Wednesday, June 24, 2009

നര്‍മ്മകഥകള്‍-1

എന്റെ പ്രേമങ്ങള്‍
1
എന്റെ പ്രേമങ്ങള്‍! അതെ ദിവ്യപ്രണയത്തിന്റെ കഥ! പ്രണയഭംഗത്തിന്റെ കഥ!! ഒന്നാം ക്ലാസ്‌ മുതല്‍ അഞ്ചാം ക്ലാസ്‌ വരെയുള്ള എന്റെ പ്രേമങ്ങള്‍. അതിനുശേഷം എനിക്ക്‌ പ്രേമബന്ധങ്ങളില്ല. പിന്നെ ഞാന്‍ വളരെ സീരിയസായി; അതുതന്നെ കാര്യം.

മൂന്നാം ക്ലാസ്‌ മുതലാണ്‌ സ്‌കൂള്‍ജീവിതത്തിന്റെ ഓര്‍മ്മകള്‍ ആരംഭിക്കുന്നത്‌. പക്ഷെ ഇപ്പോള്‍ ഞാന്‍ നാലാം ക്ലാസിലാണ്‌. എന്റെ ക്ലാസില്‍ പഠനത്തില്‍ ഞാന്‍ മൂന്നാമനായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം സബീറും പ്രശാന്തും കൊണ്ടുപോയി. അവര്‍ വലിയ വീട്ടിലെ വലിയവരുടെ മക്കള്‍. സബീറിന്റെ വാപ്പ എഞ്ചിനീയറായിരുന്നു. പഠനത്തിലെ സ്ഥാനം ക്രമീകരിച്ച്‌ മിടുക്കന്മാരെയെല്ലാം ഒന്നാം ബെഞ്ചിലാണിരുത്തുക. പക്ഷെ ഒന്നാം ബെഞ്ചിലിരിക്കാന്‍ എനിക്ക്‌ ഭയമോ നാണമോ ആയിരുന്നു. അതുകൊണ്ട്‌ ഞാന്‍ മൂന്നാം ബെഞ്ചിലെ മൂന്നാം നമ്പറായി. അങ്ങനെ ഒന്നും രണ്ടും സ്ഥാനം കഴിഞ്ഞാല്‍ മുന്‍ബെഞ്ചില്‍ ചില മരമന്തന്മാര്‍ സ്ഥാനംപിടിച്ചു. എന്റെ കുടുംബത്തിലെ അരുന്ധതിചെറിയമ്മയുടെ മകന്‍ അരുണ്‍ജിത്തിന്‌ മുന്‍ബെഞ്ചിലിരിക്കാന്‍ ഒരര്‍ഹതയുമില്ലായിരുന്നു. എന്നിട്ടും അവന്‍ വലിഞ്ഞുകയറി സ്ഥാനംപിടിച്ചു. 'അതെ, ആണ്‍കുട്ടികളായാല്‍ അങ്ങനെ വേണം. അല്ലാതെ എന്നെപ്പോലെയല്ല'

ഷൈനി എന്നായിരുന്നു എന്റെ പ്രേമഭാജനത്തിന്റെ പേര്‌. ഷൈനിയോട്‌ പ്രണയം തോന്നാന്‍ നിദാനമായ സംഭവത്തോടെ തുടങ്ങാം- 'എന്റെ പ്രേമങ്ങള്‍ ' കിടിലന്‍ പ്രണയകഥയാണ്‌ കേട്ടോ!

മഴക്കാലത്തിന്റെ ആരംഭമായിരുന്നു. ക്ലാസ്‌ തുടങ്ങിയിരുന്നില്ല. നേര്‍ത്ത മഴച്ചാറല്‍. ഞങ്ങള്‍ കുട്ടികളെല്ലാവരും പൊട്ടക്കുളത്തിലെ മാക്രികളെപ്പോലെ കലപില ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ചുവന്ന പുള്ളിക്കുടയുമായി കുടയ്‌ക്കുചേരുന്ന ഹാഫ്‌ പാവാടയുമുടുത്ത്‌ അവള്‍ കയറിവന്നു. അപ്പോള്‍ കീഴടങ്ങാന്‍ വിസമ്മതിക്കുന്ന ഒരു യോദ്ധാവിനെപോലെ ഒരിക്കലും അടയാത്ത ജനാലയിലൂടെ കാറ്റ്‌ ഒരു കള്ളനെപ്പോലെ ക്ലാസ്‌റൂമിലേക്ക്‌ പതുങ്ങിവന്നു. നനഞ്ഞ കുട പെണ്‍പക്ഷത്തേക്ക്‌ ഭാഗിച്ച ഭിത്തിയില്‍ ചാരിവെക്കുകയായിരുന്നു കഥാനായിക. അവളുടെ ചുവന്ന ഹാഫ്‌ പാവാട മുകളിലേയ്‌ക്കുയര്‍ന്നു. ഷമ്മീസും കഴിഞ്ഞ്‌ അവളുടെ അടിവസ്‌ത്രവും കാറ്റ്‌ ഞങ്ങള്‍ക്ക്‌ കാണിച്ചുതന്നു. മാക്രിശബ്ദം നിന്നു. പാവാടത്തുമ്പ്‌ ശരിയാക്കി ഒന്നുമറിയാത്തതുപോലെ ഷൈനി യഥാസ്ഥാനത്ത്‌ ചെന്നിരുന്നു. ഞാനടക്കം എന്റെ ബെഞ്ചിലിരുന്ന ആര്‍ക്കും സംശയമുണ്ടായിരുന്നില്ല- ഷൈനിയുടെ ഷെഡ്‌ഢിയുടെ നിറം ചുവപ്പ്‌. പക്ഷെ ഒരു തത്വജ്ഞാനിയെപോലെ ദീര്‍ഘദൃഷ്ടിയുള്ള ഒന്നാം നമ്പറുകാരന്‍ സബീര്‍ ഉറപ്പിച്ചു-'അല്ല. നിറം കറുപ്പ്‌'. സബീര്‍ പറഞ്ഞപ്പോള്‍ ക്ലാസിലെ മറ്റ്‌ ആണ്‍കുട്ടികളെല്ലാം അതിനോട്‌ യോജിച്ചു. മൂന്നാം ബെഞ്ചിലെ ന്യൂനപക്ഷത്തിന്‌ സബീറിന്റെ ഭൂരിപക്ഷത്തെ ജയിക്കാനായില്ല; പിന്നീടൊരിക്കലും.

