Friday, August 28, 2009

മൂന്ന്‌ മിനിക്കഥകള്‍

1 - ഭ്രാന്തന്‍ നായ
ഞാനുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിലേക്ക്‌ ഭ്രാ‌ന്തന്‍ നായ ഓടിവരുന്നത്‌ കണ്ടപ്പോഴേ ഞാനൂഹിച്ചിരുന്നു- അതെന്‍െ നേര്‍ക്കാണ്‌ ചാടുക; എന്നെയാണ്‌ കടിക്കുക! എന്റെ ജാതകം എ‌ന്നുമങ്ങനെയായിരുന്നു.

ജനക്കൂട്ടം ഒറ്റതിരിഞ്ഞ്‌ ഓടാന്‍ തുടങ്ങി. ഞാനും. മുന്നിലെ കല്‍പ്പടവില്‍ തലയിടിച്ച്‌ ഞാന്‍ വീണപ്പോള്‍ നായ വിജയമനോഭാവത്തോടെ മുന്‍കാലുകള്‍ എന്റെ മേല്‍ വെച്ച്‌ ഒരു നിമിഷം നിന്ന്‌ നാവ്‌ നീട്ടിക്കിതച്ചു. നൊടിയിടെ ഞാന്‍ കണ്ടു- ആള്‍ക്കൂട്ടം എങ്ങും ചിതറിയിട്ടില്ല. ഓടിയത്‌ ഞാന്‍ മാത്രമാണ്‌. അവര്‍ ഇപ്പോള്‍ വേട്ടയാടപ്പെടുന്ന എന്റെ കാഴ്‌ചക്കാരാണ്‌.

ഭ്രാന്തന്‍ നായയുടെ കോമ്പല്ലുകള്‍ എന്റെ ദേഹത്തേക്ക്‌ ആഴ്‌ന്നപ്പോള്‍ ഞാനാദ്യം അലറിക്കരഞ്ഞു. പിന്നെ നിരാസത്തിന്റെ നിസ്വാവസ്ഥയില്‍ ഞാനും കുരച്ചു; കുരച്ചുചാടി. പകച്ച നായ പിന്തിരിഞ്ഞോടിയപ്പോള്‍ ഞാനതിനെ വിട്ട്‌ ചോരയൊലിക്കുന്ന ദേഹവുമായി ആള്‍ക്കൂട്ടത്തിനുനേരെ ചാടി. ആളുകളപ്പോള്‍ വിഭ്രാന്തിയോടെ ഓടി.

പിന്നെ എന്റെ നേരെ കല്ലുകള്‍ കൊണ്ട്‌ ശരങ്ങളെയ്‌ത്‌ എനിക്കുചുറ്റും അവര്‍ പ്രതിരോധത്തിന്റെ വലയം തീര്‍ത്തു. എനിക്ക്‌ സമാധിയൊരുക്കി.

2- ശത്രു
എവിടെയോ എന്തൊക്കെയോ ഒരുങ്ങുന്നു. ആദ്യമായി എനിക്കൊരു ശത്രുവുണ്ടായിരിക്കുന്നു. ശത്രു പ്രബലനാണ്‌, ക്രൂരനാണ്‌. ന്യായം എന്റെ പക്ഷത്താണ്‌. പക്ഷെ ഞാന്‍ ദരിദ്രനും അബലനുമാണ്‌. പരിഹാരം കാണണമെങ്കില്‍ ഞാനയാളോട്‌ കാലുപിടിച്ച്‌ മാപ്പപേക്ഷിക്കണം. പക്ഷെ അഭിമാനം. ഞാനും ഒരു പുരുഷനാണല്ലോ. അതുകൊണ്ട്‌ അതുവയ്യ!

സ്വരുക്കൂട്ടിയ ധീരതയോടെ മനസ്സില്‍ തീരുമാനമെടുക്കുമ്പോള്‍ പണിയില്ലാത്ത ഈ മഴക്കാലത്ത്‌ പശിയടങ്ങെ തിന്നാനില്ലാതെ അസുഖത്തോടെ കിടന്നുറങ്ങുന്ന എന്റെ ഭാര്യയെയും മക്കളെയും വയസായ അമ്മയെയും കാണുമ്പോള്‍ മനസ്സുകൊണ്ട്‌ ഞാനയാളോട്‌ യാചിച്ചുപോകുന്നു- "ഞാന്‍ ദരിദ്രനാണ്‌. പാവമാണ്‌. എന്നോട്‌ ക്ഷമിക്കൂ.... എന്നെ വെറുതെ വിടൂ"

3- അന്തരം
വര്‍ഷങ്ങള്‍ക്കുശേഷം വിദേശത്തുനിന്നുവന്ന അമ്മാവനെ കാണാനെത്തിയതായിരുന്നു അയാള്‍. അമ്മാവനെ കണ്ട്‌ ചില സങ്കടങ്ങളുണര്‍ത്തിക്കാന്‍ അമ്മ പറഞ്ഞയച്ചതാണ്‌.

കുറെ കാലത്തിന്‌ ശേഷം കണ്ട സന്തോഷത്തില്‍ അമ്മാവന്‍
വാതോരാതെ അയാളോട്‌ സംസാരിച്ചു. ഗ്രാമത്തിലെ അമ്പലക്കുളത്തെക്കുറിച്ചും ഇടവഴികളെക്കുറിച്ചുമൊക്കെയായിരുന്നു അമ്മാവന്‍ ചോദിച്ചത്‌.

അപ്പോഴവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലേക്ക്‌ അമ്മാവന്റെ വെള്ളാരംകണ്ണുള്ള മകള്‍ 'ആന്‍സി' കടന്നുവന്നു. ഗ്രാമം അവള്‍ കണ്ടിട്ടേയില്ലായിരുന്നു. അമ്മാവന്‍ അവളോട്‌ ഗ്രാമത്തെക്കുറിച്ച്‌ വിവരിച്ചു. പിന്നീട്‌ അവരുടെ സംഭാഷണം മുഴുവനായും ഇംഗ്ലീഷിലേക്ക്‌ വഴിമാറിയപ്പോള്‍, താന്‍ അപ്രസക്തനായെന്ന്‌ തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ്‌ ഹാളിലേക്ക്‌ ചെന്നു. അമ്മാവന്റെ മറ്റു മക്കളും അമ്മായിയും അവിടെ ടി.വി. കാണുകയായിരുന്നു. ചാനല്‍ മാറ്റിമാറ്റി അവര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഉറപ്പിക്കുകയും ധോണിയെയും ശ്രീകാന്തിനെയും കുറിച്ച്‌ വാചാലരാവുകയും ചെയ്‌തപ്പോള്‍ അയാള്‍ അവിടെനിന്നും എഴുന്നേറ്റ്‌ ഉമ്മറത്തേയ്‌ക്ക്‌ പോയി ആകാശത്തേക്കുനോക്കി. അവിടെ നീലിമയില്‍ വെള്ളിമേഘങ്ങള്‍ വ്യൂഹം ചമച്ച്‌ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അയാളത്‌ നോക്കിനിന്നു.

ആ കാഴ്‌ച അയാള്‍ക്ക്‌ വളരെ വളരെ ഇഷ്ടമായിരുന്നു.

2 comments:

Baiju Elikkattoor said...

".....എഴുന്നേറ്റ്‌ ഉമ്മറത്തേയ്‌ക്ക്‌ പോയി ആകാശത്തേക്കുനോക്കി. അവിടെ നീലിമയില്‍ വെള്ളിമേഘങ്ങള്‍ വ്യൂഹം ചമച്ച്‌ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അയാളത്‌ നോക്കിനിന്നു."

manoharam..!!

Anonymous said...

The Concept is superb.......