Thursday, May 6, 2010

നഷ്ടബാല്യം-1


ആമുഖം
ബാല്യം എനിക്ക്‌ ശപ്‌തവും, ദുരൂഹവുമായിരുന്നു. ബാല്യകുതൂഹലങ്ങളെല്ലാം നിഷി്‌ദ്ധവും.

ഇന്നും വേട്ടയാടുന്ന, ജീവപര്യന്തം പിന്തുടരുന്നതുമായ ഉളളില്‍ ഘനീഭവിച്ച ആ ദുരനുഭവങ്ങള്‍ എന്നെ വിരാഗിയാക്കി. അബലനും, നിസ്വനുമാക്കി. അനാഥനാക്കി, പിന്നെ...
.
മറ്റുളളവരുമായ്‌ പങ്കിടുമ്പോള്‍ ഒരാശ്വാസം, എഴുതുമ്പോള്‍ സംതൃപ്‌തിയും
.
ഇതില്‍ അസാധാരണമായ്‌ ഒന്നുമില്ലെന്ന്‌ ആദ്യമെ പറഞ്ഞുകൊളളട്ടെ. മുമ്പ്‌ കൗമാരരതിസ്‌മരണകളില്‍ ചിലതെല്ലാം സൂചിപ്പിച്ചിരുന്നു
.
ഹ്രസ്വമായ്‌ ഏതാനും അദ്ധ്യായങ്ങളാക്കി തരംതിരിച്ചിരിക്കുന്നു. ഇതിലെ ആദ്യത്തെ അദ്ധ്യായത്തിന്‌ ഞാന്‍ സാക്ഷിയല്ല. പിന്നീട്‌ കേട്ടറിഞ്ഞതും, എന്റെ നിഗമനങ്ങളും മാത്രമാണത്‌. അതുകൂടി ചേര്‍ത്താലെ പാരസ്‌പര്യം ലഭിക്കുകയുളളൂ.

കൂടുതല്‍ വായനക്കാരുളള ബ്ലോഗര്‍മാര്‍ എന്റെ ലിങ്ക്‌ നല്‌കി പ്രോത്സാഹിപ്പിക്കണമെന്നപേക്ഷിക്കുന്നു.അതുപോലെ പ്രതികരണങ്ങള്‍ ക്ഷണിച്ചുകൊളളുന്നു. മുമ്പത്തേതിന്‌ ഭിന്നമായ്‌ കമെന്റെസിലൂടെ സംവദിക്കുന്നതായിരിക്കും.
ആരംഭിക്കട്ടെ. സാദരം സ്വാഗതം.
*****************************************************
ഗര്‍ഭസ്‌മൃതി
അന്ന്‌ മഴ പെയ്‌തിരുന്നു. മഴ തെല്ലൊന്ന്‌ കുറഞ്ഞപ്പോള്‍ അയാള്‍ കുടയും, പണിമുണ്ടുമെടുത്ത്‌ ജോലിക്ക്‌ പോകാനായ്‌ തയ്യാറായി. ഏഴരക്കുളള ബസ്സ്‌ പോയാല്‍ പിന്നെ പട്ടണത്തിലേക്ക്‌ ഉടനെ വണ്ടിയില്ല. ധൃതിയില്‍ മഴയെ ശപിച്ചുകൊണ്ടയാള്‍ പുറത്തേക്കിറങ്ങി.

അവള്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ഉച്ചഭക്ഷണം അയാള്‍ക്ക്‌ കൊടുത്തു. പിന്നീട്‌ അയാള്‍ നടന്നകലുന്നതും നോക്കി സാകൂതം നിന്നു. അയാള്‍ മുറ്റത്ത്‌ നിന്ന്‌ ഒതുക്ക്‌കല്ലിലേക്ക്‌ കയറിയപ്പോള്‍ അവളുടെ നിറവയറിനുളളിലെവിടെയോ ചലനം. ഗര്‍ഭസ്ഥശിശു പുളക്കുകയാണ്‌. ചിലപ്പോഴത്‌ സുഖകരമാണ്‌.

