Thursday, August 26, 2010

നഷ്ടബാല്യം-12


ചുവന്ന സന്ധ്യകള്‍

വെക്കേഷന്‌ സ്‌ക്കൂള്‍ പൂട്ടുമ്പോള്‍ കുറച്ച്‌ ദിവസം ഞങ്ങള്‍ കുടുംബസമേതം അച്ഛന്‍ വീട്ടില്‍ പോയിനില്‍ക്കും. അവിടെ അച്ഛമ്മയും, ഭര്‍ത്താവുപേക്ഷിക്കപ്പെട്ട അച്ഛന്‍പെങ്ങളുമാണുള്ളത്‌.

അച്ഛന്‍ വീട്ടില്‍ ഞങ്ങള്‍, അല്ലാ ഞാന്‍ ഒന്നുകൂടി അരക്ഷിതവും, അസ്വസ്ഥാജനകവുമായിട്ടാണ്‌ സാധാരണയായ്‌ അനുഭവപ്പെടാറ്‌. അവിടത്തെ പ്രഭാതങ്ങള്‍ എനിയ്‌ക്ക്‌ അചൈതന്യവും,അശുഭകരവുമായിരുന്നു. തെങ്ങും, കവുങ്ങും, കുരുമുളകുവള്ളികളും നിറഞ്ഞ ആ തോട്ടത്തില്‍ നിന്ന്‌ ഞാനൊരിക്കലും സൂര്യനെ കണ്ടില്ല. പ്രദോഷം സദാ ദുഖ:മയവും, ആപല്‍ക്കരവുമായ്‌തോന്നി. സന്ധ്യക്ക്‌ പിന്നോട്ട്‌ നീളംവെച്ച മരങ്ങളുടെ നിഴലും, വിടവുകളിലൂടെ കാണുന്ന ആകാശത്തെ അസാന്ദ്രചുവപ്പുരാശിയും പിന്നെ വിദൂരമായ അമ്പലത്തില്‍നിന്നുയരുന്ന ഭക്തി ശോകപ്പാട്ടും എന്നെ വിഷാദത്തിന്റെ തടവറയില്‍ പൂര്‍ണ്ണമായ്‌ തളച്ചു.

അച്ഛമ്മയും, അച്ഛന്‍ പെങ്ങളും സ്‌നേഹപൂര്‍ണ്ണമായാണ്‌ പെരുമാറിയിരുന്നെങ്കിലും അവരുടെ സ്വഭാവരീതിയും, സംസ്‌ക്കാരരീതിയും ഞങ്ങളില്‍ നിന്ന്‌ ഭിന്നമായിരുന്നു. എന്നെ അനിയനോട്‌ താരതമ്യം ചെയ്‌ത്‌ എന്റെ ബലഹീനതയും, ശുഷ്‌ക്കതയും വിവരിക്കുക. ഞങ്ങളെക്കൊണ്ട പഞ്ചപിടിച്ച്‌ ശക്തിപ്രകടനം കാണിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അവര്‍ക്ക്‌ രസനീയമായിരുന്നു.

കൂടാതെ നാളുകൊണ്ടും, മണിക്കൂര്‍കൊണ്ടുപോലും എന്റെ സമപ്രായക്കാരനായ ഒരു കുട്ടിയും അവരുടെ അയല്‍പക്കത്തുണ്ടായിരുന്നു. അച്ഛമ്മതന്നെയാണ്‌ അവനെ ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിയത്‌. എന്നേക്കാള്‍ ശരീരവളര്‍ച്ചയും, പ്രസരിപ്പുമുള്ള അവന്റെ മുന്നില്‍ ഞാന്‍ സര്‍വ്വാത്മനാ നിസ്സാരനും, നിരാലംബനുമായി.

