Important posts
Thursday, January 27, 2011
നീരാളി
ആശുപത്രിയില്‍ രോഗികളുടെയും, സന്ദര്‍ശകരുടെയും കോലാഹലങ്ങളില്‍ നിന്നും, ചുടുനിശ്വാസങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടലിന്റെ വെമ്പലോടെ കോറിഡോറില്‍ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടയിലാണ് 'നിങ്ങള്‍ സൈമണ്‍പീറ്ററല്ലേ ' എന്നൊരു ചോദ്യത്തോടെ ഒരു നഴ്‌സ് എന്റെ അരുകിലേക്ക് വന്നത്.
"അതെ." ഞാന്‍ മറുപടി പറഞ്ഞു.
അവര്‍ കൈയ്യിലുണ്ടായിരുന്ന കവര്‍ എന്റെ നേരെ നീട്ടി.
"ഇത് നിങ്ങള്‍ക്കുള്ളതാണ്" എന്ന് മാത്രം പറഞ്ഞ് മറ്റൊന്നും ചോദിക്കാനിടം തരാതെ ആശുപത്രിയുടെ ആന്തരികാന്തരീക്ഷത്തിലേക്ക് ലയിച്ചു. "ഇതാരുടേതാണ്" എന്ന ചോദ്യം ഒരു വിഡ്‌ഢിയെപ്പോലെ ഞാന്‍ സ്വയം ചോദിച്ചു.
നാലാക്കി മടക്കിയ ഒരു ഫുള്‍സ്‌ക്കോപ്പ് പേജായിരുന്നു അത്. അതിന് പുറത്ത് 'സൈമണ്‍പീറ്റര്‍ക്ക് ' എന്ന് പ്രത്യേകമെഴുതിയിരുന്നു. ഉള്ളടക്കം അവിടെ നിന്നും വായിക്കുകയുണ്ടായില്ല. എന്തോ ഒരസ്വാരസ്യം, ആകാംക്ഷ അതെനിക്ക് സമ്മാനിച്ചുവെന്നുറപ്പായി. താഴെ നിലയിലെ വിസിറ്റേഴ്‌സ് ഹാളിലെ ഒരൊഴിഞ്ഞ മൂലയിലിരുന്ന് ഞാന്‍ അക്ഷരങ്ങളാവാഹിച്ചു.
സംബോധനയോ, പരിചയപ്പെടുത്തലോ ഇല്ല. ചുവന്ന മഷിയില്‍ രണ്ടേരണ്ട് വരികള്‍- "ഞാന്‍ നിങ്ങളുടെ ഒരു പൂര്‍വ്വകാല സുഹൃത്താണ്. സമയമനുവദിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ വന്ന് കാണുക. ആറാം നില റൂംനമ്പര്‍ 247 ."
വിവക്ഷയോ, സൂചനകളോ ഒന്നുമില്ല. ലളിതമായ രണ്ടുവരികള്‍. എങ്കിലും അസാധാരണമായ ഒരു ഗുപ്‌തത വരികള്‍ക്കുള്ളിലെവിടെയോ ഉള്ളതുപോലെ.
ആറാം നിലയില്‍ കാത്തിരിക്കുന്ന ഈ സുഹൃത്ത് ഡോക്ടറോ, നഴ്‌സോ അതോ രോഗിയോ! ആരായിരിക്കും? സുഹൃത്തുക്കള്‍ തനിക്ക് പണ്ടേ കുറവാണല്ലോ. എന്തായിരിക്കും ഈ കുറിപ്പിന് പിന്നിലെ ചേതോവികാരം. താനിവിടെയുണ്ടെന്ന് എങ്ങനെയറിഞ്ഞു. ഒരു ബന്ധം പുതുക്കലാണോ ഇത്. അതും ഇവിടെവച്ച്.
ആശുപത്രിയും, അവിടത്തെ മരുന്നിന്റെയും, രോഗത്തിന്റെയും മണമുള്ള അന്തരീക്ഷവും എനിക്കസഹ്യമാണ്. അത് വേണ്ടാത്ത പലതും ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ രോഗിയല്ലാത്ത ഒരാള്‍ ചിലപ്പോഴൊക്കെ ആശുപത്രിയില്‍ വരണമെന്ന പക്ഷക്കാരനുമാണ് ഞാന്‍. അയാള്‍ രോഗം കാണണം, രോഗാവസ്ഥയറിയണം. എങ്കിലെ ജീവിതത്തിന്റെ അനിശ്‌ചിതത്വത്തേയും, അരക്ഷിതാവസ്ഥയേയും കുറിച്ചയാള്‍ ബോധ്യപ്പെടൂ. അതയാളില്‍ മാനവികതയും, ദൈവഭയവും വളര്‍ത്തിയേക്കും. അപ്പോഴയാളില്‍ നിശബ്ദമായൊരു പ്രാര്‍തഥനയുണരും-"എന്നോട് കനിവ് കാട്ടിയല്ലോ"
എന്തായാലും അജ്ഞാതനായ ഈ സുഹൃത്തിനെ ചെന്ന് കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. രണ്ടാം നിലയിലെ യൂറോളജിഡിവിഷനില്‍ ഭാര്യാസഹോദരനുണ്ട്. അദ്ദേഹത്തെ കൂട്ടണോ എന്നാലോചിച്ചു. പെട്ടന്ന് തന്നെ അതിന്റെ മറുപുറവും ചിന്തിച്ചു- "എന്റെ പഴയകാലസുഹൃത്തിനെ കാണാനെന്തിന് മറ്റൊരാളുടെ തുണ "
ആറാം നിലയിലേക്ക് ലിഫ്‌റ്റിലുയരവെ സംശയിച്ചു. ഒരു പക്ഷേ അജ്ഞാത സുഹൃത്തിന് തെറ്റ് പറ്റിയതാവാം. അയാളുദ്ദേശിക്കുന്ന സൈമണ്‍ വേറെയാരെങ്കിലുമാകും.
