Wednesday, January 8, 2014

യഥാതഥം




ഒരുതരത്തിലും ഭാര്യയെ വിഷമിപ്പിക്കണം എന്നയാള്‍ കരുതാറില്ലായിരുന്നു.
ബോധപൂര്‍വ്വമല്ലെങ്കിലും സംഭവിക്കുന്നത്‌ പലപ്പോഴും!
ഇന്നലത്തെ കാര്യം നോക്കൂ :
നാട്ടുമര്യാദപ്രകാരം വിവാഹത്തലേന്ന്‌ അനുപമയുടെ ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു അവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍. മകളുമുണ്ടായിരുന്നു. കല്ല്യാണത്തിന്‌ പങ്കെടുക്കാന്‍ സാധിക്കില്ല എന്നതുകൊണ്ടാണ്‌ തലേദിവസം അയാളും പോകാമെന്നുവെച്ചത്‌. വേണമെങ്കില്‍ ചെറിയ റിസ്‌ക്കെടുത്തിട്ടാണെങ്കിലും ജോലി സംബന്ധമായ തിരക്ക്‌ മാറ്റിവെച്ച്‌ അയാള്‍ക്കും ആ വിവാഹത്തില്‍ പങ്ക്‌ കൊള്ളാം. പക്ഷേ വേണ്ട എന്നു തീരുമാനിച്ചതിന്‌ കാരണം കഴിഞ്ഞ ഞായറാഴ്‌ച അവര്‍ കല്ല്യാണം ക്ഷണിച്ച രീതി അയാള്‍ക്കത്ര പിടിച്ചില്ല എന്നതാണ്‌.
അന്നയാള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ്‌പെണ്‍കുട്ടിയുടെ അച്ഛനും അനുപമയുടെ അമ്മാവനും കൂടി ക്ഷണിക്കാനെത്തിയത്‌. പതിവുപോലെ അവരുടെ സ്വതസിദ്ധമായ രീതിയില്‍ സെറ്റിയിലവര്‍ മൂകരായിരുന്നു (അവരാരും അങ്ങോട്ടുകയറി അത്രയൊന്നും സംസാരിക്കുന്ന പ്രകൃതക്കാരല്ലായിരുന്നു. അതവരുടെ സ്വഭാവമാണെന്നും ഒരു കുറ്റമായി കാണരുത്‌ എന്നുമാണ്‌ അനുപമയുടെ താക്കീത്‌ പോലെയുള്ള നിലപാട്‌). നമ്മുടെ വീട്ടിലിങ്ങോട്ട്‌ കേറിവന്നവരോട്‌ അങ്ങോട്ടു കേറി കുശലം ചോദിക്കുക എന്നതാണല്ലോ സാമാന്യമര്യാദ. അയാളവരോട്‌ കുശലവും, ക്ഷേമാന്വേഷണവും നടത്തി. മുഷിപ്പു തോന്നാത്തവിധം അവരെ കൊണ്ട്‌ പലതും സംസാരിപ്പിച്ചു. ലോകത്തുള്ള പല കാര്യങ്ങളെക്കുറിച്ചും. പിന്നെ ഭക്ഷണം കഴിക്കാന്‍ ഡൈനിംഗ്‌ ടേബിളിലേക്ക്‌ വിളിച്ചു. ഉച്ചയൂണ്‌ കഴിച്ചിട്ടില്ല എന്നവര്‍ പറഞ്ഞെങ്കിലും എത്ര നിര്‍ബന്ധിച്ചിട്ടും ആഹാരത്തിനിരിക്കാന്‍ കൂട്ടാക്കിയില്ല. അനുപമയും വേണ്ടുവോളം നിര്‍ബന്ധിച്ചു;എന്നിട്ടും.
ഒടുവില്‍ ബന്ധുക്കള്‍ എഴുന്നേറ്റു: " എന്നാ ഞങ്ങളിറങ്ങുന്നു."
അലങ്കാരജോലികള്‍ ചെയ്‌ത്‌ മനോഹരമാക്കിയ ഇന്‍വിറ്റേഷന്‍ലെറ്റര്‍ സെറ്റിയില്‍ വെച്ചിരുന്നു. അത്രമാത്രം. വിവാഹത്തില്‍ പങ്കു കൊള്ളണം എന്നൊരുവാക്ക്‌! ഇല്ലേ, ഇല്ല.
