന്നായിരുന്നു കണ്ടീഷന്‍.
എടപ്പാള്‍ ടൗണില്‍ ബസ്സിറങ്ങിയപ്പോള്‍ ദിനേശേട്ടന്‍ ഒരു പണി പറ്റിച്ചു. ഗോഡ്‌ഫാദര്‍ അദ്ദേഹം എട്ടുതവണ കണ്ടുകഴിഞ്ഞിരിക്കുന്നു. പ്രഭുവിന്റെ ചിന്നത്തമ്പി എന്ന തമിഴ്‌ സിനിമയും അവിടെ കളിക്കുന്നുണ്ട്‌. നിറയെ പാട്ടുകളും സംഘട്ടനങ്ങളും ഉള്ള ഗംഭീരന്‍ സിനിമയാണത്രെ ചിന്നത്തമ്പി. ദിനേശേട്ടന്‍ പറഞ്ഞു: നമുക്കത്‌ കാണാം. മാത്രമല്ല ഗോഡ്‌ഫാദര്‍ കളിക്കുന്ന തിയ്യറ്ററിലേക്ക്‌ ഇനി ഒന്നര കി.മീ. ഇവിടെ നിന്ന്‌ നടക്കണം. ചിന്നത്തമ്പി തൊട്ടരുകിലെ തിയേറ്ററിലാണ്‌. എന്റെ ഊഹം ശരിയാണെങ്കില്‍ ചിന്നത്തമ്പി ദീപ തിയേറ്ററിലും ഗോഡ്‌ഫാദര്‍ മുരളി തിയേറ്ററിലുമായിരിക്കണം. ഇന്നാ രണ്ടു തിയേറ്ററുകളുമില്ല. ഞാനെത്ര തര്‍ക്കിച്ചിട്ടും പുള്ളി ഇംഗിതം മാറ്റിയില്ല. നിര്‍ബന്ധമാണെങ്കില്‍ നീയൊറ്റയ്‌ക്ക്‌ പോയ്‌ക്കണ്ടോ. അവിടെവെച്ച്‌ എന്നെ കയ്യൊഴിയാന്‍ വരെ മൂപ്പര്‍ തയ്യാറായി. എനിയ്‌ക്ക്‌ വഴിയറിയില്ല. കയ്യില്‍ പണമില്ല. ഒറ്റയ്‌ക്കതുവരെ തിയേറ്ററില്‍ പോയിട്ടുമില്ല. ഞാന്‍ കീഴടങ്ങി.
തമിഴ്‌ സിനിമയായതുകൊണ്ടും ആഗ്രഹിച്ചതു വേറെയായതുകൊണ്ടും ചിന്നത്തമ്പി അന്നെന്നെ ആകര്‍ഷിച്ചില്ല. പിന്നീട്‌ ഗോഡ്‌ഫാദര്‍ തിയേറ്ററില്‍ പോയിക്കാണാനുള്ള അവസരം ഒത്തുവന്നില്ല. അച്ഛന്‍ സിനിമാ സ്‌നേഹിയാണെങ്കിലും ഗോഡ്‌ഫാദര്‍ പോലുള്ള സിനിമയുടെ ആളായിരുന്നില്ല. ഗോഡ്‌ഫാദര്‍ ഒരു മോഹമായ്‌ തന്നെ ഉള്ളില്‍ കിടന്നു. പിന്നെ ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞ്‌ ഓരോണത്തിനോ മറ്റോ അയല്‍പ്പക്കത്തെ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ വി.സി.ആറും, ടി.വിയും വാടകക്കെടുത്തുകൊണ്ടുവന്ന്‌ പിരിവിട്ട്‌ രണ്ടുദിവസം സിനിമ പ്രദര്‍ശിപ്പിക്കുക യുണ്ടായി. അരയ്‌ക്ക്‌ കീഴിപ്പോട്ട്‌ തളര്‍ന്നു കിടക്കുന്ന ഉദരപ്പന്റെ വീട്ടില്‍ വെച്ചായിരുന്നു അത്‌. ആ അവസ്ഥയില്‍ സിനിമകള്‍ ഉദരപ്പന്‌ നല്‍കിയിരുന്ന ആശ്വാസം ചില്ലറയല്ല. കൊണ്ടുവന്ന കാസറ്റുകളുടെ കൂട്ടത്തില്‍ ഗോഡ്‌ഫാദറുമുണ്ടായിരുന്നു. ആ മഴക്കാലത്ത്‌, ഊത്താലും കൊതുകുകടിയും സഹിച്ച്‌ കറണ്ട്‌ പോകല്ലേയെന്ന്‌ തീവ്രമായ്‌ പ്രാര്‍ത്ഥിച്ച്‌ പ്രേക്ഷകക്കൂട്ടത്തിന്‌ പിന്നില്‍ നിന്നുകൊണ്ട്‌ ആസ്വാദകരിലേക്ക്‌ പൂക്കാലം വര്‍ഷിച്ച ഗോഡ്‌ഫാദര്‍ സിനിമ കണ്ട്‌ ഞാന്‍ മോഹം പൂര്‍ത്തീകരിച്ചു.
ഹിറ്റുകള്‍ മാത്രമൊരുക്കിയ സിദ്ധിഖ്‌ലാല്‍ ടീമിന്റെ ഏറ്റവും വാണിജ്യവിജയം നേടിയ സിനിമയായിരുന്നു 1991 ല്‍ പുറത്തിറങ്ങിയ ഗോഡ്‌ഫാദര്‍. മികച്ച ജനപ്രിയസിനിമക്കുള്ള ദേശീയ അവാര്‍ഡിന്‌ വരെ അത്‌ പരിഗണിക്കപ്പെട്ടു. അതുവരെ സൈഡ്‌റോള്‍ ചെയ്‌തുവന്നിരുന്ന മുകേഷിന്റെ ജാതകം തന്നെ ഗോഡ്‌ഫാദര്‍ മാറ്റി. ചിത്രത്തിലെ പശ്ചാത്തലസംഗീതം എടുത്ത്‌ പറയണം. ഒരു കാലഘട്ടത്തെ വശീകരിച്ച രാമഭദ്രന്റേയും മാലുവിന്റേയും അഞ്ഞൂറാന്റെയും കഥ ഇന്നും മുഷിപ്പില്ലാതെ കാണുകയും പറയുകയും ചെയ്യാം. പ്രിന്റുകളും സിഡികളും ചിപ്പുകളും നശിച്ചാലും ചില സിനിമകള്‍ പ്രേക്ഷകരുടെയുള്ളില്‍ ചിരകാലം ജീവിക്കുന്നു.


2. എന്നെന്നും കണ്ണേട്ടന്റെ.....
സുഖകരമായ ഓര്‍മ്മയാണത്‌. മുപ്പത്‌ കൊല്ലംമുമ്പ്‌ ഒരു സ്‌കൂള്‍ വെക്കേഷന്‍ കാലത്ത്‌ ദൂരദര്‍ശനില്‍ ഫാസിലിന്റെ `എന്നെന്നും കണ്ണേട്ടന്റെ' എന്ന കൊച്ചു സിനിമ കണ്ടത്‌. അക്കാലത്ത്‌ ഞങ്ങളുടെ ഗ്രാമത്തില്‍ ആകെ നാലോ അഞ്ചോ വീടുകളിലെ ടി.വി. യുള്ളൂ. അതിലൊരു വീടാണ്‌ മേലേപ്പാട്ട്‌. റെയിലിനും ഭാരതപ്പുഴക്കുമരികെ ഒറ്റപ്പെട്ട വീട്‌. പക്ഷെ ഭയമല്ല മാതൃത്വമായിരുന്നു, നിറയെ ഫലവൃക്ഷങ്ങളുള്ള ആ വീട്‌ പ്രകാശിപ്പിച്ചിരുന്നത്‌. അവിടത്തെ ഗൃഹസ്ഥയുമായ്‌ സവിശേഷ ബന്ധമുള്ളതിനാല്‍ ഞങ്ങളങ്ങോട്ടാണ്‌ കുടുംബസമേതം ടി.വി. കാണാന്‍ പോകുക. വീട്ടില്‍ നിന്നേതാണ്ട്‌ അര കി.മീ. ദൂരമുണ്ട്‌. അന്ന്‌ ദൂരദര്‍ശനില്‍ ഞായറാഴ്‌ച വൈകുന്നേരം നാലുമണിയ്‌ക്കാണ്‌ സിനിമ. ഇന്ന്‌ ഒരു ദിവസം വിവിധ ചാനലുകളിലായ്‌ പത്തും ഇരുപതും സിനിമകളുള്ളിടത്ത്‌ ഒരേയൊരു മലയാളം ചാനല്‍, ആഴ്‌ചയിലൊരു സിനിമ എന്നത്‌ അത്ഭുതമായ്‌ തോന്നാം. അതു കാണാന്‍ ആ പ്രദേശത്തുള്ളവര്‍ അധികവും അവിടെ ഒത്തുകൂടും. അതിലേറെയും കുറച്ചപ്പുറത്തുള്ള ഹരിജന്‍ കോളനിയിലെ വളരെ പാവപ്പെട്ടവര്‍. മേലേപ്പാട്ട്‌ വീട്ടുകാര്‍ ഉന്നതകുലജാതരാണെങ്കിലും അവര്‍ക്കാര്‍ക്കുമായും തൊട്ടുകൂടായ്‌മയോ ഇഷ്‌ടക്കേടോ ഉണ്ടായിരുന്നില്ല. സാധാരണ, ഉന്നതകുലസമ്പന്ന വീടുകളില്‍ അങ്ങനെയായിരുന്നില്ല അക്കാലത്തെ സ്ഥിതി. ടി.വി. കാണാന്‍ വരാതിരിക്കാന്‍ ഗെയ്‌റ്റ്‌ പൂട്ടുകയും നായയെ വിടുകയും ചെയ്‌തിരുന്ന വീടുകളുമുണ്ടായിരുന്നു.
മേലേപ്പാട്ട്‌ ടി.വി. വെച്ചിരുന്ന വിശാലമായ ഹാളില്‍ ചറുങ്ങും പിറുങ്ങുമായ്‌ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ നിരനിരയായ്‌ നിലത്തിരിക്കും. മിനിമം അമ്പതുപേരെങ്കിലും കാണും. ഇന്നാരെങ്കിലും ഇത്തരമൊരു കാര്യത്തിന്‌ വേണ്ടി ആതിഥേയത്വം കാണിക്കുമോ? സംശയമാണ്‌. ആ വീടുമായ്‌ അടുപ്പമുള്ളതുകൊണ്ട്‌ എനിയ്‌ക്കും അമ്മയ്‌ക്കുമൊക്കെ അടുക്കളഭാഗത്തെ കസേരകളില്‍ ഇരിപ്പിടം കിട്ടും. ആദ്യം ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി യായിരുന്നു. പ്രസ്‌തുത സിനിമ വന്ന സമയമായപ്പോഴേക്കും കളറായി. ടി.വിയുടെ വ്യക്തത കുറയുമ്പോള്‍ ആന്റിന പിടിച്ച്‌ സിഗ്നല്‍ ശരിയാക്കേണ്ടത്‌ എന്റെ ഡ്യൂട്ടിയായിരുന്നു. സിനിമയിലെ ഏറെ രസകരമായ രംഗം വരുമ്പോഴൊക്കെ സിഗ്നല്‍ തകരാറാകല്‍ സ്ഥിരം പരിപാടിയാണ്‌. വര്‍ഷങ്ങള്‍ കൊണ്ട്‌ നൂറ്‌ കണക്കിന്‌ ചലച്ചിത്രങ്ങള്‍ ഞാനങ്ങനെ മേലേപ്പാട്ട്‌ നിന്ന്‌ കണ്ടിട്ടുണ്ട്‌. സിനിമ തുടങ്ങി മുക്കാല്‍ ഭാഗമാകുമ്പോഴേക്കും വാര്‍ത്തയുടെ സമയമാകും. ആ അരമണിക്കൂര്‍ സമയമാണ്‌ ഞങ്ങളുടെ ഇന്റര്‍വെല്‍. പുറത്തിറങ്ങി അതുവരെ കണ്ട ഭാഗങ്ങള്‍ വിലയിരുത്തുകയും ക്ലൈമാക്‌സ്‌ പ്രവചിക്കുകയും ചെയ്യും. ചില തര്‍ക്കങ്ങള്‍, വിയോജിപ്പുകള്‍...... അപ്പോഴേക്കും വീണ്ടും സിനിമ തുടങ്ങുകയായി.
മധ്യവേനലവധിക്കാലത്ത്‌ ഒരു നായര്‍ തറവാട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ്‌ എന്നെന്നും കണ്ണേട്ടന്റെ ഇതിവൃത്തം. ഈ സിനിമയില്‍ വില്ലനില്ല എന്നത്‌ പ്രത്യേകം പറയണം. ചികഞ്ഞുനോക്കുമ്പോള്‍ ഫാസിലിന്റെ അധികം സിനിമകളിലും നിഷ്‌ഠൂരമായ വില്ലന്‍മാരില്ല എന്ന്‌ കാണാം.
കൗമാരക്കാരനായ കണ്ണന്‍ നഗരത്തില്‍ നിന്നും ഗ്രാമത്തിലെ തന്റെ തറവാട്ടിലേക്ക്‌ വിരുന്ന്‌ വരുന്നു. അതേസമയം കണ്ണന്റെ മുറപ്പെണ്ണായ രാധികയും മറ്റു പല അംഗങ്ങളും അവിടേക്ക്‌ വേനലവധി ആഘോഷിക്കാനെത്തുന്നുണ്ട്‌. ഭഗവതിക്കോലവും ഓട്ടുചെമ്പും കിടാരവുമൊക്കെയുള്ള ആ പ്രൗഢമായ തറവാട്ടില്‍ കണ്ണന്റെ കുസൃതികളും, മുറപ്പെണ്ണിനോടുള്ള അനുരാഗവുമൊക്കെയായ്‌ ചിത്രം പുരോഗമിക്കുന്നു. കണ്ണന്‍ നല്ല കുലീനത്വമുള്ള കുട്ടിയാണ്‌. പക്ഷെ എടുത്തുചാട്ടം കാരണം മാതാപിതാക്കള്‍ക്ക്‌ ചീത്തപ്പേരുണ്ടാകും വിധമുള്ള ചില പ്രശ്‌നങ്ങളില്‍പ്പെടുന്നു. അവന്റെ അമ്മയ്‌ക്കത്‌ താങ്ങാനാവുന്നില്ല. തീരെ കൃത്രിമത്വമില്ലാത്ത അനായാസ പാത്രസൃഷ്‌ടികളാണ്‌ ചിത്രത്തിലെല്ലാം. അസാംഗത്യം എങ്ങുമില്ല. കാണുന്ന കുട്ടികള്‍ക്കെല്ലാം തങ്ങള്‍ കണ്ണനോ രാധികയോ ആണെന്ന്‌ തോന്നുകയോ അല്ലെങ്കില്‍ അവരെപ്പോലെയാകാന്‍ ആഗ്രഹിക്കുകയോ ചെയ്യും. സമ്പന്നഹിന്ദു സമൂഹത്തിന്റെ നേര്‍പരിഛേദം തന്നെയാണ്‌ സിനിമ. ഇരുവര്‍ക്കും ഇഷ്‌ടമായിട്ടുകൂടി കണ്ണന്റെയും രാധികയുടെയും പ്രേമം പൂവണിയുന്നില്ല. സാഹചര്യവശാല്‍ കണ്ണനോട്‌ യാത്രപോലും പറയാനാകാതെ നായിക അമേരിക്കയിലുള്ള ഉന്നതോദ്യഗസ്ഥനായ പിതാവിന്റെയടുത്തേക്ക്‌ പോകുന്നു. നായകനും നായികയും ഒരുമിച്ചിരുന്നെങ്കില്‍ എന്ന്‌ പ്രേക്ഷകര്‍ അദമ്യമായഭിലഷിക്കുമ്പോള്‍ അത്‌ പിന്നീടെപ്പോഴെങ്കിലും സംഭവിച്ചുകൊള്ളട്ടെ എന്ന ധ്വനിയില്‍ മനോഹരമായ്‌ ഫാസില്‍ സിനിമ അവസാനിപ്പിക്കുന്നു. അന്നത്തെ സമൂഹം എത്ര നിഷ്‌കളങ്കമായിരുന്നു! സിനിമയും അത്‌ പ്രതിഫലിപ്പിക്കുന്നു. ഇന്ന്‌ വില്ലന്‍മാരോ, ദുഷ്‌ടതകളോ ഇല്ലാത്ത സിനിമ അപൂര്‍വ്വമായിരിക്കും. കാരണം നമ്മുടെ സമൂഹം അത്രയും മലീമസമാണ്‌. സിനിമയില്‍ ദൃശ്യങ്ങള്‍ വിന്യസിപ്പിക്കുന്ന രീതിയും മാറി. എന്നെന്നും കണ്ണേട്ടന്റെ പോലൊരു സിനിമ ഇക്കാലത്ത്‌ ഫാസിലിന്‌ പോലും സങ്കല്‌പിക്കാന്‍ പറ്റില്ല. ആ സുന്ദരകാലഘട്ടം കഴിഞ്ഞുപോയി. ഇന്ന്‌ വിശുദ്ധമായ പ്രണയമോ പവിത്രമായ ഗുരുശിഷ്യബന്ധമോ നിസ്വാര്‍ത്ഥസേവനമോ മരുന്നിന്‌ പോലുമില്ലാതെ ആസുരമായ്‌ പോയി സമൂഹം. ഈ ഫാസില്‍ സിനിമ ഇറങ്ങിയ കാലത്തെ മുതിര്‍ന്നവരെല്ലാം ഇപ്പോള്‍ വൃദ്ധരായിരിക്കും. മനോഹരമായാ കാലം അയവിറക്കുകയായിരിക്കും അവര്‍. നേരം പോക്കാന്‍ മാത്രമല്ല നഷ്‌ടവസന്തങ്ങള്‍ കണ്ട്‌ നിര്‍വൃതിപ്പെടാനും സിനിമ ഉപകരിക്കും. വയോജനങ്ങളെ സംബന്ധിച്ച്‌ പുസ്‌കങ്ങളേക്കാള്‍ ഏകാന്തത അകറ്റാനുള്ള അത്താണി സിനിമ തന്നെ.
