Wednesday, April 27, 2011

തമ്പുരാട്ടി



കുട്ടപ്പന്‍ ആലോചിക്കുകയായിരുന്നു. പൊന്നും വിലകൊടുത്ത്‌ താന്‍ സ്വന്തമാക്കിയ ഈ തെങ്ങിന്‍ തോപ്പ്‌ പണ്ട്‌ കൗമാരത്തിലും, യൗവനത്തിലും തന്റെ സ്വപ്‌നഭൂമിയായിരുന്നു. അന്ന്‌ വലിയതമ്പുരാട്ടിയില്‍ നിന്നും ഈ മണ്ണ്‌ പാട്ടത്തിനെടുത്ത്‌ വാഴയും, കപ്പയും, കൂര്‍ക്കയുമൊക്കെ കൃഷിചെയ്യും. വിളവിന്റെ പാതി തമ്പുരാട്ടിക്ക്‌ അതായിരുന്നു വ്യവസ്ഥ.

കഠിനാദ്ധ്വാനത്തില്‍ അന്ന്‌ പൊട്ടിതിണര്‍ത്ത തഴമ്പിന്റെ ശേഷിപ്പ്‌ ഇന്നും തന്റെ കയ്യിലുണ്ട്‌. പിന്നെ മനസ്സില്‍ വൃണപ്പെട്ട ഒരു മോഹഭംഗവും.

കാലങ്ങളായ്‌ തന്റെ താവഴിക്കാര്‍ മുഴുവനും തമ്പുരാട്ടിയുടെ വീട്ടിലെ അടിയാളരായിരുന്നു അവര്‍ക്ക്‌ വിധേയരാവാന്‍ വിധിക്കപ്പെട്ടവര്‍.അച്ഛന്‍ തമ്പുരാട്ടിയുടെ തെങ്ങില്‍ നിന്ന്‌ വീണ്‌ തണ്ടെല്ല്‌ പൊട്ടി മരിക്കുമ്പോള്‍ തനിക്ക്‌ വയസ്സ്‌ പതിനെട്ട്‌ . തമ്പുരാട്ടി കയ്യയച്ച്‌ സഹായിച്ചിരുന്നു. പക്ഷേ അച്ഛനെ രക്ഷിക്കാനായില്ല. മരിക്കുന്നതിന്‌ മുമ്പ്‌ അച്ഛനൊന്നേ തമ്പുരാട്ടിയോട്‌ യാചിച്ചുള്ളൂ : "എന്റെ ചെക്കനെ രക്ഷിക്കണം. ഓന്‌ പണികൊടുക്കണം. "

തമ്പുരാട്ടിയുടെ സുന്ദരിയായ മകള്‍ ഭാഗീരഥി തന്റെ സമപ്രായക്കാരിയായിരുന്നു. അന്ന്‌ യൗവനത്തില്‍ അവര്‍ക്ക്‌ ക്രൂരമായൊരു ദൗര്‍ബല്യമുണ്ടായിരുന്നു. എല്ലാ പുരുഷന്‍മാരേയും കൊതിപ്പിക്കുക. ഭാഗീരഥി തമ്പുരാട്ടിയുടെ നടത്തത്തിലും, പെരുമാറ്റത്തിലും, സംസാരത്തിലുമെല്ലാം ഒരു 'കൊതിപ്പിക്കലു'ണ്ടായിരുന്നു . എല്ലാവരേയും കൊതിപ്പിച്ച്‌, കൊതിപ്പിച്ച്‌ തമ്പുരാട്ടി രസിച്ചു.

തറവാട്ട്‌ കുളത്തില്‍ ഭാഗീരഥീതമ്പുരാട്ടി നീരാടുമ്പോള്‍ തെങ്ങ്‌ കയറുന്ന തനിക്ക്‌ തമ്പുരാട്ടി അംഗലാവണ്യം പ്രദര്‍ശിപ്പിക്കും. ഇന്നോര്‍ക്കുമ്പോള്‍ മനസ്സിലാവുന്നു. തമ്പുരാട്ടി കനിഞ്ഞുതന്നിരുന്ന ആ ഊര്‍ജ്‌ജമായിരുന്നില്ലേ പരശ്ശതം തെങ്ങുകള്‍ ദിവസംകൊണ്ട്‌ കയറുവാന്‍ തന്നെ പ്രാപ്‌തനാക്കിയിരുന്നത്‌.