പടിവരെ ബന്ധുക്കളെ അനുഗമിച്ച്‌ യാത്രയാക്കി അനുപമ മടങ്ങി വന്നപ്പോള്‍ മ്ലാനമായ മുഖത്തോടെ ഇരിക്കുന്ന ഭര്‍ത്താവിനെയാണ്‌ കണ്ടത്‌. എന്തുപറ്റി? അവള്‍ ക്കൊന്നും മനസ്സിലായില്ല.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ അനുപമ ഭര്‍ത്താവിനോടെന്തക്കയോ ചോദിച്ചു. മുക്കിയും, മൂളിയുമുള്ള ചില മറുപടികള്‍.

"ജയന്തേട്ടനുമായ്‌ അത്രയേറെ കടപ്പാടുണ്ട്‌. നമുക്കു തലേദിവസം തന്നെ വിവാഹത്തിന്‌ ഗുരുവായൂര്‍ക്ക്‌ പോണം."
അതുകേട്ടതും അയാളുടെ മ്ലാനതമാറി : "
 ഞാന്‍ വരുന്നില്ല"
" വരുന്നില്ലാന്നോ,കാരണം?"
" വരുന്നില്ല അത്രതന്നെ."
" അതുപറ്റില്ല ജയന്തേട്ടന്റെ ഒറ്റമോളാ ലീവെടുത്ത്‌ വന്നേ പറ്റൂ. നാലാള്‌ കൂടുന്നിടത്ത്‌ പോകാന്‍ കൂട്ടാക്കാത്ത നിങ്ങളുടെ ഈ ആറ്റിറ്റൃൂഡ്‌ ഇനിയെങ്കിലും മാറ്റണം. ഈ കല്ല്യാണത്തിന്‌ മറ്റെല്ലാ ബന്ധുക്കളും വരും. നിങ്ങള്‍ മാത്രം! എനിക്കതാലോചിക്കാനെ വയ്യ."
" മര്യാദയില്ലാത്ത കൂട്ടര്‍ അറ്റ്‌ലീസ്റ്റ്‌ വരണം എന്നൊരു വാക്കുച്ചരിക്കാമായിരുന്നു. അതിനു കൂട്ടാക്കാത്ത അവരുടെ കല്ല്യാണത്തിന്‌ തലേദിവസം തന്നെ കെട്ടുകെട്ടാന്‍ നിനക്കു നാണമില്ലേ?"
" ഇത്രദൂരം താണ്ടി അവര്‍ വീട്ടില്‍ വരുകയും കത്തു തന്നതും പിന്നെന്തിനാണ്‌."
" അതുപോരാ."
" അതുമതി."
"ഞാനല്ല, മറ്റൊരാളാണ്‌ നിന്റെ ഭര്‍ത്താവെങ്കില്‍ ഈ വിവാഹത്തിന്‌ പോകാന്‍ നിന്നെ അനുവദിക്കില്ല. എന്നാലും സാരമില്ല നീ പൊയ്‌ക്കോ."
" നോ നിങ്ങള്‍ വരണം പ്ലീസ്‌."
അനുപമ കരച്ചിലാരംഭിച്ചു. പതിവുപോലെ അന്ന്‌ രാത്രി അനുപമയെ അവളുടെ കൂടപ്പിറപ്പായ ആസ്‌തമ അക്രമിച്ചു. അപ്പോഴൊക്കെ മെഡിസിനും ഇന്‍ഹേലറിനുമേക്കാള്‍ അവള്‍ക്ക്‌ വേണ്ടത്‌ സാന്ത്വനമായിരുന്നു. ടെന്‍ഷനുമായ്‌ ബന്ധപ്പെട്ടു വരുന്ന ഒരു തരം രോഗം.