പ്രസ്‌തുത സംഭവത്തിനുശേഷം ഞാന്‍ ഷൈനിയെ ഗാഢമായി പ്രേമിക്കാന്‍ തുടങ്ങി. അതിനുമുമ്പ്‌ ഞാന്‍ ഷൈനിയെ കണ്ടിരുന്നോ എന്നോര്‍ക്കുന്നില്ല. വഴികാണിച്ച കാറ്റേ നന്ദി.

2
ഞാനാലോചിച്ച്‌ വിസ്‌മയിച്ചിട്ടുണ്ട്‌. ഒരിക്കല്‍ ഉപയോഗിച്ച വസ്‌ത്രം ഷൈനി പിന്നീട്‌ ഉപയോഗിക്കുന്നില്ലേ എന്ന്‌. ഉടുപ്പുകളില്‍ അത്രയ്‌ക്ക്‌ വൈവിധ്യങ്ങള്‍.

ഇന്റര്‍വെല്ലിനും മറ്റും മറ്റുകുട്ടികളെപോലെ ഷൈനി പുറത്തേയ്‌ക്കുപോകാറില്ല. ഞാന്‍ പെട്ടെന്ന്‌ പുറത്തുപോയി ശറപറാന്ന്‌ മൂത്രമൊഴിച്ച്‌ മൂന്നാം ബെഞ്ചിലെ മൂന്നാം നമ്പറിലിരിക്കും; ഷൈനിയെ സാകൂതം നിരീക്ഷിച്ചുകൊണ്ട്‌. അന്നൊന്നും ഒരിക്കല്‍പോലും അവള്‍ തിരിഞ്ഞുനോക്കിയില്ല. സ്വന്തം പുസ്‌തകങ്ങളിലും ബോര്‍ഡിലെ വെള്ളയക്ഷരങ്ങളിലും നോക്കിയങ്ങനെ.

വെക്കേഷന്‍ വന്നു. പുതുമോടി കഴിഞ്ഞാല്‍ എനിക്ക്‌ വെക്കേഷനെന്നും വിരസമായിരുന്നു. അധികം കൂട്ടുകാരില്ല. മാറിമാറിപോകാന്‍ വിരുന്നുവീടുകളില്ല. ഇന്നത്തെപ്പോലെ ടെലിവിഷനുമില്ല. ഒഴിവുകാലം വിരസമായിതന്നെ കഴിഞ്ഞുപോകുന്നു. സ്‌കൂള്‍ തുറക്കുന്നതിന്റെ പത്ത്‌ ദിവസം മുമ്പേ ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. പുതിയ വസ്‌ത്രങ്ങള്‍. പുതിയ കുട. പുസ്‌തകം. പേന. കൂലിപ്പണിക്കാരനായിരുന്നുവെങ്കിലും അച്ഛനിക്കാര്യമെല്ലാം ഒരുവിധം നിവൃത്തിച്ചുതരുമായിരുന്നു.

നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിട്ടുകൂടി റിസള്‍ട്ട്‌ വരുന്ന ദിവസം എനിക്ക്‌ ഭയമാണ്‌. തോല്‍ക്കുമോ എന്ന ഭയം. അത്‌ പിന്നീട്‌ എന്റെ വ്യക്തിത്വത്തിന്റെതന്നെ ഭാഗമായി. അന്ന്‌ ഇന്നത്തെപ്പോലെ ഒന്നാം ക്ലാസ്‌ മുതല്‍ ഒമ്പതാം ക്ലാസ്‌ വരെ സൂപ്പര്‍ഫാസ്റ്റ്‌ വേഗത്തില്‍ കുട്ടികളെ ഓടിച്ചുവിടുന്ന സമ്പ്രദായം ഇല്ലായിരുന്നു. പഠിച്ചാല്‍തന്നെ ജയിക്കൂ.

എന്തായാലും ഞാന്‍ ജയിച്ചു. ഷൈനി ജയിക്കുമെന്ന കാര്യത്തില്‍ എനിക്ക്‌ ഭയമുണ്ടായിരുന്നില്ല. പുതിയ ക്ലാസിലെ എല്ലാവരും സ്ഥാനംപിടിച്ചു. ജയിച്ചവരെല്ലാം പഴയ ക്രമത്തില്‍തന്നെ. തോറ്റ വീരന്മാര്‍ പിന്‍ബെഞ്ചില്‍. നാലാം ക്ലാസില്‍ മൂന്നുകൊല്ലം തോറ്റ വീരന്‍ രാജഗിരീഷ്‌, തൊലിനിറം മാത്രം കൈമുതലായ 'വെള്ളാമ' എന്നറിയപ്പെടുന്ന സുനില്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്‌.

എന്റെ ഇരിപ്പിടം ഭദ്രമാക്കിയശേഷം വരാന്തയിലെ ഇഷ്ടികത്തൂണും ചാരി വിരഹദുഃഖത്തോടെ ഞാന്‍ കാത്തിരിക്കുകയാണ്‌. എവിടെ എന്റെ പ്രിയതമ? എന്താണവള്‍ വൈകുന്നത്‌? അതോ അവള്‍ വരില്ലേ?

