Tuesday, September 28, 2010

നഷ്ടബാല്യം-14


മഴ

മഴയെ ഞാന്‍ അകാരണമായ്‌ ഭയപ്പെട്ടിരുന്നു. വെറുത്തിരുന്നു. മഴയും എന്റെ വിഷാദം പൂര്‍ണ്ണമാക്കുന്നു. അല്ലെങ്കില്‍ ഉദ്ദീപിപ്പിക്കുന്നു. തിമര്‍ത്തുപെയ്യുന്ന രാത്രിമഴ, മഴയുടെ ഹുങ്കാരം, കൊടുങ്കാറ്റ്‌, തണുപ്പ്‌. അത്തരം രാത്രികളില്‍ മേലേപറമ്പിലെ പൊട്ടകുളത്തില്‍ നിന്ന്‌ ഇടതടവില്ലാതെയുയരുന്ന തവളകളുടെ ധ്വനിതം കേള്‍ക്കാം. ശ്രദ്ധിച്ചാല്‍ ആ ശബ്ദം മുഴുവനായും സ്ഥാപിച്ചെടുക്കാന്‍ കഴിയാത്ത ദുരൂഹമായ എന്തോ ഓര്‍മ്മിപ്പിക്കുന്നു. എന്താണത്‌? അതെ, എന്തോ അത്യാഹിതം എനിക്കുവരാനുണ്ട്‌. ഞാന്‍ ഏകനാകും, ഞാന്‍ സാക്ഷിയാകും, ഞാന്‍ അനാഥനാകും.

മഴയുള്ള എല്ലാ രാത്രികളും ഞാനങ്ങനെ ഭയപ്പെട്ടു. ഞാന്‍ നിദ്രാവിഹീനനായി അച്ഛന്റേയും, അമ്മയുടേയും മുറിയിലേക്ക്‌ ചെവിയോര്‍ത്ത്‌കിടക്കും. അവിടെ എന്താണ്‌ സംഭവിക്കുന്നത്‌? ഒരു മല്‍പിടുത്തം നടക്കുന്നില്ലേ! അമ്മയുടെ അമര്‍ത്തിയ നിലവിളിയുയരുന്നില്ലേ! പാവം എന്റെ അമ്മ!

ഒരു മഴക്കാലത്ത്‌ ഞങ്ങള്‍ കുമാരന്‍ ഗുരുക്കളുടെ കളരിയില്‍ നിന്ന്‌ മടങ്ങിവരികയാണ്‌. പുഴക്കടവിലെത്തിയപ്പോള്‍ തോണി അക്കരെ. തുഴക്കാരനെ തോണിയില്‍കാണാനുണ്ടായിരുന്നില്ല. അയാള്‍ അരികിലുള്ള ചായപീടികയിലായിരിക്കും. അയാള്‍ക്ക്‌ സിഗ്നല്‍ കൊടുക്കാന്‍ ഉച്ചത്തില്‍ കൂക്കാന്‍ എന്നോടച്ഛന്‍ ആവശ്യപ്പെട്ടു. ഞാന്‍ നിന്നു വിയര്‍ത്തു. വാക്കുകള്‍ കൊണ്ടല്ലാതെ മുഖം കഠോരമാക്കി ഒരിക്കല്‍കൂടി അച്ഛനാജ്ഞാപിച്ചു. അനുസരിക്കാതിരിക്കാനാവുമായിരുന്നില്ല. ഭയസംഭ്രമതയോടെ ഞാന്‍ കൂക്കി. പക്ഷേ ശബ്ദം പുറത്തുവന്നില്ല. സ്ഥിരം അസഭ്യം പറഞ്ഞ്‌ അച്ഛന്‍ അനുജനോടാവശ്യപ്പെട്ടു. അവനും ഭാഗികമായേ ശബ്ദിച്ചുള്ളു.

ഒടുവില്‍ അച്ഛന്‍ താളത്തില്‍ കൂക്കി. വഞ്ചിക്കാരന്റെ മറുപടികേട്ടു.

വള്ളത്തിലിരിക്കുമ്പോള്‍ മുഴുവന്‍ ഞാന്‍ ശുംഭനായി തലതാഴ്‌ത്തിപിടിച്ചിരുന്നു. അച്ഛന്‍ ക്രോധഭാവത്തോടെ എന്നെതന്നെയായിരിക്കും വീക്ഷിക്കുന്നതെന്ന്‌ ഞാനൂഹിച്ചു.

മറുകരയെത്തി വീട്ടിലേക്ക്‌ നടക്കുമ്പോള്‍ അച്ഛന്റെ കൂടെ ജോലിക്ക്‌ പോയിരുന്നതോ മറ്റോ ആയ ഒരു സ്‌ത്രീ അച്ഛനെ കാത്തുനിന്നിരുന്നു. അവള്‍ അച്ഛനെ ദൂരേക്ക്‌ മാറ്റിനിര്‍ത്തി കുറേ അടക്കി സംസാരിച്ചു. പിന്നെ അച്ഛന്‍ പോക്കറ്റില്‍ നിന്നും ഏതാനും നോട്ടുകള്‍ എടുത്തവര്‍ക്ക്‌ കൊടുക്കുന്നതും ഞാന്‍ കണ്ടു.

അതിനിടയില്‍ കുളിക്കടവില്‍ നിന്നോ, കളിസ്ഥലത്തുനിന്നോ ഞങ്ങളേക്കാള്‍ പ്രായത്തില്‍ താഴേയുള്ള ആ സ്‌ത്രീയുടെ രണ്ടാണ്‍കുട്ടികള്‍ അവരുടെ അടുത്തേക്കോടിവരികയും സ്വാതന്ത്ര്യത്തോടെ അച്ഛന്റെ കൈത്തണ്ടകളില്‍ തൂങ്ങുകയും ചെയ്‌തു. ഒരു ചിരപരിചിതബന്ധം പോലെ.

അന്ന്‌ രാത്രി മഴ പെയ്യരുതേ എന്ന്‌ ഞാനുരുകി പ്രാര്‍ത്ഥിച്ചു.

3 comments:

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായി. ടെമ്പ്ലേറ്റ് മാറ്റാമായിരുന്നു .

ജയിംസ് സണ്ണി പാറ്റൂർ said...

എഴുത്ത് വളരെ നന്നായിരിക്കുന്നു

Anonymous said...

വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന ശൈലി........sidebar ല്‍ പോസ്റ്റിന്റെ ലിങ്ക് കൊടുത്താല്‍ നന്നായിരുന്നു...........