അങ്ങിനെയാണയാള്‍ സമ്മതിക്കുന്നത്‌ " തലേദിവസം കൂടെ വരാം"
അനുപമയും മോളും ആഭരണങ്ങളും, വസ്‌ത്രങ്ങളും കാണാന്‍ കല്ല്യാണവീടിനകത്തേക്ക്‌ പോയപ്പോള്‍ അയാള്‍ പന്തലില്‍ അതിഥികള്‍ക്കായിട്ട കസേരകളിലിരുന്നു. സാധാരണ ഒരു കല്ല്യാണവീട്ടില്‍ കാണുന്നതുപോലെയുള്ള ആളാരവമോ, ബഹളമോ അവിടെ കണ്ടില്ല. കുറച്ചു പേര്‍ മാത്രം. പരമപുച്‌ഛത്തോടെയാണയാളെല്ലാം നോക്കികണ്ടത്‌. ആരും അയാളെ ഗൗനിച്ചില്ല. മനസ്സില്‍ പിന്നെയുംപിന്നെയും പ്രാകി :
" വല്ലാത്ത കൂട്ടര്‍"
മുഷിഞ്ഞപ്പോള്‍ അടുത്ത സീറ്റിലിരുന്നിരുന്ന അപരിചിതനുമായയാള്‍ ലോഹ്യംകൂടി. അപരിചിതരെത്രയോ ഭേദം.
കുറച്ചു കഴിഞ്ഞപ്പോള്‍ മദ്ധ്യവയസ്സിനോടടുത്ത ഒരങ്കിളിന്റെ കൈകളില്‍ തൂങ്ങി അയാളുടെ മോള്‍ പുറത്തേക്കു വന്നു. അനുപമ തിരക്കിലായിരിക്കും. അങ്കിളുമായി കുട്ടി വല്ലാതെ ഇണങ്ങികഴിഞ്ഞിരുന്നു. അവളെ ഒരു വല്ലാത്ത രീതിയില്‍ അങ്കിള്‍ ഓമനിക്കുന്നുമുണ്ട്‌. അത്‌ അയാളില്‍ അസഹനീയത ഉളവാക്കി. പത്തുവയസ്സേ ഉള്ളൂവെങ്കിലും പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച മകള്‍ക്കുണ്ടായിരുന്നു. അവളെ മടിയില്‍ കയറ്റിയിരുത്തി ടാബ്‌ലറ്റില്‍ എന്തൊക്കയോ കാഴ്‌ചകള്‍ അങ്കിള്‍ കാണിച്ചുകൊടുക്കുന്നുണ്ട്‌. ഇടയ്‌ക്ക്‌ അങ്കിളൊരു ഉമ്മ സമ്മാനിക്കുന്നതും കണ്ടു. അയാള്‍ അതൃപ്‌തിയോടെ മകളെ വിളിച്ചു. കുട്ടി ഗെയിമില്‍ അത്രമാത്രം ലയിച്ചതിനാല്‍ അച്ഛന്റെ അടുത്തേക്ക്‌ വന്നതേയില്ല.
അയാള്‍ക്ക്‌ ദേഷ്യവും സങ്കടവും ഒരുപോലെ അനുഭവപ്പെട്ടു. അതെല്ലാം കൂടി ബന്ധുക്കളോടുള്ള വിരോധത്തിന്റെ തോത്‌ വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. മോളും അങ്കിളും കൂടി എന്തോ പറഞ്ഞ്‌ ഉച്ചത്തില്‍ ചിരിച്ച്‌ അകത്തേക്ക്‌ പിന്‍വലിഞ്ഞ്‌ അപ്പ്‌സ്‌റ്‌റയറിലേക്ക്‌ കയറി പോകുന്നത്‌ ജാലകത്തിലൂടെ അയാള്‍ കണ്ടു.
എന്താണ്‌ ചെയ്യേണ്ടത്‌ ?
പ്രസന്നമായ മുഖത്തോടെ എല്ലാവരോടുമൊന്ന്‌ ചിരിച്ചു കൂട്ടത്തില്‍ കൂടാന്‍ ശ്രമിച്ചാല്‍ സമ്മര്‍ദ്ധമൊന്നലിയും. പക്ഷെ വയ്യ! അല്ലെങ്കില്‍ ബന്ധുക്കളാരെങ്കിലും വന്ന്‌ നല്ല രണ്ടു വാക്കു പറഞ്ഞാലും മതി. അത്‌ പ്രതീക്ഷിക്കാനെ കഴിയൂ.