വൈകിയിട്ട്‌ ഇടുങ്ങിയ മുറ്റത്ത്‌ ഞങ്ങള്‍ കളരി അഭ്യസിക്കും. അതുകാണാന്‍ ചുറ്റുവട്ടത്തുള്ളവരും, അച്ഛന്റെ സുഹൃത്തുക്കളും വരും. കുമാരന്‍ ഗുരുക്കളുടെ വീട്‌ ആ നാട്ടിലായതുകൊണ്ട്‌ പരിശീലനത്തിന്‌ വളരെയെളുപ്പമായിരുന്നു.

രാത്രി അച്ഛനുമമ്മയും പ്രധാനമുറിയിലും ഞാനും അനിയനും അച്ഛമ്മയും മറ്റൊരു മുറിയിലുമാണ്‌ ഉറങ്ങാന്‍ കിടക്കുക. വളരെ വീതി കുറഞ്ഞ മിനുപ്പില്ലാത്ത പരുത്ത ഇടനാഴികയില്‍ അച്ഛന്‍പെങ്ങളുമൊതുങ്ങും. അച്ഛമ്മ നെഞ്ഞ്‌ നീറുന്നതുകൊണ്ട്‌ പതിവായ്‌ കൊത്തമ്പാല ചവച്ചിരുന്നു. മടിയില്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടിവച്ചിരുന്ന കൊത്തമ്പാല മണികള്‍ ഞാനും പെറുക്കിതിന്നും. അപ്പോഴത്‌ കയ്‌പ്പോ, ചവര്‍പ്പോ ഇല്ലാത്ത രുചികരമായ ഒരു വിഭവമാണ്‌.

അന്നും, ഇന്നും അത്ഭുതകരമായ്‌ തോന്നുന്ന ഒരു വസ്‌തുത എന്താണെന്ന്‌ വെച്ചാല്‍ ഉറങ്ങാന്‍ കിടന്ന്‌ ഏതാനും സമയം കഴിയുമ്പോള്‍ അച്ഛമ്മ അമ്മയേയും, അച്ഛനേയും ആക്ഷേപിക്കുന്ന തരത്തില്‍ അസ്‌പഷ്ടമായ്‌ ചിലത്‌ മുരണ്ട്‌ കിടക്കും. ഇടനാഴികയില്‍ നിന്ന്‌ അച്ഛന്‍പെങ്ങളും അതേറ്റുപിടി്‌ക്കുന്നത്‌ കേള്‍ക്കാം. രാത്രിമാത്രം ജനിച്ചുമരിക്കുന്ന ഈയ്യാമ്പാറ്റകള്‍ പോലെ ചില അതൃപ്‌തഭാഷണങ്ങള്‍. എന്തിനായിരുന്നു അതൃപ്‌തി!


ആ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്‌. പതിവായ്‌ മദ്ധ്യവേനലവധികാലത്താണ്‌ അതുണ്ടാകുക. ഞങ്ങള്‍ എല്ലാവരും കൂടി ഘോഷമായിട്ടാണ്‌ ഉത്സവപറമ്പിലേക്ക്‌പോയത്‌. ശുദ്ധമില്ലായ്‌മ കൊണ്ടോ എന്തോ അന്ന്‌ അച്ഛന്‍പെങ്ങളും, അമ്മയും അകത്തമ്പലത്തിലേക്ക്‌ വന്നില്ല. എന്നേയും, അനിയനേയും തൊഴീക്കുവാന്‍ അച്ഛമ്മ മണ്ഡപത്തിനുള്ളിലേക്ക്‌ കൊണ്ടുപോയി. തൊഴുത്‌ കുറിതൊട്ട്‌ പുറത്തേക്ക്‌ വരുമ്പോള്‍ അച്ഛമ്മ ദൂരെനിന്ന്‌ വരുന്ന ഒരു സ്‌ത്രീയെ ചൂണ്ടികാണിച്ചുകൊണ്ട്‌ കിന്നാരത്തോടെ പറഞ്ഞു-"ആ വരുന്ന പെണ്ണിനെ കണ്ടോ! അവള്‍ നിങ്ങളുടെ അച്ഛന്റെ കാമുകിയായിരുന്നു."

