Sunday, June 20, 2010

നഷ്ടബാല്യം-5


താണ്‌ഡവം

സത്യത്തില്‍ വീടുമാറ്റത്തിന്‌ ശേഷം ഞങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. അതുവരെ വല്ലപ്പോഴുമുണ്ടായിരുന്ന അച്ഛന്റെ മദ്യപാനം കൂടിക്കുടിവന്നു.

അത്തരം നാളുകളില്‍ അമ്മയുമായദ്ദേഹം കശപിശ കൂടുകയും അമ്മ കഠിനമായ മര്‍ദ്ദനത്തിനിരയാകുകയും ചെയ്‌തു. അവര്‍ തമ്മില്‍ വഴക്ക്‌ കൂടുന്നതിന്റെ കാരണം പലപ്പോഴും എനിക്കജ്ഞാതമായിരുന്നു. എന്തുകൊണ്ടാണന്നറിയില്ല അപ്പോഴൊക്കെ അമ്മ എന്നെ വിളിച്ചാണ്‌ കരയുക.

ഞാനും അനിയനും അത്തരം വേളകളില്‍ ഭയചകിതരായ്‌ താഴെ തറവാട്ടിലേക്ക്‌ ചെന്ന്‌ അമ്മമ്മയോടൊപ്പമിരിക്കും. കലശലായ ഒരു വക്കാണത്തിനൊടുവില്‍ അമ്മമ്മ വീട്ടിലേക്ക്‌ വന്ന്‌ അച്ഛനെ ശാസിക്കുകയും, ഉപദേശിക്കുകയും ചെയ്‌തു. പിന്നീട്‌ അവര്‍ തമ്മില്‍ പരസ്‌പരം കടുത്ത പുലഭ്യം പറയുകയും തത്‌ഫലമായ്‌ അമ്മമ്മക്ക്‌ 'ദെണ്ണളക്കം ' എന്നറിയപ്പെട്ടിരുന്ന വിറയല്‍ ബാധിക്കുകയും പരാജിതയായ്‌ മടങ്ങുകയും ചെയ്‌തു.

അന്നുമുതല്‍ അച്ഛന്‍ ഞങ്ങളോട്‌ പുതിയൊരു ഓര്‍ഡറിട്ടു-" ഇനിയൊരിക്കലും അമ്മമ്മയെ കാണാനൊ, തറവാട്ടില്‍ പോകാനൊ പാടില്ല."

ആ തീരുമാനം മദ്യപാനവേളയിലെ അച്ഛന്റെ സംഹാരതാണ്ഡവത്തില്‍ ഞങ്ങളെ ഒന്നുകൂടി അനാഥരാക്കി. അച്ഛന്‍ അമ്മയെ പ്രഹരിക്കുമ്പോള്‍ പ്രകടിപ്പിക്കാനാകാത്ത നിഷേധത്തോടെ ഞാനും, അനിയനും ഞങ്ങളുടെ ചെറിയ കുടുസ്സുമുറിയില്‍ വാതിലടച്ചിരിക്കും. ഒരാശ്വാസത്തിന്‌ ഞാനപ്പോള്‍ ജനാല തുറന്നിടും. ഇടവഴിയില്‍ അങ്ങാടിയിലെ കളള്‌ഷാപ്പിലേക്ക്‌ പോകുന്ന കുടിയന്‍മാരും, മറ്റു യാത്രികരും എന്റെ വീട്ടിലെ 'രസികത്വം' ഘോഷിച്ച്‌, ആസ്വദിച്ച്‌ നില്‌ക്കുന്നത്‌ കാണാം.

സുന്ദരിയായൊരു യുവതിയുടെ നിരാശ്രയമായ നിലവിളിയും, ചേഷ്ടകളും അവര്‍ക്ക്‌ ക്രൂരമായ ചിത്താനന്ദം നല്‌കിയിരിക്കാം.

4 comments:

keraladasanunni said...

പ്രദീപ്,
ഇപ്പോഴാണ് ഇത് കാണുന്നത്. ഒന്നിച്ച് എല്ലാം വായിച്ചു. ഒരു രാവിന്ന് ഒരു പകല്‍ ഉള്ളപോലെ, ഒരു കയറ്റത്തിന്ന് ഒരു ഇറക്കം ഉള്ള പോലെ ദുഃഖങ്ങള്‍ക്ക് പിറകെ സുഖവും എത്തിച്ചേരും. നന്മകള്‍ വരട്ടെ.

ദീപക് said...

താങ്കളുടെ കഥകള്‍ എല്ലാം വായിച്ചു. ഓരോ പോസ്റ്റിലും കമന്റിടുക എന്നത് ശ്രമകരമായിരിക്കും എന്ന തോന്നാലാണ്‌ ഈ പോസ്റ്റിന്റെ പ്രചോദനം.

ajith said...

ഓരോ പോസ്റ്റിലും അഭിപ്രായമെഴുതുക എനിക്ക് ശ്രമകരമല്ല. I am serious in reading you

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

most welcome and my respects