ദൂരദര്‍ശനില്‍ ഈ സിനിമ കണ്ടിട്ടുള്ള സമയത്തെ ചില രംഗങ്ങള്‍ മായാതെ മനസ്സിന്റെ അടിത്തട്ടില്‍ കിടന്നിരുന്നു. പ്രത്യേകിച്ച്‌ കണ്ണനും അമ്മയുമായുള്ള ഹൃദ്യമായ ബന്ധം, പഠനത്തിനോടും കലയോടുമൊക്കെയുള്ള അവന്റെ താല്‌പര്യം പിന്നെ സര്‍പ്പക്കാവ്‌, മഷിനോട്ടം, അപ്പൂപ്പന്റെ പേടിപ്പെടുത്തുന്ന യക്ഷിക്കഥകള്‍.... അങ്ങനെ ഇത്തരം സിനിമകളെല്ലാം സംഘടിപ്പിച്ചു കാണുന്ന കൂട്ടത്തില്‍ ഈ ഫാസില്‍ സിനിമയും കണ്ടു. രണ്ടരമണിക്കൂര്‍ നേരത്തേക്കെങ്കിലും മത്സരത്തിന്റെയും കാപട്യത്തിന്റെയും ലോകത്തുനിന്ന്‌ കുട്ടിക്കാലത്തേക്ക്‌ തിരിച്ചുപോകാനും ആ ശീതളിമയില്‍ അഭിരമിക്കാനും പറ്റി. അന്നാ സിനിമയില്‍ വേഷമിട്ട ശ്രീവിദ്യ, തിലകന്‍, സുകുമാരി, ഉമ്മര്‍, മീന തുടങ്ങിയവരൊക്കെ കാലയവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. എന്നെന്നും കണ്ണേട്ടന്റെ കുടുംബസിനിമ എന്നതിനേക്കാള്‍ കുട്ടികളുടെ സിനിമ എന്ന്‌ വിശേഷിപ്പിക്കുന്നതായിരിക്കും ശരി. 1986 ലായിരുന്നു റിലീസ്‌. നായികാനായകന്‍മാരായ്‌ അഭിനയിച്ച സംഗീതും സോണിയയും പിന്നീട്‌ സിനിമയില്‍ സജീവമായില്ല. ബോക്‌സോഫീസില്‍ ഈ മനോഹരചിത്രം പരാജയമായിരുന്നു. പിന്നീട്‌ ഫാസില്‍ തന്നെ ഇത്‌ തമിഴിലെടുത്തപ്പോള്‍ വന്‍ വിജയവുമായി.
`ഞാന്‍ അടിസ്ഥാനപരമായ ഒരു കവിയാണ്‌. പക്ഷെ എഴുതാനറിയില്ല. അതുകൊണ്ട്‌ കവിത്വം കഴിയുന്നതും ഗാനചിത്രീകരണത്തിലൂടെ സഫലീകരിക്കാന്‍ ശ്രമിക്കുന്നു.' ഫാസിലിന്റെ വാക്കുകളാണിത്‌. ഈ സിനിമയിലെ ഗാനചിത്രീകരണം കണ്ടാല്‍ ഫാസിലിന്റെ വാക്കുകള്‍ നൂറ്‌ ശതമാനം ശരിയാണെന്ന്‌ ബോധ്യപ്പെടും. കൈതപ്രം ആദ്യമായ്‌ ഗാനരചന നിര്‍വ്വഹിച്ചത്‌ ഈ സിനിമയിലേക്കാണ്‌. `ദേവദുന്ദുഭീ സാന്ദ്രലയം.....' എന്ന ഗാനം അന്നും ഇന്നും ഹിറ്റാണ്‌. സിനിമയില്‍ രണ്ടുതവണ രണ്ടുരീതിയില്‍ ഈ ഗാനം വരുന്നുണ്ട്‌. കൈതപ്രത്തിന്റെ സിനിമാജീവിതം വഴിത്തിരിവാകുന്നത്‌ ഈ ഗാനത്തോടെയാണ്‌. എന്നെന്നും കണ്ണേട്ടന്റെയടക്കം വ്യത്യസ്ഥമായ മിക്ക ഫാസില്‍ സിനിമയുടെയും കഥാകൃത്ത്‌ പ്രൊഫസര്‍ മധുമുട്ടമാണ്‌ (കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, മണിച്ചിത്രത്താഴ്‌, മാനത്തെ വെള്ളിത്തേര്‌). നിഗൂഢവും ഭ്രമാത്മകവുമായ കഥകളുടെ കലവറ തന്നെ മധുമുട്ടത്തിനുണ്ടായിരുന്നു. അദ്ദേഹമത്‌ ഫാസിലിന്‌ പകര്‍ന്നുകൊടുത്തു. സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഫാസില്‍ അതെല്ലാം സുന്ദരമായ ചലച്ചിത്രകാവ്യങ്ങളാക്കി; മറ്റാര്‍ക്കും ഫലിപ്പിക്കാനാകാത്ത വിധം സൂക്ഷ്‌മമായി.

3. ഒരു വടക്കന്‍ വീരഗാഥ
ഇരുപത്തൊന്‍പത്‌ വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ എം.ടി-ഹരിഹരന്‍ ടീമിന്റെ മെഗാഹിറ്റ്‌ സിനിമയാണ്‌ ഒരു വടക്കന്‍ വീരഗാഥ. ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമകളില്‍ ഒന്ന്‌ ഒരു വടക്കന്‍ വീരഗാഥയായിരിക്കും. തിയേറ്റര്‍, വി.സി.ആര്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നീ മാധ്യമങ്ങളിലൂടെ നൂറുവട്ടത്തില്‍ കൂടുതലെങ്കിലും വീരഗാഥ കണ്ടിട്ടുണ്ടാകും.
എന്റെ അച്ഛന്‍ വടക്കന്‍പാട്ടിന്റെയും കളരിയുടെയും ആരാധകനായിരുന്നു. കളരി പഠിക്കുക എന്നത്‌ അച്ഛന്‌ ചെറുതില്‍ നിവര്‍ത്തിക്കാന്‍ കഴിയാതെ പോയ സ്വപ്‌നമായിരുന്നു. ആ കുറവ്‌ അദ്ദേഹം മക്കളിലൂടെ സാക്ഷാത്‌കരിക്കാന്‍ ശ്രമിച്ചു. അദ്ദേഹം എന്നേയും അനിയനേയും ഭാരതപ്പുഴ കടന്ന്‌ എട്ട്‌ കി.മീ. അപ്പുറം കവി അക്കിത്തത്തിന്റെ ഗ്രാമമായ കുമരനെല്ലൂരിനടുത്തുള്ള നീലിയാട്ടിലെ കുമാരന്‍ ഗുരുക്കളുടെ അടുത്തേക്ക്‌ പരിശീലനത്തിനായ്‌ ചേര്‍ത്തു.
പ്രേംനസീറായിരുന്നു അച്ഛന്റെയും അക്കാലത്തുള്ള സിനിമാപ്രേമികളുടേയെല്ലാം ചേകവസങ്കല്‌പം. ഉദയായുടെ വടക്കന്‍പാട്ട്‌ സിനിമകളിലെ സ്ഥിരം നായകനായിരുന്നല്ലോ നസീര്‍. തന്മയത്വത്തോടെ ചേകവപുണ്യപുരാണ സിനിമകളിലെ കഥാപാത്രങ്ങളെ പകര്‍ന്നാടാന്‍ നസീറിനൊരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. അന്നത്തെ പരമാവധി സാങ്കേതികത്വവും പണം നിര്‍ലോഭം ചിലവഴിച്ചും നിര്‍മ്മിക്കുന്നവയായിരുന്നു ഉദയായുടെ വടക്കന്‍ സിനിമകളെങ്കില്‍ കൂടി ആ സിനിമകള്‍ക്ക്‌ യുക്തിഭംഗവും കൃത്രിമത്വവും മുഴച്ചുനിന്നിരുന്നു എന്ന്‌ പറയാതിരിക്കാന്‍ വയ്യ. ഇന്നാരെങ്കിലും ആ സിനിമകള്‍ കണ്ട്‌ മുഴുമിപ്പിക്കും എന്ന്‌ തോന്നുന്നില്ല. അത്രകണ്ട്‌ വിരസവും അരോചകവുമായിപ്പോകും അത്‌; പ്രത്യേകിച്ച്‌ സംഘട്ടന രംഗങ്ങള്‍. കുട്ടികള്‍ തമാശക്ക്‌ കളിക്കാറുള്ള ടിഷ്യും ടിഷ്യും കളിയുടെ നിലവാരത്തിലായിരുന്നു ആ പോരാട്ടങ്ങള്‍. കളരിയുടെ പശ്ചാത്തലത്തിലാണെങ്കിലും വാളും പരിചയും ഉപയോഗിക്കുന്നു എന്നതൊഴിച്ചാല്‍ യഥാര്‍ത്ഥ കളരിയുമായ്‌ ആ സിനിമകള്‍ക്ക്‌ പുലബന്ധം പോലുമുണ്ടായിരുന്നില്ല. ഗാനങ്ങളും അതിന്റെ വിഷ്വലുമായിരുന്നു അത്തരം സിനിമകളിലെ ഹൈലൈറ്റ്‌. അതിന്നുമതെ.
എന്നാലും ആ സിനിമകള്‍ അക്കാലത്തെ സിനിമാ കൊട്ടകകളെ പ്രേക്ഷകരെ കൊണ്ട്‌ നിറച്ചു. അങ്ങനെ മലയാള സിനിമാ പ്രേക്ഷകരുടെയുള്ളില്‍ ഒരു സങ്കല്‌പം തന്നെയുണ്ടായി. ചേകവന്‍ എന്ന്‌ പറഞ്ഞാല്‍ പ്രേംനസീറാണ്‌, കളരി എന്നാല്‍ വടക്കന്‍പാട്ടു സിനിമകളിലെ സംഘട്ടനരംഗങ്ങള്‍. ഈ സിനിമകളെല്ലാം അച്ഛന്‍ ഞങ്ങളെ കാണിച്ചിരുന്നു. അന്ന്‌ ഞങ്ങള്‍ വളരെ ചെറിയ കുട്ടികളാണ്‌. നസീര്‍ എന്ന ചേകവസങ്കല്‌പം എന്റെ മനസ്സിലും വേരുറച്ചുകഴിഞ്ഞിരുന്നു.
ചതിയന്‍ ചന്തുവിന്റെയും വീരനായകന്‍ ആരോമല്‍ ചേകവരുടെയും കഥ ഉദയായുടെ രണ്ടോ മൂന്നോ സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ പതിഞ്ഞതാണ്‌. അതിനു മുമ്പേ വാമൊഴിയായും ചതിയന്‍ ചന്തുവിന്‌ കേരളത്തില്‍ പ്രചാരമുണ്ട്‌. ചന്തു എന്ന പേര്‍ തന്നെ വെറുക്കപ്പെടുന്ന ഒന്നായി തീര്‍ന്നു മലയാളികള്‍ക്ക്‌.
ഈയൊരു സന്ദര്‍ഭത്തിലാണ്‌ 1989 ല്‍ ഒരു വടക്കന്‍വീരഗാഥയുടെ പ്രീപ്രൊഡക്ഷന്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരണങ്ങളിലൂടെ പ്രേക്ഷകരിലെത്തുന്നത്‌. കൃതഹസ്‌തനായ എം.ടിയാണ്‌ തിരക്കഥയെഴുതുന്നത്‌ എന്നതായിരുന്നു മുഖ്യ ആകര്‍ഷണം. പക്ഷെ നായകന്‍ നസീറല്ല മമ്മൂട്ടിയാണ്‌ എന്നറിഞ്ഞപ്പോള്‍ പലരും നെറ്റി ചുളിച്ചു. അതിന്‌ മുമ്പ്‌ പടയോട്ടം എന്ന നസീര്‍ചിത്രത്തില്‍ തന്നെ ചേകവവേഷം കെട്ടി മമ്മൂട്ടി ബോറാക്കിയതാണ്‌. മോഹന്‍ലാലായിരുന്നെങ്കില്‍ പിന്നെയും നന്ന്‌. മമ്മൂട്ടിക്ക്‌ ഒരുതരത്തിലും യോജിക്കില്ല ചേകവവേഷം എന്നായി ഭൂരിഭാഗം പേരുടേയും കട്ടായം. അതിന്‌ മുമ്പ്‌ ഹരിഹരന്‍ വടക്കന്‍ സിനിമകളൊന്നും എടുത്തിരുന്നില്ല. അതുകൊണ്ട്‌ ഈ സബ്‌ജക്‌ടില്‍ ഹരിഹരന്റെ കഴിവിലും പ്രേക്ഷകര്‍ക്ക്‌ പഥ്യം പോരായിരുന്നു.
പിന്നീട്‌ പ്രസിദ്ധീകരണങ്ങളിലൂടെ മറ്റൊരു കാര്യവുമറിഞ്ഞു. പതിവ്‌ രീതിയില്‍ പാടിപതിഞ്ഞ ചന്തുവല്ല ഈ സിനിമയില്‍. ചന്തു ചതിയനല്ല! പലവിധ തിക്താനുഭവങ്ങളിലൂടെയും മറ്റും കടന്നുപോയ ചന്തുവിന്‌ അങ്ങനെയൊരു പരിവേഷം ചാര്‍ത്തപ്പെടുകയായിരുന്നു.
ചന്തുവിനെ മഹത്വവല്‍ക്കരിച്ചാല്‍ പ്രേക്ഷകരതൊരിക്കലും പൊറുപ്പിക്കില്ലായെന്ന്‌ അക്കാലത്ത്‌ പുഴക്കടവില്‍ വെച്ച്‌ അച്ഛനും കൂട്ടരും അഭിപ്രായപ്പെട്ടത്‌ ഞാന്‍ സവിശേഷമായ്‌ ഓര്‍ക്കുന്നു. ചന്തു എന്ന ദുഷ്‌ടകഥാപാത്രത്തെ മമ്മൂട്ടിയെ പോലെ ഒരു സൂപ്പര്‍താരം എന്തിനവതരിപ്പിക്കുന്നു എന്ന ചിന്ത കുട്ടിയായ എന്റെ മനസ്സിലൂടെ പോലും കടന്നുപോയി.
പിന്നെ ഷൂട്ടിംഗ്‌ വിശേഷങ്ങളും സ്റ്റില്‍സും വരാന്‍ തുടങ്ങി. മാധവിയാണ്‌ ഉണ്ണിയാര്‍ച്ച. മമ്മൂട്ടിക്ക്‌ രണ്ട്‌ ഗെറ്റപ്പുകളുണ്ട്‌. അതുവരെ വില്ലന്‍ വേഷങ്ങള്‍ ചെയ്‌തിരുന്ന സുരേഷ്‌ഗോപിക്കും ക്യാപ്‌റ്റന്‍ രാജുവിനും ക്യാരക്‌ടര്‍ വേഷങ്ങള്‍.
പാലക്കാടും ഗുരുവായൂരും മദ്രാസിനും പുറമെ എം.ടിയുടെ ഗ്രാമമായ കൂടല്ലൂരിനടുത്തുള്ള പട്ടിത്തറയിലും തൃത്താലയിലുമൊക്കെ ചിത്രത്തിന്റെ ഷൂട്ടിംഗുണ്ടായിരുന്നു. കൂടല്ലൂരും എന്റെ ഗ്രാമവും ഒരു പുഴക്കപ്പുറവുമിപ്പുറവുമാണ്‌. ചില നാട്ടുകാരൊക്കെ അക്കരെപ്പോയി ഷൂട്ടിംഗ്‌ കണ്ടിരുന്നു. മമ്മൂട്ടിക്ക്‌ ചേകവവേഷമൊന്നും ശരിയാവുന്നില്ല, എടുത്തത്‌ തന്നെ വീണ്ടുംവീണ്ടുമെടുക്കുകയാണെന്നും നൂലുപോലുള്ള ആ സംവിധായകനും പോരായെന്നും ഇത്‌ ഐ.വി ശശിയോ ജോഷിയോ ഒക്കെ ചെയ്യേണ്ട സിനിമയാണെന്നുമൊക്കെയായി ആ ശുദ്ധമനസ്‌കരുടെ കമന്റ്‌സ്‌. പിന്നീട്‌ ഞാനൊരു സ്വപ്‌നജീവിയായ്‌ പരിണമിച്ചപ്പോള്‍ ഈയ്യിടത്തിലേക്കൊക്കെ ഗൃഹാതുരമായ അനവധി യാത്രകള്‍ നടത്തിയിട്ടുണ്ട്‌. പൊന്നാനിയില്‍ നിന്നാദ്യം ഈ സിനിമ കണ്ട തീയേറ്റര്‍ ഏതെന്ന്‌ വിവേചിച്ചറിയാനും ശ്രമിച്ചു.
ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ പോസ്റ്ററുകളില്‍ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ കണ്ടവരെല്ലാം കുഴപ്പമില്ലല്ലോ ഈ പഹയന്‍ എന്ന തീരുമാനത്തിലേക്ക്‌ മാറി. ഓഡിയോ റിലീസിംഗിലൂടെ ബോംബെ രവിയുടെ മാസ്‌മരികസംഗീതം ആസ്വാദക ലക്ഷങ്ങള്‍ ഏറ്റെടുത്തു.
