Important posts
Thursday, August 5, 2010
നഷ്ടബാല്യം-10
തൊണ്ണിയമ്മ
തൊണ്ണിയമ്മ 'റ' പോലെ അകം വളഞ്ഞ വയോധികയായിരുന്നു. മുന്‍വശത്ത് പല്ലുകളൊന്നും തന്നെ അവശേഷിച്ചിരുന്നില്ല. അതുകൊണ്ടാണ് എല്ലാവരും അവരെ തൊണ്ണിയമ്മ എന്ന് വിളിച്ചിരുന്നത്. അവര്‍ക്ക് കുറഞ്ഞപക്ഷം എഴുപത് വയസ്സെങ്കിലും അപ്പോഴുണ്ടായിരിക്കും. മക്കളോ,സന്തുബന്ധുക്കളോ ഉണ്ടായിരുന്നില്ല. തീര്‍ത്തും ഏക. ഓലമേഞ്ഞ സാമാന്യം വലിയ ആ വീട്ടില്‍ അവര്‍ തനിച്ച്.
അവര്‍ റൗക്ക ധരിച്ചിരുന്നില്ല. വെറും ഒറ്റമുണ്ട് മാത്രം വേഷം. ശുഷ്കിച്ച് ചുരുണ്ട് പിന്‍വലിഞ്ഞ മുലകള്‍. ജടപിടിച്ച തലമുടി. അതില്‍ സമൃദ്ധമായ് പേനും. കുളിക്കുകയോ, മറ്റെന്തെങ്കിലും തരത്തില്‍ ദേഹശുദ്ധി വരുത്തുകയോ ചെയ്തിരുന്നില്ല. ശരീരം മുഴുവന്‍ കറുത്തനിറത്തില്‍ അഴുക്ക് പറ്റിപിടിച്ചിരിക്കുന്നത് കാണാം. അത് ദേഹത്ത്നിന്ന് ചുരുട്ടി ഉണ്ടയാക്കി തെറിപ്പിച്ച് കളയുക അവരുടെ പ്രിയ്യവിനോദമാണ്.
തൊണ്ണിയമ്മയുടെ പറമ്പില്‍ ധാരാളം പുല്ലും, ചെടികളുമുണ്ടായിരുന്നു. അതുകൊണ്ട് ഇടയ്ക്കൊക്കെ ആടിനെ മേയ്ക്കാന്‍ ഞങ്ങള്‍ അവരുടെ പറമ്പിലേക്ക് പോകും. എന്റെ അമ്മമ്മയുടെ ഏതാണ്ട് സമപ്രായക്കാരിയാണവര്‍. അതുകൊണ്ട് എന്നോട് അമ്മമ്മയുടെ വിശേഷങ്ങള്‍ ചോദിക്കും. ചിലപ്പോള്‍ ദൂരെയുള്ള വൈദ്യരുടെ കടയില്‍ ചെന്ന് കഷായമോ, കുഴമ്പോ വാങ്ങിചെല്ലാന്‍ പറയും.
അവര്‍ക്ക് വലിയൊരു ചെല്ലം നിറയെ നാണയ ശേഖരങ്ങളുണ്ട്. അതില്‍ നിന്നെടുത്താണ് സാധനങ്ങള്‍ വാങ്ങാന്‍ പണം തരുക. അവിടെ നിന്ന് പണം മോഷ്ടിക്കാന്‍ വളരെയെളുപ്പമായിരുന്നു. സാഹചര്യം പലപ്പോഴും എന്നെ അതിന് പ്രേരിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ വീട്ടില്‍ നിന്നങ്ങനെ ചെയ്തതിന് അമ്മ നനഞ്ഞ തോര്‍ത്തുമുണ്ടുകൊണ്ടടിച്ചത് അപ്പോഴോര്‍മ്മവരും. പിന്നെ അനാഥയായ തൊണ്ണിയമ്മയോടുളള അനുതാപപൂര്‍ണ്ണമായ ഹൃദയരാഗവും എന്നെ അതില്‍ നിന്നു വിലക്കി.
എന്റെ അനിയനടക്കം ആടിനെ മേയ്ക്കാന്‍ വരുന്ന മറ്റു കുട്ടികള്‍ കളിയിലേര്‍പ്പെടുമ്പോള്‍ ഞാന്‍ തൊണ്ണിയമ്മയുടെ സഹചാരിയായ് നില്ക്കും. കിണറ്റില്‍ നിന്ന് വെളളം കോരികൊടുക്കുക, അങ്ങാടിയില്‍ നിന്ന് മല്‍സ്യം വാങ്ങികൊടുക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാനാണ് ചെയ്യുക. മീന്‍ നന്നാക്കുവാന്‍ കുന്തിച്ചിരിക്കുമ്പോള്‍ കോണകമുടുക്കാത്തതു കൊണ്ട് അവരുടെ വികൃതമായ ഗുഹ്യം കാണും. എല്ലുകള്‍ക്കിടയിലൂടെയുളള ഒരു പുളിപ്പാണ് എനിക്കപ്പോള്‍ അനുഭവപ്പെടുക.
