Thursday, August 19, 2010

നഷ്ടബാല്യം-11വേട്ട

ഓണം, വിഷു തുടങ്ങിയ വിശേഷങ്ങള്‍ വരുമ്പോള്‍ ഭയമായിരുന്നു. സന്തോഷപ്രദവും, സുസ്ഥിരവുമായൊരാഘോഷവും ബാല്യത്തിലുണ്ടായിട്ടില്ല.

രണ്ട്‌ വിജാതീയധ്രുവങ്ങളാണ്‌ അച്ഛനുമമ്മയുമെന്ന്‌ എനിക്ക്‌ തോന്നിയിരുന്നു. ഒരിക്കലും ഒരുമിക്കാന്‍ പാടില്ലായിരുന്ന രണ്ട്‌ ജന്‍മങ്ങള്‍. വളരെ നിസ്സാരവും, ബാലിശവുമായ കാര്യങ്ങള്‍ക്കാണ്‌ അവര്‍ തമ്മിലുളള ശണ്‌ഠ തുടങ്ങുക. ദേഷ്യം മൂത്താല്‍ അച്ഛനാദ്യം ചെയ്യുക കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാം എറിഞ്ഞുടക്കുകയാണ്‌. അടുക്കളയില്‍ നിന്ന്‌ ചോറും, കറികളുമാണാദ്യം പുറത്തേക്ക്‌ തെറിക്കുക. സ്റ്റീല്‍പാത്രങ്ങള്‍ പുറത്തേക്ക്‌ തെറിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയസ്‌പന്ദനം ദ്രുതഗതിയിലാകും. അപ്പോള്‍ തീര്‍ച്ചപെടുത്താം. ആരംഭിച്ചു കഴിഞ്ഞു.

യുദ്ധം ആരംഭിച്ചാല്‍ അത്‌ കൊഴുപ്പിക്കാന്‍ അച്ഛന്‍ വീണ്ടും ചാരായഷാപ്പിലേക്ക്‌ പോകും. പിന്നെ സംഭവിക്കുന്നതെല്ലാം പ്രവചനാതീതമാണ്‌. ജനാലയിലെ കണ്ണാടികള്‍ തല്ലിതകര്‍ക്കുക, വാതിലുകള്‍ ചവിട്ടുതെറുപ്പിക്കുക പിന്നെ അമ്മയോടുളള ശാരീരികപീഢനവും. അതിനിടക്ക്‌ കണ്ടവെട്ടത്തെങ്ങാന്‍ എന്നെ കണ്ടാല്‍ അദ്ദഹം എന്റെ പിതൃത്വത്തെ ചൊല്ലി പുലഭ്യം പറയാന്‍ തുടങ്ങും. 'തന്തക്ക്‌ പിറക്കാത്തവന്‍ 'എന്ന്‌ കേള്‍ക്കുമ്പോള്‍ ഞാനെന്റെ ചെവി പൊത്തി പിടിക്കും. ബാധിര്യം കൊണ്ടും വിജയിക്കാനാകാതെ അച്ഛന്റെ വാക്കുകള്‍ എന്റെ ആത്മാവിലേക്കിറങ്ങി ചെല്ലും; എന്റെ സ്വത്വത്തേയും നിസ്സാഹായമാക്കികൊണ്ട്‌.

എന്തുകൊണ്ടാണ്‌ അദ്ദേഹമെന്നെമാത്രം ഇങ്ങനെ സംബോധന ചെയ്യുന്നത്‌ എന്നതിന്റെ കാരണം എനിക്കജ്ഞാതമായിരുന്നു. ഞാനതിന്റെ പൊരുള്‍ തേടി അലഞ്ഞിട്ടില്ല; ഇതുവരേയും.

ഒരിക്കല്‍ അതിഘോരമായ ഒരു വക്കാണത്തിനൊടുവില്‍ സഹിക്കവയ്യാതെ അമ്മ തറവാട്ടിലേക്കോടിപോയി. ഞാനും, അനിയനും ഞങ്ങളുടെ മുറിയില്‍ ഒളിച്ചിരുന്നു. അച്ഛന്‍ രണ്ടാമതും ഷാപ്പില്‍ പോയി വന്ന്‌ ചെരിപ്പിട്ടുരച്ചു കൊണ്ട്‌ അകത്തേക്ക്‌ വന്ന്‌ എന്നെ പുകച്ചുപുറത്തേക്കു ചാടിച്ചു. അദ്ദേഹമപ്പോള്‍ ഉമ്മറത്ത്‌ ചെറിയ ഉരുളന്‍കല്ലുകള്‍ കൂട്ടിയിട്ടിരുന്നു. അദ്ദേഹം കളരിയിലെ നെടുവടി എന്റെ നേരെയെറിഞ്ഞുകൊണ്ട്‌ പറഞ്ഞു-" പന്തീരാന്‍ മിന്നടാ നായേ..."