അങ്ങനെ മുന്‍വിധികള്‍ക്കും സന്ദേഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്‌ വിഷുദിനത്തില്‍ ചിത്രം തിയ്യേറ്ററുകളിലെത്തി. അതുവരെ ഇറങ്ങിയ ചേകവസിനിമകളില്‍ നിന്നും ഭിന്നമായ്‌ യുക്തിഭദ്രതയും ശില്‌പചതുരതയും ഒത്തുചേര്‍ന്ന സിനിമ പ്രേക്ഷകരുടെ മനം കുളിര്‍പ്പിച്ചു. ആയോധനകലയായ കളരി റിയലിസ്റ്റിക്കായ്‌ തന്നെ ചിത്രത്തിലുള്‍പ്പെടുത്തിയിരുന്നു. സുപ്രസിദ്ധ കളരിസംഘമായ സി.വി.എന്‍. ആയിരുന്നു കളരിച്ചുവടുകള്‍ക്ക്‌ വേണ്ടി സഹകരിച്ചത്‌.
ചിത്രത്തിന്റെ തുടക്കം പുതിയ തലമുറയുടെ പ്രതിനിധികളായ കണ്ണപ്പുണ്ണിയും ആരോമുണ്ണിയും ആരോമല്‍ ചേകവരെ ചതിച്ചുകൊന്ന ചരിതം ചികയാന്‍ നിലവറയിലേക്ക്‌ തൂക്കുവിളക്കുമായ്‌ പോകുന്നതാണ.്‌ പ്രേക്ഷകരുടെ മനസ്സിന്റെ അകത്തളങ്ങളിലേക്കാണ്‌ സൂപ്പര്‍ തിരക്കഥാകൃത്ത്‌ എം.ടി. ആ വിളക്ക്‌ തെളിക്കുന്നത്‌. ടൈറ്റിലുകള്‍ തെളിയുന്നത്‌ എം.ടി തന്നെയെഴുതിയ ഒരു വാമൊഴിപ്പാട്ട്‌ ആരോമുണ്ണി താളിയോലകളിലൂടെ വായിക്കുന്നതിലൂടെയാണ്‌. മിഥ്യയായ, എന്നാല്‍ വീരഭാവമുള്ള ആ ചരിതം ഇളമുറക്കാര്‍ ഗ്രഹിക്കുകയാണ്‌. അതവരുടെ പകയുടെ കനലുകളെ ഊട്ടുന്നു.
മമ്മൂട്ടിയുടെ ചന്തുവിനെ ആദ്യം കാണിക്കുന്നത്‌ കളരിയില്‍ ഒരു ദിവസത്തെ അനുഷ്‌ഠാനം അവസാനിപ്പിക്കുന്ന രംഗത്തിലൂടെയാണ്‌. നസീറിന്റെ പൈങ്കിളി ചേകവസങ്കല്‌പത്തെ തൂത്തെറിഞ്ഞ, പൗരുഷത്തിന്റെ മൂര്‍ത്തീഭാവവും വിരാഗം തുളുമ്പുന്ന കണ്ണുകളുമുള്ള മമ്മൂട്ടിയുടെ ചേകവരൂപത്തെ ആളുകള്‍ ആദ്യദൃശ്യം കണ്ടപ്പോഴേ നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു. മമ്മൂട്ടിയുടെ പുരുഷസൗന്ദര്യത്തെ എല്ലാ തരത്തിലും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ സിനിമയാണ്‌ വീരഗാഥ. മമ്മൂട്ടി ഫ്‌ളെക്‌സിബിലിറ്റി ഇല്ലാത്ത നടന്‍ എന്നാണല്ലോ വെപ്പ്‌. ആ ആക്ഷേപം രൂപപ്പെട്ടിരിക്കുന്നത്‌ നൃത്തഗാന ഹാസ്യരംഗങ്ങളെ മാനദണ്ഡമാക്കിയാണ്‌. പക്ഷേ ഈ സിനിമയിലെ കളരിച്ചുവടുകളിലും മെയ്‌വഴക്കത്തിലും എന്തിന്‌ ഗാനരംഗങ്ങളില്‍പോലും താരത്തിന്റെ പ്രകടനം സുന്ദരമാണ്‌. ക്രെഡിറ്റ്‌ പോകേണ്ടത്‌ ഹരിഹരനിലേക്കാണ്‌.
ഇന്ന്‌ സുരേഷ്‌ഗോപിയുടെ അഭിനയം കണ്ട്‌ ശീലിച്ച നമുക്ക്‌ ആ സുരേഷ്‌ഗോപി തന്നെയാണോ വീരഗാഥയിലഭിനയിച്ചതെന്ന്‌ അത്ഭുതം തോന്നാം. മമ്മൂട്ടിയുടെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കഥാപാത്രമായിരുന്നു സുരേഷ്‌ഗോപിയുടെ ആരോമല്‍ ചേകവര്‍. ചില സന്ദര്‍ഭങ്ങളില്‍ ചന്തുവിനേക്കാള്‍ മേലെപോകുന്നുമുണ്ട്‌ ആരോമല്‍ ചേകവര്‍. ആ കാലത്തും പിന്നീടും സുരേഷ്‌ഗോപിക്ക്‌ സ്വപ്‌നം കാണാന്‍ കഴിയാത്ത വേഷമാണ്‌ വീരഗാഥയിലെ ചേകവര്‍. മനസ്സില്‍ ഒരു വിങ്ങലായ്‌ നില്‌ക്കുന്ന കഥാപാത്രം ക്യാപ്‌റ്റന്‍രാജുവിന്റെ അരിങ്ങോടരാണ്‌.
ചന്തുവും അരിങ്ങോടരുമായുള്ള ഹ്രസ്വകാലത്തേക്കുള്ള ഗുരുശിഷ്യബന്ധമാണ്‌ അങ്കത്തില്‍ അരിങ്ങോടരുടെ പതനത്തിനാധാരം. അരിങ്ങോടരും ആരോമലുമായുള്ള അങ്കത്തില്‍ കരബലത്തിന്റെയും ആയുധമുറയുടെയും അടിസ്ഥാനത്തില്‍ അരിങ്ങോടര്‍ ഏറെ മുകളിലാണ്‌. ഒന്നിലേറെ തവണ ആരോമലെ വധിക്കാനുള്ള അരിങ്ങോടരുടെ ശ്രമങ്ങള്‍ ചന്തു തടുക്കുന്നുണ്ട്‌. പോരാട്ടവേളയില്‍ സാന്ദര്‍ഭികമായ്‌ ചന്തുവും അരിങ്ങോടരും അതായത്‌ ഗുരുവും ശിഷ്യനും നേര്‍ക്കുനേര്‍ വരുന്നു. ആ നിമിഷത്തിന്റെ ഉഗ്രമായ വ്യസനത്തിന്റെയും വൈകാരികമായ നിസ്സഹായതയുടെയും ആനുകൂല്യത്തില്‍ മുറിച്ചുരുകിയെറിഞ്ഞ്‌ ആരോമല്‍ അരിങ്ങോടരെ കൊലപ്പെടുത്തുന്നു. ചന്തുവിന്റെ ആ ഗുരുനിന്ദയില്‍ അപ്പോള്‍ തന്നെ പ്രകൃതിയില്‍ അയാളുടെ ദുര്‍വിധി രൂപപ്പെട്ടു കഴിഞ്ഞിരിക്കാം. വിധി മറ്റൊരു രൂപത്തില്‍ ചന്തുവിനോട്‌ ക്രൂരമായ്‌ പ്രതികാരം തീര്‍ക്കുന്നു.
മമ്മൂട്ടിയുടെ ചന്തു ഒരേസമയം അവഗണിക്കപ്പെടുന്നവന്റെയും എന്നാല്‍ ആയുധബലമേറെയുള്ള ശക്തന്റെയും പ്രതിരൂപമാണ്‌.
എം.ടി.യുടെ തിരക്കഥക്ക്‌ അര്‍ഹിക്കുന്ന നിലയിലുള്ള ദൃശ്യവിധാനമൊരുക്കുന്നതില്‍ അസാമാന്യപാടവമാണ്‌ ഹരിഹരന്‍ കാണിച്ചത്‌. മറ്റാരു സംവിധാനം ചെയ്‌താലും അത്‌ ഇന്നത്തെ വീരഗാഥയാകുമായിരുന്നില്ല. മമ്മൂട്ടി കണ്ണുകള്‍കൊണ്ടും പുരികങ്ങള്‍കൊണ്ടുകൂടി അഭിനയിച്ച സിനിമയാണ്‌ വീരഗാഥ. ഈ സിനിമയുടെ കൂടി അഭിനയത്തിനാണ്‌ മമ്മൂട്ടിക്ക്‌ ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ്‌ കിട്ടുന്നത്‌.
പൊന്നാനിയിലെ ഒരു തിയേറ്ററില്‍ നിന്നാണ്‌ അച്ഛനോടൊപ്പം ഞാനാദ്യമായ്‌ ഈ സിനിമ കാണുന്നത്‌. അന്ന്‌ മൂന്ന്‌ മണിക്കൂറോളമുള്ള സിനിമ കഴിഞ്ഞ്‌ ചിലര്‍ തീയറ്ററില്‍ തന്നെ ഒളിച്ചിരിക്കുന്നത്‌ കണ്ടു. അതിലച്ഛന്റെയൊരു പരിചയക്കാരനുമുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ പറഞ്ഞത്‌ സിനിമ ഒന്നുകൂടി കാണണം, അടുത്ത ഷോയ്‌ക്ക്‌ ടിക്കറ്റ്‌ കിട്ടാന്‍ സാധ്യതയില്ലായെന്നാണ്‌. കാണാന്‍ അത്രയും വലിയ ജനക്കൂട്ടം കാത്തുകിടക്കുന്നുണ്ടായിരുന്നു.
പിന്നീട്‌ എം.ടി. യുടെ നാടായ കൂടല്ലൂരിലെ, ഇന്ന്‌ നാമാവശേഷമായ ശ്രീധര്‍ തിയേറ്ററില്‍ നിന്നും ഈ സിനിമ കണ്ടു. അന്ന്‌ മഴക്കാലത്തിന്റെ ആരംഭമായിരുന്നു. കുമാരന്‍ ഗുരുക്കളില്‍ നിന്ന്‌ കളരി പഠനം കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ഫസ്റ്റ്‌ഷോയ്‌ക്കായിരുന്നു അത്‌. ഞങ്ങള്‍ പുഴ കടക്കുമ്പോള്‍ മുട്ടുവരേയേ വെള്ളമുണ്ടായിരുന്നുള്ളൂ. മടങ്ങുമ്പോള്‍ വെള്ളം പൊന്തി നിലയില്ലാതായിരുന്നു. ഒഴുക്കില്‍പ്പെട്ട്‌ ഞാനുമച്ഛനും അനിയനും മറുകരയ്‌ക്ക്‌ നീന്തി. സിനിമ തന്ന വീരഭാവം ഞങ്ങള്‍ക്ക്‌ കൂട്ടുണ്ടായിരുന്നു. അത്രയ്‌ക്ക്‌ ശക്തമായിരുന്നു എം.ടി.യുടെ പാത്രസൃഷ്‌ടികള്‍.
വടക്കന്‍വീരഗാഥയുടെ കാലത്തും പിന്നീടും പ്രേക്ഷകര്‍ക്കിടയില്‍ പ്രചരിച്ച രസകരമായ ചില അണിയറക്കാര്യങ്ങള്‍ കൂടി കുറിക്കാം.
ആദ്യം പുതുമുഖങ്ങളെ വെച്ചായിരുന്നത്രെ ഹരിഹരന്‍ ഈ സിനിമ ചെയ്യാനുദ്ദേശിച്ചിരുന്നത്‌. പക്ഷെ എം.ടി യുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി അതൊരു മമ്മൂട്ടി ചിത്രമായി. ശേഷം ആരോമല്‍ച്ചേകവരെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനെ സമീപിച്ചു. പക്ഷെ ലാല്‍ വിസമ്മതിച്ചു. മമ്മൂട്ടി ആരോമല്‍ച്ചേകവരുടെ വേഷം ആത്മസുഹൃത്തായ രതീഷിന്‌ വാങ്ങിക്കൊടുക്കാന്‍ പരമാവധി സ്വാധീനമുപയോഗിച്ച്‌ ശ്രമിച്ചു. മമ്മൂട്ടിയുടെ തുടക്കക്കാലത്ത്‌ സഹായിച്ച രതീഷിനോടുള്ള കടപ്പാടായിരുന്നു അതിന്‌ കാരണം. പക്ഷെ ഭാഗ്യം സുരേഷ്‌ഗോപിക്കായിരുന്നു. ക്യാപ്‌റ്റന്‍ രാജു വീരഗാഥയിലെ വേഷത്തിന്‌ ശേഷമായിരുന്നത്രെ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന തീരുമാനമെടുത്തത്‌. അതുപോലെ ചിത്രത്തിലെ നായികയായ മാധവിയും മമ്മൂട്ടിയും മുമ്പേ പിണക്കത്തിലായിരുന്നു. ഇരുവരേയും സഹകരിപ്പിക്കാന്‍ സംവിധായകന്‍ നന്നേ ക്ലേശിച്ചു. തിയേറ്ററില്‍ നിറഞ്ഞോടിയ ഈ ചിത്രം നിര്‍മ്മാതാവിന്‌ വേണ്ടത്ര ലാഭം നേടിക്കൊടുത്തില്ലാപോലും. അന്നത്തെക്കാലത്ത്‌ താങ്ങാവുന്നതിലപ്പുറമായിരുന്നു നിര്‍മ്മാണച്ചെലവ്‌.
വടക്കന്‍വീരഗാഥയുടെ ഇമേജ്‌ ഇന്നും നിലനില്‍ക്കുന്നു. അതിന്‌ശേഷം രണ്ട്‌ വടക്കന്‍ സിനിമകള്‍ കൂടി മലയാളത്തിലുണ്ടായി. പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ചയും, വീരവും. അറുബോറന്‍ സിനിമകള്‍ ! എങ്ങനെ സിനിമ എടുക്കരുത്‌ എന്ന്‌ മനസ്സിലാക്കാന്‍ ഈ സിനിമകള്‍ കണ്ടാല്‍ മതി.
ഇന്നും എന്റെ കമ്പ്യൂട്ടറില്‍ വടക്കന്‍വീരഗാഥയുണ്ട്‌. തുടര്‍ച്ചയായ്‌ കാണില്ലെങ്കിലും ഇഷ്‌ടപ്പെട്ട ഭാഗങ്ങള്‍ വീണ്ടുവീണ്ടുമാസ്വദിക്കുന്നു.


4. ചിത്രം
ഞാന്‍ യു.പി. ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ക്രിസ്‌മസ്‌ വെക്കേഷനാണ്‌ മോഹന്‍ലാല്‍ സിനിമയായ ചിത്രം റിലീസായതെന്നാണോര്‍മ്മ. വെക്കേഷന്‍ കഴിഞ്ഞ്‌ സ്‌കൂള്‍ തുറന്നപ്പോള്‍ ചിത്രം കണ്ട സഹപാഠികള്‍ വിശേഷങ്ങളുടെ ഭണ്ഡാരം തുറന്നു. നല്ല തമാശകളുണ്ട്‌, സ്റ്റണ്ടുണ്ട്‌. എന്നാല്‍ അവസാനം കരഞ്ഞുപോകും. മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കൊണ്ടുപോകുന്നിടത്ത്‌ സിനിമ തീരുന്നത്‌. അപ്പോള്‍ സങ്കടം ഇരട്ടിപ്പിക്കും വിധമുള്ള ഒരു മ്യൂസിക്കുണ്ട്‌, ഹോ...
മുപ്പത്‌ വര്‍ഷത്തിന്‌ ശേഷം ഇന്നും മൊബൈലിലെ റിംഗ്‌ടോണായും ബെല്‍ടോണായുമൊക്കെ ജോണ്‍സണ്‍മാഷുടെ ആ അനശ്വര സംഗീതം തത്തിക്കളിക്കുന്നു. സിനിമയിലെ വൈകാരിക പിരിമുറുക്കങ്ങള്‍ക്ക്‌ ആ സംഗീതം നല്‍കിയ സംഭാവന ചില്ലറയല്ല. പ്രസ്‌തുത സംഗീതം കേള്‍ക്കുമ്പോഴേ അത്‌ മോഹന്‍ലാലിന്റെ ചിത്രം സിനിമയിലേതാണെന്ന്‌ ഏവര്‍ക്കും ഹൃദ്യസ്ഥം. ചിത്രം സിനിമ അത്രകണ്ട്‌ മലയാളിയെ സ്വാധീനിച്ചിട്ടുണ്ട്‌. സംഗീതമില്ലായിരുന്നെങ്കില്‍ ജനപ്രിയസിനിമകളുടെ സ്ഥിതി എന്തായിരിക്കും!!?