ആറാം നിലയില്‍ തീരെ തിരക്കില്ലായിരുന്നു. എന്തോ പേടിപ്പെടുത്തുന്ന നിശബ്ദത അവിടെ വ്യാപിച്ചിരുന്നു. ആശുപത്രി പരിസരം വിട്ട് വേറെയേതോ ലോകത്തെത്തിയതുപോലെ. റൂം നമ്പര്‍ കണ്ടുപിടിച്ചു. ഒരു നിരയിലെ അവസാനത്തെ മുറിയായിരുന്നു അത്. സമീപമുറികളിലൊന്നിലും ആരും തന്നെയുണ്ടായിരുന്നില്ല. ഹാളിലെ പുറത്തേക്കുള്ള ജനാലയിലൂടെ അപ്പുറത്ത് പുതുതായി പണിയുന്ന കെട്ടിടത്തില്‍ പില്ലറുകള്‍ വാര്‍ക്കുന്ന കോണ്‍ക്രീറ്റ് തൊഴിലാളികളെ കാണാം.
247 നമ്പര്‍ മുറിയുടെ വാതിലില്‍ ഞാന്‍ മുട്ടി. കറുത്ത്, തടിച്ച ഒരു യുവാവാണ് വാതില്‍ തുറന്നത്. അകത്തേക്ക് കടക്കാതെ വരാന്തയില്‍ നിന്ന് തന്നെ ചോദിച്ചു."നിങ്ങളാണോ എനിക്കീ കുറിപ്പ് കൊടുത്തയച്ചത്?"
"അദ്ദേഹമാണ്." യുവാവ് ബെഡ്ഡിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഞാന്‍ ഉള്ളിലേക്ക് കടന്നു. ബെഡ്ഡില്‍ ആകെ വിളറിമെലിഞ്ഞിരിക്കുന്ന എല്ലും തോലുമായ ഒരു രൂപം. ഇടക്കിടെ ചുമക്കുന്നു. വായില്‍ വെളുത്ത പൂപ്പല്‍ നിറഞ്ഞിരിക്കുന്നു, കൊഴുത്ത ഉമിനീര്‍ പുറത്തേക്കൊലിക്കുന്നുണ്ട്‌്‌്. വെറുപ്പും, ഭയവും തോന്നിക്കുന്ന രൂപം. കൈതണ്ടയില്‍ ഡ്രിപ്പ്‌നീഡില്‍ കുത്തിയ ഭാഗത്ത് ബാന്‍ഡേജില്‍ ശുഷ്‌ക്കരക്തം പൊടിഞ്ഞിരിക്കുന്നു. ആ രൂപം അരികിലുള്ള കസേര ചുണ്ടിക്കൊണ്ട് ആയാസപ്പെട്ട് പറഞ്ഞു: "ഇരിക്കൂ." പിന്നെ കൂടെയുള്ള യുവാവിനോടയാള്‍ പറഞ്ഞു: "എന്നാ നീ പുറത്ത് പോയിവാ."
രണ്ട് നിമിഷത്തെ നിശബ്ദതക്ക് ശേഷം സന്ദേഹിച്ച് നില്‍ക്കുന്ന എന്നോടയാള്‍ പറഞ്ഞു:"സംശയിക്കേണ്ട ഞാന്‍ തന്നെയാണ് നിങ്ങളുടെ പഴയകാല സുഹൃത്ത.്"
"പക്ഷേ ഞാന്‍ നിങ്ങളെയോര്‍ക്കുന്നേയില്ല. നിങ്ങള്‍ക്ക് ആള്‍ തെറ്റിയതാവും."
"എനിക്ക് തെറ്റിയിട്ടില്ല. നിങ്ങളെയെനിക്ക് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. പക്ഷേ നിങ്ങളിപ്പോഴും അന്ധാളിക്കുന്നു. ഓര്‍ക്കുന്നുവോ മദ്രാസിലെ വിഘ്‌നേശ്വരാ സ്‌റ്റീല്‍ ഇന്‍ഡസ്‌ട്രിയില്‍. അവിടെ ജോലിചെയ്‌തിരുന്ന കാലം...."
ഒന്ന് നിര്‍ത്തി കിതപ്പ് മാറ്റിക്കൊണ്ടയാള്‍ തുടര്‍ന്നു:
".... അവിടെ കമ്പനിക്കടുത്ത് നിങ്ങളടക്കം നാലുപേര്‍ ഒരു വീട് വാടകക്കെടുത്ത് താമസിച്ചിരുന്നു. ആ പേരുകളോര്‍ക്കുന്നില്ലേ?."
ഞാന്‍ പഴയകാലത്തേക്ക് ഊളിയിട്ടുകൊണ്ട് പറഞ്ഞു:
"ഉവ്വ്- ജെയിംസ്,രവിശങ്കര്‍, പാര്‍ത്ഥസാരഥി, പിന്നെ ഞാന്‍."
"ആ രവിശങ്കറാണ് ഞാന്‍."
ഞാനൊന്ന് ഞെട്ടി. ഇയാള്‍ രവിശങ്കറോ! പത്ത്‌പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സുഹൃത്തും, സഹപ്രവര്‍ത്തകനുമായ സുന്ദരനും, ആരോഗ്യദൃഢഗാത്രനുമായ രവിശങ്കറാണോ ഇത്. ഒരിക്കലുമല്ല! ഇയാള്‍.... ഈ രൂപം ഭ്രാന്ത് പറയുകയാണ്.തീര്‍ച്ച!
പക്ഷേ അടുത്ത നിമിഷങ്ങളില്‍ തന്നെ എന്റെ ചിന്തകള്‍ അസ്ഥാനത്താണെന്ന് എനിക്ക് ഏതാണ്ട് ബോധ്യമായി. രവിശങ്കറിന് വെള്ളാരം കണ്ണുണ്ട്, പിന്നെ മൂക്കിന് സമാന്തരമായൊരു മറുകുണ്ട്, അതുരണ്ടും ഇയാള്‍ക്കുമുണ്ട്.