പന്തീരാന്‍ എന്നാല്‍ വടികൊണ്ടുളള വിദഗ്‌ധമായൊരു ചുഴറ്റലാണ്‌. വൈദഗ്‌ധ്യപൂര്‍വം മിന്നല്‍ വേഗത്തില്‍ വടി ചുഴറ്റുമ്പോള്‍ ഒരാള്‍ കല്ലെടുത്തെറിഞ്ഞാലോ, മഴ പെയ്‌താലോ ഏല്‌ക്കില്ല എന്നാണ്‌ ആയുധപെരുമ.

ഞാന്‍ വടി മിന്നുമ്പോള്‍ അദ്ദേഹം വേഗത കൂട്ടാന്‍ കല്‌പിച്ചു. പിന്നീടദ്ദേഹം കല്ലുകളെറിയാനാരംഭിച്ചു. എന്റെ അഭ്യാസക്കുറവോ എന്തുകൊണ്ടാണന്നറിയില്ല ആയുധം കല്ലുകളെ തടുത്തില്ല. മിക്കതും എന്റെ ദേഹത്തു തന്നെ.

ചുറ്റുവട്ടത്ത്‌ കാഴ്‌ചക്കാര്‍ കൂടുന്നതും പരിഹസിക്കുന്നതും, പരിഭവിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. പിന്നീട്‌ കാഴ്‌ചക്കാര്‍ പിന്‍വലിഞ്ഞപ്പോഴും, അച്ഛന്‍ ഛര്‍ദ്ധിച്ച്‌ ഛര്‍ദ്ധിച്ചുറങ്ങിയപ്പോഴും ഞാന്‍ പയറ്റ്‌ നിര്‍ത്തിയില്ല. ദ്വേഷവും, സങ്കടവും നിമിത്തം സ്വയം പൊലിഞ്ഞടങ്ങണം എന്ന്‌ അത്മാര്‍ത്ഥമായും ആഗ്രഹിച്ചു. എപ്പോഴൊ വടി എന്റെ പിടി വിട്ട്‌ ദൂരെയെങ്ങോട്ടോ തെറിച്ചുപോയി.

ഉമ്മറത്ത്‌ വിലങ്ങനെ കിടക്കുന്ന അച്ഛനെ ഗുരുത്വദോഷം തട്ടാതിരിക്കാന്‍ വന്ദിച്ചു മറി കടക്കുമ്പോള്‍ ഞാനൊരിക്കല്‍ കൂടി പിറവിയെ ശപിച്ചു.

17 comments:

girishvarma balussery... said...

പ്രദീപ്‌ .. ഇതൊരു കഥ മാത്രമായി കണ്ടോട്ടെ...

keraladasanunni said...

മക്കളോട് ഇത്രയും ക്രൂരത കാട്ടുന്ന അച്ഛനോ. വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഇത്തരം 
അനുഭവങ്ങളെ അതിജീവിച്ചു എന്നത് അത്ഭുതപ്പെടുത്തുന്നു.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

ഇത്‌ കഥയല്ല. അനുഭവം. സത്യം, സത്യം, സത്യം. പക്ഷെ.. എനിക്കെന്റെ അച്ഛനെ ഒരുപാട്‌ ഒരുപാട്‌ ഇഷ്ടമാണ്‌

ഗോപീകൃഷ്ണ൯.വി.ജി said...

അതൊക്കെ മറന്നുകളയൂ പ്രദീപ്..ഓണാശംസകള്‍

Pranavam Ravikumar a.k.a. Kochuravi said...

