Monday, July 25, 2011

കുട്ടി


എന്നും ആ വഴിയിലൂടെയാണ്‌ എനിക്ക്‌ ജോലിക്ക്‌ പോകേണ്ടിയിരുന്നത്‌. അപ്പോഴൊക്കെ ഇടവഴിയോട്‌ ചേര്‍ന്ന ആ വലിയ വീട്ടിലെ മുറ്റത്ത്‌ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നത കാണാം. എന്നെ കാണുമ്പോഴൊക്കെ പതിവായി ആ വീട്ടിലെ അഞ്ചോ, ആറോ വയസ്സ്‌ മാത്രം പ്രായമുളള കുട്ടി ചോദിക്കുമായിരുന്നു-" നീ എങ്ങോട്ടാടാ പോണത്‌?"

ഞാന്‍ കുട്ടിയുടെ കുസൃതി ആസ്വദിച്ചെന്നോണം മുഖത്ത്‌ ചിരി വരുത്തും. പക്ഷേ അകമേ കരയുകയായിരുന്നു. ആ കുട്ടിക്ക്‌ എന്റെ മകനാകാനുളള പ്രായമേയുളളൂ. അവനാണ്‌ എന്നെ 'എടാപോടാ ' എന്ന്‌ വിളിക്കുന്നത്‌. അവന്‍ കുട്ടിയല്ലേ , കഥയില്ലാത്തതുകൊണ്ടാണന്ന്‌ ഞാനാശ്വസിക്കും. എന്റെ നാട്ടില്‍ മറ്റാരും തന്നെ എന്നോടിങ്ങനെ പെരുമാറിയിരുന്നില്ല.
ദിനം കഴിയുന്തോറും കുട്ടിയുടെ സംസാരരീതി മാറിക്കൊണ്ടിരുന്നു-" എങ്ങോട്ടാടാ കഷണ്ടിത്തലയാ പോണത്‌?"

അതാസ്വദിച്ചെന്നോണം ഗള്‍ഫുകാരായ മാതാപിതാക്കള്‍ രസിച്ചിരിക്കും. അവരെന്നോട്‌ കുശലം ചോദിക്കും. ഞാന്‍ മുഖം കറുപ്പിക്കാതെ തന്നെ മറുപടി നല്‌കും.

എങ്ങനെയാണ്‌ കുട്ടിയെ പറഞ്ഞ്‌ തിരുത്തുക? സംസ്‌ക്കാരമുളള മാതാപിതാക്കളാണെങ്കില്‍ അവര്‍ തന്നെ പറഞ്ഞുമനസ്സിലാക്കും.

പിന്നെപ്പിന്നെ കുട്ടിയുടെ തമാശക്ക്‌ മാതാപിതാക്കളോടൊപ്പം ചുറ്റുവട്ടത്തെ അയല്‍ക്കാരും പങ്കുചേരാന്‍ തുടങ്ങി.

വഴിമാറിപ്പോയാലോ എന്നായി എന്റെ ചിന്ത. പക്ഷേ അങ്ങനെയാകുമ്പോള്‍ പത്തടി നടക്കേണ്ടിടത്ത്‌ നൂറടി നടക്കണം. മാത്രമല്ല ഒരുഭീരുവായി തരം താഴുകയും വേണം.

ഒരു നാള്‍ ഒരു മിഠായിയുമായി ഞാന്‍ കുട്ടിയെ സമീപിച്ചുനോക്കി. അവനത്‌ രണ്ട്‌ കയ്യും നീട്ടി വാങ്ങി, അവനെന്നെ തെറിപറഞില്ല. എനിക്കാശ്വാസമായി. പിന്നെ അതൊരു പതിവായി, എനിക്കതൊരു ഭാരവും.

മറ്റൊരുനാള്‍ ഒരു പരീക്ഷണത്തിനെന്നപോലെ മിഠായിയില്ലാതെ ഞാനാവഴിയെപോയി. പരിചയം ഭാവിക്കാതെ ഞാന്‍ നടന്നകലുമ്പോള്‍ കുട്ടിയെന്നോടുചോദിച്ചു, "എവിടെടാ പട്ടി മിഠായി?"
ഞാന്‍ ഞെട്ടിപ്പോയി. പട്ടിയെന്ന്‌! പരിഭ്രമത്തില്‍ കാല്‍വഴുതി ഞാന്‍ ഇടവഴിയില്‍ വീണു. കുട്ടി ഓടിവന്ന്‌ എന്റെ നെഞ്ചത്ത്‌ ചവിട്ടി. ഞാന്‍ നിറകണ്ണുകളോടെ അവിടെ നിന്നെഴുന്നേറ്റു, പിന്നെ തീര്‍ത്തും നിസ്സഹായനായി റോഡിലേക്കോടി. കുട്ടി അപ്പോഴൊരു പാട്ടുപാടുകയായിരുന്നു.
"മൊട്ടത്തലയന്‍ കുഞ്ഞാപ്പു
പട്ടീടെമോന്‍ കുഞ്ഞാപ്പൂ"

എനിക്കെത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. എന്തേ, ഈ കുട്ടി മാത്രം എന്നോടിങ്ങനെ പെരുമാറുന്നത്‌? എന്തായിരിക്കും.........
എന്തായിരിക്കും കാരണം?


Thursday, July 7, 2011

അന്തരംവര്‍ഷങ്ങള്‍ക്ക്‌ ശേഷം വിദേശത്തു നിന്ന്‌ വന്ന അമ്മാവനെ കാണാനെത്തിയതായിരുന്നു അയാള്‍. അമ്മാവനെ കണ്ട്‌ ചില സങ്കടങ്ങളുണര്‍ത്തിക്കാന്‍ അമ്മ പറഞ്ഞയച്ചതാണ്‌.

കുറേക്കാലത്തിന്‌ ശേഷം കണ്ട സന്തോഷത്തില്‍ അമ്മാവന്‍ വാതോരാതെ അയാളോട്‌ സംസാരിച്ചു. ഗ്രാമത്തിലെ അമ്പലക്കുളത്തെ കുറിച്ചും ഇടവഴികളെ കുറിച്ചുമൊക്കെയായിരുന്നു അമ്മാവന്‍ചോദിച്ചത്‌.

അപ്പോഴവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലേക്ക്‌ അമ്മാവന്റെ വെളളാരങ്കണ്ണുളള മകള്‍ ആന്‍സി കടന്നുവന്നു. ഗ്രാമം അവള്‍ കണ്ടിട്ടേയില്ലായിരുന്നു. അമ്മാവന്‍ അവളോട്‌ ഗ്രാമത്തെക്കുറിച്ച്‌ സംസാരിച്ചു. പിന്നീവരുടെ സംഭാഷണം മുഴുവനായും ഇംഗ്ലീഷിലേക്ക്‌ വഴിമാറിയപ്പോള്‍ താന്‍ അപ്രസക്തനായെന്ന്‌ തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ്‌ ഹാളിലേക്ക്‌ ചെന്നു. അമ്മാവന്റെ മറ്റു മക്കളും, അമ്മായിയും അവിടെ ടി.വി. കാണുന്നുണ്ടായിരുന്നു. ചാനലല്‍ മാറ്റിമാറ്റി അവര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഉറപ്പിക്കുകയും ധോണിയേയും, ശ്രീകാന്തിനേയും കുറിച്ച്‌ വാചാലരാകുകയും ചെയ്‌തപ്പോള്‍ അയാള്‍ അവിടെനിന്നുമെഴുന്നേറ്റ്‌ ഉമ്മറത്തേക്കു പോയി ആകാശത്തേക്കു നോക്കി. അവിടെ നീലിമയില്‍ വെളളിമേഘങ്ങള്‍ വ്യൂഹം ചമച്ച്‌ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അയാളത്‌ നോക്കി നിന്നു.

ആ കാഴ്‌ച അയാള്‍ക്ക്‌ വളരെ വളരെയിഷ്ടമായിരുന്നു.

Sunday, June 19, 2011

ഞാന്‍ ഏകലവ്യന്‍ഹസ്‌തിനപുരത്തുനിന്നും തിരിച്ച്‌ വനവീഥിയിലേക്ക്‌ നടക്കുമ്പോള്‍ ഞാന്‍ അകമെ കരഞ്ഞു. നടക്കുകയല്ല ഓടുകയാണെന്ന്‌ പറയുന്നതാവും കൂടുതല്‍ ശരി. ദ്രോണാചാര്യരെ കാണാന്‍ പോകുമ്പോള്‍ പ്രതീക്ഷയും അഭിമാനവും തോന്നിയിരുന്നു. കാലങ്ങളായ്‌ താലോലിച്ച മോഹം. ദ്രോണാചാര്യരില്‍ നിന്ന്‌ അസ്‌ത്രവിദ്യ പഠിക്കുക. പക്ഷേ അദ്ദേഹം പറഞ്ഞ വാക്കുകള്‍! ആ വാക്കുകള്‍ക്ക്‌ ഒരമ്പിന്റെ വെള്ളിമുനയേക്കാള്‍ മൂര്‍ച്ചയും, കൃത്യതയുമുണ്ടായിരുന്നു: "നാം ക്ഷത്രിയരേയും, ബ്രാഹ്മണരേയും മാത്രമേ വിദ്യ അഭ്യസിപ്പിക്കാറുള്ളൂ . കുലവും,പൈതൃകവുമില്ലാത്ത വെറുമൊരു കാട്ടാളനായ നിന്നെ ശിഷ്യനാക്കുന്നതില്‍ അനൗചിത്യമുണ്ട്‌. അതുകൊണ്ട്‌ മടങ്ങിപ്പോകൂ, അര്‍ഹനായ ഗുരുവിനെ കണ്ടെത്തു. "

കണ്ണീരണിഞ്ഞ്‌ ആചാര്യ ശിബിരത്തില്‍ നിന്ന്‌ മടങ്ങുമ്പോള്‍ കസവുള്ള ഉത്തരീയം ധരിച്ച്‌, സ്വര്‍ണ്ണ വളയും, കുണ്‌ഠലങ്ങളുമണിഞ്ഞ്‌ തേജസ്വിയായൊരു യുവാവ്‌ ശിബിരത്തിലേക്ക്‌ പോകുന്നത്‌ കണ്ടു. മൃഗത്തോലിന്റേയും, കരിമണ്ണിന്റേയും ഗന്ധമുള്ള തന്നെ കണ്ട്‌ അവന്‍ അതൃപ്‌തിയോടെ നെറ്റിചുളിച്ചു. അതെ! അതുതന്നെയായിരിക്കും 'ലോകയുദ്ധവീരന്‍ ' എന്ന്‌ മുമ്പേ പ്രവചിക്കപ്പെട്ട പാണ്ഡുപുത്രന്‍ 'അര്‍ജ്ജുനന്‍ '.

പുറപ്പെടും മുമ്പേ തന്റെ പിതാവിന്‌ ആശങ്കയുണ്ടായിരുന്നു. അദ്ദേഹം അത്‌ പ്രകടിപ്പിച്ചതുമാണ്‌. പക്ഷേ അവസാനം തന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി, അനുവാദം തന്നു. ആചാര്യന്റെ ശിഷ്യത്വം സ്വീകരിച്ച്‌ അസ്‌ത്രനിപുണനായേ തിരിച്ചു വരൂ എന്ന്‌ വാക്ക്‌ കൊടുത്തിരുന്നു. ഉദ്ദിഷ്ടകാര്യത്തിനായി വനദേവതക്ക്‌ ബലിയും, വ്രതാനുഷ്ടാനവും നടത്തി. ഗോത്രവര്‍ഗ്ഗക്കാര്‍ ഉത്സവപ്രതീതിയോടെയാണ്‌ തന്നെ യാത്രയയച്ചത്‌. അവര്‍ പുതിയ മൃഗത്തോലും, പുലിനഖമാലയുമണിയിച്ചു. ചടകപ്പക്ഷിയുടെ തൂവല്‍ കൊണ്ടുള്ള ശിരോവസ്‌ത്രമണിയിച്ചു. സ്ഥാനംകൊണ്ട്‌ അടുത്ത നിഷാദരാജാവാണ്‌ താന്‍. തന്റെ ആയുധപാടവം അവരുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. തിരുമുല്‍ക്കാഴ്‌ചയായി അവര്‍ നറുതേനും, കന്മദവും ശേഖരിച്ചു.

പക്ഷേ എല്ലാം വെറുതേയായിരിക്കുന്നു. കുലവും, ജാതിയും നോക്കിയാണോ ഗുരു ശിഷ്യത്വം നല്‍കേണ്ടത്‌? കഴിവും, ആര്‍ജ്ജവവുമല്ലേ മാനദണ്ഡമാക്കേണ്ടത്‌. വേണമെങ്കില്‍.... പാണ്ഡുപുത്രനായ അര്‍ജ്ജുനനെ താന്‍ മല്ലയുദ്ധത്തില്‍ തോല്‍പ്പിച്ചു കാണിക്കുമായിരുന്നു. പക്ഷേ ഗുരുവൊന്നും ആവശ്യപ്പെട്ടില്ലല്ലോ ! തന്നെ പരീക്ഷിക്കാതെ തന്നെ തിരസ്‌കരിച്ചു. ഇല്ല മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടില്ല. ധനുര്‍വിദ്യ സിദ്ധിക്കാതെ ഒരിക്കലുമിനി ഗോത്രസമൂഹത്തിലേക്ക്‌ പോകാന്‍ വയ്യ! അതിനാല്‍ ദ്രോണരെതന്നെ ഗുരുവായ്‌ സങ്കല്‌പിച്ച്‌ മനനം ചെയ്‌ത്‌ സ്വയം ആയുധാഭ്യാസം നടത്താം. എവിടെനിന്നോ വിശ്വാസം ഒഴുകിയെത്തുന്നു. പലപ്പോഴും ആലോചിച്ച്‌ വിസ്‌മയിക്കുന്നു. നിഷാദരക്തത്തില്‍ എങ്ങിനെയാണ്‌ ക്ഷത്രിയകലയുടെ ഗോചരം കലര്‍ന്നത്‌. അത്‌ തന്നെ എവിടേക്കോ നയിക്കുന്നു. സത്യത്തില്‍ താന്നാരാണ്‌ ? കാട്ടാളനാവാന്‍ ശാപം കിട്ടിയ രാജകുമാരനോ ? അതോ മിഥ്യാവിശ്വാസത്താല്‍ തുലനം നഷ്ടപ്പെട്ട വെറുമൊരു പാമരനോ !