ഇയാളുടെ ശുഷ്‌കിച്ച എല്ലുകള്‍ തെളിഞ്ഞ മുഖത്ത് ആ മറുക് മാത്രം കരിഞ്ഞ റോസാച്ചെടിയില്‍ പൂത്ത പുഷ്‌പം പോലെ വേറിട്ട് നില്‍ക്കുന്നു.
അല്ലെങ്കില്‍ താനെന്തിന് തര്‍ക്കിക്കുന്നു. പഴയ രവിശങ്കറാണെന്ന് തെറ്റിദ്‌ധരിപ്പിച്ച് ഇയാള്‍ എന്ത് നേടാനാണ്. ഇയാളെന്റെ പഴയകാല സുഹൃത്ത് രവിശങ്കര്‍ തന്നെ. അടുത്ത നിമിഷം കൈവന്ന പുതിയൊരു സ്വാതന്ത്ര്യത്തോടെയും, അനുതാപത്തോടെയും ഞാന്‍ പറഞ്ഞു-"എനിക്ക് നിന്നെ മനസ്സിലായില്ല രവിശങ്കര്‍. നിനക്കെന്ത് പറ്റി?.എന്താണ് നിന്റെ അസുഖം. അന്ന് വിഘ്‌നേശ്വരാ കമ്പനിയില്‍ നിന്ന് പോന്നതിന് ശേഷം ഒരിക്കല്‍പോലും നമ്മള്‍ കണ്ടിട്ടില്ലല്ലോ. അന്ന് നീ ആരോടും പറയാതെ ഒരു തിരോധാനം പോലെയാണല്ലോ അപ്രത്യക്ഷമായത്."
മുമ്പ് സംസാരിച്ചതിന്റെ കിതപ്പ്‌്‌്‌്‌് വിശങ്കറില്‍ നിന്നു പൂര്‍ണ്ണമായും വിട്ട് മാറിയിരുന്നില്ല. എങ്കിലും അയാള്‍ വൈഷമ്യത്തോടെ പറയാന്‍ ശ്രമിച്ചു-"വിഘ്‌നേശ്വരാ കമ്പനിയില്‍ നിന്ന് പോന്നതിന് ശേഷം ഞാനൊരിടത്തും സ്ഥിരമായി നിന്നിട്ടില്ല. ഞാന്‍ തേടുകയായിരുന്നു....."
"നിന്റെ ഭാര്യാ, കുട്ടികള്‍...?"
"ഞാന്‍ വിവാഹം കഴിച്ചിട്ടില്ല."
"നിന്റെ അസുഖത്തെ കുറിച്ച് പറയൂ? "
പക്ഷേ രവിശങ്കര്‍ പിന്നീടൊന്നും സംസാരിക്കുകയുണ്ടായില്ല. അയാള്‍ നെഞ്ചില്‍ രൂപം കൊണ്ട കഫക്കട്ടകളെ അതിജീവിച്ച് ശ്വാസം കഴിക്കാന്‍ പ്രയാസപ്പെട്ടു. കിടക്കാനും, ഇരിക്കാനും പറ്റാത്ത അവസ്ഥ, മുറിയില്‍ ശ്വാസദുര്‍ഗന്ധം.
രവിശങ്കറിന്റെ മൗനം എന്നെയും മൂകനാക്കി. പക്ഷേ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടായിരുന്നു. ചില കാര്യങ്ങള്‍ പറയാനുമുണ്ടായിരുന്നു. രവിശങ്കര്‍ ശാന്തമാവാന്‍ വേണ്ടി ഞാന്‍ കാത്തു. പക്ഷേ പതിയെപ്പതിയെ രവിശങ്കര്‍ ഒരു മയക്കത്തിലേക്ക് ആഴ്‌ന്നു പോകുകയാണ് ചെയ്‌തത്.
തന്നെ കണ്ടതുകൊണ്ടാണ് രവിശങ്കറുടെ കൂടെയുണ്ടായിരുന്ന സഹായി പുറത്തേക്ക് പോയത്. അതുകൊണ്ട് തനിച്ചാക്കി പോകാനും വയ്യ. അങ്ങനെ കാത്തിരിക്കവെ മുമ്പ് കണ്ട യുവാവ് കുറേ സാധനങ്ങളും ചില ആനുകാലികപ്രസിദ്ധീകരണങ്ങളുമായി തിരിച്ച് വന്നു. "നിങ്ങള്‍ പോയില്ല അല്ലേ" എന്നൊരു നീരസഭാവത്തോടെ സാധനങ്ങള്‍ അവിടെ വച്ച് ധൃതിയില്‍ പുസ്‌തകങ്ങളെടുത്ത് മറിച്ചു തുടങ്ങി. ആ മുറിയില്‍ മറ്റിരിപ്പിടങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. അയാള്‍ ഞാനിരിക്കുന്ന കസേരക്ക് വേണ്ടിയാണ് അക്ഷമനാകുന്നതെന്ന് തോന്നിയപ്പോള്‍ എഴുന്നേറ്റു.
രവിശങ്കറിനോട് മാത്രമായി പറഞ്ഞു-"ഞാന്‍ പോകുന്നു. എന്റെ ഭാര്യാപിതാവിനൊരു സര്‍ജറിയുണ്ടായിരുന്നു. രണ്ട് ദിവസം കൂടി ഞാനിവിടെയുണ്ടാകും നാളെ വരാം."
മടങ്ങുമ്പോള്‍ മനസ്സ് നിറയെ രവിശങ്കറായിരുന്നു. പുതിയ രവിശങ്കര്‍! അയാളൊരു ദുരന്തനായകനായി മനസ്സില്‍ കല്ലിച്ച് കിടക്കുന്നു. പണ്ടയാളോട് ആരാധനയായിരുന്നു. വിവിധഭാഷകളില്‍ നല്ല അവഗാഹമുണ്ടായിരുന്നു അയാള്‍ക്ക്. അന്ന് തന്നെയും ജെയിംസിനേയും ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ചത് രവിശങ്കറാണ്. ഒരു പക്ഷേ അയാള്‍ക്ക് മാരകമായ എന്തെങ്കിലും രോഗമായിരിക്കാം. വിഘ്‌നേശ്വരാ കമ്പനിയില്‍ നിന്ന് രവിശങ്കര്‍ പോയതിന് ശേഷം താനും അധികകാലം അവിടെ ജോലിചെയ്‌തിട്ടില്ല.