ബെല്ലടിച്ചിട്ടും ഷൈനി വന്നില്ല. പുതിയ ക്ലാസ്‌ടീച്ചറെത്തി. അവള്‍ വന്നില്ല. ടീച്ചര്‍ ഓരോരുത്തരെയായി പരിചയപ്പെട്ടുകൊണ്ടിരുന്നു. ആ വൈകിയ വേളയില്‍ അവള്‍ വന്നു. അതൊരു ഗംഭീരവരവായിരുന്നു. അവളൊരു മഞ്ഞ ചുരിദാറാണ്‌ ധരിച്ചിരുന്നത്‌. അന്ന്‌ ചുരിദാര്‍ ഫാഷനാവാത്ത കാലമായിരുന്നു. ക്ലാസില്‍ മറ്റാര്‍ക്കുംതന്നെ ആ വസ്‌ത്രം ഇല്ലായിരുന്നു. ഞാന്‍ സ്വാതന്ത്ര്യത്തോടെ അവളെ വീക്ഷിക്കുമ്പോള്‍ മറ്റു രണ്ടു കണ്ണുകള്‍കൂടി അവളെ കൊത്തിവലിക്കുന്നത്‌ ഞാന്‍ കണ്ടു. എനിക്കത്‌ തീരെ ഇഷ്ടമായില്ല. ആ കണ്ണുകള്‍ അരുന്ധതിച്ചെറിയമ്മയുടെ മകന്‍ അരുണ്‍ജിത്തിന്റെതായിരുന്നു.

3
അഞ്ചാം ക്ലാസില്‍ ഞാന്‍ എന്നെയും ഷൈനിയെയും താരതമ്യപ്പെടുത്തി ചില പ്രത്യേകതകള്‍ നിരൂപിച്ചു. ഒന്ന്‌ ഷൈനി ബെഞ്ചിലെ മൂന്നാം നമ്പറുകാരി. ഞാനുമതെ. രണ്ടാമത്‌ അക്ഷരമാലാ ക്രമത്തില്‍ എന്റെ പേര്‍നമ്പര്‍ പതിനഞ്ച്‌. ഷൈനിയുടേതുമതെ. ഈ സാമ്യതകള്‍ ഷൈനി മനസ്സിലാക്കി എന്നെ പ്രേമിച്ചാലോ? അതായിരുന്നു എന്റെ പ്രതീക്ഷ.

ഞാന്‍ സങ്കല്‍പ്പിച്ചു. ഈ ക്ലാസ്‌റൂം വിധിന്യായത്തിനുവന്ന ദമ്പതികളുടെ ഒരു കോര്‍ട്ടാണ്‌. എന്റെ ഭാര്യ ഷൈനി. സബീറിന്‌ സുഹറ. പ്രശാന്തിന്‌ കോങ്കണ്ണി പുഷ്‌പലത. അരുണ്‍ജിത്തിന്‌ മൂക്കൊലിക്കുന്ന തങ്കമണി. അന്നുകണ്ട ഏതോ സിനിമയുടെ ഭ്രമാത്മകമായ പര്യവസാനമായിരിക്കും എന്നെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌.

പതിയെ പതിയെ ഞാന്‍ മനസ്സിലാക്കി. എന്റെ ബെഞ്ചില്‍ ഞാന്‍ മാത്രമല്ല ബാക്കി അഞ്ചുപേരും ഷൈനിയെത്തന്നെ സ്‌നേഹിക്കുന്നു. ആരെയും വിലക്കാനുള്ള ശാരീരികശേഷി എനിക്കില്ലാത്തതിനാല്‍ വേദനയോടെ ഞാനാ സത്യം അംഗീകരിച്ചു.

ഷൈനിയെ എപ്പോഴും നോക്കിനോക്കി വലതുവശത്തേക്ക്‌ സ്ഥിരം തല ചെരിയ്‌ക്കുന്നതുകാരണം ഞങ്ങളില്‍ ചിലര്‍ക്കൊക്കെ പിടലിവേദന പിടിപെട്ടു. അത്‌ സഹിക്കാന്‍ വയ്യാതായപ്പോള്‍ ഒരുമയോടെ ഞങ്ങളൊരു തീരുമാനമെടുത്തു. മൂന്നാം നിരയില്‍നിന്ന്‌ ഇരിപ്പിടം മാറ്റി ഞങ്ങളൊരു സൈഡ്‌ബെഞ്ച്‌ തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ പെണ്‍പക്ഷത്തേക്ക്‌ അഭിമുഖമാണ്‌. ഷൈനിയെ എപ്പോഴും കണ്ട്‌ നിര്‍വൃതിയടയാം. ക്ലാസ്‌ടീച്ചര്‍ ചോദിച്ചപ്പോള്‍ ഞങ്ങളിലെ ഒരു ഭാവനാസമ്പന്നന്‍ ഒരു മറുപടി കണ്ടെത്തി. ബോര്‍ഡ്‌ വ്യക്തമായി കാണുന്നതിനുവേണ്ടിയാണീ മാറ്റം. ടീച്ചര്‍ സംതൃപ്‌തിയോടെ ശിഷ്യനെ അനുഗ്രഹിച്ചു. അദ്ദേഹമിന്ന്‌ നൂറ്റിച്ചില്വാനം തെങ്ങുകള്‍ കയറുന്ന കൃശഗാത്രനായ ഒരു കള്ളുചെത്തുതൊഴിലാളിയാണ്‌.

