Thursday, August 26, 2010

നഷ്ടബാല്യം-12


ചുവന്ന സന്ധ്യകള്‍

വെക്കേഷന്‌ സ്‌ക്കൂള്‍ പൂട്ടുമ്പോള്‍ കുറച്ച്‌ ദിവസം ഞങ്ങള്‍ കുടുംബസമേതം അച്ഛന്‍ വീട്ടില്‍ പോയിനില്‍ക്കും. അവിടെ അച്ഛമ്മയും, ഭര്‍ത്താവുപേക്ഷിക്കപ്പെട്ട അച്ഛന്‍പെങ്ങളുമാണുള്ളത്‌.

അച്ഛന്‍ വീട്ടില്‍ ഞങ്ങള്‍, അല്ലാ ഞാന്‍ ഒന്നുകൂടി അരക്ഷിതവും, അസ്വസ്ഥാജനകവുമായിട്ടാണ്‌ സാധാരണയായ്‌ അനുഭവപ്പെടാറ്‌. അവിടത്തെ പ്രഭാതങ്ങള്‍ എനിയ്‌ക്ക്‌ അചൈതന്യവും,അശുഭകരവുമായിരുന്നു. തെങ്ങും, കവുങ്ങും, കുരുമുളകുവള്ളികളും നിറഞ്ഞ ആ തോട്ടത്തില്‍ നിന്ന്‌ ഞാനൊരിക്കലും സൂര്യനെ കണ്ടില്ല. പ്രദോഷം സദാ ദുഖ:മയവും, ആപല്‍ക്കരവുമായ്‌തോന്നി. സന്ധ്യക്ക്‌ പിന്നോട്ട്‌ നീളംവെച്ച മരങ്ങളുടെ നിഴലും, വിടവുകളിലൂടെ കാണുന്ന ആകാശത്തെ അസാന്ദ്രചുവപ്പുരാശിയും പിന്നെ വിദൂരമായ അമ്പലത്തില്‍നിന്നുയരുന്ന ഭക്തി ശോകപ്പാട്ടും എന്നെ വിഷാദത്തിന്റെ തടവറയില്‍ പൂര്‍ണ്ണമായ്‌ തളച്ചു.

അച്ഛമ്മയും, അച്ഛന്‍ പെങ്ങളും സ്‌നേഹപൂര്‍ണ്ണമായാണ്‌ പെരുമാറിയിരുന്നെങ്കിലും അവരുടെ സ്വഭാവരീതിയും, സംസ്‌ക്കാരരീതിയും ഞങ്ങളില്‍ നിന്ന്‌ ഭിന്നമായിരുന്നു. എന്നെ അനിയനോട്‌ താരതമ്യം ചെയ്‌ത്‌ എന്റെ ബലഹീനതയും, ശുഷ്‌ക്കതയും വിവരിക്കുക. ഞങ്ങളെക്കൊണ്ട പഞ്ചപിടിച്ച്‌ ശക്തിപ്രകടനം കാണിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അവര്‍ക്ക്‌ രസനീയമായിരുന്നു.

കൂടാതെ നാളുകൊണ്ടും, മണിക്കൂര്‍കൊണ്ടുപോലും എന്റെ സമപ്രായക്കാരനായ ഒരു കുട്ടിയും അവരുടെ അയല്‍പക്കത്തുണ്ടായിരുന്നു. അച്ഛമ്മതന്നെയാണ്‌ അവനെ ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിയത്‌. എന്നേക്കാള്‍ ശരീരവളര്‍ച്ചയും, പ്രസരിപ്പുമുള്ള അവന്റെ മുന്നില്‍ ഞാന്‍ സര്‍വ്വാത്മനാ നിസ്സാരനും, നിരാലംബനുമായി.

വൈകിയിട്ട്‌ ഇടുങ്ങിയ മുറ്റത്ത്‌ ഞങ്ങള്‍ കളരി അഭ്യസിക്കും. അതുകാണാന്‍ ചുറ്റുവട്ടത്തുള്ളവരും, അച്ഛന്റെ സുഹൃത്തുക്കളും വരും. കുമാരന്‍ ഗുരുക്കളുടെ വീട്‌ ആ നാട്ടിലായതുകൊണ്ട്‌ പരിശീലനത്തിന്‌ വളരെയെളുപ്പമായിരുന്നു.

രാത്രി അച്ഛനുമമ്മയും പ്രധാനമുറിയിലും ഞാനും അനിയനും അച്ഛമ്മയും മറ്റൊരു മുറിയിലുമാണ്‌ ഉറങ്ങാന്‍ കിടക്കുക. വളരെ വീതി കുറഞ്ഞ മിനുപ്പില്ലാത്ത പരുത്ത ഇടനാഴികയില്‍ അച്ഛന്‍പെങ്ങളുമൊതുങ്ങും. അച്ഛമ്മ നെഞ്ഞ്‌ നീറുന്നതുകൊണ്ട്‌ പതിവായ്‌ കൊത്തമ്പാല ചവച്ചിരുന്നു. മടിയില്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടിവച്ചിരുന്ന കൊത്തമ്പാല മണികള്‍ ഞാനും പെറുക്കിതിന്നും. അപ്പോഴത്‌ കയ്‌പ്പോ, ചവര്‍പ്പോ ഇല്ലാത്ത രുചികരമായ ഒരു വിഭവമാണ്‌.