തമ്പരാട്ടിയുടെ പുടമുറികഴിഞ്ഞപ്പോള്‍ സുന്ദരനായ തമ്പുരാട്ടിയുടെ തമ്പുരാനോട്‌ തനിക്ക്‌ അസൂയയായിരുന്നു. തമ്പുരാട്ടിക്കുള്ളതിനേക്കാള്‍ ഭൂസ്വത്തിനുടമയായ തമ്പുരാന്‍ വല്ലപ്പോഴും 'സംബന്ധിക്കാ'ന്‍ മാത്രമേ അവിടേക്ക്‌ വന്നിരുന്നുള്ളൂ. തമ്പുരാന്‍ വരുന്ന ദിനങ്ങള്‍ തമ്പുരാട്ടിക്കറിയാം. അപ്പോള്‍ പുഴകടന്ന്‌ അകലെയുള്ള പട്ടണത്തില്‍ പോയി ഗര്‍ഭനിരോധനയുറകള്‍ വാങ്ങാന്‍ തന്നെ തമ്പുരാട്ടി അയക്കും. അതെ; അവിടേയും കൊതിപ്പിക്കലിന്റെ ഒരു ലാഞ്‌ജനയുണ്ടായിരുന്നു. ഒരിക്കല്‍ തറവാട്‌ കുളത്തില്‍ തമ്പുരാട്ടിയുടെ മേനീകടാക്ഷമാസ്വദിച്ച്‌ നില്‍ക്കുമ്പോള്‍ തമ്പുരാന്‍ തന്നെ കയ്യോടെ പിടിച്ചു. മുഖമടച്ച്‌ ആദ്യത്തെ അടിവീണപ്പോള്‍ അബോധത്തില്‍ പുറത്ത്‌ വന്ന വാക്കുകള്‍ "എന്റെ തമ്പുരാട്ടീ.... "

കലിച്ച തമ്പുരാന്‍ പുളിമരത്തില്‍ കെട്ടിയിട്ട്‌ തന്നെ തല്ലിച്ചതച്ചു. അന്ന്‌ രക്തവും,ശുക്ലവും താന്‍ ഒരേ സമയം വിസര്‍ജ്ജിച്ചു. വലിയ തമ്പുരാട്ടിയുടെ ശാപവചനങ്ങള്‍ - "പാല്‌തന്ന കൈയ്‌ക്കുതന്നെ കൊത്തിയല്ലോ നന്ദികെട്ട നായേ... "

മഴയുള്ള ആ രാത്രിമുഴുവന്‍ തമ്പുരാന്‍ തന്നെ പുളിമരത്തില്‍ കെട്ടിയിട്ടു. കുളിരുള്ള ആ രാത്രിയില്‍ ഗര്‍ഭനിരോധനയുറയില്ലാതെ അവര്‍ വന്യമായ്‌ രമിച്ചിരിക്കും.

പിറ്റേന്ന്‌ കയറൂരിവിട്ട്‌ വലിയ തമ്പുരാട്ടി പറഞ്ഞു-"ഈ വഴിക്കിനി കണ്ടുപോകരുത്‌. എവിടേക്കാച്ചാ പൊയ്‌ക്കോ ."

മടങ്ങുമ്പോള്‍ പടിപ്പുരയില്‍ നിന്ന്‌ ഒരിക്കല്‍ കൂടി താന്‍ പിന്തിരിഞ്ഞ്‌ നോക്കി. മട്ടുപ്പാവില്‍ ഭാഗീരഥി തമ്പുരാട്ടി. ഉണ്ട്‌, അപ്പോഴും അവരില്‍ ആ കോതിപ്പിക്കുന്ന ഭാവമുണ്ട്‌. രക്തത്തോടൊപ്പം പിന്നേയും.....!

ഇന്ന്‌,

ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ താന്‍ പഴയ അടിയാളന്‍ കുട്ടപ്പനല്ല. തനിക്കിന്ന്‌ പണമുണ്ട്‌, അധികാരമുണ്ട്‌, പ്രശസ്‌തിയുണ്ട്‌.

വലിയ തമ്പുരാട്ടിയും തമ്പുരാനും ഇന്നില്ല. കാലം മാറിയിരിക്കുന്നു. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ച.

ഭാഗീരഥി തമ്പുരാട്ടി ഇന്ന്‌ മൂന്ന്‌ പെണ്‍കുട്ടികളുടെ അമ്മയാണ്‌. പാടവും,പറമ്പും, തെങ്ങിന്‍തോപ്പുമെല്ലാം നഷ്ടമായിരിക്കുന്നു. ഇന്നിരിക്കുന്ന പഴയ വീടിന്റെ ആധാരം വെച്ച്‌ ലോണെടുത്താണ്‌ തമ്പുരാട്ടി അവസാനത്തെ പെണ്‍തരിയെ വിവാഹം കഴിപ്പിച്ചയച്ചത്‌.

വീടും,പറമ്പും ഏത്‌ നിമിഷവും ജപ്‌തിചെയ്‌ത്‌ പോയേക്കാവുന്ന അവസ്ഥ. അവരെ രക്ഷിക്കാന്‍ 'MLA കുട്ടപ്പ' നിന്ന്‌ നിഷ്‌പ്രയാസം കഴിയും. ശിക്ഷിക്കാനും.