ചിത്രം ഇറങ്ങിയ ശേഷം അതിലെ നായകനായ മോഹന്‍ലാലിന്റെ ഒരു നമ്പറിന്‌ സ്‌കൂളുകളിലും ക്യാമ്പസുകളിലും വന്‍പ്രചാരമുണ്ടാകുകയുണ്ടായി. ചിത്രത്തില്‍ ലാലിന്റെ വിഷ്‌ണു ഫോട്ടോഗ്രാഫറാണ്‌. അയാള്‍ സിനിമയില്‍ പലയിടത്തും നാലു വിരലുകള്‍ കൂട്ടി ക്യാമറപോലെയാക്കി കണ്ണിറുക്കി ഫോട്ടോ ക്ലിക്ക്‌ ചെയ്യുംമാതിരിയുള്ള പ്രണയചേഷ്‌ടകള്‍ കാണിക്കുന്നു. ആ നമ്പര്‍ വിദ്യാര്‍ത്ഥികളേയും യുവാക്കളേയും ഏറെ ആകര്‍ഷിച്ചു. സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടാല്‍ അതുപോലെ സൈറ്റടിച്ച്‌ ക്ലിക്കെടുക്കുക പയ്യന്‍മാരുടെ കലാപരിപാടിയായി. ഐ ലൗ യു എന്ന്‌ പറയാതെ പറയുകയാണ്‌ ആ പ്രവര്‍ത്തിയുടെ സാരം എന്ന്‌ കണ്ട പെണ്‍കുട്ടികള്‍ ക്ലിക്കിന്‌ വഴങ്ങാതെ ഓടിയൊളിച്ചു. ടീച്ചേഴ്‌സിന്‌ വിദ്യാര്‍ത്ഥിനികളുടെ പരാതികളുടെ പ്രവാഹമായി: ആ ചെക്കന്‍ എന്നെ കണ്ണടിച്ച്‌ ഫോട്ടോയെടുത്തു ടീച്ചര്‍.... അവസാനം ചില ശുദ്ധഗതിക്കാരായ രക്ഷിതാക്കളും പരാതിയുമായ്‌ സ്‌കൂളിലെത്തി. അങ്ങനെ അദ്ധ്യാപകര്‍ ചര്‍ച്ച ചെയ്‌ത്‌ ക്ലിക്ക്‌ നിരോധിക്കാന്‍ തീരുമാനിച്ചു. അസംബ്ലിയില്‍ എച്ച്‌.എം. ആണ്‌ നിരോധനം പ്രഖ്യാപിച്ചത്‌. ഇനി ക്ലിക്കെടുക്കുന്നവന്‌ ആദ്യം ചൂരല്‍ കഷായം പിന്നെ ടി.സി. തന്ന്‌ പറഞ്ഞുവിടും. ക്ലിക്കങ്ങനെ അവസാനിച്ചു. പക്ഷെ ലാലിന്റെ ചിത്രത്തിലെ ആ നമ്പര്‍ കാണാന്‍ ഓരോരുത്തരിലും ആകാംക്ഷ പെരുത്തു. രണ്ടരമാസത്തോളം ഞങ്ങളുടെ അടുത്ത തിയേറ്ററില്‍ ഓടിയ ആ സിനിമ കണ്ടവരുടെ എണ്ണം കൂടികൂടിവന്നു. ഒരു ന്യൂനപക്ഷം മാത്രമെ ഇനി പടം കാണാനുള്ളൂ. ഞാനതില്‍ പെടും. അച്ഛന്‍ പണിയില്ലാതെ വീട്ടിലിരിക്കുന്ന സമയമാണ്‌. സിനിമ കാണണം എന്ന്‌ പറഞ്ഞ്‌ സമീപിച്ചാല്‍ ചിലപ്പോള്‍ കിടിലന്‍ പെടതന്നെ കിട്ടിയെന്ന്‌ വരും. പണിയില്ലാതിരിക്കുമ്പോള്‍ അച്ഛന്‌ ദേഷ്യം ഇരട്ടിയാണ്‌.
ഒരുദിവസം സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ ഉമ്മറത്ത്‌ മദ്രാസിലെ ഗോപിയേട്ടന്‍ അച്ഛനുമായ്‌ വര്‍ത്തമാനം പറഞ്ഞിരിപ്പുണ്ട്‌. എനിയ്‌ക്ക്‌ സന്തോഷമായി. സിനിമാക്കമ്പക്കാരനായ ഗോപിയേട്ടന്‍ വന്നാല്‍ മദ്രാസിലേക്ക്‌ തിരിച്ചുപോകുന്നത്‌ വരെ നിത്യവും പടങ്ങള്‍ കണ്ടുകൊണ്ടിരിക്കും. എത്രവേണമെങ്കിലും ചിലവാക്കാനുള്ള കാശ്‌ മൂപ്പരുടെയടുത്തുണ്ട്‌. വന്ന സ്ഥിതിക്ക്‌ ഒരു പടമെങ്കിലും ഞങ്ങള്‍ക്കൊക്കാതിരിക്കില്ല. പടം കാണിച്ചുതരും, കഴിക്കാന്‍ ഹോട്ടലില്‍ നിന്ന്‌ നല്ല വിഭവങ്ങള്‍ വാങ്ങിച്ചുതരും. പക്ഷെ ആള്‍ ആരോടും അധികം മിണ്ടുന്ന ടൈപ്പല്ല. അതുകൊണ്ട്‌ എനിയ്‌ക്ക്‌ ഉള്ളാലെ പേടിയാണ്‌ മൂപ്പരെ.
എന്റെ ആശ ഒത്തു. അന്ന്‌ വൈകീട്ട്‌ ഫസ്റ്റ്‌ ഷോയ്‌ക്ക്‌ ഗോപിയേട്ടന്‍ ഞങ്ങളെ ചിത്രം സിനിമയ്‌ക്ക്‌ കൊണ്ടുപോയി. കല്ല്യാണിയുടെയും വിഷ്‌ണുവിന്റെയും രസകരമായ ലോകം അങ്ങനെ എനിയ്‌ക്കും വെളിപ്പെട്ടു. മോഹന്‍ലാല്‍ ഏറ്റവും സുന്ദരനായ കാലഘട്ടത്തിലെ സിനിമയാണ്‌ പ്രിയദര്‍ശന്റെ ചിത്രം. ലാലിന്റെ ചുരുണ്ട ഒറിജിനല്‍ മുടി, അന്നധികം സ്ഥൂലിച്ചിട്ടില്ല. പ്രത്യേകിച്ച്‌ സ്‌ത്രീകളേയും കുട്ടികളേയും മോഹന്‍ലാലിലേക്കടുപ്പിച്ച സിനിമ കൂടിയാണ്‌ ചിത്രം. അദ്ദേഹത്തിന്റെ കരിയറിലെ വലിയ ബോക്‌സോഫീസ്‌ ഹിറ്റ്‌! ഒരു വര്‍ഷത്തിലേറെ ഓടിയ സിനിമ!! മനസ്സിലൊരു വിങ്ങലുമായെ ആ സിനിമ കണ്ടിറങ്ങാന്‍ കഴിയൂ. നായകനും നായികയും സിനിമയിലൊരുമിക്കുന്നില്ല. അക്കാലത്തെ പതിവ്‌ ചേരുവകളില്‍ നിന്നും വ്യത്യസ്ഥമായ ക്ലൈമാക്‌സ്‌. തൂക്കുകയറിലേക്ക്‌ പോകുമ്പോഴും വിഷ്‌ണു കല്ല്യാണിയ്‌ക്ക്‌ സങ്കടം ചിരിയിലൊളിപ്പിച്ച്‌ ക്ലിക്ക്‌ നല്‍കുന്നുണ്ട്‌. മരണത്തിലും പ്രണയിക്കുന്ന കാമുകന്‍. യുവമിഥുനങ്ങളുടെ മനസ്സിലേക്ക്‌ കാമുകഭാവത്തോടെ ലാല്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഇന്നും മോഹന്‍ലാലിന്റെ ആ ഇമേജിന്‌ വലിയ കോട്ടം തട്ടിയിട്ടില്ല. മോഹന്‍ലാലിനെ അല്ലാതെ മറ്റൊരു നടനെ ആ വേഷത്തില്‍ സങ്കല്‌പിക്കാനേ പറ്റില്ല.
വര്‍ഷങ്ങള്‍ കുറേ പിന്നിട്ടപ്പോള്‍ പ്രിയദര്‍ശന്റെ ഒരഭിമുഖത്തിലോ മറ്റോ ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ ചില അണിയറക്കാര്യങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. കിതച്ചും നിന്നും പലവട്ടമായ്‌ പൂര്‍ത്തീകരിച്ച സിനിമയാണത്രെ ചിത്രം. കൃത്യമായ ഒരു സ്‌ക്രിപ്‌റ്റ്‌ സിനിമക്കില്ലായിരുന്നു. സെറ്റില്‍ വെച്ചുള്ള തട്ടിക്കൂട്ടെഴുത്ത്‌. ഒരാവറേജ്‌ വിജയം മാത്രം പ്രതീക്ഷിച്ചിടത്ത്‌ മെഗാഹിറ്റായിപ്പോയി സിനിമ. ശേഷം ഏതാണ്ടിതേ ടീമിനെ വെച്ച്‌ ഇതിലും വലിയ വാണിജ്യവിജയം പ്രതീക്ഷിച്ച്‌ പ്രിയന്‍ മറ്റൊരു സിനിമയെടുത്തു, വന്ദനം. പക്ഷെ ആ സിനിമ വന്‍വിജയം നേടിയില്ല.
മലയാളസിനിമ ഉള്ളടത്തോളം കാലം ചിത്രം തിരശ്ശീലയിലേക്ക്‌ പിന്നിലേക്ക്‌ മറയാന്‍ ഇടയില്ല. 1988 - 89 കാലഘട്ടത്തിലെ യുവതീയുവാക്കള്‍ക്ക്‌ പ്രണയാതുരമായ ഓര്‍ക്കാവുന്ന സിനിമയാണ്‌ ചിത്രം. എത്ര പ്രണയക്കണ്ണീര്‍ അവര്‍ ഒഴുക്കി!

5. പപ്പയുടെ സ്വന്തം അപ്പൂസ്‌
സിനിമകള്‍ കുറേ കണ്ടുകഴിഞ്ഞു. പക്ഷെ ഒരു പൂതി, സ്വന്തം നിലയില്‍ കഴിയുമെങ്കില്‍ ഒറ്റ യ്‌ക്കൊരു സിനിമ കാണണം. ഞങ്ങളുടെ ടൗണ്‍ വളാഞ്ചേരിയാണ്‌. വളാഞ്ചേരിയില്‍ അന്ന്‌ മൂന്ന്‌ തിയേറ്ററുകളുണ്ട്‌. ഞാനീ പൂതി ഹൈസ്‌കൂള്‍ ക്ലാസിലെ സഹപാഠികളും സുഹൃത്തുക്കളുമായ ഉണ്ണികൃഷ്‌ണനോടും പ്രസാദിനോടും പങ്കുവെച്ചു. നല്ല ഐഡിയ! കേട്ടപ്പോള്‍ അവരും കൂടാമെന്നായി. കശുവണ്ടി വിളയുന്ന കാലമാണ്‌. അതുകൊണ്ട്‌ പെറുക്കികളായ ഞങ്ങള്‍ ഗ്രാമീണ ബാലന്‍മാര്‍ക്ക്‌ ആ കാലം ചാകരയാണ്‌. ഒരു സിനിമ കാണാനും ഹോട്ടലില്‍ നിന്ന്‌ പൊറോട്ടയും ബീഫുമടിക്കാനുമൊക്കെയുള്ള വക ഞങ്ങള്‍ കശുവണ്ടി വിറ്റ്‌ ഒരുക്കൂട്ടി വെക്കും.
ഇതില്‍ ഉണ്ണികൃഷ്‌ണന്‍ തിയേറ്ററില്‍ പോയും ടി.വി. യിലും സിനിമ കണ്ടിട്ടുണ്ട്‌. മോഹന്‍ലാലിന്റെ ആരാധകനാണ്‌. പ്രസാദ്‌ ജീവിതത്തിലതുവരെ സിനിമയോ, തിയേറ്ററോ കണ്ടിട്ടേയില്ല.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നൊക്കെ കേട്ടിട്ടുണ്ട്‌ എന്നല്ലാതെ സിനിമ കാണാനൊന്നും തരമായിട്ടില്ല. ആഗ്രഹമുണ്ട്‌, പക്ഷെ മോഹം അടക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. തേങ്ങയും അടയ്‌ക്കയും പറിക്കല്‍ കുലത്തൊഴിലായ ഈഴവകുടുംബത്തിലെ അംഗമാണ്‌ പ്രസാദ്‌. സ്‌കൂളിള്‍പഠിപ്പ്‌ കഴിഞ്ഞാല്‍ കൊപ്ര ഉണക്കലും നാളികേരം വെട്ടലുമൊക്കെയാണവന്റെ ലോകം.
ഞങ്ങള്‍ ദിവസം നിശ്ചയിച്ചു. ഒളിച്ചൊരു കാര്യം ചെയ്യുമ്പോള്‍ കിട്ടുന്ന ത്രില്ലിന്‌ വല്ലാത്ത രസം തന്നെ! ഭദ്രമായ്‌ കരുതിവെച്ച പണമെടുത്ത്‌ മാറ്റിനി കാണാന്‍, ഉച്ചയ്‌ക്ക്‌ ശേഷം ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ രണ്ടുമണിയുടെ ലാവണ്യ ബസ്സില്‍ ഞങ്ങള്‍ ആഘോഷമായ്‌ ടൗണിലേക്ക്‌ തിരിച്ചു. മടങ്ങാന്‍ നേരം പഴംപൊരിയും ചായയും കഴിക്കണം എന്നും പ്ലാനിട്ടിരുന്നു.
ടൗണിലെത്തി പോസ്റ്ററുകള്‍ നോക്കിയപ്പോള്‍ രണ്ടു തിയേറ്ററുകളില്‍ തമിഴ്‌ പടമാണ്‌. ശ്രീകുമാര്‍ തിയേറ്ററില്‍ ഫാസില്‍ സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസുണ്ട്‌. മോഹന്‍ലാല്‍ ചിത്രം പ്രതീക്ഷിച്ചായിരുന്നു ഞങ്ങള്‍ ബസ്സ്‌ കയറിയിരുന്നത്‌. സാരമില്ല. അത്‌ പിന്നൊരിക്കലാവാം.
പ്രസാദിന്‌ തിയേറ്റര്‍ ഒരത്ഭുതമായിരുന്നു. ഇത്‌ ഞാനെത്ര കണ്ടിരിക്കുന്നു എന്ന ചിരപരിചിത തഴക്കത്തോടെ ഞാനവന്‌ എല്ലാം കാണിച്ചുകൊടുത്തു. സിനിമ തുടങ്ങി. ബാലചന്ദ്രന്‍ എന്ന ബിസിനസ്സുകാരനായാണ്‌ മമ്മൂട്ടി അഭിനയിക്കുന്നത്‌. ശോഭന മരിച്ചുപോയ കഥാപാത്രമാണ്‌. അത്രയും സുന്ദരിയായ്‌ വേറൊരു സിനിമയിലും ഞാന്‍ ശോഭനയെ കണ്ടിട്ടില്ല. മമ്മൂട്ടിയുടെയും മകന്റെയും ഓര്‍മ്മകളിലൂടെ മാത്രമാണ്‌ ചിത്രത്തില്‍ ശോഭനയുടെ സാന്നിദ്ധ്യം. അന്നതൊരു പുതുമയായ്‌ തോന്നി. മനോഹരമായ പാട്ടുകള്‍! ശങ്കരാടിയുടെയും മാസ്റ്റര്‍ ബാദുഷയുടെയും തമാശകള്‍. രുദ്രന്‍ എന്ന പ്രതിനായകന്റെ ചെയ്‌തിയില്‍ പരിക്കുപറ്റി അസുഖബാധിതനായ മകനെ രക്ഷിക്കാന്‍ അച്ഛന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ സിനിമയുടെ കാതല്‍. ഡോക്‌ടറുടെ റോളില്‍ പിന്നീട്‌ ആക്ഷന്‍ ഹീറോയും സൂപ്പര്‍താരവുമായ്‌ മാറിയ സുരേഷ്‌ഗോപിയുമെത്തുന്നുണ്ട്‌. അന്ന്‌ തീരെ ഇഷ്‌ടപ്പെടാതെ പോയത്‌ മമ്മൂട്ടിയുടെ ഡാന്‍സ്‌ രംഗങ്ങളാണ്‌. എന്തിന്‌ ഡാന്‍സ്‌ രംഗത്ത്‌ ശോഭിക്കാത്ത മമ്മൂട്ടിയെക്കൊണ്ട്‌ ഈ കോപ്രായങ്ങള്‍ കാണിപ്പിക്കുന്നുവെന്ന്‌ ഞാനരിശപ്പെട്ടു. പ്രത്യേകിച്ച്‌ പൃഷ്‌ഠംകൊണ്ടൊക്കെയുള്ള ഗോഷ്‌ടികള്‍. അത്രയും അരോചകമായിരുന്നു ആ രംഗങ്ങള്‍. കുറേക്കാലം കഴിഞ്ഞ്‌ ഹരികൃഷ്‌ണന്‍സ്‌ എന്ന സിനിമയിലും ഫാസില്‍ ഇതുപോലെ മമ്മൂട്ടിയെകൊണ്ട്‌ കളിപ്പിക്കുന്നുണ്ട്‌; അതും മോഹന്‍ലാലിന്റെ കൂടെ.
പപ്പയുടെ സ്വന്തം അപ്പൂസിലെ ക്ലൈമാക്‌സ്‌ സങ്കടകരമാണ്‌. ഒരു വീഴ്‌ചയിലൂടെയാണ്‌ ബാദുഷയുടെ കഥാപാത്രം അസുഖബാധിതനാകുന്നത്‌. കളിക്കളത്തിലും മറ്റും അതിനേക്കാള്‍ എത്രയോ വീഴ്‌ചകള്‍ കഴിഞ്ഞ എനിയ്‌ക്ക്‌ ആ തരത്തിലുള്ള അസുഖമെന്തെങ്കിലും ഉണ്ടാകുമോ എന്നൊരു ശങ്ക ആ സിനിമ എന്നില്‍ സൃഷ്‌ടിച്ചു. അമര്‍ത്തുമ്പോള്‍ ശരീരത്തിലെവിടെയൊക്കെയോ വേദനയുള്ളതുപോലെ.
തിരിച്ചു വീട്ടിലെത്തിയപ്പോഴാണ്‌ പുകില്‌. ഞങ്ങള്‍ ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ സിനിമയ്‌ക്ക്‌ പോയ കാര്യം അങ്ങാടിപ്പാട്ടായിരിക്കുന്നു. വീട്ടില്‍ ചെന്ന്‌ കയറിയ ഉടനെ അമ്മ എന്നെ പൊതിരെ തല്ലി. `നീയോ നശിച്ചു. മറ്റുള്ളോരേം കൂടി നശിപ്പിച്ചേ അടങ്ങൂ എന്ന്‌ വെച്ചാല്‍ ഞാന്‍ സമ്മതിക്കില്ല' എന്ന്‌ പറഞ്ഞായിരുന്നു ഭേദ്യം. `ബാക്കി അച്ഛന്‍ വന്നിട്ട്‌' എന്നൊരു ഭീഷണിയും മുഴക്കി. അച്ഛനും അങ്ങാടിയില്‍ നിന്ന്‌ വിവരമറിഞ്ഞു. വന്നപാടെ എന്നെ വീക്കി. `അവന്റെയൊരു പപ്പയുടെ സ്വന്തം അപ്പൂസ്‌, എന്താടാ അതിന്റെ കഥ?'