പഴയ സഹപ്രവര്‍ത്തകരുമായ് കത്തെഴുതിയോ, ഫോണ്‍ചെയ്‌തോ ബന്ധം പുതുക്കുന്ന സ്വഭാവം തനിക്കുണ്ടായിരുന്നില്ല. പുതിയ ജോലിസ്ഥലങ്ങലിലെല്ലാം സുഹൃത്തുക്കളുണ്ടായി. മറ്റൊരിടത്തെത്തുമ്പോള്‍ സൗകര്യാര്‍തഥം താനവരെ വിസ്‌മരിക്കുകയും ചെയ്‌തു. അല്ലെങ്കിലും തന്റെ മുഴുവന്‍ ശ്രദ്‌ധ കുടുംബജീവിതത്തിലായിരുന്നു. ഭാര്യയും, മക്കളും അതാണ് തന്റെ ലോകം. അതിന്നും അങ്ങനെതന്നെ. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇന്ത്യക്കകത്തുതന്നെയുള്ള പ്രവാസജീവിതത്തിനു ശേഷം നാട്ടില്‍ ഭാര്യയോടും, കുട്ടികളോടുമൊപ്പം സ്ഥിരമായി. ഒരു വിരസതയും ഇതുവരെ തോന്നിയിട്ടില്ല. ഇന്നും ഭാര്യയെ ആവേശത്തോടെയും, സംതൃപ്‌തിയോടെയും ദിവസേനെ പ്രാപിക്കുന്നു. വിവാഹം കഴിപ്പിച്ചയച്ച മക്കളെ ആഴ്‌ചയിലൊരിക്കല്‍ സന്ദര്‍ശിക്കുന്നു. പുറത്താരുമായും അനാവശ്യ കൂട്ടുകെട്ടുകളില്ല. പ്രവാസി ജീവിതം തന്ന പ്രാദേശികാപരിചിതത്വം ഒരു ശാപമായി ഇതുവരെ തോന്നിയിട്ടില്ല. വിരസതയുടെ നാളുകള്‍ ഈ ജന്മത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല. വായിച്ച് തീര്‍ക്കാന്‍ ഇനിയുമേറെ പുസ്‌തകങ്ങളുണ്ട്. കമ്പ്യൂട്ടറുണ്ട്, ഇന്റെറ്‌നെറ്റ് കണക്ഷനുണ്ട്. നാട്ടുകാരുടെയൊപ്പം ഭാര്യയും ചിലപ്പോള്‍ എന്നോട് പറയുന്നു- "നിങ്ങളൊരത്ഭുതമനുഷ്യനാണ്. "
സമയമേറെ കഴിയുമ്പോള്‍ രവിശങ്കറും എന്റെ മനസ്സില്‍ അത്ഭുത മനുഷ്യനായ് വളരുകയായിരുന്നു. അയാള്‍ക്ക് എന്തെങ്കിലും തന്നോട് പറയാനുണ്ടോ? അതോ എന്തെങ്കിലും സഹായമഭ്യര്‍ത്ഥിക്കാനുണ്ടോ? അങ്ങനെയാണെങ്കില്‍ തന്നാലാവുന്നത് ചെയ്യണം. എന്തായാലും നാളെ ഹോസ്‌പിറ്റലില്‍ പോകുമ്പോള്‍ അയാളെ പോയികാണാം.
അന്ന് രാത്രി രവിശങ്കറെ പലവട്ടം സ്വപ്‌നം കണ്ടു. രവിശങ്കര്‍ എന്തൊക്കെയോ സംസാരിക്കുന്നു. പിന്നാലെ ജെയിംസും, പാര്‍ത്ഥസാരഥിയും. പാതിരാത്രിയിലെപ്പോഴോ ഉണര്‍ന്നു. മനസ്സിന് വല്ലാത്തൊരു പിരിമുറുക്കം. പാര്‍ത്ഥസാരഥിയും, ജെയിംസും ഇപ്പോഴെവിടെയായിരിക്കും?. പഴയ ഡയറിയില്‍ അവരുടെ വിലാസമുണ്ടായിരിക്കും. ഒന്നെഴുതിയാലോ?. നാളെയാവട്ടെ.