ക്ലാസില്‍ ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. എന്റെ ബെഞ്ചില്‍ എന്റെ തൊട്ടടുത്തിരിക്കുന്ന മുരളി മാത്രമായിരുന്നു എന്റെ കൂട്ട്‌. മുരളിയും മരമന്തന്മാരുടെ കൂട്ടത്തില്‍പെടും. ഹോംവര്‍ക്കും കേട്ടെഴുത്തുമെല്ലാം ഒരു നാണവുമില്ലാതെ അവന്‍ എന്നില്‍നിന്ന്‌ പകര്‍ത്തും. ടീച്ചര്‍ ചോദ്യം ചോദിച്ചാല്‍ അവനെന്റെ മുതുകത്ത്‌ ശക്തിയായി തോണ്ടും. ഞാനുത്തരം പതുക്കെ പറയും. അവനതും പകര്‍ത്തും. അങ്ങനെ എന്റെ ഔദാര്യത്തില്‍ മുരളി സുഖമായി ജീവിച്ചുപോകുന്നു.

എന്റെ ബെഞ്ചില്‍ ഞങ്ങള്‍ ആറുപേരും ഷൈനിയെ പ്രേമിക്കുന്നുവെന്ന്‌ സൂചിപ്പിച്ചല്ലോ. ഞാനതങ്ങ്‌ സഹിച്ചു. അഞ്ചു പേരും ഷൈനിയെ സ്‌നേഹിച്ചോട്ടെ. ഷൈനി തിരിച്ച്‌ സ്‌നേഹിക്കാതിരുന്നാല്‍ മതിയല്ലോ. അതിന്‌ ഞാനൊരു മുടന്തന്‍ ന്യായവും കണ്ടെത്തി. ആറ്‌ പേരില്‍ കൂട്ടത്തില്‍ സുന്ദരന്‍ ഞാനാണെന്ന്‌. ഒന്നാം നമ്പറുകാരന്‍ ഉണ്ണികൃഷ്‌ണന്‌ പുഴുപ്പല്ലുണ്ട്‌. രണ്ടാം നമ്പറുകാരന്‍ പ്രകാശന്‍ കരിക്കട്ട പോലെ. മൂന്നാം നമ്പറുകാരന്‍ ഞാന്‍. മുരളിക്ക്‌ പ്രത്യേകിച്ച്‌ കുഴപ്പമൊന്നുമില്ല. എങ്കിലും ഞങ്ങളെ രണ്ടുപേരെയും താരതമ്യപ്പെടുത്തുമ്പോള്‍ ഞാനാണ്‌ യോഗ്യന്‍. അഞ്ചാം നമ്പറുകാരന്‍ അനിലിനെ ആരും തിരിഞ്ഞുനോക്കില്ല. ദേഹം മുഴുവന്‍ കരിഞ്ചുണങ്ങ്‌. പിന്നെ അസ്സല്‍ വായ്‌നാറ്റവും.

ഷൈനിയുടെ തൃക്കടാക്ഷത്തിനായി ഞാന്‍ / ഞങ്ങള്‍ കാത്തിരിക്കവേ എനിക്ക്‌ പ്രതീക്ഷ തരുന്ന തരത്തില്‍ ഒരു സംഭവമുണ്ടായി. എന്റെ വീട്ടില്‍ അച്ഛന്‌ ഒരു വാരിക വരുത്തുന്ന പതിവുണ്ടായിരുന്നു. വായിച്ചുതീരുന്ന പുസ്‌തകം ഒരു ഗമയ്‌ക്കുവേണ്ടി ഞാന്‍ സ്‌കൂളിലേയ്‌ക്ക്‌ കൊണ്ടുപോകും. ഒരിക്കല്‍ വാരികയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെമുഖചിത്രം വന്നു . ഞാനാ പുസ്‌തകം സ്‌കൂളിലേക്ക്‌ കൊണ്ടുവന്നു. ആണ്‍കുട്ടികളെല്ലാവരും ആ ചിത്രം കണ്ടു. പെണ്‍കുട്ടികളില്‍ ചിലരും കണ്ടു. പിറ്റേദിവസം കോങ്കണ്ണി പുഷ്‌പലത സ്വകാര്യത്തില്‍ പറഞ്ഞു-"പ്രദീപ്‌, ഷൈനിക്ക്‌ നിന്റെ കയ്യിലുള്ള പുസ്‌തകം കാണാന്‍ ആഗ്രഹമുണ്ടത്രെ " ഞാന്‍ കോരിത്തരിച്ചുപോയി. ഉലകം കീഴടക്കിയ പ്രതീതി. പക്ഷെ കോങ്കണ്ണി കൈവശം ഞാന്‍ പുസ്‌തകം കൊടുത്തില്ല. ഞാന്‍ പറഞ്ഞു- "ഷൈനി ചോദിച്ചാല്‍ ഞാന്‍ പുസ്‌തകം കൊടുക്കും. ഷൈനിയോട്‌ ചോദിക്കാന്‍ നീ പറയണം"

കോങ്കണ്ണി അത്‌ ഷൈനിയോട്‌ പറഞ്ഞിരിക്കണം. ഞാന്‍ പ്രസന്നഭാവത്തോടെ ഷൈനിയെ കാത്തു. എല്ലാ കുട്ടികളും കാണെ ഷൈനി എന്നോട്‌ പുസ്‌തകം ചോദിക്കണം. ഞാനത്‌ കൊടുക്കുന്നതും എല്ലാവരും കാണണം. അങ്ങനെ എല്ലാവരും ഞങ്ങളെ അംഗീകരിക്കണം. രണ്ടു ക്ലാസ്‌ കഴിഞ്ഞു ഒരു ഇന്റര്‍വെല്ലും കഴിഞ്ഞു. പക്ഷെ ഷൈനി എന്നോട്‌ ചോദിച്ചില്ല. ജിജ്ഞാസ കൊണ്ട്‌ മൂത്രത്തുള്ളികള്‍ എന്റെ ട്രൗസറിനെ നനയ്‌ക്കുന്നുണ്ട്‌. രണ്ടാമത്തെ ഇന്റര്‍വെല്‍ വന്നു. ക്ലാസില്‍ ഇപ്പോള്‍ ഞാനും ഷൈനിയും മാത്രം. എന്റെ പ്രതീക്ഷകളെല്ലാം അസ്‌തമിച്ചുകഴിഞ്ഞിരുന്നു. അപ്പോള്‍ ഷൈനി ബെഞ്ചില്‍നിന്ന്‌ എണീക്കുന്നത്‌ കണ്ടു. അവള്‍ മന്ദംമന്ദം നടന്നുവരുന്നു. പുറത്തേയ്‌ക്കുപോകാനായിരിക്കുമെന്ന്‌ ഞാന്‍ കരുതി. അല്ല എനിക്കു തെറ്റി. അവള്‍ എന്റെ അരികിലേക്ക്‌ വന്നു. അവള്‍ മന്ത്രിച്ചു-"ആ പുസ്‌തകം തരുമോ?"

