Saturday, October 16, 2010

നഷ്ടബാല്യം-15


രക്തകുങ്കുമം

ഒരിക്കല്‍ ഭാവിയില്‍ ആരായിത്തീരാനാണാഗ്രഹമെന്ന്‌ അച്ഛന്റെ ഒരു സുഹൃത്ത്‌ കൗതുകത്തോടെ എന്നോട്‌ ചോദിച്ചു-
ഞാന്‍ നിഷ്‌കളങ്കമായ്‌ മറുപടി പറഞ്ഞു- "എനിക്കൊരു പട്ടാളക്കാരനാകണം."

അതിന്‌ മുമ്പൊരിക്കലും അത്തരമൊരു ചിന്ത എന്നില്‍ ഉണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു മറുപടി പറയാനാണ്‌ എനിക്ക്‌ തോന്നിയത്‌.

പിന്നീടൊരിക്കല്‍ വീട്ടില്‍ അച്ഛനും, കൂട്ടുകാരും ചേര്‍ന്ന ഒരു മദ്യപാന സദസ്സില്‍ അവര്‍ക്കാവശ്യമായ വെള്ളവും, ഉപദംശങ്ങളും എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു. ചാരായഷാപ്പിലേക്ക്‌ എന്നെ അച്ഛന്‍ പലകുറി പറഞ്ഞയച്ചു.

എന്റെ വ്യാമോഹം ആ സുഹൃത്ത്‌ അച്ഛനോട്‌ പറഞ്ഞിരിക്കണം. ആജ്ഞ കാത്ത്‌ ഉമ്മറത്ത്‌ തപിച്ചു നിന്നിരുന്ന എന്നെ ചൂണ്ടി ഒരവസരത്തില്‍ അച്ഛന്‍ പറഞ്ഞു- "ഹും പട്ടാളക്കാരനാവാന്‍ പറ്റിയ ചരക്ക്‌, നല്ല കോലം. നായിന്റെ മോന്‍.."

അത്തരത്തിലുള്ള പരിഹാസങ്ങള്‍ മുമ്പു പലപ്പോഴും ഉണ്ടായിരുന്നെങ്കിലും സദസ്സിനിടയില്‍ കേട്ട ആ വിഹസനം എന്നെ വല്ലാതെ നോവിച്ചു. ഞാന്‍ അകത്തേക്കോടിപ്പോയി വിതുമ്പി. എത്ര കരഞ്ഞിട്ടും അന്ന്‌ എന്റെ സങ്കടം തീര്‍ന്നില്ല. എന്റെ കീഴ്‌ചുണ്ടുകളും, താടിയും വിറച്ചുകൊണ്ടേയിരുന്നു. ഞാനോര്‍ക്കുന്നു. എന്റെ കരച്ചില്‍ വളരെ പെട്ടന്ന്‌ മുതിര്‍ന്നവരില്‍ ദയ തോന്നിച്ചിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അച്ഛന്‍.....!!

അമ്മക്ക്‌ സങ്കടവും, ദേഷ്യവും സഹിക്കവയ്യാതായപ്പോള്‍ അച്ഛന്റെ മുന്നില്‍ ആദ്യമായ്‌്‌്‌ പൊട്ടിതെറിച്ചു.

വീട്ടില്‍ ഏറ്റവും തീവ്രമായ വഴക്കുണ്ടായത്‌്‌ അന്നായിരിക്കും. അടുക്കളയില്‍ നിന്ന്‌്‌്‌ തീക്കൊള്ളിയെടുത്ത്‌്‌്‌ അച്ഛന്‍ അമ്മയെ പൊള്ളിച്ചു. അന്ധമായൊരാസുരമുഹൂര്‍ത്തത്തില്‍ അച്ഛന്‍ അമ്മയുടെ ബ്ലൗസ്‌ വലിച്ച്‌ കീറുകയും ചെയ്‌തു. പിടിച്ചുനില്‍ക്കാനാവാതെ ഞങ്ങള്‍ മൂവരും താഴെ തറവാട്ടിലേക്ക്‌ പലായനം ചെയ്‌തു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ബാല്യത്തില്‍ തന്നെ എനി്‌ക്ക്‌ ഉയരങ്ങളിലേക്ക്‌ പറന്നുയരേണ്ട ചിറകുകളെ അച്ഛന്‍ മുറിച്ചുമാറ്റിയിരുന്നു. വീണ്ടും മുളപൊട്ടുമ്പോള്‍ അതിന്റെ വേരുകള്‍ പോലും അദ്ദേഹം പിഴുതെറിഞ്ഞു.