വെറും കയ്യോടെ എന്റെ കാനനത്തിലേക്ക്‌ ഞാന്‍ പോവില്ല. മറ്റൊരു വനം കണ്ടെത്തി ചന്ദനമരച്ചോട്ടില്‍ കളിമണ്ണ്‌കൊണ്ട്‌ ദ്രോണാചാര്യരുടെ രൂപം സൃഷ്ടിച്ച്‌ യചിച്ചും, പൂജിച്ചും വിഗ്രഹത്തില്‍ തേജസ്സുണര്‍ത്തി സ്വയം അസ്‌ത്രാഭ്യാസം നടത്തിത്തുടങ്ങി. എന്റെ കാതില്‍ അദൃശ്യമായി ആരോ മന്ത്രിക്കുന്നു. "യത്‌നം മുന്നോട്ട്‌ , സത്യം മുന്നോട്ട്‌ , അസ്‌ത്രം മുന്നോട്ട്‌...... "

"....ഇരുട്ടത്തും ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ കൈകള്‍ വായിലേക്ക്‌ തന്നെ പോകുന്നു. ലക്ഷ്യം തെറ്റുന്നില്ല. വെള്ളത്തിലോ , വായുവിലോ , അഗാധതയിലോ നിന്റെ നയനങ്ങളെ ലക്ഷ്യസ്ഥാനമല്ലാതെ മറ്റ്‌ കാഴ്‌ചകളില്‍ നിന്ന്‌ തീര്‍ത്തും സ്വന്ത്രമാക്കാന്‍ നിനക്ക്‌ കഴിയുന്നുവോ നിനക്ക്‌ ലക്ഷ്യം തെറ്റില്ല. അണുവിട ചലിക്കാതെ നിന്റെ അസ്‌ത്രാഗ്രം ശിലപോലെ നിര്‍ത്താന്‍ നിനക്കാവുന്നുവോ നിനക്ക്‌ പിഴക്കില്ല . മനസ്സിനെ ചിറ്റോളങ്ങളില്ലാത്ത്‌ ജലാശയം പോലെ ഏകാഗ്രമാക്കാന്‍ നിനക്ക്‌ കഴിയുമോ നീ തോല്‍ക്കില്ല."

"അറിയുന്നു ഗുരോ ഞാനറിയുന്നു. സ്‌മൃതിപഥത്തിലെവിടെയോ അജ്ഞതയുടെ മൂടുപടം തകരുന്നത്‌്‌ വിദ്യുലതാപ്രഭാവത്തില്‍ ഞാനറിയുന്നു. ഞാണൊലിയുടെ സംഗീതം എന്നെ ത്രസിപ്പിക്കുന്നു. മുന്നിലെ സാലഭഞ്‌ജികയുടെ കാന്തികതരംഗങ്ങള്‍ എന്നെ ആശ്ലേഷിക്കുന്നതും ഞാനറിയുന്നു. മുമ്പ്‌....... അവയെന്റെ പ്രാര്‍ത്ഥനകളായിരുന്നുവല്ലോ. "

മനനവും,സ്വയം പഠനവും . അഞ്ച്‌ സംവത്സരങ്ങള്‍ കഴിഞ്ഞു. സ്വന്തം വൈദഗ്‌ധ്യത്തെക്കുറിച്ച്‌ എനിക്ക്‌ ബോധ്യം വന്നിരിക്കുന്നു. ഇപ്പോള്‍ മാമലകളെയെനിക്ക്‌ അസ്‌ത്രംകൊണ്ട്‌ തകര്‍ക്കാം. മഹാവൃക്ഷങ്ങളെ ചെറുചില്ലകളാക്കാം. ശബ്ദഗതിയനുസരിച്ച്‌ ലക്ഷ്യം കാണാം മുറിവേല്‌പ്പിക്കാതെ ശത്രുവിനെ ശരസഞ്ചയംകൊണ്ട്‌ ഭയപ്പെടുത്താം. ജലത്തില്‍ , അഗ്നിയില്‍ , വിണ്ണില്‍ എങ്ങും നയനബന്ധിതമായ ലക്ഷ്യം കാണാം . പക്ഷേ മഹാസ്‌ത്രങ്ങള്‍ ഇന്നും വിളിപ്പാടുകള്‍ക്കകലെ. സമയമാകട്ടെ ബ്രഹ്മദേവനെ തപസ്സ്‌ ചെയ്‌ത്‌ ഞാന്‍ ബ്രഹ്മാസ്‌ത്രം നേടും. എന്നിട്ട്‌ അര്‍ജ്ജുനനേയും വെല്ലുന്ന വില്ലാളിയാവും. യുദ്ധങ്ങള്‍ ചെയ്യും. സ്‌തുതിപാഠകരില്ലാതെ ഏകലവ്യനെ മാലോകരറിയട്ടെ.

ഒരിക്കല്‍ പ്രഭാതവന്ദനം കഴിഞ്ഞ്‌ ഞാന്‍ ബാണപ്രയോഗം നടത്തുകയായിരുന്നു. അപ്പോള്‍ ഒരു പട്ടി വന്ന്‌ എന്റെ ഏകാഗ്രതയെ അലോസരപ്പെടുത്തുമാറ്‌ അസഹ്യമായ കുരതുടങ്ങി. വളരെ ഓമനത്ത്വമുള്ള പട്ടിയായതിനാല്‍ എനിക്കതിനെ കൊളല്ലാന്‍ തോന്നിയില്ല. പകരം ഇനിയതിന്‌ ശബ്ദിക്കാനാവാത്ത വിധം മുറിവേല്‍പ്പിക്കാതെ ഞാനതിന്റെ വായിലേക്ക്‌ അസ്‌ത്രങ്ങളെയ്‌തു. വായ്‌ നിറയെ ശരങ്ങളുമായി പട്ടി മോങ്ങിക്കൊണ്ട്‌ ദൂരേക്കോടിപ്പോയി. കുറേനേരം കഴിഞ്ഞു പട്ടി പിന്നെയും മോങ്ങിക്കൊണ്ട്‌ വന്നു. അപ്പോള്‍ പട്ടിക്ക്‌ പിന്നില്‍ അതിന്റെ യജമാനരെന്ന്‌ തോന്നിപ്പിക്കുന്ന അഞ്ച്‌ യുവാക്കളുമുണ്ടായിരുന്നു. അതിലൊരാളെ എനിക്ക്‌ പെട്ടന്ന്‌ മനസ്സിലായി. അന്ന്‌, ഹസ്‌തിനപുരത്തില്‍ കണ്ട സുന്ദരനായ യുവാവ്‌്‌- അര്‍ജ്ജുനന്‍. അയാള്‍ ഒരു ബദ്ധശത്രുവിനെയെന്നോണം എന്നെ കുറേനേരം നോക്കിനിന്നു. എന്ത്‌ ചെയ്യണമെന്നറിയാതെ ഞാനും പകച്ച്‌ നിന്നപ്പോള്‍, അര്‍ജ്ജുനന്‍ ചോദിച്ചു; "നീയാണോ ഈ മിണ്ടാപ്രാണിയോട്‌ ഇത്തരത്തിലുള്ള ദ്രോഹം ചെയ്‌തത്‌. "

"അതെ. എന്റെ പരിശീലനം തടസ്സപ്പെടുത്തിയപ്പോഴാണ്‌ ഞാനത്‌ ചെയ്‌തത്‌. പേടിക്കണ്ട. പട്ടിക്ക്‌ മുറിവ്‌ പറ്റിയിട്ടില്ല. അത്‌ ചാകില്ല. "

"കേവലമൊരു കാട്ടാളനായ നിനക്ക്‌ ഇത്രക്ക്‌ അസ്‌ത്രപാടവം എവിടെനിന്ന്‌ കിട്ടി. ആരാണ്‌ നിന്റെ ഗുരു ? "

ഞാന്‍ മണ്‍പ്രതിമ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു : "മഹാചാര്യന്‍ ദ്രോണര്‍."

അചാര്യന്റെ പ്രതിമയിലേക്ക്‌ അവരഞ്ചുപേരും നിര്‍ന്നിമേഷം നോക്കിനിന്നു. അര്‍ജ്ജുനനൊഴിച്ച്‌ ബാക്കി നാല്‌ പേര്‍ക്കും അത്ഭുതവും , ആദരവും. അര്‍ജ്ജുനന്‍ പിന്നെയും ചോദിച്ചു ; "എന്താ നിന്റെ ലക്ഷ്യം "

"എനിക്ക്‌ ലോകവില്ലാളി വീരനാകണം. "

എന്റെ മനം കൊതിക്കുകയായിരുന്നു അര്‍ജ്ജുനനുമായുള്ള ഒരു യുദ്ധത്തിന്‌. പക്ഷേ വാക്കുകള്‍ കൊണ്ടാണിവന്‍ യുദ്ധം ചെയ്യുന്നത്‌. വാക്കുകള്‍ക്ക്‌ വാക്ക്‌, ആയുധത്തിന്‌ ആയുധം. അതാണല്ലോ യുദ്ധധര്‍മ്മം. അര്‍ജ്ജുനനും കൂട്ടരും പിന്നീടൊന്നും പറയാതെ പട്ടിയെ അസ്‌ത്രങ്ങളില്‍ നിന്ന്‌ മോചിപ്പിച്ച്‌ ദൂരേക്ക്‌ നടന്നകന്നു. ഞാനാലോചിച്ചു : "ഈ ഭീരുവായ കുമാരനാണോ നാളെയുടെ യുദ്ധവീരനെന്ന്‌ വാഴ്‌ത്തപ്പെട്ട മധ്യപാണ്ഡവന്‍ അര്‍ജ്ജുനന്‍! "

സായാഹ്നത്തിലവര്‍ പിന്നെയും വന്നു. ഇക്കുറി സന്തോഷാധിക്യം കൊണ്ടെന്റെ കണ്ണുകള്‍ നിറഞ്ഞു. കാരണം അവര്‍ക്കൊപ്പം എന്റെ മാനസഗുരു ദ്രോണാചാര്യരുമുണ്ടായിരുന്നു. ഞാനദ്ദേഹത്തെ സാഷ്ടാംഗപ്രണാമം ചെയ്‌തു. ഗുരുചരണങ്ങളില്‍ പൂക്കളര്‍പ്പിച്ചുകൊണ്ട്‌ പറഞ്ഞു :"വന്നാലും പ്രഭോ, അങ്ങയുടെ ശിഷ്യന്‍ ആജ്ഞ കാത്ത്‌ നില്‍ക്കുന്നു. എന്ത്‌ വേണമെന്ന്‌ കല്‍പ്പിച്ചാലും. "

അദ്ദേഹം മുന്നോട്ടാഞ്ഞ്‌ വെള്ളിത്തലമുടികള്‍ മാടിയൊതുക്കിക്കൊണ്ട്‌ പറഞ്ഞു : "ഏകലവ്യാ യഥാര്‍ത്ഥത്തില്‍ നീയെന്റെ ശിഷ്യനെങ്കില്‍ എനിക്ക്‌ ദക്ഷിണ തരണം."

" അങ്ങേക്ക്‌ നല്‍കാന്‍ വിലപ്പെട്ടതൊന്നും എന്റെ പക്കലില്ല. എങ്കിലും പറയൂ. "

"ശിഷ്യാ അര്‍ജ്ജുനനെ വിശ്വവില്ലാളിവീരനാക്കാമെന്ന്‌ ഞാനവന്‌ വാക്ക്‌ കൊടുത്തിട്ടുണ്ട്‌. പക്ഷേ നീ അര്‍ജ്ജുനനേയും തോല്‍പ്പിക്കും. അതുകൊണ്ട്‌ നിനക്കേറ്റവും വിലപ്പെട്ട നിന്റെ വലത്‌ കയ്യിലെ തള്ളവിരല്‍ എനിക്ക്‌ മുറിച്ച്‌ തരൂ. അതാണ്‌ ഞാനാവശ്യപ്പെടുന്ന ദക്ഷിണ. "

ഞാനിപ്പോള്‍ ശരിക്കും ഞെട്ടി. എന്താണ്‌ ഗുരു ആവശ്യപ്പെട്ടിരിക്കുന്നത്‌ ! തന്റെ തള്ളവിരല്‍ !! അത്‌ നഷ്ടപ്പെട്ടാല്‍ പിന്നെ താനാര്‍ജ്ജിച്ച വൈദഗ്‌ധ്യം എന്നത്തേക്കുമായ്‌ ഇല്ലാതാവും. ഗുരുവിന്റെ ലക്ഷ്യം സ്‌പഷ്ടമാണ്‌. പക്ഷേ ദക്ഷിണ കൊടുത്തേപറ്റൂ. അല്ലാത്ത പക്ഷം ദ്രോണാചാര്യരുടെ ശിഷ്യപദം ഞാനര്‍ഹിക്കുന്നില്ല. ഞാനധികമൊന്നും ചിന്തിച്ച്‌ കാട്‌ കയറാതെ അസ്‌ത്രമുനകൊണ്ട്‌ എന്റെ തള്ളവിരലറുത്തു. പിന്നെ ചോരയില്‍ കുതിര്‍ന്ന വിരലില്‍ ഒരുതുള്ളി കണ്ണീരിറ്റി ഗുരുവിന്റെ കാല്‍ക്കല്‍വെച്ച്‌ തൊഴുതു. ഞാന്‍ അകമേ പറയുന്നുണ്ടായിരുന്നു : "ഗുരുവേ, ഇതെന്റെ വിരല്‍ മാത്രമല്ല, എന്റെ ജീവനാണ്‌. ഇങ്ങനെയൊരു മഹാദക്ഷിണ മറ്റാരും താങ്കള്‍ക്ക്‌ തന്നിട്ടുണ്ടാവില്ല, അനുഗ്രഹിച്ചാലും. "

ഗുരു എന്റെ ശിരസ്സില്‍ തൊടാതെ എന്നെ എഴുന്നേല്‍പ്പിച്ചു. അര്‍ജ്ജുനന്റെ മുഖത്ത്‌ തൂമന്ദഹാസം.