പിറ്റേന്ന് വൈകിയാണ് എണീറ്റത്. ഭാര്യ രണ്ട് ദിവസമായി ഹോസ്‌പിറ്റലിലായതിനാല്‍ ഭക്ഷണമൊരുക്കലും, കഴിക്കലുമെല്ലാം തനിയെ. പത്ത് മണിക്കാണ് പ്രാതല്‍ കഴിച്ചത്. പിന്നെ നെറ്റില്‍ ആത്മീയതയെ കുറിച്ചുള്ള ചില ബ്ലോഗുകള്‍ വായിച്ചു. പുസ്‌്‌തകങ്ങളേക്കാള്‍ മാനസീകോര്‍ജ്ജം ചെലവഴിക്കേണ്ടിവരുന്നു ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പാരായണത്തിന്. ഒന്നുഷാറാവാന്‍ പുതിയ കുപ്പിയില്‍ നിന്നും ഒരു പെഗ്ഗ് വിസ്‌കി കഴിച്ചു. സിരകളുയരുന്നത്‌് ഇപ്പോള്‍ വ്യക്തമായനുഭവിച്ചറിയാം. ഉച്ചക്ക് ഊണ് കഴിച്ച് പതിവ്‌പോലെ മയങ്ങാന്‍ കിടന്നില്ല. ഭാര്യക്ക് മാറേണ്ട വസ്‌ത്രങ്ങളുമെടുത്ത്‌് ആശുപത്രിയിലേക്ക് ചെന്നു. ഡോക്ടര്‍ വന്ന് "ഇഞ്ചുറി ചെക്കപ്പ് " നടത്തിയെന്നും ഒരു പക്ഷേ നാളെത്തന്നെ ഡിസ്‌ചാര്‍ജായേക്കുമെന്നും ഭാര്യ പറഞ്ഞു. ഭാര്യാപിതാവിന്റെ മുഖത്ത് തെളിച്ചമുണ്ട്. അദ്ദേഹം നന്ദിപൂര്‍വ്വം മരുമകന്റെ ശുഷ്‌കാന്തിയെ കുറിച്ചോര്‍ക്കുകയാവും. കടമകഴിച്ച് അവിടെനിന്നിറങ്ങുമ്പോള്‍ മനസ്സ് നിറയെ ആറാം നിലയിലെ 247-ാം നമ്പര്‍ മുറിയായിരുന്നു. ലിഫ്‌റ്റ് കേടായതിനാല്‍ ആറാം നില വരെ കോണികയറേണ്ടി വന്നു. കിതപ്പോടെ മുറിക്ക് മുന്നിലെത്തിയപ്പോള്‍ അവിടെ തലേന്ന് കണ്ട യുവാവും തനിക്ക് കുറിപ്പ് തന്ന നഴ്‌സും മാത്രം.
"രവിശങ്കറെവിടെ? "
യുവാവാണ് മറുപടിപറഞ്ഞത്‌ി-്" അദ്ദേഹം മരണപ്പെട്ടു."
നടുക്കത്തോടെയാണ് ചോദിച്ചത്-"എപ്പോള്‍...?"
"ഇന്ന് രാവിലെ കൃത്യം പത്ത് മണിക്ക്. നിങ്ങള്‍ വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. ഇതാ ഈ കത്ത് നിങ്ങള്‍ക്ക് തരാന്‍ അദ്ദേഹം ഏല്‍പ്പിച്ചതാണ്. ഇന്നലെ രാത്രി മുഴുവനിരുന്ന് കഷ്ടപ്പെട്ടെഴുതിയതാണ്."
ലോങ്‌കവറില്‍ തന്റെ പേര് മാത്രമെഴുതി സ്‌റ്റാപ്പിള്‍ ചെയ്‌തിരിക്കുന്ന ഒരു കത്ത്. ഞാന്‍ സ്‌തബ്‌ന്ധനായി. വീണ്ടുമിതാ രവിശങ്കര്‍ അത്ഭുതം സഷ്ടിച്ചിരിക്കുന്നു. വീണ്ടും തിരോധാനം. ഞാന്‍ യുവാവിനോട് ചോദിച്ചു-
"എന്തായിരുന്നു രവിശങ്കറുടെ അസുഖം?"
"എല്ലാവിവരവും ആ കത്തിലുണ്ടായിരിക്കും. നിങ്ങള്‍ പോകൂ. ഞങ്ങള്‍ മുറി പൂട്ടുകയാണ്. "
"രവിശങ്കറുടെ ബോഡി?"
"ഒരു ചാരിറ്റബിള്‍ ട്രസ്‌റ്റാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുന്നത്."
അധികമൊന്നും ചോദിക്കാനാകാതെ പിന്തിരിഞ്ഞു. ഇല്ല; മനസ്സില്‍ നഷ്ടബോധമില്ല. പക്ഷേ....... രവിശങ്കറിന് എന്തൊക്കെയോ തന്നോട് പറയാനുണ്ടായിരുന്നു. അതാണീ കത്ത്. കാലങ്ങളായ് വായിക്കാന്‍ മോഹിച്ചിരുന്ന ഒരു പുസ്‌തകം കിട്ടിയ ത്വരയോടെ വീട്ടിലേക്ക് വന്നു. രാത്രിയായിരുന്നു. ആ കവര്‍ ഒരമൂല്യ ഗ്രന്ഥം പോലെ ബുക്ക് ഷെല്‍ഫില്‍ വെച്ചു. ആദ്യം വിശദമായൊന്ന് കുളിച്ചു. പിന്നെ ധൃതിയില്‍ ഭക്ഷണം കഴിച്ചു. റീഡിംഗ് റൂമില്‍ കയറി വാതിലടച്ച് പ്രവൃദ്ധമായ ആകാംക്ഷയോടെ കവര്‍ പൊട്ടിച്ചു. വൃത്തിയുള്ള കയ്യക്ഷരത്തിലെഴുതിയ നീണ്ട ഒരു കത്തായിരുന്നു അത.്
"സുഹൃത്തെ,
എന്റെ മരണത്തിന് ശേഷമാണ് നിങ്ങള്‍ ഈ കത്ത് വായിക്കുന്നത്. അതങ്ങനെയേ ആകാവൂ എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ മരണം നാല് ദിവസങ്ങള്‍ക്കകം സംഭവിക്കും എന്ന് ഡോക്ടര്‍ സൂചിപ്പിച്ചിരുന്നു. അതിന് രണ്ടാം നാളാണ് നമ്മള്‍ കാണുന്നത്. അന്നെനിക്ക് അധികമൊന്നും സംസാരിക്കാനായില്ല അഥവാ കഴിയുമെങ്കിലും ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് പറയുമായിരുന്നില്ല. ഈ കത്ത് അത്രക്ക് നിഗൂഢവും, ജീവിച്ചിരിക്കുമ്പോള്‍ എനിക്ക് വിലക്കപ്പെട്ടതുമാണ്. ആശുപത്രിയില്‍ വെച്ച് നിങ്ങള്‍ക്കെന്നോട് കുറെ കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. ഞാനെന്തിന് വിഘ്‌നേശ്വരാ കമ്പനിയില്‍ നിന്ന് അപ്രത്യക്ഷമായ്? ഇപ്പോള്‍ എന്റെയീ അവസ്ഥ,രോഗം? എല്ലാത്തിനും ഇതില്‍ ഉത്തരമുണ്ട്. കൂട്ടത്തില്‍ ഒരിക്കലും നിങ്ങള്‍ക്ക് ചിന്തിക്കാനാകാത്ത കുറേകാര്യങ്ങളും ഞാന്‍ വിഭാവനം ചെയ്യുന്നു. നമ്മളെന്തിന് രണ്ടാമതും കണ്ടുമുട്ടി! അതും എന്റെ മരണത്തിന് ഏതാനും സമയങ്ങള്‍ക്ക് മുമ്പ്. എല്ലാം നിയോഗമാണ്. എനിക്ക് നിങ്ങളിലൂടെ എന്റെ ജീവിത കഥ പറയണമായിരുന്നു. അത് കാലത്തിന്റെ അനിവാര്യമായ ആവശ്യം. നിങ്ങള്‍ക്കവിശ്വസനീയമായ് തോന്നാമെങ്കിലും ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്. മരണത്തിനപ്പുറത്ത് നിന്ന് ഒരാള്‍ കളവ് പറയുകയില്ലാ എന്നത് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ ഒര്‍ത്തുകൊള്ളുക, ഇതൊരിക്കലും മന:സാക്ഷിക്കുത്തിന്റെ കുമ്പസാരമല്ല. ഞാനിത് നിങ്ങളോട് പറഞ്ഞില്ലെങ്കിലും വേറൊരാള്‍ നിങ്ങളല്ലെങ്കില്‍ മറ്റൊരാളെ ഇത് കേള്‍പ്പിക്കുമായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ.
