Thursday, July 7, 2011

അന്തരം



വര്‍ഷങ്ങള്‍ക്ക്‌ ശേഷം വിദേശത്തു നിന്ന്‌ വന്ന അമ്മാവനെ കാണാനെത്തിയതായിരുന്നു അയാള്‍. അമ്മാവനെ കണ്ട്‌ ചില സങ്കടങ്ങളുണര്‍ത്തിക്കാന്‍ അമ്മ പറഞ്ഞയച്ചതാണ്‌.

കുറേക്കാലത്തിന്‌ ശേഷം കണ്ട സന്തോഷത്തില്‍ അമ്മാവന്‍ വാതോരാതെ അയാളോട്‌ സംസാരിച്ചു. ഗ്രാമത്തിലെ അമ്പലക്കുളത്തെ കുറിച്ചും ഇടവഴികളെ കുറിച്ചുമൊക്കെയായിരുന്നു അമ്മാവന്‍ചോദിച്ചത്‌.

അപ്പോഴവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലേക്ക്‌ അമ്മാവന്റെ വെളളാരങ്കണ്ണുളള മകള്‍ ആന്‍സി കടന്നുവന്നു. ഗ്രാമം അവള്‍ കണ്ടിട്ടേയില്ലായിരുന്നു. അമ്മാവന്‍ അവളോട്‌ ഗ്രാമത്തെക്കുറിച്ച്‌ സംസാരിച്ചു. പിന്നീവരുടെ സംഭാഷണം മുഴുവനായും ഇംഗ്ലീഷിലേക്ക്‌ വഴിമാറിയപ്പോള്‍ താന്‍ അപ്രസക്തനായെന്ന്‌ തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ്‌ ഹാളിലേക്ക്‌ ചെന്നു. അമ്മാവന്റെ മറ്റു മക്കളും, അമ്മായിയും അവിടെ ടി.വി. കാണുന്നുണ്ടായിരുന്നു. ചാനലല്‍ മാറ്റിമാറ്റി അവര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഉറപ്പിക്കുകയും ധോണിയേയും, ശ്രീകാന്തിനേയും കുറിച്ച്‌ വാചാലരാകുകയും ചെയ്‌തപ്പോള്‍ അയാള്‍ അവിടെനിന്നുമെഴുന്നേറ്റ്‌ ഉമ്മറത്തേക്കു പോയി ആകാശത്തേക്കു നോക്കി. അവിടെ നീലിമയില്‍ വെളളിമേഘങ്ങള്‍ വ്യൂഹം ചമച്ച്‌ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അയാളത്‌ നോക്കി നിന്നു.

ആ കാഴ്‌ച അയാള്‍ക്ക്‌ വളരെ വളരെയിഷ്ടമായിരുന്നു.

No comments: