Sunday, June 20, 2010

നഷ്ടബാല്യം-5


താണ്‌ഡവം

സത്യത്തില്‍ വീടുമാറ്റത്തിന്‌ ശേഷം ഞങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. അതുവരെ വല്ലപ്പോഴുമുണ്ടായിരുന്ന അച്ഛന്റെ മദ്യപാനം കൂടിക്കുടിവന്നു.

അത്തരം നാളുകളില്‍ അമ്മയുമായദ്ദേഹം കശപിശ കൂടുകയും അമ്മ കഠിനമായ മര്‍ദ്ദനത്തിനിരയാകുകയും ചെയ്‌തു. അവര്‍ തമ്മില്‍ വഴക്ക്‌ കൂടുന്നതിന്റെ കാരണം പലപ്പോഴും എനിക്കജ്ഞാതമായിരുന്നു. എന്തുകൊണ്ടാണന്നറിയില്ല അപ്പോഴൊക്കെ അമ്മ എന്നെ വിളിച്ചാണ്‌ കരയുക.

ഞാനും അനിയനും അത്തരം വേളകളില്‍ ഭയചകിതരായ്‌ താഴെ തറവാട്ടിലേക്ക്‌ ചെന്ന്‌ അമ്മമ്മയോടൊപ്പമിരിക്കും. കലശലായ ഒരു വക്കാണത്തിനൊടുവില്‍ അമ്മമ്മ വീട്ടിലേക്ക്‌ വന്ന്‌ അച്ഛനെ ശാസിക്കുകയും, ഉപദേശിക്കുകയും ചെയ്‌തു. പിന്നീട്‌ അവര്‍ തമ്മില്‍ പരസ്‌പരം കടുത്ത പുലഭ്യം പറയുകയും തത്‌ഫലമായ്‌ അമ്മമ്മക്ക്‌ 'ദെണ്ണളക്കം ' എന്നറിയപ്പെട്ടിരുന്ന വിറയല്‍ ബാധിക്കുകയും പരാജിതയായ്‌ മടങ്ങുകയും ചെയ്‌തു.

അന്നുമുതല്‍ അച്ഛന്‍ ഞങ്ങളോട്‌ പുതിയൊരു ഓര്‍ഡറിട്ടു-" ഇനിയൊരിക്കലും അമ്മമ്മയെ കാണാനൊ, തറവാട്ടില്‍ പോകാനൊ പാടില്ല."

ആ തീരുമാനം മദ്യപാനവേളയിലെ അച്ഛന്റെ സംഹാരതാണ്ഡവത്തില്‍ ഞങ്ങളെ ഒന്നുകൂടി അനാഥരാക്കി. അച്ഛന്‍ അമ്മയെ പ്രഹരിക്കുമ്പോള്‍ പ്രകടിപ്പിക്കാനാകാത്ത നിഷേധത്തോടെ ഞാനും, അനിയനും ഞങ്ങളുടെ ചെറിയ കുടുസ്സുമുറിയില്‍ വാതിലടച്ചിരിക്കും. ഒരാശ്വാസത്തിന്‌ ഞാനപ്പോള്‍ ജനാല തുറന്നിടും. ഇടവഴിയില്‍ അങ്ങാടിയിലെ കളള്‌ഷാപ്പിലേക്ക്‌ പോകുന്ന കുടിയന്‍മാരും, മറ്റു യാത്രികരും എന്റെ വീട്ടിലെ 'രസികത്വം' ഘോഷിച്ച്‌, ആസ്വദിച്ച്‌ നില്‌ക്കുന്നത്‌ കാണാം.

സുന്ദരിയായൊരു യുവതിയുടെ നിരാശ്രയമായ നിലവിളിയും, ചേഷ്ടകളും അവര്‍ക്ക്‌ ക്രൂരമായ ചിത്താനന്ദം നല്‌കിയിരിക്കാം.

Friday, June 4, 2010

നഷ്ടബാല്യം-4



പായസം

അച്ഛന്‍ അച്ഛമ്മയില്‍ നിന്നും ഷെയര്‍ വാങ്ങി സ്വന്തം വീട്‌ വെച്ച്‌ മാറുന്നത്‌ എന്റെ ബാല്യത്തിലെ പ്രധാന ദിശാമാറ്റമാണ്‌.

എളിയതോതിലെങ്കിലും ഞങ്ങളുടെ ചെറിയ വീടിന്റെ ഗൃഹപ്രവേശം മനസ്സില്‍ ജീവസ്സുറ്റുനില്‍ക്കുന്നു. അതിന്റെ പ്രധാനകാരണം അന്നാദ്യമായ്‌ അമ്മ പാലടപ്പായസം വെച്ചു എന്നതാണ്‌. പാലടപ്രഥമന്‍ ആഢ്യകുടുംബത്തിലെ ആഘോഷങ്ങളില്‍ മാത്രമേ അന്ന്‌ ഉണ്ടായിരുന്നുള്ളൂ.

എവിടെയെങ്കിലും വിവാഹം എന്ന്‌ കേള്‍ക്കുമ്പോള്‍ എന്റെ വായില്‍ വെള്ളമൂറും. കാരണം വിവാഹം പാലടപ്പായസത്തിനെ ഓര്‍മ്മിപ്പിക്കും.

ഞങ്ങള്‍ വീട്‌ വെച്ച്‌ മാറിയതിന്റെ ഏതാണ്ട്‌ അടുത്തദിനത്തില്‍ തന്നെ ഒരു പ്രധാനപ്പെട്ട വിവാഹത്തിന്‌ ക്ഷണം കിട്ടി. പ്രമാണിവര്‍ഗ്ഗമായതുകൊണ്ട്‌ പ്രഥമന്‍ ഉറപ്പ്‌. ഞാനും അനിയനും കാത്തുകാത്തിരുന്നു. ഞായറാഴ്‌ചയാണ്‌. സ്‌ക്കൂള്‍ അവധിയായതുകൊണ്ട്‌ മറ്റ്‌ തടസ്സങ്ങളൊന്നുമില്ല.

ആ ദിനം വന്നു. പായസം കുടിച്ചുതിമിര്‍ക്കേണ്ടതുകൊണ്ട്‌ അന്ന്‌ പ്രഭാതഭക്ഷണം അധികം കഴിച്ചില്ല. അമ്മയോടും, ചേച്ചിയോടുമൊപ്പം ഞങ്ങളിറങ്ങി. അച്ഛനില്ല. അത്‌ വല്ലാത്തൊരു സ്വാതന്ത്ര്യം തന്നെ.

വലിയ ഘോഷമായ വിവാഹമായിരുന്നു. സദ്യയ്‌ക്കായ്‌ പ്രത്യേക മണ്ഡപമുണ്ട്‌. ഞങ്ങള്‍ പെണ്‍വീട്ടുകാരായതുകൊണ്ട്‌ ഭക്ഷണകാര്യത്തില്‍ രണ്ടാംസ്ഥാനമായിരുന്നു. അതില്‍തന്നെ കുട്ടികളുടെ ഗ്രേഡ്‌ പിന്നെയും താഴും. വധുവിന്റെ ഇളയച്ഛന്‍മാരായ ഘനഗാംഭീര്യന്‍മാരായിരുന്നു സദ്യ നിയന്ത്രിച്ചിരുന്നത്‌. ഒരാള്‍ മണ്ഡപത്തിന്‌ പുറത്ത്‌ ഉണ്ണാനുള്ള ആളുകളെ നിയന്ത്രിച്ച്‌ കടത്തിവിടുമ്പോള്‍ 'കളത്തില്‍ കുട്ടന്‍ ' എന്നയാള്‍ വിളമ്പല്‍ നിയന്ത്രിക്കുന്നു.

കൊതിമൂലം ക്ഷമ നശിച്ച്‌ അവസാനത്തിന്റെ തൊട്ടുമുന്‍പന്തിയില്‍ ഒരറ്റത്തായ്‌ എനിക്കിരിപ്പിടം കിട്ടി. അമ്മയും അനിയ
നും മറ്റൊരിടത്താണിരുന്നിരുന്നത്‌. ചോറ്‌ വേഗം കഴിച്ച്‌ പായസത്തിനായ്‌ ഞാന്‍ കാത്തിരുന്നു.

കൈവിറയ്‌ക്കുന്ന ഒരാളായിരുന്നു പായസം വിളമ്പിയിരുന്നത്‌. അയാള്‍ ഗ്ലാസ്സില്‍ പായസം നിറയ്‌ക്കുമ്പോള്‍ തൂവിപോകുന്ന ശിഷ്ടം കാണുമ്പോള്‍ എനിയ്‌ക്ക്‌ കലിപ്പും വെറുപ്പും തോന്നി. അയാള്‍ എന്റെ നിരയില്‍ ഒരറ്റത്ത്‌നിന്ന്‌ പായസം വിളമ്പി എന്റെ തൊട്ടടുത്തുള്ള വൃദ്ധനരുകിലെത്തി. പ്രമേഹസംബന്ധമായ അസുഖം കൊണ്ടോ എന്തോ വൃദ്ധന്‍ പായസം വിലക്കി. തൊട്ടപ്പുറത്തിരിക്കുന്ന തപസ്സുചെയ്യുന്ന കുട്ടിയായ എന്നെ വിളമ്പലുകാരന്‍ കണ്ടില്ലയോ! അയാള്‍ എനിയ്‌ക്ക്‌ വിളമ്പാതെ മറ്റൊരിടത്തേക്ക്‌ നടന്നകന്നു. ഉറക്കെ വിളിച്ച്‌ ചോദിച്ച്‌ വാങ്ങാനുള്ള ധൈര്യമില്ല. ഇന്നും..!

രണ്ടാംവിളമ്പിന്‌ പായസക്കാരന്‍ വരുന്നതായി പിന്നത്തെ പ്രതീക്ഷ. എന്റെ അരുകിലുള്ള പലരും എഴുന്നേറ്റുതുടങ്ങിയിരുന്നു. അപ്പോള്‍ പായസക്കാരന്‍ വീണ്ടും എന്റെ നിരയിലേക്കുവരുന്നത്‌ കണ്ടു. ഇക്കുറി അയാളെനിക്ക്‌ നിശ്ചയമായും പായസം തരും. പെട്ടന്ന്‌ 'കളത്തില്‍ കുട്ടന്‍ ' അയാളോടെന്തോ അടക്കം പറഞ്ഞ്‌ മറ്റെന്തോ ജോലി ഏല്‍പ്പിച്ച്‌ പായസപ്പാത്രം വാങ്ങി എന്റെ പന്തിയിലേക്ക്‌ വന്നു. ഉമിനീരിറക്കികഴിയുന്ന എന്നെ വ്യക്തമായ്‌ കാണാനായ്‌ ഞാനൊന്നുകൂടി നിവര്‍ന്നിരുന്നു. ഒരു ചടങ്ങിനെന്നോണം - "ഇവിടെയാര്‍ക്കും പായസം വേണ്ടല്ലോ..വേണ്ടല്ലോ" എന്നാവര്‍ത്തിച്ച്‌ ചോദിച്ച്‌ പായസം വിളമ്പാതെ അയാള്‍ കലവറയിലേക്കുതന്നെ തിരിച്ചുപോയി.

എന്റെ വായില്‍ നിറഞ്ഞ ഉമിനീരിലേക്ക്‌ കണ്ണുനീരും കൂടിക്കലര്‍ന്നു.

ഈ വിധി ബാല്യകൗമാരങ്ങളില്‍ പലവിധത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ പലവട്ടം ഞാനുളളുരുകി ചോദിച്ചിട്ടുണ്ട്‌-" എന്തേ എനിക്കുമാത്രം ഇങ്ങനെയൊരു വിധി; ഞാനെന്ത്‌ തെറ്റു ചെയ്‌തു!"