പ്രസാദിന്റെ കാര്യമായിരുന്നു കഷ്‌ടം. തനി യാഥാസ്ഥിതിക കുടുംബമായിരുന്നു അവന്റേത്‌. അയല്‍പ്പക്കക്കാരനായ അവന്റെ വീട്ടിലെ ബഹളം ഏതാണ്ട്‌ എന്റെ വീട്ടിലേക്ക്‌ കേള്‍ക്കുകയും കാണുകയും ചെയ്യാം. പ്രസാദിന്‌ അച്ഛനില്ലായിരുന്നു. ആ റോള്‍ നിറവേറ്റാന്‍ രാത്രി ഘനഗംഭീരന്‍മാരായ വലിയച്ഛനും ചെറിയച്ഛനും വന്നെത്തി. ആദ്യം പുളിവാറല്‍കൊണ്ടുള്ള അടി! ചോദ്യം: നീയിനി സിനിമ കാണ്വോ? ഉത്തരം : ഇല്ലാ... ചോദ്യം : നീയിനി കൂട്ടുകൂട്വോ? ഉത്തരം : ഇല്ലാ.... സംഗതി അവിടെകൊണ്ടുമവസാനിച്ചില്ല. ഗുരുതിയുഴിഞ്ഞ്‌ വിളക്ക്‌ കത്തിച്ച്‌ മരിച്ചുപോയ അച്ഛന്റെ സമാധിതൊട്ട്‌ അവനെക്കൊണ്ട്‌ ഇനിയൊരിക്കലും സിനിമ കാണുകയില്ലായെന്ന്‌ സത്യം ചെയ്യിച്ചു ആ ഭയങ്കര കാരണവന്മാര്‍. ഏതോ ബാധ കേറിയതുകൊണ്ടാണ്‌ പ്രസാദിന്‌ ഈ വക തോന്ന്യാസങ്ങള്‍ ചെയ്യാന്‍ തോന്നുന്നതെന്നും ദേശത്തെ മന്ത്രവാദിയെ കൊണ്ടുവന്ന്‌ ബാധയൊഴിപ്പിക്കണമെന്ന തീരുമാനവുമെടുത്തു അവര്‍. അവിടത്തെ രംഗങ്ങള്‍ സ്വകാര്യമായ്‌ നിരീക്ഷിച്ചുകൊണ്ടിരുന്ന എന്റെ പിന്നില്‍ വന്ന്‌ അമ്മ പിന്നെയും കിഴുക്കി. `നീയോ നശിച്ചു, മറ്റുള്ളോരേം...'
കാലമെത്രയോ കടന്നുപോയി. പുതിയകാലത്തെ കുട്ടികളുടെ സ്വാതന്ത്ര്യവും സൗകര്യങ്ങളും കണ്ട്‌ അസൂയ തോന്നിപ്പോകുന്നു.
1992 ല്‍ പുറത്തുവന്ന പപ്പയുടെ സ്വന്തം അപ്പൂസ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ടിവിയിലും മൊബൈലിലുമൊക്കെ കാണുമ്പോള്‍ അന്ന്‌ ആ സിനിമ കാണാന്‍ സഹിച്ച കഷ്‌ടതകളും പ്രസാദിന്റെ കാരണവന്‍മാരുടെ സത്യം ചെയ്യിക്കലുമൊക്കെ ചിരിയോടെ ഓര്‍മ്മവരും. ഇപ്പോള്‍ അതിലെ മമ്മൂട്ടിയുടെ നൃത്തരംഗങ്ങള്‍ കാണുമ്പോള്‍ അന്നത്തെയത്ര തന്നെ ഇഷ്‌ടക്കേടനുഭവപ്പെടുന്നില്ല. മകനെ രസിപ്പിക്കാന്‍ അച്ഛന്‍ നടത്തുന്ന ഗോഷ്‌ടികളായ്‌ കണ്ട്‌ ക്ഷമിക്കാവുന്നതേയുള്ളൂ. സംവിധായകന്‍ ഉദ്ദേശിച്ചതും അത്രയൊക്കെയാവും. അപ്പൂസിനേക്കാള്‍ ഫാസിലിന്റെ എനിക്കിഷ്‌ടപ്പെട്ട ചിത്രങ്ങള്‍ വേറെയാണ്‌. എന്നെന്നും കണ്ണേട്ടന്റെ, എന്റെ സൂര്യപുത്രിക്ക്‌, മണിച്ചിത്രത്താഴ്‌, അനിയത്തിപ്രാവ്‌ ഇവയൊക്കെ അതില്‍പ്പെടും. ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെ റേഞ്ചിലുള്ള, ജീവിച്ചിരിക്കുന്ന സംവിധായകനാണ്‌ ഫാസില്‍. വലിയ വിജയങ്ങളും വലിയ പരാജയങ്ങളും അദ്ദേഹത്തിന്റെ സിനിമകള്‍ക്കുണ്ടായിട്ടുണ്ട്‌. കൗമാര പ്രണയമാണ്‌ ഇഷ്‌ട വിഷയം. പുതിയ സിനിമയുമായി അദ്ദേഹം വരുമോ എന്നത്‌ കൗതുകകരമായ സംഗതിയാണ്‌. കാരണം അവസാന കാലത്തിറങ്ങിയ സിനിമകളെല്ലാം തുടര്‍ച്ചയായ പരാജയങ്ങളായിരുന്നു.


6. വൈശാലി
വൈശാലി സിനിമ ഇറങ്ങുംകാലത്ത്‌ ഭരതന്‍, എം.ടി തുടങ്ങിയ അതുല്യ പ്രതിഭാശാലികളായ കലാകാരന്മാരെക്കുറിച്ച്‌ എനിയ്‌ക്ക്‌ യാതൊന്നും അറിയില്ല. പില്‍ക്കാലത്ത്‌ മലയാളത്തിലെ എന്റെ പ്രിയ സംവിധായകനും എഴുത്തുകാരനും ഈ രണ്ട്‌ വ്യക്തികളായ്‌ തീര്‍ന്നു. എത്ര കണ്ടാലും മതിവരാത്ത സിനിമയാണ്‌ വൈശാലി. എന്റെ പ്രിയപ്പെട്ട സിനിമകളുടെ ശേഖരത്തില്‍ പ്രധാന സ്ഥാനം വൈശാലിക്കുണ്ട്‌. ഞാനെന്നും മധ്യവര്‍ത്തി സിനിമയുടെ വക്താവായിരുന്നു. ഭരതന്റെമൂന്ന്‌ സിനിമകള്‍ എന്റെ ശേഖരത്തിലുണ്ട്‌. ദേവരാഗവും വെങ്കലവുമാണ്‌ മറ്റുള്ളവ.
ഓരോ ഫ്രെയിമും ഓരോ കവിതയായനുഭവിപ്പിക്കുന്ന ഈ സിനിമയും കാണിച്ചുതന്നത്‌ ചെറിയച്ഛന്‍ ഗോപിയേട്ടനാണ്‌. ഗോപിയേട്ടന്റെ തറവാടായ പാലക്കാട്‌ ജില്ലയിലെ തണ്ണീര്‍ക്കോടിനടുത്തുള്ള കുമരനെല്ലൂരില്‍ നിന്നാണ്‌ ആദ്യം വൈശാലി കാണുന്നത്‌. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കുമരനെല്ലൂരില്‍ ഒരു തീയേറ്ററേ ഉണ്ടായിരുന്നുള്ളൂവെന്നും അത്‌ `പ്ലാസ' ആണെന്നും ഊഹിക്കുന്നു. ചിലപ്പോള്‍ എന്റെ നിഗമനം തെറ്റാകാനും മതി. അഞ്ചാറുകൊല്ലം മുമ്പ്‌ അതുവഴി പോയപ്പോള്‍ തിയേറ്റര്‍ നൊസ്റ്റാള്‍ജിയ ഉണര്‍ന്ന്‌ ഞാനാ കൊട്ടക തിരഞ്ഞു. അപ്പോഴതില്ല, കാലാന്തരത്തില്‍ എല്ലാ മിഡില്‍ക്ലാസ്‌ തിയേറ്ററുകള്‍ക്കും സംഭവിച്ചത്‌ പ്ലാസക്കും പറ്റി. കെട്ടിട സമുച്ചയമായത്‌ പരിണമിച്ചു. സിനിമാപ്രേമികളെ സംബന്ധിച്ച്‌ സങ്കടകരമായ കാര്യമാണത്‌.
കുട്ടിക്കാലത്ത്‌ സിനിമയിലെ മുഖ്യ ആകര്‍ഷണം സംഘട്ടനങ്ങളും തമാശകളുമാണല്ലോ. ഇത്‌ രണ്ടും വൈശാലിയിലില്ല. തിയേറ്ററില്‍ നിന്ന്‌ രണ്ടുവട്ടം ഈ സിനിമ കണ്ടതായോര്‍ക്കുന്നു. ചലച്ചിത്രങ്ങളിലെ കവിത്വം പിടികിട്ടാത്ത പ്രായമായതുകൊണ്ട്‌ ഇതില്‍ യുദ്ധമൊന്നും ഇല്ലല്ലോ എന്ന്‌ ഞാനച്ഛനോട്‌ പരിഭവിച്ചിരുന്നു. പുരാണമെന്നാല്‍ ആ പ്രായത്തില്‍ യുദ്ധമാണ്‌. എന്നാലും പാട്ടുകളൊക്കെ രസിച്ചു.
അതില്‍ പിന്നെ കാല്‍ നൂറ്റാണ്ട്‌ പിന്നിട്ട്‌ ഒരേകാകിയും സ്വപ്‌നജീവിയുമായ്‌ ഞാന്‍ പരിവര്‍ത്തനപ്പെട്ടപ്പോള്‍ സ്വാഭാവികമായ്‌ അഭിരുചികളും കാഴ്‌ചപ്പാടുകളും മാറി. ഇന്‍സ്‌പെക്‌ടര്‍ ബല്‍റാമും നരസിംഹവുമൊക്കെ ഇഷ്‌ടപടങ്ങളായിരുന്നിടത്തേക്ക്‌ ഭരതന്റെയും കെ.ജി. ജോര്‍ജ്ജിന്റെയും പത്മരാജന്റെയുമൊക്കെ അഭ്രകാവ്യങ്ങള്‍ വിരുന്നുവന്നു. അടൂരിലേക്കും കൊറിയന്‍ സംവിധായകന്‍ കിംകിം ഡുക്കിലേക്കുവരെ ചലച്ചിത്രാഭിനിവേശം നീണ്ടു. ഭരതനോടെന്തോ ഒരു പ്രത്യേക ഇഷ്‌ടം തോന്നി. അദ്ദേഹം സിനിമകള്‍ നിര്‍മ്മിക്കാന്‍ മാത്രം ജനിച്ച്‌ പൊലിഞ്ഞ സുവര്‍ണ്ണതാരകം തന്നെ. നൂറ്‌ ശതമാനം കലാകാരന്‍, ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത ശൈലിയും
മനോഭാവവും. ഒരുപക്ഷേ ചിത്രകാരന്‍ കൂടിയായതുകൊണ്ടാവാം അദ്ദേഹത്തിന്റെ ഫ്രെയിമുകള്‍ക്ക്‌ ഇത്രയും മിഴിവ്‌. അദ്ദേഹത്തിന്റെ മകനായ സിദ്ധാര്‍ത്ഥിന്‌ ആ പ്രതിഭാസ്‌പര്‍ശം ലഭിച്ചില്ലല്ലോ എന്നത്‌ ഖേദകരമായ കാര്യമാണ്‌. മുതിര്‍ന്നപ്പോള്‍ ഇന്റര്‍നെറ്റൊന്നും പ്രാപ്യമല്ലാത്ത സമയത്ത്‌ വൈശാലി സിനിമയുടെ സിഡി സംഘടിപ്പിച്ചെടുക്കാന്‍ ഞാനൊരുപാട്‌ കഷ്‌ടപ്പെട്ടു. വിപണിയില്‍ കൊമേഴ്‌സ്യലായ്‌ അതിന്റെ സി.ഡി. ലഭ്യമല്ലായിരുന്നു. വീണ്ടും കരഗതമായപ്പോള്‍ ഒരവധിദിനത്തിന്റെ തലേന്ന്‌ രാത്രി, ആരുടേയും ശല്യമില്ലാതെ ഒറ്റയ്‌ക്ക്‌ ഞാനാ ദൃശ്യ വിസ്‌മയം ആസ്വദിച്ച്‌ കണ്ടു. ടൈറ്റിലുകള്‍ ചികയല്‍ അപ്പോഴേക്കും എന്റെ വ്യതിരിക്തതയായ്‌ കഴിഞ്ഞിരുന്നു. ടൈറ്റിലുകളില്‍ മറഞ്ഞിരിക്കുന്നവരുടേയും അറിയപ്പെടാതെ പോയ കലാകാരന്മാരുടേയും ചുടുനിശ്വാസങ്ങളുണ്ട്‌, വഞ്ചനയുടെയും വാണിഭത്തിന്റെയും അവിശുദ്ധ രക്തമയമുണ്ട്‌. പിന്നെ അടക്കിപ്പിടിച്ച ഗദ്‌ഗദങ്ങളും പരിഭവങ്ങളും, തുടിപ്പും താളവും. ചിലപ്പോള്‍ ചരിത്രം ടൈറ്റിലുകളെ അപ്രസക്തമാക്കുന്നതായും കാണാം.
എം.ടി. എഴുതിയതില്‍ നിന്നും ചിലതെല്ലാം വ്യതിചലിച്ചാണ്‌ ഭരതന്‍ ചിത്രീകരിച്ചതെന്ന്‌ എം.ടി പിന്നീടെവിടെയോ സൂചിപ്പിക്കുകയുണ്ടായി. എം.ടി. ദേവദാസിയായ വൈശാലിയുടെ നിസ്സഹായതയിലും അരക്ഷിതാവസ്ഥയിലും ഊന്നി രചന നിര്‍വ്വഹിച്ചപ്പോള്‍ ഭരതന്‍ അത്‌ ഋഷ്യശൃംഗന്റെ കഥയായാണത്രെ കണ്ടത്‌. സംവിധായകവിരുതിന്റെ അപാരത വെളിപ്പെടുത്തുന്ന അനവധി രംഗങ്ങള്‍ വൈശാലിയിലുണ്ട്‌. ഋഷ്യശൃംഗനെ വശീകരിക്കാന്‍ കഴിവുള്ളവളെ കണ്ടെത്താന്‍, രാജാവും പുരോഹിതനും ചേര്‍ന്ന്‌ നടത്തുന്ന പരീക്ഷണത്തില്‍ നര്‍ത്തകിമാരുടെ ഒരു നൃത്തപ്രദര്‍ശനമുണ്ട്‌. വശ്യമായ പശ്ചാത്തലസംഗീതത്തിന്റെ പരിരംഭണത്തില്‍ ചാലിച്ചെടുത്ത ആ രംഗം ഒരു പൂവിതള്‍ വിരിയും പോലെ അത്രയും ഭാവാത്മകമായ്‌ ഭരതന്‌ മാത്രമെ സൃഷ്‌ടിക്കാന്‍ കഴിയൂ. സിനിമയിലെ അപ്രധാനമായ ഒരു രംഗമാണത്‌. അതുപോലെ ഋഷ്യശൃംഗന്‍ ജീവിതത്തിലാദ്യമായ സ്‌ത്രീയെ കാണുന്നത്‌, വൈശാലി ഋശ്യശൃംഗനെ ശാരീരികമായാകര്‍ഷിക്കാന്‍ ഒരു തോല്‍പ്പന്ത്‌ കാട്ടി കാണിക്കുന്ന കുസൃതികള്‍..... കലയുടെ പരമാവധി ലാവണ്യം അവിടെ ദര്‍ശിക്കാം. ഭരതന്‍ ടച്ച്‌ എന്ന്‌ ആസ്വാദകരും സിനിമാപ്രവര്‍ത്തകരും വിശേഷിപ്പിച്ചിരുന്ന മാന്ത്രികത വൈശാലി സിനിമയുടെ കാര്യത്തില്‍ തികച്ചും അന്വര്‍ത്ഥമാണ്‌. ഭരതന്‍ പിറവി നല്‍കിയ എല്ലാ സിനിമകളിലും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ സവിശേഷ സ്‌പര്‍ശമുണ്ട്‌. അവസാനമെടുത്ത്‌ വിജയിക്കാതെ പോയ ചുരത്തിലും ഇത്‌ അനുഭവപ്പെടും.