കുറേ നേരം അയാള്‍ അസഹ്യതയോടെ അവിടത്തെന്നെയിരുന്നു. അല്‌പം കഴിഞ്ഞപ്പോള്‍ അനുപമ ഒരു ഗ്ലാസ്‌ ജ്യൂസുമായി വന്നു. ജ്യൂസ്‌ വാങ്ങി അല്‌പം മൊത്തി അയാള്‍ പറഞ്ഞു:
" പോകാം"
" ഇങ്ങനെ മരം പോലെ നിക്കാതെ ഒന്നകത്തേക്ക്‌ വന്നുകൂടെ." അനുപമ ചോദിച്ചു.
" വേണ്ടതെല്ലാം നീ ചെയ്‌തില്ലേ. ഞാന്‍ വന്നുവെന്നവരും അറിഞ്ഞു. അതുമതി. മോളെ വിളിക്ക്‌ നമുക്കിറങ്ങാം."
അനുപമ അകത്തേക്ക്‌ പോയി സാധാരണയില്‍ നിന്നു വിരുദ്ധമായി വളരെ പെട്ടന്ന്‌ മടങ്ങി വന്നു.
" മോള്‍?"
" അവള്‍ വരുന്നില്ലായെന്ന്‌ അങ്കിളുമായിരുന്ന്‌ ചെസ്സ്‌ കളിക്കാന്‍ പഠിക്ക്വാ. ജയന്തേട്ടനും പറഞ്ഞു വിടില്ലായെന്ന്‌."
"അനൂ അത്‌ പറ്റില്ല മോളെ വിളിക്ക്‌."
" ഇന്നു രാത്രി മോളിവിടെ നിന്നോട്ടെ. നിങ്ങളെപ്പോലെ ആരുമായും മിംഗിള്‍ ചെയ്യാത്ത സ്വഭാവം അവള്‍ക്കില്ല പിന്നെന്താ?"
അതയാളെ ഒന്നുകൂടി ക്രുദ്ധനാക്കി. മിംഗിള്‍ ചെയ്യാത്തത്‌ ഞാനോ? ഈ വൃത്തികെട്ട കൂട്ടരോ!
" മോളെ വിളിക്കാനാ പറഞ്ഞത്‌." ഇപ്പോള്‍ അയാളുടെ സ്വരം ആവശ്യത്തിലധികം ഉയര്‍ന്നിരുന്നു. അതുവരെ ശ്രദ്ധിക്കാതിരുന്ന പലരും അപ്പോഴവരെ നോക്കി. അനുപമ പെട്ടെന്ന്‌ സാഹചര്യത്തിനനുസരിച്ച്‌ മാറി.: � ഓക്കെ ഓക്കെ."
ഭര്‍ത്താവിനോടുള്ള നീരസം അനുപമ മകളോട്‌ തീര്‍ത്തു. വരാന്‍ കൂട്ടാക്കാതെ ചിണുങ്ങിയ കുട്ടിയെ അയാളുടെ മുമ്പില്‍ വെച്ചു തന്നെ അവള്‍ തല്ലി. അതയാളെ കൂടുതല്‍ അസ്വസ്ഥനാക്കി. അയാളൊരിക്കലും സ്‌നേഹത്തോടെയല്ലാതെ, മകളെ ശാസിക്കുകയോ, തല്ലുകയോ ചെയ്‌തിട്ടില്ലായിരുന്നു.

രാത്രി.
 കാറിന്റെ ബാക്ക്‌ സീറ്റില്‍ അനുപമയുടെ മടിയില്‍ കിടക്കുന്ന മകളുറങ്ങിയിരിക്കുന്നു. അവളുടെ തേങ്ങല്‍ കേള്‍ക്കാനില്ല. വിജനമായ പാതയോരം, അസമയം. അയാള്‍ക്ക്‌ ഭയം തോന്നി. ഈ റോഡില്‍ വെച്ചാണ്‌ കഴിഞ്ഞവര്‍ഷം ഒരു വന്‍വ്യവസായിയുടെ മകന്‍ കവര്‍ച്ചക്കാരാല്‍ കുത്തേറ്റു മരിച്ചത്‌. ബാഗ്‌ളൂരില്‍ സ്വന്തം ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച്‌ ഒരു യുവതി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ന്യൂസ്‌ ഈയ്യടുത്താണ്‌ വായിച്ചത്‌. ആയുധധാരികളായ ഒരു സംഘത്തിനു മുന്നില്‍ ഒരു വ്യക്തിക്ക്‌ എത്രനേരം പിടിച്ചു നില്‌ക്കാം. സിനിമയല്ല ജീവിതം.