നിങ്ങളെ ഞാന്‍ എന്റെ ജീവിതത്തോട് ബന്ധിപ്പിക്കുമ്പോള്‍ മാറ്റി നിര്‍ത്താനാവാത്ത രണ്ടുപേരാണ് നമ്മുടെ പൂര്‍വ്വസുഹൃത്തുക്കളായ പാര്‍തഥസാരഥിയും, ജെയിംസും. രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ലാ എന്നതാണ് സത്യം. അഥവാ അവര്‍ രണ്ടുപേരും കൊലചെയ്യപ്പെട്ടു എന്ന് സ്‌പഷ്ടം.
വിഘ്‌നേശ്വരാ കമ്പനിയില്‍ നിങ്ങള്‍ ജോലിചെയ്‌തിരുന്ന കാലം. നിങ്ങള്‍ മൂന്ന് പേരും എന്നേക്കാള്‍ സീനിയറായിരുന്നു. മണിപ്പൂരില്‍ നിന്നാണ് ഞാനാ കമ്പനിയിലേക്കെത്തുന്നത്. നമ്മള്‍ നാലുപേരും പെട്ടന്ന് സുഹൃത്തുക്കളായി. ഞാന്‍ നിങ്ങളെ എന്നിലേക്ക്‌്‌്‌്‌്‌് ആകര്‍ഷിപ്പിക്കുകയായിരുന്നു. എനിക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ക്രമേണ നമ്മളൊരുമിച്ച് താമസമായി.
ഇനി ഞാന്‍ നിങ്ങളെ ഭയപ്പെടുത്തിയേക്കാവുന്ന ഒരു കാര്യം പറയട്ടെ; ജെയിംസിനേയും, പാര്‍ത്‌ഥസാരഥിയേയും കൊന്നത് ഞാനാണ്....!"
ഞാന്‍ കത്ത് വായിക്കുന്നത് നിര്‍ത്തി. മുഴുവേഗതയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ കാറ്റിലും വിയര്‍ത്ത് കുളിച്ചു. ഞാന്‍ ഭയചികതനായിരുന്നു. കഥാവശേഷനായ രവിശങ്കറിതാ എന്റെ മുന്നില്‍ വന്ന് സംഹാരനൃത്തമാടുന്നു. രവിശങ്കര്‍ അവരെ എന്തിന് കൊന്നു? ഞാന്‍ ജനാലയിലേക്ക് നോക്കി. പാതിതുറന്നിരുന്ന ജനാലയിലൂടെ പുറത്ത് രാത്രിയുടെ ഭീകരത. ഈ രാത്രിമാത്രം എനിക്കെങ്ങനെ ഭീകരമായി. ഞാന്‍ വിറക്കുന്ന കൈകളോടെ ജനാല്‍ കുറ്റിയിട്ടു., കഴുത്തിലെ മാലയിലെ കുരിശില്‍ മുത്തമിട്ടു.
കത്തിലെ പേജുകള്‍ പകുതിപോലുമായിരുന്നില്ല. എന്താണ് രവിശങ്കറിന് ഇനി പറയാനുള്ളത്! ബാക്കി.....!
".......കോഴിക്കോട്ടെ ഒരു ഗ്രാമത്തിലായിരുന്നു എന്റെ വീട്. എന്റെ അച്ഛന്‍ ഒരു മുഴുമദ്യപാനിയും, അസന്മാര്‍ഗ്ഗിയുമായിരുന്നു. അദ്ദേഹത്തിന് വേറെയും ഭാര്യമാരുണ്ടായിരുന്നു. എനിക്ക് മൂത്തത് രണ്ട് ജ്യേഷ്‌ഠത്തിമാര്‍. അമ്മ കൂലിപ്പണി ചെയ്‌താണ് ഞങ്ങളെ വളര്‍ത്തിയതും, എന്നെ പഠിപ്പിച്ചതും. സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഞാന്‍ പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഒന്നാം റാങ്കില്‍ പാസ്സായി. അപ്രന്റീസ് ട്രെയിനിംഗിന് ശേഷം കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ എനിക്ക് ജോലികിട്ടി. ജീവിതം അങ്ങനെ സുസ്ഥിരമായ് മുന്നോട്ട് പോവുകയായിരുന്നു. രണ്ട് ജ്യേഷ്‌ഠത്തിമാരേയും വിവാഹം കഴിപ്പിച്ചയപ്പിച്ചു. മുമ്പ് കൗമാരത്തില്‍ വിധിയെ പ്രാകിപറഞ്ഞുപോയ പൊയ്‌്‌വാക്കുകളെ കുറിച്ചോര്‍ത്ത് ഞാന്‍ പശ്ചാത്തപിച്ചിരുന്നു, ഞാന്‍ പ്രാര്‍തഥിച്ചിരുന്നു.