വൈശാലിയിലെ ലോമപാദമഹാരാജാവിന്റെ വേഷം ബാബു ആന്റണിക്ക്‌ ഒരിക്കല്‍ മാത്രം കൈവന്ന സൗഭാഗ്യമാണ്‌. ബാബു ആന്റണി മദ്രാസില്‍ ചാന്‍സ്‌ തേടി ഭരതന്റെ വാസസ്ഥലത്തെത്തിയപ്പോള്‍ വൈശാലിക്കായ്‌ ഭരതന്‍ മുമ്പേ വരച്ചുവെച്ചിരുന്ന ലോമപാദമഹാരാജാവിന്റെ സ്‌കെച്ചില്‍ അതുവരെ ഒരിക്കലും കാണാത്ത ബാബു ആന്റണിയുടെ മുഖമായിരുന്നത്രെ! അങ്ങനെ ഒരു നിയോഗം പോലെയാണ്‌ ബാബു ആന്റണി വൈശാലിയുടെ ഭാഗമാകുന്നത്‌. അതുപോലെ ശ്രീരാമന്റെ വിഭാണ്ഡകന്‍, ശ്രീരാമന്‍ വേറൊരു സിനിമയിലും ഈ തന്മയത്വത്തോടെ അഭിനയിച്ചിട്ടുണ്ടാകില്ല. ഒരു ഋഷിയുടെ അംഗോപചലനങ്ങള്‍ അത്രയും പൂര്‍ണ്ണതയോടെയാണ്‌ ശ്രീരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ക്ലൈമാക്‌സ്‌ എന്നാല്‍ കുറേ വെട്ടും കുത്തും കോലാഹലങ്ങളുമെക്കെയായി ചടപടാന്ന്‌ വേണമെന്നാണ്‌ മിക്ക സിനിമാ സ്രഷ്‌ടാക്കളുടെയും ധാരണ. എന്നാല്‍ വൈശാലിയുടെ ക്ലൈമാക്‌സ്‌ സ്വച്ഛമാണ്‌. രാജ്യത്തെ ആഘോഷതിമിര്‍പ്പിനിടയില്‍ അവഗണിക്കപ്പെട്ട്‌ വൈശാലി ഒറ്റപ്പെട്ടു പോകുന്നു. മഴയും പ്രളയവും. വൈശാലിയില്‍ നിന്ന്‌ കാമറ അകന്നകന്ന്‌ പോകുന്നു. അവിടെ സംവിധാനം ഭരതന്‍ എന്ന ടൈറ്റില്‍ തെളിയുന്നു, കഴിഞ്ഞു. വൈശാലി സിനിമ നിര്‍മ്മിച്ചതിനാല്‍ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ വൈശാലി രാമചന്ദ്രന്‍ എന്നായിരുന്നു കുറേകാലം അറിയപ്പെട്ടിരുന്നത്‌. വൈശാലിയെ അവതരിപ്പിച്ച ഒരപ്‌സരസ്സുപോലെ സുന്ദരി അയിരുന്ന സുപര്‍ണ്ണയെ ഇന്ന്‌ കണ്ടാല്‍ ആരും മൂക്കത്ത്‌ വിരല്‍വെക്കും. വലിയൊരു മാംസപര്‍വ്വതമായ്‌ പരിണാമപ്പെട്ടുപോയിരിക്കുന്നു സുപര്‍ണ്ണ.
വൈശാലി ഇന്നും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. എത്ര തവണയായെന്ന്‌ എനിയ്‌ക്ക്‌ തന്നെ തിട്ടമില്ല. സാഹിത്യത്തില്‍ ഖസാക്കിന്റെ ഇതിഹാസം പോലെ മുഷിപ്പില്ലാതെ എത്ര വേണമെങ്കിലും ആസ്വദിക്കാവുന്ന ഫിലിമാണ്‌ വൈശാലി. എം.ടി - ഭരതന്‍ ദ്വയത്തിന്റെ ആദ്യ സിനിമ കൂടിയാണ്‌ വൈശാലി. വര്‍ഷം 1988. ശേഷം അവര്‍ ഒരു സിനിമയില്‍ കൂടിയേ ഒരുമിച്ചുള്ളൂ. അത്‌ മോഹന്‍ലാല്‍ ചിത്രമായ താഴ്‌വാരം.


7. നാടോടിക്കാറ്റ്‌
സിനിമാകൊട്ടകയില്‍ നിന്നോ ദൂരദര്‍ശനില്‍ നിന്നോ അല്ല നാടോടിക്കാറ്റ്‌ കാണുന്നത്‌. ഗ്രാമത്തിലെ കുഞ്ഞുണ്ണി ചെട്ട്യാര്‍ എന്ന ഗള്‍ഫ്‌ പ്രവാസിയുടെ വീട്ടില്‍ നിന്ന്‌ വി.സി.ആറിന്റെയും കാസറ്റിന്റെയും ആ കാലത്ത്‌. ചെട്ട്യാര്‍ നാട്ടില്‍ വന്നാല്‍ മാത്രമേ പുറമെക്കാര്‍ക്ക്‌ വീട്ടിലേക്ക്‌ പ്രവേശനമുള്ളൂ. അല്ലാത്തപ്പോഴൊക്കെ ആ ഇരുനിലവീടിന്റെ ഗൈറ്റ്‌ അടഞ്ഞുകിടക്കും. അന്നും ഇന്നും അവിടെയുള്ളവര്‍ക്ക്‌ അയല്‍പക്കക്കാരുമായ്‌ കാര്യമായ സൗഹൃദമില്ല. ഗൈറ്റ്‌ തുറന്നു കിടക്കുന്നു എന്നു കണ്ടാല്‍ ചെട്ട്യാര്‍ വന്നിരിക്കുന്നുവെന്നര്‍ത്ഥം. അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അങ്ങോട്ടിരക്കും. ഓഫീസ്‌മുറിയിലാണ്‌ ടി.വി. സിറ്റൗട്ടിന്‌ ഹാന്‍ഡ്‌ഗ്രില്ലുണ്ട്‌. അത്‌ തുറന്നു തരില്ല. ചെറിയ പോര്‍ച്ചില്‍ നിന്നു വേണം സിനിമ കാണാന്‍. അതിനവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ക്ഷണിക്കാതെ വലിഞ്ഞുകേറിവരുന്ന ഈ നാനാതരം അതിഥികളെ വിളിച്ചിരുത്തിയാല്‍ ചില ശല്യങ്ങളുമുണ്ട്‌. കൊക്കിക്കുരക്കുക, കീഴ്‌ശ്വാസം വിട്ട്‌ നാറ്റിക്കുക, മുറുക്കുന്നവരും ബീഡിവലിക്കാരുണ്ടെങ്കില്‍ ആ വക പ്രശ്‌നങ്ങള്‍..... മേലേപ്പാട്ടുകാരെപ്പോലെ ഇതെല്ലാം സഹിക്കുന്നത്ര ഉദാരരല്ല ചെട്ട്യാര്‍ ഫാമിലി. നാടോടിക്കാറ്റ്‌ കൂടാതെ കടത്തനാടന്‍ അമ്പാടി, കിഴക്കന്‍ പത്രോസ്‌, നായര്‍സാബ്‌ തുടങ്ങി കുറച്ച്‌ സിനിമകള്‍ ഇങ്ങനെ കുഞ്ഞുണ്ണി ചെട്ട്യാരുടെ പോര്‍ച്ചില്‍ നിന്നെത്തിവലിഞ്ഞ്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.
1987 ല്‍ പ്രേക്ഷകരെ ഇളക്കിമറിച്ച സിനിമയാണ്‌ ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത നാടോടിക്കാറ്റ്‌. വിദ്യാസമ്പന്നര്‍ കൂടുകയും തൊഴിലില്ലായ്‌മ രൂക്ഷമാകുകയും ചെയ്‌ത കാലഘട്ടം. അന്ന്‌ തൊഴിലെന്നാല്‍ സര്‍ക്കാരുദ്യോഗമാണ്‌. തൊഴിലധിഷ്‌ഠിത സാങ്കേതിക വിദ്യാഭ്യാസ സമ്പ്രദായമൊന്നും അക്കാലത്ത്‌ സാധാരണമായിട്ടില്ല. ബിരുദധാരികളായ്‌ ആയിരക്കണക്കിന്‌ ചെറുപ്പക്കാര്‍ തൊഴില്‍ കിട്ടാതെ ഗതിമുട്ടി അരക്ഷിതാവസ്ഥയിലും അപകര്‍ഷതയിലും കഴിഞ്ഞുകൂടുന്ന സമയത്ത്‌ തങ്ങളുടെ പ്രശ്‌നങ്ങളും സ്വപ്‌നങ്ങളും ഹാസ്യത്തിലൂന്നി പ്രതിഫലിപ്പിച്ച നാടോടിക്കാറ്റ്‌ അവര്‍ ഹൃദയം കൊണ്ടേറ്റുവാങ്ങി. ബികോം ഫസ്റ്റ്‌ ക്ലാസില്‍ പാസ്സായ ദാസനേയും പ്രീഡിഗ്രി തോറ്റ വിജയനേയും യഥാക്രമം മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ചു.
`എടാ ബികോം ഫസ്റ്റ്‌ ക്ലാസില്‍ പാസ്സായ ഞാനും പ്രീഡിഗ്രി തോറ്റ നീയും ഒരിക്കലും തുല്ല്യരാവില്ല. നാടോടിക്കാറ്റില്‍ മോഹന്‍ലാല്‍ ഇടയ്‌ക്കിടെ പറയുന്ന ഈ ഡയലോഗ്‌ ടി.വി. ഹാസ്യ പ്രോഗ്രാമുകളിലൂടെയും ട്രോളുകളിലൂടെയും ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തിനും ഇതില്‍പരം സാഫല്യം എന്തുവേണം?
വേറെയും ഒരുപാട്‌ ചിരിമുഹൂര്‍ത്തങ്ങള്‍ ഒത്തിണങ്ങിയ സിനിമയായിരുന്നു നാടോടിക്കാറ്റ്‌. മാമുക്കോയയുടെ ഗഫൂര്‍ക്ക ദാസനേയും വിജയനേയും ദുബായ്‌ ആണെന്നു പറഞ്ഞ്‌ മദ്രാസില്‍ വിട്ട്‌ തട്ടിപ്പ്‌ നടത്തുന്നത്‌ എവര്‍ഗ്രീന്‍ കോമഡി സീനാണ്‌. ക്യാപ്‌റ്റന്‍ രാജു ആദ്യമായ്‌ ചെയ്യുന്ന കോമഡിവേഷവും നാടോടിക്കാറ്റിലേതാണ്‌. ഭീരുവും എന്നാല്‍ എങ്ങനെയോ പരിവേഷം ചാര്‍ത്തപ്പെടുകയും ചെയ്‌ത പ്രൊഫഷണല്‍ കില്ലര്‍ പവനായി. പിന്നീട്‌ രണ്ട്‌ ദശാബ്‌ദത്തിന്‌ ശേഷം ദിലീപ്‌ ചിത്രമായ സി.ഐ.ഡി. മൂസയില്‍ ഏതാണ്ടിതുപോലൊരു വേഷം ചെയ്‌ത്‌ ക്യാപ്‌റ്റന്‍ കയ്യടി നേടി.
തൊഴില്‍ രഹിതരായ ദാസനും വിജയനും ജീവിച്ചുപോകാന്‍ നാട്ടില്‍ ഒരുവിധം തരികിടകളൊക്കെ കളിച്ച്‌ ക്ലച്ച്‌ പിടിക്കാതെ മദ്രാസിലെത്തിപ്പെടുകയും ധാരാളം പുകിലുകളിലൂടെ കടന്നുപോയി അവസാനം ബോധപൂര്‍വ്വമല്ലാതെ ഒരു കള്ളക്കടത്തുകാരനെ - തിലകന്‍ - പിടികൂടി സി.ഐ.ഡി. കളായ്‌ തീരുകയും ചെയ്യുന്നതാണ്‌ കഥാവൃത്തം. അപ്രധാന നായികാവേഷത്തില്‍ ശോഭനയാണ്‌. സുഹൃത്തുക്കളാണെങ്കിലും മോഹന്‍ലാലും ശ്രീനിവാസനും എപ്പോഴും വഴക്കും, തരംകിട്ടുമ്പോഴൊക്കെ പരസ്‌പരം പാര പണിയാന്‍ ശ്രമിക്കുന്നവരുമാണ്‌. നാട്ടുമ്പുറങ്ങളിലൊക്കെ ഈ തരത്തിലുള്ള ആളുകളെ ദാസനും വിജയനും എന്ന്‌ കളിയാക്കി വിളിക്കുന്ന ഒരു ശൈലി നാടോടിക്കാറ്റിന്‌ ശേഷം രൂപപ്പെട്ടു. ഇടയ്‌ക്ക്‌ ശ്രീനിവാസന്‍ മോഹന്‍ലാലിനോട്‌ പിണങ്ങി സിനിമയില്‍ അഭിനയിച്ച്‌ `രക്ഷപ്പെടാന്‍' സംവിധായകന്‍ ഐ.വി. ശശിയുടെ പക്കലിലേക്ക്‌ പോകുന്ന രസകരമായ രംഗമുണ്ട്‌. ഐ.വി. ശശി അഭിനയിച്ച ഒരേയൊരു സിനിമയാണ്‌ നാടോടിക്കാറ്റ്‌. ശ്യാം ട്യൂണിട്ട `വൈശാഖസന്ധ്യേ...' എന്ന ഗാനം എക്കാലത്തേയും പാട്ടുപ്രേമികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നു.
എണ്‍പതുകളിലെ മോഹന്‍ലാലിന്റെ ഹിറ്റ്‌ സിനിമകളില്‍ പ്രമുഖ സ്ഥാനം നാടോടിക്കാറ്റിനുണ്ട്‌. ഇന്നും ഇതിലെ ചിരിരംഗങ്ങള്‍ക്ക്‌ കോട്ടം തട്ടിയിട്ടില്ല. കേരള സിനിമാചരിത്രത്തിലാദ്യമായ്‌ ഈ സിനിമക്ക്‌ രണ്ടാംഭാഗവും മൂന്നാംഭാഗവും ഇറങ്ങുകയുമുണ്ടായി (പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ). സാമാന്യ വിജയങ്ങളായിരുന്നു ഇവ രണ്ടും.
കുറച്ച്‌ വര്‍ഷം മുമ്പ്‌ സംവിധായകന്‍ സിദ്ധിഖ്‌ സമകാലിക മലയാളം വാരികക്ക്‌ നല്‍കിയ ഒരഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ നാടോടിക്കാറ്റിനേയും ശില്‌പികളേയും വിവാദച്ചുഴിയില്‍ പെടുത്തി. സിദ്ധിഖ്‌ -ലാല്‍ സംവിധായകരാകുന്നതിന്‌ മുമ്പ്‌ ചില തിരക്കഥകള്‍ രചിച്ച്‌ സംവിധായകരോടവതരിപ്പിക്കുകയുണ്ടായി. അതില്‍ ചിലതെല്ലാം സിനിമയാവുകയും ചെയ്‌തു. നാടോടിക്കാറ്റ്‌ അങ്ങനെ സത്യന്‍ അന്തിക്കാടിനോടവതരിപ്പിച്ചെന്നും സത്യന്‍ അന്തിക്കാട്‌ സിദ്ധിഖ്‌ - ലാലുമാരെ മടക്കി പിന്നീട്‌ ശ്രീനിവാസനെ വെച്ച്‌ ചില മിനുക്കുപണികള്‍ നടത്തി ചിത്രം പുറത്തിറക്കിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. സിദ്ധിഖ്‌ - ലാലിന്‌ സ്റ്റോറി ഐഡിയ എന്നൊരു ക്രെഡിറ്റും കൊടുത്തു. അഭിമുഖത്തിന്‌ ശേഷം സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും നിഷേധ പ്രതികരണം വന്നപ്പോള്‍ സിദ്ധിഖ്‌ നിലപാട്‌ തിരുത്തി രംഗത്തു വന്നു.
പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത പല സിനിമകള്‍ക്ക്‌ പിന്നിലും ചതിയുടെയും വഞ്ചനയുടെയും പശ്ചാത്തലങ്ങള്‍ ഉണ്ട്‌. വിടവുകള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ചിലതെല്ലാം ബോദ്ധ്യപ്പെടും. ഹോളിവുഡിലെ `മീറ്റൂ' പോലൊരു പ്രതിഭാസം മലയാളസിനിമാ മേഖലയില്‍ ഉണ്ടായ്‌ നോക്കട്ടെ. പല വിഗ്രഹങ്ങളുടെയും താരങ്ങളുടെയും ഇമേജ്‌ തെറിക്കും. അന്യായമായ്‌ വെട്ടിപ്പിടിച്ചതിനേയും അകറ്റിനിര്‍ത്തിയതിനെയും പുറത്തേക്ക്‌ കൊണ്ടുവരാന്‍ കാലത്തിനൊരു സവിശേഷ സിദ്ധിയുണ്ട്‌. ഓര്‍ക്കുന്നത്‌ നന്നായിരിക്കും.