അയാള്‍ ഡ്രൈവിംഗിന്റെ വേഗം കൂട്ടി.
ഒന്നും സംസാരിക്കാത്ത അനുപമയുടെ മൗനപ്രതിഷേധത്തെ അയാള്‍ക്ക്‌ ഭഞ്‌ജിക്കണമെന്നുണ്ട്‌.
അയാള്‍ വിളച്ചു: " അനൂ"
മറുപടിയില്ല.
എങ്കിലും അയാള്‍ ചോദിച്ചു " ഞാനോവറായോ?"
അകമെ അവള്‍ മറുപടി നല്‍കുന്നത്‌ അയാള്‍ക്കു കേള്‍ക്കാം.
" എന്നാണ്‌ നിങ്ങള്‍ ഓവറല്ലാത്തത്‌?"
"നീ ക്ഷമിക്ക്‌, മോളെ അവിടെയാക്കി പോന്നാല്‍ എനിക്കിന്നുറങ്ങാനാവില്ല. ഒരുപക്ഷേ നമുക്കൊരു മോനായിരുന്നെങ്കില്‍ ഒരുരാത്രി ആ വീട്ടില്‍ തങ്ങാന്‍ ഞാനനുവദിക്കുമായിരുന്നു. പത്തുവയസ്സുള്ള ആണ്‍കുട്ടിയുടെയും ആ പ്രായത്തിലുള്ള പെണ്‍കുട്ടിയുടെയും ശരീരശാസ്‌ത്രം വ്യത്യസ്‌തമാണ്‌. യൗവ്വനത്തേക്കാള്‍ അപകടകരമായ ഘട്ടമാണ്‌ പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌ കൗമാരം. അവരെതിര്‍ക്കില്ല. അവരെ പ്രലോഭിപ്പിക്കാനും, മിസ്‌യൂസ്‌ ചെയ്യാനും എളുപ്പമാണ്‌. എന്നേക്കാള്‍ അതു മനസ്സിലാക്കേണ്ടത്‌ നീയായിരുന്നു."
അനുപമ പറഞ്ഞു : " ഞങ്ങളുടെ നാട്ടിലൊരു ചൊല്ലുണ്ട്‌. മഞ്ഞപ്പിത്തം പിടിച്ചവന്‌ എല്ലാം മഞ്ഞയായേ കാണൂ."
അയാള്‍ ശബ്‌ദമില്ലാതെ ചിരിച്ചു. ആ മറുപടി ഒരര്‍ത്ഥത്തില്‍ അയാള്‍ക്കാശ്വാസം നല്‌കുകയാണ്‌ ചെയ്‌തത്‌. ദുഷ്‌ക്കരമായ മൗനപ്രതിഷേധത്തേക്കാള്‍ എത്രയോ ഭേദമാണത്‌.

* * * * * * * * * * * * * *

അയാള്‍ ജോലി സ്ഥലത്തുനിന്ന്‌ മടങ്ങി വന്നപ്പോഴും തലേന്നത്തെ ചൊരുക്ക്‌ അനുപമയെ വിട്ടിട്ടില്ലായിരുന്നു. ഒരു സ്‌ത്രീയുടെ പ്രധാനപ്പെട്ട ഒരു കഴിവ്‌ മുഖഭാവം കൊണ്ടും, പ്രവര്‍ത്തികള്‍ കൊണ്ടും നീരസം പ്രകടിപ്പിക്കാനുള്ള മിടുക്കാണെന്ന്‌ അയാള്‍ക്കു തോന്നിയിട്ടുണ്ട്‌. കുറഞ്ഞപക്ഷം തന്റെ ഭാര്യയെങ്കിലും.
" നമുക്കിന്നൊരു ഔട്ടിംഗിന്‌ പോകാം."
അതുകേള്‍ക്കാത്ത ഭാവത്തില്‍ തിരികെ അടുക്കളയിലേക്ക്‌ പോകാനൊരുങ്ങിയ അനുപമയോട്‌ അയാള്‍ വിളിച്ചു പറഞ്ഞു: "ഇന്നലത്തെ 'ആറ്റിറ്റിയൂഡ്‌' മാറ്റാനുള്ള സമയം കഴിഞ്ഞൂട്ടോ"
അതില്‍ അനുപമ വീണു. അവളലിഞ്ഞു.