പെട്ടെന്ന്‌ ഒരു അപശബ്ദമുയര്‍ന്നു-അയാളുടെ....പുറത്ത്‌ ഒതുക്കുകല്ലുകളിലെ വഴുവഴുത്ത പ്രതലത്തില്‍ ചവിട്ടി താഴെ പരുത്ത പാറപുറത്തേക്ക്‌ അയാള്‍ വീണിരിക്കുന്നു. അയാളുടെ ചുണ്ടും, നെറ്റിയും പൊട്ടി ചോരയൊഴുകി.

അറിയാതെ അവളുടെ കണ്‌ഠത്തില്‍ നിന്നും പ്രവൃദ്ധമായൊരു ശബ്ദമുയര്‍ന്നു-" ബാലേട്ടാ...."
അയാളുടെ മുന്‍വശത്തെ ഒരു പല്ലിളകിയിരുന്നു. തറവാട്ടില്‍ നിന്നും അവളുടെ അമ്മയും, ജ്യേഷ്‌ഠത്തിയും ഓടിവന്നു.

" എന്താ പറ്റിയത്‌?"
" ഏയ്‌ മഴച്ചാറലുളളതല്ലേ, കാല്‍ വഴുക്കി"
" വൈദ്യനെ കാണണോ?"
"വേണ്ട, കാര്യായിട്ടൊന്നുമില്ല "

അവള്‍ നിലവിളിച്ചു-" ദാ പിന്നേം ചോര വരുന്നു: എനിക്കിതു കാണാന്‍ വയ്യാ, തല ചുറ്റുന്നു"
അവള്‍ മുറ്റത്തേക്ക്‌ പതുക്കെ വീണു. വയറിനുളളിലെവിടെയോ ഒരു കുതിപ്പ്‌ .അസഹ്യമായ വേദന. അവള്‍ പിടഞ്ഞു.

" ബാലാ പ്രസവവേദനയാണന്നാ തോന്നുന്നത്‌ വേഗം വണ്ടി വിളിക്ക്‌, ആശു
പത്രിയില്‍ കൊണ്ടുപോകണം." അവളുടെ അമ്മ പറഞ്ഞു
.
അയാള്‍ സ്വന്തം മുറിവിനേയും, വേദനയേയും കാര്യമാക്കാതെ ഒരു മൈലപ്പുറമുളള ഹാജിയാരുടെ വീട്ടിലുളള കാറിനായി പ്രാര്‍ത്ഥനയോടെ ഓടി.

ചെമ്മണ്ണുറോഡില്‍ കാര്‍ വന്നുനിന്നു.

ഒതുക്കുക്കല്ലുകളിറങ്ങി അയാള്‍ വീട്ടിലേക്ക്‌ ചെന്നപ്പോള്‍ ആദ്യം ശാന്തത. പിന്നെ ആദിയായ ആ ശബ്ദം. ഉമ്മറത്ത്‌ കൂടിനിന്നവരിലാരോ പറഞ്ഞു-" വയറ്റാട്ടി വന്നു . പ്രസവിച്ചു, ആണ്‍കുഞ്ഞാണ്‌."
വയറ്റാട്ടി നാണിത്തളള പുറത്തക്കിറങ്ങി വന്നു. പിന്നെ സ്‌ഥായിയായ അസഹിഷ്‌ണുതയോടെ പറഞ്ഞു-"
പോയിക്കണ്ടോളിന്‍ നായരേ. പേടിച്ച്‌ പ്രസവിച്ചതാണ്‌. രണ്ടു മാസത്തെ മൂപ്പ്‌ കൊറവുണ്ട്‌, അതുകൊണ്ട്‌ അരിഷ്ടതകളുണ്ടാവും. രക്ഷ വേണം രണ്ടാള്‍ക്കും."