8. സ്‌ഫടികം
1995 ലായിരുന്നു ഭദ്രന്‍ സംവിധാനം ചെയ്‌ത മെഗാഹിറ്റ്‌ ചിത്രം സ്‌ഫടികത്തിന്റെ റിലീസ്‌. ഞാനാ സമയം തിരൂര്‍ എം.ഡി.പി.എസ്‌.ഐ.ടി.സി. യില്‍ പഠിക്കുകയാണ്‌. പില്‍ക്കാലത്ത്‌ എന്റെ ജീവിതത്തില്‍ ഒരു തരത്തിലും ഉപകാരപ്പെടാതെ പോയ ആ പഠനകാലം ദാരിദ്ര്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കഷ്‌ടതകളില്‍ പെട്ട്‌ ഉഴറുന്ന ദാരുണ കാലയളവു കൂടിയാണ്‌. അച്ഛനപ്പോഴേക്കും സമ്പൂര്‍ണ്ണ മദ്യപാനിയായി കഴിഞ്ഞിരുന്നു. അദ്ദേഹവുമായ്‌ ഒരു തരത്തിലും ഒത്തുപോകാന്‍ പറ്റാതെ ഞാനും അമ്മയും അമ്മയുടെ തറവാട്ടില്‍ ആശ്രിതരായാണ്‌ താമസം. പ്രൈവറ്റായതിനാല്‍ ഐ.ടി.സിയില്‍ ഫീസടക്കണം. പേരശ്ശനൂരില്‍ നിന്ന്‌ മൂന്നര കി.മീ. കുറ്റിപ്പുറത്തേക്ക്‌ നടന്ന്‌ അവിടെ നിന്ന്‌ തിരൂരിലേക്ക്‌ ബസ്സിലാണ്‌ യാത്ര. 60 പൈസയാണ്‌ സി.ടി. കൃത്യം ഒരു രൂപ ഇരുപത്‌ പൈസയുമായിട്ടാണ്‌ മിക്കപ്പോഴും ഐ.ടി.സി. യിലേക്കുള്ള എന്റെ യാത്ര. ഈ കോഴ്‌സ്‌ പൂര്‍ത്തിയായാല്‍ പ്രമുഖമായ ഏതെങ്കിലും കമ്പനിയില്‍ വെല്‍ഡറായ്‌ ജോലി ലഭിക്കും എന്ന പ്രത്യാശയിലാണ്‌ ഓരോ ദിവസവും ഉന്തിനീക്കുന്നത്‌. ഐ.ടി.സി. യിലെ എന്റെ സുഹൃത്ത്‌
എ.ആര്‍. നഗറില്‍ നിന്നും വന്നിരുന്ന സുധീറാണ്‌. സുധീര്‍ മോഹന്‍ലാലിന്റെ കട്ടഫാനാണ്‌. ചിലവാക്കാന്‍ കയ്യില്‍ അത്യാവശ്യം പണമുണ്ട്‌. അച്ഛനും ഏട്ടനും ഏട്ടത്തിയമ്മയുമുണ്ട്‌ അവന്‌ പണം കൊടുക്കാന്‍. ഏട്ടത്തിയമ്മയെ കുറിച്ച്‌ എത്ര പറഞ്ഞാലും സുധീറിന്‌ മതിവരില്ല. തിരൂരില്‍ അന്ന്‌ അഞ്ച്‌ പ്രധാന തീയേറ്ററുകളാണ്‌ ഉള്ളത്‌. വിശ്വാസ്‌, ഖയാം, ഐശ്വര്യ, സെന്‍ട്രല്‍, ചിത്രസാഗര്‍. ഇവിടെ വരുന്ന മോഹന്‍ലാലിന്റെ എല്ലാ സിനിമകളും പ്രാക്‌ടിക്കല്‍ ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ സുധീര്‍ കാണും. സിനിമ കാണാന്‍ എന്നെയും ക്ഷണിക്കും. കയ്യില്‍ കാശില്ല എന്നതാണ്‌ പ്രധാന പ്രശ്‌നമെങ്കിലും അതിനേക്കാള്‍ വേറൊരു കാര്യമാണ്‌ എന്നെ വല്ലാതെ അലട്ടിയത്‌. ഒരു ദരിദ്രയിടത്തില്‍ നിന്ന്‌, അമ്മ മേലേപ്പാട്ട്‌ വീട്ടിലെ അടുക്കളപ്പണി ചെയ്‌തും പശുവിനെ വളര്‍ത്തിയും അരിഷ്‌ടിച്ചുണ്ടാക്കുന്ന തുച്ഛം പൈസ തന്ന്‌ പ്രതീക്ഷാപൂര്‍വ്വം നഗരത്തിലേക്ക്‌ പഠിക്കാനയക്കുകയാണെന്നെ. ഞാന്‍ രക്ഷപ്പെട്ടിട്ടു വേണം അമ്മയ്‌ക്കൊന്ന്‌ നടുനിവര്‍ത്താന്‍. ആ ബോധം വലിയ ഉത്തരവാദിത്വമായ്‌ ഉള്ളിലുള്ളതിനാല്‍ ക്ലാസ്‌ ഒഴിവാക്കി വിനോദിക്കാന്‍ പോകുക എന്നത്‌ കടുത്ത അപരാധമായ്‌ തോന്നി. അതുകൊണ്ട്‌ സുധീര്‍ ടിക്കെറ്റെടുത്ത്‌ തരാമെന്ന്‌ പറഞ്ഞിട്ടും ഞാനൊഴിഞ്ഞു.
പ്രാക്‌ടിക്കല്‍ ക്ലാസില്‍ വെറുതെ സൊറ പറഞ്ഞിരിക്കാന്‍ ഇഷ്‌ടംപോലെ നേരമുണ്ട്‌. ആ വേളയില്‍ സുധീര്‍ കണ്ട, പുതിയ സിനിമകളുടെ കഥ പറയും. ലാലേട്ടന്റെ അഭിനയം, ഫൈറ്റ്‌, തമാശ എല്ലാം കൊഴുപ്പിക്കും. ഒരു സൈഡില്‍ നിന്ന്‌ നേക്കിയാല്‍ സുധീറിനെ കാണാന്‍ മോഹന്‍ലാലിന്റെ ഒരു ച്ഛായയുണ്ടെന്ന്‌ പറഞ്ഞ്‌ പുള്ളിയെ ഞങ്ങള്‍ മൂപ്പിക്കും. അത്‌ കേള്‍ക്കുന്നത്‌ അയാള്‍ക്ക്‌ വലിയ അഭിമാനമാണ്‌. ശരിക്കും കുറച്ച്‌ ച്ഛായയുണ്ടെന്ന്‌ തന്നെ കൂട്ടിക്കോളൂ. ഈ സമയത്താണ്‌ ആടുതോമ എന്ന പുലിക്കുട്ടിയെ അവതരിപ്പിച്ചുകൊണ്ട്‌ സ്‌ഫടികം സിനിമയുടെ വരവ്‌. സുധീറത്‌ ഫസ്റ്റ്‌ ദിനത്തില്‍ തന്നെ ഞെങ്ങിഞെരുങ്ങി ചവിട്ടും കുത്തും കൊണ്ട്‌ ടിക്കറ്റെടുത്ത്‌ കണ്ടു.
പിറ്റേന്ന്‌ പ്രാക്‌ടിക്കല്‍ ക്ലാസില്‍ സുധീറിന്‌ സ്‌ഫടികത്തെ കുറിച്ച്‌ പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല. അതുവരെ മലയാള സിനിമയില്‍ പറഞ്ഞിട്ടില്ലാത്ത പ്രമേയം, സൂപ്പര്‍ ഹീറോയിസം. കുറ്റിക്കാടന്‍ എന്ന പോലീസുകാരനാണ്‌ വില്ലന്‍. ഒന്നുകൂടി കാണുന്നുണ്ടുപോലും. രണ്ടുമൂന്ന്‌ ദിവസം കഴിഞ്ഞപ്പോള്‍ വേറേയും കുറച്ച്‌ ക്ലാസ്‌മേറ്റ്‌സ്‌ ചിത്രം കണ്ടു. അതില്‍ ചില മമ്മൂട്ടി ഫാന്‍സുകാരുമുണ്ടായിരുന്നു. അവരും ഈ ലാല്‍ചിത്രത്തെ വളരെ പുകഴ്‌ത്തിയാണ്‌ സംസാരിച്ചത്‌. മമ്മൂട്ടി ചെയ്‌താല്‍ ശരിയാവാത്ത ഒരു വേഷമാണ്‌ ആടുതോമ. കണ്ടവരില്‍ ഞങ്ങളേക്കാള്‍ അല്‌പം മുതിര്‍ന്ന പ്രമേദ്‌ എന്ന സ്റ്റുഡന്റ്‌ വളരെ ആധികാരികമായ്‌ സ്‌ഫടികത്തെ കുറിച്ച്‌ സംസാരിച്ചു. ഇലക്‌ട്രോണിക്‌സില്‍ പ്രതിഭയുള്ള മകന്‍, പക്ഷെ പിതാവിന്‌ ഗണിതത്തിലാണ്‌ താല്‍പ്പര്യം. തന്നെപ്പോലെ അറിയപ്പെടുന്ന ഒരു മാത്തമാറ്റിഷ്യനാക്കാന്‍ മകന്റെ നൈസര്‍ഗികതയെ ചവിട്ടിമെതിച്ച്‌ അപ്പന്‍ നടത്തുന്ന ശ്രമങ്ങള്‍. കാലാന്തരത്തില്‍ തോമസ്‌ എന്ന മകന്‍ ഇതൊന്നുമാകാതെ ഒന്നാന്തരം റൗഡിയായി തീരുന്നു. ചാക്കോമാഷ്‌ എന്ന അപ്പന്‍ ഒരു മയവുമില്ലാതെ എന്നും മകനെ താഴ്‌ത്തിക്കെട്ടി മാത്രം പെരുമാറുന്നു; ക്രൂരന്‍. കാണേണ്ട സിനിമയാണ്‌ സ്‌ഫടികം.
പിതാവിനെപറ്റി പ്രമോദ്‌ പറഞ്ഞ വാചകം എന്റെ ഉള്ളിലെവിടെയോ കൊണ്ടു. മകനെ എന്നും പരിഹസിക്കുകയും താഴ്‌ത്തിക്കെട്ടുകയും ചെയ്യുന്ന അച്ഛന്‍! എന്റെ അച്ഛനും അങ്ങനെയല്ലേ? അച്ഛന്‌ ചെറുപ്പത്തില്‍ കളരിയഭ്യാസിയാകാനായിരുന്നു ആഗ്രഹം. പക്ഷെ സഫലീകരിക്കാന്‍ കഴിഞ്ഞില്ല. ആ മോഹഭംഗം ഉള്ളില്‍ കിടന്ന്‌ പുകഞ്ഞു. മക്കളായപ്പോള്‍ എന്നെയും അനിയനേയും മികച്ച കളരിയഭ്യാസികളാക്കി ആശ തീര്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എനിയ്‌ക്ക്‌ താല്‍പ്പര്യം ആര്‍ട്‌സിലായിരുന്നു. പക്ഷെ അത്‌ കണക്കിലെടുക്കാതെ കഠിനമായ്‌ ശിക്ഷിച്ചും ഭീഷണിപ്പെടുത്തിയും കളരിമുറകള്‍ പഠിപ്പിച്ചു. ചെറിയ പ്രായത്തിലെ തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കും പോലെ വാളും പരിചയും വരെ ശീലിപ്പിച്ചു......
`എനിയ്‌ക്ക്‌ സ്‌ഫടികം കാണണമെന്നുണ്ട്‌.' ഞാനത്‌ പറഞ്ഞപ്പോള്‍ സുധീറിനത്ഭുതമായി. എങ്കില്‍ വെള്ളിയാഴ്‌ച മാറ്റിനിയ്‌ക്ക്‌ പോകാമെന്ന്‌ സുധീര്‍. വെള്ളിയാഴ്‌ച ക്ലാസ്‌ കട്ട്‌ ചെയ്യാന്‍ വളരെ എളുപ്പമാണ്‌. സുധീര്‍ പറഞ്ഞപോലെ എന്റെ ടിക്കറ്റിന്റെ പൈസ വഹിച്ചു. എന്റെ അച്ഛന്റെ പ്രതിരൂപമായ്‌ ഞാന്‍ തിലകന്റെ ചാക്കോമാഷിനെ കണ്ടു. ചാക്കോമാഷും തോമസ്‌ചാക്കോയും തമ്മിലുള്ള വൈരാഗ്യത്തിന്റെയും മത്സരത്തിന്റെയും കഥയാണ്‌ സ്‌ഫടികം. സിനിമയെ ചുഴിഞ്ഞാല്‍ ചാക്കോമാഷാണ്‌ കുറ്റിക്കാടനേക്കാള്‍ വലിയ വില്ലന്‍. ചാക്കോമാഷ്‌ മകനെ ക്രൂരമായ്‌ ശിക്ഷിക്കുമ്പോഴൊക്കെ എന്റെ കണ്ണുകള്‍ നനഞ്ഞു. ഇങ്ങനെ എത്ര ശിക്ഷാനടപടികളിലൂടെ ഞാന്‍ കടന്നുപോയിരിക്കുന്നു. വലിയ റൗഡിയാണെങ്കിലും മംഗലശ്ശേരി നീലകണ്‌ഠനെ പോലെ മനസ്സലിവുള്ള ആളുമാണ്‌ തോമ. സൈക്കോളജിക്കലായ്‌ നോക്കിയാലും ഈ സിനിമയ്‌ക്ക്‌ സാംഗത്യമേറെയാണ്‌. താനര്‍ഹിക്കും വിധം ആകാതെ പോയ നിരാശയും കലിപ്പും ആടുതോമ സമൂഹം ഏറിയകൂറും വെറുപ്പോടെ കാണുന്ന പോലീസുകാരുടേയും കഠിനഹൃദയരുടേയും മേല്‍ തീര്‍ക്കുകയാണ്‌. ഒരു സാധാരണ പൗരന്‌ തന്റെ ക്ഷോഭവും എതിര്‍പ്പും പോലീസുകാരോട്‌ പ്രകടിപ്പിക്കാന്‍ നമ്മുടെ സൊസൈറ്റിയില്‍ നിര്‍വ്വാഹമില്ല. ന്യായം തേടി ഒറ്റയ്‌ക്ക്‌ പോലീസ്‌ സ്റ്റേഷനില്‍ പോയാല്‍ ആള്‍ക്ക്‌ തിക്താനുഭവമാണുണ്ടാകുക. അത്രക്ക്‌ ഗംഭീരമാണ്‌ നമ്മുടെ പോലീസ്‌. പോലീസുകാരോടുള്ള തങ്ങളുടെ മനസ്സിലെ പകയും അമര്‍ഷവും ആടുതോമ നിവര്‍ത്തിക്കുന്നതു കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ കയ്യടിക്കാതിരിക്കാനോ അംഗീകരിക്കാതിരിക്കാനോ ആവില്ല. സ്‌ഫടികത്തെ വന്‍ വിജയമാക്കിയതിന്‌ നിദാനം പ്രേക്ഷകരുടെ ഈ മനോഭാവമാണ്‌. ഹൈക്ലാസിനെ സ്‌പര്‍ശിക്കാന്‍ അച്ഛന്‍ മകന്‍ ഈഗോ ക്ലാഷും. അതിനും വേണ്ടത്ര സാധ്യതകളുണ്ട്‌. മോഹന്‍ലാലിന്‌ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അഭിനയമായിരുന്നു തിലകന്റേതും. പെരുന്തച്ചന്‍ കഴിഞ്ഞാല്‍ തിലകനേറെ ഓര്‍മ്മിക്കപ്പെടുക ഈ കഥാപാത്രത്തിലൂടെയായിരിക്കും. മികച്ച സംവിധാനത്തോടൊപ്പം കെട്ടുറപ്പുള്ള തിരക്കഥയും സ്‌ഫടികത്തിന്റെ പ്രത്യേകതയാണ്‌. മസാലച്ചേരുവകളേറെയുണ്ടെങ്കിലും പ്രേക്ഷകമനസ്സിനെ അഗാധമായ്‌ സ്‌പര്‍ശിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്‌. തെരുവില്‍ ഒരു കുട്ടി കരയുന്നത്‌ കണ്ട്‌ ആടുതോമ ഐസ്‌ക്രീമുമായ്‌ ആ കുട്ടിയെ സമീപിച്ച്‌ കാര്യം തിരക്കുന്നു. അച്ഛനെന്നെ തല്ലിയെന്ന്‌ കുട്ടി പറയുമ്പോള്‍ ആടുതോമയുടെ കണ്ണുകള്‍ നിറയുന്നു; പ്രേക്ഷകന്റെയും. കുറ്റിക്കാടന്‍ എന്ന പോലീസുകാരനെ അവതരിപ്പിച്ച്‌ പിന്നീട്‌ സ്‌ഫടികം ജോര്‍ജ്ജ്‌ എന്നറിയപ്പെട്ട നടന്‍ നല്ല പ്രകടനമാണ്‌ കാഴ്‌ചവെച്ചത്‌. പിന്നീടുള്ള അദ്ദേഹത്തിന്റെ സിനിമാജീവിതത്തില്‍ അത്രയും ഉഗ്രനായ ഒരു വില്ലനെയോ കഥാപാത്രത്തെയോ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ല. സ്‌ഫടികത്തില്‍ ആരോചകമായ്‌ അനുഭവപ്പെടുന്ന ഒരു രംഗമുണ്ടെങ്കില്‍ അത്‌ ഉര്‍വ്വശി കള്ളുകുടിച്ച്‌ പാടുന്ന ഗാനരംഗമാണെന്ന്‌ ഞാന്‍ പറയും. ഉര്‍വ്വശിയുടെ തുളസി എന്ന ടീച്ചറുടെ വ്യക്തിത്വത്തിന്‌ ചേരുന്നതല്ല ആ രംഗം. ഉര്‍വ്വശിയുടെ അഭിനയവും അവിടെ മഹാബോറ്‌.
രണ്ടരപതിറ്റാണ്ടിനപ്പുറം വരെയുള്ള രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും, കുട്ടികളെ നേര്‍വഴിക്ക്‌ നടത്താനും അനുസരണാശീലമുള്ളവരാക്കാനും തല്ലി ശരിയാക്കുക എന്നൊരു കാടന്‍
വിചാരമാണുണ്ടായിരുന്നത്‌. ചൂരല്‍വടി, പുളിവാറല്‍ ഇതൊക്കെയായിരുന്നു അതിന്‌ വേണ്ടിയുള്ള അവരുടെ ആയുധങ്ങള്‍. ഗാന്ധിജിയുടെ ആദര്‍ശവും ദര്‍ശനങ്ങളുമെല്ലാം അവര്‍ പഠിപ്പിച്ചു. പക്ഷെ അത്‌ സ്വയം പഠിക്കുകയോ ചിലതെങ്കിലും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനോ മുതിര്‍ന്നില്ല. അങ്ങനെയെങ്കില്‍ തലമുറകളുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുകയും സമൂഹത്തിന്‌ ഗുണകരമാകുകയും ചെയ്യുമായിരുന്നു. അത്തരം സമൂഹത്തില്‍ ആടുതോമമാര്‍ സംഭവിക്കുകയില്ല. സ്‌നേഹമാണ്‌ നേര്‍വഴിക്ക്‌ നടത്താനും കുട്ടികളെ - ഏവരേയും - വരുതിക്ക്‌ നിര്‍ത്താനുമുള്ള ഒറ്റമൂലി. സ്‌ഫടികം സിനിമ കേവല വിനോദത്തിനപ്പുറം ഇത്തരം ചിന്താശകലങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ തരുന്നുണ്ട്‌. സ്‌ഫടികത്തിന്‌ ശേഷം അതുപോലൊരു വന്‍വിജയം സമ്മാനിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ഭദ്രന്‌ സാധിച്ചില്ല. ഇപ്പോള്‍ സ്‌ഫടികത്തിന്‌ രണ്ടാംഭാഗം ഒരുങ്ങുന്നു എന്നൊക്കെ വാര്‍ത്ത വരുന്നുണ്ട്‌. ശരിയാണോ, എന്തോ?