ഗോത്രസമൂഹത്തിലെവിടേയോ ഒരമര്‍ത്തിയ നിലവിളി ഞാന്‍ മനസ്സില്‍ കേട്ടു. ഗുരുവും കൂട്ടരും പിന്തിരിഞ്ഞ്‌ നടന്നു. അപ്പോള്‍ ഒരിളം കാറ്റ ്‌വീശി. കാറ്റില്‍ ചന്ദനവും, മുല്ലയും മലര്‍ശരങ്ങള്‍ കൊണ്ടെന്റെ ശിരസ്സില്‍ തഴുകി തലോടി ദൂരേക്ക്‌ പറന്നകന്നു.Thursday, June 2, 2011

അധിനിവേശംമരണം ആസന്നമായ്‌ക്കഴിഞ്ഞെന്ന്‌ എനിക്കറിയാമായിരുന്നു.
എന്റെ ഊര്‍ദ്ധ്വശ്വാസം അതികഠിനമാകുമ്പോള്‍ മാത്രം എന്റെ പക്ഷക്കാര്‍ എനിക്ക്‌ തുളളിതുളളിയായ്‌ പ്രാണജലമിറ്റിച്ചുതരും. ഞാന്‍ ജീവിക്കാനല്ല മരിക്കാതിരിക്കാന്‍വേണ്ടിമാത്രമായിരുന്നു അവരങ്ങനെ ചെയ്‌തിരുന്നത്‌.

ഞാനടക്കമുളള ന്യൂനപക്ഷക്കാര്‍ക്ക്‌ ഒരിക്കലുമിനി അധിനിവേശപക്ഷത്തെ തോല്‌പിക്കാനാകുമായിരുന്നില്ല. അത്രത്തോളം അവര്‍ ഞങ്ങള്‍ക്കിടയില്‍ ആധ്യപത്യമേല്‌പ്പിച്ചു കഴിഞ്ഞു. എന്റെ പൂര്‍ണ്ണമായ മരണത്തേയും അധിനിവേശക്കാര്‍ വളരെ നിസ്സാരമായാണ്‌ കാണുന്നത്‌.

എന്റെ ശ്വാസം സാധാരണ ഗതിയിലാകുമ്പോള്‍ എന്റെ പക്ഷക്കാരെ അരുകില്‍ ഞാന്‍ കാണാറെയില്ല. എത്രയും പെട്ടെന്ന്‌ മരിക്കണെയെന്ന പ്രര്‍ത്ഥനയോടെ ഞാന്‍ സ്‌പന്ദനം ദുര്‍ബലമാക്കുമ്പോള്‍ എന്റെ പക്ഷക്കാര്‍ എവിടെനിന്നൊക്കയോ ഓടിവരുന്നു. മുഴുവന്‍ തൃപ്‌തിപ്പെടുത്താതെ പ്രാണജലം തരുന്നു.

അതുകൊണ്ടുതന്നെ ഈ മൃതപാണാവസ്‌ഥയിലും അധിനിവേശക്കാരേക്കാള്‍ എനിക്കു ദേഷ്യം മരിക്കാനനുവദിക്കാത്ത സ്വപക്ഷത്തെയായിരുന്നു.

Wednesday, April 27, 2011

തമ്പുരാട്ടികുട്ടപ്പന്‍ ആലോചിക്കുകയായിരുന്നു. പൊന്നും വിലകൊടുത്ത്‌ താന്‍ സ്വന്തമാക്കിയ ഈ തെങ്ങിന്‍ തോപ്പ്‌ പണ്ട്‌ കൗമാരത്തിലും, യൗവനത്തിലും തന്റെ സ്വപ്‌നഭൂമിയായിരുന്നു. അന്ന്‌ വലിയതമ്പുരാട്ടിയില്‍ നിന്നും ഈ മണ്ണ്‌ പാട്ടത്തിനെടുത്ത്‌ വാഴയും, കപ്പയും, കൂര്‍ക്കയുമൊക്കെ കൃഷിചെയ്യും. വിളവിന്റെ പാതി തമ്പുരാട്ടിക്ക്‌ അതായിരുന്നു വ്യവസ്ഥ.

കഠിനാദ്ധ്വാനത്തില്‍ അന്ന്‌ പൊട്ടിതിണര്‍ത്ത തഴമ്പിന്റെ ശേഷിപ്പ്‌ ഇന്നും തന്റെ കയ്യിലുണ്ട്‌. പിന്നെ മനസ്സില്‍ വൃണപ്പെട്ട ഒരു മോഹഭംഗവും.

കാലങ്ങളായ്‌ തന്റെ താവഴിക്കാര്‍ മുഴുവനും തമ്പുരാട്ടിയുടെ വീട്ടിലെ അടിയാളരായിരുന്നു അവര്‍ക്ക്‌ വിധേയരാവാന്‍ വിധിക്കപ്പെട്ടവര്‍.അച്ഛന്‍ തമ്പുരാട്ടിയുടെ തെങ്ങില്‍ നിന്ന്‌ വീണ്‌ തണ്ടെല്ല്‌ പൊട്ടി മരിക്കുമ്പോള്‍ തനിക്ക്‌ വയസ്സ്‌ പതിനെട്ട്‌ . തമ്പുരാട്ടി കയ്യയച്ച്‌ സഹായിച്ചിരുന്നു. പക്ഷേ അച്ഛനെ രക്ഷിക്കാനായില്ല. മരിക്കുന്നതിന്‌ മുമ്പ്‌ അച്ഛനൊന്നേ തമ്പുരാട്ടിയോട്‌ യാചിച്ചുള്ളൂ : "എന്റെ ചെക്കനെ രക്ഷിക്കണം. ഓന്‌ പണികൊടുക്കണം. "

തമ്പുരാട്ടിയുടെ സുന്ദരിയായ മകള്‍ ഭാഗീരഥി തന്റെ സമപ്രായക്കാരിയായിരുന്നു. അന്ന്‌ യൗവനത്തില്‍ അവര്‍ക്ക്‌ ക്രൂരമായൊരു ദൗര്‍ബല്യമുണ്ടായിരുന്നു. എല്ലാ പുരുഷന്‍മാരേയും കൊതിപ്പിക്കുക. ഭാഗീരഥി തമ്പുരാട്ടിയുടെ നടത്തത്തിലും, പെരുമാറ്റത്തിലും, സംസാരത്തിലുമെല്ലാം ഒരു 'കൊതിപ്പിക്കലു'ണ്ടായിരുന്നു . എല്ലാവരേയും കൊതിപ്പിച്ച്‌, കൊതിപ്പിച്ച്‌ തമ്പുരാട്ടി രസിച്ചു.

തറവാട്ട്‌ കുളത്തില്‍ ഭാഗീരഥീതമ്പുരാട്ടി നീരാടുമ്പോള്‍ തെങ്ങ്‌ കയറുന്ന തനിക്ക്‌ തമ്പുരാട്ടി അംഗലാവണ്യം പ്രദര്‍ശിപ്പിക്കും. ഇന്നോര്‍ക്കുമ്പോള്‍ മനസ്സിലാവുന്നു. തമ്പുരാട്ടി കനിഞ്ഞുതന്നിരുന്ന ആ ഊര്‍ജ്‌ജമായിരുന്നില്ലേ പരശ്ശതം തെങ്ങുകള്‍ ദിവസംകൊണ്ട്‌ കയറുവാന്‍ തന്നെ പ്രാപ്‌തനാക്കിയിരുന്നത്‌.

തമ്പരാട്ടിയുടെ പുടമുറികഴിഞ്ഞപ്പോള്‍ സുന്ദരനായ തമ്പുരാട്ടിയുടെ തമ്പുരാനോട്‌ തനിക്ക്‌ അസൂയയായിരുന്നു. തമ്പുരാട്ടിക്കുള്ളതിനേക്കാള്‍ ഭൂസ്വത്തിനുടമയായ തമ്പുരാന്‍ വല്ലപ്പോഴും 'സംബന്ധിക്കാ'ന്‍ മാത്രമേ അവിടേക്ക്‌ വന്നിരുന്നുള്ളൂ. തമ്പുരാന്‍ വരുന്ന ദിനങ്ങള്‍ തമ്പുരാട്ടിക്കറിയാം. അപ്പോള്‍ പുഴകടന്ന്‌ അകലെയുള്ള പട്ടണത്തില്‍ പോയി ഗര്‍ഭനിരോധനയുറകള്‍ വാങ്ങാന്‍ തന്നെ തമ്പുരാട്ടി അയക്കും. അതെ; അവിടേയും കൊതിപ്പിക്കലിന്റെ ഒരു ലാഞ്‌ജനയുണ്ടായിരുന്നു. ഒരിക്കല്‍ തറവാട്‌ കുളത്തില്‍ തമ്പുരാട്ടിയുടെ മേനീകടാക്ഷമാസ്വദിച്ച്‌ നില്‍ക്കുമ്പോള്‍ തമ്പുരാന്‍ തന്നെ കയ്യോടെ പിടിച്ചു. മുഖമടച്ച്‌ ആദ്യത്തെ അടിവീണപ്പോള്‍ അബോധത്തില്‍ പുറത്ത്‌ വന്ന വാക്കുകള്‍ "എന്റെ തമ്പുരാട്ടീ.... "

കലിച്ച തമ്പുരാന്‍ പുളിമരത്തില്‍ കെട്ടിയിട്ട്‌ തന്നെ തല്ലിച്ചതച്ചു. അന്ന്‌ രക്തവും,ശുക്ലവും താന്‍ ഒരേ സമയം വിസര്‍ജ്ജിച്ചു. വലിയ തമ്പുരാട്ടിയുടെ ശാപവചനങ്ങള്‍ - "പാല്‌തന്ന കൈയ്‌ക്കുതന്നെ കൊത്തിയല്ലോ നന്ദികെട്ട നായേ... "

മഴയുള്ള ആ രാത്രിമുഴുവന്‍ തമ്പുരാന്‍ തന്നെ പുളിമരത്തില്‍ കെട്ടിയിട്ടു. കുളിരുള്ള ആ രാത്രിയില്‍ ഗര്‍ഭനിരോധനയുറയില്ലാതെ അവര്‍ വന്യമായ്‌ രമിച്ചിരിക്കും.

പിറ്റേന്ന്‌ കയറൂരിവിട്ട്‌ വലിയ തമ്പുരാട്ടി പറഞ്ഞു-"ഈ വഴിക്കിനി കണ്ടുപോകരുത്‌. എവിടേക്കാച്ചാ പൊയ്‌ക്കോ ."

മടങ്ങുമ്പോള്‍ പടിപ്പുരയില്‍ നിന്ന്‌ ഒരിക്കല്‍ കൂടി താന്‍ പിന്തിരിഞ്ഞ്‌ നോക്കി. മട്ടുപ്പാവില്‍ ഭാഗീരഥി തമ്പുരാട്ടി. ഉണ്ട്‌, അപ്പോഴും അവരില്‍ ആ കോതിപ്പിക്കുന്ന ഭാവമുണ്ട്‌. രക്തത്തോടൊപ്പം പിന്നേയും.....!

ഇന്ന്‌,

ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ താന്‍ പഴയ അടിയാളന്‍ കുട്ടപ്പനല്ല. തനിക്കിന്ന്‌ പണമുണ്ട്‌, അധികാരമുണ്ട്‌, പ്രശസ്‌തിയുണ്ട്‌.

വലിയ തമ്പുരാട്ടിയും തമ്പുരാനും ഇന്നില്ല. കാലം മാറിയിരിക്കുന്നു. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ച.

ഭാഗീരഥി തമ്പുരാട്ടി ഇന്ന്‌ മൂന്ന്‌ പെണ്‍കുട്ടികളുടെ അമ്മയാണ്‌. പാടവും,പറമ്പും, തെങ്ങിന്‍തോപ്പുമെല്ലാം നഷ്ടമായിരിക്കുന്നു. ഇന്നിരിക്കുന്ന പഴയ വീടിന്റെ ആധാരം വെച്ച്‌ ലോണെടുത്താണ്‌ തമ്പുരാട്ടി അവസാനത്തെ പെണ്‍തരിയെ വിവാഹം കഴിപ്പിച്ചയച്ചത്‌.

വീടും,പറമ്പും ഏത്‌ നിമിഷവും ജപ്‌തിചെയ്‌ത്‌ പോയേക്കാവുന്ന അവസ്ഥ. അവരെ രക്ഷിക്കാന്‍ 'MLA കുട്ടപ്പ' നിന്ന്‌ നിഷ്‌പ്രയാസം കഴിയും. ശിക്ഷിക്കാനും.

കുട്ടപ്പന്‍ തമ്പുരാട്ടിയുടെ ദ്രവിച്ച പടിപ്പുരവാതില്‍ തുറന്ന്‌ അകത്തേക്ക്‌ കടന്നു. പഴയ പുളിമരം ഇന്നുമുണ്ട്‌. കുട്ടപ്പന്‍ പൂമുഖത്തെ ഓട്ടുമണിയുടെ ചരട്‌ വലിച്ചു. വാതില്‍ തുറക്കുന്നു. ഗൂഢമായൊരാനന്ദത്തോടെ കുട്ടപ്പനോര്‍ത്തു.

"ഭാഗീരഥി തമ്പുരാട്ടിയുടെ മുഖത്തിന്നും പഴയ ആ കൊതിപ്പിക്കലിന്റെ ഭാവമുണ്ടായിരിക്കുമോ ? ഉണ്ടാവും. ഉണ്ടാവട്ടെ, ഉണ്ടായില്ലെങ്കില്ലും...! "

Thursday, March 10, 2011

രാജകുമാരന്‍വര്‍ണ്ണാഭമായ പനിനീര്‍ വനങ്ങള്‍ക്ക്‌ സമീപം കുമാരന്‍ കുറേനേരം കൂടി അസ്വസ്ഥതയോടെയിരുന്നു. കാല്‍പ്പാദങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ കാട്ടാറ്‌ സംഗീതത്തോടെയൊഴുകുന്നു. എപ്പോഴോ മദിച്ച്‌ , പുളച്ച്‌ ഒരു മാന്‍കിടാവ്‌ നദീക്കരയോളം വന്നു. പിന്നെ ഗൂഢമായ വനാന്തരങ്ങളിലെവിടെയോ മറഞ്ഞു.