സന്തോഷാധിക്യത്താല്‍ എന്റെ ദേഹം വിറച്ചു. എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ശബ്ദിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പുസ്‌തകം അവള്‍ക്കു കൊടുത്തു. എന്റെ വിറയ്‌ക്കുന്ന കൈകള്‍ അവളുടെ വെളുത്ത്‌ തുടുത്ത കുളിരുള്ള വിരലുകളെ അറിയാതെ സ്‌പര്‍ശിച്ചു. അതെ! അത്‌ സംഭവിച്ചുകഴിഞ്ഞു. പക്ഷെ ഈ അംഗീകാരനിമിഷങ്ങള്‍ കാണാന്‍ മറ്റാരും ഇല്ലാതായിപ്പോയല്ലോ- അരുണ്‍ജിത്ത്‌ പോലും. ആ മഹാദുഃഖം മാത്രം ബാക്കി.

ഈ സംഭവം ഞാന്‍ മുരളിയോടും മറ്റുള്ളവരോടും പറഞ്ഞു. അവരാരും അത്‌ വിശ്വസിച്ചില്ല. എന്ന്‌ മാത്രമല്ല അങ്ങനെ ഉണ്ടായാലും അത്‌ ഞങ്ങള്‍ അംഗീകരിക്കില്ല എന്ന മട്ടും. 'പോയി പണി നോക്കടാ ചെറ്റകളെ' എന്ന്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു.

സ്‌കൂള്‍ വിട്ടാല്‍ ചെമ്മണ്ണ്‌റോട്ടിലൂടെ ഞാനും മുരളിയും ഷൈനിയെ അനുഗമിച്ച്‌ പിന്‍പെ നടക്കും. അവളുടെ ഒരു നോട്ടത്തിനായി എത്രകാലമായി വേഴാമ്പലിനെപോലെ കാത്തിരിക്കുന്നു. ചെമ്മണ്ണുറോട്ടില്‍നിന്നും മലഞ്ചോല കുത്തിയൊലിക്കുന്ന കുന്നിന്‍പുറത്തേയ്‌ക്കുള്ള ഇടവഴിയിലേക്ക്‌ തിരിയുമ്പോള്‍ കണ്‍മറയുവോളം ഞങ്ങളവളെ ഇമവെട്ടാതെ നോക്കിനില്‍ക്കും. പക്ഷെ അന്ന്‌... എന്റെ കൈയില്‍നിന്ന്‌ പുസ്‌തകം വാങ്ങിയ അന്ന്‌ ഷൈനി ഇടവഴിയിലേക്ക്‌ തിരിയുമ്പോള്‍ ഒരു കടാക്ഷമെറിഞ്ഞു. ഞാനാര്‍ത്തുവിളിച്ചു. ഈശ്വരാ അതെന്നെതന്നെ! എന്നെതന്നെ!! മുരളിയെ വിട്ട്‌ അമ്മയുടെ വെളുമ്പിപ്പശുവിന്റെ മൂരിക്കുട്ടനെപോലെ ചെമ്മണ്ണുപൊടി പറപ്പിച്ച്‌ ഞാന്‍ വീട്ടിലേക്കോടി. ഞാന്‍ മനസ്സില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു- "ഷൈനി എന്നെ സ്‌നേഹിക്കുന്നു, ഷൈനി എന്നെ സ്‌നേഹിക്കുന്നു"

അന്നു രാത്രി കുറേനേരം ഉറങ്ങാതെ കിടന്നു. രാത്രി കണക്ക്‌ ടീച്ചര്‍ കുഞ്ഞിലക്ഷ്‌മി ടീച്ചറുടെ കടുകട്ടിയുള്ള ഹോം വര്‍ക്കുകള്‍ എന്നെ ഭയപ്പെടുത്തിയില്ല. ഷൈനിയെ കല്യാണം കഴിക്കുന്നതും ഉമ്മവെക്കുന്നതും സ്വപ്‌നം കണ്ടു. 'ഈശ്വരാ അങ്ങനെ സംഭവിക്കണേ. അതിനുവേണ്ടി കൊടിക്കുന്നത്ത്‌ ഭഗവതിക്ക്‌ ഒരു ഗുരുതിക്കുടം കഴിച്ചോളാമേ'. ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഞാന്‍ തീരുമാനിച്ചു. ഷൈനി എന്നെ പ്രേമിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക്‌ നല്ല ഉടുപ്പുകള്‍ തന്നെ ധരിക്കണം. കൂട്ടത്തില്‍വെച്ചേറ്റവും നല്ല ട്രൗസറും പുള്ളിഷര്‍ട്ടും ധരിച്ചാണ്‌ അന്ന്‌ സ്‌കൂളിലേയ്‌ക്ക്‌ ചെന്നത്‌. ബെഞ്ചിലെ മറ്റു കാമുകന്മാരുടെയെല്ലാം മുഖം അസൂയമൂത്ത്‌ നീരുവന്നതുപോലെയുണ്ട്‌. മുരളി വിവരങ്ങളെല്ലാം ഇവന്മാരോട്‌ പറഞ്ഞിട്ടുണ്ടാവും. അറിയട്ടെ. എല്ലാവരും അറിയട്ടെ. ലോകം മുഴുവനുമറിയട്ടെ.