"എന്നാല്‍നമുക്കൊരു സിനിമയ്‌ക്ക്‌ പോകാം."അവള്‍ഉത്സാഹിയായി:"ആഷിക്‌ അബുവിന്റെ പുതിയ സിനിമ വന്നിട്ടുണ്ട്‌."
" എങ്കില്‍ മോളെ വിളിച്ച്‌ വേഗം റെഡിയാക്‌. ഫസ്റ്റിനു പോകാം."
തീയ്യേറ്ററിലെത്തിയപ്പോള്‍ നല്ല തിരക്ക്‌. ഉദ്ദേശിച്ച സിനിമ മാറിയിരുന്നു. മറ്റൊരു തീയ്യറ്ററിലേക്ക്‌ പോകാനുള്ള സമയവുമില്ല. തീയ്യേറ്ററിനകത്തേക്ക്‌ പ്രവേശിച്ചപ്പോള്‍ അയാള്‍ക്ക്‌ വല്ലായ്‌മ തോന്നി. സ്‌ത്രീ പ്രേക്ഷകരാരും തന്നെയില്ല. അധികവും യുവാക്കള്‍. ഒരു പക്ഷേ ഈ സിനിമ!
ഫാമലിക്ക്‌ സുരക്ഷിതമായിടം ബാക്ക്‌സീറ്റാണ്‌. പക്ഷെ ഒന്നും ഒഴിവില്ല. ഒരു മൂലയില്‍ അനുവിനെയും, മകളെയും ഇരുത്തി സീറ്റൊപ്പിച്ചു. സിനിമ തുടങ്ങുന്നതിനു മുമ്പ്‌ പരസ്യങ്ങളോടുള്ള, അക്ഷമ പുലര്‍ത്തുന്ന യുവത്വത്തിന്റെ വൃത്തികെട്ട കമന്റുകള്‍. അതിലേറെ അയാളെ വിഷമിപ്പിച്ചത്‌ ആ കമന്റുകള്‍ തന്റെ ഭാര്യ ആസ്വദിക്കുന്നു എന്ന തോന്നലുണ്ടായപ്പോഴാണ്‌. ചിരിക്കരുതെന്ന്‌ അയാള്‍ കയ്യാഗ്യംകൊണ്ട്‌ വിവക്ഷിച്ചു. പിന്നിലിരിക്കുന്നവരുടെ നിശ്വാസത്തില്‍ നിന്ന്‌ രൂക്ഷമായ ഗന്ധം: മദ്യം!
അസുഖകരമായ ഒരു സിനിമയായിരുന്നുഅത്‌.ദ്വയാര്‍ത്ഥപ്രയോഗമുള്ള സംഭാഷണങ്ങള്‍ വരുമ്പോഴൊക്കെ പിന്നില്‍നിന്ന്‌ ആര്‍പ്പുവിളിയും, അര്‍മാദവും. സ്‌ക്രീനിലേക്കാള്‍ ചുറ്റുപാടിലായി അയാളുടെ ശ്രദ്ധ. അശ്ലീലകരമായ രംഗങ്ങളോ, സംഭാഷണങ്ങളോ വരരുതേ എന്നയാള്‍ പ്രാര്‍ത്ഥിച്ചു. അതിലേറെ സിനിമ എത്രയും പെട്ടെന്ന്‌ തീരണേ എന്നും.
ഇടക്കെപ്പോഴോ കരന്റ്‌ പോയി. അപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ കൂക്കലും, ആര്‍പ്പും. പിന്നില്‍ നിന്നൊരുത്തന്റെ അസഭ്യം കേട്ട്‌ കാതുകള്‍ പൊത്തിപ്പോയി:"സിനിമയിടടാ!!!"
ആരൊക്കയോ അതേറ്റ്‌ പിടിക്കുന്നു. അയാള്‍ എല്ലാ ജാഗ്രതയോടും കൂടി പിന്നിലൂടെ കയ്യിട്ട്‌ ഭാര്യയേയും, മകളെയും സ്‌പര്‍ശിച്ചു: "ഭയക്കാതിരിക്കൂ, ഞാനിവിടെയുണ്ട്‌."