അമ്പും വില്ലും ആവനാഴിയും പാഴ്‌ വസ്‌ത്രംപോലെ കുമാരനരുകില്‍ കിടക്കുന്നു.

ദൂരെ വനവീഥിയില്‍ രഥവും , തേരാളിയും കുമാരനെ കാത്ത്‌ നില്‍ക്കുന്നു.

ഭീരുവായ രാജകുമാരന്‌ വീരസ്യം പകരാന്‍ രാജഗുരുവും മനീഷികളും വിധിച്ചത്‌ ഘോരവനങ്ങളിലെ നായാട്ടായിരുന്നു. തേരാളിക്ക്‌ വനവീഥിവരെ വരാം. സ്വദേഹത്തില്‍ രക്തം പൊടിയാതെ ഒരു ഹിംസ്രമൃഗത്തിന്റെ തലയുമായി മൂന്ന്‌ ദിവസത്തിനകം കൊട്ടാരത്തിലെത്തിയാല്‍ രാജകുമാരന്‍ ആദ്യപരീക്ഷണത്തില്‍ വിജയിച്ചു. അല്ലാത്തപക്ഷം ഇനി തല മുണ്ഡനം ചെയ്‌ത്‌ രാജ്യത്തില്‍ നിന്നും ചണ്ഡാലക്കൂട്ടത്തിലേക്ക്‌ നാടുകടത്തും.

ബാല്യം മുതലെ യുദ്ധങ്ങളും, ആയുധങ്ങളും രാജകുമാരന്‌ ഭയമായിരുന്നു. സദസ്സുകളില്‍, ആയുധപാടവത്തില്‍ എവിടെയും രാജകുമാരന്‍ സ്വത്വം മറന്നു.

രാജകുമാരന്‍ ഓര്‍ക്കുകയായിരുന്നു: പണ്ട്‌ കുബേരകുമാരന്‍മാര്‍ക്കിടയില്‍ കളിച്ചുകൊണ്ടിരുന്ന തന്നെക്കണ്ട്‌ പ്രജകള്‍ അടക്കം പറഞ്ഞിരുന്നത്‌ - "നമ്മുടെ രാജകുമാരന്‌ രാജപ്രൗഢിയും, മനോവീര്യവും കുറവാണ്‌. ഇദ്ദേഹം എങ്ങനെ രാജ്യംഭരിക്കും!"

പലപ്പോഴും ആള്‍ക്കണ്ണാടിയില്‍ സ്വരൂപംനോക്കി വിമ്മിഷ്ടപ്പെടുന്നു. കേട്ട കഥകളിലും വര്‍ത്തമാന ചരിതത്തിലുമെല്ലാം രാജപുത്രന്‍മാര്‍ സുന്ദരന്‍മാരും, സുശക്തരുമാണ്‌. പക്ഷെ താന്‍മാത്രം എന്തേ ഇങ്ങനെയായിപ്പോയത്‌? വംശപരമ്പരകളില്‍ തന്റെ പിതാവടക്കം മുന്‍ഗാമികളെല്ലാവരും ശക്തരും, ധീരന്‍മാരുമായിരുന്നത്രെ! തന്റെ യ്യൗവനാരംഭത്തില്‍ തന്നെ പിതാവ്‌ ഏക സന്താനമായ തന്നെക്കുറിച്ച്‌ വ്യാകുലനായിരുന്നു. രക്തം കണ്ടാല്‍ ബോധം കെടുന്ന , യുദ്ധങ്ങളേയും, ആരവങ്ങളേയും ഭയക്കുന്ന താനെങ്ങനെ രാജാവാകും?

മാതാപിതാക്കള്‍ തനിക്കായ്‌ പ്രാര്‍ത്ഥിക്കാത്ത ക്ഷേത്രങ്ങളില്ല, ചെയ്യാത്ത വഴിപാടുകളില്ല. രാജ്യത്തെ ഒന്നാന്തരം ഗുരുക്കന്‍മാരില്‍ നിന്നും വേദാഭ്യാസവും , ആയുധാഭ്യാസവും. എന്നിട്ടും ആത്മവിശ്വാസം വന്നില്ല. രാജാവാകണമെന്ന ആഗ്രഹം ഒരിക്കലുമില്ലായിരുന്നു. പക്ഷേ പിതാവ്‌ പലപ്പോഴും ഓര്‍മ്മപ്പെടുത്തി.

പുത്രധര്‍മ്മം!
രാജധര്‍മ്മം!!

രാജകുമാരന്‌ താത്‌പര്യം ഗ്രന്ഥപാരായണത്തിലും, ചിത്രരചനയിലുമായിരുന്നു. പഠിച്ച അസ്‌ത്രശസ്‌ത്രങ്ങളും, ആയുധശാസ്‌ത്രവും ക്ലാവ്‌പിടിച്ച ലോഹം പോലെ ഉള്ളില്‍കിടക്കുന്നു.

പിതാവ്‌ പിന്നെയും പലവുരു ഉപദേശിച്ചു

"ഉണ്ണീ പാണ്ഡ്യത്വവും , കലാഗുണവും രാജാവിന്‌ അലങ്കാരങ്ങള്‍ മാത്രമാണ്‌. നല്ലൊരു യോദ്ധാവിനേ യുദ്ധം നയിക്കാനാകൂ. പോരാട്ടങ്ങളെ ഭയക്കാതെ അചഞ്ചലതയോടെ നേരിടൂ "

പിതാവ്‌ പറഞ്ഞത്‌ ശരിയാണ്‌. പക്ഷേ വളരുംതോറും ഉള്ളിലെ ഭയവും, ഭീരുത്വവും വര്‍ദ്ധിക്കുകയാണ്‌. സമപ്രായക്കാരായ മന്ത്രികുമാരനും , ഗുരുപുത്രരും സമര്‍ത്ഥരും , തേജസ്വികളുമായ്‌ക്കഴിഞ്ഞു. മല്ലയുദ്ധത്തിലും, ചൂതുകളിയിലും, വാഗ്വോദത്തിലുമെല്ലാം എന്നും അവര്‍ത്തന്നെ ജയിക്കുന്നു. മാതാവ്‌ ദാസീപുത്രന്‍മാര്‍ക്ക്‌ ദാനം ചെയ്‌ത കുമാരനുപേക്ഷിച്ച ആഭരണങ്ങളും, ആടകളും കുമാരനേക്കാള്‍ ചേരുന്നത്‌ അവര്‍ക്കാണ്‌. ആരോടാണിനി പ്രാര്‍ത്ഥിക്കേണ്ടത്‌? യുദ്ധങ്ങളുടെ, തേജസിന്റെ ദേവനാരാണ്‌? പ്രപിതാമഹന്‍മാരിലാരോ തപസ്സ്‌ ചെയ്‌ത്‌ വരലബ്ദി നേടിയതായ്‌ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. പക്ഷേ ഏകാഗ്രതയും, ക്ഷമയും സിദ്ധിയല്ലേ? തനിക്കതുണ്ടോ?

ജോത്സ്യരും, വിദൂഷകരും ഒന്നുതന്നെ പറഞ്ഞു: "രാജകുമാരന്‌ അലസതയാണ്‌ അതില്‍നിന്നുതിര്‍ന്ന മൗഢ്യവും. യാഗങ്ങള്‍ക്കൊണ്ടും, ഉപദേശം കൊണ്ടുമാത്രം കാര്യമില്ല. മുക്തിക്ക്‌ ആദ്യം രാജകുമാരന്‍ തന്നെ മനസ്സ്‌ വെക്കണം. രോഗവും, ഔഷധവും രാജകുമാരനില്‍ തന്നെ."

രാജാവ്‌ വീണ്ടും മകനെ ഉപദേശിച്ചു: "കുമാരാ നമുക്ക്‌ പ്രായമായി, നീ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ട സമയമായി. നീ നിന്റെ ധീരതയും, കഴിവും പ്രജകളെക്കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. നിന്റെ ഭീരുത്വം നിന്നെ മാത്രമല്ല നമ്മെയും, നമ്മുടെ കുലമഹിമയെയും ഇകഴ്‌ത്തിക്കാട്ടുന്നു. അതുകൊണ്ട്‌ നീ സ്വയം ഒരു മാറ്റത്തിന്‌ തയ്യാറാവൂ. രാജരക്തമാണ്‌ നിന്റെ സിരകളിലൂടെ ഓടുന്നത്‌. അതുകൊണ്ട്‌ ഭൗതികമായ്‌ നിനക്കപ്രാപ്യമായൊന്നുമില്ല."

മാതാപിതാക്കന്‍മാരുടേയും, ഗുരുക്കന്‍മാരുടേയും ഉപദേശം കുമാരനില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. കുമാരന്‍ നിന്ദിക്കുകയായിരുന്നില്ല. എല്ലാവരും പറയുന്നത്‌ പോലെ മാറ്റം ആവശ്യമാണ്‌. പക്ഷേ മറ്റൊരാളായി മാറണമെങ്കില്‍ ഈ ജന്മം തന്നെ മാറണം. അതിനിനി....

അങ്ങനെയിരിക്കെ അഞ്ച്‌ സംവല്‍സരങ്ങള്‍ കൂടുമ്പോള്‍ നടത്താറുള്ള "ആയുധാഭ്യാസക്കാഴ്‌ച" വന്നു. യോദ്ധാക്കള്‍ക്ക്‌ പഠിച്ച അസ്‌ത്രശസ്‌ത്രങ്ങള്‍ മാറ്റുരച്ച്‌ കാണിക്കാനുള്ള സുവര്‍ണ്ണാവസരം. സര്‍വ്വായുധങ്ങളും പരീക്ഷിക്കാം. കുമാരന്‌ അമ്പും വില്ലുമായിരുന്നു നിശ്ചയിച്ചിരുന്നത്‌. പക്ഷേ ഞാണൊലി മുഴക്കിയ കുമാരന്റെ അസ്‌ത്രം ലക്ഷ്യം കണ്ടില്ല. സദസ്സ്‌ നിശബ്ദമായി. അഭ്യാസത്തില്‍ കുമാരന്റെ പ്രകടനം പ്രഹസനമായപ്പോള്‍ രാജാവ്‌ കോപം കൊണ്ടലറി.

ഇക്കുറി രാജാവ്‌ ഗൗരവപൂര്‍ണ്ണമായ ഒരു തീരുമാനമെടുക്കുകയായിരുന്നു. കാരണം കുമാരന്റെ കഴിവ്‌കേട്‌ ഇന്ന്‌ രാജ്യത്തില്‍ ഒരു സംസാരവിഷയമായിരിക്കുന്നു. രാജഗുരുവായിരുന്നു പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്‌തത്‌. തത്‌ഫലമായാണ്‌ കുമാരന്‍ കാട്ടിലെത്തിയിരിക്കുന്നത്‌. യാത്രയയക്കുമ്പോള്‍ നിറഞ്ഞ പുത്ര വാല്‍സല്യത്തോടെ കുമാരനോട്‌ രാജാവ്‌ പറഞ്ഞു.

"ഉണ്ണീ നിയമങ്ങളില്‍ നിന്ന്‌ രാജാവും മുക്തനല്ല. ധര്‍മ്മിഷ്‌ഠനും, നീതിമാനുമായ ഒരു രാജാവെന്നനിലയില്‍ നമുക്ക്‌ നിന്നെയും മാറ്റിയെടുക്കേണ്ടതുണ്ട്‌. നമുക്കും മുമ്പെ പ്രജകള്‍ നിന്നെയംഗീകരിക്കണം. നിന്നില്‍ ആത്മവിശ്വാസം വരേണ്ടതുണ്ട്‌. പോയ്‌ വരൂ. നമ്മുടെ പ്രാര്‍തഥനയും, അനുഗ്രഹവും എന്നും നിന്നോടൊപ്പമുണ്ട്‌. വിജയശ്രീലാളിതനായ്‌ തിരിച്ചുവരുന്ന നിന്നെ വരവേല്‍ക്കാന്‍ ഈ കൊട്ടാരവും, പ്രജകളും ആഘോഷങ്ങളോടെ കാത്തു നില്‍ക്കും". മൂര്‍ദ്ധാവില്‍ കൈവെച്ചു കൊണ്ടദ്ദേഹം പറഞ്ഞു."ജയിച്ചു വരൂ".

ഉള്‍വനങ്ങലിലെവിടെനിന്നോ ഒരു കാട്ടുമൃഗത്തിന്റെ ഗര്‍ജ്ജനം. കുമാരന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. കണ്ണെത്താവുന്നിടത്തോളം കാണുന്ന ചെറുശൈലങ്ങള്‍ക്കപ്പുറം വനം നിബിഢമാവുകയാണ്‌. കുമാരന്റെ ആദ്യത്തെ ബലിമൃഗം അവിടെ കാത്തിരിക്കുന്നു.

മുമ്പ്‌ പലതവണ കൊട്ടാരത്തില്‍ അടക്കം പറയുന്നത്‌ കേട്ടിട്ടുണ്ട്‌. രാജ്യത്ത്‌ ഉടനെ ഒരു യുദ്ധമുണ്ടാവുമത്രെ! വിശ്വം കീഴടക്കാന്‍ ശപഥമെടുത്ത ഒരു സുല്‍ത്താന്‍ ശതകാതങ്ങള്‍ക്കരികെവരെയെത്തിയിരിക്കുന്നു! രാജ്യത്ത്‌ രാജാവ്‌ സൈനികരേയും, ആയുധങ്ങളേയും വര്‍ദ്ധിപ്പിക്കുന്നു. ഒരു പക്ഷേ ആ യുദ്ധം നയിക്കേണ്ടവന്‍ കുമാരനായിരിക്കാം. കുമാരന്‍ പ്രാര്‍തഥിച്ചു: "ദേവാ, എനിക്ക്‌ ശക്തി തരൂ,ശക്തി തരൂ."