പക്ഷെ ക്ലാസില്‍ ഷൈനിക്ക്‌ യാതൊരു ഭാവഭേദവും കണ്ടില്ല. പതിവുപോലെതന്നെ. സ്‌കൂള്‍വിട്ടു മടങ്ങുമ്പോള്‍ ഇടവഴിയില്‍നിന്ന്‌ കടാക്ഷം പിന്നെയുമുണ്ടായി. പിന്നെപ്പിന്നെ അതൊരു പതിവായി. പിന്നീട്‌ കടാക്ഷത്തിനൊപ്പം നേര്‍ത്ത പുഞ്ചിരികൂടിയായി. ഷൈനി എന്നെ സ്‌നേഹിക്കുന്നുവെന്നതിന്‌ ഇതില്‍കൂടുതല്‍ എന്ത്‌ തെളിവ്‌ വേണം. അതിനിടയ്‌ക്ക്‌
ആ കടാക്ഷം തന്നോടാണെന്ന്‌ സ്ഥാപിക്കാന്‍ മുരളി ഒരു ദയനീയ ശ്രമം നടത്തി പരാജിതനായി. പാവം മുരളി.

4
ഒരുനാള്‍ മുരളി എന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. ക്ലാസിലെ സൂപ്പര്‍സ്റ്റാറുകളായ സബീറിനും പ്രശാന്തിനും ഷൈനിയുടെ മേല്‍ കണ്ണുണ്ടത്രെ. മുരളി പിന്നെയും അത്‌ വിപുലീകരിച്ചു. ഒന്നാം നമ്പര്‍ സബീര്‍ തൊട്ട്‌ അവസാനബെഞ്ചിലെ അവസാനക്കാരനായ ചൊറിയന്‍ കുഞ്ഞാപ്പു വരെ ഷൈനിയെ തീവ്രമായി സ്‌നേഹിക്കുന്നു. ഈശ്വരാ. ഈ കശ്‌മലന്മാര്‍ക്കിടയില്‍ എന്റെ ഷൈനിക്കുട്ടി! ആരെങ്കിലും അവളെ വേദനിപ്പിക്കുന്ന തരത്തിലെങ്ങാനും പെരുമാറിയാല്‍ എന്റെ വിധം മാറും. അത്‌ വേറെ കാര്യം.

എന്റെ പ്രേമാര്‍ദ്രമായ ദിവസങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുകയാണ്‌. അതിനിടയില്‍ സിനിമാനടി പാര്‍വതിയുടെ മുഖചിത്രമുള്ള വാരിക എനിക്ക്‌ കിട്ടി. ആണ്‍കുട്ടികളെല്ലാവരും നോക്കി. പെണ്‍കുട്ടികളില്‍ ഷൈനിക്ക്‌ മാത്രമേ കൊടുക്കൂ എന്ന്‌ ഞാന്‍ ശപഥം ചെയ്‌തിരുന്നു. പലരും ചോദിച്ചു. കൊടുത്തില്ല. ഷൈനി ചോദിക്കട്ടെ. ഒന്നും രണ്ടും മൂന്നും ദിവസം കഴിഞ്ഞിട്ടും ഷൈനി ചോദിച്ചില്ല. എന്തുപറ്റി ഷൈനിക്ക്‌? കടാക്ഷം ഇപ്പോഴുമുണ്ട്‌. പക്ഷെ....! ഒരാഴ്‌ച കഴിഞ്ഞിട്ടും ഷൈനി ചോദിച്ചില്ല. ഞാന്‍ സങ്കടമടക്കി. ഒരുപക്ഷെ അവള്‍ക്കിത്‌ വേണ്ടായിരിക്കും. അല്ലാതെ എന്നെ ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമായിരിക്കില്ല. അങ്ങനെ സമാധാനിക്കാന്‍ നോക്കി.

അങ്ങനെയിരിക്കെ ഒരുനാള്‍ കോങ്കണ്ണി പുഷ്‌പലത ചോദിക്കുന്നു- "നോക്കൂ. എനിക്കാ പുസ്‌തകം വേണം".

ഞാന്‍ തിരിച്ചു ചോദിച്ചു. "ഷൈനിക്കാണോ?"

"ഏയ്‌ അല്ല. എനിക്കാണ്‌"

"ഞാന്‍ തരില്ല"

"അതെന്താ എന്നെ ഇഷ്ടമല്ലേ?"

"പുഷ്‌പലതേ..." എന്റെ ശബ്ദം ഉച്ഛത്തിലായി. പിന്നെ മനഃപൂര്‍വ്വം ശാന്തത വരുത്തി ഞാന്‍ നാടകീയമായി പറഞ്ഞു -"എന്നോട്‌ അങ്ങനെയൊന്നും പറയരുത്‌. ഞാന്‍ പുഷ്‌പലതയെ ഐലവ്യൂ ചെയ്യുന്നില്ല. അനിയത്തിയായാണ്‌ കരുതുന്നത്‌. ഷൈനിയെ മാത്രമേ ഞാന്‍ സ്‌നേഹിക്കൂ. ഷൈനി..."