എനിക്കൊരിക്കലും വളരാനാകുമായിരുന്നില്ല. എനിക്ക്‌ ഉന്‍മാദിയോ, വിഭ്രാന്തനോ ആകാം. അല്ലെങ്കില്‍ മുഴുവന്‍ കാഴ്‌ച നശിച്ചിട്ടില്ലാത്ത കുരുടനോ, പാതിശേഷിയുള്ള ബധിരനോ ആകാം. പൂര്‍ണ്ണാന്ധത ഒരു രക്ഷപ്പെടലാണ്‌: സാഹചര്യവശാല്‍. പൂര്‍ണ്ണബാധിര്യവും ഒരു വേള സ്വാതന്ത്ര്യമാണ്‌. അറ്റുപോകുന്ന ഒരു ദേഹാംഗം ശാപം. പക്ഷേ ഉണങ്ങാത്ത പഴുപ്പൊലിക്കുന്ന നിത്യവൃണമോ..?

അമ്മ എന്റെ ഭാവിയെ കുറിച്ച്‌ ആകുലപ്പെടുമ്പോഴൊക്കെ അച്ഛന്‍ പറയുന്നത്‌ കേട്ടിട്ടു്‌ണ്ട്‌ - "ആ കൊലവനെയോ, നാരായണനേയോ പോലെയാകും. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ട..."

കൊലവന്‍ കന്നുകാലികളെ മേയ്‌ച്ച്‌ നടക്കുന്ന പ്രൗഢമായ ഒരു വീട്ടിലെ വേലക്കാരനായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

എന്റെ പ്രായമാണത്രെ ഞങ്ങളുടെ തൊഴുത്തിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന രക്തകുങ്കുമത്തിന്‌. അച്ഛന്‍ വിശേഷമായ്‌ കരുതി ദൂരെ എവിടെനിന്നോ വാങ്ങിക്കൊണ്ടുവന്ന്‌്‌ നട്ടുപിടിപ്പിച്ചത്‌്‌. ഓട്ടിന്‍ പുറത്തേക്ക്‌ ചായുമ്പോഴൊക്കെ അതിന്റെ കൊമ്പുകള്‍ അച്ഛന്‍ വെട്ടും. തൊഴുത്തില്‍നിന്നെത്തിവലിഞ്ഞ്‌ വെളുമ്പി പശു പുതുതായ്‌്‌ പൊടിക്കുന്ന തൂമ്പുകളെല്ലാം തിന്നും.
ആടിന്‌ അതിന്റെ മാംസളമായ തൊലി കാര്‍ന്നുതിന്നാനാണിഷ്ടം.

എന്നിട്ടും അതുണങ്ങിയില്ല. അതൊരിക്കലും വളര്‍ന്നതുമില്ല. മുരടിച്ച്‌മുരടിച്ച്‌ ഒരു നൂല്‍വണ്ണത്തിന്റെ തുലനത്തില്‍ അതതിജീവിക്കുന്നു. എന്തിനെന്നറിയാതെ.

7 comments:

Raveena Raveendran said...

മുരടിച്ച്‌മുരടിച്ച്‌ ഒരു നൂല്‍വണ്ണത്തിന്റെ തുലനത്തില്‍ അതതിജീവിക്കുന്നു. എന്തിനെന്നറിയാതെ.

വളരെ മനോഹരമായിരിക്കുന്നു , അവതരണം , ആശയം ...

പാറുക്കുട്ടി said...

വിഷമിക്കാതിരിക്കൂ അനിയാ. ഇത്തരത്തിലുള്ള അച്ഛന്മാര്‍ പലര്‍ക്കും ഉണ്ടാവാം. ജീവിത സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ അമ്മയുടെ വാല്‍സല്യത്തിന് പകരം കൊടുക്കാന്‍ കഠിനമായി പ്രയത്നിക്കൂ. നന്മകള്‍ ഉണ്ടാവട്ടെ !!!

ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഞാനും എന്റെ അച്ഛനെ ഓര്‍ത്തു. സ്നേഹത്തിന്റെ വന്‍മരമായ എന്റെ അച്ഛനെ. ഇത്രയും സ്നേഹനിധിയായ അച്ഛനെ തന്നതില്‍ ദൈവത്തിനോട് നന്ദി പറയുന്നു.

mayflowers said...

തിക്തമായ പല അനുഭവങ്ങളും നമുക്ക് പിന്നീട് ഉപകാരപ്രദമായിത്തീരുന്നത് കാണാറുണ്ട്‌.
നമ്മെക്കാള്‍ മോശം അവസ്ഥയില്‍ ജീവിക്കുന്നവരെപ്പറ്റി ഓര്‍ത്തു സമാധാനിക്കൂ.

Anonymous said...

എന്തു പറയണമെന്നറിയില്ല......

മാനവധ്വനി said...

താങ്കളുടെ അച്ഛന്‌ അത്രേയ്ക്ക്‌ നിങ്ങളോട്‌ വെറുപ്പായിരുന്നോ?
വിഷമിക്കേണ്ട.. എല്ലാം ഒരു നാൾ നേരെയാകും..

Muralee Mukundan , ബിലാത്തിപട്ടണം said...

അതിജീവനം...

Echmukutty said...

ഇത് ഞാൻ നേരത്തെ കണ്ടില്ല.
അച്ഛന്റെ മകളായി പിറന്ന് കുറ്റത്തിന്........