കാലാന്തരത്തില്‍ ആദ്യത്തേതിലും മെച്ചപ്പെട്ട ജോലി കിട്ടിയപ്പോള്‍ ഞാന്‍ മണിപ്പൂരിലേക്ക് പോയി. ഉയര്‍ന്ന ശമ്പളം, ഉയര്‍ന്ന ജീവിതനിലവാരം. രണ്ട് വര്‍ഷത്തോളം ഞാന്‍ മണിപ്പൂരില്‍ കഴിഞ്ഞു. അങ്ങനെയിരിക്കെ എനിക്കൊരു ടെലിഗ്രാം- അമ്മ രോഗിയായിരിക്കുന്നുവെന്നും അടിയന്തിരമായി ഓപ്പറേഷന്‍ വേണമെന്നും. ഞാനുടനെ നാട്ടിലെത്തി. അമ്മയുടെ ഓപ്പറേഷന് രക്തം കൊടുക്കാന്‍ "ബ്ലഡ് ചെക്കപ്പ് " നടത്തിയപ്പോഴാണ് പിന്നീട് എന്റെ ജീവിതഗതിയെ ആകെ മാറ്റിയ ആ മഹാസംഭവം ഞാനറിയുന്നത്. ഞാന്‍ എച്ച്. ഐ. വി പോസറ്റീവാണെന്ന നഗ്നസത്യം.
ബോധമണ്ഡലത്തിലാകെ ഇരുട്ട് പരക്കുന്നത് പോലെയാണെനിക്ക് തോന്നിയത്. മഹാന്ധകാരത്തില്‍ പകച്ച ഞാന്‍ ആശുപത്രിയില്‍ കുഴഞ്ഞ് വീണു. ഒറ്റദിവസം കൊണ്ടിതാ എന്റെ ജീവിതമാകെ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. പക്ഷേ എങ്ങനെയെനിക്ക് രോഗം വന്നു! അന്ന് എയ്‌ഡ്‌സിനെ കുറിച്ചുള്ള പ്രാഥമിക അറിവെനിക്കുണ്ടായിരുന്നു. പ്രധാനമായും ലൈംഗിക അരാജകത്വത്തിലൂടെ പിടിപെടുന്ന ഒരു രോഗം. പക്ഷേ ഞാന്‍ ആരെങ്കിലുമായ് ശാരീരികബന്ധം പുലര്‍ത്തുകയോ, അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്‌തിരുന്നില്ല. എന്നിട്ടും മറ്റേതോ വഴിയിലൂടെ എനിക്ക് രോഗം വന്നു. അതിനിടക്ക് എന്റെ എല്ലാമെല്ലാമായ അമ്മയും മരിച്ചു.
ഞാന്‍ കുറേയേറെ ചിന്തിച്ചു. ഈ നൃശംസത, നിര്‍മമത എന്തിനെന്നോട്? ഇത്രയും കഠോരമായ വിധി ഏറ്റ് വാങ്ങാന്‍ മാത്രം ഞാനെന്ത് തെറ്റ് ചെയ്‌തു. എന്റെ പക ആരോടായിരുന്നു? എന്നെ ക്രൂരമായ് വേട്ടയാടുന്ന വിധിയോടോ?. അതിന് മുന്‍ജന്മപാപത്തിന്റെ കടംങ്കഥയോതുന്ന ദൈവതത്വചിന്തയോടോ? രണ്ടിനോടും അല്ലെങ്കില്‍ എല്ലാത്തിനോടും.
ആരോഗ്യവാനായ ഒരു എയ്‌ഡ്‌സ് അണുവാഹകന് ആന്റിറിട്രോവൈറല്‍ തെറാപ്പിയിലൂടെ വേണമെങ്കില്‍ പത്തോ, പതിനഞ്ചോ കൊല്ലം വരെ സാധാരണജീവിതം നയിക്കാനാകും. അങ്ങനെയാണെങ്കില്‍ ....! എന്നിലെ ക്രിമിനലിസമുണര്‍ന്നു. എയ്‌ഡ്‌സിന്റെ അവസാന ഘട്ടത്തിലെത്തുന്നത് വരെ കഴിയുന്നത്ര ആളുകള്‍ക്ക് ഈ രോഗം വിതക്കുക. അങ്ങനെ എല്ലാവരും എനിക്ക് സമശീര്‍ഷരാവട്ടെ. അങ്ങനെയാകട്ടെ പ്രകൃതിയോടുള്ള എന്റെ പ്രതികാരം. ഞാന്‍ തീരുമാനിച്ചു.
എന്റെ ആദ്യത്തെ ഇര പാര്‍ത്ഥസാരഥിയായിരുന്നു. അയാളൊരു സ്വവര്‍ഗ്ഗസ്‌നേഹിയായതിനാല്‍ രോഗം വിതക്കാനെളുപ്പമായിരുന്നു. ജെയിംസിനെ രാത്രിയുറങ്ങുമ്പോള്‍ മുറിവുണ്ടാക്കിയാണ് ഞാന്‍ രോഗം കൊടുത്തത്. പാര്‍ത്‌ഥസാരഥി പിന്നീട് രോഗവിവരമറിഞ്ഞ് ആത്മഹത്യ ചെയ്‌തു. ഞാന്‍ മാര്‍ക്ക് ചെയ്‌ത് വെച്ചിരുന്ന എന്റെ മൂന്നാമത്തെ ഇര നിങ്ങളായിരുന്നു. നിങ്ങള്‍ക്ക് രോഗം വരുത്താനുള്ള എല്ലാകാര്യങ്ങളും ഞാന്‍ ചെയ്‌തുവെച്ചിരുന്നു. പക്ഷേ അവസാനനിമിഷം എനിക്ക് പിന്‍മാറേണ്ടിവന്നു.