കുട്ടപ്പന്‍ തമ്പുരാട്ടിയുടെ ദ്രവിച്ച പടിപ്പുരവാതില്‍ തുറന്ന്‌ അകത്തേക്ക്‌ കടന്നു. പഴയ പുളിമരം ഇന്നുമുണ്ട്‌. കുട്ടപ്പന്‍ പൂമുഖത്തെ ഓട്ടുമണിയുടെ ചരട്‌ വലിച്ചു. വാതില്‍ തുറക്കുന്നു. ഗൂഢമായൊരാനന്ദത്തോടെ കുട്ടപ്പനോര്‍ത്തു.

"ഭാഗീരഥി തമ്പുരാട്ടിയുടെ മുഖത്തിന്നും പഴയ ആ കൊതിപ്പിക്കലിന്റെ ഭാവമുണ്ടായിരിക്കുമോ ? ഉണ്ടാവും. ഉണ്ടാവട്ടെ, ഉണ്ടായില്ലെങ്കില്ലും...! "

11 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

പാവം തമ്പുരാട്ടി. എല്ലാം നഷ്ടപ്പെട്ട തമ്പുരാട്ടിക്ക് ഇനി എന്ത് നഷ്ടപ്പെടാന്‍? ഉള്ളത് പണ്ടത്തെ തെങ്ങുകേറ്റക്കാരന് കൊടുത്താല്‍ ഒരു തേങ്ങയും പോകില്ല! എന്നാല്‍ കിട്ടാനുണ്ടുതാനും.

Anonymous said...
This comment has been removed by the author.
ചെറുത്* said...

തമ്പുരാട്ടി അന്ന് അടിച്ചിറക്കിയ കാരണം തെങ്ങുകേറ്റക്കാരന്‍ കുട്ടപ്പന്‍ എം എല്‍ എ ആയി. ഇല്ലെങ്കില്‍ തണ്ടിലൊടിഞ്ഞ് മൂലക്കിരുന്നേനേം. വന്ന വഴി മറക്കല്ല് കുട്ടപ്പാ മറക്കല്ല്.

പഴയൊരു കഥ. അത് നന്നായി പറഞ്ഞുപോയി. ഇന്നത്തെ കഥപറച്ചിലുകളില്‍ നിന്നകന്ന് ഇപ്പഴും പഴേ ലൈനില്‍ തന്നെ. കഥ മാത്രല്ല, ബ്ലോഗിന്‍‌റെ കെട്ടും മട്ടുമെല്ലാം പഴേ ലൈന്‍ തന്നെ. ഒന്ന് പുതുക്കി എടുക്ക് പ്രദീപേ. എന്നിട്ടിങ്ങ് വെളിച്ചത്തോട്ട് പോര്. :)

Muralee Mukundan , ബിലാത്തിപട്ടണം said...

തമ്പുരാട്ടി കാരണം ഒരു കുട്ടപ്പചരിതം ഉണ്ടായ്യില്ലേ..
നന്നായിട്ടുണ്ട്.കേട്ടൊ പ്രദീപ്

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi paranju...... aashamsakal........

Prabhan Krishnan said...

...’ഇപ്പോള്‍ താന്‍ പഴയ അടിയാളന്‍ കുട്ടപ്പനല്ല. തനിക്കിന്ന്‌ പണമുണ്ട്‌, അധികാരമുണ്ട്‌, പ്രശസ്‌തിയുണ്ട്‌...’പിന്നെ മുഖത്ത് പഴയ തമ്പുരാട്ടിയെ കൊതിപ്പിക്കാന്‍ പോന്ന ആ ഭാവവും...!!!
തമ്പുരാട്ടി വാതില്‍ തുറക്കട്ടെ..
കാണട്ടെ കുട്ടപ്പനെ...ഹും..!
കുട്ടപ്പനാരാമോന്‍....!!

കുട്ടപ്പചരിതം നന്നായ് പറഞ്ഞു.
ആശംസകള്‍..!!

Pradeep Narayanan Nair said...

പഴയ കഥയെ നന്നായി അവതരിപ്പിച്ചിരിക്കുന്നു !..

Lipi Ranju said...

മുന്‍പ് ഞാന്‍ ഇത് വായിച്ചതാണ്. അന്ന് ഇട്ട കമന്റ്‌ ഇപ്പൊ കാണുന്നില്ല !! അതെന്തുപറ്റി ? കഥ കൊള്ളാം, നന്നായി പറഞ്ഞു.

ajith said...

കുറെ നാള്‍ മുമ്പ് നഷ്ടബാല്യം തുടര്‍ച്ചയായി വായിച്ചുവന്നതായിരുന്നു. പിന്നെ ഈബ്ലോഗ് ഫോളോ ചെയ്യാനുള്ള ഓപ്ഷനില്ലാത്തതുകാരണം കണക്ഷന്‍ വിട്ടുപോയി. ഫോളോവര്‍ ഗാഡ്ജറ്റ് ഒന്ന് തുറന്നാലെന്താ?

Unknown said...

എല്ലാം ഒരു നിമിത്തമാണ് നല്ല കഥ

Unknown said...

എല്ലാം ഒരു നിമിത്തമാണ് നല്ല കഥ