വേഷ്ടിയും, ബ്ലൗസും ധരിച്ചുവരുന്ന ആ സ്‌ത്രീ നല്ല ഉയരവും, ആകാരവുമുള്ള ഒത്ത സൗന്ദര്യവതിയായിരുന്നു.
അവരുടെ കയ്യില്‍ ഒരു കുടന്ന പുഷ്‌പങ്ങളും ഒപ്പം തോഴിമാരെന്ന്‌ തോന്നിക്കുന്ന രണ്ട്‌ ഉപസുന്ദരിമാരും ഉണ്ടായിരുന്നു. അവരെ ഞാനാദ്യമായ്‌ കാണുകയാണ്‌. എന്നിട്ടും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്‌ ആ സ്‌ത്രീ എന്നെ കാണരുതേയെന്ന്‌ ഞാനാഗ്രഹിച്ചു. പക്ഷേ അത്‌ സാധിച്ചില്ല. അച്ഛമ്മയും, അവരും തമ്മില്‍ കൂട്ടിമുട്ടി. വളരെ എളിമയോടും, ബഹുമാനത്തോടുമാണ്‌ അവര്‍ അച്ഛമ്മയോട്‌ സംസാരിച്ചത്‌. അനന്തരം അച്ഛമ്മ "ഇതെന്റെ മകന്റെ മക്കളാണ്‌" എന്ന്‌ പറഞ്ഞ്‌ ഞങ്ങളെ പരിചയപ്പെടുത്തുവാന്‍ വേണ്ടി പിന്നോട്ട്‌ തിരിഞ്ഞപ്പോള്‍ ഞാനത്‌ മുന്‍കൂട്ടികണ്ട്‌ വേഗം തായമ്പകക്കാരുടെ പിന്നിലൊളിച്ചു.

ആ സുന്ദരി വാത്സല്യത്തോടെ എന്റെ അനിയന്റെ കവിളുകളില്‍ തലോടുന്നതും, കളിപ്പാട്ടക്കാരന്റെ കയ്യില്‍ നിന്നും ഒരു ബലൂണ്‍ വാങ്ങി അവന്‌ സമ്മാനിക്കുന്നതും ഞാന്‍ മറഞ്ഞ്‌ നിന്ന്‌ നോക്കികണ്ടു.

എന്തോ എന്നെ കണ്ടാല്‍ പിന്നീട്‌ അവര്‍ക്ക്‌ എന്റെ അച്ഛനോടുള്ള ആദരവ്‌ കുറയുമെന്ന്‌ എന്റെയുള്ളില്‍ നിന്നാരോ മന്ത്രിച്ചു.

Thursday, August 19, 2010

നഷ്ടബാല്യം-11



വേട്ട

ഓണം, വിഷു തുടങ്ങിയ വിശേഷങ്ങള്‍ വരുമ്പോള്‍ ഭയമായിരുന്നു. സന്തോഷപ്രദവും, സുസ്ഥിരവുമായൊരാഘോഷവും ബാല്യത്തിലുണ്ടായിട്ടില്ല.

രണ്ട്‌ വിജാതീയധ്രുവങ്ങളാണ്‌ അച്ഛനുമമ്മയുമെന്ന്‌ എനിക്ക്‌ തോന്നിയിരുന്നു. ഒരിക്കലും ഒരുമിക്കാന്‍ പാടില്ലായിരുന്ന രണ്ട്‌ ജന്‍മങ്ങള്‍. വളരെ നിസ്സാരവും, ബാലിശവുമായ കാര്യങ്ങള്‍ക്കാണ്‌ അവര്‍ തമ്മിലുളള ശണ്‌ഠ തുടങ്ങുക. ദേഷ്യം മൂത്താല്‍ അച്ഛനാദ്യം ചെയ്യുക കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാം എറിഞ്ഞുടക്കുകയാണ്‌. അടുക്കളയില്‍ നിന്ന്‌ ചോറും, കറികളുമാണാദ്യം പുറത്തേക്ക്‌ തെറിക്കുക. സ്റ്റീല്‍പാത്രങ്ങള്‍ പുറത്തേക്ക്‌ തെറിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയസ്‌പന്ദനം ദ്രുതഗതിയിലാകും. അപ്പോള്‍ തീര്‍ച്ചപെടുത്താം. ആരംഭിച്ചു കഴിഞ്ഞു.