വായിച്ചിട്ട് എന്ത് പറയണം എന്ന് എനിക്കറിയില്ല.... അച്ഛന്റെ സ്വഭാവം അങ്ങനെ ആയതില്‍ ഇപ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.... ഇത്രയൊക്കെ അയാലും പ്രദീപ്‌ ഏട്ടന്‍ അച്ഛനെ സ്നേഹിക്കുന്നുണ്ടല്ലോ, ആ അച്ഛന്‍ ഭാഗ്യവാന്‍... ഇതുപോലെ നല്ലൊരു മകനെ കിട്ടിയത് കൊണ്ട്.... നല്ലത് വരട്ടെ ചേട്ടാ.....

സസ്നേഹം

കൊച്ചുരവി!

വഷളന്‍ ജേക്കെ ★ Wash Allen JK said...

പ്രദീപ്‌, ആദ്യം ഓണാശംസകള്‍
ഇനിയും അങ്ങോട്ട്‌ വിശ്വാസം വരുന്നില്ല. ഇങ്ങനെയും ഒരച്ഛനോ?
എല്ലാം മറന്നുകളയൂ. ഈ ഓര്‍മ്മകള്‍ ആത്മാവില്‍ നിന്നും എന്നെന്നേക്കുമായി പറിച്ചെറിയൂ... ഒരു കല പോലും നിര്‍ത്തരുത്.
എന്നിട്ട് കരുത്തനായി ആത്മവിശ്വാസം ആര്‍ജ്ജിക്കൂ...
കര്‍മ്മം ആണ് പ്രധാനം.
Fortune favors the bold ... നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ.
ഒരുപാട് മുന്നോട്ടു പോകട്ടെ. എല്ലാ നന്മകളും നേരുന്നു.

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഒരു താതനായി മാറി നിന്‍ ചാരത്തണ -
ഞ്ഞാ ദഗ്ധ മാനസം മാറോടുച്ചേര്‍ത്തു
ഞാനെത്ര സാന്ത്വനമേകിടിലും ; എത്ര
സമുദ്രജലമൊഴിക്കിലും , ഇല്ല കെടു -
കില്ലൊരിക്കലുമന്നു നിന്നുള്ളില്‍ ജ്വാലി -
ച്ചൊരാതാപജ്വാല ,യെന്നാലുമെല്ലാം വി -
സ്മരിക്കൂ , ഈ ഭൂലോകം നിന്‍ ഗേഹമായി .

കല്‍ക്കി said...

നല്ല എഴുത്ത്. ഇത് അനുഭവം തന്നെയെന്ന് സത്യം ചെയ്തു പറഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്മ. എന്നിട്ടും അച്ഛനെ ഇഷ്ടപ്പെടുന്ന പ്രദീപിന്‍റെ ആ നല്ല ഹൃദയത്തിനു മുന്നില്‍ മനസു നമിക്കുന്നു. നന്മ വരട്ടെ. ഓണാശംസകള്‍.

jyo said...

പ്രദീപ്,എന്റെ ഹൃദയസ്പന്ദനം ഇത് വായിക്കുമ്പോള്‍ എനിയ്ക്ക് കേള്‍ക്കാമായിരുന്നു.

ഓണാശംസകള്‍

Vayady said...

പ്രദീപ്, എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു. എന്താണെഴുതേണ്ടത് എന്നറിയാതെ ഞാന്‍ കുറേ നേരം കം‌പ്യൂട്ടറിന്റെ സ്ക്രീനിലേയ്ക്ക് നോക്കിയിരുന്നു.

ബാല്യത്തിലെ നിര്‍ഭാഗ്യകരമായ അനുഭവങ്ങള്‍ മനസ്സിലുണ്ടാക്കിയ വൃണങ്ങള്‍ ഉണങ്ങാതെ കിടക്കുന്നത് ഈ പോസ്റ്റിലൂടെ എനിക്ക് കാണാം. തീര്‍ച്ചയായും കൗണ്‍സിലിം‌ഗ് തെറാപ്പിമൂലം ഈ മുറിവുകള്‍ ഉണ്ടാക്കിയ വേദനകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ഈ മുറിവ് തുടര്‍ന്നുള്ള ജിവിതത്തിന്റെ സന്തോഷത്തെ കാര്യമായി ബാധിക്കും. ഈ നിര്‍ദ്ദേശത്തെ നിസ്സാരമായി തള്ളികളയരുതെന്നു അപേക്ഷിക്കുന്നു.

പള്ളിക്കരയില്‍ said...

വേദന വിങ്ങുന്ന പോസ്റ്റ്.. എന്തുപറയണമെന്നറിയില്ല.. വിധിവിളയാട്ടം എന്നല്ലാതെ.