എന്തായാലും ഐ.ടി.സി. യിലെ പഠനത്തിനിടയ്‌ക്ക്‌ സുധീറിനൊപ്പം വേറെയും ചിത്രങ്ങള്‍ കണ്ടെങ്കിലും ക്ലാസ്‌ കട്ട്‌ ചെയ്‌തു എന്ന കുറ്റബോധം അനുഭവപ്പെടാത്ത ഒരേയൊരു സിനിമയായിരുന്നു അന്ന്‌ എന്നെ സംബന്ധിച്ച്‌ സ്‌ഫടികം.


7. സല്ലാപം
തിരൂരിലെ തൊഴിലധിഷ്‌ഠിതപഠനം കൊണ്ട്‌ കേന്ദ്രഗവ: സര്‍ട്ടിഫിക്കറ്റ്‌ സ്വന്തമാക്കി എന്നല്ലാതെ എനിയ്‌ക്കത്‌ ഉപകാരപ്രദമാക്കാന്‍ കഴിഞ്ഞില്ലായെന്ന്‌ മുമ്പ്‌ പറഞ്ഞു. കോഴ്‌സ്‌ പരിപൂര്‍ണ്ണമാകണമെങ്കില്‍ ഏതെങ്കിലും നല്ല കമ്പനിയില്‍ അപ്രന്റിസ്‌ഷിപ്പ്‌ പൂര്‍ത്തിയാക്കണം. അതിനപേക്ഷിച്ചപ്പോള്‍ വെയിറ്റിംഗ്‌ ലിസ്റ്റിട്ടു. പിന്നീട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ഇന്റര്‍വ്യൂ കാര്‍ഡ്‌ വന്നത്‌. അതുവരെ കാത്തിരിക്കാനാകാത്ത വിധം ദാരിദ്ര്യം വീട്ടില്‍ കൊടുകുത്തി വാണിരുന്നു. ഒന്നും നോക്കിയില്ല. പഠിച്ചത്‌ വിട്ട്‌ നിര്‍മ്മാണ മേഖലയിലേക്കിറങ്ങി. ഒരു വൈദഗ്‌ധ്യവും ഇല്ലാത്തവനും മിതമായ വേതനം ലഭിക്കും എന്നതാണ്‌ എന്നെ അവിടേക്കാകര്‍ഷിച്ചത്‌. മറ്റ്‌ മേഖലകളിലേക്കുള്ള വഴികള്‍ അടയുകയും പ്രാരാബ്‌ധത്തിന്റെ കുന്നുകള്‍ ശിരസ്സില്‍ പേറുന്നവരുമാണ്‌ നിര്‍മ്മാണമേഖലയില്‍ എത്തിപ്പെടുക. പിന്നീടവിടെ നിന്ന്‌ മരണം വരെ മിക്കവാറും മോചനമുണ്ടാകാറില്ല.
അങ്ങനെ ജീവിതം പുതിയ ദിശയിലേക്ക്‌ മാറുകയും വരുമാനമാകുകയും ചെയ്‌തപ്പോള്‍ ആഗ്രഹം പോലെ ഇറങ്ങുന്ന എല്ലാ സിനിമകളും തിയേറ്ററില്‍ പോയി കാണാമെന്ന സ്ഥിതിയായി. ഞാനദ്ധ്വാനിച്ചുണ്ടാക്കുന്ന പണം, എന്റെ ഇഷ്‌ടങ്ങള്‍ക്ക്‌ ചിലവഴിക്കുന്നു. അവിടെയാരും നിയന്ത്രിക്കാനില്ല. എനിയ്‌ക്കും അമ്മയ്‌ക്കും കഴിഞ്ഞുകൂടാന്‍ ഒരുപാട്‌ പണമാവശ്യവുമില്ല. സിനിമ അത്രയും വലിയ അഭിനിവേശമാണ്‌. പുസ്‌തകങ്ങളുടെ ലോകത്തേക്ക്‌ ഞാനന്നേരം എത്തിപ്പെട്ടിട്ടില്ല.
അങ്ങനെ സ്വന്തം കാലില്‍ നിന്ന്‌ ആരേയും ആശ്രയിക്കാതെ ഒറ്റയ്‌ക്ക്‌ പോയ്‌ കണ്ട സിനിമകളില്‍ ഒന്നാണ്‌ ലോഹിതദാസ്‌ - സുന്ദര്‍ ദാസ്‌ കൂട്ടുകെട്ടിന്റെ സല്ലാപം. സൂപ്പര്‍താരങ്ങളില്ലാത്ത പുതുമുഖങ്ങള്‍, കൂടി അണിനിരന്ന ഈ ചിത്രം വേറെ പ്രമുഖചിത്രങ്ങളുടെ കൂട്ടത്തിലാണ്‌ റിലീസായത്‌. മറ്റ്‌ ചിത്രങ്ങള്‍ കാണുന്ന തിരക്കില്‍ ഞാനാദ്യം ഈ ചിത്രത്തെ ഗൗനിച്ചില്ല. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ സല്ലാപം തിയേറ്ററില്‍ നിന്ന്‌ മാറി. അപ്പോഴേക്കും കണ്ടവര്‍ ചിത്രത്തെക്കുറിച്ച്‌ നല്ല അഭിപ്രായം പറയുകയും ആ മൗത്ത്‌ പബ്ലിസിറ്റിയുടെ ഫലമായ്‌ രണ്ടാമതും പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകാര്‍ തയ്യാറാകുകയും ചെയ്‌തു. ആ രണ്ടാം വരവിലാണ്‌ ചിത്രം കണ്ടത്‌. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമ കണ്ടപ്പോള്‍ മനം നിറഞ്ഞു.
എല്ലാ കഥാപാത്രങ്ങളും എനിയ്‌ക്ക്‌ പരിചയമുള്ളവര്‍. മാള അവതരിപ്പിച്ച മൂത്താശാരിയും ജൂനിയര്‍ യേശുദാസും രാധയും ദിവാകരനും കലാഭവന്‍ മണിയുടെ ചെത്തുകാരനും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്റെ ഗ്രാമത്തിലുമുണ്ട്‌. പിന്നെ റെയിലോരം, കള്ളുഷാപ്പ്‌, അവിടങ്ങളിലെ ജീവിതം അതും എനിയ്‌ക്ക്‌ പരിചയമുള്ളതാണ്‌. സിനിമയിലായാലും നോവലിലായാലും ഇതെന്റെ കൂടി ജീവിതമാണല്ലോ എന്ന ആസ്വാദകനെ കൊണ്ട്‌ തോന്നിപ്പിക്കലാണല്ലോ ആ കലാസൃഷ്‌ടിയുടെ വിജയത്തിനാധാരം. ഒരുവട്ടം കണ്ട്‌ മതിവരാതെ ഞാനമ്മയേയും കൂട്ടി പിന്നെയും സല്ലാപം കണ്ടു. നാലാംവാരത്തില്‍ ഒരു സുഹൃത്തുമായ്‌ മൂന്നാമതും കണ്ടു.
രാധ റെയില്‍വേ തൊഴിലാളിയായ ദിവാകരന്റെ മുറപ്പെണ്ണാണ്‌. ദിവാകരന്‌ രാധയെ വിവാഹം കഴിക്കണമെന്നുണ്ട്‌. അവള്‍ ഒരു ഗള്‍ഫുകാരന്റെ വീട്ടില്‍ ജോലിക്കാരിയായ്‌ നില്‍ക്കുന്നു. ആ സമയത്താണ്‌ ആശാരിപ്പണിക്കു വന്ന ശശികുമാറുമായ്‌ രാധ പ്രണയത്തിലാവുന്നത്‌. ശശികുമാറിലെ ഗായകനോടുള്ള ആരാധനയാണ്‌ പ്രണയമായ്‌ മാറിയത്‌. ശശികുമാറിനും രാധയെ ജീവനായി. പക്ഷെ അയാള്‍ പ്രാരാബ്‌ധത്തിന്റെ നിലയില്ലാക്കയത്തിലാണ്‌. ഒരു സാധാരണ കുടുംബത്തിലെ ആള്‍ക്ക്‌ കല വരദാനമായ്‌ ലഭിക്കുമ്പോഴുള്ള സകല സംഘര്‍ഷങ്ങളും ശശികുമാറിലൂടെ ലോഹിതദാസ്‌ വരച്ചുകാട്ടുന്നു. ജോലിക്ക്‌ നില്‍ക്കുന്ന വീട്ടിലെ കുടുംബനാഥന്റെ മോശമായ പെരുമാറ്റം കാരണം രാധയ്‌ക്ക്‌ അവിടെ തുടരാനാകാത്ത അവസ്ഥ സംജാതമാകുന്നു. ദിവാകരന്‌ സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുപോകാന്‍ നൂറുവട്ടം സമ്മതം. പക്ഷെ രാധ കാമുകനെ അന്വേഷിച്ച്‌ അയാളുടെ വീട്ടിലേക്ക്‌ ചെല്ലുന്നു. തന്നെ രക്ഷിക്കണമെന്ന്‌ കാമുകനോടഭ്യര്‍ത്ഥിച്ചപ്പോള്‍ കെട്ടുപാടിന്റെയും നിസ്സഹായതയുടെയും പശ്ചാത്തലത്തില്‍ കാത്തിരിക്കണമെന്ന്‌ പറഞ്ഞ്‌ ശശികുമാര്‍ കയ്യൊഴിയുന്നു. രാധ നില്‍ക്കക്കള്ളിയില്ലാതെ തീവണ്ടിക്ക്‌ തലവെച്ച്‌ ആത്മഹത്യ ചെയ്യാന്‍ നോക്കുന്നു. ഏറെ ശ്രമകരമായ്‌ ദിവാകരന്‍ അവളെ രക്ഷിക്കുന്നു. ദിവാകരന്റെ സ്‌നേഹവും രക്ഷാകര്‍തൃവും അവളില്‍ മാനസാന്തരം വരുത്തുന്നു. മറ്റൊരു ജന്മത്തില്‍ എന്ന പോലെ പൂര്‍ണ്ണ മനസ്സോടെ രാധ ദിവാകരന്റെ ജീവിതത്തിലേക്ക.്‌ ഇതാണ്‌ സല്ലാപം സിനിമയുടെ സിനോപ്‌സിസ്‌.
ലോഹിതദാസ്‌ എന്റെ പ്രിയ തിരക്കഥാകൃത്തുക്കളില്‍ രണ്ടാമനാണ്‌. ആദ്യത്തേത്‌ എം.ടി. ജീവിതത്തിന്റെ ഉള്ളുരുക്കങ്ങളും രാഗദ്വേഷങ്ങളും ഇത്ര കെട്ടുറപ്പോടെ എഴുതിയ തിരക്കഥാകൃത്തുക്കള്‍ നമുക്ക്‌ കുറവാണ്‌. സാധാരണ സിനിമായെഴുത്തുകാരോട്‌ ഒരു സാഹിത്യകാരനോട്‌ തോന്നുന്ന ബഹുമാനവും ഇഷ്‌ടവും സഹൃദയര്‍ക്ക്‌ തോന്നാറില്ല. പക്ഷെ ലോഹിതദാസ്‌ അതിനപവാദമാണ്‌. പലപ്പോഴും സാഹിത്യത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നതാണ്‌ അദ്ദേഹത്തിന്റെ രചനകള്‍. സിനിമ എഴുതുമ്പോള്‍ ഒരു നോവലിസ്റ്റ്‌ അനുഭവിക്കുമ്പോലുള്ള സൃഷ്‌ടിപരമായ വേദന അദ്ദേഹം അനുഭവിച്ചിരുന്നു. സ്വയം എരിയുകയായിരുന്നു ഓരോ എഴുത്തിലും. ആയുസ്സ്‌ കുറഞ്ഞുപോയതിന്‌ രചനാപരമായനുഭവിച്ച്‌ തീര്‍ത്ത സമ്മര്‍ദ്ധങ്ങള്‍ക്ക്‌ നല്ല പങ്കുണ്ട്‌. നോവലില്‍ ലോഹിതദാസ്‌ കൈവെച്ചിരുന്നുവെങ്കില്‍ കാലാതിവര്‍ത്തിയായ പുസ്‌തകങ്ങള്‍ ആ മേഖലയില്‍ അദ്ദേഹത്തിനുണ്ടാകുമായിരുന്നു. പ്രശസ്‌തിയില്‍ ഏറെ അഭിരമിക്കാത്ത കലാകാരന്‍ കൂടിയാണ്‌ ലോഹിതദാസ്‌. അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരം സിനിമാരംഗത്തുനിന്നും ലഭിക്കുകയുണ്ടായില്ല. കിരീടം, ഭരതം, തനിയാവര്‍ത്തനം, കമലദളം, ദശരഥം, മാലയോഗം, കൗരവര്‍, മൃഗയ, അമരം, വെങ്കലം, പാഥേയം തുടങ്ങി ജീവിതഗന്ധിയും കലാപരവുമായ അനവധി തിരക്കഥകള്‍ രചിച്ചിട്ടും ആ സിനിമകളെല്ലാം വിജയമായിരുന്നിട്ടും കാല്‍നൂറ്റാണ്ടിലേറെ പിന്നിട്ട്‌ അദ്ദേഹം സ്വതന്ത്ര സംവിധായകനായ ഭൂതക്കണ്ണാടിയുടെ രചനക്കാണ്‌ ഒരു സര്‍ക്കാര്‍ പുരസ്‌കാരം ലോഹിതദാസിന്‌ ലഭിക്കുന്നത്‌ എന്നറിഞ്ഞാല്‍ ആരും അതിശയപ്പെട്ടുപോകും. അദ്ദേഹം എഴുതിയ സിനിമയില്‍ സഹകരിച്ച പലരും ഏറെ പുരസ്‌കാരങ്ങള്‍ അപ്പോഴേക്കും നേടിക്കഴിഞ്ഞിരുന്നു. ഈ അവഗണന തന്റെ ജീവിതജാതകമാണെന്ന്‌ ലോഹിതദാസ്‌ എഴുതിയിട്ടുണ്ട്‌. `എന്റെ എല്ലാ നേട്ടങ്ങള്‍ക്കും മീതെ ഒരു കാര്‍മേഘം ഇരുള്‍ പരത്തി നില്‍ക്കുന്നു' എന്നാണാ വാക്കുകള്‍.
സല്ലാപം എന്ന കൊച്ചു ചിത്രം ഒരുപാട്‌ സിനിമാക്കാര്‍ക്ക്‌ വഴിത്തിരിവായി. അതുവരെ ചെറിയ വേഷങ്ങള്‍ ചെയ്‌തിരുന്ന ദിലീപിന്‌ ബ്രേക്കായി. പ്രതിഭാ സമ്പന്നരായ കലാഭവന്‍ മണിയും മഞ്‌ജുവാര്യരും മുഖ്യധാരയിലേക്ക്‌ പ്രവേശിച്ചതും ഈ സിനിമയിലൂടെ. സുന്ദര്‍ദാസ്‌ എന്ന സംവിധായകന്റെ ആദ്യ ചിത്രവും സല്ലാപം. സുന്ദര്‍ദാസ്‌ വേറേയും ചിത്രങ്ങള്‍ പിന്നീടൊരുക്കുകുയുണ്ടായെങ്കിലും സല്ലാപം പോലെ വന്‍വിജയം സൃഷ്‌ടിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചില്ല. മാത്രമല്ല ലോഹിതദാസിന്റെ തിരക്കഥയില്‍ സിനിമ ചെയ്യാനുള്ള അവസരവും സുന്ദര്‍ദാസിന്‌ പിന്നീടുണ്ടായില്ല. ജോണ്‍സണ്‍ മാഷ്‌ ഈണമിട്ട എല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു. ഇതില്‍ `പൊന്നിന്‍ കുളിച്ചു നിന്നു.....' എന്ന ഗാനം ഏറെ പ്രശംസനീയമാണ്‌.
സല്ലാപത്തിനൊരു രണ്ടാംഭാഗം ഇറക്കാനുള്ള ആലോചനകള്‍ അണിയറയില്‍ നടന്നിരുന്നു. പക്ഷെ അതിനൊന്നും കാത്തുനില്‍ക്കാതെ ലോഹിതദാസ്‌ യാത്രയായി. അവസാന നാളുകളില്‍ സിനിമ നിര്‍മ്മിച്ചതിലൂടെ വന്‍ സാമ്പത്തികബാധ്യത വന്നുപെട്ട്‌ ദരിദ്രാവസ്ഥയിലായിരുന്നു അദ്ദേഹം. ലോഹിതദാസ്‌ അന്തരിച്ചു എന്നറിഞ്ഞപ്പോള്‍ എത്രയോ പ്രിയപ്പെട്ട ഒരാള്‍ വിട പറഞ്ഞതുപോലെയാണെനിയ്‌ക്കനുഭവപ്പെട്ടത്‌. അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്ന എല്ലാ ആസ്വാദകരുടെയും അവസ്ഥ ഇങ്ങനെയായിരുന്നിരിക്കണം. ചെയ്‌തുകൊണ്ടിരുന്ന ജോലി തുടരാന്‍ പിന്നെ എനിയ്‌ക്ക്‌ കഴിഞ്ഞില്ല. വിങ്ങലോടെ വീട്ടിലേക്ക്‌ മടങ്ങി. സല്ലാപമടക്കം അദ്ദേഹം എഴുതിയതും സംവിധാനം ചെയ്‌തതുമായ അനവധി സിനിമകളുടെ ഫ്രെയിമുകള്‍ അപ്പോള്‍ എന്റെ മനോമുകുരത്തില്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു.


പ്രദീപ്‌ പേരശ്ശനൂര്‍
അക്ഷരം ഹൗസ്‌
പേരശ്ശനൂര്‍. പി.ഒ
മലപ്പുറം - 679571
ങീയ: 9447536593