യുദ്ധം ആരംഭിച്ചാല്‍ അത്‌ കൊഴുപ്പിക്കാന്‍ അച്ഛന്‍ വീണ്ടും ചാരായഷാപ്പിലേക്ക്‌ പോകും. പിന്നെ സംഭവിക്കുന്നതെല്ലാം പ്രവചനാതീതമാണ്‌. ജനാലയിലെ കണ്ണാടികള്‍ തല്ലിതകര്‍ക്കുക, വാതിലുകള്‍ ചവിട്ടുതെറുപ്പിക്കുക പിന്നെ അമ്മയോടുളള ശാരീരികപീഢനവും. അതിനിടക്ക്‌ കണ്ടവെട്ടത്തെങ്ങാന്‍ എന്നെ കണ്ടാല്‍ അദ്ദഹം എന്റെ പിതൃത്വത്തെ ചൊല്ലി പുലഭ്യം പറയാന്‍ തുടങ്ങും. 'തന്തക്ക്‌ പിറക്കാത്തവന്‍ 'എന്ന്‌ കേള്‍ക്കുമ്പോള്‍ ഞാനെന്റെ ചെവി പൊത്തി പിടിക്കും. ബാധിര്യം കൊണ്ടും വിജയിക്കാനാകാതെ അച്ഛന്റെ വാക്കുകള്‍ എന്റെ ആത്മാവിലേക്കിറങ്ങി ചെല്ലും; എന്റെ സ്വത്വത്തേയും നിസ്സാഹായമാക്കികൊണ്ട്‌.

എന്തുകൊണ്ടാണ്‌ അദ്ദേഹമെന്നെമാത്രം ഇങ്ങനെ സംബോധന ചെയ്യുന്നത്‌ എന്നതിന്റെ കാരണം എനിക്കജ്ഞാതമായിരുന്നു. ഞാനതിന്റെ പൊരുള്‍ തേടി അലഞ്ഞിട്ടില്ല; ഇതുവരേയും.

ഒരിക്കല്‍ അതിഘോരമായ ഒരു വക്കാണത്തിനൊടുവില്‍ സഹിക്കവയ്യാതെ അമ്മ തറവാട്ടിലേക്കോടിപോയി. ഞാനും, അനിയനും ഞങ്ങളുടെ മുറിയില്‍ ഒളിച്ചിരുന്നു. അച്ഛന്‍ രണ്ടാമതും ഷാപ്പില്‍ പോയി വന്ന്‌ ചെരിപ്പിട്ടുരച്ചു കൊണ്ട്‌ അകത്തേക്ക്‌ വന്ന്‌ എന്നെ പുകച്ചുപുറത്തേക്കു ചാടിച്ചു. അദ്ദേഹമപ്പോള്‍ ഉമ്മറത്ത്‌ ചെറിയ ഉരുളന്‍കല്ലുകള്‍ കൂട്ടിയിട്ടിരുന്നു. അദ്ദേഹം കളരിയിലെ നെടുവടി എന്റെ നേരെയെറിഞ്ഞുകൊണ്ട്‌ പറഞ്ഞു-" പന്തീരാന്‍ മിന്നടാ നായേ..."

പന്തീരാന്‍ എന്നാല്‍ വടികൊണ്ടുളള വിദഗ്‌ധമായൊരു ചുഴറ്റലാണ്‌. വൈദഗ്‌ധ്യപൂര്‍വം മിന്നല്‍ വേഗത്തില്‍ വടി ചുഴറ്റുമ്പോള്‍ ഒരാള്‍ കല്ലെടുത്തെറിഞ്ഞാലോ, മഴ പെയ്‌താലോ ഏല്‌ക്കില്ല എന്നാണ്‌ ആയുധപെരുമ.

