വനാന്തരത്തിലെ ഏറ്റവും ഉയരമുള്ള വൃക്ഷത്തിലായിരുന്നു ഏകാകിയായ ആ പക്ഷി കൂട് കൂട്ടിയിരുന്നത്.
ഉയരങ്ങളില്‍നിന്നുള്ള കാഴ്‌ചക്കെന്നും മനോഹാരിതയ്‌ക്കൊപ്പം ഒരുമയും ഉണ്ടെന്ന് പക്ഷിക്ക് തോന്നിയിരുന്നു. ഉയരങ്ങളില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍ ശത്രുവിനും മിത്രത്തിനും ഒരേ ഭാവമാണ്. ദരിദ്രരും ധനികരും ഒരുപോലെ. താഴോട്ടുവരുംതോറും കാഴ്‌ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും അവ്യക്തവുമാകുന്നു.
കഴിഞ്ഞ ആയിരം വര്‍ഷത്തെ ഈ ജീവിതസപര്യയ്‌ക്കിടയില്‍ എന്തെല്ലാം കാഴ്‌ചകള്‍ കണ്ടു! എല്ലാത്തിനും ഒരു പൊതുസ്വഭാവമുണ്ടായിരുന്നു. യുദ്ധങ്ങള്‍ക്കെന്നും ഒരേ ഹേതു. യുദ്ധങ്ങളുടെ അവസാനമെന്നും മഹാനാശം. പ്രേമവും നൈരാശ്യവും സന്തുലിതമായിതന്നെ നടന്നു. ജനനവും മരണവും പോലെ. സത്യവും അസത്യവും കൈകോര്‍ത്തു. നന്ദിയും നിന്ദയും ഒരുപോലെ പ്രകാശിച്ചു. പ്രവാചകരും ദാനവരും പലവട്ടം പിറന്നു. മണ്ണും വിണ്ണും മാറിമാറിവന്നു.
ഇപ്പോള്‍, ഒരു പുനര്‍ജ്ജനിയുടെ സമയമായിക്കഴിഞ്ഞെന്ന് ഗോചരം പക്ഷിയെ അറിയിച്ചുകൊണ്ടേയിരുന്നു. പുനര്‍ജ്ജനിക്കണമെങ്കില്‍ മരിച്ചേപറ്റൂ. മരിക്കണമെങ്കില്‍ ത്യജിക്കണം. അതിനേറ്റവും അനുകൂലമായ സമയം ഇതാണെന്ന് പക്ഷിക്ക് തോന്നി.
ഒരു സഹസ്രാബ്ദമായി തനിക്ക് പരമ്പരയായി ആവാസവ്യവസ്ഥയുണ്ടാക്കിത്തന്ന മരമുത്തശ്ശിയോട് യാത്ര പറയുമ്പോള്‍ പക്ഷി ആദ്യമായി കരഞ്ഞു.
ഒടുങ്ങുംമുമ്പ് തനിക്ക് ചില കര്‍ത്തവ്യങ്ങളുണ്ടെന്ന് പക്ഷിക്കറിയാമായിരുന്നു. അതിനായി വനാന്തരങ്ങളില്‍ എല്ലായിടത്തും വലിയ ചിറകുകള്‍ വീശി അത് പറന്നുനടന്നു. അവസാനം ത്യജിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം കണ്ടെത്തി മരക്കമ്പുകള്‍ കൂട്ടി ചിതയൊരുക്കി. പിന്നെ ഓടക്കുഴല്‍ പോലുള്ള കൊക്കില്‍നിന്നും സപ്‌തസ്വരങ്ങള്‍ പുറപ്പെടുവിച്ചു. ആ വശ്യസംഗീതം കേട്ട് കാനനത്തിലെ സര്‍വ്വജീവികളും ഉറവിടം തേടി വന്നെത്തി. സമുദ്രജീവികളെല്ലാം പുഴയിലൂടെയും കൈവഴികളിലൂടെയും അവിടേക്ക് ഒഴുകിയെത്തി. സഹജീവികളെല്ലാം ആനന്ദനൃത്തം ചെയ്‌ത് മയങ്ങിനില്‍ക്കെ പെട്ടെന്ന് പക്ഷി കൊക്കുരസി തീ പടര്‍ത്തി.
ഉച്ചിയില്‍ സംഗീതം നിന്നപ്പോള്‍ സഹജീവികളെല്ലാം അബോധത്തില്‍നിന്നുണര്‍ന്ന് ജാഗരൂകം നോക്കി. പക്ഷി ആളിക്കത്തുന്ന ചിതയിലേക്ക് പറന്നിരുന്നു. താമസിയാതെ തീജ്വാലയും പക്ഷിയും ഒരഗ്നികുണ്‌ഠമായി മാറി.
ചാരം മാത്രം അവിടെ അവശേഷിച്ചപ്പോള്‍ കണ്ണീര്‍ പാര്‍ത്ത് പക്ഷിമൃഗാദികളെല്ലാം പൂര്‍വ്വികതയിലേക്കുതന്നെ യാത്രയായി. മത്സ്യങ്ങള്‍ വീണ്ടും സമുദ്രത്തിലേക്ക് തിരിച്ചുപോയി.
പറവയുടെ പുനര്‍ജ്ജനിക്ക് കാലം മാത്രം പിന്നെയും സാക്ഷിയായി.
4 comments:
:)
വ്യത്യസ്തമായ ഒരു രചന.
നന്നായി.
ആശംസകൾ
പക്ഷി വിഡ്ഢി ആണോന്നൊരു സംശയം
പക്ഷി വിഡ്ഡിയല്ല. പുനര്‍ജനിയുടെ ശക്തി അപാരമല്ലോ.
Post a Comment