അയാള്‍ മുറിയിലേക്ക്‌ കടന്നു. വെളളത്തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കണ്ടു. ഇരുണ്ട്‌ ഒട്ടും ഭംഗിയില്ലാത്ത, ഓമനത്വമില്ലാത്ത എലിക്കുട്ടിയോളം പോന്ന സ്വന്തം കുഞ്ഞ്‌. അത്‌ കിലുകിലാ വിറക്കുന്നു.

എന്തോ അയാളുടെ മനസ്സില്‍ കുഞ്ഞിനോടാദ്യം തേന്നിയത്‌ വെറുപ്പായിരുന്നു. പിന്നെ....!

പുറത്തപ്പോള്‍ മഴ കോരിച്ചൊരിയുകയായിരുന്നു. കുറേ സമയമായ്‌ പ്രകാശം കാര്‍മേഘങ്ങളുടെ കാരാഗാരത്തിലായിരുന്നു.

16 comments:

ശ്രീ said...

തുടക്കം വായിച്ചു, നല്ല അവതരണം.

തുടരൂ...

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

നന്ദി

കാവാലം ജയകൃഷ്ണന്‍ said...

പ്രിയ പ്രദീപ്,

താങ്കളുടെ അക്ഷരം വായിക്കാന്‍ കൊതിയോടെയാണ് പലപ്പോഴും ഇവിടെയെത്താറുള്ളത്. അതിന്‍റെ വശ്യതയും ഭാഷയുടെ സൌന്ദര്യവുമാണ് അതിനു കാരണം. ഭാഷാസ്നേഹികളും, മാധ്യമങ്ങളും ആഘോഷിക്കുന്ന ഒരു കാലം താങ്കള്‍‍ക്ക് സമീപമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

അനുഭവം എന്ന ലേബലില്‍ ഈ കഥയെഴുതിയിരിക്കുന്നതു കൊണ്ട് ചോദിക്കുന്നതാണ്, എന്തിനാണ് ഈ നഷ്ടബോധം? തീവ്രമായ അനുഭവങ്ങളല്ലേ സുഹൃത്തേ അമൃതവര്‍ഷമായി പൊഴിയുന്നത്. അനുഭവത്തിന്‍റെ പിന്‍‍ബലമില്ലാത്ത വാക്കുകള്‍ എത്ര ദുര്‍ബ്ബലമായിരിക്കും? ഏകനാണെന്നും, ശപ്തമായ ജീവിതമാണെന്നും ചിന്തിക്കുന്നതിനു പകരം അതി ശക്തമായ ഭാഷയുടെ സമ്പന്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവനാണ് താങ്കള്‍ എന്ന സത്യം തിരിച്ചറിയൂ. താങ്കളെ വായിക്കുന്നവര്‍ക്ക് താങ്കളോട് സ്നേഹബഹുമാനാദികള്‍ തോന്നാതിരിക്കാന്‍ വഴിയില്ല. അങ്ങനെ എത്രയോ ബൃഹത്തായ ബന്ധുക്കളുടെ ശൃംഘലതന്നെയുണ്ട് താങ്കള്‍ക്ക് ചുറ്റും? അഭിമാനിക്കുക സുഹൃത്തേ ഈ ധന്യമായ ജന്മത്തില്‍...

സ്നേഹപൂര്‍വ്വം

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

ജയകൃഷ്‌ണന്‍, ഒരു കുളിര്‍മഴ പെയ്‌തതു പോലെ തോന്നി താങ്കളുടെ കമന്റെ്‌ വായിച്ചപ്പോള്‍. എന്നെ ഇഷ്ടപ്പെടുന്ന അപൂര്‍വം ആളുകളിലൊരാള്‍. എന്റെ സുഹൃത്ത്‌. താങ്കളോടും എനിക്ക്‌ സ്‌നേഹവും, ആദരവുമാണ്‌. ഈ ഒരൊറ്റ കമന്റെു മതി എന്റെ ശ്രമം സാര്‍ത്ഥകമാവാന്‍. നന്ദി. പിന്നെ ഞാനെന്തെ ഇങ്ങനയായത്‌ എന്നത്‌ നഷ്ടബാല്യം മുഴുവന്‍ വായിക്കുമ്പോള്‍ മനസ്സിലാവും

Sherlock said...

waiting for the next part..