ഇത്രയും പറഞ്ഞ്‌ മോഹന്‍ലാലിനെ പോലെ ഞാന്‍ വെട്ടിത്തിരിഞ്ഞപ്പോള്‍ പിന്നില്‍ പുഷ്‌പലതയില്ല. അവള്‍ അവളുടെ ഇരിപ്പിടത്തിലെത്തിയിരിക്കുന്നു. വരാന്തയില്‍നിന്നായതുകൊണ്ട്‌ ഞാന്‍ പറഞ്ഞത്‌ മറ്റാരും കേട്ടില്ല. പാവം പുഷ്‌പലത! അവള്‍ക്ക്‌ വിഷമമായിരിക്കും. ഒരുപക്ഷെ അവള്‍ കരയുകയാവും. എന്തുചെയ്യും? താന്‍ ഷൈനിയെ സ്‌നേഹിക്കുന്നുവെന്ന്‌ അവള്‍ അറിഞ്ഞുകാണില്ല. അതുകൊണ്ടാകും അവള്‍ പ്രേമാഭ്യര്‍ത്ഥന നടത്തിയത്‌. എന്താ ചെയ്‌ക. പെണ്‍കുട്ടികളുടെ ഒരുകാര്യം.

ഒരു ദിവസം മുരളി എന്റെ ചെവിയില്‍ മറ്റൊരു അണുബോംബ്‌ പൊട്ടിച്ചു. സ്‌കൂളിലെ ആഗോളവില്ലന്മാര്‍ 'കുറുക്കന്‍ വാപ്പു'വും, 'അരിമ്പാറ വാസു'വും ഷൈനിയെ രഹസ്യമായി സ്‌നേഹിക്കുന്നുണ്ടത്രേ! പ്രേമക്കത്ത്‌ കൊടുക്കാന്‍ വേണ്ടി അവര്‍ മലയാളം തെറ്റില്ലാതെ എഴുതാന്‍ ശ്രമം നടത്തുന്നുണ്ടത്രെ! ഈശ്വരാ, ഇതെന്ത്‌ വിധി! ഈ സ്‌കൂളിലെ മുഴുവന്‍ കാലമാടന്മാര്‍ക്കും സ്‌നേഹിക്കാന്‍ എന്റെ ഷൈനിക്കുട്ടി മാത്രമേയുള്ളോ?

ഞാന്‍ അഗാധമായി പ്രാര്‍ത്ഥിച്ചു- "ഈശ്വരാ അവര്‍ക്ക്‌ നല്ല ബുദ്ധി തോന്നിക്കണേ. അവരോടെതിരിടാനുള്ള കെല്‍പ്പെനിക്കില്ല. അതുകൊണ്ട്‌...."

എന്റെ ബെഞ്ചിലെ എല്ലാവരും എന്റെ പ്രേമത്തെ അംഗീകരിച്ചുവരികയായിരുന്നു. അപ്പോഴാണ്‌ എല്ലാം തകിടം മറിച്ച ആ മഹാസംഭവമുണ്ടായത്‌.

അന്ന്‌ അവധിദിനമായിരുന്നു. അമ്മ അമ്മാമയുടെ പറമ്പിലെ വരിക്കച്ചക്കയിട്ട്‌ ചക്കക്കൂട്ടാന്‍ വെച്ചു. ചക്കക്കൂട്ടാന്‍ നല്ല സ്വാദാണ്‌. എത്ര കഴിച്ചാലും മതിവരില്ല. ഞാന്‍ മൂക്കുമുട്ടെ കഴിച്ചു. എന്നിട്ട്‌ കരിമ്പന്‍ പ്രകാശന്റെ വീട്ടില്‍പോയി കളിച്ചു. പിന്നെയും വീട്ടില്‍വന്ന്‌ ചക്കക്കൂട്ടാന്‍ കഴിക്കും. വീണ്ടും കളിക്കും. രാത്രിയായി. പ്രേമഭാജനത്തെയും സ്വപ്‌നംകണ്ട്‌ ഞാന്‍ സുഖമായി ഉറങ്ങി. പിറ്റേന്ന്‌ നല്ല ട്രൗസറും പുള്ളി ഷര്‍ട്ടുമിട്ട്‌ പതിവുപോലെ സ്‌കൂളിക്ക്‌ പോയി. ഷൈനിയെയും ധ്യാനിച്ച്‌ ഞാന്‍ ക്ലാസിലിരുന്നു. രണ്ടാമത്തെ ക്ലാസ്‌ ആരംഭിച്ചപ്പോഴേ നേരിയ ഒരു വയറുവേദന തോന്നിത്തുടങ്ങി. ഇന്റര്‍വെല്ലിന്‌ പുറത്തുപോയി മൂത്രമൊഴിച്ചു. അടുത്തക്ലാസില്‍ വയറുവേദന കലശലായി. സഹിച്ചിരുന്നു. രാവിലെ അപ്പിയിടാന്‍ മറന്നതിനെ മനസ്സില്‍ പ്രാകി. സ്‌കൂളില്‍ കക്കൂസില്ല. അപ്പുറത്ത്‌ നെല്ലിക്കക്കാട്ടില്‍ പോയി കാര്യം സാധിക്കാം. പക്ഷെ ടീച്ചറോട്‌ പറയാന്‍ നാണം. ഷൈനിയടക്കം എല്ലാവരും അറിയും. പിന്നെ എങ്ങനെ ഷൈനിയുടെ മുഖത്ത്‌ നോക്കും. ഈയൊരു നിസ്സാരകാര്യത്തിനുവേണ്ടി മാനം കളയാന്‍ വയ്യ! കടിച്ച്‌ പിടിച്ചിരുന്നു. ഇനിയൊരു ക്ലാസ്‌ കൂടി കഴിഞ്ഞാല്‍ രണ്ടാമത്തെ ഇന്റര്‍വെല്ലായി. അപ്പോള്‍ നെല്ലിക്കക്കാട്ടിലേക്ക്‌ പോകാം-"അതുവരെ ഈശ്വരാ കാക്കണം..."