ഞാന്‍ വടി മിന്നുമ്പോള്‍ അദ്ദേഹം വേഗത കൂട്ടാന്‍ കല്‌പിച്ചു. പിന്നീടദ്ദേഹം കല്ലുകളെറിയാനാരംഭിച്ചു. എന്റെ അഭ്യാസക്കുറവോ എന്തുകൊണ്ടാണന്നറിയില്ല ആയുധം കല്ലുകളെ തടുത്തില്ല. മിക്കതും എന്റെ ദേഹത്തു തന്നെ.

ചുറ്റുവട്ടത്ത്‌ കാഴ്‌ചക്കാര്‍ കൂടുന്നതും പരിഹസിക്കുന്നതും, പരിഭവിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. പിന്നീട്‌ കാഴ്‌ചക്കാര്‍ പിന്‍വലിഞ്ഞപ്പോഴും, അച്ഛന്‍ ഛര്‍ദ്ധിച്ച്‌ ഛര്‍ദ്ധിച്ചുറങ്ങിയപ്പോഴും ഞാന്‍ പയറ്റ്‌ നിര്‍ത്തിയില്ല. ദ്വേഷവും, സങ്കടവും നിമിത്തം സ്വയം പൊലിഞ്ഞടങ്ങണം എന്ന്‌ അത്മാര്‍ത്ഥമായും ആഗ്രഹിച്ചു. എപ്പോഴൊ വടി എന്റെ പിടി വിട്ട്‌ ദൂരെയെങ്ങോട്ടോ തെറിച്ചുപോയി.

ഉമ്മറത്ത്‌ വിലങ്ങനെ കിടക്കുന്ന അച്ഛനെ ഗുരുത്വദോഷം തട്ടാതിരിക്കാന്‍ വന്ദിച്ചു മറി കടക്കുമ്പോള്‍ ഞാനൊരിക്കല്‍ കൂടി പിറവിയെ ശപിച്ചു.

Thursday, August 5, 2010

നഷ്ടബാല്യം-10



തൊണ്ണിയമ്മ

തൊണ്ണിയമ്മ 'റ' പോലെ അകം വളഞ്ഞ വയോധികയായിരുന്നു. മുന്‍വശത്ത്‌ പല്ലുകളൊന്നും തന്നെ അവശേഷിച്ചിരുന്നില്ല. അതുകൊണ്ടാണ്‌ എല്ലാവരും അവരെ തൊണ്ണിയമ്മ എന്ന്‌ വിളിച്ചിരുന്നത്‌. അവര്‍ക്ക്‌ കുറഞ്ഞപക്ഷം എഴുപത്‌ വയസ്സെങ്കിലും അപ്പോഴുണ്ടായിരിക്കും. മക്കളോ,സന്തുബന്ധുക്കളോ ഉണ്ടായിരുന്നില്ല. തീര്‍ത്തും ഏക. ഓലമേഞ്ഞ സാമാന്യം വലിയ ആ വീട്ടില്‍ അവര്‍ തനിച്ച്‌.

അവര്‍ റൗക്ക ധരിച്ചിരുന്നില്ല. വെറും ഒറ്റമുണ്ട്‌ മാത്രം വേഷം. ശുഷ്‌കിച്ച്‌ ചുരുണ്ട്‌ പിന്‍വലിഞ്ഞ മുലകള്‍. ജടപിടിച്ച തലമുടി. അതില്‍ സമൃദ്ധമായ്‌ പേനും. കുളിക്കുകയോ, മറ്റെന്തെങ്കിലും തരത്തില്‍ ദേഹശുദ്ധി വരുത്തുകയോ ചെയ്‌തിരുന്നില്ല. ശരീരം മുഴുവന്‍ കറുത്തനിറത്തില്‍ അഴുക്ക്‌ പറ്റിപിടിച്ചിരിക്കുന്നത്‌ കാണാം. അത്‌ ദേഹത്ത്‌നിന്ന്‌ ചുരുട്ടി ഉണ്ടയാക്കി തെറിപ്പിച്ച്‌ കളയുക അവരുടെ പ്രിയ്യവിനോദമാണ്‌.