കുമാരന്‍ ആവനാഴി ഉറപ്പിച്ചു. അമ്പും, വില്ലും, വാളുമെടുത്ത്‌ വനാന്തരങ്ങളിലേക്ക്‌ നടന്നു.

കന്മദം കിനിയുന്ന പാറക്കൂട്ടങ്ങളില്‍ കാട്ടാടുകള്‍ കൂട്ടംകൂടി മേയുന്നു. മുമ്പ്‌ കേട്ട വന്യമൃഗത്തിന്റെ അലര്‍ച്ച ദൂരെനിന്ന്‌ ഒരിക്കല്‍ കൂടി കേട്ടു. കുമാരന്‍ ജാഗരൂകനായി. എവിടെ എന്റെ ശത്രു!

വൃക്ഷത്തലപ്പുകളെ വിറകൊള്ളിച്ചുകൊണ്ട്‌ ഒരു കാറ്റ്‌ വീശി. അപ്പോള്‍ വല്ലാത്തൊരസ്വസ്ഥത. തലകറങ്ങുന്നത്‌ പോലെ. മുകളിലേക്ക്‌ നോക്കിയപ്പോള്‍ മനസ്സിലായി. വലിയൊരു പാലമരത്തിന്റെ ചുവട്ടിലാണ്‌ നില്‍ക്കുന്നത്‌. പാല പിശാചിനികളുടെ വൃക്ഷമാണ്‌. ഭയം നിറയുന്ന മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ട്‌ വീണ്ടും കുമാരന്‍ മുന്നോട്ട്‌ നടന്നു.

ഇപ്പോള്‍ കാറ്റടങ്ങിയിരിക്കുന്നു. ശാന്തത. പെട്ടന്ന്‌ ഒരാനയുടെ ചിന്നംവിളി കേട്ടു. അധികം അകലെ നിന്നല്ല. ശബ്ദത്തിന്റെ ഉറവിടം തേടി നീങ്ങിയപ്പോള്‍ ഓര്‍ത്തു. ആന ഹിംസ്രമൃഗമാണോ? വീണ്ടും ശബ്ദം കേട്ടു. പിന്നീട്‌ മനസ്സിലായി. അതൊരു ദീനരോദനമാണ്‌. കുമാരന്‍ മറഞ്ഞ്‌ നിന്ന്‌ ആ കറുകറുത്ത കൊമ്പനാനയെ നോക്കി. മുന്നിലൊരു കാല്‍ നിലത്തുറപ്പിക്കാനാകാതെ അത്‌ നിസ്സഹായനായി എന്തിനോ കേഴുകയാണ്‌.

കുമാരന്‍ ആനക്കഭിമുഖമായ്‌ കുറേക്കൂടിയരുകിലെത്തി. ഇപ്പോള്‍ ആന കുമാരനേയും കണ്ടിരിക്കുന്നു അത്‌ വേദനയോടെ, നിസ്സഹായതയോടെ കുമാരനെ നോക്കി. ആ ചെറിയ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. പിന്നെ വലത്‌ കാല്‍പാദം മുകളിലേക്കുയര്‍ത്തി. കുമാരന്‍ വ്യകതമായ്‌ കണ്ടു. ആന വനംകൊള്ളക്കാരുടെ കെണിയില്‍പെട്ടിരിക്കുന്നു. വലത്‌ കാല്‍പാദത്തില്‍ ആഴത്തില്‍ തുളഞ്ഞിറങ്ങിയിരിക്കുന്ന ഇരുമ്പാണികള്‍ പാകിയ അള്ള്‌.

ഇപ്പോള്‍ ഭയം തോന്നുന്നില്ല. ഹിംസ്രയല്ല മനസ്സിലെ വികാരം. വീണ്ടും ആനയുടെ ദീനരോദനം. ഏതോ ഒരു കാന്തികപ്രേരണയിലെന്നോണം കുമാരന്‍ മുന്നോട്ടു നടന്നു. തറച്ച്‌ കയറിയ അള്ള്‌ സാഹസത്തോടെ വലിച്ചെടുത്തു. ആന നന്ദിയോടെ കുമാരനെ നോക്കി. കുമാരന്റെയും കണ്ണുകള്‍ നിറഞ്ഞു. ആന തുമ്പിക്കൈകൊണ്ട്‌ അരികിലൂടെ ഒഴുകിയിരുന്ന അരുവിയില്‍ നിന്നും വെള്ളം വലിച്ചെടുത്ത്‌ ഒരാശീര്‍വാദമെന്നോണം കണികകളാക്കി കുമാരനിലേക്ക്‌ തളിച്ചു. പിന്നെയത്‌ ദൂരേക്ക്‌ മറഞ്ഞു.

കുമാരന്റെ ആദ്രമായ മനസ്സ്‌ മന്ത്രിച്ചു. "ഇല്ല എനിക്കൊന്നിനേയും ഹിംസിക്കാനാവില്ല. വധിക്കാന്‍ ഞാനശക്തനാണ്‌. രക്തം ചിന്തുന്നത്‌ ചിന്തകളില്‍പ്പോലും എന്നെ വേദനിപ്പിക്കുന്നു. ആയതിനാല്‍ ഞാന്‍ രാജാവാകാന്‍ അര്‍ഹനല്ല. പരീക്ഷണത്തില്‍ പരാജിതനായ്‌ ഞാന്‍ മടങ്ങുകയാണ്‌. വിധി എന്തുമായ്‌ക്കൊള്ളട്ടെ. സഹനത്തിന്‌ ഞാനിതാ തയ്യാറായിരിക്കുന്നു. "

കുമാരന്‍ ഘോരവനത്തില്‍ നിന്നും വനവീഥിയിലേക്ക്‌ നടന്നു.

ദൂരെ ദൂരെ ഹിംസമൃഗത്തിന്റെ ഗര്‍ജ്ജനത്തിനപ്പോള്‍ പ്രതിധ്വനികളുയര്‍ന്നു.

Thursday, January 27, 2011

നീരാളിആശുപത്രിയില്‍ രോഗികളുടെയും, സന്ദര്‍ശകരുടെയും കോലാഹലങ്ങളില്‍ നിന്നും, ചുടുനിശ്വാസങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടലിന്റെ വെമ്പലോടെ കോറിഡോറില്‍ നിന്ന്‌ പുറത്തേക്ക്‌ നടക്കുന്നതിനിടയിലാണ്‌ 'നിങ്ങള്‍ സൈമണ്‍പീറ്ററല്ലേ ' എന്നൊരു ചോദ്യത്തോടെ ഒരു നഴ്‌സ്‌ എന്റെ അരുകിലേക്ക്‌ വന്നത്‌.

"അതെ." ഞാന്‍ മറുപടി പറഞ്ഞു.

അവര്‍ കൈയ്യിലുണ്ടായിരുന്ന കവര്‍ എന്റെ നേരെ നീട്ടി.

"ഇത്‌ നിങ്ങള്‍ക്കുള്ളതാണ്‌" എന്ന്‌ മാത്രം പറഞ്ഞ്‌ മറ്റൊന്നും ചോദിക്കാനിടം തരാതെ ആശുപത്രിയുടെ ആന്തരികാന്തരീക്ഷത്തിലേക്ക്‌ ലയിച്ചു. "ഇതാരുടേതാണ്‌" എന്ന ചോദ്യം ഒരു വിഡ്‌ഢിയെപ്പോലെ ഞാന്‍ സ്വയം ചോദിച്ചു.

നാലാക്കി മടക്കിയ ഒരു ഫുള്‍സ്‌ക്കോപ്പ്‌ പേജായിരുന്നു അത്‌. അതിന്‌ പുറത്ത്‌ 'സൈമണ്‍പീറ്റര്‍ക്ക്‌ ' എന്ന്‌ പ്രത്യേകമെഴുതിയിരുന്നു. ഉള്ളടക്കം അവിടെ നിന്നും വായിക്കുകയുണ്ടായില്ല. എന്തോ ഒരസ്വാരസ്യം, ആകാംക്ഷ അതെനിക്ക്‌ സമ്മാനിച്ചുവെന്നുറപ്പായി. താഴെ നിലയിലെ വിസിറ്റേഴ്‌സ്‌ ഹാളിലെ ഒരൊഴിഞ്ഞ മൂലയിലിരുന്ന്‌ ഞാന്‍ അക്ഷരങ്ങളാവാഹിച്ചു.

സംബോധനയോ, പരിചയപ്പെടുത്തലോ ഇല്ല. ചുവന്ന മഷിയില്‍ രണ്ടേരണ്ട്‌ വരികള്‍- "ഞാന്‍ നിങ്ങളുടെ ഒരു പൂര്‍വ്വകാല സുഹൃത്താണ്‌. സമയമനുവദിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ വന്ന്‌ കാണുക. ആറാം നില റൂംനമ്പര്‍ 247 ."

വിവക്ഷയോ, സൂചനകളോ ഒന്നുമില്ല. ലളിതമായ രണ്ടുവരികള്‍. എങ്കിലും അസാധാരണമായ ഒരു ഗുപ്‌തത വരികള്‍ക്കുള്ളിലെവിടെയോ ഉള്ളതുപോലെ.

ആറാം നിലയില്‍ കാത്തിരിക്കുന്ന ഈ സുഹൃത്ത്‌ ഡോക്ടറോ, നഴ്‌സോ അതോ രോഗിയോ! ആരായിരിക്കും? സുഹൃത്തുക്കള്‍ തനിക്ക്‌ പണ്ടേ കുറവാണല്ലോ. എന്തായിരിക്കും ഈ കുറിപ്പിന്‌ പിന്നിലെ ചേതോവികാരം. താനിവിടെയുണ്ടെന്ന്‌ എങ്ങനെയറിഞ്ഞു. ഒരു ബന്ധം പുതുക്കലാണോ ഇത്‌. അതും ഇവിടെവച്ച്‌.

ആശുപത്രിയും, അവിടത്തെ മരുന്നിന്റെയും, രോഗത്തിന്റെയും മണമുള്ള അന്തരീക്ഷവും എനിക്കസഹ്യമാണ്‌. അത്‌ വേണ്ടാത്ത പലതും ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ രോഗിയല്ലാത്ത ഒരാള്‍ ചിലപ്പോഴൊക്കെ ആശുപത്രിയില്‍ വരണമെന്ന പക്ഷക്കാരനുമാണ്‌ ഞാന്‍. അയാള്‍ രോഗം കാണണം, രോഗാവസ്ഥയറിയണം. എങ്കിലെ ജീവിതത്തിന്റെ അനിശ്‌ചിതത്വത്തേയും, അരക്ഷിതാവസ്ഥയേയും കുറിച്ചയാള്‍ ബോധ്യപ്പെടൂ. അതയാളില്‍ മാനവികതയും, ദൈവഭയവും വളര്‍ത്തിയേക്കും. അപ്പോഴയാളില്‍ നിശബ്ദമായൊരു പ്രാര്‍തഥനയുണരും-"എന്നോട്‌ കനിവ്‌ കാട്ടിയല്ലോ"

എന്തായാലും അജ്ഞാതനായ ഈ സുഹൃത്തിനെ ചെന്ന്‌ കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. രണ്ടാം നിലയിലെ യൂറോളജിഡിവിഷനില്‍ ഭാര്യാസഹോദരനുണ്ട്‌. അദ്ദേഹത്തെ കൂട്ടണോ എന്നാലോചിച്ചു. പെട്ടന്ന്‌ തന്നെ അതിന്റെ മറുപുറവും ചിന്തിച്ചു- "എന്റെ പഴയകാലസുഹൃത്തിനെ കാണാനെന്തിന്‌ മറ്റൊരാളുടെ തുണ "

ആറാം നിലയിലേക്ക്‌ ലിഫ്‌റ്റിലുയരവെ സംശയിച്ചു. ഒരു പക്ഷേ അജ്ഞാത സുഹൃത്തിന്‌ തെറ്റ്‌ പറ്റിയതാവാം. അയാളുദ്ദേശിക്കുന്ന സൈമണ്‍ വേറെയാരെങ്കിലുമാകും.

ആറാം നിലയില്‍ തീരെ തിരക്കില്ലായിരുന്നു. എന്തോ പേടിപ്പെടുത്തുന്ന നിശബ്ദത അവിടെ വ്യാപിച്ചിരുന്നു. ആശുപത്രി പരിസരം വിട്ട്‌ വേറെയേതോ ലോകത്തെത്തിയതുപോലെ. റൂം നമ്പര്‍ കണ്ടുപിടിച്ചു. ഒരു നിരയിലെ അവസാനത്തെ മുറിയായിരുന്നു അത്‌. സമീപമുറികളിലൊന്നിലും ആരും തന്നെയുണ്ടായിരുന്നില്ല. ഹാളിലെ പുറത്തേക്കുള്ള ജനാലയിലൂടെ അപ്പുറത്ത്‌ പുതുതായി പണിയുന്ന കെട്ടിടത്തില്‍ പില്ലറുകള്‍ വാര്‍ക്കുന്ന കോണ്‍ക്രീറ്റ്‌ തൊഴിലാളികളെ കാണാം.

247 നമ്പര്‍ മുറിയുടെ വാതിലില്‍ ഞാന്‍ മുട്ടി. കറുത്ത്‌, തടിച്ച ഒരു യുവാവാണ്‌ വാതില്‍ തുറന്നത്‌. അകത്തേക്ക്‌ കടക്കാതെ വരാന്തയില്‍ നിന്ന്‌ തന്നെ ചോദിച്ചു."നിങ്ങളാണോ എനിക്കീ കുറിപ്പ്‌ കൊടുത്തയച്ചത്‌?"

