Friday, January 8, 2010

ഉരഗന്‍

പലപ്പോഴും ഉസ്‌മാന്റെ ചിന്ത പാമ്പുകളെകുറിച്ചായിരുന്നു. പാമ്പുകളെ അയാള്‍ക്ക്‌ ‌ വളരെയിഷ്ടമായിരുന്നു.കാണാന്‍ എന്തുഭംഗി.പുളളികളുളള മിനുമിനുപ്പാര്‍ന്ന ദേഹം. ശത്രുവിനെ സംഹരിക്കാന്‍ ജന്മനാലുളള പ്രതിരോധം. വ്യാസം കുറഞ്ഞ ഒരു ചെറിയ തുള മതി ആരേയും ഭയക്കാതെ ജീവിക്കാന്‍. വേണമെങ്കില്‍ മരപ്പൊത്തില്‍ കഴിയാം. പുഴയിലോ സമുദ്രത്തിലോ കഴിയാം. പിന്നെ നൃത്തനിബന്ധമായ രതി. ജനിക്കുമ്പോള്‍ ഒരു സര്‍പ്പമായി ജനിക്കണം. മനുഷ്യനായാലോ...!
ഇവിടെ കെട്ടുപാടുകളും ബന്ധനങ്ങളും. മൂന്ന്‌ വെളളിയാഴ്‌ച പളളിയില്‍ പോകാത്തതിന്‌ മഹലില്‍നിന്നുതന്നെ പുറത്താക്കും എന്നുവരെ ഭീഷണിപ്പെടുത്തുന്ന പളളിക്കമ്മറ്റിപ്രസിഡന്റെ്‌. സങ്കുചിതമനസ്‌ക്കനായ അയാള്‍ക്ക്‌ തന്നോട്‌ വേറേയും വൈരമുണ്ട്‌ . മതങ്ങളുടെ സത്ത ഒന്ന്‌ പുരോഹിതവര്‍ഗ്ഗത്തിന്റെ ആഖ്യാനം മറ്റോന്ന്‌. അത്‌ വാദിച്ചാല്‍ അവര്‍ തെളിവില്ലാതെ തന്നെ കുഴിച്ചുമൂടാനുംമടിക്കില്ല.

ഉരഗന്‍ എന്നായിരുന്നു ഗ്രാമത്തില്‍ ഉസ്‌മാന്റെ ഇരട്ടപ്പേര്‌. ചിലപ്പോള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഉസ്‌മാന്‌ സ്വയം തോന്നും-സര്‍പ്പമുഖമായ്‌ തനിക്ക്‌ രൂപാന്തരം സംഭവിക്കുന്നുണ്ടോ...!നാക്ക്‌ പത്തിയായി വളരുന്നതായും ദേഹത്ത്‌ ചെതുമ്പലുകള്‍ രൂപപ്പെടുന്നതായും അപ്പോള്‍ തോന്നും. അത്തരം രാത്രികളില്‍ പതിവായ്‌ സര്‍പ്പത്തെ സ്വപ്‌നം കാണും.

കൂട്ടം കൂടി പുല്‌പ്പായയില്‍ ജുമാനിസ്‌ക്കാരത്തിനിരിക്കുമ്പോഴും ഉസ്‌മാന്റെ ചിന്ത പാമ്പുകളെകുറിച്ചുതന്നെയായിരുന്നു. മതപ്രസംഗത്തിന്‌ വന്ന പണ്ഡിതന്‍ പ്രഭാഷണമദ്ധ്യേ പാമ്പുകളെപ്പറ്റി ഒരു കഥ പറഞ്ഞു. പാമ്പുകള്‍ ചെകുത്താന്റെ സന്തതിയാണത്രെ! അതുകൊണ്ട്‌ കണ്ടാല്‍ തല്ലികൊല്ലണം.

ഉസ്‌മാന്റെ കടവായില്‍ നിന്നപ്പോള്‍ ഉമിനീര്‍ സ്രവിച്ചു. ഇഴഞ്ഞിഴഞ്ഞ്‌ ചെന്ന്‌ പണ്ഡിതന്റെ പാദങ്ങളെ ദംശിക്കാന്‍ പല്ലുകള്‍ കൊതിച്ചു.

ആളാരവമൊഴിഞ്ഞ്‌ കുറേ കഴിഞ്ഞാണ്‌ ഉസ്‌മാന്‍ പായയില്‍ നിന്നെണീറ്റത്‌. അയാള്‍ ഖബറുകള്‍ വെച്ച അനന്തമായ പളളിക്കാട്ടിലൂടെ നടന്നു. പലയിടത്തും സുഗന്ധമില്ലാത്ത പേരില്ലാത്ത പൂക്കള്‍ പൂത്തുനില്‌ക്കുന്നു. എപ്പോഴോ മീസാന്‍കല്ലിന്‌ മീതെ ചുറ്റിവരിഞ്ഞ്‌ നില്‌ക്കുന്ന ഒതു കരിനാഗത്തെ കണ്ടു. കരിനാഗം വെപ്രാളപ്പെട്ടിഴഞ്ഞപ്പോള്‍ ഉസ്‌മാനും അതിനെ അനുഗമിച്ചു. ഖബറുകള്‍ കഴിഞ്ഞ്‌ കാട്‌ നിബിഢമായത്‌ ഉസ്‌മാനറിഞ്ഞില്ല. കരിനാഗം പൊത്തിലൊളിച്ചതും സായംസന്ധ്യയായതും അയാളറിഞ്ഞില്ല.

ഇരതേടിയിരുന്ന പക്ഷികള്‍ കൂട്ടത്തോടെ ചേക്കേറുവാന്‍ മടങ്ങുകയായിരുന്നു. രാത്രിയുടെ പരകായപ്രവേശം പൂര്‍ണ്ണമായ്‌കൊണ്ടിരിക്കുകയായിരുന്നു. ദൂരെ എവിടെനിന്നോ അപ്പോള്‍ ഒരു വേട്ടപ്പട്ടി കുരച്ചു. വവ്വാലുകള്‍ കലമ്പല്‍ കൂട്ടി മരമൊഴിഞ്ഞു.

വേട്ടപ്പട്ടിയുടെ കുര തേടിയെത്തിയപ്പോള്‍ കടവവ്വാലുകളുടെ ഇരമ്പം അടുത്തെത്തിയപ്പോള്‍ ഉസ്‌മാന്‍ വേഗം വ്യാസം കുറഞ്ഞ തന്റെ നിയോഗത്തിന്റെ മാളം തേടി അരുവിക്ക്‌ മീതെയുള്ള കരിമ്പാറക്കെട്ടിലേക്കിഴഞ്ഞു.