തൊണ്ണിയമ്മയുടെ പറമ്പില്‍ ധാരാളം പുല്ലും, ചെടികളുമുണ്ടായിരുന്നു. അതുകൊണ്ട്‌ ഇടയ്‌ക്കൊക്കെ ആടിനെ മേയ്‌ക്കാന്‍ ഞങ്ങള്‍ അവരുടെ പറമ്പിലേക്ക്‌ പോകും. എന്റെ അമ്മമ്മയുടെ ഏതാണ്ട്‌ സമപ്രായക്കാരിയാണവര്‍. അതുകൊണ്ട്‌ എന്നോട്‌ അമ്മമ്മയുടെ വിശേഷങ്ങള്‍ ചോദിക്കും. ചിലപ്പോള്‍ ദൂരെയുള്ള വൈദ്യരുടെ കടയില്‍ ചെന്ന്‌ കഷായമോ, കുഴമ്പോ വാങ്ങിചെല്ലാന്‍ പറയും.

അവര്‍ക്ക്‌ വലിയൊരു ചെല്ലം നിറയെ നാണയ ശേഖരങ്ങളുണ്ട്‌. അതില്‍ നിന്നെടുത്താണ്‌ സാധനങ്ങള്‍ വാങ്ങാന്‍ പണം തരുക. അവിടെ നിന്ന്‌ പണം മോഷ്ടിക്കാന്‍ വളരെയെളുപ്പമായിരുന്നു. സാഹചര്യം പലപ്പോഴും എന്നെ അതിന്‌ പ്രേരിപ്പിച്ചിട്ടുണ്ട്‌. ഒരിക്കല്‍ വീട്ടില്‍ നിന്നങ്ങനെ ചെയ്‌തതിന്‌ അമ്മ നനഞ്ഞ തോര്‍ത്തുമുണ്ടുകൊണ്ടടിച്ചത്‌ അപ്പോഴോര്‍മ്മവരും. പിന്നെ അനാഥയായ തൊണ്ണിയമ്മയോടുളള അനുതാപപൂര്‍ണ്ണമായ ഹൃദയരാഗവും എന്നെ അതില്‍ നിന്നു വിലക്കി.

എന്റെ അനിയനടക്കം ആടിനെ മേയ്‌ക്കാന്‍ വരുന്ന മറ്റു കുട്ടികള്‍ കളിയിലേര്‍പ്പെടുമ്പോള്‍ ഞാന്‍ തൊണ്ണിയമ്മയുടെ സഹചാരിയായ്‌ നില്‍ക്കും. കിണറ്റില്‍ നിന്ന്‌ വെളളം കോരികൊടുക്കുക, അങ്ങാടിയില്‍ നിന്ന്‌ മല്‍സ്യം വാങ്ങികൊടുക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാനാണ്‌ ചെയ്യുക. മീന്‍ നന്നാക്കുവാന്‍ കുന്തിച്ചിരിക്കുമ്പോള്‍ കോണകമുടുക്കാത്തതു കൊണ്ട്‌ അവരുടെ വികൃതമായ ഗുഹ്യം കാണും. എല്ലുകള്‍ക്കിടയിലൂടെയുളള ഒരു പുളിപ്പാണ്‌ എനിക്കപ്പോള്‍ അനുഭവപ്പെടുക.

എനിക്ക്‌ സമാന്തരമായ്‌ ഒരു കറുത്ത കണ്ടന്‍പൂച്ചയും സദാ അവിടെ കൂന്നികൂടിയിരിക്കുന്നത്‌ കാണാം. ആരോടും ഇണക്കമില്ലാത്ത തീഷ്‌ണമുഖഭാവമുളള ആ പൂച്ച ദൈവം വേഷം മാറ്റവിട്ട തൊണ്ണിയമ്മയുടെ സംരക്ഷിതാവായിരിക്കുമെന്ന്‌ ഞാന്‍ സങ്കല്‌പ്പിച്ചു.