എനിക്ക് സമാന്തരമായ് ഒരു കറുത്ത കണ്ടന്‍പൂച്ചയും സദാ അവിടെ കൂന്നികൂടിയിരിക്കുന്നത് കാണാം. ആരോടും ഇണക്കമില്ലാത്ത തീഷ്ണമുഖഭാവമുളള ആ പൂച്ച ദൈവം വേഷം മാറ്റവിട്ട തൊണ്ണിയമ്മയുടെ സംരക്ഷിതാവായിരിക്കുമെന്ന് ഞാന്‍ സങ്കല്പ്പിച്ചു.
ചെളുക്ക കളയാതെയാണ് തൊണ്ണിയമ്മ മീന്‍ വെക്കുക. അറപ്പുകാരണം അവര്‍ സ്നേഹത്തോടെ, നിഷ്കളങ്കതയോടെ എനിക്ക് കഴിക്കാന്‍ തരുന്നതെന്തും നിരസിക്കുമ്പോള്‍ വൈഷമ്യം തോന്നും. മനസ്സ് ഒന്നുകൂടി ആര്ദ്രമാകും.
ഇടിയും, മഴയുമുളള കൊടുങ്കാറ്റടിക്കുന്ന രാത്രികളില്‍ അസുരക്ഷിതയായ, അനാഥയായ തൊണ്ണിയമ്മയെ ഞാനോര്‍ക്കും. മണ്‍ചുമരുളള എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന ആ വീട്ടില്‍ അവര്‍ തനിച്ച്. നിലവിളിച്ചാല്‍ പോലും ഒന്നോടി വരാന്‍ ആരുമി്ല്ല.
എന്നും രാത്രി കിടക്കുമ്പോള്‍ കയ്യെത്താവുന്നത്ര അരുകില്‍ കരുതിയിരിക്കുന്ന മണ്‍കുടത്തിലെ അവരുടെ പ്രാണജലം ഞാന്‍ കണ്ടിട്ടുണ്ട്. കിടക്കക്ക് താഴെ ഒരോട്ടുക്കിണ്ണവും വെക്കാറുണ്ട്. അത് മൂത്രമൊഴിക്കാനുളളതാണ്.
ഞാന്‍ ഭയപ്പെട്ടതുപോലെ ഒരിക്കല്‍ ഘോരമായ ഇടിയും, മഴയുമുളള ഒരു രാത്രി തന്നെ അവര്‍ മരിച്ചു. കരുതിവെച്ചിരുന്ന കുടത്തിലെ വെളളം കുടിക്കാന്‍ അവര്‍ക്ക് യോഗമുണ്ടായില്ല. മരണവെപ്രാളത്തില്‍ കയ്യോ, കാലോ തട്ടി മണ്‍കുടമുടഞ്ഞു പോയിരുന്നു.
കണ്ണുകള്‍ തുറിച്ച്, വായടക്കാതെയാണത്രെ വിറങ്ങലിച്ചു കിടന്നിരുന്നത് എന്റെ മുത്തശ്ശി! ഗതി കിട്ടാത്ത പ്രേതത്തിന്റെ ഉത്തമലക്ഷണം. മരണത്തിന്റെ നാളും, പൊരുളും നോക്കാനറിയുന്ന അമ്മമ്മ പറഞ്ഞു-" തൊണ്ണിയമ്മക്കിനി ജന്മമില്ല. ബലിയും, ശ്രാദ്ധവുമൂട്ടാന്‍ ആളില്ലാത്തതുകൊണ്ട് അവരുടെ ആത്മാവിന് മോക്ഷവും കിട്ടുകയില്ല."
വിധിനിയതങ്ങളുടെ സങ്കീര്‍ണ്ണതകളെ കുറിച്ച് ചിന്തിക്കാന്‍ മാത്രം എനിക്കപ്പോള്‍ ഉള്‍പ്രാപ്തിയുണ്ടായിരുന്നില്ല. ഞാനോര്‍ത്തത് മറ്റൊന്നായിരുന്നു-" അന്ന്...വെളളം കിട്ടാതെ എന്റെ മുത്തശ്ശി നരകിച്ച് മരിച്ച നശിച്ച രാത്രിയില്‍ വിരാഗിയായ ആ കരിമ്പൂച്ച എവിടെയായിരുന്നു!?"
Subscribe to:
Post Comments (Atom)
32 comments:
പ്രദീപ്പ്,
മനസ്സില്‍ കൊള്ളുന്ന സംഭവങ്ങള്‍ അടങ്ങുന്നതാണ്
താങ്കളുടെ എഴുത്ത്. അതാണ് അതിന്റെ മേന്മയും. ആശംസകള്‍.
