Thursday, May 13, 2010

നഷ്ടബാല്യം-2


ആരംഭം

തേര്‍ത്തും, പേര്‍ത്തും ഞാന്‍ വേര്‍തിരിക്കുമ്പോള്‍ എന്റെ അറിവിലെ ആദ്യത്തെ ഓര്‍മ്മയാണിത്‌-എനിക്ക്‌ നാലോ, അഞ്ചോ വയസ്സായിരിക്കും പ്രായം. ഞങ്ങളെല്ലാവരും അമ്മയുടെ തറവാട്ടിലാണ്‌ വാസം. ഞാന്‍, അമ്മ, അനിയന്‍, അമ്മമ്മ, ഞാന്‍ ചേച്ചി എന്ന്‌ വിളിക്കുന്ന വല്ല്യമ്മയുടെ മകള്‍ പിന്നെ അച്ഛനും.

ഒരു ചകിരിപ്പഴമരത്തിന്റെ വഴക്കമുളള കൊമ്പില്‍ ഊഞ്ഞാലാടി രസിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ അമ്മമ്മ എനിക്കൊരു സമ്മാനം കൊണ്ടുതന്നു. എനിക്ക്‌ അമ്മയേക്കാള്‍ ഇഷ്‌ടം അമ്മമ്മയോടായിരുന്നു. ഒരു മണ്ണെണ്ണസിഗരറ്റ്‌ലൈറ്റര്‍! അതായിരുന്നു അമ്മമ്മയുടെ സമ്മാനം. എന്റെ അച്ഛന്‌ ഇതുപോലൊരു സിഗരറ്റ്‌ലൈറ്ററുണ്ട്‌. അപൂര്‍വ്വമായ്‌ ഞാനതു തൊട്ടുനോക്കി രസിച്ചിരുന്നു.

" നീ കളിച്ചോ" എന്ന്‌ പറഞ്ഞ്‌ അമ്മമ്മ എന്റെയരുകില്‍ നിന്ന്‌ മറഞ്ഞു. ഞാനതുരച്ചുനോക്കി. അത്‌ കത്തുന്നില്ല. അതിന്റെ പിന്‍ഭാഗം തുറന്നുനോക്കി. മണ്ണെണ്ണയുടെ ഗന്ധം! അതും വിളക്കിന്റെ സങ്കരലോഹവും കൂടിച്ചേരുമ്പോള്‍ എനിക്കുമാത്രം ആസ്വാദികരമായ മറ്റൊരു മണം രൂപം കൊളളുന്നു. വ്യാഴവട്ടങ്ങള്‍ക്കു ശേഷം ഇന്നും പ്രയാസമില്ലാതെ ഓര്‍മ്മയില്‍ നിന്നും ആ ഗന്ധം ആവാഹിച്ചെടുക്കാം. ഇപ്പോഴും എനിക്കത്‌ സുഗന്ധിയാണ്‌.

ഞാന്‍ എനിക്ക്‌ കിട്ടിയ സമ്മാനവുമായ്‌ മേലെപറമ്പിലേക്കോടി. അപ്പോള്‍ ചമ്മലക്കിളികളും, ചകോരപക്ഷികളും ഹുങ്കാരത്തോടെ ദൂരേക്ക്‌ പറന്നകന്നു. പക്ഷികളുടേയും, പാമ്പുകളുടേയും വിഹാരകേന്ദ്രമായിരുന്നു മേലെപറമ്പ്‌.

മേലെപറമ്പില്‍ നിന്നും താഴോട്ടു നോക്കിയപ്പോള്‍ ഞാറുകള്‍ പച്ചപ്പ്‌ പിടിച്ചു തുടങ്ങിയ പാടത്തിന്റെ നേര്‍ത്ത വരമ്പിലൂടെ ഒരാള്‍ വേഗത്തില്‍ നടന്നു വരുന്നു. ഒരുവേള എന്റെ സന്തോഷമെല്ലാം മങ്ങി. ഭയം ഉളളില്‍ വന്നു നിറഞ്ഞു. വരുന്ന ആള്‍ മേലെപറമ്പിലൂടെയുളള ഊടുവഴിയിലൂടെയാണ്‌ വീട്ടിലേക്ക്‌ വരുക എന്നെനിക്കറിയാമായിരുന്നു. അയാള്‍ എന്നെ കാണാതിരിക്കാന്‍ ഞാന്‍ വേഗം തഴച്ചു വളര്‍ന്ന മഞ്ചാടിമരത്തിന്റെ മറവിലേക്കൊളിച്ചു. കത്താത്ത വിളക്ക്‌ ഉരച്ചു നോക്കുന്ന വിക്രിയ ഞാനപ്പോഴും തുടര്‍ന്നു. കാറ്റില്‍ മഞ്ചാടിക്കുരുക്കള്‍ വര്‍ഷം നടത്തുന്നുണ്ടായിരുന്നു.

അപ്പോള്‍ എന്റെ പിന്‍വശത്താരോ തോണ്ടി. നീറ്റലോടെയുളള ശക്തിയായൊരു തോണ്ടല്‍. തലേ ദിവസം ഞാനും, അനിയനും അമ്പൂട്ടാന്‍ കൃഷ്‌ണന്‍നായരുടെ കടയില്‍ പോയി മുടി വെട്ടിയിരുന്നു. കൃഷ്‌ണന്‍ നായര്‍ ഞങ്ങളുടെ മുടി പറ്റെയാണ്‌ വെട്ടുക. പിന്‍വശം പ്രത്യേകിച്ച്‌. അതുകൊണ്ട്‌ തലയുടെ പിന്‍വശത്തെ തോണ്ടല്‍ എനിക്ക്‌ കൂടുതല്‍ അസഹ്യമായി. ഞാന്‍ പിന്തിരിഞ്ഞ്‌ നോക്കിയപ്പോള്‍ അയാള്‍-" ആ വിളക്കിങ്ങ്‌ താ പട്ടീ.." എന്നെന്നോട്‌ പറഞ്ഞു.

ഞാന്‍ ഭയഭക്ത്യാദരം വിളക്ക്‌ അദ്ദേഹത്തിന്‌ നല്‌കുകയും അദ്ദേഹം പോയ്‌മറയുകയും ചെയ്‌തു. അദ്ദേഹം സുന്ദരനായിരുന്നു. പുരുഷോത്തമനായിരുന്നു!

അമ്മമ്മ എനിക്ക്‌ തന്ന വിളക്ക്‌ അദ്ദേഹം ബീഡിക്ക്‌ തീ പിടിപ്പിക്കാനാകാതെ വന്നപ്പോള്‍ ദേഷ്യത്തോടെ ദൂരേക്ക്‌ വലിച്ചെറിഞ്ഞ അദ്ദേഹത്തിന്റെ തന്നെ വിളക്കായിരുന്നു.

അദ്ദേഹം എന്റെ അച്ഛനായിരുന്നു!

5 comments:

ശ്രീ said...

എന്തു പറയാനാണ്...

വായിച്ചു.

കാവാലം ജയകൃഷ്ണന്‍ said...

അനുഭവങ്ങള്‍ക്ക് പല മുഖങ്ങളുണ്ടാവാമെങ്കിലും ആത്മാവൊന്നേയുള്ളൂ കൂട്ടുകാരാ...

Muralee Mukundan , ബിലാത്തിപട്ടണം said...

വാക്കുകൾ കൊണ്ട് അമ്മാനമാടൽ...

ajith said...

I am with you

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

Thanks, I accept