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

part-2 publish within 3days

nid said...

mr pradeep,i am a usual reader of ur blog......nice style of writing ...
continue........

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

thanks your present

Unknown said...

ശ്രദ്ധിക്കുക...

അന്ന്‌ മഴ പെയ്‌തിരുന്നു. മഴ തെല്ലൊന്ന്‌ കുറഞ്ഞപ്പോള്‍ അയാള്‍ കുടയും, പണിമുണ്ടുമെടുത്ത്‌ ജോലിക്ക്‌ പോകാനായ്‌ തയ്യാറായി. ധൃതിയില്‍ മഴയെ ശപിച്ചുകൊണ്ടയാള്‍ പുറത്തേക്കിറങ്ങി.

ചെമ്മണ്ണുറോഡില്‍ പൊടി പറത്തികൊണ്ട്‌ കാര്‍ വന്നുനിന്നു.
Hope you understood what am trying to say...

Muralee Mukundan , ബിലാത്തിപട്ടണം said...

അവള്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ഉച്ചഭക്ഷണം അയാള്‍ക്ക്‌ കൊടുത്തു. പിന്നീട്‌ അയാള്‍ നടന്നകലുന്നതും നോക്കി സാകൂതം നിന്നു. അയാള്‍ മുറ്റത്ത്‌ നിന്ന്‌ ഒതുക്ക്‌കല്ലിലേക്ക്‌ കയറിയപ്പോള്‍ അവളുടെ നിറവയറിനുളളിലെവിടെയോ ചലനം. ഗര്‍ഭസ്ഥശിശു പുളക്കുകയാണ്‌. ചിലപ്പോഴത്‌ സുഖകരമാണ്‌....
സുഭാഷ് ചന്ദ്രന്റെ ..ശൈലി

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

മുരളീമുകുന്ദന്‍,
സുഭാഷ്‌ചന്ദ്രനെ ഞാനിതുവരെ വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശൈലി എന്റെ എഴുത്തില്‍ കണ്ടിട്ടുണ്ടെങ്കില്‍ അത്‌ തികച്ചും യാദൃശ്ചികം മാത്രം.

ajith said...
This comment has been removed by the author.
ajith said...

പ്രദീപിന്റെ ബാല്യത്തിലൂടെയുള്ള യാത്ര ഞാന്‍ ഇവിടെ തുടങ്ങുന്നു.


sss ചൂണ്ടിക്കാണിച്ച വിരുദ്ധപ്രസ്താവം മുഴച്ചുനില്‍ക്കുന്നു. “ധൃതിയില്‍ മഴയെ ശപിച്ചുകൊണ്ടയാള്‍ പുറത്തേക്കിറങ്ങി.

ചെമ്മണ്ണുറോഡില്‍ പൊടി പറത്തികൊണ്ട്‌ കാര്‍ വന്നുനിന്നു.” എന്നാലും അതൊന്നും സംഭവത്തിന്റെ ഗതിയെ തടസ്സപ്പെടുത്തുകയില്ല. Good luck

അനശ്വര said...

മറ്റൊരു നഷ്ടബാല്യത്തിന്റെ ഉടമയായത് കൊണ്ട് ബാക്കി ഭാഗങ്ങള്‍ കൂടി വായിക്കാന്‍ കാത്തിരിക്കുന്നു.
എനിക്ക് കിട്ടത്തത് വേറെ ആര്‍ക്കൊക്കെയോകൂടി കിട്ടാതായിട്ടുണ്ട് എന്ന് അറിഞ്ഞതിന്റെ സ്വകാര്യ സ്വര്‍ത്ഥസന്തോഷം...!!!

അനശ്വര said...

ഇപ്പഴ തിയ്യതി നോക്കിയത്..2010..അപ്പൊ ബാക്കി ഭാഗങ്ങള്‍ എവിടെ? എനിക്ക് കാണുന്നില്ലല്ലൊ...!!

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

click newer post option and read more .