"അദ്ദേഹമാണ്‌." യുവാവ്‌ ബെഡ്ഡിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു. ഞാന്‍ ഉള്ളിലേക്ക്‌ കടന്നു. ബെഡ്ഡില്‍ ആകെ വിളറിമെലിഞ്ഞിരിക്കുന്ന എല്ലും തോലുമായ ഒരു രൂപം. ഇടക്കിടെ ചുമക്കുന്നു. വായില്‍ വെളുത്ത പൂപ്പല്‍ നിറഞ്ഞിരിക്കുന്നു, കൊഴുത്ത ഉമിനീര്‍ പുറത്തേക്കൊലിക്കുന്നുണ്ട്‌്‌്‌. വെറുപ്പും, ഭയവും തോന്നിക്കുന്ന രൂപം. കൈതണ്ടയില്‍ ഡ്രിപ്പ്‌നീഡില്‍ കുത്തിയ ഭാഗത്ത്‌ ബാന്‍ഡേജില്‍ ശുഷ്‌ക്കരക്തം പൊടിഞ്ഞിരിക്കുന്നു. ആ രൂപം അരികിലുള്ള കസേര ചുണ്ടിക്കൊണ്ട്‌ ആയാസപ്പെട്ട്‌ പറഞ്ഞു: "ഇരിക്കൂ." പിന്നെ കൂടെയുള്ള യുവാവിനോടയാള്‍ പറഞ്ഞു: "എന്നാ നീ പുറത്ത്‌ പോയിവാ."

രണ്ട്‌ നിമിഷത്തെ നിശബ്ദതക്ക്‌ ശേഷം സന്ദേഹിച്ച്‌ നില്‍ക്കുന്ന എന്നോടയാള്‍ പറഞ്ഞു:"സംശയിക്കേണ്ട ഞാന്‍ തന്നെയാണ്‌ നിങ്ങളുടെ പഴയകാല സുഹൃത്ത.്‌"

"പക്ഷേ ഞാന്‍ നിങ്ങളെയോര്‍ക്കുന്നേയില്ല. നിങ്ങള്‍ക്ക്‌ ആള്‍ തെറ്റിയതാവും."

"എനിക്ക്‌ തെറ്റിയിട്ടില്ല. നിങ്ങളെയെനിക്ക്‌ ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. പക്ഷേ നിങ്ങളിപ്പോഴും അന്ധാളിക്കുന്നു. ഓര്‍ക്കുന്നുവോ മദ്രാസിലെ വിഘ്‌നേശ്വരാ സ്‌റ്റീല്‍ ഇന്‍ഡസ്‌ട്രിയില്‍. അവിടെ ജോലിചെയ്‌തിരുന്ന കാലം...."

ഒന്ന്‌ നിര്‍ത്തി കിതപ്പ്‌ മാറ്റിക്കൊണ്ടയാള്‍ തുടര്‍ന്നു:

".... അവിടെ കമ്പനിക്കടുത്ത്‌ നിങ്ങളടക്കം നാലുപേര്‍ ഒരു വീട്‌ വാടകക്കെടുത്ത്‌ താമസിച്ചിരുന്നു. ആ പേരുകളോര്‍ക്കുന്നില്ലേ?."

ഞാന്‍ പഴയകാലത്തേക്ക്‌ ഊളിയിട്ടുകൊണ്ട്‌ പറഞ്ഞു:

"ഉവ്വ്‌- ജെയിംസ്‌,രവിശങ്കര്‍, പാര്‍ത്ഥസാരഥി, പിന്നെ ഞാന്‍."

"ആ രവിശങ്കറാണ്‌ ഞാന്‍."

ഞാനൊന്ന്‌ ഞെട്ടി. ഇയാള്‍ രവിശങ്കറോ! പത്ത്‌പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്റെ സുഹൃത്തും, സഹപ്രവര്‍ത്തകനുമായ സുന്ദരനും, ആരോഗ്യദൃഢഗാത്രനുമായ രവിശങ്കറാണോ ഇത്‌. ഒരിക്കലുമല്ല! ഇയാള്‍.... ഈ രൂപം ഭ്രാന്ത്‌ പറയുകയാണ്‌.തീര്‍ച്ച!

പക്ഷേ അടുത്ത നിമിഷങ്ങളില്‍ തന്നെ എന്റെ ചിന്തകള്‍ അസ്ഥാനത്താണെന്ന്‌ എനിക്ക്‌ ഏതാണ്ട്‌ ബോധ്യമായി. രവിശങ്കറിന്‌ വെള്ളാരം കണ്ണുണ്ട്‌, പിന്നെ മൂക്കിന്‌ സമാന്തരമായൊരു മറുകുണ്ട്‌, അതുരണ്ടും ഇയാള്‍ക്കുമുണ്ട്‌.

ഇയാളുടെ ശുഷ്‌കിച്ച എല്ലുകള്‍ തെളിഞ്ഞ മുഖത്ത്‌ ആ മറുക്‌ മാത്രം കരിഞ്ഞ റോസാച്ചെടിയില്‍ പൂത്ത പുഷ്‌പം പോലെ വേറിട്ട്‌ നില്‍ക്കുന്നു.

അല്ലെങ്കില്‍ താനെന്തിന്‌ തര്‍ക്കിക്കുന്നു. പഴയ രവിശങ്കറാണെന്ന്‌ തെറ്റിദ്‌ധരിപ്പിച്ച്‌ ഇയാള്‍ എന്ത്‌ നേടാനാണ്‌. ഇയാളെന്റെ പഴയകാല സുഹൃത്ത്‌ രവിശങ്കര്‍ തന്നെ. അടുത്ത നിമിഷം കൈവന്ന പുതിയൊരു സ്വാതന്ത്ര്യത്തോടെയും, അനുതാപത്തോടെയും ഞാന്‍ പറഞ്ഞു-"എനിക്ക്‌ നിന്നെ മനസ്സിലായില്ല രവിശങ്കര്‍. നിനക്കെന്ത്‌ പറ്റി?.എന്താണ്‌ നിന്റെ അസുഖം. അന്ന്‌ വിഘ്‌നേശ്വരാ കമ്പനിയില്‍ നിന്ന്‌ പോന്നതിന്‌ ശേഷം ഒരിക്കല്‍പോലും നമ്മള്‍ കണ്ടിട്ടില്ലല്ലോ. അന്ന്‌ നീ ആരോടും പറയാതെ ഒരു തിരോധാനം പോലെയാണല്ലോ അപ്രത്യക്ഷമായത്‌."

മുമ്പ്‌ സംസാരിച്ചതിന്റെ കിതപ്പ്‌്‌്‌്‌്‌ വിശങ്കറില്‍ നിന്നു പൂര്‍ണ്ണമായും വിട്ട്‌ മാറിയിരുന്നില്ല. എങ്കിലും അയാള്‍ വൈഷമ്യത്തോടെ പറയാന്‍ ശ്രമിച്ചു-"വിഘ്‌നേശ്വരാ കമ്പനിയില്‍ നിന്ന്‌ പോന്നതിന്‌ ശേഷം ഞാനൊരിടത്തും സ്ഥിരമായി നിന്നിട്ടില്ല. ഞാന്‍ തേടുകയായിരുന്നു....."

"നിന്റെ ഭാര്യാ, കുട്ടികള്‍...?"

"ഞാന്‍ വിവാഹം കഴിച്ചിട്ടില്ല."

"നിന്റെ അസുഖത്തെ കുറിച്ച്‌ പറയൂ? "

പക്ഷേ രവിശങ്കര്‍ പിന്നീടൊന്നും സംസാരിക്കുകയുണ്ടായില്ല. അയാള്‍ നെഞ്ചില്‍ രൂപം കൊണ്ട കഫക്കട്ടകളെ അതിജീവിച്ച്‌ ശ്വാസം കഴിക്കാന്‍ പ്രയാസപ്പെട്ടു. കിടക്കാനും, ഇരിക്കാനും പറ്റാത്ത അവസ്ഥ, മുറിയില്‍ ശ്വാസദുര്‍ഗന്ധം.

രവിശങ്കറിന്റെ മൗനം എന്നെയും മൂകനാക്കി. പക്ഷേ എനിക്ക്‌ ഒരുപാട്‌ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടായിരുന്നു. ചില കാര്യങ്ങള്‍ പറയാനുമുണ്ടായിരുന്നു. രവിശങ്കര്‍ ശാന്തമാവാന്‍ വേണ്ടി ഞാന്‍ കാത്തു. പക്ഷേ പതിയെപ്പതിയെ രവിശങ്കര്‍ ഒരു മയക്കത്തിലേക്ക്‌ ആഴ്‌ന്നു പോകുകയാണ്‌ ചെയ്‌തത്‌.

തന്നെ കണ്ടതുകൊണ്ടാണ്‌ രവിശങ്കറുടെ കൂടെയുണ്ടായിരുന്ന സഹായി പുറത്തേക്ക്‌ പോയത്‌. അതുകൊണ്ട്‌ തനിച്ചാക്കി പോകാനും വയ്യ. അങ്ങനെ കാത്തിരിക്കവെ മുമ്പ്‌ കണ്ട യുവാവ്‌ കുറേ സാധനങ്ങളും ചില ആനുകാലികപ്രസിദ്ധീകരണങ്ങളുമായി തിരിച്ച്‌ വന്നു. "നിങ്ങള്‍ പോയില്ല അല്ലേ" എന്നൊരു നീരസഭാവത്തോടെ സാധനങ്ങള്‍ അവിടെ വച്ച്‌ ധൃതിയില്‍ പുസ്‌തകങ്ങളെടുത്ത്‌ മറിച്ചു തുടങ്ങി. ആ മുറിയില്‍ മറ്റിരിപ്പിടങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. അയാള്‍ ഞാനിരിക്കുന്ന കസേരക്ക്‌ വേണ്ടിയാണ്‌ അക്ഷമനാകുന്നതെന്ന്‌ തോന്നിയപ്പോള്‍ എഴുന്നേറ്റു.

രവിശങ്കറിനോട്‌ മാത്രമായി പറഞ്ഞു-"ഞാന്‍ പോകുന്നു. എന്റെ ഭാര്യാപിതാവിനൊരു സര്‍ജറിയുണ്ടായിരുന്നു. രണ്ട്‌ ദിവസം കൂടി ഞാനിവിടെയുണ്ടാകും നാളെ വരാം."

മടങ്ങുമ്പോള്‍ മനസ്സ്‌ നിറയെ രവിശങ്കറായിരുന്നു. പുതിയ രവിശങ്കര്‍! അയാളൊരു ദുരന്തനായകനായി മനസ്സില്‍ കല്ലിച്ച്‌ കിടക്കുന്നു. പണ്ടയാളോട്‌ ആരാധനയായിരുന്നു. വിവിധഭാഷകളില്‍ നല്ല അവഗാഹമുണ്ടായിരുന്നു അയാള്‍ക്ക്‌. അന്ന്‌ തന്നെയും ജെയിംസിനേയും ഇംഗ്ലീഷ്‌ സംസാരിക്കാന്‍ പഠിപ്പിച്ചത്‌ രവിശങ്കറാണ്‌. ഒരു പക്ഷേ അയാള്‍ക്ക്‌ മാരകമായ എന്തെങ്കിലും രോഗമായിരിക്കാം. വിഘ്‌നേശ്വരാ കമ്പനിയില്‍ നിന്ന്‌ രവിശങ്കര്‍ പോയതിന്‌ ശേഷം താനും അധികകാലം അവിടെ ജോലിചെയ്‌തിട്ടില്ല.

പഴയ സഹപ്രവര്‍ത്തകരുമായ്‌ കത്തെഴുതിയോ, ഫോണ്‍ചെയ്‌തോ ബന്ധം പുതുക്കുന്ന സ്വഭാവം തനിക്കുണ്ടായിരുന്നില്ല. പുതിയ ജോലിസ്ഥലങ്ങലിലെല്ലാം സുഹൃത്തുക്കളുണ്ടായി. മറ്റൊരിടത്തെത്തുമ്പോള്‍ സൗകര്യാര്‍തഥം താനവരെ വിസ്‌മരിക്കുകയും ചെയ്‌തു. അല്ലെങ്കിലും തന്റെ മുഴുവന്‍ ശ്രദ്‌ധ കുടുംബജീവിതത്തിലായിരുന്നു. ഭാര്യയും, മക്കളും അതാണ്‌ തന്റെ ലോകം. അതിന്നും അങ്ങനെതന്നെ. ജോലിയില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ ഇന്ത്യക്കകത്തുതന്നെയുള്ള പ്രവാസജീവിതത്തിനു ശേഷം നാട്ടില്‍ ഭാര്യയോടും, കുട്ടികളോടുമൊപ്പം സ്ഥിരമായി. ഒരു വിരസതയും ഇതുവരെ തോന്നിയിട്ടില്ല. ഇന്നും ഭാര്യയെ ആവേശത്തോടെയും, സംതൃപ്‌തിയോടെയും ദിവസേനെ പ്രാപിക്കുന്നു. വിവാഹം കഴിപ്പിച്ചയച്ച മക്കളെ ആഴ്‌ചയിലൊരിക്കല്‍ സന്ദര്‍ശിക്കുന്നു. പുറത്താരുമായും അനാവശ്യ കൂട്ടുകെട്ടുകളില്ല. പ്രവാസി ജീവിതം തന്ന പ്രാദേശികാപരിചിതത്വം ഒരു ശാപമായി ഇതുവരെ തോന്നിയിട്ടില്ല. വിരസതയുടെ നാളുകള്‍ ഈ ജന്മത്തിലുണ്ടാകുമെന്ന്‌ തോന്നുന്നില്ല. വായിച്ച്‌ തീര്‍ക്കാന്‍ ഇനിയുമേറെ പുസ്‌തകങ്ങളുണ്ട്‌. കമ്പ്യൂട്ടറുണ്ട്‌, ഇന്റെറ്‌നെറ്റ്‌ കണക്ഷനുണ്ട്‌. നാട്ടുകാരുടെയൊപ്പം ഭാര്യയും ചിലപ്പോള്‍ എന്നോട്‌ പറയുന്നു- "നിങ്ങളൊരത്ഭുതമനുഷ്യനാണ്‌. "

സമയമേറെ കഴിയുമ്പോള്‍ രവിശങ്കറും എന്റെ മനസ്സില്‍ അത്ഭുത മനുഷ്യനായ്‌ വളരുകയായിരുന്നു. അയാള്‍ക്ക്‌ എന്തെങ്കിലും തന്നോട്‌ പറയാനുണ്ടോ? അതോ എന്തെങ്കിലും സഹായമഭ്യര്‍ത്ഥിക്കാനുണ്ടോ? അങ്ങനെയാണെങ്കില്‍ തന്നാലാവുന്നത്‌ ചെയ്യണം. എന്തായാലും നാളെ ഹോസ്‌പിറ്റലില്‍ പോകുമ്പോള്‍ അയാളെ പോയികാണാം.