കരന്റ്‌ വന്നു. കൂക്കിവിളി നിന്നു. എല്ലാ നിസ്സാഹായതയോടും കൂടി പിന്നില്‍ അസഭ്യം വന്നയിടത്തേക്ക്‌ അയാള്‍ യാദൃശ്‌ഛ്യാ നോക്കി. സ്‌ക്രീനില്‍മിന്നിയ വര്‍ണ്ണാഭധാരയില്‍ പിന്നില്‍ കണ്ട കാഴ്‌ചയില്‍ അയാള്‍ നടുങ്ങിപ്പോയി. അരക്കുതാഴെപൂര്‍ണ്ണനഗ്നനായി ഇരിക്കുന്നു ഒരുവന്‍! വിജ്രംഭിച്ച അവന്റെ നഗ്നത!
" ഈശ്വരാ..!"
അയാളുടെ ഇരിക്കപ്പൊറുതിയറ്റു:
" അനൂ എണീക്ക്‌ നമുക്ക്‌ പോകാം."
അത്‌ കൂട്ടാക്കാതെ സിനിമയില്‍ ലയിച്ചിരുന്ന ഭാര്യയേയും, മകളേയും ബലം പ്രയോഗിച്ചയാള്‍ എഴുന്നേല്‍പ്പിച്ചു. നഗ്നനായിരിക്കുന്നവന്റെ കമന്റ്‌:
"പെങ്ങളവിടെയിരുന്നോ, അങ്ങേര്‌ പൊക്കോട്ടെ."
സാഹചര്യവശാല്‍ സംജാതമായ ദുര്‍ബലത അയാളെ ചൂഴ്‌ന്നു. സംയമനം പാലിച്ചേ പറ്റൂ. അല്ലെങ്കില്‍ കൊല്ലാതെ ക്രൂരമായ്‌ ലാളിക്കുന്ന വേട്ടമൃഗങ്ങളുടെ അപകടകരമായ തമോവാസനകളുണരും. അതനുവദിച്ചുകൂടാ.

* * * * * * * * *

ഉറക്കഗുളികയും, അസുഖം വരാന്‍ സാധ്യതയുണ്ടെന്ന്‌ തോന്നിയാല്‍ കഴി
ക്കേണ്ട മുന്‍കൂര്‍ മരുന്നും കഴിച്ചു കിടക്കുമ്പോള്‍ അനുപമ അയാളോട്‌ പറഞ്ഞ മുനയുള്ള-അവളെ സംബന്ധിച്ച്‌ ന്യായമായ വാക്കുകള്‍:
"ശ്വാസകോശത്തിന്റെ സാധാരണതയില്‍ കവിഞ്ഞ ജാഗ്രതയാണത്രെ
ആസ്‌തമയായ്‌ തീരുന്നത്‌. എന്റെയാരോഗം പോലെ മനസ്സിന്റെ ഓവര്‍ സെന്‍സിറ്റിവിറ്റിയും, ആങ്‌സിറ്റി ഡിസോര്‍ഡറും. അതാണ്‌ നിങ്ങളുടെ അസുഖം. നിങ്ങള്‍
കാണുന്ന കാഴ്‌ചകളധികവും നിങ്ങളുടെ ഊഹമോ, ഭാവനയോയാണ്‌. അനന്തരം നിങ്ങളുടെ ചെയ്‌തികള്‍ എന്നെയും, മോളെയും എത്രകണ്ട്‌ വിഷമിപ്പിക്കുന്നുവെന്ന്‌ നിങ്ങളറിയുന്നുണ്ടോ? ഞങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളേയും അതു കെടുത്തി കളയുന്നു. മരിക്കുന്നതിനു മുമ്പ്‌ നിങ്ങളുടെ അമ്മ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. നിങ്ങളുടെ അച്ഛനില്‍ നിന്ന്‌ അവരനുഭവിച്ച യാതനകളെപറ്റി. അന്നതെനിക്ക്‌ ഉള്‍ക്കൊള്ളാനായില്ല. പക്ഷെ ഇന്ന്‌ സ്വന്തം അനുഭവത്തിലൂടെ ഞാനത്‌ മനസ്സിലാക്കുന്നു. ചിലപ്പോള്‍ ശരിക്കും നിങ്ങളെ വെറുത്തുപോകുന്നു."
താന്‍ കാരണം തന്റെ ഭാര്യയുടെയും,മോളുടെയും ജീവിതം ദുസ്സഹമാകുന്നു!