ഇന്ന് മലയാളികളില്‍ ആയിരത്തിലൊരാള്‍ അണുവാഹകനാണ്. എച്ച്. ഐ. വി ബാധിതരായ ഞങ്ങള്‍ക്കിന്ന് രഹസ്യമായ് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുണ്ട്, ക്ലബ്ബുകളുണ്ട്, ആശുപത്രികളുണ്ട്. ഞങ്ങള്‍ പുതിയൊരു മതം രൂപപ്പെടുത്തി വരുന്നു. കഴിയുന്നത്ര ആളുകള്‍ക്ക് രോഗം വിതച്ച് ഞങ്ങളുടെ സാമൂഹവ്യാപ്‌തി കൂട്ടുന്നു. ഞങ്ങള്‍ പരസ്‌പരം വഞ്ചിക്കാറില്ല. ഞങ്ങള്‍ക്കൊരു ഗ്രന്ഥമുണ്ട്. മരണം വരെ എല്ലാവിധ സുഖലോലുപതയോടും, ആഡംബരത്തോടേയും ഞങ്ങള്‍ ജീവിക്കുന്നു. നാളത്തെ മതം ഞങ്ങളുടേതായിരിക്കും. ഞങ്ങള്‍ക്കിടയില്‍ ഡോക്ടര്‍മാരുണ്ട്, നിയമപാലകരുണ്ട്, ലോകം ആദരിക്കുന്ന കലാകാരന്‍മാരുണ്ട്, അദ്ധ്യാപകരുണ്ട്. നിങ്ങള്‍ക്കറിയാമോ ആശുപത്രിയില്‍ എന്നെ ശുശ്രൂഷിച്ച പ്യാരിലാല്‍ എന്ന യുവാവും, നിങ്ങള്‍ക്ക് കുറിപ്പ് തന്ന നഴ്‌സും എച്ച്. ഐ. വി ബാധിതരാണ്.
മദ്രാസില്‍ താമസിക്കവെ എന്റെ ശരീരത്തില്‍ ലസികമുഴകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ഞാന്‍ കേരളത്തിലേക്ക് പലായനം ചെയ്‌തു. പിന്നീട് ഈ ജീവിതചക്രത്തിനിടയില്‍ പരശ്ശതം മനുഷ്യരെ ഞാന്‍ രോഗികളാക്കി. ഭരണകൂടത്തിന് ഞങ്ങളെയിനി ഒന്നും ചെയ്യാനാവില്ല.
എന്നില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരു ഇര നിങ്ങളായിരുന്നു. നിങ്ങളെ ഞാന്‍ വെറുതേ വിട്ടത് എന്തുകൊണ്ടാണെന്ന് അറിയേണ്ടേ? നിങ്ങള്‍ക്ക് രോഗം വിതക്കാന്‍ ഉദ്ദേശിച്ച രാത്രിയില്‍ അബദ്ധത്തില്‍ നിങ്ങളുടെ പുസ്‌തക ഷെല്‍ഫില്‍ നിന്നും കിട്ടിയ ഒരു കത്തായിരുന്നു എന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്. നിങ്ങളുടെ മകള്‍ നിങ്ങള്‍ക്കയച്ച ഒരു കത്ത്. അതിലെ വരികള്‍! ഒരച്ഛന് മകളയച്ച ഹൃദ്യമായൊരു സ്‌നേഹസാഗരം. ഒരച്ഛനും മകളുമായുള്ള പരിശുദ്ധ ബന്ധത്തിന്റെ സാക്ഷിപത്രം- സ്‌നേഹവിഭൂതിദായകം. ബാല്യത്തില്‍ എനിക്ക് നഷ്ടപ്പെട്ടതെന്തോ അത്.
കൂടുതലൊന്നും എഴുതുന്നില്ല. ഞങ്ങളുടെ മതം പുതിയ ആളുകളെ തേടിക്കൊണ്ടിരിക്കുന്നു. കത്ത് ചുരുക്കുന്നു. കാലം അതിന്റെ വിക്രിയകള്‍ തുടരട്ടെ. ആകാശദീപങ്ങള്‍ അതിന് സാക്ഷിയാവട്ടെ. ഇത്രമാത്രം.
എന്ന്,
പരേതന്‍."
വായന നിര്‍ത്തി ഞാന്‍ കിതച്ചു. എനിക്ക് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ മുറിതുറന്ന് വെള്ളമെടുത്ത് കുടിക്കാന്‍ ഭയം. ഇപ്പോള്‍ ഭാര്യയുടെ സാമിപ്യം തീഷ്‌ണമായ് കൊതിച്ചുപോകുന്നു. എന്തൊക്കെയാണ് രവിശങ്കര്‍ പറഞ്ഞത്! എല്ലാം പൂര്‍ണ്ണ സത്യങ്ങള്‍!! ഈ ലോകം ഇത്രമാത്രം അരക്ഷിതമായ് കഴിഞ്ഞോ. തലനാരിഴക്ക് വേട്ടക്കാരനില്‍ നിന്ന്‌് രക്ഷപ്പെട്ട ഇരയായിരുന്നു ഞാന്‍. എന്നെ രക്ഷിച്ചത് എന്റെ മകള്‍!
ഞാന്‍ റീഡിംഗ് ലാമ്പണച്ച് ബെഡ്ഡിലേക്ക് കിടന്ന് വര്‍ദ്ധിച്ച ഹൃദയതാളത്തോടെ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കയറി. ഞാനോര്‍ക്കാന്‍ ശ്രമിച്ചു. എന്തായിരുന്നു അന്ന് അകാലത്തില്‍ വിട്ടുപിരിഞ്ഞ എന്റെ പൊന്നുമോള്‍ എഴുതിയ ആ കത്തില്‍....? എന്തായിരുന്നു!
.
Subscribe to:
Posts (Atom)