ചെളുക്ക കളയാതെയാണ്‌ തൊണ്ണിയമ്മ മീന്‍ വെക്കുക. അറപ്പുകാരണം അവര്‍ സ്‌നേഹത്തോടെ, നിഷ്‌കളങ്കതയോടെ എനിക്ക്‌ കഴിക്കാന്‍ തരുന്നതെന്തും നിരസിക്കുമ്പോള്‍ വൈഷമ്യം തോന്നും. മനസ്സ്‌ ഒന്നുകൂടി ആര്‍ദ്രമാകും.

ഇടിയും, മഴയുമുളള കൊടുങ്കാറ്റടിക്കുന്ന രാത്രികളില്‍ അസുരക്ഷിതയായ, അനാഥയായ തൊണ്ണിയമ്മയെ ഞാനോര്‍ക്കും. മണ്‍ചുമരുളള എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന ആ വീട്ടില്‍ അവര്‍ തനിച്ച്‌. നിലവിളിച്ചാല്‍ പോലും ഒന്നോടി വരാന്‍ ആരുമി്‌ല്ല.

എന്നും രാത്രി കിടക്കുമ്പോള്‍ കയ്യെത്താവുന്നത്ര അരുകില്‍ കരുതിയിരിക്കുന്ന മണ്‍കുടത്തിലെ അവരുടെ പ്രാണജലം ഞാന്‍ കണ്ടിട്ടുണ്ട്‌. കിടക്കക്ക്‌ താഴെ ഒരോട്ടുക്കിണ്ണവും വെക്കാറുണ്ട്‌. അത്‌ മൂത്രമൊഴിക്കാനുളളതാണ്‌.

ഞാന്‍ ഭയപ്പെട്ടതുപോലെ ഒരിക്കല്‍ ഘോരമായ ഇടിയും, മഴയുമുളള ഒരു രാത്രി തന്നെ അവര്‍ മരിച്ചു. കരുതിവെച്ചിരുന്ന കുടത്തിലെ വെളളം കുടിക്കാന്‍ അവര്‍ക്ക്‌ യോഗമുണ്ടായില്ല. മരണവെപ്രാളത്തില്‍ കയ്യോ, കാലോ തട്ടി മണ്‍കുടമുടഞ്ഞു പോയിരുന്നു.

കണ്ണുകള്‍ തുറിച്ച്‌, വായടക്കാതെയാണത്രെ വിറങ്ങലിച്ചു കിടന്നിരുന്നത്‌ എന്റെ മുത്തശ്ശി! ഗതി കിട്ടാത്ത പ്രേതത്തിന്റെ ഉത്തമലക്ഷണം. മരണത്തിന്റെ നാളും, പൊരുളും നോക്കാനറിയുന്ന അമ്മമ്മ പറഞ്ഞു-" തൊണ്ണിയമ്മക്കിനി ജന്‍മമില്ല. ബലിയും, ശ്രാദ്ധവുമൂട്ടാന്‍ ആളില്ലാത്തതുകൊണ്ട്‌ അവരുടെ ആത്മാവിന്‌ മോക്ഷവും കിട്ടുകയില്ല."

വിധിനിയതങ്ങളുടെ സങ്കീര്‍ണ്ണതകളെ കുറിച്ച്‌ ചിന്തിക്കാന്‍ മാത്രം എനിക്കപ്പോള്‍ ഉള്‍പ്രാപ്‌തിയുണ്ടായിരുന്നില്ല. ഞാനോര്‍ത്തത്‌ മറ്റൊന്നായിരുന്നു-" അന്ന്‌...വെളളം കിട്ടാതെ എന്റെ മുത്തശ്ശി നരകിച്ച്‌ മരിച്ച നശിച്ച രാത്രിയില്‍ വിരാഗിയായ ആ കരിമ്പൂച്ച എവിടെയായിരുന്നു!?"