അവരുടെ ആഹ്ലാദങ്ങളെ താന്‍ കെടുത്തിക്കളയുന്നു!
അവരുടെ വികാരത്തിനും, വിചാരത്തിനും താനെപ്പോഴെങ്കിലും പ്രാധാന്യം കൊടുത്തിട്ടുണ്ടോ?
അവരുടെ ഭാഗത്തുനിന്ന്‌ നീതിപൂര്‍വ്വം ചിന്തിച്ചിട്ടുണ്ടോ ?
അവരുടെ ജീവിതം മനോഹരമാകാന്‍ എന്തു ചെയ്യണം ?
താനില്ലാതായാല്‍.!?
 അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടതെല്ലാം താനൊരുക്കിയിട്ടുണ്ട്‌, കഠിനമായ്‌ അദ്ധ്വാനിച്ച്‌. പണം, സ്വന്തമായ വീട്‌, ഭാവിയില്‍ മകളുടെ വിവാഹത്തിന്‌ വേണ്ട ആഭരണങ്ങള്‍ പോലും. 
മനസ്സിന്‌ പിരിമുറുക്കം തോന്നിയാല്‍ ആദ്യമൊക്കെ അയാള്‍ മദ്യപിക്കുമായിരുന്നു. ഇപ്പോഴത്‌ പതിവില്ല. മദ്യം തരുന്നത്‌ താല്‍ക്കാലിക മന്ദതമാത്രം. പിന്നീട്‌ പ്രശ്‌നങ്ങളെയത്‌ ഇരട്ടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.
അയാള്‍ ഷെല്‍ഫില്‍ നിന്ന്‌ ഇഷ്‌ടപ്പെട്ട എഴുത്തുകാരന്റെ പുസ്‌തക മെടുത്തു. റീഡിംഗ്‌റൂമിലെ പരമമായ നിശബ്‌ദതയില്‍ വായനയാരംഭിച്ചു. ടി. പദ്‌മനാഭന്റെ 'ശവദാഹം' എന്ന കഥ. മുമ്പ്‌ എത്രവട്ടം വായിച്ചുവെന്നയാള്‍ക്ക്‌ തന്നെയറിയില്ല. വീണ്ടും! ആ കഥാപാത്രം, അല്ല അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും താനുമായ്‌ എവിടെയൊക്കയോ താദാത്മ്യപ്പെടുന്നു.
അദ്ദേഹത്തെ വായിക്കുമ്പോള്‍ എന്തൊരാശ്വാസം.

ഇതെന്റെ മാത്രം അനുഭവമാണോ ?
ആയിരിക്കില്ല.
അയാള്‍ പുസ്‌തകം വാസനിച്ച്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ മയങ്ങി കിടന്നു.
പൊടുന്നനെ ഒരു വെളിപാട്‌ പോലെ കുറേക്കാലം അലട്ടിയിരുന്ന ഒരു ചോദ്യത്തിനയാള്‍ക്ക്‌ ഉത്തരം കിട്ടി.
അയാളുടെ ഇരുപതാമത്തെ വയസ്സില്‍ അയാളേയും, അമ്മയേയും തനിച്ചാക്കി അകാലത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്‌തിരുന്നു. യുക്തിയുക്തം സമൂഹത്തോട്‌ സമര്‍ത്ഥിക്കാനുതകുന്ന ഒരു കാരണവും ആര്‍ക്കുമറിയില്ലായിരുന്നു.
മുതിര്‍ന്നപ്പോള്‍ എത്രയോ കാലം ഒരു കുറ്റാന്വേഷകനെപ്പോലെ അയാളതിനു
പിന്നാലെ അലഞ്ഞിട്ടുണ്ട്‌. ഇന്നത്‌ സ്‌പഷ്‌ടമായിരിക്കുന്നു.
ഇത്‌ കേവലം ഊഹമല്ല. സത്യമായിരിക്കും; സത്യം!
അയാള്‍ പിന്നെയും കുറെയധികം ചിന്തിച്ചു.
ഗദ്‌ഗദം ചത്തുവീര്‍ത്ത്‌ മലച്ച തവളയെ പോലെ അയാള്‍ക്കുള്ളില്‍ കല്ലിച്ചു
കിടന്നു.








.