ആശംസകള്‍....
റ എന്ന കോവിലന്റെ കിടിലൻ കഥയെ ഞാൻ പരാമർശിച്ച ബ്ലോഗിൽ വന്നു പോയ പ്രദീപിന്റെ പൊള്ളുന്ന അനുഭവത്തിൽ ഒരു റ മുത്തശ്ശി. ഇഷ്ടമായി എഴുത്ത്!
നന്നായിരിക്കുന്നു
കഥ ഇഷ്ടപ്പെട്ടു.
ആശംസകള്‍.
ഈ ഭാഗം മാത്രമേ വായിച്ചുള്ളൂ. ബാല്യത്തിന്റെ നിഷ്കളങ്കത പൂണ്ട ചിന്തകള്‍ എഴുതിയിരിക്കുന്നത് നന്നായിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ മുന്‍ ഭാഗങ്ങളും വായിക്കാം.
എന്റെ ബ്ലോഗിലെ കമന്റു വഴിയാ വരുന്നത്. ആ കമന്റിനുള്ള മറുപടി ആദ്യ പോസ്റ്റിലെ കമന്റിനിടയില്‍ തന്നെയുണ്ട്.
(താന്കള് അത്രയും പറയാനാണോ ഇത്ര ദൂരത്തു നിന്നും വന്നത് എന്ന് ചുമ്മാ ഒരു ആശ്ചര്യം!)
പാവം തൊണ്ണിയമ്മ..
അനുഭവകഥ നന്നായി എഴുതി .
Nannaayi!
ഏകാന്തവാസം വിധിക്കപ്പെട്ട ഒരുപാട് അമ്മൂമ്മമാര്‍ക്കു...
എനിക്ക് പുതിയ ചില കൂട്ടുകാരുണ്ടായിരിക്കുന്നു. ഏവര്‍ക്കും ഹൃദയംഗമമായ നന്ദി
നല്ല ഓര്‍മ്മകള്‍... നമുക്ക് ചുറ്റും ജീവിച്ചു മരിച്ച അത്ര പ്രാധാന്യമില്ലാത്ത എത്രയോ ആളുകളുണ്ട്. ആരുണ്ട് അവരെ ഓര്‍മ്മിക്കാന്‍ .... ഏകാന്തജീവിതം നയിച്ച തൊണ്ണിയമ്മയെ ഓര്‍ക്കാന്‍ കഴിഞ്ഞത് തന്നെ നല്ല മനസ്സിനെയാണ് കാണിക്കുന്നത്..............
പ്രായമായവരോട് മനസ്സില്‍ സൂക്ഷിക്കുന്ന ഈ അടുപ്പം നില നിര്‍ത്തുക.
ആശംസകള്‍..
Jeevanulla varikal...!
Manoharam, Ashamsakal...!!!
നന്നായി എഴുതി.
echumakutty-ഇത് മലയാളീകരിച്ചാല്‍ 'യച്ചുമക്കുട്ടി' എന്നല്ലേ .പേരിലും,ഫോട്ടോയിലും ഹ്യൂമറുണ്ട്. നല്ലത്
nice story.
കൊള്ളാം നന്നായിട്ടുന്റെ....
പൂച്ചക്ക് കാലനെ പെടിയായിരിക്കാം.. അതായിരിക്കാം... കാളന് വന്നപ്പോള്‍ പൂച്ച അവിടെനിന്നും പോയത്...
സ്നേഹപൂര്‍വ്വം...
ദീപ്
ആശംസകൾ
manoharavum , aazhathil sparshikkunnathumaaya ezhuthu..... aashamsakal...........
kollaam
Dear Pradeep,
ur diction is absolute fantastic....
keep it up.have a good future....
കഥ നന്നായിരിക്കുന്നു. വാക്കുകളുടെ പ്രയോഗം മനോഹരം.
കുറച്ചു കൂടി ഒഴുക്ക് ഉണ്ടാകാമെന്നു തോന്നി
എന്റെ ഗ്രാമത്തിലും തൊണ്ണിയമ്മമാരുണ്ടായിരുന്നു.
നല്ല എഴുത്ത്.
നന്നായി എഴുതി.
നല്ല എഴുത്ത്
ഹൃദയസ്പര്‍ശിയായ കഥ
ആശംസകള്‍..
nannaayirikkunu
വല്ലാത്ത ഒരു കഥ
തൊണ്ണിയമ്മ മനസ്സില്‍ ഒരു നീറ്റലായ് പടരുന്നു.. ഇത് പോലുള്ള എത്ര ജന്മങ്ങള് ഈ ഭൂമിയില്‍ ....
ഇപ്പഴാ കണ്ടത്. നന്നായിരിക്കുന്നു.
Post a Comment