പ്രശാന്തന്‍ നായര്‍ said...

കൌമാരത്തോട് വിടപറഞ്ഞെങ്കിലും മനസിന്റെ ഉള്ളില്‍നിന്നും ആ ചാപല്യങ്ങള്‍ മുഴുവനായും മാറിയിടില്ലാത്തതിനാല്‍ ആവണം , ഈ ( കൗമാരരതിസ്‌മരണകള്‍- 11 ) തലകെട്ട് ഗൂഗിള്‍ സെര്‍ച്ചില്‍ കണ്ടപ്പോള്‍ ഒരു കമ്പികഥ വായിക്കാനുള്ള ആക്രാന്തത്തോടെ എടുത്തു വായിച്ചതു. പക്ഷെ വായിച്ചുകഴിഞ്ഞപോള്‍, അഭിപ്രായം മാറി..

പിന്നീടാണ്‌ ഈ പോസ്റ്റ്‌ ഞാന്‍ എടുത്തു വായിച്ചതു....
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന, ഞാന്‍ മുന്‍ ജന്മം ചെയ്ത ഏതോ ഒരു പുന്യമാനെന്റെ അച്ഛന്‍... എനികെത്ര സ്നേഹിച്ചിട്ടും മതിയാവുന്നില്ല... അതോക്ണ്ടാവനം....
സ്നേഹിക്കാന്‍ മറന്നു പോയ, അതല്ലെങ്കില്‍ സ്നേഹം പ്രകടിപ്പിക്കാന്‍ മറന്ന അതുമല്ലെങ്കില്‍ സ്നേഹിക്കാന്‍ അറിയാത്ത ഒരച്ഛന്റെ സ്നേഹിക്കാന്‍ മാത്രമറിയുന്ന മകനെ എനികെന്തോ ഇഷ്ടമായി....

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

മനസ്സിന്‌ വല്ലാത്തൊരു ആശ്വാസം. നന്ദി എല്ലാവര്‍ക്കും. ഒരു സഹോദരി സൂചിപ്പിച്ചതുപോലെ കൗണ്‍സലിംഗോ, സൈക്കോതെറാപ്പിയോ ചെയ്‌ത്‌ എനിക്ക്‌ മുക്തി നേടാം. ഒരിക്കല്‍ ശ്രമിച്ചതാണ്‌. പക്ഷേ അപ്പോള്‍ അനുഭവങ്ങളിലൂടെകൂടി ഞാനാര്‍ജിച്ച എഴുതാനുളള സവിശേഷത നഷ്ടപ്പെടാം. അതുവയ്യ! അതുകൊണ്ട്‌ ഞാനിത്‌ ശിരസ്സാവഹിക്കുന്നു, മരണംവരെ. നല്ല മനസ്സിനൊരിക്കല്‍കൂടി നന്ദി.

ÐIV▲RΣTT▲Ñ said...

പ്രദീപ്‌,
മുംബയില്‍ ഇതുപോലത്തെ അച്ഛന്മാരെ ÐIV▲RΣTT▲Ñ കണ്ടിട്ടുകൂടി ഇല്ല. ചിലപ്പോള്‍ എവിടെയെങ്കിലും ഉണ്ടാവാം. എഴുത്തിന്റെ രീതി ഇഷ്ടായി. ആശംസകള്‍...

ഞാന്‍ : Njan said...

ഇതിലും മോശമായവരെ കണ്ടിട്ടുണ്ട്.. ഒരു പക്ഷെ ഇങ്ങനെ ഉള്ള മിക്കവാറും എല്ലാരും മദ്യത്തിനു അടിമകള്‍ ആയിട്ടാണ് കണ്ടിട്ടുള്ളത്. എനിക്കറിയാവുന്ന ഒരാള്‍ വീട്ടിലെ ചവിട്ടി കേറാന്‍ ഉപയോഗിക്കുന്ന കല്ല്‌ വരെ വിറ്റു കള്ള് കുടിക്കുന്നത് കണ്ടിട്ടുണ്ട്, വേറെ ഒന്നും വില്‍ക്കാന്‍ ഇല്ലാതെ..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ അനുഭവകഥ കൊള്ളാം കേട്ടൊ പ്രദീപ്

ശ്രീ said...

ഒന്നും പറയുന്നില്ല, പ്രദീപ്.