അന്നും, ഇന്നും അത്ഭുതകരമായ്‌ തോന്നുന്ന ഒരു വസ്‌തുത എന്താണെന്ന്‌ വെച്ചാല്‍ ഉറങ്ങാന്‍ കിടന്ന്‌ ഏതാനും സമയം കഴിയുമ്പോള്‍ അച്ഛമ്മ അമ്മയേയും, അച്ഛനേയും ആക്ഷേപിക്കുന്ന തരത്തില്‍ അസ്‌പഷ്ടമായ്‌ ചിലത്‌ മുരണ്ട്‌ കിടക്കും. ഇടനാഴികയില്‍ നിന്ന്‌ അച്ഛന്‍പെങ്ങളും അതേറ്റുപിടി്‌ക്കുന്നത്‌ കേള്‍ക്കാം. രാത്രിമാത്രം ജനിച്ചുമരിക്കുന്ന ഈയ്യാമ്പാറ്റകള്‍ പോലെ ചില അതൃപ്‌തഭാഷണങ്ങള്‍. എന്തിനായിരുന്നു അതൃപ്‌തി!


ആ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്‌. പതിവായ്‌ മദ്ധ്യവേനലവധികാലത്താണ്‌ അതുണ്ടാകുക. ഞങ്ങള്‍ എല്ലാവരും കൂടി ഘോഷമായിട്ടാണ്‌ ഉത്സവപറമ്പിലേക്ക്‌പോയത്‌. ശുദ്ധമില്ലായ്‌മ കൊണ്ടോ എന്തോ അന്ന്‌ അച്ഛന്‍പെങ്ങളും, അമ്മയും അകത്തമ്പലത്തിലേക്ക്‌ വന്നില്ല. എന്നേയും, അനിയനേയും തൊഴീക്കുവാന്‍ അച്ഛമ്മ മണ്ഡപത്തിനുള്ളിലേക്ക്‌ കൊണ്ടുപോയി. തൊഴുത്‌ കുറിതൊട്ട്‌ പുറത്തേക്ക്‌ വരുമ്പോള്‍ അച്ഛമ്മ ദൂരെനിന്ന്‌ വരുന്ന ഒരു സ്‌ത്രീയെ ചൂണ്ടികാണിച്ചുകൊണ്ട്‌ കിന്നാരത്തോടെ പറഞ്ഞു-"ആ വരുന്ന പെണ്ണിനെ കണ്ടോ! അവള്‍ നിങ്ങളുടെ അച്ഛന്റെ കാമുകിയായിരുന്നു."

വേഷ്ടിയും, ബ്ലൗസും ധരിച്ചുവരുന്ന ആ സ്‌ത്രീ നല്ല ഉയരവും, ആകാരവുമുള്ള ഒത്ത സൗന്ദര്യവതിയായിരുന്നു.
അവരുടെ കയ്യില്‍ ഒരു കുടന്ന പുഷ്‌പങ്ങളും ഒപ്പം തോഴിമാരെന്ന്‌ തോന്നിക്കുന്ന രണ്ട്‌ ഉപസുന്ദരിമാരും ഉണ്ടായിരുന്നു. അവരെ ഞാനാദ്യമായ്‌ കാണുകയാണ്‌. എന്നിട്ടും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്‌ ആ സ്‌ത്രീ എന്നെ കാണരുതേയെന്ന്‌ ഞാനാഗ്രഹിച്ചു. പക്ഷേ അത്‌ സാധിച്ചില്ല. അച്ഛമ്മയും, അവരും തമ്മില്‍ കൂട്ടിമുട്ടി. വളരെ എളിമയോടും, ബഹുമാനത്തോടുമാണ്‌ അവര്‍ അച്ഛമ്മയോട്‌ സംസാരിച്ചത്‌. അനന്തരം അച്ഛമ്മ "ഇതെന്റെ മകന്റെ മക്കളാണ്‌" എന്ന്‌ പറഞ്ഞ്‌ ഞങ്ങളെ പരിചയപ്പെടുത്തുവാന്‍ വേണ്ടി പിന്നോട്ട്‌ തിരിഞ്ഞപ്പോള്‍ ഞാനത്‌ മുന്‍കൂട്ടികണ്ട്‌ വേഗം തായമ്പകക്കാരുടെ പിന്നിലൊളിച്ചു.