ഭഗവതിക്കൊരു ഗുരുതിക്കുടം. ഗണപതിക്കൊരു നാളികേരം. വഴിപാടുകള്‍ പലതും നേര്‍ന്നു. പക്ഷെ വയറുവേദന അസഹ്യമായിത്തുടങ്ങി. ഇന്റര്‍വെല്ലിന്‌ കുറച്ചുസമയം കൂടിയുണ്ട്‌. മാത്രമല്ല. കണക്ക്‌ ടീച്ചര്‍ കുഞ്ഞിലക്ഷ്‌മി ടീച്ചറുടെ ക്ലാസാണ്‌. ടീച്ചര്‍ ഭയങ്കരിയാണ്‌. പിടിച്ചുനിര്‍ത്തി പിടിച്ചുനിര്‍ത്തി എപ്പഴോ എനിക്ക്‌ സഹിക്കാനായില്ല. ഞാന്‍ ഇരുന്ന ഇരിപ്പില്‍ ഒന്നുമറിയാത്തതുപോലെ ശരിക്കുമങ്ങ്‌ അപ്പിയിട്ടു. ട്രൗസര്‍ വലിഞ്ഞുമുറുകി. അപ്പോഴതാ കേള്‍ക്കുന്നു. ഇന്റര്‍വെല്ലിന്റെ മണിയടി. ടീച്ചര്‍ പുറത്തേക്ക്‌ പോയി. കുട്ടികള്‍ പോയി. ഞാനും ഷൈനിയും ഏതാനും പെണ്‍കുട്ടികളും മാത്രം ബാക്കി. ഞാനെങ്ങനെ ഇവരുടെ മുന്നിലൂടെ പുറത്തുപോകും? ട്രൗസറും കവിഞ്ഞ്‌ അപ്പി ബെഞ്ചിലേക്കും പകര്‍ന്നിരിക്കുന്നു. ഭഗവതിയും ഗണപതിയും ചതിച്ചിരിക്കുന്നു. അവര്‍ക്ക്‌ ഗുരുതിയും വേണ്ട. നാളികേരവും വേണ്ട. ഇനി എന്തുചെയ്യും? എല്ലാവരും പോയിക്കഴിഞ്ഞ്‌ ഇവിടെനിന്ന്‌ എണീക്കാം. അതിനിനി രണ്ട്‌ ക്ലാസ്‌ കൂടിയുണ്ട്‌. പക്ഷെ അതുവരെ...!

അപ്പോള്‍ കോങ്കണ്ണി പുഷ്‌പലത എന്നെ ചൂണ്ടി ഷൈനിയോടെന്തോ സ്വകാര്യം പറയുന്നതുകണ്ടു. പിന്നെ പെണ്‍കുട്ടികള്‍ ഓരോരുത്തരായി എന്നെ നോക്കുന്നു. എല്ലാം തകര്‍ന്നുതരിപ്പണമാവുകയാണോ! അതാ പെണ്‍കുട്ടികള്‍ മൂക്കുപൊത്തുന്നു. ആദ്യം ഷൈനി! അതെ അവരറിഞ്ഞുകഴിഞ്ഞു!! ഇനി പിടിച്ചുനില്‍ക്കാനാവില്ല!!! ഞാന്‍ പതുക്കെ പിന്നിലെ ഭാരത്തോടെ എണീറ്റ്‌ എന്റെ പിന്‍വശത്തെ കമ്പിയും കൊളുത്തുമില്ലാത്ത ജനാലയിലൂടെ പുറത്തേക്ക്‌ ചാടി. പിന്നെ തൂറ്റലുപിടിച്ച പശുവിനെപ്പോലെ ഓടി. ഓടിയോടി വീട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു. അമ്മ എന്റെ ട്രൗസറഴിച്ചു. ട്രൗസറിലേക്ക്‌ ഞാന്‍ ഒന്നേ നോക്കിയുള്ളൂ- അയ്യേ..!

കക്കൂസില്‍ കയറി വൃത്തിയാക്കുമ്പോള്‍ ഓര്‍ത്തു. എന്റെ ദിവ്യപ്രേമം! മണ്ണാങ്കട്ട. എല്ലാം അവസാനിച്ചിരിക്കുന്നു. ഷൈനി ഇനിയൊരിക്കലും എന്നെ പ്രേമിക്കില്ല. ആരും പ്രേമിക്കില്ല. പുഷ്‌പലത പോലും. നാളെ സ്‌കൂളില്‍പോകുന്ന കാര്യം ആലോചിക്കാനേവയ്യ! എല്ലാവരും ഇപ്പോള്‍ അറിഞ്ഞുകാണും. മനസ്സില്‍ ഭീകരമായൊരു ചിത്രം തെളിഞ്ഞുവരുന്നു. കഴിഞ്ഞകൊല്ലം തൊണ്ണന്‍ രാജഗിരീഷ്‌ ട്രൗസറില്‍ അപ്പിയിട്ടപ്പോള്‍ 'ട്രൗസര്‍തൂറി' എന്നു തോണ്ടിവിളിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അപ്പോള്‍ നാളെ ഷൈനിയുടെയും മറ്റുള്ളവരുടെയും മുന്നില്‍ എന്റെ വിധി?

ഈശ്വരാ! നാളെ പ്രഭാതം പുലരാതിരിക്കട്ടെ. ഇനിയൊരിക്കലും പുലരാതിരിക്കട്ടെ. അങ്ങനെയെങ്കില്‍ അമ്മയോട്‌ പറഞ്ഞ്‌ ഭഗവതിക്കൊരു ഗുരുതിക്കുടം, ഗണപതിക്കൊരു നാളികേരം എന്റെ വക.