അന്ന്‌ രാത്രി രവിശങ്കറെ പലവട്ടം സ്വപ്‌നം കണ്ടു. രവിശങ്കര്‍ എന്തൊക്കെയോ സംസാരിക്കുന്നു. പിന്നാലെ ജെയിംസും, പാര്‍ത്ഥസാരഥിയും. പാതിരാത്രിയിലെപ്പോഴോ ഉണര്‍ന്നു. മനസ്സിന്‌ വല്ലാത്തൊരു പിരിമുറുക്കം. പാര്‍ത്ഥസാരഥിയും, ജെയിംസും ഇപ്പോഴെവിടെയായിരിക്കും?. പഴയ ഡയറിയില്‍ അവരുടെ വിലാസമുണ്ടായിരിക്കും. ഒന്നെഴുതിയാലോ?. നാളെയാവട്ടെ.

പിറ്റേന്ന്‌ വൈകിയാണ്‌ എണീറ്റത്‌. ഭാര്യ രണ്ട്‌ ദിവസമായി ഹോസ്‌പിറ്റലിലായതിനാല്‍ ഭക്ഷണമൊരുക്കലും, കഴിക്കലുമെല്ലാം തനിയെ. പത്ത്‌ മണിക്കാണ്‌ പ്രാതല്‍ കഴിച്ചത്‌. പിന്നെ നെറ്റില്‍ ആത്മീയതയെ കുറിച്ചുള്ള ചില ബ്ലോഗുകള്‍ വായിച്ചു. പുസ്‌്‌തകങ്ങളേക്കാള്‍ മാനസീകോര്‍ജ്ജം ചെലവഴിക്കേണ്ടിവരുന്നു ഇലക്ട്രോണിക്‌ മാധ്യമങ്ങളിലൂടെയുള്ള പാരായണത്തിന്‌. ഒന്നുഷാറാവാന്‍ പുതിയ കുപ്പിയില്‍ നിന്നും ഒരു പെഗ്ഗ്‌ വിസ്‌കി കഴിച്ചു. സിരകളുയരുന്നത്‌്‌ ഇപ്പോള്‍ വ്യക്തമായനുഭവിച്ചറിയാം. ഉച്ചക്ക്‌ ഊണ്‌ കഴിച്ച്‌ പതിവ്‌പോലെ മയങ്ങാന്‍ കിടന്നില്ല. ഭാര്യക്ക്‌ മാറേണ്ട വസ്‌ത്രങ്ങളുമെടുത്ത്‌്‌ ആശുപത്രിയിലേക്ക്‌ ചെന്നു. ഡോക്ടര്‍ വന്ന്‌ "ഇഞ്ചുറി ചെക്കപ്പ്‌ " നടത്തിയെന്നും ഒരു പക്ഷേ നാളെത്തന്നെ ഡിസ്‌ചാര്‍ജായേക്കുമെന്നും ഭാര്യ പറഞ്ഞു. ഭാര്യാപിതാവിന്റെ മുഖത്ത്‌ തെളിച്ചമുണ്ട്‌. അദ്ദേഹം നന്ദിപൂര്‍വ്വം മരുമകന്റെ ശുഷ്‌കാന്തിയെ കുറിച്ചോര്‍ക്കുകയാവും. കടമകഴിച്ച്‌ അവിടെനിന്നിറങ്ങുമ്പോള്‍ മനസ്സ്‌ നിറയെ ആറാം നിലയിലെ 247-ാം നമ്പര്‍ മുറിയായിരുന്നു. ലിഫ്‌റ്റ്‌ കേടായതിനാല്‍ ആറാം നില വരെ കോണികയറേണ്ടി വന്നു. കിതപ്പോടെ മുറിക്ക്‌ മുന്നിലെത്തിയപ്പോള്‍ അവിടെ തലേന്ന്‌ കണ്ട യുവാവും തനിക്ക്‌ കുറിപ്പ്‌ തന്ന നഴ്‌സും മാത്രം.

"രവിശങ്കറെവിടെ? "

യുവാവാണ്‌ മറുപടിപറഞ്ഞത്‌ി-്‌" അദ്ദേഹം മരണപ്പെട്ടു."

നടുക്കത്തോടെയാണ്‌ ചോദിച്ചത്‌-"എപ്പോള്‍...?"

"ഇന്ന്‌ രാവിലെ കൃത്യം പത്ത്‌ മണിക്ക്‌. നിങ്ങള്‍ വരുമെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. ഇതാ ഈ കത്ത്‌ നിങ്ങള്‍ക്ക്‌ തരാന്‍ അദ്ദേഹം ഏല്‍പ്പിച്ചതാണ്‌. ഇന്നലെ രാത്രി മുഴുവനിരുന്ന്‌ കഷ്ടപ്പെട്ടെഴുതിയതാണ്‌."

ലോങ്‌കവറില്‍ തന്റെ പേര്‌ മാത്രമെഴുതി സ്‌റ്റാപ്പിള്‍ ചെയ്‌തിരിക്കുന്ന ഒരു കത്ത്‌. ഞാന്‍ സ്‌തബ്‌ന്ധനായി. വീണ്ടുമിതാ രവിശങ്കര്‍ അത്ഭുതം സഷ്ടിച്ചിരിക്കുന്നു. വീണ്ടും തിരോധാനം. ഞാന്‍ യുവാവിനോട്‌ ചോദിച്ചു-

"എന്തായിരുന്നു രവിശങ്കറുടെ അസുഖം?"

"എല്ലാവിവരവും ആ കത്തിലുണ്ടായിരിക്കും. നിങ്ങള്‍ പോകൂ. ഞങ്ങള്‍ മുറി പൂട്ടുകയാണ്‌. "

"രവിശങ്കറുടെ ബോഡി?"

"ഒരു ചാരിറ്റബിള്‍ ട്രസ്‌റ്റാണ്‌ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുന്നത്‌."

അധികമൊന്നും ചോദിക്കാനാകാതെ പിന്തിരിഞ്ഞു. ഇല്ല; മനസ്സില്‍ നഷ്ടബോധമില്ല. പക്ഷേ....... രവിശങ്കറിന്‌ എന്തൊക്കെയോ തന്നോട്‌ പറയാനുണ്ടായിരുന്നു. അതാണീ കത്ത്‌. കാലങ്ങളായ്‌ വായിക്കാന്‍ മോഹിച്ചിരുന്ന ഒരു പുസ്‌തകം കിട്ടിയ ത്വരയോടെ വീട്ടിലേക്ക്‌ വന്നു. രാത്രിയായിരുന്നു. ആ കവര്‍ ഒരമൂല്യ ഗ്രന്ഥം പോലെ ബുക്ക്‌ ഷെല്‍ഫില്‍ വെച്ചു. ആദ്യം വിശദമായൊന്ന്‌ കുളിച്ചു. പിന്നെ ധൃതിയില്‍ ഭക്ഷണം കഴിച്ചു. റീഡിംഗ്‌ റൂമില്‍ കയറി വാതിലടച്ച്‌ പ്രവൃദ്ധമായ ആകാംക്ഷയോടെ കവര്‍ പൊട്ടിച്ചു. വൃത്തിയുള്ള കയ്യക്ഷരത്തിലെഴുതിയ നീണ്ട ഒരു കത്തായിരുന്നു അത.്‌

"സുഹൃത്തെ,

എന്റെ മരണത്തിന്‌ ശേഷമാണ്‌ നിങ്ങള്‍ ഈ കത്ത്‌ വായിക്കുന്നത്‌. അതങ്ങനെയേ ആകാവൂ എന്നെനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ മരണം നാല്‌ ദിവസങ്ങള്‍ക്കകം സംഭവിക്കും എന്ന്‌ ഡോക്ടര്‍ സൂചിപ്പിച്ചിരുന്നു. അതിന്‌ രണ്ടാം നാളാണ്‌ നമ്മള്‍ കാണുന്നത്‌. അന്നെനിക്ക്‌ അധികമൊന്നും സംസാരിക്കാനായില്ല അഥവാ കഴിയുമെങ്കിലും ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട്‌ പറയുമായിരുന്നില്ല. ഈ കത്ത്‌ അത്രക്ക്‌ നിഗൂഢവും, ജീവിച്ചിരിക്കുമ്പോള്‍ എനിക്ക്‌ വിലക്കപ്പെട്ടതുമാണ്‌. ആശുപത്രിയില്‍ വെച്ച്‌ നിങ്ങള്‍ക്കെന്നോട്‌ കുറെ കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. ഞാനെന്തിന്‌ വിഘ്‌നേശ്വരാ കമ്പനിയില്‍ നിന്ന്‌ അപ്രത്യക്ഷമായ്‌? ഇപ്പോള്‍ എന്റെയീ അവസ്ഥ,രോഗം? എല്ലാത്തിനും ഇതില്‍ ഉത്തരമുണ്ട്‌. കൂട്ടത്തില്‍ ഒരിക്കലും നിങ്ങള്‍ക്ക്‌ ചിന്തിക്കാനാകാത്ത കുറേകാര്യങ്ങളും ഞാന്‍ വിഭാവനം ചെയ്യുന്നു. നമ്മളെന്തിന്‌ രണ്ടാമതും കണ്ടുമുട്ടി! അതും എന്റെ മരണത്തിന്‌ ഏതാനും സമയങ്ങള്‍ക്ക്‌ മുമ്പ്‌. എല്ലാം നിയോഗമാണ്‌. എനിക്ക്‌ നിങ്ങളിലൂടെ എന്റെ ജീവിത കഥ പറയണമായിരുന്നു. അത്‌ കാലത്തിന്റെ അനിവാര്യമായ ആവശ്യം. നിങ്ങള്‍ക്കവിശ്വസനീയമായ്‌ തോന്നാമെങ്കിലും ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം നൂറ്‌ ശതമാനം സത്യമാണ്‌. മരണത്തിനപ്പുറത്ത്‌ നിന്ന്‌ ഒരാള്‍ കളവ്‌ പറയുകയില്ലാ എന്നത്‌ ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ ഒര്‍ത്തുകൊള്ളുക, ഇതൊരിക്കലും മന:സാക്ഷിക്കുത്തിന്റെ കുമ്പസാരമല്ല. ഞാനിത്‌ നിങ്ങളോട്‌ പറഞ്ഞില്ലെങ്കിലും വേറൊരാള്‍ നിങ്ങളല്ലെങ്കില്‍ മറ്റൊരാളെ ഇത്‌ കേള്‍പ്പിക്കുമായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ.

നിങ്ങളെ ഞാന്‍ എന്റെ ജീവിതത്തോട്‌ ബന്ധിപ്പിക്കുമ്പോള്‍ മാറ്റി നിര്‍ത്താനാവാത്ത രണ്ടുപേരാണ്‌ നമ്മുടെ പൂര്‍വ്വസുഹൃത്തുക്കളായ പാര്‍തഥസാരഥിയും, ജെയിംസും. രണ്ടു പേരും ഇന്ന്‌ ജീവിച്ചിരിപ്പില്ലാ എന്നതാണ്‌ സത്യം. അഥവാ അവര്‍ രണ്ടുപേരും കൊലചെയ്യപ്പെട്ടു എന്ന്‌ സ്‌പഷ്ടം.

വിഘ്‌നേശ്വരാ കമ്പനിയില്‍ നിങ്ങള്‍ ജോലിചെയ്‌തിരുന്ന കാലം. നിങ്ങള്‍ മൂന്ന്‌ പേരും എന്നേക്കാള്‍ സീനിയറായിരുന്നു. മണിപ്പൂരില്‍ നിന്നാണ്‌ ഞാനാ കമ്പനിയിലേക്കെത്തുന്നത്‌. നമ്മള്‍ നാലുപേരും പെട്ടന്ന്‌ സുഹൃത്തുക്കളായി. ഞാന്‍ നിങ്ങളെ എന്നിലേക്ക്‌്‌്‌്‌്‌്‌ ആകര്‍ഷിപ്പിക്കുകയായിരുന്നു. എനിക്ക്‌ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ക്രമേണ നമ്മളൊരുമിച്ച്‌ താമസമായി.

ഇനി ഞാന്‍ നിങ്ങളെ ഭയപ്പെടുത്തിയേക്കാവുന്ന ഒരു കാര്യം പറയട്ടെ; ജെയിംസിനേയും, പാര്‍ത്‌ഥസാരഥിയേയും കൊന്നത്‌ ഞാനാണ്‌....!"

ഞാന്‍ കത്ത്‌ വായിക്കുന്നത്‌ നിര്‍ത്തി. മുഴുവേഗതയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ കാറ്റിലും വിയര്‍ത്ത്‌ കുളിച്ചു. ഞാന്‍ ഭയചികതനായിരുന്നു. കഥാവശേഷനായ രവിശങ്കറിതാ എന്റെ മുന്നില്‍ വന്ന്‌ സംഹാരനൃത്തമാടുന്നു. രവിശങ്കര്‍ അവരെ എന്തിന്‌ കൊന്നു? ഞാന്‍ ജനാലയിലേക്ക്‌ നോക്കി. പാതിതുറന്നിരുന്ന ജനാലയിലൂടെ പുറത്ത്‌ രാത്രിയുടെ ഭീകരത. ഈ രാത്രിമാത്രം എനിക്കെങ്ങനെ ഭീകരമായി. ഞാന്‍ വിറക്കുന്ന കൈകളോടെ ജനാല്‍ കുറ്റിയിട്ടു., കഴുത്തിലെ മാലയിലെ കുരിശില്‍ മുത്തമിട്ടു.