ആ സുന്ദരി വാത്സല്യത്തോടെ എന്റെ അനിയന്റെ കവിളുകളില്‍ തലോടുന്നതും, കളിപ്പാട്ടക്കാരന്റെ കയ്യില്‍ നിന്നും ഒരു ബലൂണ്‍ വാങ്ങി അവന്‌ സമ്മാനിക്കുന്നതും ഞാന്‍ മറഞ്ഞ്‌ നിന്ന്‌ നോക്കികണ്ടു.

എന്തോ എന്നെ കണ്ടാല്‍ പിന്നീട്‌ അവര്‍ക്ക്‌ എന്റെ അച്ഛനോടുള്ള ആദരവ്‌ കുറയുമെന്ന്‌ എന്റെയുള്ളില്‍ നിന്നാരോ മന്ത്രിച്ചു.

13 comments:

Pranavam Ravikumar said...

Vaayichu Chettaa!

Vedanippikunna Kure Ormakal!

May goD blesS!

febinjohn said...

പ്രിയപ്പെട്ട പ്രദീപ്, താങ്കളുടെ ഭാഷ വളരെ ശക്തവും ആര്‍ദ്രവുമാണ്. ഒരു പക്ഷെ, അനുഭവങ്ങളുടെ തീച്ചൂളയില്‍ കടഞ്ഞെടുത്തതു കൊണ്ടാകാം... എഴുത്ത് തുടരുക...

ഒരു കാര്യം കൂടി പറയട്ടെ... കാര്യങ്ങളെ കുറച്ചുകൂടി പോസിറ്റീവ് ആയി കണ്ടുകൂടെ.. തീര്‍ച്ചയായും താങ്കളുടെ മന്‍സ്സിലിട്ട് മഥനം ചെയ്യുന്ന ബാല്യകാലത്തെ ഓര്‍മ്മകള്‍ തന്നെയാണ് ഈ എഴുത്തിന്റെ ശക്തി. എങ്കിലും അതു നമ്മുടെ ഇനിയുള്ള ജീവിതത്തില്‍ ഒരു ബാധ്യത ആയി വരരുത്. ആദ്യമായാണ് താങ്കളുടെ കഥകള്‍ വായിക്കുന്നതെങ്കിലും എന്റെ ഹൃദയത്തെ അത് ഒരുപാട് സ്പര്‍ശിച്ചതു കൊണ്ട് പറഞ്ഞതാണ്.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

Thanks Febinjohn. and i convey my respects

മത്താപ്പ് said...

കനലില്‍ ചുട്ട വാക്കുകള്‍.
കണ്ണു പൊള്ളുന്നു.
നടക്കട്ടെ.....

ആദ്യമായാണിവിടെ.
മുന്‍പേ വരേണ്ടതായിരുന്നു....

Gopakumar V S (ഗോപന്‍ ) said...

Nostalgic....

Best wishes

നിയ ജിഷാദ് said...

ഹൃദയത്തെ സ്പര്‍ശിച്ചു.

കൊള്ളാം

Unknown said...

നല്ല ഭാഷയുണ്ടെങ്കിലും ചില പ്രയോഗങ്ങളൊക്കെ അസ്ഥാനത്തായി തോന്നി.

എന്റെ ബ്ലോഗില്‍ 'പ്രസന്റ്' വച്ചതിനു നന്ദി.

smitha adharsh said...

നല്ല ഭാഷ..ബാല്യം ഇനിയും ഓര്‍മ്മകളിലൂടെ വെളിച്ചം കാണട്ടെ..ഇനിയും വരാം.

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം ,എന്നാലും ഇനിയും എഴുത്ത് വികസിക്കേണ്ടതുണ്ട് കേട്ടൊ പ്രദീപ്.... പിന്നെ ഈ എന്റെ കഥകൾ എന്നപേരിൽ വേറെ രണ്ടുബൂലോഗർ(റാംജിയും,ജയൻ ഏവൂരും)ഉള്ളതുകൊണ്ട്, വേണമെങ്കിൽ പേരുമാറ്റാം....

Sukanya said...

ഒരു ദൃശ്യാനുഭവം തരുന്ന എഴുത്ത്.

ഗീത said...

ചില ആള്‍ക്കാരുടെ വിവരക്കേട് - കുഞ്ഞുങ്ങളെ തമ്മില്‍ താരതമ്യം ചെയ്യല്‍. അതിന്റെ ഫലമായി ഒരാളുടെ മനസ്സില്‍ വളര്‍ന്നു വരുന്ന അപകര്‍ഷതാ ബോധം. ഇന്നിപ്പോള്‍ ഈ രീതികള്‍ ശരിയല്ല എന്നൊരു ബോധം ആളുകള്‍ക്ക് ഉണ്ടെന്നു തോന്നുന്നു.

പ്രദീപ്, ഇതുപോലെ ചിലത് എല്ലാവരുടെ ജീവിതത്തിലും കാണും അല്ലേ? എഴുത്ത് ഇഷ്ടമായി.

Unknown said...

എഴുത്ത് ഇഷ്ടമായി പ്രദീപ്‌. ആശംസകള്‍..

ശ്രീ said...

:)