കത്തിലെ പേജുകള്‍ പകുതിപോലുമായിരുന്നില്ല. എന്താണ്‌ രവിശങ്കറിന്‌ ഇനി പറയാനുള്ളത്‌! ബാക്കി.....!

".......കോഴിക്കോട്ടെ ഒരു ഗ്രാമത്തിലായിരുന്നു എന്റെ വീട്‌. എന്റെ അച്ഛന്‍ ഒരു മുഴുമദ്യപാനിയും, അസന്മാര്‍ഗ്ഗിയുമായിരുന്നു. അദ്ദേഹത്തിന്‌ വേറെയും ഭാര്യമാരുണ്ടായിരുന്നു. എനിക്ക്‌ മൂത്തത്‌ രണ്ട്‌ ജ്യേഷ്‌ഠത്തിമാര്‍. അമ്മ കൂലിപ്പണി ചെയ്‌താണ്‌ ഞങ്ങളെ വളര്‍ത്തിയതും, എന്നെ പഠിപ്പിച്ചതും. സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന്‌ ശേഷം ഞാന്‍ പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ ഒന്നാം റാങ്കില്‍ പാസ്സായി. അപ്രന്റീസ്‌ ട്രെയിനിംഗിന്‌ ശേഷം കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ എനിക്ക്‌ ജോലികിട്ടി. ജീവിതം അങ്ങനെ സുസ്ഥിരമായ്‌ മുന്നോട്ട്‌ പോവുകയായിരുന്നു. രണ്ട്‌ ജ്യേഷ്‌ഠത്തിമാരേയും വിവാഹം കഴിപ്പിച്ചയപ്പിച്ചു. മുമ്പ്‌ കൗമാരത്തില്‍ വിധിയെ പ്രാകിപറഞ്ഞുപോയ പൊയ്‌്‌വാക്കുകളെ കുറിച്ചോര്‍ത്ത്‌ ഞാന്‍ പശ്ചാത്തപിച്ചിരുന്നു, ഞാന്‍ പ്രാര്‍തഥിച്ചിരുന്നു.

കാലാന്തരത്തില്‍ ആദ്യത്തേതിലും മെച്ചപ്പെട്ട ജോലി കിട്ടിയപ്പോള്‍ ഞാന്‍ മണിപ്പൂരിലേക്ക്‌ പോയി. ഉയര്‍ന്ന ശമ്പളം, ഉയര്‍ന്ന ജീവിതനിലവാരം. രണ്ട്‌ വര്‍ഷത്തോളം ഞാന്‍ മണിപ്പൂരില്‍ കഴിഞ്ഞു. അങ്ങനെയിരിക്കെ എനിക്കൊരു ടെലിഗ്രാം- അമ്മ രോഗിയായിരിക്കുന്നുവെന്നും അടിയന്തിരമായി ഓപ്പറേഷന്‍ വേണമെന്നും. ഞാനുടനെ നാട്ടിലെത്തി. അമ്മയുടെ ഓപ്പറേഷന്‌ രക്തം കൊടുക്കാന്‍ "ബ്ലഡ്‌ ചെക്കപ്പ്‌ " നടത്തിയപ്പോഴാണ്‌ പിന്നീട്‌ എന്റെ ജീവിതഗതിയെ ആകെ മാറ്റിയ ആ മഹാസംഭവം ഞാനറിയുന്നത്‌. ഞാന്‍ എച്ച്‌. ഐ. വി പോസറ്റീവാണെന്ന നഗ്നസത്യം.

ബോധമണ്ഡലത്തിലാകെ ഇരുട്ട്‌ പരക്കുന്നത്‌ പോലെയാണെനിക്ക്‌ തോന്നിയത്‌. മഹാന്ധകാരത്തില്‍ പകച്ച ഞാന്‍ ആശുപത്രിയില്‍ കുഴഞ്ഞ്‌ വീണു. ഒറ്റദിവസം കൊണ്ടിതാ എന്റെ ജീവിതമാകെ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. പക്ഷേ എങ്ങനെയെനിക്ക്‌ രോഗം വന്നു! അന്ന്‌ എയ്‌ഡ്‌സിനെ കുറിച്ചുള്ള പ്രാഥമിക അറിവെനിക്കുണ്ടായിരുന്നു. പ്രധാനമായും ലൈംഗിക അരാജകത്വത്തിലൂടെ പിടിപെടുന്ന ഒരു രോഗം. പക്ഷേ ഞാന്‍ ആരെങ്കിലുമായ്‌ ശാരീരികബന്ധം പുലര്‍ത്തുകയോ, അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്‌തിരുന്നില്ല. എന്നിട്ടും മറ്റേതോ വഴിയിലൂടെ എനിക്ക്‌ രോഗം വന്നു. അതിനിടക്ക്‌ എന്റെ എല്ലാമെല്ലാമായ അമ്മയും മരിച്ചു.

ഞാന്‍ കുറേയേറെ ചിന്തിച്ചു. ഈ നൃശംസത, നിര്‍മമത എന്തിനെന്നോട്‌? ഇത്രയും കഠോരമായ വിധി ഏറ്റ്‌ വാങ്ങാന്‍ മാത്രം ഞാനെന്ത്‌ തെറ്റ്‌ ചെയ്‌തു. എന്റെ പക ആരോടായിരുന്നു? എന്നെ ക്രൂരമായ്‌ വേട്ടയാടുന്ന വിധിയോടോ?. അതിന്‌ മുന്‍ജന്മപാപത്തിന്റെ കടംങ്കഥയോതുന്ന ദൈവതത്വചിന്തയോടോ? രണ്ടിനോടും അല്ലെങ്കില്‍ എല്ലാത്തിനോടും.

ആരോഗ്യവാനായ ഒരു എയ്‌ഡ്‌സ്‌ അണുവാഹകന്‌ ആന്റിറിട്രോവൈറല്‍ തെറാപ്പിയിലൂടെ വേണമെങ്കില്‍ പത്തോ, പതിനഞ്ചോ കൊല്ലം വരെ സാധാരണജീവിതം നയിക്കാനാകും. അങ്ങനെയാണെങ്കില്‍ ....! എന്നിലെ ക്രിമിനലിസമുണര്‍ന്നു. എയ്‌ഡ്‌സിന്റെ അവസാന ഘട്ടത്തിലെത്തുന്നത്‌ വരെ കഴിയുന്നത്ര ആളുകള്‍ക്ക്‌ ഈ രോഗം വിതക്കുക. അങ്ങനെ എല്ലാവരും എനിക്ക്‌ സമശീര്‍ഷരാവട്ടെ. അങ്ങനെയാകട്ടെ പ്രകൃതിയോടുള്ള എന്റെ പ്രതികാരം. ഞാന്‍ തീരുമാനിച്ചു.

എന്റെ ആദ്യത്തെ ഇര പാര്‍ത്ഥസാരഥിയായിരുന്നു. അയാളൊരു സ്വവര്‍ഗ്ഗസ്‌നേഹിയായതിനാല്‍ രോഗം വിതക്കാനെളുപ്പമായിരുന്നു. ജെയിംസിനെ രാത്രിയുറങ്ങുമ്പോള്‍ മുറിവുണ്ടാക്കിയാണ്‌ ഞാന്‍ രോഗം കൊടുത്തത്‌. പാര്‍ത്‌ഥസാരഥി പിന്നീട്‌ രോഗവിവരമറിഞ്ഞ്‌ ആത്മഹത്യ ചെയ്‌തു. ഞാന്‍ മാര്‍ക്ക്‌ ചെയ്‌ത്‌ വെച്ചിരുന്ന എന്റെ മൂന്നാമത്തെ ഇര നിങ്ങളായിരുന്നു. നിങ്ങള്‍ക്ക്‌ രോഗം വരുത്താനുള്ള എല്ലാകാര്യങ്ങളും ഞാന്‍ ചെയ്‌തുവെച്ചിരുന്നു. പക്ഷേ അവസാനനിമിഷം എനിക്ക്‌ പിന്‍മാറേണ്ടിവന്നു.

ഇന്ന്‌ മലയാളികളില്‍ ആയിരത്തിലൊരാള്‍ അണുവാഹകനാണ്‌. എച്ച്‌. ഐ. വി ബാധിതരായ ഞങ്ങള്‍ക്കിന്ന്‌ രഹസ്യമായ്‌ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുണ്ട്‌, ക്ലബ്ബുകളുണ്ട്‌, ആശുപത്രികളുണ്ട്‌. ഞങ്ങള്‍ പുതിയൊരു മതം രൂപപ്പെടുത്തി വരുന്നു. കഴിയുന്നത്ര ആളുകള്‍ക്ക്‌ രോഗം വിതച്ച്‌ ഞങ്ങളുടെ സാമൂഹവ്യാപ്‌തി കൂട്ടുന്നു. ഞങ്ങള്‍ പരസ്‌പരം വഞ്ചിക്കാറില്ല. ഞങ്ങള്‍ക്കൊരു ഗ്രന്ഥമുണ്ട്‌. മരണം വരെ എല്ലാവിധ സുഖലോലുപതയോടും, ആഡംബരത്തോടേയും ഞങ്ങള്‍ ജീവിക്കുന്നു. നാളത്തെ മതം ഞങ്ങളുടേതായിരിക്കും. ഞങ്ങള്‍ക്കിടയില്‍ ഡോക്ടര്‍മാരുണ്ട്‌, നിയമപാലകരുണ്ട്‌, ലോകം ആദരിക്കുന്ന കലാകാരന്‍മാരുണ്ട്‌, അദ്ധ്യാപകരുണ്ട്‌. നിങ്ങള്‍ക്കറിയാമോ ആശുപത്രിയില്‍ എന്നെ ശുശ്രൂഷിച്ച പ്യാരിലാല്‍ എന്ന യുവാവും, നിങ്ങള്‍ക്ക്‌ കുറിപ്പ്‌ തന്ന നഴ്‌സും എച്ച്‌. ഐ. വി ബാധിതരാണ്‌.

മദ്രാസില്‍ താമസിക്കവെ എന്റെ ശരീരത്തില്‍ ലസികമുഴകള്‍ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയതോടെ ഞാന്‍ കേരളത്തിലേക്ക്‌ പലായനം ചെയ്‌തു. പിന്നീട്‌ ഈ ജീവിതചക്രത്തിനിടയില്‍ പരശ്ശതം മനുഷ്യരെ ഞാന്‍ രോഗികളാക്കി. ഭരണകൂടത്തിന്‌ ഞങ്ങളെയിനി ഒന്നും ചെയ്യാനാവില്ല.

എന്നില്‍ നിന്ന്‌ രക്ഷപ്പെട്ട ഒരേയൊരു ഇര നിങ്ങളായിരുന്നു. നിങ്ങളെ ഞാന്‍ വെറുതേ വിട്ടത്‌ എന്തുകൊണ്ടാണെന്ന്‌ അറിയേണ്ടേ? നിങ്ങള്‍ക്ക്‌ രോഗം വിതക്കാന്‍ ഉദ്ദേശിച്ച രാത്രിയില്‍ അബദ്ധത്തില്‍ നിങ്ങളുടെ പുസ്‌തക ഷെല്‍ഫില്‍ നിന്നും കിട്ടിയ ഒരു കത്തായിരുന്നു എന്നെ അതില്‍ നിന്ന്‌ പിന്തിരിപ്പിച്ചത്‌. നിങ്ങളുടെ മകള്‍ നിങ്ങള്‍ക്കയച്ച ഒരു കത്ത്‌. അതിലെ വരികള്‍! ഒരച്ഛന്‌ മകളയച്ച ഹൃദ്യമായൊരു സ്‌നേഹസാഗരം. ഒരച്ഛനും മകളുമായുള്ള പരിശുദ്ധ ബന്ധത്തിന്റെ സാക്ഷിപത്രം- സ്‌നേഹവിഭൂതിദായകം. ബാല്യത്തില്‍ എനിക്ക്‌ നഷ്ടപ്പെട്ടതെന്തോ അത്‌.

കൂടുതലൊന്നും എഴുതുന്നില്ല. ഞങ്ങളുടെ മതം പുതിയ ആളുകളെ തേടിക്കൊണ്ടിരിക്കുന്നു. കത്ത്‌ ചുരുക്കുന്നു. കാലം അതിന്റെ വിക്രിയകള്‍ തുടരട്ടെ. ആകാശദീപങ്ങള്‍ അതിന്‌ സാക്ഷിയാവട്ടെ. ഇത്രമാത്രം.

എന്ന്‌,

പരേതന്‍."

വായന നിര്‍ത്തി ഞാന്‍ കിതച്ചു. എനിക്ക്‌ വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ മുറിതുറന്ന്‌ വെള്ളമെടുത്ത്‌ കുടിക്കാന്‍ ഭയം. ഇപ്പോള്‍ ഭാര്യയുടെ സാമിപ്യം തീഷ്‌ണമായ്‌ കൊതിച്ചുപോകുന്നു. എന്തൊക്കെയാണ്‌ രവിശങ്കര്‍ പറഞ്ഞത്‌! എല്ലാം പൂര്‍ണ്ണ സത്യങ്ങള്‍!! ഈ ലോകം ഇത്രമാത്രം അരക്ഷിതമായ്‌ കഴിഞ്ഞോ. തലനാരിഴക്ക്‌ വേട്ടക്കാരനില്‍ നിന്ന്‌്‌ രക്ഷപ്പെട്ട ഇരയായിരുന്നു ഞാന്‍. എന്നെ രക്ഷിച്ചത്‌ എന്റെ മകള്‍!

ഞാന്‍ റീഡിംഗ്‌ ലാമ്പണച്ച്‌ ബെഡ്ഡിലേക്ക്‌ കിടന്ന്‌ വര്‍ദ്ധിച്ച ഹൃദയതാളത്തോടെ പുതപ്പിനുള്ളിലേക്ക്‌ ചുരുണ്ട്‌ കയറി. ഞാനോര്‍ക്കാന്‍ ശ്രമിച്ചു. എന്തായിരുന്നു അന്ന്‌ അകാലത്തില്‍ വിട്ടുപിരിഞ്ഞ എന്റെ പൊന്നുമോള്‍ എഴുതിയ ആ കത്തില്‍....? എന്തായിരുന്നു!.